പശ്ചാത്താപം

സമീര്‍ മുണ്ടേരി

2018 ജൂണ്‍ 09 1439 റമദാന്‍ 24

ശരീരത്തെയും മനസ്സിനെയും മാലിന്യമുക്തമാക്കുവാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നു. ശരീരത്തിലെ മാലിന്യം കഴുകിക്കളയാം. അങ്ങനെ ശരീരം വൃത്തിയാക്കാം. മനസ്സിലെ മാലിന്യം വൃത്തിയാക്കേണ്ടത് തെറ്റുകുറ്റങ്ങള്‍ വര്‍ജിച്ചുകൊണ്ടും പശ്ചാത്താപിച്ചുകൊണ്ടുമാണ്. അല്ലാഹു പറയുന്നു: 

''...തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു'' (ക്വുര്‍ആന്‍ 2:222).

പശ്ചാത്താപത്തിന്റെ വാതില്‍ തുറന്നുതന്നു എന്നുളളത് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ്. അല്ലാഹു പറയുന്നു: ''(നബിയേ) ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് എന്ന് എന്റെ ദാസന്മാരെ വിവരമറിയിക്കുക'' (ക്വുര്‍ആന്‍ 15:49). 

പശ്ചാത്തപിക്കാന്‍ പ്രേരിപ്പിക്കുന്നു

ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീഥില്‍ നബി ﷺ പറയുന്നു: ''പകല്‍ തെറ്റ് ചെയ്തവന്‍ പശ്ചാത്തപിക്കാന്‍ വേണ്ടി അല്ലാഹു രാത്രിയില്‍ കൈനീട്ടുന്നു. രാത്രി തെറ്റ് ചെയ്തവന്‍ പശ്ചാത്തപിക്കാന്‍ വേണ്ടി അല്ലാഹു പകല്‍ കൈനീട്ടുന്നു. അസ്തമയ സ്ഥാനത്ത് നിന്ന് സൂര്യന്‍ ഉദിക്കുന്നത് വരെ'' (മുസ്‌ലിം). 

നബി ﷺ പറഞ്ഞു: ''ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക. തീര്‍ച്ചയായും ഞാന്‍ ദിവസവും നൂറ് തവണ അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്നു'' (മുസ്‌ലിം). 

അവസരം നഷ്ടപ്പെടുത്തരുത്

പശ്ചാത്തപിക്കാനുളള മഹത്തായ ഒരു അവസരമാണ് റമദാന്‍. ഈ അവസരം നഷ്ടപ്പെടുത്തുന്നവരില്‍ നാം ഉള്‍പെട്ടുകൂടാ. നബി ﷺ പറയുന്നു: ''ഒരു റമദാന്‍ ലഭിച്ചിട്ട് പാപം പൊറുക്കപ്പെടാത്തവന് നാശം'' (തിര്‍മിദി). 

വിശ്വാസികളേ, അതിനാല്‍ പശ്ചാത്തപിക്കുക. അതിലേക്ക് ധൃതിപ്പെടുക. അടിമകള്‍ പശ്ചാത്തപിക്കുന്നത് അല്ലാഹുവിന് ഏറെ സന്തോഷമുളള കാര്യമാണ്. 

നബി ﷺ പറഞ്ഞു: ''തന്റെ അടിമ പശ്ചാത്തപിച്ചു മടങ്ങുമ്പോള്‍ അല്ലാഹു ഏറെ സന്തുഷ്ടനാണ്. മരുഭൂമിയിലൂടെ ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്ന ഒരാളെ പോലെയാണവന്‍. അയാള്‍ക്ക് അയാളുടെ വാഹനം നഷ്‌പ്പെട്ടു. അതിന്റെ പുറത്താണ് അയാളുടെ വസ്ത്രവും ഭക്ഷണവും പാനിയവും. അപ്പോള്‍ അയാള്‍ക്ക് അതിന്റെ കാര്യത്തില്‍ നിരാശ തോന്നി. ഒരു മരത്തിന്റെ തണലില്‍ കിടന്നു. തന്റെ വാഹനത്തിന്റെ കാര്യത്തില്‍ അയാള്‍ തീര്‍ത്തും നിരാശനായി. അപ്പോഴതാ അത് അയാളുടെ അടുത്ത് നില്‍ക്കുന്നു. അയാളതിന്റെ കടിഞ്ഞാണ്‍ പിടിച്ച് സന്തോഷത്താല്‍ പറഞ്ഞു: 'അല്ലാഹുവേ നീ എന്റെ അടിമയാണ്. ഞാന്‍ നിന്റെ രക്ഷിതാവും.' സന്തോഷത്തിന്റെ ആധിക്യത്തില്‍ തെറ്റിപ്പോയതാണ്.'' (മുസ്‌ലിം). 

രക്ഷ ലഭിക്കുന്ന ചില കാരണങ്ങള്‍

സത്യവിശാസി തെറ്റ് ചെയ്താല്‍ അതിന്റെ ശിക്ഷ ചില കാരണങ്ങള്‍ കൊണ്ട് ഇല്ലാതെയാകും. 

1. പശ്ചാത്തപിക്കുക. പാപം ചെയ്തതില്‍ പശ്ചാത്തപിക്കുന്നവന്‍ പാപം ചെയ്യാത്തവനെപ്പോലെയാണ്. അല്ലാഹു അവന് പാപം പൊറുത്ത് കൊടുക്കും. 

2. അല്ലാഹുവിനോട് പൊറുക്കലിനെ തേടുക. അപ്പോള്‍ അവന്‍ പൊറുത്ത് തരുന്നതാണ്. ആദം നബിൗ അല്ലാഹുവിനോട് പൊറുക്കലിനെ തേടിയത് അല്ലാഹു സുറത്തുല്‍ അഅ്‌റാഫില്‍ വിശദീകരിക്കുന്നുണ്ട്. 

3. പാപങ്ങളെ മായ്ച്ചുകളയുന്ന തരത്തില്‍ നന്മകള്‍ ചെയ്യുക. അല്ലാഹു പറഞ്ഞു: ''തീര്‍ച്ചയായും സല്‍കര്‍മങ്ങള്‍ ദുഷ്‌കര്‍മങ്ങളെ മായ്ച്ചു കളയുന്നതാണ്'' (ക്വുര്‍ആന്‍ 11:14). 

4. അവനു വേണ്ടി സത്യവിശ്വാസികളായ സഹോദരങ്ങള്‍ പ്രാര്‍ഥിക്കുക.

5. മുഹമ്മദ് നബി ﷺ ശുപാര്‍ശ ചെയ്യുക. 

6. ഇഹലോകത്ത് വെച്ച് അല്ലാഹു അവനെ വിപത്തുകള്‍ കൊണ്ട് പരീക്ഷിക്കുക. ശരീരത്തിലോ, ധനത്തിലോ, ബന്ധുക്കളിലോ ആകാം പരീക്ഷണം. 

7. ബര്‍സഖില്‍ വെച്ചുളള പരീക്ഷണം. അതു മുഖേനേ അവന്റെ പാപങ്ങള്‍ മായ്ച്ചുകളയും.

8. ഖിയാമത്തിന്റെ ഭീകരത കൊണ്ട് അവനെ പരീക്ഷിക്കുക. 

9. പരമ കാരുണികന്‍ അവനോട് കരുണ കാണിക്കുക. 

തൗബയുടെ ശര്‍ത്വുകള്‍

1. പാപത്തില്‍ നിന്ന് വിട്ട് നില്‍ക്കുക.

2. ചെയ്തുപോയ തെറ്റിനെ കുറിച്ച് ഖേദമുണ്ടാവുക.

3. ആവര്‍ത്തിക്കില്ലെന്ന് തീരുമാനിക്കുക. 

4. അവകാശങ്ങള്‍ തിരിച്ച് നല്‍കുക. 

പശ്ചാത്തപിച്ച് മടങ്ങാന്‍ സന്നദ്ധരാവുക. നാളെയാവാം എന്ന് വിചാരിക്കണ്ട. എപ്പോള്‍ മരിക്കും എന്ന് പറയാന്‍ സാധ്യമല്ല. പിന്നീട് ചെയ്യാം എന്ന ചിന്ത ഉപേക്ഷിക്കുക. പാപം ചെയ്താല്‍ മാത്രമാണ് പശ്ചാത്താപം എന്നും കരുതേണ്ട. എത്ര നന്മകള്‍ ചെയ്താലും പശ്ചാത്തപിക്കാന്‍ മടിക്കരുത്. റവാത്തിബുകളില്‍ വീഴ്ച്ച വരുത്തിയിട്ടുണ്ടെങ്കിലും പശ്ചാത്തപിക്കുക. രാത്രിനമസ്‌കാരങ്ങള്‍ പാഴാക്കിയതിനെക്കുറിച്ച് ഓര്‍ത്ത്  പശ്ചാത്തപിക്കുക. പിശുക്കിനെക്കുറിച്ചോര്‍ത്ത്, കോപത്തെക്കുറിച്ച് ചിന്തിച്ച്, അസൂയയെക്കുറിച്ച് ആലോചിച്ച്, വിലപ്പെട്ട സമയം കളഞ്ഞതിനെ കുറിച്ച് ചിന്തിച്ച് പശ്ചാത്തപിക്കുക. 

എത്ര സൂക്ഷിച്ചാലും വന്നുചേരുന്നതാണ് ജീവിതത്തിലെ അബദ്ധങ്ങളും തെറ്റുകളും. അത് ആരിലും എപ്പോഴും സംഭവിച്ചേക്കാം; പ്രവാചകന്‍മാരല്ലാത്ത ഏത് വിശുദ്ധന്റെ ജീവിതത്തിലും. സംഭവിച്ചേക്കാം. തെറ്റാണ് ബോധ്യമായാല്‍ ഉടന്‍ ഖേദിച്ചു മടങ്ങണം. അല്ലാഹുവിലേക്ക് ആത്മാര്‍ഥമായി പശ്ചാത്തപിച്ചു മടങ്ങി പരിശുദ്ധി നേടുവാന്‍ ശ്രമിക്കണം.

തെറ്റു ചെയ്താല്‍ പശ്ചാത്തപിക്കുന്നവരുടെ കൂട്ടത്തില്‍ അല്ലാഹു നമ്മെ ഉള്‍പെടുത്തട്ടെ. മരിക്കുന്നതിന് മുമ്പേ പശ്ചാത്തപിക്കാന്‍ നമുക്ക് അല്ലാഹു അവസരം നല്‍കട്ടെ.