കരുവള്ളിയുടെ കാഴ്ചപ്പാടുകളും പിന്‍ഗാമികളുടെ സമീപനങ്ങളും

ടി.കെ.അശ്‌റഫ്

2018 ദുല്‍ക്വഅദ 22 1439 ആഗസ്ത് 04

കരുവള്ളി മുഹമ്മദ് മൗലവിയെ ഏതെങ്കിലും ഒരു മേഖലയിലേക്ക്  പരിമിതപ്പെടുത്തി ഉപന്യസിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അത്രമേല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല വിശാലമായിരുന്നു. മൗലവിയുടെ സാമൂഹ്യബോധത്തിന്റെ ആഴവും പരപ്പുമാണ് എല്ലാ വിഭാഗം ജനങ്ങളും അദ്ദേഹത്തെ അടുത്തറിയാന്‍ ഇടയാക്കിയത്.

എന്നാല്‍, അദ്ദേഹം ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് കേരളത്തില്‍ അറബി ഭാഷയുടെ വ്യാപനത്തിനും മുജാഹിദ് ആദര്‍ശ പ്രബോധനത്തിനുമായിരുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകാനിടയില്ല. അതുകൊണ്ട് തന്നെ മൗലവിയുടെ വിയോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് അറബി ഭാഷാ സംരഭങ്ങളെയും മുജാഹിദ് പ്രബോധന മേഖലയെയുമായിരിക്കും.

മൗലവിയുടെ ജീവിതം 

അറബിഭാഷാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും മുജാഹിദ് പ്രവര്‍ത്തകരെയും ചില തിരിച്ചറിവുകളിലേക്ക് തിരിച്ചുനടക്കാന്‍ പ്രേരിപ്പിക്കേണ്ടതുണ്ട്. അറബിഭാഷയെ മാത്രമല്ല; അറബിഭാഷ ഉയര്‍ത്തിപ്പിടിക്കുന്ന സംസ്‌കാരത്തെ കൂടിയാണ് കരുവള്ളി ഉള്‍കൊണ്ടതും പ്രചരിപ്പിച്ചതും.

അറബി അധ്യാപകരുടെ ജോലിസുരക്ഷിതത്വം മാത്രമായിരുന്നില്ല മൗലവിയുടെ അജണ്ട; സംസ്‌കരണ ചിന്തയും സാമൂഹ്യബോധവുമുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ മാത്യകായോഗ്യരായ അറബി അധ്യാപകരെ വാര്‍ത്തെടുക്കലായിരുന്നു ലക്ഷ്യം.

അറബി അധ്യാപകര്‍ അനുഭവിക്കുന്ന വിവേചനം അവസാനിപ്പിക്കാനുള്ള ആവശ്യവുമായി കരുവള്ളിയുടെ നേതൃത്വത്തില്‍ ഒരു നിവേദകസംഘം അന്നത്തെ വിദ്യഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ മുമ്പില്‍ ചെന്നു. 'ഈ വാദ്യാന്മാര്‍ക്ക് ശമ്പളത്തിന്റെ കാര്യമെ പറയാനുള്ളൂ...' എന്ന് പറഞ്ഞ് മന്ത്രി നിവേദക സംഘത്തെ നിരാശരാക്കി. ഇത് വെറും ശമ്പളക്കാര്യമല്ലെന്നും അറബിഭാഷയുടെയും അധ്യാപകരുടെയും അഭിമാനത്തിന്റെ വിഷയമാണെന്നും കരുവളളി തുറന്നടിച്ചു. ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ വിവേചനം പാടില്ലെന്നും മൗലവി ഓര്‍മപ്പെടുത്തി. കരുവള്ളിയുടെ ധൈഷണിക നിലപാട് മന്ത്രിക്ക് അംഗീകരിച്ച് കൊടുക്കേണ്ടി വന്നു. കേവലം ശമ്പളത്തിന് വേണ്ടി അധ്വാനിക്കുന്ന ഒരു വിഭാഗമായിട്ടല്ല അറബി അധ്യാപകരെ മൗലവി കണ്ടിരുന്നത് എന്ന കാഴ്ചപ്പാട് ഈ സംഭവം നമ്മെ ഓര്‍മിപ്പിക്കുന്നു.

