പരിഭാഷയുടെ പരിപക്വഘട്ടവും മാറ്റൊലികളും

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി / വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

2018 സെപ്തംബര്‍ 22 1439 മുഹര്‍റം 11

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 3)

നാം മുമ്പ് സൂചിപ്പിച്ചതുപോലെ അറബികളായ മുസ്‌ലിംകള്‍ വിജയിച്ച നാടുകളെല്ലാം അറബിഭാഷാ പഠനത്തില്‍ മികവ് തെളിയിച്ചു. അവിടങ്ങളില്‍ ജനങ്ങള്‍ അറബി ഭാഷയില്‍ മുഴുശ്രദ്ധയും പതിപ്പിച്ചു. അവര്‍ക്ക് ഇസ്‌ലാമിനോടും വിശുദ്ധ ക്വുര്‍ആനിനോടും അറബികളോടുമുള്ള സ്‌നേഹമായിരുന്നു അതിനു കാരണം. അല്ലാഹുവേ, നിനക്ക് സ്തുതി...

എന്നാല്‍ ഈ സവിശേഷത ഇന്ത്യക്കുണ്ടായില്ല. കാരണം ഇന്ത്യയെ വിജയിച്ചവര്‍ മുഗളരും ഗസ്‌നവികളും മറ്റുമായ അനറബികളായിരുന്നു. ജനങ്ങളുടെ ശ്രമങ്ങള്‍ രാഷ്ട്രത്തിന്റെ ശ്രമങ്ങള്‍ക്ക് തുല്യമാകില്ലല്ലോ. വ്യക്തികളുടെ പരിഗണനകള്‍ക്ക് പരിധികളുണ്ട് താനും. അതിനാല്‍ തന്നെ ഓത്തുപള്ളികളിലും പള്ളിദര്‍സുകളിലും പാഠശാലകളിലും പഠിക്കുന്നതൊഴിച്ച് മലബാറില്‍ അറബി ഭാഷക്ക് നിലനില്‍പുണ്ടായില്ല. നാടിന്റെ ഭാഷ മലയാളമായി തന്നെ നിലകൊണ്ടു. വിശുദ്ധ ക്വുര്‍ആനിന്റെ ആശയങ്ങള്‍ പണ്ഡിതരിലും പഠിതാക്കളിലും പരിമിതമായി. വിശുദ്ധ ക്വുര്‍ആനാകട്ടെ ലോകരെ മനനം നടത്താനും ചിന്തിക്കാനും പഠിക്കാനും ക്ഷണിച്ചു. അല്ലാഹു പറയുന്നു: 

''അപ്പോള്‍ അവര്‍ ക്വുര്‍ആന്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്മേല്‍ പൂട്ടുകളിട്ടിരിക്കയാണോ?'' (ക്വുര്‍ആന്‍ 47:24).

ഈ അടിത്തറയില്‍നിന്ന് ചില ഒറ്റപ്പെട്ട പണ്ഡിതരും നിപുണരായ എഴുത്തുകാരും മലയാള ഭാഷയില്‍ ക്വുര്‍ആനിന് ഒരു വിവര്‍ത്തനം തയ്യാറാക്കാന്‍ ആരംഭിച്ചു. ഇസ്‌ലാമികാധ്യാപനങ്ങള്‍ നിറഞ്ഞുവാണ കാലഘട്ടം അജ്ഞത നിമിത്തം നിഷ്പ്രഭമാവുകയും അറബിക്കുള്ള പരിഗണന കുറയുകയും പിന്‍തലമുറകളില്‍ മതവിഷയങ്ങള്‍ക്ക് ശ്രദ്ധ കുറയുകയും ചെയ്തതിന് ശേഷമായിരുന്നു ഈ ഒരുക്കം എന്നതാണ് അതിന്റെ പ്രത്യേകത. 

'നിങ്ങള്‍ക്കൊരു കാലഘട്ടം വന്നെത്തുകയില്ല, അതിന് ശേഷമുള്ളത് ആദ്യത്തേതിനെക്കാള്‍ ദോഷകരമായിട്ടല്ലാതെ' എന്ന പ്രവാചക വചനത്തെ അന്വര്‍ഥമാക്കുന്നതായിരുന്നല്ലോ ആ കാലഘട്ടം. 

