പരീക്ഷാപേടിയും പരിഹാര മാര്‍ഗങ്ങളും

ശൈഖ് മുഹമ്മദ് സാലിഹ് അല്‍മുനജ്ജിദ്

2018 ഫെബ്രുവരി 24 1439 ജുമാദില്‍ ആഖിറ 09

ഇഹലോകത്തിലെ പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ഥി അല്ലാഹുവില്‍ ഭരമേല്‍പിച്ചും അവനോടു സഹായം തേടിയും ആരംഭിക്കുക. അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. പ്രവാചകന്‍ ﷺ പറഞ്ഞു: ''ശക്തനായ വിശ്വാസി ദുര്‍ബല വിശ്വാസിയെക്കാള്‍ ഉത്തമനും അല്ലാഹുവിന്ന് ഇഷ്ടപ്പെട്ടവനുമാണ്. എന്നാല്‍ എല്ലാവരിലും നന്മയുണ്ട്. നിനക്കു ഉപകാരമുള്ളതില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുക. അല്ലാഹുവിനോട് സഹായം തേടുക. നീ മടി പിടിച്ചു ദുര്‍ബല മനസ്‌കനായി പ്പോകരുത്.''

ആദ്യപടി അല്ലാഹുവില്‍ അഭയം തേടിയുള്ള പ്രാര്‍ത്ഥനയാണ്. 'അല്ലാഹുവേ, എന്റെ ഹൃദയം വിശാലമാക്കുകയും കാര്യങ്ങള്‍ എളുപ്പമാക്കിത്തരികയും ചെയ്യേണമേ' എന്നിങ്ങനെ.

പരീക്ഷയുടെ തലേ ദിവസം നേരത്തെ ഉറങ്ങുക. നിശ്ചിത സമയത്തു തന്നെ പരീക്ഷാഹാളില്‍ എത്തിച്ചേരത്തക്കവണ്ണം പുറപ്പെടുക. പരീക്ഷ എഴുതാന്‍ ആവശ്യമായ മുഴുവന്‍ സാമഗ്രികളും കൈവശമുണ്ടെന്ന് ഉറപ്പുവരുത്തുക. പേന, പെന്‍സില്‍, വാച്ച്, എഞ്ചിനീയറിംഗ് ഉപകരണങ്ങള്‍ തുടങ്ങിയവ. ഏറ്റവും മെച്ചപ്പെട്ട തയ്യാറെടുപ്പ് ഏറ്റവും നന്നായി ഉത്തരമെഴുതാന്‍ സഹായിക്കും.

വീട്ടില്‍ നിന്നിറങ്ങുമ്പോഴുള്ള പ്രാര്‍ഥന മറക്കാതെ ചൊല്ലുക: ''അല്ലാഹുവിന്റെ നാമത്തില്‍. ഞാന്‍ അല്ലാഹുവില്‍ ഭരമേല്പിച്ചിരിക്കുന്നു. എല്ലാ കഴിവും പ്രാപ്തിയും അല്ലാഹുവിനെക്കൊണ്ടാണ്. ഞാന്‍ വഴിതെറ്റുന്നതില്‍ നിന്നും വഴി തെറ്റിക്കപ്പെടുന്നതില്‍ നിന്നും വ്യതിചലിക്കുന്നതില്‍ നിന്നും വ്യതിചലിപ്പിക്കപ്പെടുന്നതില്‍ നിന്നും അക്രമം കാണിക്കുന്നതില്‍ നിന്നും അക്രമിക്കപ്പെടുന്നതില്‍ നിന്നും അവിവേകം വന്നുപോകുന്നതില്‍ നിന്നും അവിവേകത്തിന്നു വിധേയമാകുന്നതില്‍ നിന്നും അല്ലാഹുവേ ഞാന്‍ നിന്നോട് കാവല്‍ ചോദിക്കുന്നു.'' 