പുതുതായി അധ്യാപനരംഗത്ത് എത്തിയ പലര്‍ക്കും അറബി ഭാഷക്ക് വേണ്ടി കേരളത്തിലുണ്ടായ പോരാട്ടത്തിന്റെ ചരിത്രം അറിയില്ല. കരുവള്ളിയുടെ മരണം പോലും ശ്രദ്ധയില്‍ പെടാതെ പോയ അറബി അധ്യാപകരുണ്ടോയെന്ന് അന്വേഷിച്ചാല്‍ ആരെയെങ്കിലും കണ്ടെത്താതിരിക്കില്ല! 

സ്വന്തം മക്കളെപ്പോലും അറബിഭാഷ പഠിപ്പിക്കാന്‍ വൈമനസ്യം കാണിക്കുന്നവരും ഇല്ലാതില്ല. വിദ്യാലയങ്ങളിലും അറബിക് കോളേജുകളിലും ധാര്‍മികബോധവും സാമൂഹ്യപ്രതിബദ്ധതയും ഊട്ടിയുറപ്പിക്കാന്‍ നേതൃത്വം നല്‍കിയിരുന്ന അറബി അധ്യാപകരുടെ എണ്ണം കുറഞ്ഞ് വരികയാണെന്ന സത്യം എത്ര പേര്‍ ഗൗരവമായ ചിന്തക്ക് വിധേയമാക്കിയിട്ടുണ്ട്?

സമൂഹത്തിലും വിദ്യാലയങ്ങളിലുമുണ്ടാകുന്ന സദാചാര പ്രശ്‌നങ്ങളില്‍ തീര്‍പ്പ് കല്‍പിക്കാന്‍ അറബി അധ്യാപകരെ അന്വേഷിച്ച് വന്നിരുന്ന കാലം അവസാനിച്ച് തുടങ്ങിയോ? വിദ്യാലയത്തിനും വീടിനുമിടയിലുള്ള തങ്ങളുടെ ദൗത്യം തിരിച്ചറിഞ്ഞ അധ്യാപക സമൂഹത്തെയായിരുന്നു കരുവള്ളിയും സമകാലികരും വിഭാവനം ചെയ്തത്. അധ്യാപനം എന്നത് കേവലമൊരു ജോലിയല്ല; ഒരു സാമൂഹ്യ ഉത്തരവാദിത്തംകൂടിയാണ്.

വിവാദങ്ങളുടെ പെരുമഴയില്‍ നനഞ്ഞ് കുതിര്‍ന്ന മുസ്‌ലിം ഐഡന്റിറ്റിയെ സംരക്ഷിക്കാന്‍ അറബി ഭാഷയില്‍ പ്രാവീണ്യമുള്ളവര്‍ മുന്നോട്ട് വേരണ്ടതുണ്ട്. ഇസ്‌ലാമിന് നേരെ ഉയര്‍ന്ന് വരുന്ന വിമര്‍ശനങ്ങള്‍ക്ക് അറബി ഭാഷയില്‍ കനപ്പെട്ട മറുപടികളുണ്ട്. പ്രാമാണികമായ അത്തരം ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തും പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയും വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ അവസരോചിതമായി രംഗത്ത് വരാന്‍ ഇനിയും വൈകിക്കൂടാ.

അറിവുള്ളവര്‍ സ്വന്തം പ്രദേശത്ത് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാതെ മാറി നില്‍ക്കുന്നത് സാധാരണ പ്രവര്‍ത്തകരുടെ മനോവീര്യം കൂടിയാണ് കെടുത്തിക്കളയുന്നത് എന്ന സത്യം നാം വിസ്മരിക്കരുത്.

