മരണം അകലെയല്ല

ശരീഫ് കാര

2018 നവംബര്‍ 24 1440 റബിഉല്‍ അവ്വല്‍ 16

നിമിഷനേരം മതി മനുഷ്യന്റെ ആയിരമായിരം പ്രതീക്ഷകള്‍ തകര്‍ന്നടിയാന്‍, സന്തോഷത്തിന്റെ പൂത്തിരികള്‍ സന്താപത്തിന്റെ കണ്ണുനീരുകള്‍ക്ക് വഴിമാറാന്‍, കൂട്ടിക്കിഴിച്ച കണക്കുകളും മനസ്സില്‍ താലോലിച്ച സ്വപ്‌നങ്ങളും ഇല്ലാതാവാന്‍. 

ആവര്‍ത്തിച്ച് കേള്‍ക്കുന്ന മരണവാര്‍ത്തകള്‍ ഇത്തരം ചില ബോധ്യപ്പെടുത്തലുകള്‍ നമുക്കിടയില്‍ നടത്തുന്നുണ്ട്. റോഡപകടങ്ങളില്‍ ജീവനുകള്‍ പൊലിഞ്ഞതിന്റെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സ് വല്ലാതെ വേദനിക്കാറുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കിന് തീപിടിച്ച് ഇരുവരും വെന്തുമരിച്ചത്. മറ്റൊരു വാഹനത്തിടിച്ച ബൈക്ക് കത്തിയമരുകയായിരുന്നു. 

ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും ആഗ്രഹിച്ചവര്‍, കുടുംബ ജീവിതത്തിന്റെ നല്ലനാളുകള്‍ സ്വപ്‌നം കണ്ടവര്‍, എഴുതിയ പരീക്ഷയുടെ ഫലമറിയാന്‍ കാത്തിരിക്കുന്നവര്‍, മക്കളുടെ നല്ലൊരു ജീവിതം സ്വപ്‌നം കണ്ട് വിദേശത്തേക്ക് പുറപ്പെട്ടവര്‍, പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പുറപ്പെട്ടവര്‍...ഇങ്ങനെ പലരും ലക്ഷ്യസ്ഥാനത്തെത്തും മുമ്പ് ഈ ലോകത്തോട് യാത്രപറഞ്ഞതിന്റെ വേദനിപ്പിക്കുന്ന വാര്‍ത്തകള്‍ എത്ര നാം കേട്ടിരിക്കുന്നു!

ആഹ്ലാദങ്ങള്‍ക്കിടയില്‍ നിന്നുണ്ടാകുന്ന ഇത്തരം തിരിച്ചുപോക്കുകള്‍, സന്തോഷങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന വേദനയുടെ കണ്ണീര്‍ തുള്ളികള്‍ നമ്മുടെ മനസ്സിനെ ബോധ്യപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമുണ്ട്; ''അവന്‍ തന്നെയാണ് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നത്. അവന്‍ തന്നെയാണ് മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്യുന്നത്''(ക്വുര്‍ആന്‍ 53:43, 44).

ഇത്തരം അപകടങ്ങള്‍ നമുക്കിടയില്‍ ഉണ്ടാകുമ്പോള്‍ പ്രധാനമായും നാം ഓര്‍ക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, ഇത് ഇരകളായവര്‍ക്കും അവരുടെ കുടുംബത്തിനുമുള്ള പരീക്ഷണമാണ്. അല്ലാഹു നമ്മോട് പറയുന്നു: ''കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ ഞാന്‍ പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ക്ഷമാശീലര്‍) പറയുന്നത് ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്, അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും''(ക്വുര്‍ആന്‍ 2:155, 156).

 രണ്ട്, ഇത്തരം അപകടങ്ങള്‍ നമുക്ക് ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. അവയില്‍ ഏറ്റവും പ്രധാനം മനുഷ്യന് അവന്റെ ജീവിത ലക്ഷ്യം ബോധ്യപ്പെടുത്തിക്കൊടുക്കുന്നു എന്നതുതന്നെയാണ്. അമിതാഹ്ലാദങ്ങള്‍ക്കും അതിരുവിട്ട ജീവിതശൈലിക്കും അറുതിവരുത്തി, ലക്ഷ്യം തെറ്റിയ ജീവിത യാത്രയില്‍ നിന്നും ലക്ഷ്യത്തിലേക്ക് യാത്രചെയ്യാന്‍ ഇവ നമ്മെ പ്രേരിപ്പിക്കുന്നു.  

ക്വുര്‍ആന്‍ സൂചിപ്പിക്കുന്നത് കാണുക: ''ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരാപത്തും ബാധിക്കുകയുണ്ടായിട്ടില്ല. അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്തത്) നിങ്ങള്‍ക്ക് നഷ്ടപ്പെട്ടതിന്റെ പേരില്‍ നിങ്ങള്‍ ദുഃഖിക്കാതിരിക്കുവാനും നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ ആഹ്ലാദിക്കാതിരിക്കുവാനും വേണ്ടിയാണ് അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല'' (ക്വുര്‍ആന്‍ 57:22, 23). 