മുഗളരിലൂടെയും ഗസ്‌നവികളിലൂടെയും ചേക്കേറിയ സ്വൂഫീ ചിന്താഗതികള്‍ക്ക് ഈ അപചയത്തിലും പതനത്തിലും മുഖ്യപങ്കുണ്ടായിരുന്നു. ഇത്തരുണത്തില്‍ സത്യത്തിന്റെ വക്താക്കള്‍ സമുദായത്തെ സംരക്ഷിക്കാന്‍ നിര്‍മാണാത്മകവും ഫലവത്തും തീവ്രവുമായ ചിന്തക്ക് തിരികൊളുത്തി. 

'എന്റെ ഉമ്മത്തുകളില്‍ ഒരു വിഭാഗം സത്യത്തിനെ സഹായിക്കുന്നവരായി ആയിക്കൊണ്ടേയിരിക്കും. അവരെ എതിര്‍ക്കുന്നവര്‍ അവര്‍ക്കൊരിക്കലും ഉപദ്രവമേല്‍പിക്കില്ല, അല്ലാഹുവിന്റെ കല്‍പന വന്നെത്തുന്നതുവരെ' എന്ന പ്രവാചക വചനത്തെ സത്യപ്പെടുത്തും വിധമായിരുന്നു അവരുടെ ഉയര്‍ത്തെഴുന്നേല്‍പ്. 

ഇവിടെ എന്നെ വ്യാകുലപ്പെടുത്തുന്ന ഒരു വസ്തുതയുണ്ട്. അഥവാ മലയാളക്കരയിലെ സുവര്‍ണകാലഘട്ടത്തിനും (അറബി ഭാഷയിലെ നിര്‍മാണത്തിന്റെയും രചനയുടെയും വിശുദ്ധ ക്വുര്‍ആനും തഫ്‌സീറും നേരിട്ടു ഗുരുനാഥന്മാരില്‍നിന്ന് പഠിച്ചിരുന്നതിന്റെയും കാലഘട്ടം) അറിവിലും വിജ്ഞാനത്തിലും പിന്നാക്കംനിന്ന കാലഘട്ടത്തിനും ഇടയിലെ അന്തരം എത്രയായിരുന്നുവെന്നറിയില്ല എന്നതാണത്. എത്ര ദീര്‍ഘമായ ഗവേഷണം നടത്തിയിട്ടും ചരിത്ര കൃതികളില്‍ അത് കണ്ടെത്താനായില്ല. ഈ രണ്ട് കാലഘട്ടങ്ങള്‍ക്കിടയില്‍ വ്യക്തമായ അന്തരവും വ്യത്യാസവും കാണുന്നുണ്ട് താനും. 

വിവര്‍ത്തനം അനുകൂലികള്‍ക്കും പ്രതികൂലികള്‍ക്കും മധെ്യ

സത്യത്തിന്റെ പ്രണേതാക്കള്‍ക്ക് വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്നതിനെക്കുറിച്ചുണ്ടായ ചിന്തയും ഉണര്‍വും തന്നിഷ്ടക്കാര്‍ക്ക് വലിയ പ്രയാസത്തിന് കാരണമായി. പെട്ടെന്ന് അവര്‍ അനുകൂലികളുടെ അനുഗൃഹീത കാല്‍വയ്പുകളെ നിരീക്ഷിക്കുവാനും അതിന്നെതിരില്‍ ഉണരുവാനും വിവിധ മാര്‍ഗങ്ങളുപയോഗിച്ച് ഈ ചിന്താഗതിയെ വിമര്‍ശിക്കുവാനും എതിരിടുവാനും തുടങ്ങി. 

