സ്വവര്‍ഗരതിക്ക് നിയമ പരിരക്ഷയോ?!

ടി.കെ.അശ്‌റഫ്

2018 ദുല്‍ക്വഅദ 15 1439 ജൂലായ് 28

സ്വവര്‍ഗരതി വീണ്ടും സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നിരിക്കുകയാണ്. 2009 ജൂലൈ രണ്ടിനാണ് ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377 വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാസ് ഫൗണ്ടേഷന്‍ (ഇന്ത്യ) ട്രസ്റ്റ് നല്‍കിയ പരാതിയിന്മേല്‍ തീര്‍പുകല്‍പിച്ചുകൊണ്ടായിരുന്നു കോടതി വിധി.

എന്നാല്‍ 2013ല്‍ സ്വവര്‍ഗരതി നിയമവിധേയമാക്കിയ ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അത് നിയമപരമായി നിലനില്‍ക്കില്ലെന്നും തീരുമാനമെടുക്കേണ്ടത് പാര്‍ലിമെന്റാണെന്നുമായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. ഈ വിധിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് സ്വവര്‍ഗാനുകൂലികള്‍ വീണ്ടും സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. 377 വകുപ്പ് റദ്ദാക്കുന്നത് സംബന്ധിച്ച് എതിര്‍വാദത്തിനില്ലെന്നും കോടതിക്ക് ഇഷ്ടമുള്ളത് തീരുമാനിക്കാമെന്നുമാണ് കേന്ദ്രം ഈ വിഷയത്തില്‍ കോടതിയെ അറിയിച്ചിട്ടുണ്ടായിരുന്നത്. ഇത് മുഖവിലക്കെടുത്തുകൊണ്ടുള്ള നിരീക്ഷണമാണ് സുപ്രീം കോടതി ഇപ്പോള്‍ നടത്തിയിട്ടുള്ളത്.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതായാല്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് സമൂഹത്തില്‍ നിന്ന് വിവേചനം നേരിടേണ്ടി വരില്ലെന്നും ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വിവേചനം അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചിരിക്കുകയാണ്. സുപ്രീം കോടതിയും സ്വവര്‍ഗരതി അനുവദിക്കാനുള്ള വിധിന്യായത്തിലേക്കാണ് ചുവട് വെക്കുന്നത് എന്നര്‍ഥം. 

എന്നാല്‍ 1861 മുതല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ ഭാഗമായി തുടര്‍ന്ന് പോരുകയും സ്വാതന്ത്ര്യം ലഭിച്ച ശേഷം എഴുപത്തി ഒന്നാണ്ടുകള്‍ നിരാക്ഷേപം നിലനില്‍ക്കുകയും ചെയ്ത ഒരു ശിക്ഷാ നിയമം ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന പൗരാവകാശങ്ങളെ കുറിക്കുന്ന 21,14,15 വകുപ്പുകള്‍ക്ക് എതിരാണെന്ന വിധിന്യായത്തിലേക്ക് രാജ്യം നീങ്ങുന്നത് ധാര്‍മിക ബോധമുള്ളവര്‍ക്ക് നിര്‍വികാരമായി നോക്കി നില്‍ക്കാനാവില്ല.

ഹിന്ദു വിവാഹ നിയമമനുസരിച്ച് സഡോമിയും ഓറല്‍ സെക്‌സും മറ്റു പ്രകൃതി വിരുദ്ധ നടപടികളും വിവാഹമോചനത്തിന് കാരണമാണ്. ക്രിസ്ത്യന്‍ വിവാഹ നിയമമനുസരിച്ച് സ്വവര്‍ഗരതി ഏറ്റവും വലിയ സാമൂഹ്യ തിന്മയാണ്. ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങളും സ്വവര്‍ഗരതിയടക്കമുള്ള എല്ലാ തരം പ്രകൃതി വിരുദ്ധ ലൈംഗിക വൈകൃതങ്ങളെയും ശക്തമായി വിലക്കിയിട്ടുണ്ട്. 

അഞ്ചുസ്ഥലത്ത് ക്വുര്‍ആനില്‍ ഇവരുടെ സ്വഭാവവിശേഷണങ്ങളെപ്പറ്റിവിവരിക്കുന്നതു കാണാം. ലൂത്വ് നബി(അ)യുടെ സമുദായത്തിലുണ്ടായിരുന്ന സ്വവര്‍ഗാനുരാഗികളുടെ പ്രകൃതിവിരുദ്ധ ബന്ധത്തെ അതിശക്തമായി ക്വുര്‍നിലൂടെ അല്ലാഹു എതിര്‍ക്കുന്നത് കാണാം: ''ലൂത്വിനെയും നാം നിയോഗിച്ചു. അദ്ദേഹം തന്റെ ജനത്തോട് പറഞ്ഞതോര്‍ക്കുക: നിങ്ങള്‍ക്കു മുമ്പ് ലോകരിലാരും ചെയ്തിട്ടില്ലാത്ത നീചവൃത്തിയിലാണോ നിങ്ങളേര്‍പെട്ടിരിക്കുന്നത്? നിങ്ങള്‍ സ്ത്രീകളെ ഒഴിവാക്കി ഭോഗേച്ഛയോടെ പുരുഷന്മാരെ സമീപിക്കുന്നു. അല്ല; നിങ്ങള്‍ കൊടിയ അതിക്രമികള്‍ തന്നെ'' (ക്വുര്‍ആന്‍ 27:55).

