ഏതു നാട്ടിലും മുസ്‌ലിമിന്റെ ആദര്‍ശം

അബൂയഹ്‌യ

2018 ഫെബ്രുവരി 17 1439 ജുമാദില്‍ ആഖിറ 02

'പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്' (ക്വുര്‍ആന്‍ 5:2) ഇതാണ് ഒരു മുസ്‌ലിമിന്റെ ഏതു നാട്ടിലെയും ആദര്‍ശം. തിന്മയിലേക്ക് ക്ഷണിക്കുന്നത് വ്യക്തി ആയാലും പാര്‍ട്ടി ആയാലും അവരുടെ ആ പ്രവൃത്തിയില്‍ സഹായിക്കുവാനോ അവരുടെ കൂടെച്ചേര്‍ന്നു പ്രവര്‍ത്തിക്കുവാനോ ഒരു മുസ്‌ലിമിന്നു നിര്‍വാഹമില്ല. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ബഹുദൈവാരാധന, ദൈവനിഷേധം, മത നിഷേധം, മതവിരുദ്ധത തുടങ്ങിയവയെക്കാള്‍ വലിയ തിന്മയില്ല. അത്‌കൊണ്ട് തന്നെ ദൈവനിഷേധത്തെയോ മതനിഷേധത്തെയോ ബഹുദൈവാരാധനയെയോ ഇസ്‌ലാമിക വിരുദ്ധതയെയോ അടിസ്ഥാന ആദര്‍ശമായി സ്വീകരിച്ച പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാനോ അവരുടെ ആദര്‍ശത്തെ ഏതെങ്കിലും നിലയ്ക്ക് ശക്തിപ്പെടുത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന വിഷയത്തില്‍ സാമ്പത്തികമായോ ശാരീരികമായോ മാനസികമായോ സഹായിക്കുവാനോ സഹകരിക്കുവാനോ അവന്നു പാടില്ലാത്തതാണ്. ഏകദൈവ വിശ്വാസത്തിലേക്കും ഏകദൈവാരാധനയിലേക്കും ഇസ്‌ലാമിന്റെ പുണ്യത്തിലേക്കും പ്രവാചകന്റെ മാര്‍ഗദര്‍ശനത്തിലേക്കും ജനങ്ങളെ ക്ഷണിക്കേണ്ടവനാണ് ഒരു യഥാര്‍ഥ മുസ്‌ലിം. എന്നിരിക്കെ എങ്ങനെയാണ് അവന് അവിശ്വാസത്തെയോ പ്രവാചക അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളെയോ സഹായിക്കാനും അതിന്റെ ആളുകളുടെ കൂടെ മതവിരുദ്ധമായ കാര്യങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനും കഴിയുക? അത് പാടില്ലെന്ന് മാത്രമല്ല ഇസ്‌ലാമിക ആശയങ്ങള്‍ പരിഹസിക്കപ്പെടുന്ന സദസ്സുകളില്‍ ഇരിക്കാന്‍ പോലും വിശ്വാസിക്ക് പാടില്ലാത്തതാണ്. ഈ വിഷയത്തിലെ ചില ക്വുര്‍ആന്‍ വചനങ്ങള്‍ പ്രസ്തുത വിഷയത്തിലേക്ക് നമുക്ക് വെളിച്ചം നല്‍കുന്നതാണ്:

'...പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക, പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത.്..'(5:2).

''നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ച് കളയുന്ന പക്ഷം ഓര്‍മ വന്നതിന് ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്'' (6:68).

''അല്ലാഹുവിന്റെ വചനങ്ങള്‍ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങള്‍ കേട്ടാല്‍ അത്തരക്കാര്‍ മറ്റുവല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്നും അങ്ങനെ ഇരിക്കുന്ന പക്ഷം നിങ്ങളും അവരെപ്പോലെത്തന്നെ ആയിരിക്കുമെന്നും ഈ ഗ്രന്ഥത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് അവതരിപ്പിച്ചു തന്നിട്ടുണ്ടല്ലോ. കപടവിശ്വാസികളെയും അവിശ്വാസികളെയും ഒന്നിച്ച് അല്ലാഹു നരകത്തില്‍ ഒരുമിച്ചുകൂട്ടുക തന്നെചെയ്യും'' (4:140).

