റമദാന്‍ മാസത്തിന്റെ പ്രത്യേകതകള്‍

അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി

2018 മെയ് 19 1439 റമദാന്‍ 03

1. ക്വുര്‍ആന്‍ അവതരിച്ച മാസം: 

''മനുഷ്യര്‍ക്ക് സന്‍മാര്‍ഗവും സത്യാസത്യ വിവേചനവുമായി ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമത്രെ റമദാന്‍ മാസം...'' (ക്വുര്‍ആന്‍ 2:183).

 

2. ആയിരം മാസത്തെക്കാള്‍ ശ്രേഷ്ം: 

''തീര്‍ച്ചയായും നാം ഇതിനെ (ക്വുര്‍ആനിനെ) നിര്‍ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? നിര്‍ണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു...''(ക്വുര്‍ആന്‍ 97:1-3).

 

3. പ്രാര്‍ഥനകള്‍ക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്നു: 

നബിﷺ പറഞ്ഞു: ''മൂന്ന് വിഭാഗത്തിന്റെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുകതന്നെ ചെയ്യും; നോമ്പുകാരന്‍, മര്‍ദിതന്‍, യാത്രക്കാരന്‍ എന്നിവരുടെ പ്രാര്‍ഥനയത്രെ അത്'' (ബൈഹക്വി).

 

4. റമദാനില്‍ പിശാചുക്കള്‍ ബന്ധിക്കപ്പെടുന്നു:

സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുന്നു. നരക കവാടങ്ങള്‍ അടക്കപ്പെടുന്നു. (ബുഖാരി).

 

5. തെറ്റുകളില്‍ നിന്നു സംരക്ഷണം ലഭിക്കുന്ന ഒന്നാണ് നോമ്പ്:

 നബിﷺ പറയുന്നു: ''യുവസമൂഹമേ, നിങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ ആവശ്യമായ കഴിവ് എത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ വിവാഹിതരാവുക...അതിന് കഴിയാത്തവര്‍  നോമ്പനുഷ്ഠിക്കട്ടെ. അത് അവന്നൊരു കാവലാണ്'' (ബുഖാരി, മുസ്‌ലിം).

 

6. നോമ്പ് ഒരു പരിചയാണ്:

നബിﷺ പറഞ്ഞു: ''നോമ്പ് ഒരുപരിചയാണ്. അത് നരകത്തെ തടുക്കുന്നു'' (അഹ്മദ്).

 

7. നോമ്പ് സ്വര്‍ഗ പ്രവേശനം നല്‍കുന്നു: 

അബൂഉമാമ(റ) നബിﷺയോട് ചോദിച്ചു: 'സ്വര്‍ഗപ്രവേശനത്തിന് വഴിയൊരുക്കുന്ന ഒരു കാര്യം എനിക്ക് അറിയിച്ച് തരണം.' നബിﷺ പറഞ്ഞു: 'നീ നോമ്പ് അനുഷ്ഠിക്കുക. അതിനു തുല്യമായി മറ്റാന്നും തന്നെയില്ല' (നസാഈ).

 

8. നോമ്പ് മനുഷ്യനില്‍ തക്വ്‌വയുണ്ടാക്കും: 

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്'' (ക്വുര്‍ആന്‍ 2:183). 

 

9. നോമ്പും ക്വുര്‍ആനും ശുപാര്‍ശക്കെത്തും: 

നബിﷺ പറഞ്ഞു: ''...നോമ്പ് പറയും: നാഥാ, ഞാനാണ് അവന്റെ ഭക്ഷണത്തെയും ഇഛകളെയും തടഞ്ഞുവെച്ചത്; അവന്റെ കാര്യത്തില്‍ എന്റെ ശുപാര്‍ശയൊന്ന് പരിഗണിക്കണം. ക്വുര്‍ആന്‍ പറയും: നാഥാ, രാത്രി അവന്റെ ഉറക്കം നഷ്ടപ്പെടുത്തിയത് ഞാനാണ്.  അവന്റെ വിഷയത്തില്‍ എന്റെ ശുപാര്‍ശ ഒന്ന് പരിഗണിക്കണം. രണ്ടും സ്വീകരിക്കപ്പെടും'' (അഹ്മദ്, ത്വബ്‌റാനി).

 

10. നോമ്പുകാര്‍ക്ക് സ്വര്‍ഗത്തില്‍ പ്രത്യേക കവാടം: 

നബിﷺ പറഞ്ഞു: ''സ്വര്‍ഗത്തിന് റയ്യാന്‍ എന്നൊരു കവാടമുണ്ട്. അതിലൂടെ നോമ്പുകാര്‍ മാത്രമായിരിക്കും പ്രവേശിക്കുക'' (ബുഖാരി).