''മാലോകരില്‍ കാമശമനത്തിന് വേണ്ടി നിങ്ങള്‍ പുരുഷന്മാരെ സമീപിക്കുകയാണോ? നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്കായി സൃഷ്ടിച്ചുതന്ന നിങ്ങളുടെ ഇണകളെ ഉപേക്ഷിക്കുകയും? നിങ്ങള്‍ പരിധിവിട്ട ജനംതന്നെ. അവര്‍ പറഞ്ഞു: ലൂത്വേ, നീ ഇത് നിര്‍ത്തുന്നില്ലെങ്കില്‍ ഞങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കപ്പെടുന്നവരില്‍ നീയുമുണ്ടാകും'' (ക്വുര്‍ആന്‍ 7:81,82).

''നാം അവരുടെ മേല്‍ ഒരുതരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക'' (ക്വുര്‍ആന്‍ 7:48).

സ്വവര്‍ഗരതി ആദ്യമായി ലൂത്വ്‌നബി(അ)യുടെ സമൂഹത്തിലാണ് ഉടലെടുത്തതെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നു. ഈ അധര്‍മത്തെ നീചവൃത്തി എന്ന് വിശേഷിപ്പിക്കുന്ന ക്വുര്‍ആന്‍ 'കൊടിയ അക്രമികള്‍,' 'പരിധിവിട്ട ജനം,' 'കുറ്റവാളികള്‍' എന്നൊക്കെയാണ് അതിന്റെയാളുകളെ വിശേഷിപ്പിക്കുന്നത്. പ്രകൃതിവിരുദ്ധവും മനുഷ്യത്വരഹിതവും കാമത്തില്‍ മാത്രം കേന്ദ്രീകൃതവുമായ സ്വവര്‍ഗരതിയെ ഒരു നിലയ്ക്കും ഇസ്‌ലാം അംഗീകരിക്കുന്നില്ല എന്ന് വ്യക്തം. മുഹമ്മദ് നബി ﷺ  പറഞ്ഞു: ''ലൂത്വിന്റെ സമുദായം ചെയ്ത തിന്മയാണ് എന്റെ ജനതയില്‍ ഞാന്‍ ഏറ്റവും ഭയപ്പെടുന്നത്''(തുര്‍മുദി).

സ്വവര്‍ഗരതി ഇസ്ലാമിക നിയമമനുസരിച്ച് വലിയ പാപവും ശിക്ഷാര്‍ഹവുമാണ്. ഇത് നിരോധിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. വ്യക്തിയുടെയും സമൂഹത്തിന്റെയുംആരോഗ്യത്തിന് ഹാനികരമാണിത്. സമൂഹത്തില്‍ ധാര്‍മികയുടെ തകര്‍ച്ചക്കും ലൈംഗിക അരാചകത്വത്തിനും ഇത് വഴിയൊരുക്കും. മാത്രമല്ല, ലൈംഗികവും മാനസികവുമായ പലരോഗങ്ങള്‍ക്കുമിത് ഇടയാക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരു പോലെ ഇത് അപമാനകരമാണിത്.

സ്രഷ്ടാവ് മനുഷ്യരെ ഇണകളായി സൃഷ്ടിച്ചത് സമൂഹത്തിന്റെ നിലനില്‍പിനും കുടുംബ ഭദ്രതക്കുമൊക്കെ വേണ്ടിയാണ്. മാനവരാശിയുടെയും നാഗരികതയുടെയും നിലനില്‍പിന് നിദാനമാണ് ആണും പെണ്ണും ചേര്‍ന്ന കുടുംബജീവിതം. സമൂഹത്തിന്റെ ധാര്‍മികതക്കും ഭദ്രതക്കും ഗുരുതരമായ പ്രതിസന്ധി തീര്‍ക്കുന്ന സ്വവര്‍ഗരതി പോലുള്ളവയ്ക്ക് നിയമപരിരക്ഷ കൊടുക്കുകയാണെങ്കില്‍ ഭാവിയില്‍ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അഗമ്യഗമനത്തിനും മനുഷ്യന്‍ മൃഗങ്ങളെ പ്രാപിക്കുന്ന അവസ്ഥക്ക് വേണ്ടിയും അവര്‍ വാദിക്കുന്ന കാലം വിദൂരമല്ല. 

