പ്രവാചക വിയോഗം

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

2018 മെയ് 12 1439 ശഅബാന്‍ 26

(ഭാഗം: 2)

അസഹനീയ വേദന

അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദ്(റ) നിവേദനം: ''അല്ലാഹുവിന്റെ റസൂല്‍ﷺ അസഹനീയമായ വേദന സഹിക്കുന്ന സമയം ഞാന്‍ അവിടുത്തേക്ക് പ്രവേശിക്കുകയുണ്ടായി. ഞാനെന്റെ കൈ കൊണ്ട് അദ്ദേഹത്തെ തടവിക്കൊണ്ടിരുന്നു. ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, താങ്കള്‍ക്ക് അങ്ങേയറ്റത്തെ വേദനയുണ്ടല്ലേ?' അപ്പോള്‍ റസൂലുല്ലാഹ്ﷺ പറഞ്ഞു: 'അതെ, നിങ്ങളില്‍ രണ്ടാളുടെ വേദന ഞാന്‍ സഹിച്ച് കൊണ്ടിരിക്കുന്നു.' ഞാന്‍ പറഞ്ഞു: 'അതിന് താങ്കള്‍ക്ക് രണ്ടാളുടെ പ്രതിഫലവും ലഭിക്കുമല്ലോ.' അപ്പോള്‍ നബിﷺ പറഞ്ഞു: 'അതെ.' ശേഷം അവിടുന്ന് പറഞ്ഞു: 'ഒരു മുസ്‌ലിമിനും രോഗമെന്ന പരീക്ഷണം ബാധിക്കുകയില്ല, മരത്തില്‍ നിന്നും അതിന്റെ ഇലകള്‍ കൊഴിഞ്ഞ് വീഴുന്ന പോലെ അതിലൂടെ അവന്റെ പാപങ്ങള്‍ അല്ലാഹു മായ്ച്ച് കളയാതെ.'' 

ആഇശാ(റ) നിവേദനം: ''അവര്‍ പറയുന്നു: റസൂലുല്ലാഹ്ﷺ വഫാതാകുന്ന സമയം അവിടുന്ന് തന്റെയടുത്തുള്ള വെള്ളപ്പാത്രത്തില്‍ കൈകള്‍ പ്രവേശിപ്പിച്ച് തന്റെ മുഖം തടവുന്നതായി ഞാന്‍ കണ്ടു. അവിടുന്ന് ഇങ്ങനെ പറയുകയും ചെയ്തുകൊണ്ടിരുന്നു: അല്ലാഹുവേ, മരണവേദനയില്‍ നീയെന്നെ സഹായിക്കണമേ'' (അഹ്മദ്, തിര്‍മിദി, ഇബ്‌നുമാജ).

അനസ്(റ) നിവേദനം: ''നബിﷺക്ക് രോഗം കഠിനമായപ്പോള്‍ അദ്ദേഹത്തെ കൂട്ടിപ്പിടിച്ച് കൊണ്ട് ഫാത്വിമ പറയുകയുണ്ടായി: 'എന്റെ ഉപ്പാക്ക് എന്ത് പ്രയാസമാണ്.' അപ്പോള്‍ അവിടുന്ന് അവരോട് പറഞ്ഞു: 'ഈ ദിവസത്തിന് ശേഷം നിന്റെ ഉപ്പാക്ക് പ്രയാസമുണ്ടാവില്ല'' (ബുഖാരി) 

ഇബ്‌നു അബ്ബാസ്(റ) നിവേദനം: അദ്ദേഹം തന്റെ ഉമ്മയായ ഉമ്മുല്‍ഫദ്‌ലില്‍ നിന്നും: ''റസൂലുല്ലാഹ്ﷺ രോഗിയായ സന്ദര്‍ത്തില്‍ തന്റെ തലയില്‍ തുണികെട്ടിക്കൊണ്ട് ഞങ്ങളുടെ അടുത്ത് വരികയും മഗ്‌രിബ് നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തു. മുര്‍സലാത്ത് സൂറത്താണ് പാരായണം ചെയ്തത്. അവര്‍ പറയുന്നു: അവിടുന്ന് അതിന് ശേഷം അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വരെ നമസ്‌കരിച്ചിട്ടില്ല.'' 

ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി തന്റെ ഫത്ഹുല്‍ ബാരിയില്‍ പറയുന്നു: ''നബിﷺ രോഗ ബാധിതനായി എത്ര ദിവസമാണ് കഴിച്ചുകൂട്ടിയതെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഭൂരിപക്ഷത്തിന്റെ അഭിപ്രായം പതിമൂന്ന് ദിവസം എന്നാണ്. പത്ത് ദിവസം, തുടങ്ങി വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു'''(ഫത്ഹുല്‍ ബാരി).

 

അവസാന വസ്വിയ്യത്ത്

ആഇശ(റ) നിവേദനം: അവര്‍ പറയുന്നു: ''റസൂലുല്ലാഹ്ﷺ വഫാതായ രോഗശയ്യയില്‍ കിടന്ന് പറയുകയുണ്ടായി: 'ജൂത ക്രൈസ്തവരെ അല്ലാഹു ശപിച്ചിരിക്കുന്നു, അവര്‍ അവരുടെ പ്രവാചകന്മാരുടെ ക്വബ്‌റിടങ്ങള്‍ ആരാധനാലയങ്ങളാക്കിയിരിക്കുന്നു.' അവിടുത്തെ ക്വബ്‌റിടത്തെ ആരാധനാലയമാക്കുമെന്ന് ഭയപ്പെട്ടിരുന്നില്ലെങ്കില്‍ അത് ആളുകള്‍ക്ക് കാണുന്ന രൂപത്തില്‍ പ്രത്യക്ഷമാക്കുമായിരുന്നു''(ബുഖാരി, മുസ്‌ലിം) 

ഇബ്‌നു അബ്ബാസ്(റ) നിവേദനം: ''നബിﷺ വഫാതായ രോഗ ശയ്യയിലായിരിക്കെ തലയില്‍ കറുത്ത നിറമുള്ള ഒരു തുണിക്കഷ്ണം ബന്ധിച്ചുകൊണ്ട് വരികയും മിമ്പറില്‍ കയറി ഇരിക്കുകയും ചെയ്തു. അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്തതിന് ശേഷം അദ്ദേഹം പറഞ്ഞു: അതിന് ശേഷം, ജനങ്ങള്‍ അധികരിക്കുകയും അന്‍സ്വാരികള്‍ കുറഞ്ഞ് കൊണ്ടിരിക്കുകയും ചെയ്യുന്നു. അന്‍സ്വാരികള്‍ക്ക് ജനങ്ങളിലുള്ള സ്ഥാനം ഭക്ഷണത്തിലെ ഉപ്പ് പോലെയാണ്. അവരില്‍ ആരെങ്കിലും നിങ്ങളില്‍ രക്ഷാധികാരിയായാല്‍ അത് ചിലയാളുകള്‍ക്ക് ഉപദ്രവവും മറ്റു ചിലര്‍ക്ക് ഉപകാരപ്പെടുകയും ചെയ്യും. അവരുടെ നന്മകള്‍ സ്വീകരിക്കുകയും അവരുടെ തിന്മകള്‍ നിങ്ങള്‍ വെടിയുകയും ചെയ്യുക.'' (ബുഖാരി)

ഇബ്‌നു അബ്ബാസ്(റ) നിവേദനം: ''റസൂലുല്ലാഹ്ﷺ തന്റെ വീടിന്റെ വിരി മാറ്റി നോക്കി. ആ സമയം ജനങ്ങള്‍ അബൂബക്കറിന്റെ പിന്നില്‍ അണിയണിയായി നില്‍ക്കുകയാണ്. അപ്പോള്‍ അവിടുന്ന് പറഞ്ഞു: 'ഓ, ജനങ്ങളേ, പ്രവാചകത്വത്തിന്റെ സന്തോഷ വാര്‍ത്തയില്‍ നിന്ന് സ്വാലിഹായ സ്വപ്‌നമല്ലാതെ അവശേഷിക്കുന്നില്ല. അത് മുസ്‌ലിം കാണും അഥവാ മുസ്‌ലിം കാണിക്കപ്പെടും. അറിയുക, നിശ്ചയം സുജൂദിലോ, റുകൂഇലോ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നത് എനിക്ക് വിരോധിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ റകൂഇല്‍ നിങ്ങള്‍ ഉന്നതനും പ്രതാപവാനുമായ റബ്ബിനെ വാഴ്ത്തിപ്പറയുകയും, സുജൂദില്‍ നിങ്ങള്‍ പ്രാര്‍ഥനക്കായി നിങ്ങള്‍ പരിശ്രമിക്കുകയും ചെയ്യുക, സുജൂദിലെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കും''' (ബുഖാരി).

