ശൈഖ് മുഹമ്മദും നിലപാടുകളിലെ കണിശതയും

യൂസുഫ് സാഹിബ് നദ്‌വി

2018 മാര്‍ച്ച് 24 1439 റജബ് 06

ശൈഖ് മുഹമ്മദിനെപ്പറ്റി ചിലര്‍ അദ്ദേഹത്തിന്റെ ചിലനിലപാടുകള്‍ തീവ്രതാപരമായിരുന്നുവെന്ന് ആരോപിക്കാറുണ്ട്. വിശ്വാസ രംഗത്തെ കണിശ നിലപാടുകള്‍ ഒരു സത്യവിശ്വാസിയെ സംബന്ധിച്ച് ഒഴിവാക്കാനാവാത്തതാണെന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയിക്കാനാവുക? തൗഹീദിന്റെ വിഷയത്തില്‍ അണുവിട വിട്ടുവീഴ്ച ചെയ്യാന്‍ പൂര്‍വസൂരികളായ പ്രവാചകന്മാര്‍ ആരും തയ്യാറായിട്ടില്ല. 'ഉലുല്‍ അസ്മ്' എന്നപേരില്‍ വിഖ്യാതരായ പ്രവാചകന്മാരുടെ വിട്ടുവീഴ്ചയില്ലാത്ത ചരിത്രമാണ് ഇസ്‌ലാമിലെ തൗഹീദിന്റെ അന്തഃസത്ത. ദഅ്‌വത്തിലും ഇസ്്വലാഹിലും സജീവനായ ശൈഖ് മുഹമ്മദ് ഒരു പുതിയ മാര്‍ഗത്തിന്റെയൊ രീതിശാസ്ത്രത്തിന്റെയോ വക്താവല്ല എന്ന് നാം പ്രാഥമികമായി ഗ്രഹിക്കേണ്ടതുണ്ട്. പ്രവാചന്മാരഖിലവും, വിശിഷ്യാ മുഹമ്മദ് ﷺ  പ്രചരിപ്പിച്ച മാര്‍ഗങ്ങള്‍ക്ക് വിരുദ്ധമായ ഒരു നവീനരീതി അദ്ദേഹം ഗവേഷണം ചെയ്തു കണ്ടെത്തിയിട്ടില്ല. 

വിശുദ്ധ ക്വുര്‍ആനും നബി ﷺ യുടെ മഹനീയ ചര്യകളുമാണ് തന്റെ ഇസ്്വലാഹി പ്രവര്‍ത്തനത്തിന് അദ്ദേഹം മാര്‍ഗരേഖയാക്കിയത്. പുതിയ മതത്തിന്റെ പ്രചാരകനായി ശൈഖ് മുഹമ്മദ് പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച ഉസ്മാനിയാ ഖിലാഫത്തിന്റെ വാടക മുഫ്തിമാര്‍ക്ക് പോലും ശൈഖിനെതിരിലുള്ള ആരോപണത്തിന് വ്യക്തമായ രേഖകള്‍ ഇന്നോളം ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. സൈനീ ദഹ്‌ലാന്റെ കൃതികളിലും ഇതുതന്നെയാണവസ്ഥ. 

കര്‍മശാസ്ത്ര വിഷയങ്ങളില്‍ ഇമാം അഹ്മദിബിന്‍ ഹംബല്‍(റഹ്)യുടെ വീക്ഷണങ്ങള്‍ക്കാണ് ശൈഖ് മുഹമ്മദ് കൂടുതല്‍ പ്രാമുഖ്യം നല്‍കിയിരുന്നത്. കാരണം, നബി ﷺ യുടെ മഹനീയ ചര്യകളോട് അവയ്ക്ക് കൂടുതല്‍ സാമീപ്യം കണ്ടുവരുന്നു. ഇതിന്റെ അര്‍ഥം ഹംബലി കര്‍മശാസ്ത്രത്തിലെ എല്ലാ വീക്ഷണങ്ങളും നൂറ് ശതമാനവും കുറ്റമറ്റതാണെന്നല്ല. നബി ﷺ യുടെ മഹനീയ മാതൃകകളെ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും അതിനെ പ്രായോഗികവല്‍ക്കരിക്കുകയും ചെയ്യുന്ന വിഷയത്തില്‍ ഇമാം അഹ്മദ്ബിന്‍ ഹംബലിന്റെ മഹനീയ സമീപനം അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ക്കിടയില്‍ അവിതര്‍ക്കിതമാണ്. എന്നാല്‍ നബി ﷺ യുടെ മഹനീയയും സുസ്ഥിരവുമായ ചര്യകള്‍ക്ക് വിരുദ്ധമായി ഇമാം അഹ്മദ്ബിന്‍ ഹംബലില്‍ നിന്നും എന്തെങ്കിലും ഒരു വിഷയം ഉദ്ധരിക്കപ്പെടുകയും പ്രസ്തുത വിഷയത്തെ സ്വന്തം താല്‍പര്യ സംരക്ഷണാര്‍ഥം ശൈഖ് മുഹമ്മദ് പിന്തുണക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായി വിമര്‍ശകര്‍ക്ക് ചൂണ്ടിക്കാട്ടുവാനും സാധിച്ചിട്ടില്ല. 