എയ്ഡ്‌സ് അടക്കമുള്ള പല ലൈംഗിക രോഗങ്ങളും പകരുന്നതിന്റെ കാരണങ്ങളില്‍ പെട്ടതാണ് പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ച. പൊതുസമൂഹത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ പ്രതിരോധാത്മകമായ ശിക്ഷ കുറ്റകൃത്യങ്ങള്‍ക്ക് നല്‍കേണ്ടതുണ്ട്. ഏതെങ്കിലും ഇളവുകള്‍ സാങ്കേതിക കാരണങ്ങളാല്‍ നല്‍കുന്നത് തെറ്റായ ദിശയിലേക്കുള്ള വഴിയാകും. ലൈംഗിക ന്യൂനപക്ഷമാെണന്ന് കരുതി സ്വവര്‍ഗരതിക്കാരുടെ അവകാശങ്ങള്‍ ഹനിക്കുന്നത് ശരിയല്ലെന്ന സുപ്രീം കോടതി നിരീക്ഷണത്തിന്റെ ന്യൂനതയും നാം അന്വേഷിക്കേണ്ടത് ഇവിടെയാണ്. 

സ്വവര്‍ഗരതിയെ നിയമവിധേയമാക്കിയ ചില പാശ്ചാത്യരാജ്യങ്ങൡലേക്ക് ചൂണ്ടി ഇന്ത്യയും അങ്ങനെയാകണമെന്ന് പറയുന്നവര്‍ ഇന്ത്യയുടെ മഹത്ത്വത്തെ ഉള്‍ക്കൊള്ളാത്തവരാണ്. പാശ്ചാത്യ രാജ്യങ്ങളിലെ ജീവിതരീതികള്‍ വ്യത്യസ്തമാണ്. വിദ്യാര്‍ഥിനികളുടെ ഗര്‍ഭധാരണവും പിതാവ് അറിയപ്പെടാത്ത കുട്ടികളുടെ ജനനവും അവിടങ്ങളില്‍ വ്യാപകമാണ്. ഇന്ന് അവ കടുത്ത സാമൂഹ്യ പ്രശ്‌നങ്ങളായി മാറിയിട്ടുമുണ്ട്. ഗര്‍ഭധാരണം നടക്കാതിരിക്കാന്‍ ഓറല്‍ സെക്‌സും മറ്റു പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധങ്ങളും പ്രോത്സാഹിപ്പിക്കേണ്ടത് അവരുടെ ആവശ്യവുമാണ്. ഗര്‍ഭധാരണത്തിനാണ് ലൈംഗിക വേഴ്ചയെന്ന അടിസ്ഥാന തത്ത്വം അവര്‍ അംഗീകരിക്കുന്നില്ല. അവിടെ സെനറ്റര്‍മാര്‍, ജഡ്ജിമാര്‍, പാര്‍ലിമെന്റംഗങ്ങള്‍, അഭിഭാഷകര്‍ തുടങ്ങി സമസ്ത മേഖലകളിലും പെട്ട ആളുകള്‍ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നുണ്ട്. സ്വാഭാവികമായും അവരുടെ പിന്തുണ ഈ വക നിയമനിര്‍മാണങ്ങളിലുണ്ട്. വര്‍ണവിവേചനവുമായിട്ടാണ് സ്വവര്‍ഗരതിവിരുദ്ധതയെ അവര്‍ താരതമ്യപ്പെടുത്തുന്നത്. എന്നാല്‍ നമ്മുടെ നാടിന്റെ സംസ്‌കാരം ഇതാണോ? 

സ്വവര്‍ഗരതിക്ക് നിയമ പരിരക്ഷ നല്‍കുന്നത് കുടുംബമെന്ന ശക്തമായ സാമൂഹിക സ്ഥാപനം നിലനില്‍ക്കുന്ന ഇന്ത്യയിലെ കുടുംബ സംവിധാനത്തെ തകര്‍ക്കുകയെന്ന പാശ്ചാത്യ അജണ്ടക്ക് വളംവെക്കലാവും.

പാര്‍ലിമെന്റില്‍ തന്നെ ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് ഈ വിഷയം ഇനിയും വിധേയമാക്കേണ്ടതുണ്ട്. സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് അഭിപ്രായമാരാഞ്ഞപ്പോള്‍ കോടതിക്ക് ബ്ലാങ്ക് ചെക്ക് നല്‍കിയത് ശരിയായ നടപടിയായില്ല. ജനപ്രതിനിധികള്‍ വിഷയത്തിന്റെ ഗൗരവം പഠിച്ച് ഉള്‍ക്കൊണ്ട് ചര്‍ച്ചയില്‍ പങ്കെടുക്കണം.

പ്രകൃതിവിരുദ്ധ ലൈംഗിക വൈകൃതങ്ങള്‍ക്ക് തടയിടുകയെന്നത് രാജ്യത്തെ പൗരന്മാരോട് ജനപ്രതിനിധികളും സര്‍ക്കാരും കോടതികളും കാണിക്കേണ്ട ഉത്തരവാദിത്തമാണ്. തങ്ങള്‍ അണികളായിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടിയില്‍ സമ്മര്‍ദം ചെലുത്തി സാധാരണ ജനങ്ങളും സ്വവര്‍ഗരതിക്ക് നിയമ പരിരക്ഷ നല്‍കുന്ന നടപടിക്കെതിരില്‍ തങ്ങളുടെ കടമ നിര്‍വഹിക്കേണ്ടതുണ്ട്.