സ്വൂഫീ ചിന്താഗതിയില്‍ വശംവദരായ, സുന്നികളെന്ന് വാദിക്കുന്നവരാണ് ഈ അനുഗൃഹീത കാല്‍വയ്പുകള്‍ക്ക് കൂച്ചുവിലങ്ങുകളായത്. അതിനുള്ള കാരണങ്ങള്‍ താഴെ പറയുന്നവയായേക്കാം: 

  • അവരെക്കുറിച്ച് നല്ല ധാരണ വെച്ചുപുലര്‍ത്തുന്ന പാമരന്മാര്‍ അവരുടെ ഉള്ളറകളും നിജസ്ഥിതിയും അറിയുമെന്ന ഭയം. 
     
  • സ്വാലിഹുകളെ സ്‌നേഹിക്കുക, ആദരിക്കുക എന്ന പേരില്‍ ശിര്‍ക്കിലും അദ്വൈതത്തിലും ചെന്നെത്തി നില്‍ക്കുന്ന സ്വൂഫീ ചിന്തകള്‍ യഥാര്‍ഥ തൗഹീദിന് വിരുദ്ധമാണെന്ന് വഞ്ചിതരായ പാമരജനം അറിയുമെന്ന അവരുടെ ഭയം. 
     

അതിനാല്‍ തന്നെ പ്രതികൂലികളുടെ നിരൂപണം തീവ്രവും വൈവിധ്യമാര്‍ന്നവയുമായിരുന്നു. ധാരാളം യോഗങ്ങള്‍ക്കു ശേഷം 'തര്‍ജമ നിഷിദ്ധം' എന്ന ഫത്‌വ പ്രഖ്യാപിതമായി. അമുസ്‌ലിംകള്‍ പഠിക്കുകയും കൈകാര്യം ചെയ്യുകയും അങ്ങനെ വിശുദ്ധ ക്വുര്‍ആനിന്റെ പവിത്രത നഷ്ടപ്പെടുകയും ചെയ്യും എന്നതായിരുന്നു അവരുടെ ന്യായം. 

തര്‍ജമക്കെതിരില്‍ എതിര്‍പ്പുകളും നിരൂപണങ്ങളും ഉണ്ടായെങ്കിലും തര്‍ജമകള്‍ വെളിച്ചം കണ്ടതിനു ശേഷമാണ് പ്രതികരണങ്ങള്‍ ഉണ്ടായത്. തര്‍ജമയെ എതിര്‍ത്ത പണ്ഡിതരില്‍ ചിലര്‍ തന്നെ തര്‍ജമ ചെയ്യുകയും തങ്ങളുടെ ക്യത്യത്തെ ന്യായീകരിക്കുകയും നിലപാട് സാധൂകരിക്കുകയും ചെയ്തത് കാരണത്താലായിരുന്നു അത്. (അത് പിന്നീട് വശദീകരിക്കുന്നുണ്ട്). 

മറ്റൊരു വീക്ഷണകോണിലൂടെ തര്‍ജമയെ നിരൂപിച്ചവര്‍ വേറേയുമുണ്ട്. പ്രസ്തുത വീക്ഷണത്തെ ഇപ്രകാരം സംഗ്രഹിക്കാം: വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തനത്തെ ആദരവും ബഹുമാനവും കൂടാതെ എല്ലാവരും കയ്യാളുകയും അതിലൂടെ ക്വുര്‍ആനിന്റെ സ്ഥാനവും പവിത്രതയും മഹത്ത്വവും കുറഞ്ഞു പോവുകയും ചെയ്യാനിടയുണ്ട്. 

ഈ വാദം കാര്യമായി ഏറ്റുപിടിച്ചത് ക്വുര്‍ആന്‍ വഹിക്കാന്‍ വുദൂഅ് നിര്‍ബന്ധമാണെന്ന് വാദിച്ചവരായിരുന്നു. ഈ വാദക്കാരെ പ്രീണിപ്പിക്കാനും അമുസ്‌ലിംകള്‍ക്കിടയില്‍ പ്രയാസമന്യെ പ്രചരിപ്പിക്കാനും ചില പരിഭാഷകര്‍ തങ്ങളുടെ തര്‍ജമയെ അറബി മൂലത്തില്‍ നിന്ന് മുക്തമാക്കി. ഈ ചര്‍ച്ച ശാഫിഈ പണ്ഡിതര്‍ കേരളത്തില്‍ ഇടക്കിടെ ഇളക്കിവിടാറുണ്ട്. 