 

11. നോമ്പിന് കണക്കില്ലാത്ത പ്രതിഫലം ലഭിക്കുന്നു: 

നബിﷺ പറഞ്ഞു: ''അല്ലാഹു പറയുന്നു: മനുഷ്യരുടെ എല്ലാ നന്മകള്‍ക്കും പത്ത് മുതല്‍ എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം നല്‍കുന്നതാണ്. നോമ്പിന് ഒഴികെ, അതിന് ഞാന്‍ (കണക്കല്ലാത്ത) പ്രതിഫലം നല്‍കുന്നതാണ്'' (ബുഖാരി).

 

12. നോമ്പ് അല്ലാഹുവിന് മാത്രമാണ്:

 നബിﷺ പറഞ്ഞു: ''അല്ലാഹു പറയുന്നു: ദാസന്‍ എനിക്കുവേണ്ടി മാത്രമാണ് ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുന്നത.് നോമ്പ് എനിക്ക് മാത്രമുള്ളതാണ്.'' (മുസ്‌ലിം).

 

13. നോമ്പ്  മുന്‍പാപങ്ങള്‍ പൊറുക്കപ്പെടാന്‍ കാരണമാകുന്നു:

നബിﷺ പറയുന്നു: ''ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി നോമ്പനുഷ്ഠിച്ചാല്‍ അവന്റെ കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്'' (ബുഖാരി).

 

14. റമദാനിലെ ഉംറക്ക് ഹജ്ജിന്റെ പ്രതിഫലം: 

നബിﷺ പറഞ്ഞു: ''റമദാനില്‍ നിര്‍വഹിക്കുന്ന ഉംറക്ക് ഹജ്ജിന്റെ പ്രതിഫലം കണക്കാക്കപ്പെടുന്നതാണ്'' (ബുഖാരി). മറ്റൊരു റിപ്പോര്‍ട്ടില്‍ ''എന്നോടൊപ്പം ഹജ്ജ് ചെയ്ത പ്രതിഫലമാണ്' എന്നാണുള്ളത്. (ബുഖാരി)

 

15. നരകവിമുക്തി നല്‍കപ്പെടുന്നു:

നബിﷺ പറഞ്ഞു: ''അല്ലാഹു, ഓരോ നോമ്പ് തുറക്കുന്നതോടൊപ്പവും ആളുകള്‍ക്ക് നരകവിമുക്തി നല്‍കുന്നു. ഇത് റമദാനിലെ എല്ലാ ദിവസവും ഉണ്ടായിരിക്കും'' (ഇബ്‌നുമാജ).
 

 

1. പ്രഭാതത്തിനുമുമ്പായി നിയ്യത്ത് ചെയ്യണം: 

നബിﷺ പറഞ്ഞു: ''പ്രഭാതത്തിനു മുമ്പ് നിയ്യത്തു ചെയ്തിട്ടില്ലെങ്കില്‍ നോമ്പില്ല'' (തുര്‍മുദി).

നിയ്യത്ത് ചൊല്ലിപ്പറയല്‍ നബിചര്യയല്ല. ''നിയ്യത്തെന്നാല്‍ കരുതലാണ്, അത് മനസ്സിന്റെ ഉറപ്പാണ്'' (ഫത്ഹുല്‍ബാരി).

 

2. അത്താഴം കഴിക്കുക,  പിന്തിച്ചുമാത്രം കഴിക്കുക: 

നബിﷺ പറഞ്ഞു:  ''നിങ്ങള്‍ അത്താഴം കഴിക്കുക, തീര്‍ച്ചയായും അത്താഴത്തില്‍ അനുഗ്രഹമുണ്ട്'' (ബുഖാരി, മുസ്‌ലിം)

സൈദുബ്‌നുഥാബിത്ﷺ പറയുന്നു: ''ഞങ്ങള്‍ നബിയോടൊപ്പം അത്താഴം കഴിച്ചാല്‍ നമസ്‌കാരത്തിന് അമ്പത് ആയത്ത് ഓതുന്നസമയം മാത്രമെ (സുബ്ഹി ബാങ്കിന്) ബാക്കിയുണ്ടാകുമായിരുന്നുള്ളൂ'' (ബുഖാരി, മുസ്‌ലിം).

 

3, സമയമായാലുടനെ നോമ്പു തുറക്കുക:               

നബിﷺ പറഞ്ഞു: ''നോമ്പുതുറക്കാന്‍ ധൃതി കാണിക്കുന്നകാലത്തോളം ജനങ്ങള്‍ നന്മയിലായിരിക്കും'' (മുസ്‌ലിം).