ഉമ്മുസലമ(റ) നിവേദനം: ''റസൂല്‍ﷺ വഫാതായ രോഗശയ്യയില്‍ കിടന്ന് കൊണ്ട് പറയുകയുണ്ടായി: 'നമസ്‌കാരം! നിങ്ങളുടെ വലതു കരം ഉടമപ്പെടുത്തിയവരും.'' ഇത് അവിടുന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ് കൊണ്ടിരുന്നു'' (ഇബ്‌നുമാജ).

ഇമാം സിന്‍ദി ഈ ഹദീഥിനെ വിശദീകരിച്ച് കൊണ്ട് പറയുന്നു: ''ഇവിടെ നമസ്‌കാരം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നമസ്‌കാരം നിങ്ങള്‍ കൃത്യമായി നിര്‍വഹിക്കുകയും അതിനുള്ള സ്ഥാനം നല്‍കുകയും അതിനെ അവഗണിക്കാതിരിക്കുകയും ചെയ്യുക എന്നാണ്. അതുപോലെ വലതുകരം ഉടമപ്പെടുത്തിയത് എന്നത്‌കൊണ്ടുള്ള വിവക്ഷ; സമ്പത്തില്‍ നിന്ന് സകാതും ധര്‍മവും നല്‍കുകയും അടിമകളെ പരിഗണിക്കുകയും അവരുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുകയും ചെയ്യുക എന്നാണ്'' (ഹാശിയതുസ്സിന്‍ദി അലാ ഇബ്‌നുമാജ). 

 

അവസാന ദിവസം

ഇബ്‌നു ശിഹാബ്(റ) നിവേദനം: അനസ്ബ്‌നുമാലിക്(റ) അറിയിക്കുകയുണ്ടായി: മുസ്‌ലിംകള്‍ സുബ്ഹി നമസ്‌കരിച്ചുകൊണ്ടിരിക്കുകയാണ്. നബിﷺയുടെ അവസ്ഥ അവര്‍ക്ക് പ്രയാസമുണ്ടാക്കി. അവിടുന്ന് ആഇശ(റ)യുടെ റൂമിന്റെ വിരി അല്‍പം വെളിവാക്കിക്കൊണ്ട് അവരെ നോക്കി. അവര്‍ സ്വഫ്ഫായി നില്‍ക്കുന്നു. അന്നേരം അവിടുന്ന് പുഞ്ചിരിക്കുകയും ചിരിക്കുകയും ചെയ്തു. അപ്പോള്‍ അബൂബക്കര്‍(റ) അവിടുന്ന് നമസ്‌കാരത്തിന് വരികയാണെന്ന് കരുതി സ്വഫ്ഫിലേക്ക് നില്‍ക്കാനായി തിരിഞ്ഞു. അനസ്(റ) പറയുന്നു: നബിയെ കണ്ട സന്തോഷത്താല്‍ നമസ്‌കാരത്തില്‍ കുഴപ്പമുണ്ടാകുമോയെന്ന് മുസ്‌ലിംകള്‍ വിചാരിക്കുകയുണ്ടായി. ആ സമയം അവിടുന്ന് നിങ്ങള്‍ നിങ്ങളുടെ നമസ്‌കാരം പൂര്‍ത്തിയാക്കൂ എന്ന് കൈകൊണ്ട് സൂചന നല്‍കുകയുണ്ടായി. അങ്ങനെ അദ്ദേഹം മുറിയില്‍ പ്രവേശിക്കുകയും വിരി താഴ്ത്തിയിടുകയും ചെയ്തു. ആ ദിവസത്തിന്റെ അവസാനത്തില്‍ അവിടുന്ന വഫാതാവുകയും ചെയ്തു.