ഇമാം അഹ്മദിന്റെയും ശൈഖ് മുഹമ്മദിന്റെയും അഭിപ്രായങ്ങള്‍ നൂറുശതമാനവും കുറ്റമറ്റതാണെന്ന നിലയിലല്ല ഈ അഭിപ്രായങ്ങള്‍ പറയുന്നത്. മറിച്ച് പ്രവാചകന്മാരല്ലാത്തവരിലെല്ലാം മാനുഷികമായ പിഴവുകള്‍ സ്വാഭാവികമാണെന്ന ഉറച്ച ബോധ്യത്തോടെയാണ്. അതിനാല്‍ ശൈഖ് മുഹമ്മദിന്റെ വീക്ഷണങ്ങളിലും മാനുഷികമായ പിഴവുകള്‍ സംഭവിച്ചിട്ടില്ലെന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടതായി കാണാന്‍ സാധിച്ചിട്ടില്ല. 

വിശ്വാസത്തിന്റെയും കര്‍മത്തിന്റെയും വിഷയത്തില്‍ ഇതര സരണികളെക്കാള്‍ അല്‍പംകൂടി കണിശതയാര്‍ന്ന നിലപാടുകളാണ് പൊതുവെ ഹംബലി പക്ഷക്കാര്‍ പുലര്‍ത്താറുള്ളത്. കര്‍മശാസ്ത്രത്തില്‍ ഹംബലി വീക്ഷണക്കാരനായിരുന്ന ശൈഖ് മുഹമ്മദിലും ഈ കണിശതത സ്വാഭാവികമാണ്. പ്രബോധന വീഥിയില്‍ ഒറ്റയാന്‍ പട്ടാളമായിട്ടായിരുന്നു അദ്ദേഹം രംഗത്തു വന്നതെങ്കിലും ഭരണകൂടങ്ങളും നേതാക്കളും പിന്നീട് അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തുറന്ന പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. ദര്‍ഇയ്യയുടെ ഭരണാധികാരി മുഹമ്മദ്ബിന്‍ സുഊദിന്റെ കലര്‍പ്പില്ലാത്ത പിന്തുണയും സഹായവുമായിരുന്നു ഹിജാസിലെ എതിര്‍പ്പുകളെ അതിജയിക്കുവാന്‍ ശൈഖ് മുഹമ്മദിനെ സഹായിച്ചത്.

ശൈഖ് മുഹമ്മദിന്റെ ഇസ്്വലാഹീ ദഅ്‌വത്ത് കേവലം ഉപദേശങ്ങളിലും പ്രസംഗങ്ങളിലും ഗ്രന്ഥരചനയിലും മാത്രം പരിമിതമായിരുന്നില്ല. സ്വജീവിതത്തില്‍ പ്രകടമാകുന്ന വാക്കുകള്‍ക്കും വരികള്‍ക്കുമൊപ്പം മൂര്‍ച്ചയേറിയ വാളുകള്‍ക്കൊണ്ട് ശത്രുക്കളെ അടര്‍ക്കളത്തില്‍ മുഖാമുഖം നേരിടുന്ന ധീരമുജാഹിദും കൂടിയായിരുന്നു അദ്ദേഹം. 

