കാപട്യത്തെ ഭയപ്പെടുക

അബ്ദുല്‍ മുസ്വവ്വിര്‍

2018 ഒക്ടോബര്‍ 13 1440 സഫര്‍ 02

ബാഹ്യമായി മുസ്‌ലിമെന്നു നടിക്കുകയും ഉള്ളില്‍ അവിശ്വാസം വെച്ചുപുലര്‍ത്തുകയും ചെയ്യുന്നവരാണ് മുനാഫിക്വുകള്‍ അഥവാ കപടവിശ്വാസികള്‍.

മറ്റുള്ളവരെക്കാള്‍ മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനും കൂടുതല്‍ ദ്രോഹം വരുത്താന്‍ ഇവര്‍ക്കാകും. അതുകൊണ്ടുതന്നെ അല്ലാഹു പറഞ്ഞു:

''തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടിലാകുന്നു'' (ക്വുര്‍ആന്‍ 4:145). 

''തീര്‍ച്ചയായും കപടവിശ്വാസികള്‍ (ഇസ്‌ലാം കപടമായി അനുഷ്ഠിച്ച്) അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്...'' (4:142). 

''അല്ലാഹുവിനെയും അവനില്‍ വിശ്വസിച്ചവരെയും (മുസ്‌ലിമായി നടിച്ച്) വഞ്ചിക്കുവാനാണ് അവര്‍ (കപടവിശ്വാസികള്‍) ശ്രമിക്കുന്നത്. (വാസ്തവത്തില്‍) അവര്‍ ആത്മവഞ്ചന മാത്രമാണ് ചെയ്യുന്നത്. അവരത് മനസ്സിലാക്കുന്നില്ല. അവരുടെ മനസ്സുകളില്‍ സംശയത്തിന്റെയും കാപട്യത്തിന്റെയും ഒരുതരം രോഗമുണ്ട്. തന്നിമിത്തം അല്ലാഹു അവര്‍ക്ക് രോഗം വര്‍ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ ഫലമായി വേദനയേറിയ ശിക്ഷയാണ് അവര്‍ക്കുണ്ടായിരിക്കുക'' (2:9-10). 

കാപട്യം രണ്ട് തരത്തിലുണ്ട്: 

ഒന്ന്: വിശ്വാസപരം. രണ്ട്: കര്‍മപരം

വിശ്വാസപരമായ കാപട്യം
 

ഇതിനെ വലിയ നിഫാക്വ് എന്നും പറയുന്നു. ഇസ്‌ലാം ബാഹ്യമായി പ്രകടമാക്കുകയും കുഫ്‌റ് ഗോപ്യമാക്കുകയും ചെയ്യലാകുന്നു ഇത്. വലിയ നിഫാക്വുകൊണ്ട് ഇസ്‌ലാമില്‍ നിന്ന് പുറത്തുപോകുന്നതും പരലോകത്ത് നരകത്തിന്റെ അടിത്തട്ടില്‍ പ്രവേശിപ്പിക്കപ്പെടുന്നതുമാണ്. അല്ലാഹു ഈ വിഭാഗങ്ങളെ മോശമായ വിശേഷണങ്ങള്‍ കൊണ്ട് വിശേഷിപ്പിച്ചിരിക്കുന്നു. ഇസ്‌ലാംമതത്തില്‍ അവിശ്വസിക്കുന്നവര്‍, കളവാക്കുന്നവര്‍, ഇസ്‌ലാംമതത്തെയും ഇസ്‌ലാംമതം അനുഷ്ഠിക്കുന്ന ആളുകളെയും പരിഹസിക്കുന്നവര്‍, മതത്തിന്റെ ശത്രുക്കളുടെ ഭാഗം ചേരുന്നവര്‍, ഇസ്‌ലാമിനോട് ശത്രുത വെക്കുവാന്‍ പരസ്പരം കൂടിയാലോചിക്കുന്നവര്‍ തുങ്ങിയവയെല്ലാം അവരുടെ (കപടവിശ്വാസികളുടെ) വിശേഷണങ്ങളാണ്. അത്തരത്തിലുള്ള ആളുകള്‍ എല്ലാ കാലങ്ങളിലും ഉണ്ടാവും, പ്രത്യേകിച്ച് ഇസ്‌ലാമിന് ശക്തിയുണ്ടാകുമ്പോള്‍ അതിനെ പ്രത്യക്ഷത്തില്‍ തകര്‍ക്കാന്‍ സാധിക്കാതെ മുസ്‌ലിമാണെന്ന് അഭിനയിച്ച് ഇസ്‌ലാമിനുള്ളില്‍ കയറിക്കൂടി (മ്ലേഛതകള്‍ പ്രകടിപ്പിച്ച്) നശിപ്പിക്കുവാനും അതുപോലെ മുസ്‌ലിംകളോടൊപ്പം നിന്ന് തങ്ങളുടെ സമ്പത്തിനും രക്തത്തിനും സംരക്ഷണം (പവിത്രത) ലഭിക്കുവാനും സമാധാനത്തോടെ ജീവിക്കുവാനും അവര്‍ പരിശ്രമിക്കുകയും ചെയ്യും.  