ആഇശ(റ) പറയുന്നു: ''എനിക്ക് അല്ലാഹുവിന്റെ വലിയ ഒരു അനുഗ്രഹമായിരുന്നു നബിﷺ എന്റെ വീട്ടില്‍, എന്റെ ദിവസത്തില്‍ എന്റെ മാറിടത്തിനും മടിത്തട്ടിനിടക്കും കിടന്ന് കൊണ്ടാണ് വഫാത്തായത് എന്നത്; അതുപോലെ അവിടുത്തെ വഫാതിന് മുമ്പ് എന്റെയും അവിടുത്തെയും ഉമനീര്‍ ഒരുമിച്ചു കൂട്ടിയെന്നതും. എന്റെയടുത്ത് അബ്ദുര്‍റഹ്മാന്‍ പ്രവേശിച്ചു, കയ്യില്‍ ഒരു മിസ്‌വാകുമുണ്ടായിരുന്നു.  പ്രവാചകന്‍ എന്നില്‍ ചാരിക്കിടക്കെ ആ മിസ്‌വാക്കിലേക്ക് നോക്കി. അവിടുന്ന് മിസ്‌വാക്ക് ആഗ്രഹിക്കുന്നുവെന്നെനിക്ക് മനസ്സിലായി. ഞാന്‍ ചോദിച്ചു: 'അത് താങ്കള്‍ക്ക് ഞാന്‍ വാങ്ങിച്ച് തരട്ടെയോ?' അവിടുന്ന് ശിരസ്സ്‌കൊണ്ട് അതെയെന്ന് ആംഗ്യം കാണിച്ചു. ഞാനത് വാങ്ങിക്കൊടുത്തു. അത് പരുപരുത്തതായിരുന്നു. ഞാന്‍ ചോദിച്ചു: 'ഞാനത് ലോലമാക്കി തരട്ടെയോ?' അവിടുന്ന് ശിരസ്സ്‌കൊണ്ട്അതെയെന്ന് ആംഗ്യം കാണിച്ചു. ഞാനത് കടിച്ച് ലോലമാക്കിക്കൊടുത്തു. അവിടുന്ന് തന്റെയരികിലുള്ള പാത്രത്തിലെ വെള്ളത്തില്‍ കയ്യിട്ട് തന്റെ മുഖം തടവിക്കൊണ്ട് ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: 'അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ല. നിശ്ചയം മരണത്തിന് അസഹനീയമായ വേദനയുണ്ട്'. ശേഷം തന്റെ കൈകള്‍ ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു: 'ഉന്നതരായ കൂട്ടുകാരുടെ അടുത്തേക്ക്.' അങ്ങെന അവിടുന്ന് വഫാതാവുകയും കൈകള്‍ താഴുകയും ചെയ്തു'' (ബുഖാരി, മുസ്‌ലിം).

അനസ്ബ്‌നുമാലിക്(റ) നിവേദനം: ''നബിﷺക്ക് മരണത്തിന് മുമ്പ് വഹ്‌യ് ഇറങ്ങിക്കൊണ്ടിരുന്നു. വഫാതായ ദിനമായിരുന്നു അധികമായി വഹ്‌യ് ഇറങ്ങിയത്'' (ബുഖാരി, മുസ്‌ലിം).

ആഇശ(റ) നിവേദനം: ''റസൂല്‍ﷺ എന്റെ നെഞ്ചിലേക്ക് ചാരിയിരുന്ന് ഇങ്ങനെ പറയുന്നതായി ഞാന്‍ ചെവി അടുത്ത് വെച്ചപ്പോള്‍ കേട്ടു: 'അല്ലാഹുവേ, എനിക്ക് നീ പൊറുത്ത് തരേണമേ, എന്നോട് കരുണ കാണിക്കുകയും കൂട്ടുകാരോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ'' (ബുഖാരി, മുസ്‌ലിം).  

ആഇശ(റ) നിവേദനം: ''അവിടുന്ന് വഫാതിന്റെ തൊട്ട് മുമ്പ് എന്റെ മടിയില്‍ തലവെച്ച് കിടക്കുമ്പോള്‍ ബോധക്ഷയമുണ്ടായി, ശേഷം ബോധം തിരിച്ച് വരുകയും വീടിന്റെ മേല്‍ക്കൂരയുടെ ഭാഗത്തേക്ക് നോക്കുകയും ചെയ്തുകൊണ്ട് പറഞ്ഞു: 'ഉന്നതരായ കൂട്ടുകാരുടെ അടുത്തേക്ക്.' അവിടുന്ന് അവസാനമായി സംസാരിച്ചത് 'ഉന്നതരായ കൂട്ടുകാരുടെ അടുത്തേക്ക്' എന്നായിരുന്നു'' (ബുഖാരി, മുസ്‌ലിം).  