സമാനമായ വചനങ്ങള്‍ ക്വുര്‍ആനില്‍ ധാരാളമായി കാണാം. അത്‌കൊണ്ട് തന്നെ ഇസ്‌ലാമിക വിരുദ്ധത അടിസ്ഥാനമായി സ്വീകരിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ അംഗത്വമെടുക്കാനോ അവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനോ ഇന്ത്യയിലെന്നല്ല എതു നാട്ടിലും മുസ്‌ലിമിന് പാടില്ലാത്തതാണ്. അല്ലാഹു തആലാ മുസ്‌ലിം ഉമ്മത്തിന് ദിശാബോധം നല്‍കുമാറാകട്ടെ. ആമീന്‍.

 

സഹകരണവും ഉടമ്പടിയും

ആദര്‍ശരംഗത്തുള്ള സഹകരണം പാടില്ലെങ്കിലും പൊതുവായ നന്മയും നീതിയും നിലനിര്‍ത്തുവാനും ഒരു രാജ്യത്ത് സമാധാനം സ്ഥാപിക്കുവാനും ആരുമായും - അവരുടെ ആദര്‍ശം എന്ത് തന്നെയാവട്ടെ- സമാധാന കരാറുകളില്‍ ഏര്‍പ്പെപടുവാനും അത്തരം വിഷയങ്ങളിലെ ഉടമ്പടികള്‍ പാലിക്കുവാനും ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട്. യഹൂദര്‍ ഇസ്‌ലാമിന്റെ കടുത്ത ശത്രുക്കളായിരുന്നിട്ടും, ആദര്‍ശ രംഗത്ത് മുസ്‌ലിംകളും യഹൂദരും രണ്ടു തട്ടിലായിരുന്നിട്ടും മദീനയുടെ പൊതുവായ സുരക്ഷയുടെ വിഷയത്തിലും മദീനാനിവാസികളുടെ സമാധാനവുമായി ബന്ധപ്പെട്ട വിഷയത്തിലും മദീനയുടെ പൊതുവായ ശത്രുക്കളെ നേരിടുന്ന വിഷയത്തിലും നബി ﷺ അവരുമായി കരാറിലേര്‍പെടുകയും ആ കരാര്‍ പാലിക്കുന്നതില്‍ അങ്ങേയറ്റം സത്യസന്ധമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. വിശ്വാസത്തിന്റെ പേരില്‍ പ്രവാചകനെ നാട്ടില്‍ നിന്ന് പുറത്താക്കുകയും അതിന്റെ പേരില്‍ മുസ്‌ലിംകളോട് യുദ്ധം ചെയ്യുകയും ചെയ്ത കടുത്ത മുശ്‌രിക്കുകളുമായിപ്പോലും ഹുദൈബിയയില്‍ വെച്ചു നബി ﷺ കരാറില്‍ ഏര്‍പെടുകയുണ്ടായി. മതപ്രബോധന സ്വാതന്ത്ര്യം അനുവദിച്ചുകിട്ടിയ മഹത്തായ ആ സമാധാന കരാറിനെ 'മഹത്തായ വിജയം' എന്നാണ് അല്ലാഹു തആലാ വിശേഷിപ്പിച്ചത്. 

ഇന്ത്യന്‍ ജനാധിപത്യവും ഇതുപോലെയുള്ള മഹത്തായ ഒരു ഉടമ്പടിയാണ്. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ മുസ്‌ലിംകള്‍ക്ക് മാത്രം ഒരു രാഷ്ട്രം എന്ന വാദവുമായി ചില നേതാക്കള്‍ രംഗത്ത് വരികയും അങ്ങനെ സ്വാതന്ത്ര്യ ലബ്ധിയോടൊപ്പം പാക്കിസ്ഥാന്‍ എന്ന രാഷ്ട്രം രൂപീകരിക്കപ്പെടുകയും ചെയ്ത സന്ദര്‍ഭം. ഇന്ത്യയിലെ ബഹുഭൂരിപക്ഷം മുസ്‌ലിംകളും ഇന്ത്യന്‍ മുസ്‌ലിംകളുടെ കരുത്തരായ നേതാക്കളും വിഭജനത്തെ എതിര്‍ക്കുകയും ഇന്ത്യയില്‍ തന്നെ തുടര്‍ന്നും യഥാര്‍ഥ മുസ്‌ലിംകളായി ജീവിക്കുകയും ചെയ്യുമെന്ന് ധീരമായി പ്രഖ്യാപിച്ച ഇന്ത്യന്‍ ചരിത്രത്തിലെ സവിശേഷമായ മുഹൂര്‍ത്തം. പാക്കിസ്ഥാന്‍ മുസ്‌ലിംകള്‍ക്കാണെങ്കില്‍ ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രം എന്ന തീവ്ര ചിന്താഗതി വെച്ചുപുലര്‍ത്തി വര്‍ഗീയ ഫാസിസ്റ്റുകള്‍ രംഗപ്രവേശം ചെയ്ത സന്ദര്‍ഭം. മഹാത്മാ ഗാന്ധിയെ പോലുള്ള, നെഹ്‌റുവിനെ പോലുള്ള, അബുല്‍ കലാം ആസാദിനെ പോലുള്ള കരുത്തുറ്റ ദേശീയ നേതാക്കള്‍ ചില ശക്തമായ തീരുമാനങ്ങള്‍ എടുത്തു. അത് ഇപ്രകാരമായിരുന്നു: 'ഇന്ത്യ ഹിന്ദുവിന്റെതോ മുസ്‌ലിമിന്റെതോ മാത്രമല്ല. ഇന്ത്യ ഇന്ത്യക്കാരുടെതാണ്. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന മുഴുവന്‍ ഇന്ത്യക്കാരുടെതുമാണ് ഇന്ത്യ. ഇന്ത്യയില്‍ നിന്ന് ആരും പുറത്തുപോകേണ്ടതില്ല. ഓരോ മതവിശ്വാസിക്കും അവന്റെ മതമനുസരിച്ച് പൂര്‍ണ സ്വാതന്ത്ര്യത്തോടെ ഇന്ത്യയില്‍ ജീവിക്കാം.' മഹാത്മാഗാന്ധിയടക്കമുള്ള മുഴുവന്‍ ദേശീയ നേതാക്കളുടെയും അഭിപ്രായം അതായിരുന്നു. വിരലില്‍ എണ്ണാവുന്ന ചില വര്‍ഗീയ ഫാസിസ്റ്റുകള്‍ ഒഴികെ മുഴുവന്‍ ഇന്ത്യക്കാരുടെയും തീരുമാനവും അതായിരുന്നു. മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവരോ അവരുടെ നേതാക്കളോ ഇന്ത്യ ഹിന്ദു രാഷ്ട്രമാവണമെന്നല്ല ആഗ്രഹിച്ചത്. അവര്‍ അങ്ങനെ ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ക്കതിനു സാധിക്കുമായിരുന്നു. മറിച്ച് അവര്‍ ആഗ്രഹിച്ചത് ഇന്ത്യ എല്ലാവര്‍ക്കും തുല്യതയും മതസ്വാതന്ത്യവും നല്‍കുന്ന ജനാധിപത്യ റിപബ്ലിക് ആവണം എന്നാണ്. നാഥുറാം വിനായക് ഗോദ്‌സേ എന്ന ഞടടകാരന്‍ ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്നതിന്റെ കാരണം പറഞ്ഞത് 'അദ്ദേഹം ഇന്ത്യ ഹിന്ദു രാഷ്ട്രമാകണം എന്നതിന് എതിരായിരുന്നു' എന്നാണ്. 

സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ രാഷ്ട്രീയ രംഗം ഇപ്രകാരം കലുഷിതമായിരിക്കെയാണ് ഇന്ത്യയുടെ മഹത്തായ ഭരണഘടനക്ക് രൂപം നല്‍കാന്‍ ഇന്ത്യയിലെ തലയെടുപ്പുള്ള നേതാക്കള്‍ രംഗത്തുവരുന്നത്. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും പ്രാതിനിധ്യം ഉള്‍ക്കൊള്ളുന്ന ഒരു മഹത്തായ ഉടമ്പടി കരാറായിരുന്നു ഇന്ത്യന്‍ ഭരണഘടന. 1947 ന്റെ അവസാനത്തില്‍ ആരംഭിച്ച് 1950 ജനുവരിയോടു കൂടി പൂര്‍ത്തീകരിക്കപ്പെട്ട ഭരണഘടനാ രൂപീകരണത്തില്‍ മുസ്‌ലിംകളില്‍ നിന്നുള്ള പ്രഗത്ഭമതികളും ഉണ്ടായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന മൗലാനാ അബുല്‍ കലാം ആസാദ്, റാഫി അഹ്മദ് കിദവി, അസഫ് അലി തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. എന്ന് മാത്രമല്ല, ഡോ: ബി. ആര്‍. അംബേദ്കറിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഏഴംഗ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ എം.ഡി സഅദുല്ലയെപ്പോലുള്ള (Exchief minister of Assam, Muslim league member) പ്രഗത്ഭരും ഉണ്ടായിരുന്നൂ എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും മതവിശ്വാസികളെയും പ്രതിനിധീകരിക്കുന്ന ഏകദേശം 389 മെമ്പര്‍മാര്‍ ഉള്‍ക്കൊള്ളുന്ന Constituent assemblyയും അവര്‍ തെരഞ്ഞെടുത്ത അംബേദ്കറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയും രണ്ടു വര്‍ഷവും പതിനൊന്നു മാസവും പതിനെട്ടു ദിവസവും എടുത്തുകൊണ്ട് 165 ദിവസത്തെ പതിനൊന്നു സെഷനുകളിലൂടെ കടഞ്ഞെടുത്ത ഇന്ത്യന്‍ ഭരണഘടന ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ ഏതു മതക്കാരവട്ടെ ഏറെ സന്തോഷം നല്‍കുന്നതായിരുന്നു.