കപടവിശ്വാസികള്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും ഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും വിചാരണനാളിലുമെല്ലാ പ്രത്യക്ഷത്തില്‍ വിശ്വസിക്കുകയും ആന്തരികമായി ഈ വിശ്വാസത്തില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയും അവിശ്വസിക്കുകയും ചെയ്യുന്നവരാണ്. അവര്‍ അല്ലാഹുവില്‍ യഥാവിധി വിശ്വസിക്കുകയോ, ജനങ്ങള്‍ക്ക് അല്ലാഹുവിന്റെ അനുമതിയോടെ സന്മാര്‍ഗം കാണിക്കുവാന്‍ ശ്രമിക്കുകയോ ചെയ്യില്ല. അതുപോലെ അല്ലാഹുവിന്റെ രക്ഷയെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുവാനും ശിക്ഷയെതൊട്ട് താക്കീത് ചെയ്യുവാനുമായി നിയോഗിതനായ പ്രവാചകന് ലഭിച്ച ദിവ്യവെളിപാടായ ക്വുര്‍ആനില്‍ അവര്‍ വിശ്വസിക്കുകയില്ല. കപടവിശ്വാസികളുടെ മുഴുവന്‍ മറയെയും അല്ലാഹു മാറ്റുകയും അവരുടെ രഹസ്യങ്ങള്‍ (രഹസ്യ സ്വഭാവങ്ങള്‍) വിശുദ്ധ ക്വുര്‍ആന്‍ പരസ്യമാക്കുകയും ചെയ്തിട്ടുണ്ട്. കപടവിശ്വാസികളില്‍ നിന്നും അവരുടെ സഹായികളില്‍ നിന്നും സുരക്ഷിതരാവാനാണ് അവരുടെ വിശേഷണങ്ങളെ അല്ലാഹു നമുക്ക് വ്യക്തമാക്കിത്തന്നിരിക്കുന്നത്. ഇമാം ഇബ്‌നുല്‍ ക്വയ്യിം പറയുന്നു:

