മക്കയുടെ ശ്രേഷ്ഠതകള്‍

മൂസ സ്വലാഹി, കാര

2018 ശവ്വാല്‍ 16 1439 ജൂണ്‍ 30

മക്ക എന്ന നാടിന് ഏറെ ശ്രേഷ്ഠതകളും സവിശേഷതകളുമുണ്ടെന്ന് പരിശുദ്ധ ക്വുര്‍ആനും സ്ഥിരപ്പെട്ട ഹദീഥുകളും വ്യക്തമാക്കുന്നുണ്ട്. പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ അതേപടി ഉള്‍ക്കൊള്ളുക എന്നത് സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. മക്കയുടെ പവിത്രതയെക്കുറിച്ച് പ്രമാണങ്ങള്‍ എന്ത് പറയുന്നു എന്ന് പരിശോധിക്കാം.

പവിത്രതയുള്ള രാജ്യം

ഇബ്‌റാഹീം നബി(അ)യിലൂടെ അല്ലാഹു പവിത്രത നല്‍കിയ നാടാണ് മക്ക. അല്ലാഹു പറയുന്നു:

''(നീ പറയുക:) ഈ രാജ്യത്തെ പവിത്രമാക്കിത്തീര്‍ത്ത ഇതിന്റെ രക്ഷിതാവിനെ ആരാധിക്കുവാന്‍ മാത്രമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്...'' (ക്വുര്‍ആന്‍ 27:91).

''...നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം അവര്‍ക്ക് അധീനപ്പെടുത്തികൊടുത്തിട്ടില്ലേ? എല്ലാ വസ്തുക്കളുടെയും ഫലങ്ങള്‍ അവിടേക്ക് ശേഖരിച്ച് കൊണ്ടുവരപ്പെടുന്നു. നമ്മുടെ പക്കല്‍ നിന്നുള്ള ഉപജീവനമത്രെ അത്....' (ക്വുര്‍ആന്‍ 28:57).

ജാബിര്‍(റ)വില്‍നിന്ന്. നബി ﷺ  പറഞ്ഞു: ''തീര്‍ച്ചയായും ഇബ്‌റാഹീം നബി(അ) മക്കയെ പവിത്രമാക്കി'' (മുസ്‌ലിം).

ഇബ്‌നു ഉമര്‍(റ)വില്‍നിന്ന്. നബി ﷺ  മിനായില്‍വെച്ച് സ്വഹാബികളോട് ചോദിച്ചു: ''ഈ ദിവസം ഏതാണെന്ന് നിങ്ങള്‍ക്കറിയുമോ?'' അവര്‍ പറഞ്ഞു: ''അല്ലാഹുവിനും റസൂലിനുമറിയാം.'' നബി ﷺ  പറഞ്ഞു: ''തീര്‍ച്ചയായും ഇത് പവിത്രമായ ദിവസമാണ്. ഈ നാട് ഏതാണെന്ന് നിങ്ങള്‍ക്കറിയുമോ?'' അവര്‍ പറഞ്ഞു: ''അല്ലാഹുവിനും റസൂലിനുമറിയാം.'' നബി ﷺ  പറഞ്ഞു: ''ഇത് പവിത്രമാക്കപ്പെട്ട നാടാണ്...'' (ബുഖാരി).

അല്ലാഹു സത്യംചെയ്തു പറഞ്ഞ നാട്

മക്കയുടെ മഹത്ത്വം വ്യക്തമാക്കിക്കൊണ്ട് അല്ലാഹു പറയുന്നു: ''ഈ രാജ്യത്തെ (മക്കയെ) കൊണ്ട് ഞാന്‍ സത്യം ചെയ്ത് പറയുന്നു'' (ക്വുര്‍ആന്‍ 90:1).

അന്തിമദൂതന്‍ നിയോഗിതനായ നാട്, ഹജ്ജിന്റെ കര്‍മങ്ങളായ ത്വവാഫും സഅ്‌യും നടക്കുന്ന, അനേകം വിശ്വാസികള്‍ സമ്മേളിക്കുന്ന നാട്; അതാണ് മക്ക.

നിര്‍ഭയത്വത്തിന്റെ നാട്

ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനും വസിക്കുന്നതിനുമെല്ലാം അല്ലാഹു നിര്‍ഭയത്വം നല്‍കിയ നാടാണ് മക്ക. അല്ലാഹു പറയുന്നു:

''ഇബ്‌റാഹീം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു). എന്റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിര്‍ഭയത്വമുള്ളതാക്കുകയും എന്നെയും എന്റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ'' (ക്വുര്‍ആന്‍ 14:35).

''അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ -(വിശിഷ്യാ) ഇബ്‌റാഹീം നിന്ന സ്ഥലം- ഉണ്ട്. ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്...'' (ക്വുര്‍ആന്‍ 3:97).

ജാബിര്‍(റ)വില്‍നിന്ന്. നബി ﷺ  പറയുന്നതായി ഞാന്‍ കേട്ടു: ''മക്കയിലേക്ക് ആയുധം ചുമന്ന് കൊണ്ടുവരിക എന്നത് നിങ്ങളില്‍ ഒരാള്‍ക്കും അനുവദനീയമല്ല'' (മുസ്‌ലിം).

ഇബ്‌റാഹീം നബി(അ)യുടെ പ്രതേ്യക പ്രാര്‍ഥനക്ക് വിധേയമായ നാട്

മക്കയുടെ പവിത്രതക്കും നിര്‍ഭയത്വത്തിനും അവിടെ താമസിക്കുന്നവര്‍ക്കുള്ള ഉപജീവനമാര്‍ഗത്തിനുമായി ഇബ്‌റാഹീം നബി(അ) പ്രത്യേകം പ്രാര്‍ഥിച്ചു. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''എന്റെ രക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടുത്തെ താമസക്കാരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ എന്ന് ഇബ്‌റാഹീം പ്രാര്‍ഥിച്ച സന്ദര്‍ഭവും (ഓര്‍ക്കുക)...'' (ക്വുര്‍ആന്‍ 2:126).

''ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്). അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചെന്ന് വരാം'' (14:37).

അബ്ദുല്ലാഹിബ്‌നു സൈദ്(റ) നബി ﷺ യില്‍നിന്ന്: ''തീര്‍ച്ചയായും ഇബ്‌റാഹീം(അ) മക്കയെ പവിത്രമാക്കി; അതിനുവേണ്ടി പ്രാര്‍ഥിച്ചു...'' (ബുഖാരി). മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ ''അതിലെ ആളുകള്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു'' എന്നും കാണാം.

വിവിധ നാമങ്ങളില്‍ അറിയപ്പെടുന്ന രാജ്യം

അല്ലാഹു പറയുന്നു: ''അവര്‍ക്ക് (ശത്രുക്കള്‍ക്ക്) എതിരില്‍ നിങ്ങള്‍ക്ക് വിജയം നല്‍കിയതിന് ശേഷം അവനാകുന്നു മക്കയുടെ ഉള്ളില്‍ വെച്ച് അവരുടെ കൈകള്‍ നിങ്ങളില്‍ നിന്നും നിങ്ങളുടെ കൈകള്‍ അവരില്‍നിന്നും തടഞ്ഞു നിര്‍ത്തിയത്...'' (ക്വുര്‍ആന്‍ 48:24).

''തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. (അത്)അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു)''(ക്വുര്‍ആന്‍ 3:96).

''(നീ പറയുക:) ഈ രാജ്യത്തെ പവിത്രമാക്കിത്തീര്‍ത്ത ഇതിന്റെ രക്ഷിതാവിനെ ആരാധിക്കുവാന്‍ മാത്രമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്''(ക്വുര്‍ആന്‍ 27:91).

''ഇതാ, നാം അവതരിപ്പിച്ച, നന്മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്റെ മുമ്പുള്ള വേദത്തെ ശരിവെക്കുന്നതത്രെ അത്. മാതൃനഗരി(മക്ക)യിലും അതിന്റെ ചുറ്റു'ഭാഗത്തുമുള്ളവര്‍ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടിയുള്ളതുമാണ് അത്...'' (ക്വുര്‍ആന്‍ 6:92).

ആദ്യത്തെ ആരാധനാലയം സ്ഥാപിക്കപ്പെട്ട രാജ്യം

അല്ലാഹുവിനെ മാത്രം ആരാധിക്കാനും അവനോടു മാത്രം പ്രാര്‍ഥിക്കാനുമായി ഒന്നാമതായി നിര്‍മിക്കപ്പെട്ട മന്ദിരമായ കഅ്ബ നിലകൊള്ളുന്നത് മക്കയിലാണല്ലോ. ''തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. (അത്) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു)''(ക്വുര്‍ആന്‍ 3:96).

അബൂദര്‍റ്(റ)വില്‍നിന്ന്: ''ഭൂമിയില്‍ ഒന്നാമതായി സ്ഥാപിക്കപ്പെട്ട പള്ളിയെക്കുറിച്ച് ഞാന്‍ നബി ﷺ       േയാട് ചോദിച്ചു. അവിടുന്ന് പറഞ്ഞു: 'മസ്ജിദുല്‍ ഹറാം...'' (ബുഖാരി, മുസ്‌ലിം).