''നബിﷺ ഈത്തപ്പഴം, അതില്ലെങ്കില്‍ കാരക്ക, അതുമില്ലെങ്കില്‍ വെള്ളം (എന്നിവ) കൊണ്ടായിരുന്നു നോമ്പു തുറന്നിരുന്നത്'' (അബൂദാവൂദ്, തുര്‍മുദി). 

നബിﷺ നോമ്പുതുറന്നാല്‍  ഇങ്ങനെ പ്രാര്‍ഥിക്കുമായിരുന്നു: ''ദഹബള്ള്വമഉ വബ്തല്ലത്തില്‍ ഉറൂക്വു, വഥബതല്‍ അജ്‌റു ഇന്‍ശാ അല്ലാഹ്'' (ദാഹമെല്ലാം നീങ്ങി, ഞരമ്പുകള്‍ക്ക് നനഞ്ഞു. അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറച്ചു'' (നസാഈ, അബൂദാവൂദ്). 

 

4. തറാവീഹ് നമസ്‌കാരം:

നബിﷺ പറഞ്ഞു: ''ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേഛയോടുംകൂടി റമദാനില്‍ നമസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്''(ബുഖാരി). പതിനൊന്ന് റക്അത്താണ് നബിചര്യയില്‍ സ്ഥിരപ്പെട്ടിട്ടുള്ളത്.  

 

5. ലൈലതുല്‍ ക്വദ്ര്‍ പ്രതീക്ഷിച്ച് അവസാനത്തെ പത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക:

''അവസാനത്തെ പത്ത് ആയാല്‍ നബിﷺ തന്റെ തുണി മുറുക്കിയുടുക്കുകയും രാത്രി സജീവമാക്കുകയും വീട്ടുകാരെ വിളിച്ചുണര്‍ത്തുകയും  ചെയ്യുമായിരുന്നു'' (ബുഖാരി, മുസ്‌ലിം).

അവസാനത്തെ പത്തില്‍ ''അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫുവ ഫഅ്ഫു അന്നീ'' (അല്ലാഹുവേ, നീ പാപമോചനം നല്‍കുന്നവനും പാപമോചനം ഇഷ്ടപ്പെടുന്നവനുമാണ്; എന്നോട് നീ പൊറുക്കേണമേ'' (അബൂദാവൂദ്) എന്ന് കൂടുതലായി പ്രാര്‍ഥിക്കല്‍ നബിചര്യയില്‍ പെടുന്നു. 

 

6, പുണ്യകര്‍മങ്ങള്‍ വര്‍ധിപ്പിക്കുക:

ദാന ധര്‍മങ്ങള്‍, ക്വുര്‍ആന്‍ പഠനം, ഇഅ്തികാഫ് എന്നിവക്ക് കൂടുതല്‍ സമയം കണ്ടെത്തുക.

 

7. പാപമുക്തി നേടാന്‍ പരിശ്രമിക്കുക:

'റമദാനില്‍ പാപം പൊറുപ്പിക്കാന്‍ കഴിയാത്തവര്‍ നശിക്കട്ടെ' എന്ന ഹദീഥിന്റെ ഗൗരവം ഉള്‍ക്കൊള്ളുക.

 

8, നോമ്പ് നിഷ്ഫലമാക്കാതിരിക്കുക: 

നബിﷺ പറഞ്ഞു: ''ചീത്ത വാക്കും പ്രവൃത്തിയും ഒഴിവാക്കാത്തവന്‍ ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കണമെന്ന് അല്ലാഹുവിന് ആവശ്യമില്ല'' (ബുഖാരി).

 

9. ഫിത്വ്ര്‍ സക്കാത്ത് നല്‍കുക:

നാട്ടിലെ പ്രധാന ഭക്ഷ്യവസ്തു ഒരാള്‍ക്ക് രണ്ട് കിലോവില്‍ അല്‍പം കൂടുതല്‍ എന്ന തോതില്‍ അര്‍ഹരായവര്‍ക്ക് എത്തിക്കലാണ് നബിചര്യ. 

 

10. പെരുന്നാള്‍ ആഘോഷം: 

പ്രഭാതത്തില്‍ നടത്തുക. ആബാലവൃദ്ധം ജനങ്ങളും (സ്ത്രീകള്‍ ഉള്‍പ്പപെടെ)  ഈദ്ഗാഹില്‍  വെച്ച് നിര്‍വഹിക്കലാണ് നബിചര്യ. ഏതാനും ചുള കാരക്കകള്‍ മാത്രം ഭക്ഷിച്ചായിരുന്നു നബിﷺ നമസ്‌കാരത്തിന് പുറപ്പെട്ടിരുന്നത്. 

