ശാസ്ത്ര നവോത്ഥാനം ക്വുര്‍ആനിലൂടെ

ഡോ. അബ്ദുറസാഖ് സുല്ലമി

2018 മെയ് 12 1439 ശഅബാന്‍ 26

അറേബ്യ പ്രവാചകന് മുമ്പ്

മദ്യപാനം, വ്യഭിചാരം, യുദ്ധം, പെണ്‍കുഞ്ഞുങ്ങളെ കുഴിച്ചുമൂടല്‍, ബിംബാരാധന തുടങ്ങിയ അനേകം ദുഷ്ടതകള്‍ നിറഞ്ഞ ഒരു പ്രദേശമായിരുന്നു പുരാതന അറേബ്യ. നമ്മുടെ നാട്ടിലെ അമ്മികൊത്തുകാരെപോലെ നാടോടികളായി ജീവിച്ചിരുന്ന പ്രാകൃത അറബി സമൂഹം. അവരിലാണ് ക്വുര്‍ആന്‍ അവതരിച്ചത്. പ്രവാചകന്റെ കാലവും നാല് മാതൃകാ ഭരണാധികാരികള്‍ അഥവാ അബൂബക്കര്‍്യ, ഉമര്‍്യ, ഉസ്മാന്‍്യ, അലി്യ എന്നിവരുടെയും പിന്നീട് ഉമവി കാലവും കഴിഞ്ഞപ്പോഴേക്ക് (ഏകദേശം ഒന്നര നൂറ്റാണ്ട് കഴിഞ്ഞപ്പോഴേക്ക്) ലോകചരിത്രത്തിലെ ഏറ്റവും വലിയ ശാസ്ത്ര നവോത്ഥാനം അവരില്‍ ഉണ്ടായി. ലോക പ്രസിദ്ധ ഭരണാധികാരിയും ചരിത്രകാരനുമായ ജവഹര്‍ലാന്‍ നെഹ്‌റുവിന്റെ 'വിശ്വചരിത്രാവലോകനം' എന്ന പുസ്തകം ഈ യാഥാര്‍ഥ്യം എടുത്തു പറയുന്നുണ്ട്.

 

അബ്ബാസിയാ കാലത്തെ നവോത്ഥാനം

വെറും നാടോടികളായ ഒരു സമൂഹം അവരുടെ പേരക്കുട്ടികളുടെ കാലമാവുമ്പോഴേക്ക് ഉന്നത വിദ്യാഭ്യാസത്തിലേക്ക് കുതിച്ചുയരുക എന്നത് അത്ഭുതകരമായ കാര്യമാണ്. അബ്ബാസിയാ കാലഘട്ടം ശാസ്ത്ര നവോത്ഥാനകാലം എന്ന് ചരിത്രത്തില്‍ അറിയപ്പെടുന്നു. ഖലീഫ മന്‍സൂര്‍, മഅ്മൂന്‍, ഹാറൂന്‍ റഷീദ് തുടങ്ങിയ ഉന്നതന്മാരുടെ കാലം അതിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു.

എഴുതാന്‍ മഷി ഒലിച്ചിറങ്ങുന്ന ഒരു പേനയോ, മിനുസമുള്ള ഒരു പേപ്പറോ പോലും ഇല്ലാത്ത 1200 വര്‍ഷങ്ങള്‍ക്ക് മുമ്പ് 4 ലക്ഷം പുസ്തകങ്ങളാണ് ബാഗ്ദാദിലെ ലൈബ്രറിയില്‍ ഉണ്ടായിരുന്നത്. അതില്‍ 30000ത്തോളം പുസ്തകങ്ങള്‍ വാനശാസ്ത്ര വിഭാഗത്തില്‍ പെട്ടതായിരുന്നു! പക്ഷിത്തൂവലോ മരത്തിന്‍ കൊള്ളിയോ എടുത്ത് മഷിയില്‍ മുക്കി ഊറക്കിട്ട മാന്‍തോലില്‍ എഴുതുക. ഒന്നോ രണ്ടോ അക്ഷരങ്ങള്‍ എഴുതുമ്പോഴേക്കും മഷി ഉണങ്ങും. വീണ്ടും മഷിയില്‍ മുക്കണം. ദക്ഷിണേന്ത്യയിലെ അലിഗഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫാറൂഖ് കോളേജിലോ തിരൂരണ്ടാടി പി.എസ്.എം.ഒ കോളേജിലോ പോലും 4 ലക്ഷം പുസ്തകങ്ങളില്ല എന്നിരിക്കെ അന്നത്തെ കാലത്തെ പുരോഗതിയുടെ വ്യാപ്തി നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

ഇസ്‌ലാം ആ നാടോടി അറബികളുടെ ബുദ്ധിയെ തട്ടിയുണര്‍ത്തി. ആ നവോത്ഥാന ബുദ്ധി ഒരറ്റത്ത് അറ്റ്‌ലാന്‍ഡിക് സമുദ്രം മുതല്‍ മറ്റേ അറ്റത്ത് ചൈന വരെയും വടക്ക് യൂറോപ്പിലെ ആല്‍പ്‌സ് പര്‍വതം മുതല്‍ തെക്ക് മധ്യാഫ്രിക്ക വരെയും പരന്നൊഴുകി.

