പഠിതാക്കള്‍ അറിയാന്‍

മൂസ സ്വലാഹി, കാര

2018 ദുല്‍ക്വഅദ 29 1439 ആഗസ്ത് 11

'അറിവ്' ഏറ്റവും വലിയ വെളിച്ചമാണ്. ഏത് വാക്കിനും പ്രവര്‍ത്തിക്കും മുമ്പ് അറിവ് തന്നെയാണ് പ്രധാനം. നേരായ അറിവിനെ അറിഞ്ഞവനും അറിയാത്തവനും ഒരുപോലെയല്ലെന്ന് ക്വുര്‍ആന്‍ ഉണര്‍ത്തുന്നു. അല്ലാഹു പറയുന്നു: ''പറയുക, അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്മാര്‍ മാത്രമെ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ'' (ക്വുര്‍ആന്‍ 39:9). 

അറിവുള്ളവര്‍ രണ്ട് ലോകത്തും ഉയര്‍ന്ന പദവികളിലാണെന്ന സന്ദേശവും ക്വുര്‍ആനിലുണ്ട്. അല്ലാഹു പറയുന്നു: ''നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്''(ക്വുര്‍ആന്‍ 58:11).

മതവിഷയങ്ങളെ സംബന്ധിച്ചുള്ള അറിവാണ് അടിസ്ഥാനപരമായി വേണ്ടതും മഹത്ത്വമേറിയതെന്നുമുള്ളതില്‍ സംശയമില്ല. അതില്‍നിന്ന് മുഖം തിരിക്കല്‍ ആപത്ത് വരുത്തിവെക്കും. അല്ലാഹു പറയുന്നു: ''ആകയാല്‍ നമ്മുടെ സ്മരണ വിട്ടുതിരിഞ്ഞുകളയുകയും ഐഹിക ജീവിതം മാത്രം ലക്ഷ്യമാക്കുകയും ചെയ്തവരില്‍ നിന്ന് നീ തിരിഞ്ഞു കളയുക. അറിവില്‍ നിന്ന് അവര്‍ ആകെ എത്തിയിട്ടുള്ളത് അത്രത്തോളമാകുന്നു. തീര്‍ച്ചയായും നിന്റെ രക്ഷിതാവാകുന്നു അവന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയവരെപ്പറ്റി കൂടുതല്‍ അറിവുള്ളവന്‍. സന്മാര്‍ഗം പ്രാപിച്ചവരെപ്പറ്റി കൂടുതല്‍ അറിവുള്ളവനും അവന്‍ തന്നെയാകുന്നു'' (ക്വുര്‍ആന്‍ 53:29,30).

ആത്മാര്‍ഥതയും അച്ചടക്കവും ആരിലാണോ ഒന്നിക്കുന്നത് അവന് മാത്രമെ നന്നായി അറിവ് നേടാനാകൂ. ഇതിനായി വേണ്ടത് ചിട്ടയായ പഠനരീതിയും നിര്‍ബന്ധമായും പാലിക്കേണ്ട മര്യാദകളുമാണ്. പ്രവര്‍ത്തിക്കുന്നവന്റെ ഉദ്ദേശ്യശുദ്ധിക്കനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടുക എന്നതിനാല്‍ അറിവ് നേടുന്നവന്‍ അല്ലാഹുവിന്‍ നിന്നാണ് അതിനുള്ള പ്രതിഫലം കാംക്ഷിക്കേണ്ടത്. 

ഭൗതികലാഭങ്ങള്‍ക്കും പാരിതോഷികങ്ങള്‍ക്കും മാത്രമായി മതപരമായ അറിവ് തേടുന്നവര്‍ ഭയപ്പെടേണ്ടതുണ്ട്. ''അബൂഹുറയ്‌റ(റ)വില്‍ നിന്ന്: നബി ﷺ പറഞ്ഞു: ''അല്ലാഹുവിന്റെ തിരുമുഖം ആഗ്രഹിക്കപ്പെടേണ്ടതായ ഒരറിവ് കൊണ്ട് ഇഹലോകത്തിലെ ഏതെങ്കിലും വിഭവം നേടാന്‍ വേണ്ടി മാത്രമായി ആരെങ്കിലും പഠിച്ചാല്‍ അന്ത്യനാളില്‍ അവന്‍ സ്വര്‍ഗത്തിന്റെ പരിമളം ആസ്വദിക്കുകയില്ല'' (അബൂദാവൂദ്).