 

നോമ്പ് നിയമമാക്കപ്പെട്ടവര്‍

1. നിര്‍ബന്ധമുള്ളവര്‍:

പ്രായപൂര്‍ത്തിയായ, ബുദ്ധിയും ആരോഗ്യവുമുള്ള എല്ലാ മുസ്‌ലിം സ്ത്രീപുരുഷന്മാര്‍ക്കും നോമ്പ് അനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്.

 

2. നിര്‍ബന്ധമില്ലാത്തവര്‍: 

പ്രായപൂര്‍ത്തി എത്താത്ത കുട്ടികള്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല. എങ്കിലും അവരെ പരിശീലിപ്പിക്കേണ്ടതാണ്.

 

3. ഇളവ് നല്‍കപ്പെട്ടവര്‍: 

ആരോഗ്യമില്ലാത്ത വൃദ്ധര്‍ക്കും ശമനം തീരെ  പ്രതീക്ഷയില്ലാത്ത രോഗികള്‍ക്കും ഇളവ് നല്‍കപ്പെട്ടിട്ടുണ്ട.് അവര്‍ ഓരോ നോമ്പിനും പകരം ഓരോഅഗതിക്ക് വീതം ഭക്ഷണം പ്രായച്ഛിത്തം നല്‍കേണ്ടതാണ്.

 

4. നോറ്റുവീട്ടേണ്ടവര്‍: 

ശമനം പ്രതീക്ഷയുള്ള രോഗിക്ക് നോമ്പ് ഒഴിവാക്കാം; പിന്നീട് നോറ്റുവീട്ടല്‍ നിര്‍ബന്ധമാണ്. യാത്രക്കാര്‍ വളരെ ബുദ്ധധിമുട്ടി നോമ്പ് അനുഷ്ഠിക്കാതിരിക്കലാണ് ഉത്തമം. അവര്‍ പിന്നീട് നോറ്റു വീട്ടിയായാല്‍ മതിയാകുന്നതാണ്. ഗര്‍ഭിണികളും  മുലയൂട്ടുന്ന  മാതാക്കളും വിഷമിച്ച്  നോമ്പ് നോറ്റു കൊള്ളണമെന്നില്ല.  പിന്നീട് നോറ്റു വീട്ടിയാല്‍ മതി. അതിനു കഴിയാത്ത പക്ഷം  ഓരോ  നോമ്പിനും പകരം ഓരോ അഗതിക്ക് വീതം ഭക്ഷണം പ്രായച്ഛിത്തമായി നല്‍കേണ്ടതാണ്. 

 

5. നിഷിദ്ധമുള്ളവര്‍: 

ആര്‍ത്തവകാരികള്‍ക്കും പ്രസവരക്തമുള്ളവര്‍ക്കും നോമ്പ് അനുഷ്ഠിക്കല്‍ നിഷിദ്ധമാണ്. അവര്‍ക്ക് നോമ്പ് ഉപേക്ഷിക്കലും പിന്നീട് നോറ്റുവീട്ടലും നിര്‍ബന്ധമാണ്.

 

നോമ്പ് നഷ്ടപ്പെടുത്തുന്ന കാര്യങ്ങള്‍

1. സംയോഗം: 

റമദാനിന്റെപകലില്‍ ഭാര്യാഭര്‍തൃബന്ധത്തിലേര്‍പെട്ടാല്‍ നോമ്പ് ദുര്‍ബലപ്പെടും. അത് നോറ്റു വീട്ടുന്നതോടൊപ്പം ഭാരിച്ച പ്രായച്ഛിത്തവും  നിര്‍ബന്ധമാണ്. (ഒന്നുകില്‍ വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുക, അല്ലെങ്കില്‍ രണ്ട്മാസം തുടര്‍ച്ചയായി  നോമ്പ് അനുഷ്ഠിക്കുക, അതുമല്ലെങ്കില്‍ അറുപത് അഗതികള്‍ക്ക് ഭക്ഷണം നല്‍കുക എന്നതാണ് പ്രായച്ഛിത്തം).

 

2. തിന്നുകയോ കുടിക്കുകയോ ചെയ്യല്‍: 

തിന്നുകയോ കുടിക്കുകയോ ചെയ്യുക. മറന്നുകൊണ്ടായാല്‍ നോമ്പ് മുറിയുകയില്ല. നോറ്റുവീട്ടേണ്ടതില്ല. പ്രായച്ഛിത്തവും വേണ്ടതില്ല.