ഭയാശങ്കകള്‍, ഉത്കണ്ഠകള്‍

വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തന ചിന്ത മലബാറിന്റെ ചക്രവാളത്തെ അടക്കിവാഴുകയും തല്‍വീക്ഷണത്താല്‍ അന്തരീക്ഷം ശബ്ദമുഖരിതമാവുകയും എഴുത്തുകാരും സാംസ്‌കാരിക നായകരും വിഷയം ഏറ്റുപിടിക്കുകയും ചെയ്തതോടെ വിവര്‍ത്തനത്തെ അനുകൂലിക്കുന്നവരില്‍ ഇടര്‍ച്ചയും ഭയപ്പാടും കണ്ടുതുടങ്ങി. കാരണം വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തന കവാടം തുറന്നിടുകയും എല്ലാവരും രംഗം കയ്യേറുകയും തോന്നിയവരെല്ലാം തോന്നിയ രീതിയില്‍ ചലിക്കാന്‍ തുടങ്ങുകയും ചെയ്താല്‍ കാര്യം അരാജകത്വത്തിലെത്തും. 

കള്ളപ്രവാചകന്‍ മിര്‍സാഗുലാം അഹ്മദ് അല്‍ ഖാദിയാനിയുടെ അനുയായിയായ മുഹമ്മദലി ഇംഗ്ലിഷില്‍ പരിഭാഷപ്പെടുത്തിയ ആദ്യ തര്‍ജമ പുറത്ത് വന്നതോടെ ഈ വിഷയത്തില്‍ വലിയ ശബ്ദ കോലാഹലങ്ങളുണ്ടായി. പ്രസ്തുത ഇംഗ്ലിഷ് തര്‍ജമ പിന്നീട് പല ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യപ്പെടുകയും ചെയ്തു. തീര്‍ത്തും വഴിപിഴച്ചവരായ ഖാദിയാനികള്‍ തുടക്കത്തില്‍ ഒരു കക്ഷിയായിരുന്നെങ്കിലും അഹ്മദുല്‍ ഖാദിയാനിയുടെ മരണത്തോടെ അവര്‍ രണ്ടായി വഴിപിരിഞ്ഞു. അവ രണ്ട് പേരിലറിയപ്പെട്ടു: 

(ഒന്ന്) ഖാദിയാനിസം: കള്ള പ്രവാചകന്റെ ജന്മനാടായിരുന്നു ഇവരുടെ തലസ്ഥാനം. അയാളുടെ മകന്‍ മീര്‍സാ ബശിറുദ്ദീന്‍ അഹ്മദ് അവരുടെ നേതാവുമായിരുന്നു. 

(രണ്ട്) ലാഹോര്‍ പാര്‍ട്ടി: ഇതിന്റെ കേന്ദ്രം പഞ്ചാബിന്റെ തലസ്ഥാന നഗരിയായിരുന്ന ലാഹോര്‍ ആയിരുന്നു. ഉപരി സൂചിത ഇംഗ്ലിഷ് പരിഭാഷകന്‍ മുഹമ്മദലി നേതാവും. 

ഈ രണ്ട് ഖാദിയാനീവിഭാഗങ്ങളും വിശുദ്ധ ക്വുര്‍ആന്‍ ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തുകയും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പ്രസ്തുത പരിഭാഷകള്‍ വ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നീ ഉപഭൂഖണ്ഡങ്ങളില്‍കൂടി ഇവ വ്യാപിച്ചു. വിവര്‍ത്തന വഴിയില്‍ അവര്‍ക്കുണ്ടായ വ്യതിയാനങ്ങള്‍ വഴിയെ വിവരിക്കുന്നുണ്ട്. 