മാതാപിതാക്കളുടെ സന്തോഷം നേടിക്കൊണ്ടു വേണം വീട്ടില്‍ നിന്നിറങ്ങാന്‍. കുട്ടികള്‍ക്ക് വേണ്ടിയുള്ള മാതാപിതാക്കളുടെ പ്രാര്‍ഥന ഉത്തരം കിട്ടുന്ന പ്രാര്‍ഥനയാണ്.

ബിസ്മി ചൊല്ലിക്കൊണ്ട് പരീക്ഷ എഴുതാന്‍ തുടങ്ങുക. ഏതു നല്ല കാര്യം തുടങ്ങുമ്പോഴും ബിസ്മി ചൊല്ലിക്കൊണ്ട് തുടങ്ങല്‍ മതപരമായ മര്യാദകളില്‍ പെട്ടതാണ്. അപ്രകാരം ചെയ്താല്‍ അല്ലാഹുവിന്റെ സഹായം കിട്ടും. പരീക്ഷ വിജയത്തിന്റെ കാരണങ്ങളില്‍ പെട്ടതുമാണ്.

നിന്റെ സതീര്‍ഥ്യരുടെ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തില്‍ പരീക്ഷക്ക് മുമ്പ് അവരോട് സംസാരിക്കരുത്. കാരണം അസ്വസ്ഥത പടരുന്ന രോഗമാണ്. പരീക്ഷക്ക് മുമ്പ് അവര്‍ക്ക് മനസ്സമാധാനാവും പ്രചോദനവുമാണ് കിട്ടേണ്ടത്. സുഹൈല്‍ എന്ന പേരില്‍ ശുഭ ലക്ഷണം കണ്ട പ്രവാചകന്‍ ﷺ 'നിങ്ങളുടെ കാര്യങ്ങള്‍ എളുപ്പമാവട്ടെ' എന്ന് പ്രാര്‍ഥിച്ചത് ഓര്‍ക്കുക. ഒരു ദൗത്യത്തിന് പറയപ്പെട്ടാല്‍ 'നേര്‍വഴിയിലായവനേ; ദൗത്യം വിജയിച്ചവനേ' എന്നിങ്ങനെ പറയുന്നത് കേള്‍ക്കല്‍ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. പരീക്ഷ എഴുതാന്‍ തയ്യാറായി നില്‍ക്കുന്നവര്‍ക്ക് നിന്റെ വാക്കുകള്‍ ശുഭകരമാവട്ടെ.

അല്ലാഹുവിനെ ഓര്‍മപ്പെടുത്തുന്ന ദിക്‌റുകള്‍ ഉരുവിടുക. അത് അസ്വസ്ഥത ഇല്ലാതെയാക്കും. ഒരു പ്രോബ്ലം നിനക്കു പ്രയാസകരമായി തോന്നിയാല്‍ അത് എളുപ്പമാക്കിത്തരാന്‍ അല്ലാഹുവിനോട് തേടുക. മഹാനായ പണ്ഡിതന്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ എന്തെങ്കിലും ഒരു വിഷയം മനസ്സിലാക്കുന്നതില്‍ പ്രയാസം നേരിട്ടാല്‍ ഇപ്രകാരം പ്രാര്‍ഥിക്കുമായിരുന്നു: 'ഇബ്‌റാഹീ(അ)മിനെ പഠിപ്പിച്ചവനേ, എന്നെയും പഠിപ്പിക്കുക. സുലൈമാന്(അ) ഗ്രാഹ്യത നല്‍കിയവനേ, എനിക്കും ഗ്രാഹ്യത നല്‍കുക...'

കഴിയുന്നേടത്തോളം പരീക്ഷക്കുള്ള ഇരിപ്പിടം സൗകര്യപ്രദമാക്കുക. മുതുകു നിവര്‍ന്നിരിക്കണം. ആരോഗ്യ പരിരക്ഷാ കാര്യങ്ങള്‍ ശ്രദ്ധിച്ചു കൊണ്ടാണിരിക്കേണ്ടത്.