''ലോകത്തുള്ള മൂന്ന് വിഭാഗം ആളുകളുടെ വിശേഷണങ്ങളെ സംബന്ധിച്ച് സൂറത്തുല്‍ ബക്വറയുടെ ആദ്യത്തില്‍ തന്നെ പറയുന്നുണ്ട്, അവര്‍ വിശ്വാസികള്‍ (ശരിയായ മുസ്‌ലിം), അവിശ്വാസികള്‍ (കാഫിര്‍), കപടവിശ്വാസികള്‍ (മുനാഫിക്വ്) എന്നിവരാണ്. വിശ്വാസികളെ കുറിച്ച് നാല് സൂക്തങ്ങളും അവിശ്വാസികളെ കുറിച്ച് രണ്ട് സൂക്തങ്ങളും മാത്രം ഇറക്കിയപ്പോള്‍, കപടവിശ്വാസികളെ കുറിച്ച് പതിമൂന്ന് സൂക്തങ്ങളാണ് അല്‍ബക്വറയുടെ തുടക്കത്തില്‍ അല്ലാഹു ഇറക്കിയിരിക്കുന്നത്! ഇത് സൂചിപ്പിക്കുന്നത് മുനാഫിക്വുകളുടെ വര്‍ധനവ് കാരണം ഇസ്‌ലാമിന് (മുസ്‌ലിംകള്‍ക്ക്) അവരില്‍ നിന്ന് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉപദ്രവങ്ങളും വളരെ കൂടുതലായിരിക്കും എന്നും (അതുകൊണ്ട് അവരെ തിരിച്ചറിയുവാനുള്ള വിശേഷണങ്ങള്‍ മനസ്സിലാക്കണം) എന്നുമാകുന്നു! ഇസ്‌ലാമിനെതിരെ അവരിലൂടെ വരുന്ന തിന്മകള്‍ അസഹ്യമായതാണ്! കാരണം അവര്‍ സ്വയം പ്രകടിപ്പിക്കുന്നത് ഞങ്ങള്‍ (മുസ്‌ലിംകള്‍ ആണെന്നും) നിങ്ങളുടെ സഹായികളും ഗുണകാംക്ഷികളും ആണെന്നുമാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ അവര്‍ മുസ്‌ലിംകളുടെ ശത്രുക്കളാണ്! മുഴുവന്‍ മാര്‍ഗങ്ങളിലൂടെയും ഇസ്‌ലാമിന് എതിരെയുള്ള അവരുടെ ശത്രുതയെ നടപ്പിലാക്കുവാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു! ചില അജ്ഞരായ ആളുകള്‍ വിചാരിക്കുന്നത് ഇത് ഇസ്വ്‌ലാഹ് (നന്മ, മതം നന്നാക്കല്‍) ആണെന്നാണ്, എന്നാല്‍ അത് വളരെയധികം അപായസാധ്യത ഉള്ളതാകുന്നു!'' ('കപടവിശ്വാസികളുടെ വിശേഷണം' എന്ന ഇമാം ഇബ്‌നുല്‍ ക്വയ്യിമിന്റെ കൃതിയില്‍ നിന്നുള്ള ഉദ്ധരണി). 

വിശ്വാസപരമായ നിഫാക്വ് (കപടവിശ്വാസം) ആറ് തരമാണ്: 

1. മുഹമ്മദ് നബിﷺയെ (അഥവാ, ക്വുര്‍ആന്‍, ഹദീഥ്) കളവാക്കുക (തിരസ്‌കരിക്കുക). 

2. മുഹമ്മദ് നബിﷺ കൊണ്ടുവന്ന (ക്വുര്‍ആന്‍ സൂക്തങ്ങള്‍, ഹദീഥുകള്‍) ചിലതില്‍ അവിശ്വസിക്കുക (തിരസ്‌കരിക്കുക). 

3. മുഹമ്മദ് നബിﷺയോട് (നബിചര്യയോട്) വെറുപ്പ് (പക) വെക്കുക.

4. മുഹമ്മദ് നബിﷺ കൊണ്ടുവന്ന ചില വിധികള്‍ (ക്വുര്‍ആനിലെയും ഹദീഥിലെയും വിധിവിലക്കുകള്‍) വെറുക്കുക (അവയോട് വിദ്വേഷം വെക്കുക). 

5. മുഹമ്മദ് നബിﷺ കൊണ്ടുവന്ന ശരീഅത്തിന് (മതനിയമത്തിന്) വല്ല താഴ്ചയും വരികയാണെങ്കില്‍ (അഥവാ ആരെങ്കിലും ആ ശരീഅത്തിനെ താഴ്ത്തി പറഞ്ഞാല്‍) അതില്‍ സന്തോഷിക്കുക. 

6. ഇസ്‌ലാംമതത്തെ സഹായിക്കുന്നതിനെ വെറുക്കുക.