ഇസ്‌ലാമിക പ്രബോധരംഗത്തെ സകല തടസ്സങ്ങളെയും നിഷ്പ്രഭമാക്കാന്‍ സകലസന്നാഹങ്ങളോടെ ഇബ്ന്‍ സുഊദിന്റെ സൈനികശക്തി പിന്നിലുള്ളപ്പോള്‍ ഇസ്‌ലാമിക ജിഹാദിനെ സാക്ഷാത്ക്കരിക്കുന്നതില്‍ ശൈഖ് മുഹമ്മദിന് അല്‍പംപോലും അറച്ചു നില്‍ക്കേണ്ടുന്ന ആവശ്യമുള്ളതായി ശത്രുക്കള്‍പോലും പറയില്ല. ഉസ്മാനിയാ ഖിലാഫത്തിന്റെ ആഹ്വാനമനുസരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കച്ചകെട്ടിയിറങ്ങിയ വിവിധ സേനാവ്യൂഹങ്ങള്‍ ശൈഖിന്റെ ദഅ്‌വത്തിനെതിരില്‍ പ്രകട ശത്രുതയുമായി രംഗത്തുള്ളപ്പോള്‍ ഒരു സമഗ്ര ഇസ്‌ലാമിക പ്രബോധകന്‍ എന്തിന് അറച്ചുനില്‍ക്കണം! 

മംഗല്യസൗഭാഗ്യം തേടി മരത്തെ കെട്ടിപ്പിടിച്ചു വിലപിക്കുന്ന കന്യകമാര്‍, പുണ്യാളന്മാരുടെ ക്വബ്‌റുകളിലേക്ക് തീര്‍ഥയാത്ര നടത്തുന്നവര്‍, സ്വൂഫി ത്വരീക്വത്തുകളുടെ പേരില്‍ ചൂഷണം പൊടിപൊടിക്കുന്നവര്‍, ക്വബ്‌റുകളെ കെട്ടിപ്പിടിച്ചും വട്ടംവെച്ചും ആഗ്രഹ സഫലീകരണത്തിനായി കേഴുന്നവര്‍... ഇതായിരുന്നു ശൈഖിന്റെ ആഗമന കാലത്തെ അറേബ്യന്‍ ഉപദ്വീപ്. തൗഹീദിന്റെ സകല പരിധികളെയും ലംഘിച്ച് ഏറ്റവും ഗുരുതരവും മഹാപാതകവുമായ ശിര്‍ക്കില്‍ അധഃപതിച്ച ഹിജാസിലെ ജനതയെ അല്ലാഹുവിന്റെ തൗഹീദിലേക്ക് ശൈഖ് ക്ഷണിച്ചു. ശിര്‍ക്കെന്ന മഹാപാതകത്തെ അല്ലാഹുവിനെ ഭയക്കുന്ന ഒരു പ്രബോധകന് എങ്ങനെ നിസ്സാരമായി കാണാന്‍ സാധിക്കും?

ഹിജാസികള്‍ ചെയ്തുവരുന്ന ഈ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു പൊറുക്കാത്ത മഹാപാതകമാണെന്ന് ശൈഖ് അവരെ ബോധ്യപ്പെടുത്തി. നബി ﷺ യുടെ പ്രബോധന കാലത്തെ മക്കാ മുശ്‌രിക്കുകളും ഹിജാസിലെ ആധുനിക സമൂഹവും പ്രവര്‍ത്തനത്തില്‍ ഒരേ സ്വഭാവം പിന്തുടരുന്നവരാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ തുറന്ന്പറയാന്‍ ശൈഖിന് ഒട്ടും മടിയുണ്ടായില്ല.

സാഹചര്യം അനുകൂലമായിട്ടും നിസ്‌ക്കരിക്കാത്തവരെപ്പറ്റിയും തീവ്രമായ നിലപാട് ശൈഖ് പുലര്‍ത്തി. ഇമാം അഹ്മദ്ബിന്‍ ഹംബല്‍(റഹ്)യുടെ വീക്ഷണത്തില്‍ മനഃപൂര്‍വം നിസ്‌കാരമുപേക്ഷിക്കുന്നവര്‍ ദൈവനിഷേധി(കാഫിര്‍)യും ഇസ്‌ലാമില്‍ നിന്നും പുറത്തുപോയവരുമാണ്. ഈ അര്‍ഥത്തില്‍ വ്യക്തമായ ഇസ്‌ലാംനിന്ദ പുലര്‍ത്തുന്നവരുടെ വിഷയത്തില്‍ തന്റെ നിലപാടുകളില്‍ ശൈഖ് സൂക്ഷ്മത പുലര്‍ത്തുകയും ആ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പെരുമാറുകയും ചെയ്തിട്ടുണ്ട്. ഇത്തരം കണിശതകള്‍ അനിവാര്യമാണെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കുകയും ചെയ്യുന്നു.