പരീക്ഷയെ ക്രമീകരിക്കുക.  ഗവേഷണ പഠനങ്ങള്‍ പറയുന്നത് പരീക്ഷ സമയത്തിന്റെ 10% ചോദ്യങ്ങള്‍ സൂക്ഷ്മമായി വായിക്കാനുള്ളതാണ്. പ്രധാന ചോദ്യങ്ങള്‍ നോട്ട് ചെയ്തു മൊത്തം സമയം ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമെഴുതാന്‍ പറ്റുന്ന തരത്തില്‍ വിഭജിക്കുക.

എളുപ്പമുള്ളതു ആദ്യം എഴുതിത്തുടങ്ങണം. പ്രയാസമുള്ളവ പിന്നീടും. ചോദ്യങ്ങള്‍ വായിക്കുമ്പോള്‍ തന്നെ മനസ്സില്‍ ഉയര്‍ന്നുവരുന്ന പോയിന്റുകള്‍ കുറച്ചു വെക്കുക. പിന്നീട് മറന്നു പോയേക്കാം. ഉത്തരം എഴുതുമ്പോള്‍ അവ പ്രായോജനപ്പെടും.

ചോദ്യങ്ങളുടെ പ്രാധാന്യം കണക്കിലെടുത്തു മുന്‍ഗണന നല്‍കി ഉത്തരം എഴുതുക. അറിയുന്നതും എളുപ്പമുള്ളതും കൂടുതല്‍ മാര്‍ക്കുള്ളതും ആദ്യം എഴുതിത്തുടങ്ങണം. അറിയാത്ത ചോദ്യങ്ങള്‍ ആദ്യമെഴുതി സമയം കളയരുത്. മാര്‍ക്കു കുറഞ്ഞവയും പിന്നീട് എഴുതാം.

സാവകാശം കാണിക്കുക. ധൃതി കൂട്ടി തെറ്റ് എഴുതി വെക്കരുത്. പ്രവാചകന്‍ ﷺ പറഞ്ഞു: ''അവധാനത അല്ലാഹുവില്‍ നിന്നും ധൃതി പിശാചില്‍ നിന്നുമാണ്.''

ഒബ്ജക്റ്റീവ് രീതിയിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തെരഞ്ഞെടുക്കുമ്പോള്‍ ചിന്തിച്ചു തെരഞ്ഞെടുക്കണം. ഉറപ്പുള്ള ഉത്തരം എഴുതാന്‍  ചലപ്പോള്‍ ചിന്താ ശൈഥില്യം തടസ്സമാവും. അത്തരം വസ്‌വാസ് പാടില്ല. ഉത്തരം ഉറപ്പില്ലാത്ത ചോദ്യങ്ങളില്‍ തെറ്റാവാന്‍ സാധ്യതയുള്ള നിഗമനങ്ങള്‍ മാറ്റിനിര്‍ത്തി ശരിയോടടുത്ത സാഹചര്യം വിലയിരുത്തി ഉത്തരം തെരഞ്ഞെടുക്കുക. ഏതാണ്ട് ശരിയാണെന്നു കണ്ടാല്‍ അതില്‍ ഉറച്ചു നില്‍ക്കുക. തെറ്റുത്തരമെഴുതിയാല്‍ മാര്‍ക്ക് പിന്നോട്ട് നടക്കും എന്ന് ഓര്‍ക്കുക. ഗവേഷണ ഫലത്തില്‍ കണ്ടത് ഒരു വിദ്യാര്‍ഥിയുടെ മനസ്സില്‍ ആദ്യം ഉരുത്തിരിയുന്ന ഉത്തരങ്ങളായിരിക്കും ശരിയോട് ഏറ്റവും അടുത്തത് എന്നാണ്.

