സഈദ്ബ്‌നു ആമിര്‍ അല്‍ജുമഹി

ഇര്‍ഫാന്‍ സ്വലാഹി

2018 മാര്‍ച്ച് 03 1439 ജുമാദില്‍ ആഖിറ 16
(അവലംബം: ഡോ.അബ്ദുറഹ്മാന്‍ റഅ്ഫത് അല്‍ ബാഷായുടെ 'സ്വഹാബിമാരുടെ ജീവിത്തില്‍ നിന്ന് എന്ന ഗ്രന്ഥം)
പരലോകത്തിന് വേണ്ടി ഇഹലോകത്തെ വിറ്റ, എല്ലാറ്റിനെക്കാളും അല്ലാഹുവിനും അവന്റെ തിരുദൂതര്‍ക്കും മുന്‍ഗണന നല്‍കിയ മഹാനായ മനുഷ്യനായിരുന്നു സഈദ് ബ്‌നു ആമിര്‍: ചരിത്രകാരന്‍മാര്‍

ക്വുറൈശി നേതാക്കളുടെ വിളിക്കുത്തരം നല്‍കി മക്കയുടെ പ്രാന്തപ്രദേശമായ തന്‍ഈമിലേക്ക് പുറപ്പെട്ട ആയിരങ്ങളില്‍ ഒരാളായിരുന്നു സഈദ് ബ്‌നു ആമിര്‍ എന്ന യുവാവ്. അവര്‍ ചതിയില്‍ കീഴ്‌പ്പെടുത്തിയ മുഹമ്മദിന്റെ അനുയായി ഖുബൈബ്‌നു അദിയ്യിന്റെ ജീവനെടുക്കാന്‍ വേണ്ടതെല്ലാം അവിടെ സജ്ജമായിരിക്കുന്നു.

എല്ലാംകൊണ്ടും തികഞ്ഞ യുവത്വവും ചുറുചുറുക്കും ആള്‍ക്കൂട്ടത്തിനിടയില്‍ സഈദിന് ആധിപത്യം നല്‍കി. ജനസഞ്ചയത്തിന് നേതൃത്വം നല്‍കുന്ന അബൂസുഫ്‌യാന്‍, സ്വഫ്‌വാനുബ്‌നു ഉമയ്യ തുടങ്ങിയവരെ പോലെയുള്ള ക്വുറൈശി പ്രമാണിമാരോട് നേരില്‍ സംസാരിക്കുവാന്‍ അനുവാദമുള്ള പ്രഗത്ഭനായിരുന്നു സഈദ്.

ക്രൂരമായി ബന്ധിക്കപ്പെട്ട ക്വുറൈശികളുടെ ആ തടവുകാരനെയും മരണമേഖലയിലേക്ക് അദ്ദേഹത്തെ തള്ളിവിടുന്നവരുടെ കരങ്ങളും ശരിയാംവണ്ണം സഈദിന് കാണാന്‍ കഴിഞ്ഞത് അതുകൊണ്ടാണ്. ഖുബൈബിലൂടെ അവര്‍ മുഹമ്മദിനോട് പ്രതികാരം ചെയ്യുകയാണ്. ബദ്‌റില്‍ മൃതിയടഞ്ഞ സ്വന്തക്കാര്‍ക്ക് വേണ്ടി ഈ വധാഘോഷത്തിലൂടെ അവര്‍ മറുപടി പറയുകയാണ്.

കൊല്ലാന്‍ വേണ്ടി പ്രത്യേകം സജ്ജമാക്കിയ ഭാഗത്തേക്ക് ബന്ധനസ്ഥനാക്കപ്പെട്ട ഖുബൈബിനെ എത്തിച്ചു. സഈദ്ബ്‌നു ആമിര്‍ എന്ന യുവാവ് തലയുയര്‍ത്തിപ്പിടിച്ച് ഖുബൈബിനെ നോക്കി നിന്നു. ഖുബൈബ് കുരിശിലേക്ക് ആനയിക്കപ്പെടുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ആര്‍പ്പുവിളികള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ചാഞ്ചല്യമില്ലാത്ത ആ ശബ്ദം ഇങ്ങനെ കേള്‍ക്കാമായിരുന്നു:

'എന്റെ മരണത്തിന് മുമ്പായി രണ്ട് റക്അത്ത് നമസ്‌കരിക്കുവാന്‍ നിങ്ങളെന്നെ വിട്ടേക്കുമെങ്കില്‍ അങ്ങനെ ചെയ്യുക...'

സഈദ് ഖുബൈബിനെ തന്നെ ശ്രദ്ധിക്കുകയാണ്. അദ്ദേഹം കഅ്ബയെ അഭിമുഖീകരിച്ച്, രണ്ട് റക്അത്ത് നമസ്‌കരിക്കുന്നു. എത്ര മനോഹരവും പരിപൂര്‍ണവുമാണ് ആ രണ്ട് റക്അത്തുകള്‍!

ശേഷം അദ്ദേഹം ക്വുറൈശി നേതാക്കളെ നോക്കി അവരോടായി പറഞ്ഞു: ''മരണത്തെ പേടിച്ച് ഖുബൈബ്  നമസ്‌കാരം ദീര്‍ഘിപ്പിച്ചുവെന്ന് നിങ്ങള്‍ ധരിക്കില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഈ നമസ്‌കാരം അധികരിപ്പിക്കുമായിരുന്നു.''