കര്‍മപരമായ കാപട്യം

ഹൃദയത്തില്‍ വിശ്വാസം (ഈമാന്‍) ഉണ്ടായിരിക്കെ കാപട്യത്തിന്റെ ചില കര്‍മങ്ങള്‍ പ്രവര്‍ത്തിക്കലാകുന്നു ഇത്. ഇതുകൊണ്ട് ഇസ്‌ലാമില്‍ നിന്ന് പുറത്തുപോകുകയില്ല എങ്കിലും, ഇസ്‌ലാമില്‍നിന്ന്  പുറത്തുപോകുന്നതിന്റെ മാര്‍ഗത്തിലേക്ക് എത്തിക്കുന്നതാകുന്നു ഇത്. ഇങ്ങനെയുള്ളവരില്‍ കുറച്ച് ഈമാനും കുറച്ച് നിഫാക്വും ഉണ്ടാകും. നിഫാക്വ് അധികരിക്കുകയാണെങ്കില്‍ വ്യക്തമായ മുനാഫിക്വ് (ഇസ്‌ലാമില്‍ നിന്ന് പുറത്തുപോയ കപടവിശ്വാസി) തന്നെ ആയി മാറുകയും ചെയ്യുന്നതാണ്! അതിനുള്ള തെളിവ് ഇതാണ്. പ്രവാചകന്‍ﷺ പറയുന്നു: 

''നാല് കാര്യങ്ങള്‍ ആരിലെങ്കിലുമുണ്ടായാല്‍ അവന്‍ വ്യക്തമായ മുനാഫിക്വാണ്. എന്നാല്‍ ആരിലെങ്കിലും (ഈ നാല് കാര്യങ്ങളില്‍ നിന്ന്) ഏതെങ്കിലുമൊരു കാര്യമുണ്ടായാല്‍ അവന്‍ ആ കാര്യം വെടിയുന്നത് വരെ കാപട്യത്തിന്റെ അംശം അവനില്‍ ഉണ്ടായിരിക്കും, അവ: (1) വിശ്വസിച്ചാല്‍ ചതിക്കും, (2) സംസാരിച്ചാല്‍ കളവ് പറയും, (3) കരാര്‍ ചെയ്താല്‍ ലംഘിക്കും, (4) തര്‍ക്കിച്ചാല്‍ (തെറ്റിയാല്‍) ദുഷിച്ചത് പറയും (ചെയ്യും)'' (ബുഖാരി: 34, മുസ്‌ലിം: 59).

മേല്‍പറയപ്പെട്ട നാല് കാര്യങ്ങള്‍ ആരിലാണോ ഒന്നിക്കുന്നത് അവനില്‍ കാപട്യത്തിന്റെ എല്ലാ വിശേഷണങ്ങളും ദുഷ്‌കൃത്യങ്ങളും ഒന്നിക്കുന്നു. ആരിലെങ്കിലും (ഈ നാല് കാര്യങ്ങളില്‍ നിന്ന്) ഏതെങ്കിലുമൊരു കാര്യമുണ്ടായാല്‍ അവനില്‍ നിഫാക്വിന്റെ ഒരു സ്വഭാവമുണ്ടാകും. ചിലപ്പോള്‍ ഒരാളില്‍ നന്മയുടെയും കുഫ്‌റിന്റെയും നിഫാക്വിന്റെയും (ദുഷ്‌കൃത്യങ്ങളുള്ള) സ്വഭാവവും ഉണ്ടായിരിക്കും. അങ്ങനെയാണെങ്കില്‍ അവനില്‍ സമ്മേളിച്ചിട്ടുള്ള ആ സ്വഭാവഗുണങ്ങളുടെ തോത് പ്രകാരം എന്താണോ അവന് അര്‍ഹിക്കുന്നത് അതിനുള്ള പ്രതിഫലവും ശിക്ഷയും അവന് ലഭിക്കുന്നതാണ്. 