ഈ പശ്ചാത്തലത്തില്‍ ഇത്തരം തര്‍ജമകള്‍ കണ്‍മുമ്പില്‍ നോക്കിക്കാണുന്നവര്‍ വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷ പാടില്ല എന്ന അഭിപ്രായത്തെയാണ് ശക്തിപ്പെടുത്തുക. മുസ്‌ലിംകള്‍ ഇത്തരം തര്‍ജമകളുടെ ഓരങ്ങളില്‍നിന്ന് വമിക്കുന്ന വഴിപിഴവുകളുടെയും സംഹാരാത്മകവും സ്ഖലിതവുമായ ചിന്താധാരകളുടെയും ബലിയാടുകളായി നിപതിക്കുമെന്ന ഭയം കാരണത്താല്‍ ആണത്. അല്ലാഹുവേ, നിന്റെ കാവല്‍!

മുകളില്‍ സൂചിപ്പിച്ച രണ്ടു പരിഭാഷകളുടെയും മറ്റും അപകടങ്ങള്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ പണ്ഡിതര്‍ മണത്തറിഞ്ഞതിനാല്‍ 1925ല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി അവ ഈജിപ്തില്‍ നിരോധിക്കുകയും മുമ്പ് കടന്നുവന്നത് നശിപ്പിക്കാന്‍ കല്‍പിക്കുകയും ചെയ്തു. ഡോ അഹ്മദ് ഇബ്‌റാഹീം മുഹന്ന വിശുദ്ധ ക്വുര്‍ആന്‍ വിവരണത്തെ കുറിച്ചുള്ള തന്റെ പഠനത്തില്‍ അതിലേക്ക് സൂചന നല്‍കുന്നുണ്ട്. 

സത്യപ്രബോധകരെ തര്‍ജമയില്‍നിന്ന് തല്‍ക്കാലത്തേക്ക് പിടിച്ച് നിറുത്തിയ ഉത്കണ്ഠയാണ് മുകളില്‍ വിവരിച്ചത്. അത് പിന്നീട് നീങ്ങിപ്പോയി. 

ചുരുക്കിപ്പറഞ്ഞാല്‍ വിശുദ്ധ ക്വുര്‍ആനിന്റെ ആശയ വിവര്‍ത്തനം തടഞ്ഞവര്‍ രണ്ട് തരക്കാരായിരുന്നു. 

ഒന്ന്: ക്വുര്‍ആനിനെ ഭയപ്പെട്ടതിനാല്‍, അഥവാ വിശുദ്ധ ക്വുര്‍ആന്‍ അവരുടെ പിഴച്ച ചിന്തകളെ കീഴ്‌പ്പെടുത്തുകയും അതിനെ ഉന്മൂലനം ചെയ്യുമെന്നുമുള്ള ഭയം. അല്ലാഹു പറയുന്നു: 

''സത്യം അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നെങ്കില്‍ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരുമെല്ലാം കുഴപ്പത്തിലാകുമായിരുന്നു'' (ക്വുര്‍ആന്‍ 23:71).

രണ്ട്: ക്വുര്‍ആനിന് വല്ലതും സംഭവിക്കുമോ എന്ന് ഭയപ്പെട്ടുകൊണ്ടും അതിന്റെ ആദരവ് കാത്തു സൂക്ഷിക്കുവാനും അതിന്റെ പാവനത്വം സംരക്ഷിക്കുവാനും. 

പക്ഷേ, ഈ പരിശുദ്ധപ്പെടുത്തല്‍ അസ്ഥാനത്താണ്. കാരണം ക്വുര്‍ആന്‍ മുഴുജനങ്ങളിലേക്കും അവതീര്‍ണമാണ്. അതിന്റെ സന്ദേശമാകട്ടെ സര്‍വലൗകികവുമാണ്. 

അല്ലാഹു പറയുന്നു: ''പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു'' (ക്വുര്‍ആന്‍ 7:158).

അപക്വമായ പുതിയൊരു വാദം

വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തനവുമായി ബന്ധപ്പെട്ട് നവീനമായ മറ്റൊരു അഭിപ്രായംകൂടി രംഗപ്രവേശം ചെയ്തിരിക്കുന്നു. സത്യത്തിന്റെ വക്താക്കളായ ഇവര്‍ തര്‍ജമ പാടില്ല എന്നാണ് അഭിപ്രായപ്പെടുന്നത്. സത്യത്തോടുള്ള പ്രതിബദ്ധതയും നല്ല വിചാരവുമാണവര്‍ക്കുള്ളത്. മുസ്‌ലിംകളെ വിശുദ്ധ ക്വുര്‍ആനുമായി അടുപ്പിക്കുക എന്നതാണവരുടെ ന്യായവാദം. ഈ വാദഗതിക്കാരുടെ തെളിവുകള്‍:

1. മുസ്‌ലിംകള്‍ എല്ലാവരും അറബിഭാഷ പഠിക്കല്‍ നിര്‍ബന്ധമാണ്.