ഇസ്‌ലാമിക ചരിത്രത്തിലെ ഭൂതകാല വഴിയടയാളങ്ങള്‍ നിഷ്‌ക്കാസനം ചെയ്തുവെന്നാണ് ശൈഖിനെതിരിലെ മറ്റൊരു ആരോപണം. പുരാവസ്തു, പൗരാണിക ശേഖരങ്ങള്‍ തുടങ്ങിയവയോടുള്ള ഇസ്‌ലാമിന്റെ വ്യക്തമായ നിലപാടുകള്‍ സസൂക്ഷ്മം ഗ്രഹിച്ചവര്‍ക്ക് മാത്രമെ ഈ വിഷയത്തിന്റെ കതിരും പതിരും വ്യക്തമാവുകയുള്ളു. മക്കയിലും മദീനയിലും ത്വാഇഫിലും ദര്‍ഇയ്യയിലും മറ്റുമുണ്ടായിരുന്ന സകല വഴിപാട്-വാണിഭ കേന്ദ്രങ്ങളും ശൈഖിന്റെ നിര്‍ദേശമനുസരിച്ച് ഇബ്ന്‍ സുഊദിന്റെ സൈന്യം നിഷ്‌കാസനം ചെയ്തത് തൗഹീദിന്റെ അടിസ്ഥാനത്തിലുള്ള ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായിട്ടായിരുന്നു. 

ഇന്ത്യയിലെ ഇസ്‌ലാമിക നവോത്ഥാനത്തിന് ചുക്കാന്‍ പിടിച്ച ഇമാം ഷാഹ് വലിയ്യുല്ലാഹ് അദ്ദഹ്‌ലവിയുടെ രചനകളിലും ഇത്തരം കണിശനിലപാടുകള്‍ നമുക്ക് കാണാനാകും. ഷാഹ് വലിയ്യുല്ലാഹ് അദ്ദഹ്‌ലവി(ഹി:1111-1176) ശൈഖ് മുഹമ്മദ്(1115-1206)ന്റെ സമകാലികനാണ്. ശൈഖ് മുഹമ്മദിന് മക്കയിലും മദീനയിലും ഇസ്‌ലാമിക വിജ്ഞാനം പകര്‍ന്നു നല്‍കിയ ഗുരുനാഥന്മാരില്‍ പലരും ദഹ്‌ലവിയുടെയും ഗുരുപരമ്പരയില്‍ ഉള്‍പ്പെടുന്നു. ശൈഖ് മുഹമ്മദ് ഹയാത്ത് അസ്സിന്ദി(റഹ്)യുടെ നാമം ഇക്കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധമാണ്. ഷാഹ് ഇസ്മാഈല്‍ അദ്ദഹ്‌ലവി രചിച്ച 'തക്വ്‌വിയ്യത്തുല്‍ ഈമാന്‍' എന്ന കൃതി ശൈഖ് മുഹമ്മദിന്റെ 'കിതാബുത്തൗഹീദി'ന്റെ പരിഭാഷയും വ്യാഖ്യാനവുമാണെന്ന് പോലും ചിലര്‍ അഭിപ്രായപ്പെടാറുണ്ട്. ഇരുവര്‍ക്കും വിജ്ഞാനം പകര്‍ന്നുനല്‍കിയ സ്രോതസ്സ് ഒന്നുതന്നെ ആയതിനാലാകാം ഇങ്ങനെ രചനകളിലെ വിഷയത്തിലും സാമ്യതയുണ്ടായതെന്ന നിഗമനത്തിനാണ് ഈ വിഷയത്തില്‍ കൂടുതല്‍ സ്വീകാര്യത. 

0
0
0
s2sdefault