പള്ളിയില്‍ നിര്‍വഹിക്കുന്ന ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാതെ അലസത കാണിക്കുന്നത് നിഫാക്വില്‍ പെട്ടതാണെന്ന് ഹദീഥില്‍ കാണാം. നിഫാക്വ് ഒരു തിന്മയും വളരെ അപകടം നിറഞ്ഞതുമാണ്. തങ്ങളില്‍ നിഫാക്വിന്റെ സ്വഭാവം വരുമോയെന്ന് സ്വഹാബികള്‍ പോലും ഭയപ്പെട്ടിരുന്നു! ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: 

ഇബ്‌നു അബീമുലൈക(റ) പറഞ്ഞു: ''എനിക്ക് മുപ്പത് സ്വഹാബിമാരെ കാണുവാന്‍ സാധിച്ചിട്ടുണ്ട്, അവരെല്ലാം തന്നെ നിഫാക്വിനെ ഭയപ്പെട്ടിരുന്നു.'' 

വലിയ നിഫാക്വും ചെറിയ നിഫാക്വും തമ്മിലുള്ള വ്യത്യാസങ്ങള്‍

1. വലിയ നിഫാക്വ് കാരണം ഇസ്‌ലാമില്‍(മില്ലത്തില്‍)നിന്ന് പുറത്തുപോകും; എന്നാല്‍ ചെറിയ നിഫാക്വ്കാരണം ഇസ്‌ലാമില്‍ നിന്ന് പുറത്തുപോകുകയില്ല. 

2. വലിയ നിഫാക്വ്  കാരണം ഉള്ളിലുള്ളതും (മനസ്സിലുള്ളതും) പുറത്തുള്ളതുമായ (പുറത്തുകാണിക്കുന്നതുമായ) വിശ്വാസത്തില്‍ പരസ്പരം വ്യത്യാസം വരുന്നതാണ്; എന്നാല്‍ ചെറിയ നിഫാക്വ് രഹസ്യത്തിലും പരസ്യത്തിലും കര്‍മങ്ങളില്‍ (മാത്രം) പരസ്പരം വ്യത്യാസം വരുന്നതാണ്, അത് വിശ്വാസത്തിലുണ്ടാവില്ല. 

3. വലിയ നിഫാക്വ് വിശ്വാസിയില്‍നിന്ന് ഉണ്ടാകുകയില്ല; എന്നാല്‍ ചെറിയ നിഫാക്വ് ഒരുപക്ഷേ (ഈമാന്‍ കുറയുമ്പോള്‍ മാത്രം) വിശ്വാസിയില്‍ നിന്നുണ്ടായേക്കാം. 

4. വലിയ നിഫാക്വുള്ളവര്‍ അധികവും പശ്ചാതപിക്കുകയില്ല. എന്നാല്‍ ചെറിയ നിഫാക്വുള്ളവര്‍ അല്ലാഹുവിനോട് പശ്ചാതപിച്ചേക്കാം. അപ്പോള്‍ അല്ലാഹു ആ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്‌തേക്കാം. 

വലിയ മുനാഫിക്വിനെക്കുറിച്ച് അല്ലാഹു പറയുന്നു:

''ബധിരരും ഊമകളും അന്ധന്മാരുമാകുന്നു അവര്‍. അതിനാല്‍ അവര്‍ (സത്യത്തിലേക്ക്, ഇസ്‌ലാമിലേക്ക്, തൗഹീദിലേക്ക്) തിരിച്ചുവരികയില്ല'' (ക്വുര്‍ആന്‍ 2:18). അതായത് ആന്തരികമായി (മനസ്സുകൊണ്ട്) ഇസ്‌ലാമിലേക്ക് തിരിച്ചുവരികയില്ല. 

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതീമിയ്യഃ പറഞ്ഞു: ''പ്രത്യക്ഷത്തില്‍ അവരുടെ പശ്ചാതാപം സ്വീകരിക്കപ്പെടുന്നതിനെ സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. കാരണം അവര്‍ എപ്പോഴും ഇസ്‌ലാം പ്രകടമാക്കുന്നു (വിശ്വാസിയായി ചമയുന്നു). അതുകൊണ്ട് യഥാര്‍ഥത്തില്‍ അവരുടെ അവസ്ഥ (മനസ്സുകൊണ്ട് പശ്ചാതപിച്ചിട്ടുണ്ടോ, ഇല്ലയോ) എന്താണെന്ന് വ്യക്തമാകുകയില്ല.''