അവര്‍ ഖുബൈബിന്റെ പച്ചമേനിയില്‍ നിന്ന് മാംസം മുറിച്ചെടുക്കാന്‍ തുടങ്ങി. ജീവന്‍ തുടിക്കുന്ന ശരീരത്തില്‍ നിന്ന് കഷ്ണങ്ങള്‍ ഓരോന്നോരാന്നായി അരിഞ്ഞെടുക്കുമ്പോള്‍ അവര്‍ ചോദിക്കുന്നുണ്ടായിരുന്നു:

''നിനക്ക് പകരം ഈ സ്ഥാനത്ത് മുഹമ്മദ് ആയിരിക്കാനും എന്നിട്ട് രക്ഷപ്പെടാനും നീ ആഗ്രഹിക്കുന്നില്ലേ?''

രക്തം വാര്‍ന്നൊലിക്കുന്ന ശരീരത്തോടെ അദ്ദേഹം പ്രതികരിച്ചു:

''അല്ലാഹുവാണ് സത്യം, മുഹമ്മദ് നബി ﷺ ക്ക് ഒരു മുള്ള് തറച്ചിട്ട് ഞാന്‍ എന്റെ വീട്ടില്‍ മക്കളോടൊപ്പം സുരക്ഷിതനും നിര്‍ഭയനുമായിരിക്കാന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.'''

ആള്‍ക്കൂട്ടം കൈകളുയര്‍ത്തി ആര്‍ത്തുവിളിച്ചു:'''അവനെ കൊല്ലൂ... അവനെ കൊന്നൊടുക്കൂ...''

പിന്നീട് കുരിശിനു മുകളില്‍ ആകാശത്തേക്ക് കണ്ണുകളുയര്‍ത്തി പ്രാര്‍ഥിക്കുന്ന ഖുബൈബിനെയാണ് സഈദ്ബ്‌നു ആമിര്‍ കണ്ടത്:

''അല്ലാഹുവേ, അവരെ എണ്ണിത്തിട്ടപ്പെടുത്തുകയും ഒരാളെയും വിട്ടേക്കാതെ ശക്തമായി ഇല്ലായ്മ ചെയ്യുകയും ചെയ്യേണമേ.''

അങ്ങനെ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. ആ ശരീരത്തിലെ വാളിന്റെ വെട്ടുകളും കുന്തങ്ങളുടെ കുത്തുകളും എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയുമായിരുന്നില്ല.

******************

ക്വുറൈശികള്‍ മക്കയിലേക്ക് മടങ്ങി. വിവിധ സംഭവങ്ങളുടെ വേലിയേറ്റത്തില്‍ ഖുബൈബിനെയും അദ്ദേഹത്തിന്റെ വധത്തെയും അവര്‍ മറന്നു. പക്ഷേ, സഈദ്ബ്‌നു ആമിര്‍ എന്ന യുവാവിന് ഖുബൈബിനെ തന്റെ ബോധമണ്ഡലത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിഞ്ഞില്ല.

ഉറങ്ങിയാല്‍ സ്വപ്‌നത്തിലും ഉണര്‍ച്ചയില്‍ തന്റെ ചിന്തയിലും ഖുബൈബ് ഇടംപിടിച്ചു. കഴുമരത്തിനരികില്‍ ശാന്തനായി അദ്ദേഹം നിര്‍വഹിച്ച ആ രണ്ട് റക്അത്തുകള്‍ എപ്പോഴും തന്റെ മുന്നില്‍ മിന്നിമറയും. ക്വുറൈശികള്‍ക്കെതിരില്‍ അദ്ദേഹം നടത്തിയ ആ പ്രാര്‍ഥനയുടെ പ്രതിധ്വനി തന്റെ കാതില്‍ അലയടിക്കും. അതുകൊണ്ടുതന്നെ ആകാശത്ത് നിന്ന് തന്റെ മേല്‍ ഒരു തീവര്‍ഷമോ മറ്റോ ഉണ്ടാകുമോ എന്നൊക്കെ ഭയപ്പെട്ടു.

രക്തസാക്ഷിയായ ഖുബൈബ് സഈദിനെ നിരവധി പാഠങ്ങള്‍ പഠിപ്പിച്ചു. ശരിയായ വിശ്വാസവും മരണം വരെയുള്ള നന്മയുടെ പോരാട്ടങ്ങളുമാണ് യഥാര്‍ഥ ജീവിതമെന്ന്, ആഴമേറിയ വിശ്വാസത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന്, ഒരു നേതാവിനെ തന്റെ അനുയായികള്‍ ഇത്രയേറെ സ്‌നേഹിക്കുന്നത് ഉപരിലോകത്ത് നിന്നും പിന്‍ബലം ലഭിച്ചുകൊണ്ടിരിക്കുന്ന മുഹമ്മദിനെ മാത്രമാണെന്ന്...

അതോടെ സഈദിന്റെ ഹൃദയത്തിന് അല്ലാഹു ഇസ്‌ലാമിന്റെ വിശാലത നല്‍കി. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് അദ്ദേഹം പ്രഖ്യാപിച്ചു: ''ക്വുറൈശികളുടെ പാപങ്ങളില്‍ നിന്നും പാപഭാരങ്ങളില്‍ നിന്നും ഞാന്‍ മുക്തനാണ്. ക്വുറൈശികളുടെ ബിംബങ്ങളില്‍ നിന്നും വിഗ്രഹങ്ങളില്‍ നിന്നും ഞാനിതാ ഒഴിവായിരിക്കുന്നു. അല്ലാഹുവിന്റെ മതത്തില്‍ ഞാനും പ്രവേശിച്ചിരിക്കുന്നു.'' 

(അവസാനിച്ചില്ല)