ബാഗ്ദാദില്‍ സ്ഥാപിച്ച ബൈതുല്‍ ഹിക്മ എന്ന ഗ്രന്ഥാലയം ഒരു വമ്പിച്ച ട്രാന്‍സ്‌ലേഷന്‍ വര്‍ക്ക്‌ഷോപ്പായിരുന്നു. ഇന്ത്യ, പേര്‍ഷ്യ, റോമ, ഈജിപ്ത് തുടങ്ങിയ അന്ന് ലോകത്തില്‍ എത്തിച്ചേരാവുന്ന രാജ്യങ്ങളിലേക്കെല്ലാം കപ്പലുകള്‍ അയച്ചു. കിട്ടാവുന്നേടത്തോളം സംസ്‌കൃതം, റോമന്‍, പേര്‍ഷ്യന്‍, ഖിബ്ത്തി, സുരിയാനി, ഹിബ്രു ഭാഷകളിലെ ഗ്രന്ഥങ്ങളും പരിഭാഷപ്പെടുത്താന്‍ പറ്റിയ പണ്ഡിതന്മാരെയും അവരുടെ കുടുംബങ്ങളെയും ബാഗ്ദാദില്‍ കൊണ്ടുവന്നു. നിരന്തരമായ പരിഭാഷ യജ്ഞം ആരംഭിച്ചു. അതിന്റെ ഫലമായി രൂപം കൊണ്ട വലിയ അറബിക് ലൈബ്രറിയാണ് ബാഗ്ദാദിലെ ലൈബ്രറി. ഇന്ത്യയില്‍ നിന്ന് അക്കാലത്ത് കൊണ്ടുപോയ മാത്തമെറ്റിക്‌സ് ഗ്രന്ഥമാണ് 'സിദ്ധാന്ത.'

ഈ ഗ്രന്ഥങ്ങളില്‍ മിക്കതും ജെറാഡ് ഓഫ് ക്രിമോണ പണ്ഡിതന്മാര്‍ ലാറ്റിന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. എട്ട് നൂറ്റാണ്ടുകളോളം സ്‌പെയിന്‍ ഭരിച്ച മുസ്‌ലിംകളുടെ, പ്രത്യേകിച്ചും സ്‌പെയിനിലെ ഉമവിയ്യാ ഭരണകൂടത്തിന്റെ സ്ഥാപകനായ അബ്ദുറഹ്മാനുദ്ദാഖിലിന്റെ കാലത്തുമൊക്കെ 4 ലക്ഷത്തില്‍പരം ഗ്രന്ഥങ്ങളുള്‍ക്കൊള്ളുന്ന മറ്റൊരു ലൈബ്രറി കോര്‍ഡോബയില്‍ സ്ഥാപിച്ചു. ഗ്ലൈഡിംഗിന്റെ പിതാവ് സ്‌പെയ്ന്‍കാരനായ അബ്ബാസുബ്‌നു ഫിര്‍നാസ്, മാത്തമെറ്റിക്‌സിലും അസ്‌ട്രോണമിയിലും ലോകപ്രസിദ്ധനായ ശാസ്ത്രജ്ഞന്‍ 'അല്‍മനാളില്‍' എന്ന പ്രകാശശാസ്ത്രത്തിന്റെ (ഒപ്റ്റിക്‌സ്) വിജ്ഞാന കോശം എഴുതിയ ഇബ്‌നു ഹൈസം, 'അല്‍ഖാനൂന്‍ ഫിത്ത്വിബ്ബ്' എന്ന എക്കാലത്തെയും പ്രസിദ്ധമായ മെഡിക്കല്‍ എന്‍സൈക്ലോപീഡിയയുടെ കര്‍ത്താവായ ഇബ്‌നുസീന, യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും കാടുകളും മലകളും ചുറ്റിനടന്ന് കാല്‍നൂറ്റാണ്ട് കാലം ഗവേഷണം നടത്തി ഔഷധച്ചെടികളെക്കുറിച്ച് ഗ്രന്ഥമെഴുതിയ ബൊട്ടാണിസ്റ്റ് ഇബ്‌നുല്‍ ബൈത്ത്വാര്‍, മൊറോക്കോയിലെ ടാഞ്ചീറില്‍ നിന്ന് തുടങ്ങി ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ആസ്‌ട്രേലിയാ വന്‍കരകളിലെ നിരവധി നാടുകള്‍ താണ്ടിക്കടന്ന് യാത്രാവിവരണവും സോഷ്യോളജി ഗ്രന്ഥങ്ങളും എഴുതിയ ഇബ്‌നുഖല്‍ദൂന്‍, കെമിസ്ട്രിയുടെ അടിസ്ഥാനമായ അല്‍കീമിയാഇന്റെ പിതാവ് ജാബിറുബ്‌നു ഹയ്യാന്‍ തുടങ്ങിയ മഹാപണ്ഡിതര്‍ അതില്‍ ഏതാനും ചിലര്‍ മാത്രമാണ്. 