അല്ലാഹുവിനും റസൂലിനും ഏറെ ഇഷ്ടമുള്ള നാട്

അബ്ദുല്ലാഹിബ്‌നു അദിയ്യ്(റ)വില്‍നിന്ന്. റസൂല്‍ ﷺ  ഹസൂറയില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''അല്ലാഹുവാണെ, തീര്‍ച്ചയായും അല്ലാഹുവിന്റെ ഭൂമിയില്‍ നല്ലത് നീയാണ്. അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് നീയാണ്. നിന്നില്‍നിന്ന് എന്നെ പുറത്താക്കിയിട്ടില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ പുറത്ത് പോകുമായിരുന്നില്ല'' (തിര്‍മിദി, നസാഈ, അഹ്മദ്).

ദജ്ജാല്‍ പ്രവേശിക്കാത്ത രാജ്യം

അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും വലിയ പരീക്ഷണമായി അന്ത്യനാളിന്റെ അടയാളമായി വരാനുള്ളതാണ് ദജ്ജാല്‍. അവനും അവന്റെ ഫിത്‌നയും എത്താത്ത സ്ഥലങ്ങളില്‍ ഒന്നാണ് മക്ക. അനസ്(റ)വില്‍നിന്ന്. നബി ﷺ  പറഞ്ഞു: ''ദജ്ജാല്‍ ചവിട്ടാത്തതായ ഒരു നാടും തന്നെയില്ല; മക്കയും മദീനയും ഒഴികെ'' (ബുഖാരി, മുസ്‌ലിം).

ഈമാന്‍ ചെന്ന്‌ചേരുന്ന നാട്

ഇബ്‌നു ഉമര്‍(റ)വില്‍നിന്ന്. നബി ﷺ  പറഞ്ഞു: ''നിശ്ചയം ഇസ്‌ലാമിന്റെ തുടക്കം അപരിചിതമാണ്. അതിലേക്ക് തന്നെ അത് മടങ്ങും. അത് രണ്ട് പള്ളികള്‍ക്കിടയില്‍ ചെന്ന് ചേരും; പാമ്പ് അതിന്റെ മാളത്തിലേക്ക് ചെന്ന് ചേരുന്നത് പോലെ'' (മുസ്‌ലിം).

ക്വുര്‍ആനിന്റെ അവതരണത്തിന് തുടക്കംകുറിച്ച നാട്

മനുഷ്യകുലത്തെ നേര്‍മാര്‍ഗത്തിലേക്ക് വഴിനടത്തുന്ന അനുഗ്രഹപൂര്‍ണവും സത്യസമ്പൂര്‍ണവുമായ പരിശുദ്ധ ക്വുര്‍ആനിന്റെ അവതരണത്തിന് തുടക്കം കുറിച്ച നാടാണ് മക്ക. എണ്‍പത്തിയാറോളം അധ്യായങ്ങള്‍ അവതീര്‍ണമായത് മക്കയിലാണ്. അവ മക്കീ സൂറത്തുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.

മുഹമ്മദ് നബി ﷺ  പ്രബോധനത്തിന് തുടക്കംകുറിച്ച നാട്

നബി ﷺ യും സ്വഹാബത്തും ഏറെ പരീക്ഷണങ്ങള്‍ക്ക് വിധേയരായത് യഥാര്‍ഥ വിശ്വാസം ഉള്‍ക്കൊണ്ട് ജീവിച്ചതിനാലും അത് പ്രബോധനം ചെയ്യാനിറങ്ങിയതിനാലുമാണ്. പിറന്ന മണ്ണില്‍ തന്നെ പ്രബോധനം തുടങ്ങിയപ്പോള്‍ ഉറ്റബന്ധുക്കളും നാട്ടുകാരും കഠിനമായ ദ്രോഹത്തിന്റെ പാതയാണ് സ്വീകരിച്ചത്. പക്ഷേ, പതറാതെ മുന്നേറിയപ്പോള്‍ ആത്യന്തിക വിജയം പ്രവാചകനും അനുയായികള്‍ക്കും തന്നെയാണ് ലഭിച്ചത്.