ആഇശ(റ) നിവേദനം: നബിﷺ തന്റെ അറുപത്തി മൂന്നാമത്തെ വയസ്സിലാണ് വഫാതായത്' (ബുഖാരി, മുസ്‌ലിം).

നബിﷺയെയും അവിടുന്ന് കൊണ്ടുവന്ന ആദര്‍ശത്തെയും സ്വന്തത്തെക്കാളും സ്‌നേഹിച്ച അനുചരന്മാര്‍ക്ക് പ്രവാചകന്റെ മരണം അങ്ങേയറ്റം സങ്കമുണ്ടാക്കി. ചിലര്‍ക്കത് ഉള്‍കൊള്ളാന്‍ പോലും സാധിച്ചില്ല. 

ഇമാം ഇബ്‌നുറജബ് പറയുന്നു:''നബിﷺ വഫാതായപ്പോള്‍ മുസ്‌ലിംകളാകെ ആശയക്കുഴപ്പത്തിലായി. അവരില്‍ ചിലര്‍ അവിടുന്ന് മണപ്പെട്ടോ ഇല്ലയോ എന്ന കാര്യത്തില്‍ സംശയിത്തിലായി. ചിലര്‍ അത് കേട്ടമാത്രയില്‍ ഇരുന്ന് പോയി; അവര്‍ക്ക് എഴുന്നേല്‍ക്കാനായില്ല!! ചിലര്‍ക്ക് സംസാരിക്കാന്‍ കഴിയാതെ നാവ് നിശ്ചലമായി. ചിലര്‍ നബിﷺ ഒരിക്കലും മരിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയുണ്ടായി''' (ലതാഇഫുല്‍ മആരിഫ്)

ആഇശ(റ) നിവേദനം: റസൂല്‍ﷺ വഫാതായ സന്ദര്‍ഭത്തില്‍ അബൂബക്കര്‍ 'സുന്‍ഹിലായിരുന്നു. ഉമര്‍(റ) എഴുന്നേറ്റ് നിന്ന് പറയുകയുണ്ടായി: 'അല്ലാഹു സത്യം! റസൂലുല്ലാഹ്ﷺ വഫാതായിട്ടില്ല.' ആഇശ(റ) പറഞ്ഞു: 'എന്റെ മനസ്സില്‍ അതല്ലാതെ മറ്റൊന്നും ആ സമയത്ത് ഉണ്ടായില്ല.' ഉമര്‍(റ) പറഞ്ഞു:'അല്ലാഹു അദ്ദേഹത്തെ വീണ്ടും നിയോഗിക്കും, വഫാതായിയെന്ന് പറയുന്നവരുടെ കൈകാലുകള്‍ ഞാന്‍ മുറിക്കും.' അപ്പോഴാണ് അബൂബക്കര്‍(റ)വന്നതും പ്രവാചന്റെ ശരീരത്തിലുള്ള വസ്ത്ര അല്‍പം മാറ്റി തിരുദൂതരെ ചുംബിച്ചതും. ശേഷം അദ്ദേഹം പറഞ്ഞു: 'എന്റെ മാതാപിതാക്കളെ അങ്ങേക്ക് വേണ്ടി സമര്‍പിക്കുന്നു. താങ്കള്‍ ജീവിച്ചാലും വഫാതായാലും നല്ലത് തന്നെ. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം! അല്ലാഹു ഒരിക്കലും താങ്കള്‍ക്ക് രണ്ട് മരണം നല്‍കുകയില്ല.' ശേഷം അവിടെ നിന്നിറങ്ങിക്കൊണ്ട് പറഞ്ഞു: 'ഓ, സത്യം ചെയ്ത് പറയുന്നവനേ, സമാധാനമായിരിക്കൂ.' അങ്ങനെ അബൂബക്കര്‍(റ) സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഉമര്‍(റ) ശാന്തമായി. അബൂബക്കര്‍(റ) അല്ലാഹുവിനെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്തുകൊണ്ട് പറഞ്ഞു: 'അറിയുക, ആരെങ്കിലും മുഹമ്മദ് നബിﷺയെ ആരാധിക്കുന്നുവെങ്കില്‍ നിശ്ചയം മുഹമ്മദ്ﷺ വഫാതായിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെ ആരാധിക്കുന്നുവെങ്കില്‍ നിശ്ചയം അവന്‍ ഒരിക്കലും മരിക്കുകയില്ല.' ശേഷം അദ്ദേഹം (ഈ ക്വുര്‍ആന്‍ വചനങ്ങള്‍) പാരായണം ചെയ്തു: 'തീര്‍ച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു' (സുമര്‍: 30).''മുഹമ്മദ് അല്ലാഹുവിന്റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്'' (ആലു ഇംറാന്‍: 144)'' (ബുഖാരി)