 

3. ഛര്‍ദിക്കല്‍: 

നോമ്പുകാരനായിരിക്കെ ഒരാള്‍ ഉദ്ദേശപൂര്‍വം ചര്‍ദിച്ചാല്‍ അയാളുടെ നോമ്പ് മുറിയുന്നതാണ്.

 

4. ശരീര പോഷണത്തിന് ഇഞ്ചക്ഷന്‍ എടുക്കല്‍:

ഒരാള്‍ നോമ്പിന്റെ ക്ഷീണം കുറക്കുവാനോ ആരോഗ്യത്തിന് കോട്ടം തട്ടാതിരിക്കുവാനോ വേണ്ടി ഇഞ്ചക്ഷന്‍ എടുത്താല്‍ അയാളുടെ നോമ്പ് ദുര്‍ബലപ്പെടുന്നതാണ്. 

 

5. സ്വയംഭോഗം ചെയ്യല്‍: 

ലൈംഗിക ശമനത്തിനായി റമദാനിന്റെ പകലില്‍ സ്വീകരിക്കുന്ന ഏത് മാര്‍ഗവും നോമ്പിനെ മുറിക്കുന്നതാണ്. എന്നാല്‍ ഉറക്കത്തില്‍ സ്ഖലനം സംഭവിച്ചാല്‍ അത് നോമ്പിനെ ദുര്‍ബലപ്പെടുത്തുകയില്ല. 

 

6. ആര്‍ത്തവമോ പ്രസവരക്തമോ പുറപ്പെടല്‍: 

നോമ്പ് സമയത്ത് ആര്‍ത്തവരക്തം പുറപ്പെടുകയോ പ്രസവിക്കുകയോ ചെയ്താല്‍ നോമ്പ് മുറിയുന്നതാണ്.

(മേല്‍പറഞ്ഞ കാര്യങ്ങള്‍ നോമ്പുമുറിക്കുന്നവയാണ് എന്ന് അറിഞ്ഞുകൊണ്ടും മനഃപൂര്‍വവും പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമെ നോമ്പ് മുറിയുകയുള്ളൂ). 

 

നോമ്പു തുറക്കുമ്പോഴുള്ള മര്യാദകള്‍

സമയമായാലുടനെ നോമ്പു തുറക്കുക എന്നതാണ് നബിചര്യ.

1. പ്രാര്‍ഥനകള്‍ അധികരിപ്പിക്കുക. 

നോമ്പുതുറക്കുന്നതിനു മുമ്പായി നടത്തുന്ന പ്രാര്‍ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്നതാണ്.

2. ബിസ്മി ചൊല്ലിക്കൊണ്ട് നോമ്പ് തുറക്കുക. 

ഈത്തപ്പഴം, അത് കിട്ടിയില്ലങ്കില്‍ കാരക്ക, അതുമില്ലങ്കില്‍ പച്ചവെള്ളം ഇതായിരുന്നു നബിﷺയുടെ നോമ്പു തുറക്കുമ്പോള്‍ കഴിച്ചിരുന്നതിന്റെ മുന്‍ഗണനാക്രമം,

നോമ്പ് തുറന്നാല്‍ 'ദഹബള്ള്വമഉ...' എന്ന് തുടങ്ങുന്ന നേരത്തെ ഉദ്ധരിച്ച പ്രാര്‍ഥന ചൊല്ലുക. 

 

പുണ്യമാസത്തിലും അനാചാരം?

റമദാന്‍ പതിനേഴിന്ന് ബദ്‌രീങ്ങളുടെ ആണ്ട് എന്ന പേരില്‍ വലിയ സദ്യയൊരുക്കുന്നതും പ്രത്യേക പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും ഉരുവിടുന്നതും തീര്‍ത്തും അനാചാരമാണ്. ബദ്‌രീങ്ങളുടെ പേരില്‍ നേര്‍ച്ച നേരുകയും അവരോടു പ്രാര്‍ഥിക്കുകയും സഹായം തേടുകയും ചെയ്യുന്നു! ഇവയല്ലാം യഥാര്‍ഥത്തില്‍ ബദ്‌രീങ്ങള്‍ക്കുള്ള ഇബാദത്താണ് (ആരാധനയാണ്). ഇബാദത്ത് അല്ലാഹുവല്ലാത്തവരുടെ പേരില്‍ നിര്‍വഹിക്കല്‍ അല്ലാഹു ഒരിക്കലും പൊറുക്കാത്തതും ശാശ്വത നരകാവകാശിയാക്കുന്നതുമായ ശിര്‍ക്കാണ് താനും.