പത്താം വയസ്സാകുമ്പോഴേക്കും ക്വുര്‍ആന്‍ മനഃപ്പാഠമാക്കി അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ശാസ്ത്രലോകത്തിന്റെ വിശാലമായ വിഹായുസ്സിലേക്ക് കുതിച്ചുയരുകയായിരുന്നു അവര്‍. ഇരുനൂറോളം വരെ കനത്ത ഗ്രന്ഥങ്ങള്‍ എഴുതിയവര്‍ അക്കാലത്തുണ്ടായിരുന്നു. യൂറോപ്പ് അന്ധകാരത്തിന്റെ പാതാളക്കുഴിയില്‍പെട്ട് കിടക്കുന്ന ക്രിസ്താബ്ദം 8,9,10 നൂറ്റാണ്ടുകളില്‍ മുസ്‌ലിംകള്‍ യൂണിവേഴ്‌സിറ്റികള്‍ നടത്തുകയായിരുന്നു.

 

ക്വുര്‍ആനിന്റെ പ്രചോദനം

''ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്. പര്‍വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്'' (ക്വുര്‍ആന്‍ 88: 17-20) തുടങ്ങിയ ക്വുര്‍ആന്‍ വചനങ്ങളെ ജന്തുശാസ്ത്രം, ഗോളശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയവ നിങ്ങള്‍ പഠിക്കുന്നില്ലേ എന്ന ഉണര്‍ത്തല്‍ ചോദ്യങ്ങളായിട്ടാണ് അവര്‍ മനസ്സിലാക്കിയത്.

പിന്നീട് ചെങ്കിസ്ഖാന്റെ സൈന്യം ക്രിസ്താബ്ദം 13ാം നൂറ്റാണ്ടില്‍ ആര്‍ത്തലച്ച് വന്ന് ബാഗ്ദാദ് ലൈബ്രറി ചുട്ടെരിച്ചു. ഗ്രന്ഥങ്ങള്‍ താര്‍ത്താരികള്‍ ടൈഗ്രീസിലേക്ക് മറിച്ചു. ടൈഗ്രീസ് നദിയുടെ ഒഴുക്ക് പോലും തടസ്സപ്പെട്ടു. 40ദിവസം ബാഗ്ദാദില്‍ നടത്തിയ കൂട്ടക്കൊലയില്‍ വധിക്കപ്പെട്ട മുസ്‌ലിംകളുടെ എണ്ണം പത്ത് ലക്ഷത്തിലധികമായിരുന്നുവെന്ന് ഇബ്‌നു ഖല്‍ദൂന്‍ എഴുതുന്നു.

അതോടെ തകര്‍ന്ന്‌പോയ ശാസ്ത്ര നവോത്ഥാനം മുസ്‌ലിംകളില്‍ നിന്ന് കൈവിട്ടു. ലാറ്റിന്‍ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട അറബി ഗ്രന്ഥങ്ങള്‍ വായിച്ച് ഗവേഷണതല്‍പരരായി യൂറോപ്യന്മാര്‍ ഒരു ശാസ്ത്ര നവോത്ഥാനത്തിന്റെ വക്താക്കളായി.

യൂറോപ്പില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരാണ് അമേരിക്കയിലുള്ളത്. അതിനാല്‍ അമേരിക്കന്‍ ശാസ്ത്രനവോത്ഥാനം യൂറോപ്പിന്റെ തുടര്‍ച്ചയാണ്.

ചുരുക്കത്തില്‍ ക്വുര്‍ആനില്‍ നിന്ന് തുടങ്ങിയ ശാസ്ത്രമുന്നേറ്റമാണ് ഇന്നത്തെ ആധുനിക ലോകത്തിന്റെ ശാസ്ത്രപുരോഗതിയുടെ അടിസ്ഥാനം.

അതേഗ്രന്ഥം ഇന്നും നമ്മുടെ കൈകളിലുണ്ട്. എന്ത് കൊണ്ട് ഈ ഗ്രന്ഥം അനേകം തവണ ഓതിത്തീര്‍ത്തിട്ടും നമ്മില്‍ മാറ്റമുണ്ടാകുന്നില്ല? ക്വുര്‍ആനിനെ പഠിക്കേണ്ടവിധം പഠിക്കാത്തതുകൊണ്ടാണത്. കടലിന് മുകളിലൂടെ ഒരു തോണിയില്‍ സഞ്ചരിക്കുന്നവന് അതിന്റെ അടിയില്‍ കിടക്കുന്ന വിലകൂടിയ മുത്തുകളെയും പവിഴങ്ങളെയും കുറിച്ച് എന്തറിയാം? ക്വുര്‍ആന്‍ മുകളിലൂടെ ഓതിപ്പോവുകയും അത് പഠിക്കാന്‍ മിനക്കെടുകയും ചെയ്യാത്തതാണ് ഈ പിന്നോക്കാവസ്ഥക്ക് കാരണം.