പ്രാര്‍ഥന പഠിതാവിന് കരുത്താണ്. ഉപകാരമുള്ള അറിവിനും അതിന്റെ വര്‍ധനവിനും വേണ്ടി എപ്പോഴും പ്രാര്‍ഥിക്കണം. നബി ﷺ യോട് അല്ലാഹു കല്‍പിച്ചത് കാണുക: ''എന്റെ രക്ഷിതാവേ, എനിക്ക് നീ ജ്ഞാനം വര്‍ധിപ്പിച്ചു തരേണമേ എന്ന് നീ പറയുകയും ചെയ്യുക'' (ക്വുര്‍ആന്‍ 20:114). 

'ഉപകാരപ്രദമായ അറിവിനെയും വിശിഷ്ടമായ ഭക്ഷണത്തെയും സ്വീകരിക്കപ്പെടുന്ന പ്രവൃത്തിയെയും അല്ലാഹുവേ, ഞാന്‍ നിന്നോട് ചോദിക്കുന്നു' (ഇബ്‌നുമാജ) എന്ന് പ്രഭാതത്തില്‍ പ്രത്യേകം പ്രാര്‍ഥിക്കുവാന്‍ വിശ്വാസികള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.

അനുവദിക്കപ്പെട്ട മത്സരബുദ്ധിയാണ് പഠിതാക്കള്‍ക്കിടയില്‍ എന്നും നിലനില്‍ക്കേണ്ടത്. ഉന്നതസ്ഥാനങ്ങള്‍ ലഭിക്കണമെന്ന കൊതിയും ഒരുപാട് അനുയായികള്‍ വേണമെന്ന മോഹവും ജനങ്ങളില്‍ നിന്നുള്ള ആദരവും സദസ്സുകളുടെ കയ്യടിയുമെല്ലാം ആഗ്രഹിക്കല്‍ പൊങ്ങച്ചമാണ്. നബി ﷺ നല്‍കിയ മുന്നറിയിപ്പ് എത്ര ഗൗരവതരം! അബൂഹുറയ്‌റ(റ)വില്‍ നിന്ന്: നബി ﷺ പറഞ്ഞു: ''ഒരാള്‍ അറിവ് നേടുകയും അത് പഠിപ്പിക്കുകയും ക്വുര്‍ആന്‍ പാരായണം നടത്തുകയും ചെയ്താല്‍ അങ്ങനെ അവനെ കൊണ്ടുവരപ്പെടുകയും (അന്ത്യനാളില്‍) അല്ലാഹു അവന് ചെയ്തു കൊടുത്ത അനുഗ്രഹങ്ങള്‍ അറിയിച്ച് കൊടുക്കുകയും അവന്‍ അത് അറിയുകയും ചെയ്യും. അല്ലാഹു ചോദിക്കും: 'അത്‌കൊണ്ട് നീ എന്താണ് പ്രവര്‍ത്തിച്ചത്?' അവന്‍ പറയും: 'ഞാന്‍ അറിവ് പഠിക്കുകയും പഠിപ്പിക്കുകുയം നിനക്ക് വേണ്ടി ക്വുര്‍ആന്‍ പാരായണം നടത്തുകയും ചെയ്തു.' അപ്പോള്‍ അല്ലാഹു പറയും: 'നീ കള്ളമാണ് പറഞ്ഞത്. കാരണം നീ (അറിവ്) പഠിച്ചത് പണ്ഡിതനെന്ന് പറയപ്പെടാന്‍ വേണ്ടിയായിരുന്നു. നീ നല്ല പാരായണം ചെയ്യുന്നവനാണെന്ന് പറയപ്പെടാന്‍ വേണ്ടിയാണ് നീ ക്വുര്‍ആന്‍ ഓതിയത്. തീര്‍ച്ചയായും അത് പറയപ്പെട്ട് കഴിഞ്ഞു.' പിന്നീട് അവനെ മുഖം നിലത്ത് വലിച്ചിഴച്ച് നരകത്തിലേക്ക് എറിയാന്‍ കല്‍പിക്കപ്പെടും'' (മുസ്‌ലിം).