ബദ്ര്‍ യുദ്ധം നടന്നത് ഹിജ്‌റ രണ്ടാംവര്‍ഷം റമദാന്‍ പതിനേഴിന്നായിരുന്നു എന്നത് തര്‍ക്കമറ്റ കാര്യമാണ്. എന്നാല്‍ എന്തിനു വേണ്ടിയായിരുന്നു ബദ്ര്‍യുദ്ധം നടന്നത് എന്നത് ചിന്തിക്കാതെ പോകുന്നതാണ് കഷ്ടം! നബിﷺ അന്ന് ബദ്‌റില്‍ വെച്ച് പ്രാര്‍ഥിച്ചത് 'അല്ലാഹുമ്മ ഇന്‍തുഹ്‌ലിക ഹാദിഹില്‍ ഉസ്വാബഃ ലന്‍ തുഅ്ബദ ഫില്‍അര്‍ദ്വ്' (അല്ലാഹുവേ ഈയൊരു ചെറിയ സംഘത്തെ നീയിവിടെവെച്ച് നശിപ്പിച്ചാല്‍ ഭൂമിയില്‍ നീ മാത്രം ആരാധിക്കപ്പടുന്ന അവസ്ഥയുണ്ടാകുന്നതല്ല), അതുകൊണ്ട് ഞങ്ങളെ നീ വിജയിപ്പിക്കേണമേ എന്നായിരുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കുവാനുള്ള സ്വാതന്ത്ര്യത്തിന്നായിരുന്നു ബദര്‍യുദ്ധം നടന്നത് എന്നര്‍ഥം. ചിലയാളുകള്‍ പ്രചരിപ്പിക്കുന്നതുപോലെ ബദ്ര്‍ദിനം മര്‍ദിതന്റെ മോചനദിനമല്ല; തൗഹീദിന്റെ വിജയ ദിനമാണ്. ബദ്‌റില്‍ പടപൊരുതിയ വിശ്വാസികളെ പോലെ തൗഹീദിന്റെ മാര്‍ഗത്തില്‍ നമുക്ക് പ്രിയപ്പെട്ടതെന്തും നാഥന്റെ പ്രീതിക്കായി സമര്‍പ്പിക്കുവാന്‍ നാമും പ്രതിജ്ഞയെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ് വേണ്ടത്.  ഇന്ന് സമുദായത്തില്‍ പലരും ബദ്‌റിന്റെ പേരില്‍ കാട്ടിക്കൂട്ടുന്നതിന്ന് ഇസ്‌ലാമില്‍ യാതൊരു മാതൃകയുമില്ല. ബദ്‌റിന്ന് ശേഷം എട്ടുകൊല്ലം നബിﷺ ജീവിച്ചു. ഏതെങ്കിലും ഒരുവര്‍ഷം ബദ്ര്‍ ദിനത്തില്‍ പ്രത്യേക ദിക്‌റുകള്‍ ചൊല്ലിയിട്ടില്ല. ബദ്‌റില്‍ പങ്കെടുത്തവരുടെ മദ്ഹ് പാടിയിട്ടില്ല. അവരുടെ പേരില്‍ ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുകയോ, അതിനു കല്‍പിക്കുകയോ ചെയ്തതായി യാതൊരു രേഖയുമില്ല. അക്കാരണത്താല്‍ തന്നെ അത് ബിദ്അത്താണ്. നരകത്തിലേക്ക് എത്തിക്കുന്നതുമാണ്. അല്ലാഹു കാക്കട്ടെ (ആമീന്‍).

 

തറാവീഹ് നമസ്‌കാരം

വിശുദ്ധ റമദാനിലെ പുണ്യകര്‍മങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് രാത്രിയിലെ സുന്നത്ത് നമസ്‌കാരം. രാത്രിനമസ്‌കാരം എന്ന അര്‍ഥത്തില്‍ 'ക്വിയാമുല്ലൈല്‍' എന്നും അത് റമദാനിലാകുമ്പോള്‍ 'ക്വിയാമു റമദാന്‍' എന്നും, രാത്രി ഉറങ്ങി എഴുന്നേറ്റ് നമസ്‌കരിക്കുന്നത് കൊണ്ട് 'തഹജ്ജുദ്' എന്നും, ഒറ്റയില്‍ അവസാനിപ്പിക്കുന്നത് കൊണ്ട് 'വിത്ര്‍' എന്നും, ഈരണ്ട് റക്അത്തുകള്‍ക്ക് ശേഷം വിശ്രമിക്കുന്നതിനാല്‍ 'തറാവീഹ്' എന്നുമുള്ള പേരിലാണ് പ്രസ്തുത നമസ്‌കാരം അറിയപ്പെടുന്നത്.   