ആയതിനാല്‍ ഭൗതികതയില്‍ മതിമറന്ന് ജീവിക്കുന്നതിനു പകരം പരലോകത്തെ ഓര്‍ക്കാനും സ്രഷ്ടാവിലേക്ക് വിനയപ്പെട്ട് മടങ്ങാനും നമുക്ക് സാധിക്കേണ്ടതുണ്ട്.

ഈ സംഭവങ്ങള്‍ എല്ലാം സ്വയം വിചാരണക്കുള്ള സാഹചര്യങ്ങളാണ് നമുക്ക് മുന്നില്‍ ഒരുക്കിത്തരുന്നത്. നമ്മുടെയെല്ലാം മരണത്തിന്റെ ദിവസവും സമയവും സ്ഥലവും സാഹചര്യവും എല്ലാം അല്ലാഹു നേരത്തെ തീരുമാനിച്ചുവെച്ചതാണ്. അക്കാര്യത്തില്‍ റബ്ബിനെ പരാജയപ്പെടുത്താന്‍ ആര്‍ക്കും സാധ്യമല്ല: ''നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു, നാം ഒരിക്കലും തോല്‍പിക്കപ്പെടുകയില്ല''(ക്വുര്‍ആന്‍ 56:60). 

അത് എവിടെ, എപ്പോള്‍, എങ്ങനെ എന്നത് നമ്മുടെ ബുദ്ധികൊണ്ട് ചിന്തിച്ച് കണ്ടെത്താനോ ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഗവേഷണം നടത്തി നിഗമനത്തില്‍ എത്തിച്ചേരാനോ സാധ്യമല്ല.

അതുകൊണ്ട് തന്നെ, ഈ നിമിഷം മരണം സംഭവിച്ചാല്‍ എന്തായിരിക്കും നമ്മുടെ തുടര്‍ജീവിതത്തിന്റെ അവസ്ഥ, അതിനായി നമ്മള്‍ എന്ത് ചെയ്തു എന്നെല്ലാം സ്വന്തത്തോട് ചോദിക്കാന്‍ നമുക്ക് കഴിയണം. ശ്വാസം നിലയ്ക്കുന്ന നിമിഷം മുതല്‍ കര്‍മങ്ങള്‍ മാത്രമാണ് സഹയാത്രികന്‍ എന്നത്‌കൊണ്ട് തന്നെ പ്രവര്‍ത്തനമേഖലയെ പുനര്‍വിചിന്തനത്തിനു വിധേയമാക്കല്‍ വിശ്വാസിക്ക് അനിവാര്യമാണ്. വിശ്വാസത്തില്‍ പുഴുക്കുത്തേറ്റുവോ എന്നും ആത്മബന്ധങ്ങള്‍ക്കിടയില്‍ വിള്ളലുകള്‍ വീഴുന്നുണ്ടോ എന്നതും അന്വേഷിക്കല്‍ വിശ്വാസിയുടെ ബാധ്യതയാണ്. 

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളേക്കുവേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തുവെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു''(ക്വുര്‍ആന്‍ 59:18).

പശ്ചാത്തപിച്ച് മടങ്ങുവാനുള്ള പ്രേരണയും ഇത്തരം അപകടങ്ങള്‍ നമുക്ക് നല്‍കുന്നു. മനസ്സിന്റെ ചാപല്യത്താലും സാഹചര്യങ്ങളുടെ സമ്മര്‍ദത്താലും തെറ്റുകള്‍ സംഭവിക്കുക എന്നത് സ്വാഭാവികമാണ്. അതിനാല്‍ ചെയ്തുപോയ തെറ്റുകള്‍ സ്രഷ്ടാവിനോട് ഏറ്റ് പറഞ്ഞ് തൗബ ചെയ്യുക. മനസ്സും ശരീരവും കഴുകി വൃത്തിയാക്കുക. കാരണം നിനച്ചിരിക്കാത്ത നിമിഷങ്ങളില്‍ പ്രതീക്ഷിക്കാത്ത രൂപത്തില്‍ മരണം നമ്മെ തേടിയെത്തിയേക്കാം. മരണം തൊണ്ടക്കുഴിയില്‍ എത്തുന്നതിനുമുമ്പുള്ള പശ്ചാത്താപമാണ് അല്ലാഹു സ്വീകരിക്കുക എന്ന് പ്രവാചകന്‍ﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതിനാല്‍ എവിടെവെച്ച്, എപ്പോള്‍, എങ്ങനെ മരിക്കുന്നുവെങ്കിലും മുഅ്മിനായി മരിക്കാന്‍ നാം ആഗ്രഹിക്കുക, പരമാവധി പരിശ്രമിക്കുക. ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക.