ആള്‍കൂട്ട ഭീകരത, കലാലയ രാഷ്ട്രീയം, ആവിഷ്‌കാര സ്വാതന്ത്ര്യം‍

സുഫ്‌യാന്‍ അബ്ദുസ്സലാം

2018 ആഗസ്ത് 18 1439 ദുല്‍ഹിജ്ജ 06

(ആള്‍കൂട്ട ഭീകരത: 2)

അഭിമന്യുവിന്റെ കൊലപാതകം ഇപ്പോള്‍ ഉയര്‍ത്തുന്ന മറ്റൊരു സുപ്രധാന ചോദ്യം കലാലയ രാഷ്ട്രീയത്തിന്റെ അസ്തിത്വത്തെയാണ്. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന കഴിഞ്ഞ ഒക്‌റ്റോബറിലെ ഹൈക്കോടതിയുടെ നിരീക്ഷണം കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലാണ് കലാലയങ്ങള്‍ വീണ്ടും കൊലാലയങ്ങളായിക്കൊണ്ടിരിക്കുന്നത്. ഏറെ രചനാത്മകവും മാതൃകാനുസാരവുമായ പ്രക്രിയയായിട്ടാണ് ഭൂതകാലങ്ങളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം അറിയപ്പെട്ടിരുന്നത്. ഒട്ടേറെ പ്രഗത്ഭമതികളായ ഭരണാധികാരികളെയും രാഷ്ട്രീയ നേതാക്കളെയും രാജ്യത്തിനു സംഭാവന ചെയ്തത് വിദ്യാര്‍ഥി രാഷ്ട്രീയമാണ് എന്ന കാര്യം സര്‍വരും സമ്മതിക്കുന്ന കാര്യമാണ്. കേരളത്തില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ചരിത്രം അറിയപ്പെടുന്നത് 1882 മുതലാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മൂന്നു വിദ്യാര്‍ഥികള്‍ ബ്രിട്ടീഷ് അധിനിവേശത്തിനും ചൂഷണങ്ങള്‍ക്കുമെതിരെ നടത്തിയ സമരമാണ് കേരളത്തിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ തുടക്കമായി അറിയപ്പെടുന്നത്. 1916ല്‍ നാട്ടുരാജ്യങ്ങള്‍ക്ക് സ്വയംഭരണ പദവി ആവശ്യപ്പെട്ടുകൊണ്ട് ഹോം റൂള്‍ പ്രസ്ഥാനം ഉടലെടുത്തപ്പോള്‍ പാലക്കാട് വിക്‌റ്റോറിയയിലും സാമൂതിരി കോളേജിലും തലശേരി ബ്രണ്ണന്‍ കോളേജിലും വിദ്യാര്‍ഥികള്‍ സമരസജ്ജരായി ഇറങ്ങി. വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയം അനുവദിക്കപ്പെടാതിരുന്ന ആ കാലഘട്ടത്തില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും വിദ്യാര്‍ഥികളില്‍ രാഷ്ട്രീയ ചിന്ത വളര്‍ത്തിയെടുക്കണമെന്ന രാഷ്ട്രശില്‍പികളുടെ കാഴ്ചപ്പാടാണ് കേരളത്തില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തെ കരുപ്പിടിപ്പിച്ചത്. 

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗമായി രൂപംകൊണ്ട ഓള്‍ ഇന്ത്യ സ്റ്റുഡന്റസ് ഫെഡറേഷന്‍ (AISF) ആണ് ആദ്യമായി ഇന്ത്യയില്‍ രൂപം കൊണ്ട വിദ്യാര്‍ഥി പ്രസ്ഥാനം. 1937ല്‍ കൊല്‍ക്കത്തയില്‍ വെച്ച് മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായി എം.എസ്.എഫ് രൂപം കൊണ്ടു. കേരളത്തിലേക്ക് എം.എസ്.എഫിനെ കൊണ്ടുവന്നത് കെ.എം സീതി സാഹിബായിരുന്നു. 1942ല്‍ കോഴിക്കോട് ഹിമായത്തുല്‍ ഇസ്ലാം ഹൈസ്‌കൂളില്‍ വെച്ചാണ് എം.എസ്.എഫിന്റെ പ്രഥമ സമ്മേളനം സീതി സാഹിബ് വിളിച്ചുചേര്‍ത്തത്. സി.എച്ച് മുഹമ്മദ് കോയയും ഇ. അഹമ്മദുമെല്ലാം എം.എസ്.എഫിന്റെ സന്തതികളാണ്. കേരളപ്പിറവിക്ക് ശേഷം രൂപം കൊണ്ട കെ.എസ്.യുവിലൂടെയാണ് എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, വി.എം സുധീരന്‍ തുടങ്ങിയ പ്രഗത്ഭമതികള്‍ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. എം.എ ബേബി, ബിനോയ് വിശ്വം തുടങ്ങിയവര്‍ യഥാക്രമം എസ്.എഫ്.ഐയുടെയും എ.ഐ.എസ്.എഫിന്റെയും സംഭാവനകളാണ്. 

വിദ്യാര്‍ഥി രാഷ്ട്രീയവും കലാലയ രാഷ്ട്രീയവും ഒന്നല്ല. വിവിധ രാഷ്ട്രീയ വീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ക്യാംപസുകള്‍ക്കുള്ളിലേക്ക് കൊണ്ടുവരേണ്ടതില്ല എന്ന വീക്ഷണം ശക്തമാവുന്നത് ഇങ്ങനെയാണ്. കലാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ നൈസര്‍ഗിക കഴിവുകള്‍ വളര്‍ത്തുന്നതിനും രാജ്യസ്‌നേഹത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയബോധം വളര്‍ത്തുന്നതിനും രാഷ്ട്ര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അവരെ ഉപയോഗപ്പെടുത്തുന്നതിനുമാണ് കാലാലയങ്ങളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം അനുവദിച്ചത്. അത് പൊതുവില്‍ കലാലയ രാഷ്ട്രീയം എന്ന പേരില്‍ അറിയപ്പെട്ടുവന്നു. പക്ഷേ, കക്ഷി രാഷ്ട്രീയം ഏറെ സ്വാധീനിച്ച കേരളത്തില്‍ കലാലയ രാഷ്ട്രീയവും കക്ഷിരാഷ്ട്രീയത്തിന്റെ ഉപകരണമായി പ്രവര്‍ത്തിച്ചു തുടങ്ങി. മുതിര്‍ന്നവര്‍ കയ്യാളുന്ന രാഷ്ട്രീയത്തിലെ എല്ലാ ജീര്‍ണിച്ച ശീലങ്ങളും ഏറ്റുവാങ്ങുന്ന കുപ്പത്തൊട്ടിയായി കലാലയ രാഷ്ട്രീയം മാറി. പണക്കൊഴുപ്പും കയ്യൂക്കും മലീമസമാക്കിയ കക്ഷിരാഷ്ട്രീയത്തിന്റെ ദര്‍പ്പണമുഖങ്ങള്‍ മാത്രമായി കലാലയ രാഷ്ട്രീയം അധഃപതിച്ചു. ജനാധിപത്യ രാഷ്ട്രീയബോധം വിദ്യാര്‍ഥി കാലഘട്ടത്തില്‍ തന്നെ യുവമനസ്സുകളില്‍ അങ്കുരിപ്പിക്കേണ്ടതുണ്ടെന്നതില്‍ സംശയമില്ല. അല്ലെങ്കില്‍ ആ മനസ്സുകളില്‍ അരാഷ്ട്രീയ ചിന്തകളില്‍ നിന്നുല്‍ഭൂതമാവുന്ന തീവ്രവാദവും അതിവാദവും രൂപപ്പെടും. 

സമൂഹത്തിനു വേണ്ടി നന്മ ചെയ്യുകയെന്നതാണ് രാഷ്ട്രീയത്തിന്റെ കാതലായ വശം. അത്തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നത് പ്രതിലോമചിന്തകള്‍ വളര്‍ത്തുവാന്‍ മാത്രമെ ഉപകരിക്കൂ. ജനാധിപത്യത്തിന് ബദലായി ഇന്ന് വളരെ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന 'ജനപക്ഷ രാഷ്ട്രീയം' എന്ന ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന നവരാഷ്ട്രീയ ചിന്തകളും യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യ ബോധത്തില്‍ നിന്നും ജനങ്ങളെ അകറ്റാനും അരാഷ്ട്രീയ ചിന്തകള്‍ വളര്‍ത്താനുമാണ് ഉപകരിക്കുന്നത്. 1970കള്‍ക്ക് ശേഷം, വിശേഷിച്ച് 1977ലെ അടിയന്തരാവസ്ഥക്ക് ശേഷമാണ് കലാലയ രാഷ്ട്രീയം നിര്‍മാണാത്മകതയില്‍ നിന്നും വഴിതെറ്റി സംഹാരാത്മകമായ പാതയിലേക്ക് നീങ്ങിത്തുടങ്ങിയത്. മുതിര്‍ന്ന പൗരന്മാര്‍ക്കിടയില്‍ കലാലയ രാഷ്ട്രീയം നിരോധിക്കുന്നതാണ് നല്ലതെന്ന അഭിപ്രായങ്ങള്‍ വന്നുതുടങ്ങി. ഇടതുപക്ഷ സഹയാത്രികനായിരുന്ന ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ പോലും കലാലയ രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചു. 1991ല്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ കേരള വിദ്യാഭ്യാസമന്ത്രിയായപ്പോള്‍ അദ്ദേഹം കലാലയ രാഷ്ട്രീയത്തെ ശരിയായ ദിശയിലേക്ക് തിരിച്ചുവിടാന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി കലാലയ രാഷ്ട്രീയം നിരോധിക്കണോ വേണ്ടയോ തുടങ്ങിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. വിദ്യാര്‍ഥി സംഘടനകള്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തെ സെമിനാറുകളിലും സിമ്പോസിയങ്ങളിലും ചര്‍ച്ച ചെയ്തു. അക്കാലത്ത് മുജാഹിദ് വിദ്യാര്‍ഥി പ്രസ്ഥാനം 'കലാലയ രാഷ്ട്രീയം ശരിയും തെറ്റും' എന്ന പേരില്‍ കാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു. 

ഇക്കഴിഞ്ഞ ഒക്ടോബറില്‍ കേരള ഹൈക്കോടതി കലാലയ രാഷ്ട്രീയം നിരോധിക്കണമെന്നും അതിനാവശ്യമായ നടപടികള്‍ ഭരണകൂടം സ്വീകരിക്കണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ്. കോടതിയുടെ പ്രസ്താവത്തിലെ ശരിതെറ്റുകളെക്കാളും കോടതിയെ അതിലേക്ക് നയിച്ച കാര്യങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതും പരിഹരിക്കപ്പെടേണ്ടതും. പൊന്നാനി എം.ഇ.എസ് കോളേജില്‍ കഴിഞ്ഞ വര്‍ഷം യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എസ്.എഫ്.ഐ നടത്തിയ അതിക്രമത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ഥികളെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട കോളേജ് മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയുടെ വിധിയിലാണ് വളരെ സുപ്രധാനമായ നിരീക്ഷണം വന്നിരിക്കുന്നത്. അഭിമന്യുവിന്റെ കൊലപാതകത്തിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തി അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതോടെ തീരേണ്ടുന്ന വിഷയമല്ല ഇത്. പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും അധ്യാപക പ്രസ്ഥാനങ്ങളും വിദ്യാര്‍ഥി സംഘടനകളും ഒരുമിച്ചിരുന്നു കലാലയങ്ങളില്‍ ശക്തമായ പെരുമാറ്റച്ചട്ടവും സമരങ്ങള്‍ക്ക് ഒരു രീതിശാസ്ത്രവും പഠിപ്പുമുടക്കലുകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണവുമെല്ലാം നടപ്പില്‍ വരുത്തി പരിഹരിക്കേണ്ട കേരളം നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്നാണിത്. കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന വിദ്യാര്‍ഥി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കും സാംസ്‌കാരിക മുന്നേറ്റത്തിനും ഇത് അനിവാര്യമാണ്. 