2. പരിഭാഷകള്‍ അവരെ അറബി പഠനത്തില്‍നിന്ന് തടയുകയും പരിഭാഷകളില്‍ ഒതുങ്ങിക്കൂടാന്‍ അവരെ സഹായിക്കുകയും ചെയ്യും. 

3. പൂര്‍വികര്‍ ആരും തന്നെ -അവര്‍ അനറബികള്‍ ആയിട്ടും- യുദ്ധവിജയ നാളുകളില്‍ വിശുദ്ധ ക്വുര്‍ആന്‍ പൂര്‍ണമായി വിവര്‍ത്തനം ചെയ്തിട്ടില്ല. 

ഈ വാദഗതിക്ക് ചുക്കാന്‍ പിടിച്ചത് ഹിജ്‌റ വര്‍ഷം 1379ല്‍ മരണപ്പെട്ട ശൈഖ് മുഹമ്മദ് സുല്‍ത്വാന്‍ അല്‍മക്കിയാണ്. ഈ സന്ദേഹം എങ്ങിനെ നീക്കിക്കളയാം എന്നതിലേക്ക് 'വിവര്‍ത്തനം ഇസ്‌ലാമിക വീക്ഷണത്തില്‍' എന്ന അധ്യായത്തില്‍ (രണ്ടാം അധ്യായം) സൂചന നല്‍കിയിട്ടുണ്ട്. അത് വീണ്ടും ആവര്‍ത്തിക്കുന്നില്ല. 

എങ്കിലും അറബിഭാഷാ പഠനം നിര്‍ബന്ധം എന്ന വിഷയത്തെപ്പറ്റി അല്‍പം സംസാരിക്കേണ്ടതുണ്ട്. കാരണം ഈ വാദഗതിക്ക് അതിന്റെതായ തെളിവ് ആവശ്യമാണ്. നമസ്‌കാരം പോലുള്ള മതചിഹ്നങ്ങള്‍ ശരിയായി നിര്‍വഹിക്കാന്‍ അനിവാര്യമായതെല്ലാം പഠിക്കല്‍ നിര്‍ബന്ധമാക്കിയ മതമാണ് ഇസ്‌ലാം. എന്നാല്‍ അതിനപ്പുറമുള്ള അസാധ്യമായതെല്ലാം ചെയ്യാന്‍ മുസ്‌ലിംകളെ നിര്‍ബന്ധിക്കാന്‍ നമുക്ക് സാധ്യമല്ല. 

അതെങ്ങനെ സാധിക്കും? കാരണം ഭാഷാവൈവിധ്യം അല്ലാഹു തന്റെ മഹത്തായ ദൃഷ്ടാന്തത്തിന്റെ ഇനത്തിലാണ് ഗണിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു: ''നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്'' (ക്വുര്‍ആന്‍ 30:22). 

എന്നാല്‍ ആബാലവൃദ്ധം മുസ്‌ലിംകളെ അറബി പഠിക്കാന്‍ പ്രോല്‍സാഹിപ്പിക്കല്‍ നമ്മുടെ ബാധ്യതയാണ്. വിശുദ്ധ ക്വുര്‍ആന്‍ വചനങ്ങള്‍ കേട്ട് ആസ്വദിക്കുവാനും ഭയചകിതരാകുവാനും അതിലൂടെ ഈമാന്‍ വര്‍ധിക്കുവാനും ഇത് സഹായിക്കും. അല്ലാഹു പറയുന്നു: 

''തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ അനുസ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു'' (ക്വുര്‍ആന്‍ 39:23). 

(അവസാനിച്ചില്ല).