എഴുത്തു പരീക്ഷകളില്‍ ഉത്തരമെഴുതാന്‍ തുടങ്ങുന്നതിനു മുമ്പ് ചിന്തയെ ക്രമീകരിക്കുക. പ്രധാന പോയിന്റുകള്‍ മുന്‍ഗണന ക്രമത്തില്‍ കുറിച്ചിട്ടു ഉത്തരമെഴുതിതുടങ്ങുക. ഉത്തരത്തിന്റെ തുടക്കത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട പോയിന്റ് വിശദീകരിക്കുക. ഉത്തരക്കടസലാസ്സുകള്‍ പരിശോധിക്കുന്നവര്‍ ആദ്യം തിരയുന്നത് ആ പോയിന്റായിരിക്കും. ഉത്തരത്തിനൊടുവിലോ വരികള്‍ക്കിടയിലോ ആനക്കാര്യം എഴുതിവെച്ചിട്ടു പൊതുവെ ധൃതിയില്‍  ഉത്തരക്കടലാസ് കണ്ണോടിച്ചു പോകുന്ന പരിശോധകര്‍ അത് കാണാതെ പോകും.

പരീക്ഷാ സമയത്തിന്റെ 10% എഴുതിയ ഉത്തരങ്ങളുടെ പുനര്‍വായനക്ക്  നീക്കിവെക്കണം. പ്രത്യേകിച്ച് ഗണിത ശാസ്ത്ര പരീക്ഷകളില്‍. എത്രയും പെട്ടെന്ന് ഉത്തരക്കടലാസുകള്‍ കെട്ടിക്കൂട്ടി ഇന്‍വിജിലേറ്ററെ ഏല്‍പിച്ചു പുറത്തുചാടാനുളള വ്യഗ്രത പാടില്ല. മറ്റുള്ള കുട്ടികള്‍ സമയം കഴിയുന്നതിനു മുമ്പ് പുറത്തു കടക്കുന്നത് കണ്ടു നീ വഞ്ചിതനാവരുത്. അവര്‍ നേരത്തെ പരാജയം സമ്മതിച്ചു അടിയറവു പറഞ്ഞവരാണ്.

പരീക്ഷാഹാളില്‍ നിന്ന് പുറത്തു വന്ന ശേഷം ഏതെങ്കിലും ഉത്തരം എഴുതിയതില്‍ തെറ്റ് വരുത്തിയതായി നിനക്ക് ബോധ്യപ്പെട്ടാല്‍  ഭാവിയില്‍ ഒരു നല്ല തയ്യാറെടുപ്പിനുള്ള ഒരു പാഠമായി അതിനെ സ്വീകരിക്കുക. ഉത്തരമെഴുതുമ്പോള്‍ തിരക്ക് കൂട്ടാതിരിക്കാന്‍ ഒരു മുന്നറിയിപ്പാണത്. പടച്ചവന്റെ തീരുമാനത്തില്‍ വിശ്വാസം അര്‍പിക്കുക. നിരാശയും നഷ്ടബോധവും നിന്നെ വേട്ടയാടരുത്. പ്രവാചക വചനം ഓര്‍ക്കുക: 'നിനക്കൊരു വിപത്തു വന്നാല്‍ ഞാന്‍ ഇപ്രകാരം ചെയ്തിരുന്നുവെങ്കില്‍ അപ്രകാരം സംഭവിക്കുമായിരുന്നില്ല എന്ന് പറയരുത്. പകരം അല്ലാഹുവിന്റെ വിധിയാണ്, അവനുദ്ദേശിച്ചത്. അവന്‍ പ്രവര്‍ത്തിക്കുന്നു എന്ന് കരുതുക.' 'ആയിരുന്നുവെങ്കില്‍' എന്ന വാക്ക് പിശാചിന് വഴിതുറന്നു കൊടുക്കലാണ്.

