മുറിഞ്ഞുപോകാത്ത പ്രതിഫലം

എസ്.എ ഐദീദ് തങ്ങള്‍

2018 ആഗസ്ത് 25 1439 ദുല്‍ഹിജ്ജ 13

ജനങ്ങളെ സത്യപാതയില്‍േക്ക് ക്ഷണിക്കല്‍ മഹത്തായ കര്‍മമായാണ് ഇസ്‌ലാം  പരിഗണിക്കുന്നത്. അതിന്റെ പുണ്യത്തിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ പ്രവാചകതിരുമേനിﷺയുടെ ഈ വചനങ്ങള്‍ മതിയാകുന്നതാണ്. നബിﷺ അലി(റ)വിനോട് പറഞ്ഞു: ''അല്ലാഹു തന്നെയാണ് സത്യം! നീ കാരണത്താല്‍ ഒരാള്‍ക്ക് അല്ലാഹുസന്‍മാര്‍ഗം നല്‍കിയാല്‍ അതാണ് നിനക്ക് ഒരു ചുവന്ന ഒട്ടകം ഉണ്ടായിരിക്കുന്നതിനെക്കാളും ഉത്തമമായത്'' (ബുഖാരി). 

'ഇഹലോകത്തെക്കാളും അതിലുള്ളതിനെക്കാളും ഉത്തമമാണ്' എന്നും 'ആരെങ്കിലും ഒരുനന്മ അറിയിച്ചു കൊടുത്താല്‍ അത് ചെയ്യുന്നവന് ലഭിക്കുന്നത് പോലുള്ള പ്രതിഫലം അവനും ലഭിക്കും' എന്നുമൊക്കെ നബിﷺ സത്യത്തിന്റെ വെളിച്ചം പകര്‍ന്നുകൊടുക്കുന്നതിനെ വിശേഷിപ്പിച്ചത് കാണാം. വാമൊഴിയായും വരമൊഴിയായുമെല്ലാം ഈ ദൗത്യം നിര്‍വഹിക്കാവുന്നതാണ്. മരണാനന്തരം മുറിഞ്ഞു പോകാത്ത പ്രതിഫലമാണ് ഇത്തരം ഉപകാരപ്പെടുന്ന വിജ്ഞാനം പകര്‍ന്നു നല്‍കുന്നവര്‍ക്ക് ലഭിക്കാനിരിക്കുന്നത് എന്ന സന്തോഷവാര്‍ത്ത പ്രവാചകന്‍ﷺ നല്‍കിയിട്ടുണ്ട്. 

''അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്നമറ്റാരുണ്ട്?'' (ക്വുര്‍ആന്‍ 41:33). അല്ലാഹുവിന് ഇഷ്ടപ്പെട്ട ഏറ്റവും വിശിഷ്ഠമായ വാക്കും പ്രവൃത്തിയും സത്യപ്രബോധനമാണെന്ന് ഈ വചനം അറിയിക്കുന്നു. 

പ്രവാചകന്മാര്‍ അഖിലവും നിര്‍വഹിച്ച ഈ ഉല്‍കൃഷ്ഠ കര്‍മം അത്യധികം പുണ്യം നേടിത്തരുന്ന ഒരുസല്‍കര്‍മമാണെന്ന കാര്യത്തിലും എതിരഭിപ്രായമില്ല.

അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: ''ആരെങ്കിലും സന്മാര്‍ഗത്തിലേക്ക് (ജനങ്ങളെ) ക്ഷണിച്ചാല്‍ അതിനെ പിന്തുടരുന്നവരുടെ പ്രതിഫലം അവനുണ്ടാകും. അവരുടെ പ്രതിഫലത്തില്‍ നിന്നും ഒട്ടും കുറയാതെതന്നെ'' (മുസ്‌ലിം). 

സത്യസന്ദേശവാഹകരായ പ്രബോധകര്‍ക്ക് വേണ്ടി അല്ലാഹുവിന്റെ പ്രവാചകന്റെ പ്രാര്‍ഥന കാണുക: 'എന്റെ സംസാരത്തെ കേള്‍ക്കുകയും അത് ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്നവനെ അല്ലാഹു പ്രകാശിപ്പിക്കുമാറാവട്ടെ' (ഇബ്‌നു മാജ).

 പ്രവാചകന്‍ﷺ  തന്റെ മരണം  വരെ പ്രബോധനം നിറുത്തിവെക്കുകയോ, അതിന്റെ ഗൗരവം കുറച്ചു കാണുകയോ, ജനങ്ങളുമായി സൗഹൃദം പങ്ക്‌വെച്ച് അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രം ആദ്യം പറഞ്ഞ് സാവധാനത്തില്‍ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിച്ചാല്‍ മതി എന്ന് തീരുമാനിക്കുകയോ ചെയ്തിട്ടില്ല.