പഠിതാവില്‍ ഇടംപിടിക്കേണ്ട സ്വഭാവങ്ങളാണ് ഭയഭക്തി, അച്ചടക്കം, അനുസരണം, ധാര്‍മികബോധം തുടങ്ങിയവ. ഇതെല്ലാം വിനഷ്ടമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്; വിശിഷ്യാ ഭൗതിക വിദ്യാസത്തിന്റെ വഴികളില്‍ സഞ്ചരിക്കുന്നവര്‍ക്കിടയില്‍.  

അല്ലാഹു പറയുന്നു: ''മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്നവര്‍ണങ്ങളുള്ളവയുണ്ട്. അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസന്മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 35:28).

ചിന്നിച്ചിതറിയ ചിന്തകള്‍ യാഥാര്‍ഥ്യങ്ങളെ കണ്ടെത്താനും മനസ്സിനെ കൂട്ടിപ്പിടിക്കാനും തന്റെ പ്രയത്‌നത്തെ അറിവിനായി ഉപയോഗിക്കാനും തടസ്സം വരുത്തുമെന്നതിനാല്‍ ആവശ്യമില്ലാത്ത വിഷയങ്ങള്‍ ഒഴിവാക്കാന്‍ പഠിതാവ് കഴിവതും ശ്രമിക്കണം. ഉറക്കം, ഉന്മേഷക്കുറവ്, ശരീരക്ഷീണം, താല്‍പര്യമില്ലായ്മ എന്നീ ദുശ്ശീലങ്ങളെ പകരം നല്‍കുന്ന അമിത ഭോജനത്തിന് മുന്‍ഗണന കൊടുക്കാതെ അനുവദിക്കപ്പെട്ടതില്‍ നിന്നും ആരോഗ്യദായകമായത് മിതമായി മാത്രം ഭക്ഷിക്കലാണ് പഠിതാവിന് ഉചിതം.

നല്ലതോ ചീത്തയോ എന്ന് തിരിച്ചറിയാന്‍ കഴിയാത്തവയെതൊട്ട് വിട്ടുനില്‍ക്കുക, അല്ലാഹുവിനെ ഓര്‍ത്തുകൊണ്ടിരിക്കുക, നല്ലതിന് വേണ്ടി സംസാരിക്കുക, നല്ലത് മാത്രം പറയുക, അജ്ഞരോട് സമമാകുന്ന 'വിടുവായിത്തം' വെടിയുക, വഞ്ചന, അസൂയ പോലുള്ള എല്ലാ ദുസ്സ്വഭാവങ്ങളും വെടിയുക, പഠനത്തില്‍ ശ്രദ്ധിക്കാതെ വിനോദങ്ങളില്‍ മുഴുകി കാലംകഴിക്കുന്നവരോടൊപ്പമുള്ള സഹവാസം ഒഴിവാക്കുക, പഠനത്തിന് സഹായകമാകുന്നവരോടൊപ്പം സഹവസിക്കുക തുടങ്ങിയവ ജീവിതത്തില്‍ പകര്‍ത്തല്‍ പഠിതാവിന്റെ ബാധ്യതയാണ്.

മതവിദ്യാഭ്യാസം തേടുന്നതില്‍ നല്ല ജ്ഞാനവും പക്വതയും ഭയഭക്തിയുമുള്ള ഗുരുനാഥന്മാരെ തെരഞ്ഞെടുക്കേണ്ടതുണ്ട്. അധ്യാപകരെ അനുസരിക്കലും ആദരിക്കലും വിദ്യാര്‍ഥികളുടെ ബാധ്യതയാണ്. അധ്യാപകന്‍ പറയുന്നതിന് കാതോര്‍ക്കാതെ അനാവശ്യമായ ചോദ്യങ്ങള്‍ നിരത്തി അദ്ദേഹത്തിന്റെ വിവരണത്തെ തടയലും മറ്റുള്ളവരോട് സംസാരിച്ച് അധ്യാപകന്റെ വാക്കുകളെ മുറിക്കുന്നതും നല്ല പഠിതാവിന്റെ ലക്ഷണമല്ല.