അക്കാദമിക രംഗത്തും, പഠപുസ്തക രചനയിലും ഗവേഷണ മേഖലയിലും മുന്‍ഗാമികളുടെ കാഴ്ചപ്പാട് നെഞ്ചിലേറ്റിയവരുടെ എണ്ണം കുറഞ്ഞ് വരുന്ന വര്‍ത്തമാനകാലത്ത് അറബി അധ്യാപകരുടെ സജീവ ശ്രദ്ധ ഈ മേഖലയിലേക്കും പതിയേണ്ടതുണ്ട്.

മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ വിവാദങ്ങളുടെ പൊരിവെയിലിലാണ് മൗലവിയുടെ അവസാന കാലം കടന്ന് പോയത്. സത്യസന്ധമായ നിലപാടുകള്‍ക്ക് മുന്നില്‍ സ്ഥാനമാനങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ലെന്ന പാഠം സ്വജീവിതത്തിലൂടെ പകര്‍ന്ന് നല്‍കിക്കണ്ടാണ് അദ്ദേഹം ഇസ്വ്‌ലാഹി കേരളത്തോട് വിട ചൊല്ലിയത്. കരുവളളിയുടെ സംഭവബഹുലമായ ജീവിതയാത്രയില്‍ അലസതയുടെയും നിസ്സംഗതയുടെയും നിഷ്‌ക്രിയത്വത്തിന്റെയും ഇടവേളകള്‍ നമുക്ക് ദര്‍ശിക്കാനാവില്ല.

ഇസ്‌ലാമിക പ്രബോധന രംഗത്തുനിന്ന് മാറിനില്‍ക്കാന്‍ ചിലര്‍ നിരത്തുന്ന കാരണങ്ങളെല്ലാം മൗലവിയും അഭിമുഖീകരിച്ചിട്ടുണ്ട്. എന്നിട്ടും കര്‍മവീഥിയില്‍ കാലിടറാതെ ഒരു നൂറ്റാണ്ട് തികക്കാന്‍ സാധിച്ചത് ലക്ഷ്യത്തെക്കുറിച്ചുള്ള കൃത്യമായ ഉള്‍കാഴ്ച കൊണ്ടായിരുന്നു. 

കുടുംബവും കുട്ടികളും ജോലിയും ഔദ്യോഗിക തിരക്കുകളുമൊന്നും സാമൂഹ്യബാധ്യതയില്‍ നിന്ന് ഒളിച്ചോടാന്‍ അദ്ദേഹത്തെ പോലുള്ളവര്‍ കാരണമായി കണ്ടില്ല. നമ്മുടെ യാത്രയ്ക്കുള്ള ഇന്ധനമാണ് ഓരോ പണ്ഡിതന്മാരും ബാക്കി വെച്ച് കടന്നുപോയത്. അത് നെഞ്ചിലേറ്റിക്കൊണ്ടാണ് അവരോടുളള ഉത്തരവാദിത്തങ്ങള്‍ നാം നിര്‍വഹിക്കേണ്ടത്. 

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെയും ജാമിഅ അല്‍ഹിന്ദിലെയും ഏതൊരു സംരംഭത്തെയും പിന്‍തുണക്കാനും അതില്‍ പങ്കെടുക്കാനും പ്രായാധിക്യത്തിലും അദ്ദേഹം കാണിച്ച താല്‍പര്യം ഞങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇസ്വ്‌ലാഹി പ്രസ്ഥാനത്തോളം പ്രായമുള്ള മൗലവിയുടെ പിന്‍തുണയും പ്രാര്‍ഥനയും മാര്‍ഗനിര്‍ദേശങ്ങളുമാണ് വിസ്ഡം കൂട്ടായ്മയുടെ വിവേക പൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ധനമായത്.