സ്വയം നന്നായി ഒറ്റക്ക് സ്വര്‍ഗത്തില്‍ പോവുക എന്നതല്ല, സ്വയം അതിന് അര്‍ഹതനേടുകയും ശേഷംമറ്റുള്ളവരെക്കൂടി സ്വര്‍ഗത്തിന്റെ അവകാശികളാകാന്‍ ശ്രമിക്കുകയും ചെയ്യുക എന്നതാണ് ഒരു പ്രബോധകന്റെ ലക്ഷ്യം. 

''സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്'' (ക്വുര്‍ആന്‍ 9:71). 

നബിﷺ പറഞ്ഞു: ''അല്ലാഹുവാണെ! നിങ്ങള്‍ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യണം. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ശിക്ഷയുണ്ടാകും. പിന്നെ നിങ്ങള്‍ പ്രാര്‍ഥിച്ചാല്‍ അത് സ്വീകരിക്കപ്പെടുകയില്ല'' (തുര്‍മുദി). 

'ധര്‍മനിഷ്ഠപാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കേണമേ' എന്ന് പ്രാര്‍ഥിക്കുന്നവരാണ് പരമകാരുണികന്റെ യഥാര്‍ഥ ദാസന്മാര്‍ എന്നാണ് (ക്വുര്‍ആന്‍ 25:74) അല്ലാഹു നമ്മെ അറിയിക്കുന്നത്. അത് കൊണ്ട് തന്നെ തന്റെ സ്വകാര്യജീവിതത്തിന്റെ പരിശുദ്ധിയിലും സുതാര്യതയിലും അങ്ങേയറ്റം ജാഗ്രത പാലിക്കാന്‍ മതപ്രബോധകന്‍ ബാധ്യസ്ഥനാണ്. ഇസ്‌ലാമിക പ്രബോധകരുടെ സ്വകാര്യജീവിതം ഏവര്‍ക്കും വായിക്കാവുന്ന ഒരു തുറന്ന പുസ്തകമായിരിക്കണം. അവിടെ കറുത്ത ഒരുപുള്ളിപോലും വീഴാന്‍ അനുവദിക്കരുത്. രഹസ്യജീവിതം നന്നായിത്തീരാന്‍ പടച്ചവനോട് തേടിക്കൊണ്ടിരിക്കുക. നാഥന്‍ തന്നെ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന ബോധം സദാനേരവും പ്രബോധകനിലുണ്ടാവണം. മറ്റുള്ളവരില്‍ നാം തെറ്റും മോശവുമായി കാണുന്ന കാര്യങ്ങള്‍ നമ്മിലുണ്ടോ എന്ന് ആത്മവിചാരണ ചെയ്തുകൊണ്ടിരിക്കണം.

സ്വന്തം ഭാര്യ, മാതാപിതാക്കള്‍, മക്കള്‍, മറ്റു കുടുംബാദികള്‍ എന്നിവരൊക്കെ ബിദ്അത്തിലും അനാചാരങ്ങളിലുമായി ജീവിതം നയിക്കുമ്പോള്‍ അത് കണ്ടില്ലെന്ന് നടിച്ച്‌കൊണ്ടും അവരെയൊക്കെ അവഗണിച്ച്‌കൊണ്ടും അന്യനാടുകളിലുള്ള, തനിക്കജ്ഞാതരായവരെയൊക്കെ നേര്‍വഴിയിലാക്കാന്‍ നടക്കുന്നത് വിരോധാഭാസമെന്നേ പറയാന്‍ പറ്റു. ആദ്യം സ്വയം നന്നാവുക. എന്നിട്ട് തൊട്ടടുത്ത കുടുംബങ്ങളെ നന്നാക്കിയെടുക്കുവാന്‍ ശ്രമിക്കുക. 'താന്‍ ആദ്യം തന്റെ മക്കളെയും ഭാര്യയെയും നന്നാക്ക്, എന്നിട്ട് മതി ഞങ്ങളോട് വേദമോതാന്‍' എന്ന് ആക്ഷേപിക്കപ്പെടുന്ന ഒരവസ്ഥ ഒരു പ്രബോധകനില്‍ ഒരിക്കലും സംഭവിക്കാന്‍ പാടുള്ളതല്ല. ''നിങ്ങള്‍ ജനങ്ങളോട് നന്മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്) മറന്ന് കളയുകയുമാണോ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്ത് കൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്?'' എന്ന പരിശുദ്ധ കുര്‍ആനിലെ (2:44) ചോദ്യം വളരെ പ്രസക്തമാണിവിടെ.