ആയിരം മാസത്തെക്കാള്‍ ശ്രേഷ്ഠമായ ഒരു രാത്രി ഉള്‍ക്കൊള്ളുന്ന വിശുദ്ധ റമദാന്‍ മാസത്തില്‍ പകല്‍ നോമ്പനുഷ്ഠിക്കുന്നത് പോലെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പുണ്യകര്‍മമാണ് രാത്രിയിലെ സുന്നത്ത് നമസ്‌കാരവും. പ്രവാചകന്‍ﷺ പറയുന്നു: ''ആരെങ്കിലും റമദാനില്‍ വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി (രാത്രി) നമസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്'' (ബുഖാരി).

നബിﷺ ഏതാനും ദിവസം മാത്രമാണ് ഇത് സഹാബികളേയും കൊണ്ട് സംഘമായി നമസ്‌കരിച്ചിട്ടുള്ളത്. ആഇശ(റ) പറയുന്നു: ''നബിﷺ സ്വഹാബികളേയുംകൊണ്ട് പള്ളിയില്‍ വെച്ച് നമസ്‌കരിച്ചു. രണ്ടാം ദിവസവും നമസ്‌കരിച്ചു; അന്ന് ജനങ്ങള്‍ കൂടിവന്നു. മൂന്നാം ദിവസമോ നാലാം ദിവസമോ ജനങ്ങള്‍ ഒരുമിച്ചുകൂടി. അന്ന് നബിﷺ പള്ളിയില്‍ എത്തിയില്ല. സുബ്ഹിയായപ്പോള്‍ നബിﷺ പറഞ്ഞു: 'നിങ്ങള്‍ ചെയ്തത് ഞാന്‍ അറിഞ്ഞിരുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഇത് നിര്‍ബന്ധമാക്കപ്പെടുമോ എന്ന ഭയമാണ് എന്നെ തടഞ്ഞത്.' അത് ഒരു റമദാന്‍ മാസത്തിലായിരുന്നു'' (ബുഖാരി, മുസ്‌ലിം). ഈ ഹദീസിന്റെ അടിസ്ഥാന ത്തിലാണ് പിന്നീട് ഉമര്‍(റ) സംഘടിതമായി പ്രസ്തുത നമസ്‌കാരം നിര്‍വഹിക്കാന്‍ ഇമാമുകളെ ചുമതലപ്പെടുത്തിയത്.

റക്അത്തുകളുടെ എണ്ണം: അബൂസലമ(റ) പറയുന്നു: ''ആഇശ(റ)യോട് നബി)ﷺയുടെ റമദാനിലെ രാത്രി നമസ്‌കാരം എപ്രകാരമായിരുന്നു എന്ന് ചോദിക്കപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞു: 'നബിﷺ റമദാനിലും അല്ലാത്തപ്പോഴും പതിനൊന്നിനെക്കാള്‍ വര്‍ധിപ്പിക്കാറില്ല...'' (ബുഖാരി; അധ്യായം തറാവീഹ് നമസ്‌കാരം).

ജാബിര്‍(റ)വില്‍ നിന്ന്: ''നബിﷺ റമദാനില്‍ ഞങ്ങളെയുംകൊണ്ട് എട്ട് റക്അത്ത് നമസ്‌കരിച്ചു. ശേഷം വിത്‌റാക്കുകയും ചെയ്തു'' (ത്വബ്‌റാനി, ഇബ്‌നു ഖുസൈമ:, ഇബ്‌നു ഹിബ്ബാന്‍).

സാഇബ്ബ്‌നു യസീദ്(റ) പറയുന്നു: ''ഉമര്‍(റ) ഉബയ്യുബ്‌നു കഅ്ബിനോടും തമീമുദ്ദാരിയോടും ജന ങ്ങള്‍ക്ക് പതിനൊന്ന് റക്അത്ത് ഇമാമായി നമസ്‌കരിക്കുവാന്‍ കല്‍പിച്ചു; ഓരോ റക്അത്തിലും നൂറോളം ആയത്തുകള്‍ ഇമാമുകള്‍ ഓതാറുണ്ടായിരുന്നു. നിറുത്തത്തിന്റെ ദൈര്‍ഘ്യം കാരണത്താല്‍ വടികളില്‍ ഊ ന്നിനിന്നുകൊണ്ടായിരുന്നു ഞങ്ങള്‍ നമസ്‌കരിച്ചിരുന്നത്. സുബ്ഹിയോടടുത്ത സമയത്തല്ലാതെ ഞങ്ങള്‍ പിരിഞ്ഞുപോകാറില്ലായിരുന്നു''  (ഇമാം മാലിക്(റ), അല്‍മുവത്വഅ്. അധ്യായം റമദാനിലെ രാത്രിനമസ്‌കാരം). 