പരീക്ഷയില്‍ കാണിക്കുന്ന ഏതൊരു വഞ്ചനയും ക്രമക്കേടും കുറ്റകരമാണ്. പ്രവാചകന്‍ ﷺ പറഞ്ഞത് 'ചതി ചെയ്യുന്നവന്‍ നമ്മില്‍ പെട്ടവനല്ല' എന്നാണ്. നിനക്ക് അര്‍ഹതയില്ലാത്ത മാര്‍ക്കും യോഗ്യതയും നേടിയടുക്കുന്നതിന്നുള്ള അനുവദനീയമല്ലാത്ത കുറുക്കുവഴിയാണത്. വഞ്ചനക്കു കൂട്ടുനില്‍ക്കലും കടുത്ത പാപമാണ്. കുറ്റത്തിലും ശത്രുതയിലും പരസ്പരം സഹായിക്കരുത് എന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. നീ ഹറാമില്‍ നിന്ന് മാറി നിന്നാല്‍ അല്ലാഹു നിനക്ക് അനുഗ്രഹങ്ങള്‍ ചൊരിയും. നിന്റെ മാര്‍ഗങ്ങള്‍ അവന്‍ എളുപ്പമാക്കും. ആര് നിന്നെ തെറ്റായ രീതിയില്‍ സഹായിക്കാന്‍ തയ്യാറായാലും അത് തിരസ്‌കരിക്കുക. അല്ലാഹുവിന്റെ പൊരുത്തം ഉദ്ദേശിച്ച് ഒരു കുറ്റം ഒഴിവാക്കിയാല്‍ നിരവധി നന്മകള്‍ അല്ലാഹു പകരം നല്‍കും. പരീക്ഷയില്‍ വല്ലവനും അനുചിതമായ കാര്യങ്ങള്‍ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ തിരുത്താന്‍ ശ്രമിക്കുക. ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ട് വരിക. ഇതൊന്നും പരദൂഷണമല്ല. തിന്മ തടയല്‍ നിര്‍ബന്ധമാണ്.

ക്രമരഹിതമായ രീതിയില്‍ ചോദ്യങ്ങളും ഉത്തരങ്ങളും കച്ചവടം ചെയ്യുന്നവരും അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരുമുണ്ട്. അവരോടു നന്മ ഉപദേശിക്കുക. അല്ലാഹുവിനെ സൂക്ഷിക്കാന്‍ ആവശ്യപ്പെടുക. അവരുടെ ചെയ്തിയുടെ ദുരന്തഫലവും അതിലൂടെ കിട്ടുന്ന സമ്പാദ്യത്തിന്റെ ദുഖകരമായ പര്യവസാനവും തെര്യപ്പെടുത്തുക. ഈ കുറ്റകരമായ കാര്യങ്ങള്‍ക്ക് ചെലവാക്കുന്ന സമയം പാഠഭാഗങ്ങള്‍ ശരിയാംവണ്ണം പഠിക്കാനും മോഡല്‍ പരീക്ഷകള്‍ നടത്തി പരിശീലിക്കാനും സമയം കണ്ടെത്തിയിരുന്നുവെങ്കില്‍ ഈ വയ്യാവേലിക്കൊന്നും പോകേണ്ട ആവശ്യമില്ലായിരുന്നു.

അവസാനമായി; പാരത്രിക ലോകത്തേയ്ക്കുള്ള നിന്റെ നീക്കിയിരുപ്പ് എന്താണെന്നു പരിശോധിക്കുക. ക്വബ്‌റിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടുവെക്കുക. പാരത്രിക ലോകത്തെ ഭീതിത ദിനങ്ങളിലേക്കുള്ള രക്ഷാ മാര്‍ഗങ്ങള്‍ മുന്‍കൂട്ടി ഒരുക്കിവെക്കുക. ഇഹപര വിജയം നേടുന്നവരുടെ കൂട്ടത്തില്‍ അല്ലാഹു നമ്മെ എല്ലാവരെയും ചേര്‍ക്കട്ടെ.

(ആശയ വിവര്‍ത്തനം: പി.എന്‍. അബ്ദുല്ലത്വീഫ് മദനി)