ഉറുക്കും ഐക്കല്ലും ഏലസ്സുമൊക്കെ ബന്ധിക്കല്‍ തന്റെ രോഗത്തിന്റെ ശമനമാര്‍ഗമാണെന്ന് വിശ്വസിക്കുന്ന ഭാര്യക്ക് സത്യം മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കാത്ത ഭര്‍ത്താക്കന്മാരും, മക്കളെ വളച്ചാല്‍ വളയുന്ന കാലത്തെങ്കിലും നേര്‍മാര്‍ഗത്തില്‍ വളര്‍ത്താന്‍ ശ്രമിക്കാത്ത പിതാക്കളും പ്രബോധിത സമൂഹത്തില്‍ ഒരിക്കലും ഉണ്ടാവാന്‍ പാടില്ല. 

''ഒരാള്‍ തനിക്ക് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നത്‌വരെ നിങ്ങളാരും വിശ്വാസികളാവുകയില്ല'' എന്ന തിരുമൊഴിയില്‍ കൂടി നബിﷺ മനുഷ്യബന്ധങ്ങളുടെ അടിസ്ഥാനം വിശ്വാസത്തിന്റെ കൂടി ഭാഗമായി നമ്മെ പഠിപ്പിക്കുന്നു. നാം നമുക്ക് സ്വര്‍ഗം ലഭിക്കുവാന്‍ ആഗ്രഹിക്കുന്നു. അതുപോലെ തന്റെ സഹോദരനും സ്വര്‍ഗം കിട്ടണമെന്ന് നാം ആഗ്രഹിക്കണം. അതിനായി നമ്മളാല്‍ കഴിയുന്ന വെളിച്ചം പകര്‍ന്നുകൊടുക്കുകയും വേണം. പരലോകത്ത് ജനങ്ങളെ വിചാരണക്ക് നിര്‍ത്തുമ്പോള്‍ അല്ലാഹുവിന്റെ തണല്‍ ലഭിക്കാന്‍ ഭാഗ്യം ലഭിക്കുന്ന ഏഴ് വിഭാഗം ജനങ്ങളില്‍ ഒരു വിഭാഗം പരസ്പരം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആത്മാര്‍ഥമായി പരസ്പരം സ്‌നേഹിച്ചവരാണെന്ന് നബിﷺ നമ്മെ അറിയിച്ചിട്ടുണ്ട്. 

വിശ്വാസം മുറുകെ പിടിച്ച് ജീവിക്കുന്ന, കുടുംബബന്ധങ്ങള്‍ നിലനിര്‍ത്തുകയും പരസ്പരം സ്‌നേഹിക്കുകയും നന്മകല്‍പിക്കുകയും ദോഷബാധയെ സൂക്ഷിക്കാന്‍ പരസ്പരം ഉപദേശിക്കുകയുമൊക്കെ ചെയ്യുന്ന സത്യവിശ്വാസകളെ നേര്‍മാര്‍ഗത്തില്‍ നിന്ന് വഴിതെറ്റിക്കുവാന്‍ പിശാച് ജാഗരൂഗകനാണെന്ന ബോധം നമുക്കുണ്ടാകണം.

പിശാചിന് ഏറ്റവും ഇഷ്ടം ഇരുട്ടാണ്. ജനങ്ങളെ ഇരുട്ടില്‍ തന്നെ തളച്ചിടുവാനായിരിക്കും അവന്റെയും കൂട്ടാളികളുടെയും ശ്രമം. വെളിച്ചത്തിന്റെ വാഹകര്‍ക്ക് നേരെ അവന്‍ ശത്രുത വളര്‍ത്തിയെടുക്കും. അതിന്റെ അടയാളമാണ് തെറ്റുകള്‍ക്ക് എതിരെയുള്ള ശബ്ദങ്ങളെ തല്ലിക്കെടുത്താനുള്ള ശ്രമങ്ങള്‍, പരിഹാസങ്ങള്‍, ദുഷ്പ്രചാരണങ്ങള്‍... ഇതൊന്നും ഒരു പ്രബോധകനെ നിരാശനാക്കിക്കൂടാ. നന്മയിലേക്ക് ക്ഷണിക്കുന്നത് കൊണ്ടുള്ള ആത്യന്തിക നേട്ടം നമുക്കുതന്നെയാണെന്നത് വിസ്മരിക്കാതിരിക്കുക.