ഈ ചര്‍ച്ചകള്‍ക്കിടയിലാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മൂന്നാഴ്ച്ചകളായി പ്രസിദ്ധീകരിച്ച് പിന്നീട് നിര്‍ത്തിവെച്ച എസ്. ഹരീഷിന്റെ 'മീശ' എന്ന നോവല്‍ വിവാദമാവുന്നത്. അര നൂറ്റാണ്ട് മുമ്പുള്ള ദളിതരുടെ ജീവിതം അനാവരണം ചെയ്യുന്ന നോവലിലെ വരികള്‍ക്കിടയില്‍ ഹൈന്ദവ ആചാരങ്ങളെ പരിഹസിക്കുന്ന പരാമര്‍ശങ്ങള്‍ വന്നതാണ് വിവാദത്തിനു കാരണം. പെണ്‍കുട്ടികള്‍ കുളിച്ച് സുന്ദരികളായി അമ്പലത്തില്‍ പോകുന്നതിന്റെ പിന്നിലെ കാരണത്തെ മോശമായി ചിത്രീകരിച്ചുവെന്നതാണ് ഹരീഷിനെതിരെയുള്ള പരാതി. വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാനും നോവലിസ്റ്റിനെ ഭീഷണിപ്പെടുത്താനും ആക്രമിക്കാനും ഹിന്ദുത്വ ഫാസിസ്റ്റുകള്‍ മുതിരുന്നതും അവസരത്തെ സൗകര്യപൂര്‍വം ഉപയോഗപ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നതും സ്വാഭാവികമാണ്. പക്ഷേ, വിഷയത്തില്‍ എന്‍.എസ്.എസ്, യോഗക്ഷേമ സഭ അടക്കമുള്ള ഹൈന്ദവ സംഘടനകള്‍ ഉത്കണ്ഠ രേഖപ്പെടുത്തിയതും പ്രതിഷേധം അറിയിച്ചതും ഹൈന്ദവ സമൂഹത്തിന്റെ എതിര്‍പ്പ് നോവല്‍ ക്ഷണിച്ചുവരുത്തി എന്നു തന്നെയാണ് വ്യക്തമാക്കുന്നത്. പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം മാതൃഭൂമിയില്‍ വന്ന ആവിഷ്‌കാരം മുസ്ലിം സമുദായത്തിന്റെ കടുത്ത പ്രതിഷേധത്തിന് കാരണമായതും മാതൃഭൂമിക്ക് അത് പിന്‍വലിച്ച് ക്ഷമാപണം നടത്തേണ്ടി വന്നതും ആരും മറന്നുകാണില്ല. വിവിധ മത സമൂഹങ്ങളിലെ ആചാരങ്ങളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ഇതിനര്‍ഥമില്ല. പക്ഷേ, വിമര്‍ശനം പ്രകോപനപരമാവാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കുക, എഴുത്തുകാര്‍ക്കെതിരെ കൊലവിളി നടത്തുക തുടങ്ങിയ മനുഷ്യത്വ രഹിതവും ജനാധിപത്യവിരുദ്ധവുമായ നിലപാടുകള്‍ ആര്‍ നടത്തിയാലും അംഗീകരിക്കാനും സാധ്യമല്ല. തമിഴ്നാട്ടില്‍ ഒരു പെരുമാള്‍ മുരുകന്‍ ഉണ്ടെന്നു കേട്ടിരുന്ന മലയാളി സ്വന്തം മുന്നില്‍ അങ്ങനെയൊരാളെ കണ്ട് അന്തംവിട്ടു നില്‍ക്കുകയാണോ? വര്‍ഷങ്ങളായി കേരളം കാത്തു സൂക്ഷിച്ചുപോരുന്ന സാംസ്‌കാരിക മുഖത്ത് നോക്കി ആരും മീശ പിരിക്കരുത് എന്ന് മാത്രം കേണപേക്ഷിക്കുന്നു. 

ആള്‍ക്കൂട്ടങ്ങളുടെ ഉന്മൂലന ഉന്മാദങ്ങളില്‍ ഞെരിഞ്ഞമരുന്നത് നിരപരാധികളായ മനുഷ്യരാണ്. അത് സൈബര്‍ ലോകത്തായിരുന്നാലും യഥാര്‍ഥ ലോകത്തായിരുന്നാലും. ശക്തമായ നിയമങ്ങളും രാഷ്ട്രീയ ബോധവും ഉയര്‍ന്നുവരട്ടെ. പി ഭാസ്‌കരന്‍ മാഷിന്റെ വരികള്‍ അനുസ്മരിക്കാം. ''വാക്കുകള്‍ക്കറിവീല തങ്ങളുള്‍ക്കൊള്ളും മൂര്‍ച്ച! വാള്‍ത്തലക്കറിവീല വേദന വെട്ടും നേരം.''