മസ്ജിദുല്‍ ഹറമിന്റെ നാട്

മസ്ജിദുല്‍ ഹറം സ്ഥിതിചെയ്യുന്നത് മക്കയിലാണ്. ഹജ്ജ് കര്‍മത്തിനായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് അവിടേക്ക് മുസ്‌ലിംകള്‍ ഒഴുകിയെത്തുന്നു. ഹറമില്‍ വെച്ചുള്ള നമസ്‌കാരത്തിന് മറ്റു പള്ളികളിലുള്ള നമസ്‌കാരത്തെക്കാള്‍ ഒരുലക്ഷം ഇരട്ടി പ്രതിഫലമുണ്ട്. അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)വില്‍നിന്ന്. നബി ﷺ  പറഞ്ഞു: ''എന്റെ ഈ പള്ളിയിലുള്ള നമസ്‌കാരം ആയിരം നമസ്‌കാരത്തെക്കാള്‍ ശ്രേഷ്ഠമാണ്; അതല്ലാത്തതില്‍ നിര്‍വഹിക്കുന്നതിനെക്കാള്‍. മസ്ജിദുല്‍ ഹറം ഒഴികെ. മസ്ജിദുല്‍ ഹറമില്‍ വെച്ചുള്ള നമസ്‌കാരം നൂറു നമസ്‌കാരത്തെക്കാള്‍ ശ്രേഷ്ഠമാണ്; ഈ പള്ളിയില്‍ വെച്ചുള്ളതിനെക്കാള്‍'' (അഹ്മദ്, ഇബ്‌നുമാജ).

പ്രതേ്യകം പുണ്യംകൊതിച്ചുകൊണ്ടുള്ള യാത്ര മൂന്നു പള്ളികളിലേക്കെ പാടുള്ളൂ. അതില്‍ പ്രഥമസ്ഥാനം മസ്ജിദുല്‍ ഹറമിനാണ്. ലോക മുസ്‌ലിംകള്‍ നമസ്‌കാരത്തിന് തിരിഞ്ഞു നില്‍ക്കുന്ന കഅ്ബക്ക് ചുറ്റുമുള്ളതാണല്ലോ മസ്ജിദുല്‍ ഹറം. അവിടെ അധര്‍മം ചെയ്യാന്‍ ഉദ്ദേശിക്കുന്നത് േപാലും ശിക്ഷാര്‍ഹമാണ്.

''തീര്‍ച്ചയായും സത്യത്തെ നിഷേധിക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നും മനുഷ്യര്‍ക്ക്-സ്ഥിരവാസിക്കും പരദേശിക്കും- സമാവകാശമുള്ളതായി നാം നിശ്ചയിച്ചിട്ടുള്ള മസ്ജിദുല്‍ ഹറാമില്‍ നിന്നും ജനങ്ങളെ തടഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ (കരുതിയിരിക്കട്ടെ). അവിടെ വെച്ച് വല്ലവനും അന്യായമായി ധര്‍മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്നപക്ഷം അവന്ന് വേദനയേറിയ ശിക്ഷയില്‍ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്'' (ക്വുര്‍ആന്‍22:25).

മസ്ജിദുല്‍ ഹറമിലേക്കുള്ള പ്രവേശനം ബഹുദൈവവിശ്വാസികള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു എന്നതും മക്കയുടെ മഹത്ത്വം അറിയിക്കുന്നു: ''സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ നജസ് തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന് ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്...''(ക്വുര്‍ആന്‍ 9:28).

സംസമിന്റെ നാട്

വറ്റാത്ത ഉറവയായ സംസം മക്കയിലാണ്. സംസം വെള്ളം എന്തിനുവേണ്ടി കുടിച്ചുവോ അതിനുള്ളതാെണന്നും അത് അനുഗ്രഹിക്കപ്പെട്ടതാണെന്നും നബി ﷺ  ഉണര്‍ത്തിയിട്ടുണ്ട്. അത് കുടിക്കുമ്പോഴുള്ള പ്രതേ്യക പ്രാര്‍ഥനയും അവിടുന്ന് പഠിപ്പിച്ചു.

മാതൃനഗരി

മക്ക മാതൃനഗരിയാണ്. മഹത്ത്വത്തില്‍ അതിന് കിടയൊക്കുന്ന മെറ്റാന്നില്ല. അല്ലാഹു പറയുന്നു: ''ഇതാ, നാം അവതരിപ്പിച്ച, നന്‍മനിറഞ്ഞ ഒരു ഗ്രന്ഥം! അതിന്റെ മുമ്പുള്ള വേദത്തെ ശരിവെക്കുന്നതത്രെ അത്. മാതൃനഗരി(മക്ക)യിലും അതിന്റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടിയുള്ളതുമാണ് അത്...'' (ക്വുര്‍ആന്‍ 6:92).

മക്കയുടെ ശ്രേഷ്ഠതകള്‍ വെളിവാക്കുന്ന ഏതാനും കാര്യങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്. അല്ലാഹു പവിത്രമാക്കി എന്ന് പറഞ്ഞാല്‍ അത് മതത്തിന്റെ ചിഹ്നമായി. അതിനെ 

ആദരിക്കല്‍ വിശ്വാസിയുടെ കടമയും.

''അത് (നിങ്ങള്‍ ഗ്രഹിക്കുക.) വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ'' (ക്വുര്‍ആന്‍ 22:32).