ദുരഭിമാനക്കൊലയുടെ കേരളീയ വൃത്താന്തം

ഡോ. ജസ്‌റത്തുന്നിസ

2018 ശവ്വാല്‍ 02 1439 ജൂണ്‍ 16

ജാതീയതയുടെ ഓരം ചേര്‍ന്നുള്ള ദുരഭിമാനക്കൊല കേരളക്കരക്ക് അത്ര പരിചിതമല്ല. ഇന്ത്യാചരിത്രവും ലോകചരിത്രവും ജാതിവിവേചന വെറിയുടെ ദുരന്തങ്ങള്‍ എത്രയോ വരച്ചുകാണിച്ചിട്ടുണ്ട്. എന്നാല്‍ മതമേതായാലും മനുഷ്യന്റെ രക്തമാംസാദികള്‍ ഒരേ തരമാണെന്നും മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പിക്കണമെന്നും പരസ്പര ബഹുമാനത്തില്‍ കഴിയണമെന്നും ശബ്ദമുയര്‍ത്തിയ ഒരുപാട് സാംസ്‌കാരിക നവോത്ഥാന നായകന്മാര്‍ ഇവിടെ കഴിഞ്ഞുപോയിട്ടുണ്ട്.

ഹിന്ദുമതത്തിലെ ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ അവര്‍ണര്‍ക്ക് കല്‍പിച്ചിരുന്ന അധമസ്ഥാനം കേരളത്തില്‍ നിന്ന് ഒരു പരിധിവരെ തുടച്ചുനീക്കപ്പെട്ടിട്ടുണ്ട്. ക്ഷേത്രപ്രവേശന വിളംബരം, വില്ലുവണ്ടി സമരം, നിവര്‍ത്തന പ്രക്ഷോഭം തുടങ്ങിയ പലതും ചരിത്രത്തിലെ നാഴികക്കല്ലുകളായി സ്മരിക്കപ്പെടുന്നു.

ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വെറുപ്പും വിദ്വേഷവും കൊലയും കൊള്ളിവെപ്പുമൊക്കെ ഇപ്പോഴും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീര്യം ചോര്‍ന്നുപോകാതെ നിലനില്‍ക്കുന്നു എന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. ഉയര്‍ന്ന ജാതിക്കാര്‍ പോകുന്ന വഴിയോരത്ത് കാലിന്‍മേല്‍ കാലുകയറ്റിവച്ചിരുന്നതിന്റെ പേരില്‍ ഏതാനും ദിവസം മുമ്പാണ് തമിഴ്‌നാട്ടില്‍ മൂന്ന് താഴ്ന്ന ജാതിക്കാരെ വെട്ടിക്കൊന്നത്.    

കേരളത്തിലും ഈയിടെയായി ജാതീയചിന്തയുടെ പുകപടലങ്ങള്‍ ഉയര്‍ന്നുതുടങ്ങിയതായി ചില സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കോട്ടയത്തുള്ള യുവാവിന്റെ കൊലപാതകം. സമ്പത്ത്, മതം, ജാതി എന്നീ ഘടകങ്ങളെല്ലാം അതിനു പിന്നിലുണ്ട് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. 

മാതാവിന്റെയും പിതാവിന്റെയും സമ്മതത്തോടെ അവര്‍ക്കും കൂടി സ്വീകാര്യനായ വ്യക്തിയെ ഇണയായി സ്വീകരിക്കുക എന്നതിലെ  ശരിയും തെറ്റും അതിലെ മതാധ്യാപനങ്ങളും നിലപാടും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. മാതാപിതാക്കള്‍ക്ക് ഇഷ്ടമില്ലാത്ത ഇണയെ (ആ ഇഷ്ടക്കേിന്റെ കാരണം എന്തുമാകട്ടെ) മകള്‍ തിരഞ്ഞെടുത്തപ്പോള്‍ അവളുടെ കുടുംബത്തിന്റെ അപക്വവും അക്രമാസക്തവുമായ ഇടപെടലാണ് കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുന്നത്. 

രക്ഷിതാക്കളുടെ വിയോജിപ്പു നിലനില്‍ക്കുമ്പോള്‍ തന്റെ ഇന്ത്യന്‍ ഭരണഘടന പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും വിവാഹം കഴിക്കാനും ഒരുമിച്ച് ജീവിക്കാനും അനുവാദം നല്‍കുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കാം അവര്‍ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചത്.

മാതാപിതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ച് ഇഷ്ടപ്പെട്ടവന്റെ/ ഇഷ്ടപ്പെട്ടവളുടെ കൂടെ ജീവിക്കുവാന്‍ തീരുമാനിച്ച ആദ്യത്തെ സംഭവമൊന്നുമല്ല ഇത്. അടുത്തിടെ ഒരു സഹോദരി മതം മാറുകയും ആ മതത്തില്‍ നിന്ന് അനുയോജ്യനായ വരനെ തെരഞ്ഞെടുക്കുകയും ചെയ്തതിന്റെ പേരിലുണ്ടായ കോലാഹലങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. മനുഷ്യാവകാശ ധ്വംസനങ്ങളും ഒച്ചപ്പാടുകളും ഉണ്ടായി എന്നല്ലാതെ ഹീനമായ  ദുരഭിമാനക്കൊലയിലേക്ക് ഇതൊന്നും എത്തിയിട്ടില്ല. ഭരണഘടന നിശ്ചയിച്ചപ്രകാരം 18ഉം 21ഉം വയസ്സ് തികയാത്ത ആണ്‍കുട്ടിയും പെണ്‍കുട്ടിയും വിവാഹപൂര്‍വ ദാമ്പത്യജീവിതം നയിക്കുന്നതിനെതിരെ രക്ഷിതാക്കള്‍ നിയമയുദ്ധം നടത്തിയപ്പോള്‍ പരസ്പര സമ്മതത്തോടെ വിവാഹപ്രായമെത്തുന്നതുവരെ ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാമെന്ന് ബഹു. കേരളഹൈക്കോടതി ഏതാനും ദിവസം മുമ്പ് നടത്തിയ വിധിപ്രസ്താവന ഇവിടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെയൊരു ജീവിതം ഇസ്‌ലാം അനുവദിക്കുന്നില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

രാഷ്ട്രീയവും ജാതീയതയും വംശവെറിയും മറ്റുമെല്ലാം മനുഷ്യമനസ്സുകളില്‍ വിടവുകള്‍ സൃഷ്ടിക്കുകയും പരസ്പര സ്‌നേഹത്തിന്റെ കണികകളെ ഇല്ലായ്മ ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നത് ആശങ്കാജനകമാണ്. പാര്‍ട്ടിക്കാര്‍ എതിര്‍ചേരിയിലുള്ളവനെ വെട്ടിക്കൊല്ലുന്നത് നമ്മുടെ നാട്ടില്‍ പുത്തരിയല്ല. എന്നാള്‍ മകള്‍ തിരഞ്ഞെടുത്ത ഭര്‍ത്താവ് ധനികനല്ലാത്തതിനാല്‍, അല്ലെങ്കില്‍ അന്യ ജാതിയിലും മതത്തിലും പെട്ട വ്യക്തിയായതിനാല്‍ അയാളെ ക്വട്ടേഷന്‍ സംഘത്തെക്കൊണ്ട് ഇല്ലായ്മ ചെയ്യുന്നത് അത്ര പരിചിതമല്ല. ഈ വര്‍ഷം തന്നെ, അരീക്കോടിനടുത്ത് സമാന കാരണത്താല്‍ പ്രകോപിതനായ പിതാവ് മകളെ കൊലപ്പെടുത്തിയത് വിസ്മരിക്കുന്നില്ല. 

അന്യായമായി ഒരാളെ കൊല ചെയ്താല്‍ അത് മുഴുവന്‍ ജനങ്ങളെയും കൊന്ന പോലെയാണെന്ന് വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. ഒരു കൊലയുടെ പേരില്‍ ഉണ്ടാകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കൊലക്കു ശേഷമേ നമ്മള്‍ ഉള്‍ക്കൊള്ളൂ.

മാതാപിതാക്കള്‍ക്കോ, മറ്റുള്ളവര്‍ക്കോ പ്രകോപനത്തിന്റെയും അഭിപ്രായവ്യത്യാസത്തിന്റെയും പേരില്‍ കൊലനടത്താന്‍ ഇന്ത്യന്‍ഭരണഘടന അനുവാദം നല്‍കിയിട്ടില്ല. 