അനസ്(റ) നിവേദനം: റസൂലുല്ലാഹ്ﷺ വഫാതായപ്പോള്‍ ഫാത്വിമ(റ) കരഞ്ഞു: 'എന്റെ ഉപ്പാ, ജിബ്‌രീല്‍ മരണ വാര്‍ത്തയറിയിക്കുന്നു. എന്റെ ഉപ്പാ, ജന്നത്തുല്‍ ഫിര്‍ദൗസ് ആണ് സങ്കേതം''(നസാഈ).

ആഇശ(റ) നിവേദനം: നബിﷺയുടെ വഫാതിന് ശേഷം അബൂബക്കര്‍(റ) വരുകയും പ്രവാചകന്റെ രണ്ടു കണ്ണുകള്‍ക്കിടയില്‍ തന്റെ ചുണ്ടുകള്‍ വെക്കുകയും രണ്ട് ചെവികള്‍ക്കിടയില്‍ കൈകള്‍ വെക്കുകയും ചെയ്ത് (ഇങ്ങനെ) പറയുകയുണ്ടായി: 'എന്റെ പ്രവാചകരേ, എന്റെ ഉറ്റ ചങ്ങാതീ, എന്റെ ആത്മ മിത്രമേ'' (അഹ്മദ്).

അനസ്(റ) പറയുന്നു: ''നബിﷺയും അബൂബക്കറും മദീനയിലേക്ക് പ്രവേശിച്ച ദിവസത്തെക്കാള്‍ നല്ലതും പ്രകാശപൂരിതവുമായ ഒരു ദിനവും ഞാന്‍ കണ്ടിട്ടില്ല. അതുപോലെ നബിﷺ വഫാതായ ദിവസം പോലെ ഇരുട്ടുള്ളതും സങ്കടകരവുമായ ദിവസം ഞാന്‍ കണ്ടിട്ടില്ല'' (അഹ്മദ്).

നബിﷺ തിങ്കളാഴ്ച ദിവസം ദുഹാ സമയം വഫാതാവുകയും സ്വഹാബികള്‍ പ്രവാചകന്‍ ധരിച്ചിരുന്ന വസ്ത്രം അഴിക്കാതെ കുളിപ്പിക്കുകയും മൂന്ന് വെള്ള വസ്ത്രത്തില്‍ കഫന്‍ ചെയ്യുകയും ചെയ്തു. അതില്‍ കുപ്പായവും തലപ്പാവും ഉണ്ടായിരുന്നില്ല. ബുധന്‍ രാത്രിയാണ് മറമാടിയത്. സ്വഹാബിമാര്‍ ചെറു സംഘമായിട്ടും ഒറ്റക്കുമാണ് നബിﷺയുടെ ജനാസ നമസ്‌കാരം നിര്‍വഹിച്ചത്. അങ്ങനെ പ്രവാചകനെ എവിടെ മറമാടണമെന്ന സുദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷം പ്രവാചകന്മാര്‍ എവിടെയാണോ മരണപ്പെട്ടത് അവിടെത്തന്നെ മറമാടണമെന്ന പ്രവാചക വചനത്തിന്റെ അടിസ്ഥാനത്തില്‍ ആഇശ(റ)യുടെ വീട്ടില്‍ ലഹ്ദ് (അറേബ്യന്‍ നാടുകളില്‍ കാണുന്ന ക്വബ്ര്‍) ഉണ്ടാക്കി അതില്‍ മറമാടി. (അവലംബം)