ജാബിര്‍(റ)ല്‍ നിന്ന്: ഉബയ്യുബ്‌നു കഅബ്(റ) നബിﷺയുടെ അടുത്ത് വന്നു പറഞ്ഞു: 'പ്രവാചകരേ, റമദാനിലെ രാത്രിയില്‍ ഒരു സംഭവമുണ്ടായി.' നബിﷺ എന്താണെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'എന്റെ വീട്ടിലെ സ്ത്രീകള്‍ അവര്‍ക്ക് കൂടുതല്‍ ക്വുര്‍ആന്‍ ഓതാന്‍ അറിയാത്തതിനാല്‍ എന്നെ തുടര്‍ന്ന് നമസ്‌കരിക്കുന്നു. ഞാന്‍ അവര്‍ക്ക് എട്ട് റക്അത്ത് നമസ്‌കരിച്ചുകൊടുത്തു, ശേഷം വിത്‌റും നമസ്‌കരിച്ചു.' തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: 'നബിക്ക് അത് തൃപ്തിപ്പെട്ടതായി എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. അദ്ദേഹം എതിര്‍പ്പൊന്നും പറഞ്ഞില്ല' (ഇബ്‌നുഹിബ്ബാന്‍).

 ആഇശ(റ) പറയുന്നു: ''നബിയുടെ രാത്രി നമസ്‌കാരം പത്ത് റക്അത്തായിരുന്നു. ശേഷം ഒരു റക്അത്ത് കൊണ്ട് വിത്‌റാക്കും പിന്നീട് സുബ്ഹിക്കു മുമ്പുള്ള രണ്ട് റക്അത്തും നമസ്‌കരിക്കും. അങ്ങനെ പതിമൂന്ന് റക്അത്ത് ആകും'' (മുസ്‌ലിം).

ഇബ്‌നു അബ്ബാസ്(റ) വില്‍ നിന്ന്: ''നബിﷺ രാത്രിയില്‍ എട്ട് റക്അത്ത് നമസ്‌കരിക്കും. ശേഷം മൂന്ന് റക്അത്ത് കൊണ്ട് വിത്‌റാക്കിയ ശേഷം സുബ്ഹിയുടെ രണ്ട് റക്അത്തും നമസ്‌കരിക്കും'' (നസാഇ).

നബിﷺയും സ്വഹാബിമാരും പതിനൊന്ന് റക്അത്തായിരുന്നു നമസ്‌കരിച്ചിരുന്നതെന്ന് മേല്‍ കൊടുത്ത ഹദീഥുകളില്‍ നിന്നും വ്യക്തമാകുന്നു. ഉമര്‍(റ) കല്‍പിച്ചതും അതാണ്. അത് പിന്‍പറ്റലാണ് നബിചര്യ പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കരണീയമായിട്ടുള്ളത്. 

നബിﷺ കാലില്‍ നീരുകെട്ടും വിധം സുദീര്‍ഘമായിട്ടായിരുന്നു നമസ്‌കരിച്ചിരുന്നത്. അപ്രകാരം തന്നെയായിരുന്നു സ്വഹാബികളുടെയും നമസ്‌കാരം. അത്‌കൊണ്ട് തന്നെ റക്അത്തുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ വാശിപിടിക്കുന്നതിലല്ല പുണ്യം എന്ന് മനസ്സിലാക്കുക. പതിനൊന്ന് റക്അത്തിനെക്കാള്‍ അധികരിക്കാത്ത വിധം കഴിയുന്നത്ര ക്വുര്‍ആന്‍ പാരായണം ചെയ്ത് ഈരണ്ട് റക്അത്തുകളായി ദീര്‍ഘമായി നമസ്‌കരിച്ച് ഒറ്റയില്‍ അവസാനിപ്പിക്കുക എന്നതാണ് നബിചര്യ. ഉറങ്ങി എഴുന്നേറ്റ് രാത്രിയുടെ അവസാനത്തില്‍ നമസ്‌കരിക്കാന്‍ കഴിയുമെങ്കില്‍ അത് കൂടുതല്‍ പുണ്യകരമാണ്. അല്ലാഹു എല്ലാ വിഷയത്തിലും നബിചര്യ പിന്തുടര്‍ന്ന് ജീവിക്കാന്‍ നമ്മെ അനുഗ്രഹിക്കട്ടെ (ആമീന്‍).

0
0
0
s2sdefault