കോട്ടയത്തെ ദുരഭിമാനക്കൊലക്ക് പെണ്‍കുട്ടിയുടെ ബന്ധുക്കളെ പ്രേരിപ്പിച്ചത് വരന്റെ താഴ്ന്ന ജാതിയും കുറഞ്ഞ സാമ്പത്തിക ശേഷിയുമാണ് എന്നാണ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. ജാതിപ്പട്ടികയില്‍ ഏറ്റവും താഴ്ന്ന സ്റ്റാറ്റസ് നല്‍കപ്പെട്ട, ഒരു ചൂഷിതവിഭാഗമാണ് ദളിതുകള്‍. ഇവര്‍ തൊട്ടുകൂടാന്‍ പറ്റാത്തവരായി തരംതാഴ്ത്തപ്പെട്ടു. അഥവാ സവര്‍ണര്‍ അങ്ങനെ നിശ്ചയിച്ചു. 

യുവാവിനെ തട്ടിക്കൊണ്ടു പോയതിനുശേഷം താമസിയാതെ പരാതിയുമായി പെണ്‍കുട്ടിയും കെവിന്റെ അച്ഛനും പോലീസില്‍ പരാതികൊടുത്തെങ്കിലും കാലവിളംബം വരുത്തിക്കൊണ്ട് അധികാരികള്‍ കാണിച്ച വീഴ്ച സമൂഹത്തില്‍ വിശദമായി ചൂടോടെ ചര്‍ച്ചചെയ്യപ്പെട്ടുകഴിഞ്ഞു. അധികൃതരുടെ പരസ്പരമുള്ള  പഴിചാരലുകള്‍ കേള്‍ക്കാനായിരുന്നു നമ്മുടെ വിധി. കൈക്കൂലി പ്രശ്‌നവും പൊങ്ങിവന്നു.  

പെണ്‍കുട്ടിയെ രണ്ടുകൈയും നീട്ടി സ്വീകരിച്ച് സമാധാനിപ്പിക്കാനും അഭയം നല്‍കാനും കെവിന്റെ അച്ഛന്‍ തയ്യാറായി. മകനെ നഷ്ടമാകാന്‍ കാരണം നീയാണെന്ന് പറഞ്ഞ് അവളെ ആട്ടിയോടിച്ചില്ല. മകന്റെ ജീവഹാനിക്ക് മൂലകാരണം അവളാണെന്ന് പറഞ്ഞ് അവളെ നിഷ്‌കാസനം ചെയ്യാന്‍ മറ്റൊരു സംഘത്തിനെ ക്വട്ടേഷന്‍ ഏല്‍പിച്ചില്ല. മനുഷ്യമനസ്സുകളുടെ വ്യാപാരത്തിലെ അന്തരങ്ങള്‍! 

മനുഷ്യന്‍ നിയമം കയ്യിലെടുക്കുകയും പ്രതിക്രിയകള്‍ ചെയ്യുകയും ചെയ്യുമ്പോള്‍ ആരുടെയും അഭിമാനം ഉയരുന്നില്ല; ഉള്ള അഭിമാനം നഷ്ടമാവുകയും ചെയ്യും. അഭിമാനം കാക്കാന്‍ ശ്രമിച്ചവര്‍ ജയിലിലായി. കൊലയാളി കുടുംബം എന്ന പേര് ലഭിച്ചത് അഭിമാനകരമാണോ? ലോകത്തിനു മുന്നില്‍ വെറുക്കപ്പെട്ടവരായി മാറിയത് അഭിമാനം ഉയര്‍ത്തിയോ?

കൊല്ലുംകൊലയും നിര്‍ഭയമായി നടത്താവുന്ന ഒരു സംസ്ഥാനമായി കേരളം അധഃപതിക്കരുത്. ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വിളയാടാനുള്ള സ്വാതന്ത്ര്യം നല്‍കരുത്. ജനങ്ങള്‍ തിരഞ്ഞെടുത്ത് വിട്ട ഭരണകൂടവും ജനാധിപത്യത്തിന്റെ കാവലായ നീതിപീഠവും നിയമപാലകരായ പൊലീസും എല്ലാവര്‍ക്കും നീതി ഉറപ്പാക്കേണ്ടതുണ്ട്.