ആ സന്തോഷത്തിനു പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്.

ഒന്ന്: ഇന്ത്യന്‍ ഭരണഘടനയുടെ മൗലിക സ്വഭാവം തന്നെ. എല്ലാവര്‍ക്കും നീതി, തുല്യത, മത- രാഷ്ട്രീയ-സ്വാതന്ത്ര്യം തുടങ്ങി ഒരു മനുഷ്യന്റെ അടിസ്ഥാനപരമായ മൗലികാവകാശങ്ങള്‍ വകവെച്ച് കൊടുക്കുക എന്നതാണത്. ജനാധിപത്യ റിപബ്ലിക് എന്നതുകൊണ്ട് ഇന്ത്യയില്‍ ഉദ്ദേശിക്കുന്നത് അതാണ്. അത് ഒരു മതത്തിനും എതിരല്ല. ഏതെങ്കിലും പ്രത്യേക മതത്തിന് അനുകൂലവുമല്ല. നമ്മുടെ ഭരണഘടനയുടെ ആമുഖം കാണുക.

"We, the people of India, having solemnly resolved to constitute India into a sovereign democratic republic and to secure all its citizens: justice, social, economic and political; liberty of thought, expression, belief, faith and worship; 

Equality of status and of opportunity; and to promote among them all fraternity assuring the dignity of the individual and the unity of the nation.

In our constituent assembly, this twenty sixth day of November, 1949, do hereby adopt, enact and give to ourselves this constitution."

അതെ, ഇന്ത്യയിലെ എല്ലാ മത വിശ്വാസികളുമുള്‍ക്കൊള്ളുന്ന, ജനങ്ങള്‍ അവര്‍ക്ക് വേണ്ടി രൂപീകരിച്ച ഭരണഘടന മുന്നോട്ടു വെക്കുന്ന ആശയം 'ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്‍ക്കും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ നീതി, ചിന്തിക്കുവാനും പ്രകടിപ്പിക്കുവാനും വിശ്വസിക്കുവാനും ആരാധിക്കുവാനുമുള്ള സ്വാതന്ത്ര്യം, സ്ഥാനങ്ങളിലും അവസരങ്ങളിലും തുല്യത, വ്യക്തികളുടെ മഹത്ത്വം ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ രാജ്യത്തിന്റെ അഖണ്ഡത. എല്ലാവര്‍ക്കുമിടയില്‍ സാഹോദര്യം എന്നതാണ്.

ഇന്ത്യന്‍ ജന്നധിപത്യം കൊണ്ട് ഉദ്ദേശിക്കുന്നതിതാണ്: ഇത് മതവിരുദ്ധമല്ല. മറിച്ച് മതത്തിനനുകൂലമാണ്.

രണ്ട്: ഭരണഘടനയുടെ ആമുഖത്തില്‍ എഴുതിച്ചേര്‍ത്ത ഈ മൗലികാവകാശങ്ങള്‍ ആര്‍ക്കും തിരുത്തുക സാധ്യമല്ല. ഭരണകൂടത്തിനോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ അത് തിരുത്തുക സാധ്യമല്ല. ഇന്ത്യന്‍ ഭരണഘടന പര്‍ലിമെന്റിനാല്‍ നിര്‍മിതമല്ല. അത്‌കൊണ്ടുതന്നെ പാര്‍ലിമെന്റിനു ഭരണഘടനയുടെ മൗലികാവകാശങ്ങളില്‍ ഒരു അധികാരവുമില്ല. മറിച്ച് ഇന്ത്യയിലെ ജനങ്ങള്‍ ഒരു ഭരണഘടനാ അസംബ്ലിയിലൂടെ 26.12.1949ല്‍ സ്വീകരിക്കുകയും 26.01.1950ല്‍ നടപ്പില്‍ വരുത്തുകയും ചെയ്തതാണ് ഇന്ത്യന്‍ ഭരണഘടന. ഇത് വിശദീകരിക്കപ്പെട്ടതിപ്രകാരമാണ്.