അധ്യാപകര്‍ ദേഷ്യപ്പെടുന്നത് തങ്ങളോടുള്ള വൈരാഗ്യം കൊണ്ടല്ലെന്ന് പഠിതാക്കള്‍ തിരിച്ചറിയണം. അത്യാവശ്യമുള്ള ഗ്രന്ഥങ്ങള്‍ സാധ്യമാകുന്നത്ര സ്വന്തമാക്കാന്‍ ശ്രമിക്കണം. മറ്റുള്ളവര്‍ക്ക് പുസ്തകങ്ങള്‍ കടമായി കൊടുക്കാനും ആരില്‍ നിന്നെങ്കിലും കടമായി എടുത്താല്‍ തിരികെ ഏല്‍പിക്കാനും വിദ്യാര്‍ഥികള്‍ സന്മനസ്സ് കാണിക്കണം. 

പഠനസമയത്തും ശേഷവും ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കപ്പെടാന്‍ ഏറെ സാധ്യതയുള്ളതിനാല്‍ കഴിയുന്നത്ര അറിവിനെ സ്വായത്തമാക്കാനും കിട്ടുന്ന അറിവിനെ സ്വന്തത്തിനും മറ്റുള്ളവര്‍ക്കുമായി പ്രയോജനപ്പെടുത്താനും മരണാനന്തര ജീവിതത്തില്‍ ഉപകാരപ്പെടുന്നതാക്കി മാറ്റാനും പഠിതാവ് പ്രയത്‌നിക്കണം.

പഠിക്കുന്ന സ്ഥാപനവും ക്ലാസ്മുറിയും അനുബന്ധ സൗകര്യങ്ങളും വരുംതലമുറകള്‍ക്കുകൂടിയുള്ളതാണെന്ന് മനസ്സിലാക്കി അവയെ സംരക്ഷിക്കുവാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വൃത്തി വിശ്വാസത്തിന്റെ ഭാഗമാണെന്നും, ഓരോ സെക്കന്റും വിലമതിക്കാനാകാത്ത സമ്പത്താണെന്നും ചെറിയ അറിവിനെ പോലും നിലനിര്‍ത്തുവാന്‍ നിരന്തര പ്രവര്‍ത്തനം ആവശ്യമാണെന്നും നിരന്തരമായ വായന ഓര്‍മക്കുറവിനെ പരിഹരിക്കുമെന്ന തിരിച്ചറിവുമെല്ലാം ഉണ്ടാകുമ്പോഴാണ് ഏതൊരു പഠിതാവും വിവേകമുള്ള ജ്ഞാനിയാവുക.

അബ്ദുല്ലാഹിബ്‌നു മുബാറക്(റ) പറഞ്ഞു: ''അറിവിന് വേണ്ടത് യഥാക്രമം നല്ല ഉദ്ദേശ്യശുദ്ധിയും കാര്യങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കലും ഗ്രഹിക്കലും മനനം ചെയ്യലും പഠിച്ചത് പ്രാവര്‍ത്തികമാക്കലും പ്രചരിപ്പിക്കലുമാണ്.''

നന്മയിലും പുണ്യത്തിലും നിങ്ങള്‍ പരസ്പരം സഹായിക്കുക, പാപത്തിലും ശത്രുതയിലും നിങ്ങള്‍ അന്യോന്യം സഹകരിക്കരുത് എന്ന ക്വുര്‍ആനിക സന്ദേശത്തെ ജീവിതത്തിന്റെ ഭാഗമാക്കാനും എല്ലാവിധ സങ്കുചിതത്വങ്ങളെയും വിവേചനങ്ങളെയും വെടിഞ്ഞ് അനാവശ്യമായ ചേരിതിരിഞ്ഞുള്ള പോരാട്ടങ്ങൡ നിന്ന് അകന്നു നില്‍ക്കാനും പഠിതാവിന് കഴിയേണ്ടതുണ്ട്.