"The constitution of India, it imparts constitutional supremacy and not parliamentary supremacy, as its not created by the parliament but, by a constituent assembly, and adopted by its people, with a declaration on its preamble. Parliament cannot override the constitution".

ജനാധിപത്യ പ്രക്രിയയിലൂടെ ഭൂരിപക്ഷം തെളിയിച്ച് ഭരണാധികാരത്തില്‍ വന്നാല്‍ പോലും ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കപ്പെട്ട പൗരന്റെ മൗലിക അവകാശങ്ങളെ ഇല്ലാതാക്കാന്‍ പാര്‍ലിമെന്റിനു കഴിയില്ല എന്നര്‍ഥം.

ഇന്ത്യന്‍ ജനാധിപത്യം മഹത്തായ ഒരു ഉടമ്പടിയാണ്. ഇന്ത്യ ഹിന്ദു രാഷ്ട്രമാവണം എന്ന വാദമുണ്ടായിട്ടും, ഹിന്ദുക്കള്‍ മഹാഭൂരിപക്ഷമുണ്ടായിട്ടും അതിനൊന്നും മിനക്കെടാതെ ഇന്ത്യന്‍ ജനത ജാതിമത ഭേതമന്യെ എടുത്ത മഹത്തായ കരാര്‍. ഓരോ ഇന്ത്യക്കാരനും അവനിഷ്ടമുള്ള മതവും രാഷ്ട്രീയവും സ്വീകരിക്കുവാനും പ്രബോധനം ചെയ്യുവാനും ഇഷ്ടമുള്ള ആരാധനാ രീതികള്‍ സ്വീകരിക്കുവാനുമുള്ള സ്വാതന്ത്ര്യം വകവെച്ചു നല്‍കുന്ന ഈ ഉടമ്പടി മുസ്‌ലിംകളെ സംബിന്ധിച്ചിടത്തോളം പാലിക്കപ്പെടേണ്ടുന്ന കരാര്‍ തന്നെയാണ്. ഒരു യഥാര്‍ഥ മുസ്‌ലിമായി ജീവിക്കാന്‍ കഴിയുക എന്നതിനപ്പുറം തന്റെ ആശയങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുവാനും ഇസ്‌ലാമിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുവാനും സാധിക്കുന്നു എന്നത് വലിയ അനുഗ്രഹമാണ്. ഇസ്‌ലാം അനുസരിച്ച് ജീവിക്കുവാനും അത് പ്രബോധനം ചെയ്യുവാനും ഹുദൈബിയാസന്ധി വഴി സാധിച്ചതാണ് അതിനെ മഹത്തായ വിജയമെന്ന് വിശേഷിപ്പിക്കുവാനുള്ള കാരണമെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ടെങ്കില്‍ സമാനമായ ഒരവസ്ഥയാണ് ഇന്ത്യയിലുള്ളതെന്നു നാം മനസ്സിലാക്കുകയും ഇന്ത്യന്‍ ജനാധിപത്യത്തെ നാം ആ അര്‍ഥത്തില്‍ മഹത്തായ വിജയമായി കാണുകയും ചെയ്യുന്നു. അത്‌കൊണ്ട് തന്നെ ഇന്ത്യന്‍ ജനാധിപത്യത്തിനെതിരിലുള്ള ഏതൊരു നീക്കവും ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അത് മഹത്തായ ഒരു ഉടമ്പടിക്കെതിരിലുള്ള നീക്കവും ഒരു യഥാര്‍ഥ മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം പാടില്ലാത്തതുമാണ്.

കാര്യങ്ങളെ ശരിയായ വീക്ഷണകോണിലൂടെ നോക്കിക്കാണാന്‍ അല്ലാഹു തആലാ നമുക്കേവര്‍ക്കും തൗഫീക്വ് നല്‍കട്ടെ. ആമീന്‍.