നോമ്പും  പുകവലിയും

ഹംസ ജമാലി

2018 മെയ് 19 1439 റമദാന്‍ 03

ഭയഭക്തിയും ഉത്തമമായ സംസ്‌കാരവും നേടിയെടുക്കാനുള്ള ശ്രേഷ്ഠമായ ഒരു ആരാധനയാണ് നോമ്പ്. നോമ്പ് ജീവിതത്തെ ചിട്ടപ്പെടുത്തുക വഴി ദുഷിച്ച സ്വഭാവങ്ങളില്‍ നിന്നും സമ്പ്രദായങ്ങളില്‍നിന്നും മുക്തമാക്കുന്നതില്‍  ഗണ്യമായ സ്വാധീനം ചെലുത്തുന്നതാണ്. നോമ്പിലൂടെ മനുഷ്യന്‍ ഇത്തരം ദുശ്ശീലങ്ങളുമായുള്ള ബന്ധം വിഛേദിച്ച് വൈകാരിക ശക്തികളെ ഉന്മൂലനം ചെയ്യുന്നത് വഴി അവ വേരോടെ പിഴുതെറിയാനുള്ള ഏറ്റവും വലിയ ഒരവസരം കൂടിയായി മാറുന്നു.

റമദാന്‍ മാസം ഒരു ക്രിയാത്മകമായ പരീക്ഷണമായി പരിഗണിക്കുന്നത് പോലെ മുസ്‌ലിം അവന്റെ ചിന്തകളും സ്വഭാവ, പെരുമാറ്റങ്ങളും എങ്ങനെ സംസ്‌കരിച്ചെടുക്കാമെന്ന് പഠിക്കുന്നു. അവന്റെ പതിവുസമ്പ്രദായങ്ങളും അനുകരണങ്ങളും പുനര്‍വിചിന്തനം ചെയ്യപ്പെടുന്നു. അപ്രകാരം അത് മുസ്‌ലിമിന്റെ മനോദാര്‍ഢ്യത്തെ ശക്തിപ്പെടുത്താനും എല്ലാ കര്‍മങ്ങളിലും അല്ലാഹുവിനെ സൂക്ഷിക്കുവാനും പഠിപ്പിക്കുന്നു.

മതവും ബുദ്ധിയും അംഗീകരിക്കാത്ത കാര്യങ്ങളില്‍ പെട്ടതാണ് പുകവലി. പുകവലികൊണ്ട് സാമ്പത്തികമായും ശാരീരികമായും ആരോഗ്യപരമായും എണ്ണിയാലൊടുങ്ങാത്ത നഷ്ടങ്ങളാണുള്ളത്.

ശ്വാസകോശ ക്യാന്‍സര്‍, ആമാശയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍, നെഞ്ച്‌വേദന, വായയില്‍ വരുന്ന ക്യാന്‍സര്‍ തുടങ്ങിയ അനേകം രോഗങ്ങള്‍ക്കും പുകവലിക്കുമിടയില്‍ വലിയ ബന്ധമുണ്ടെന്ന് ശാസ്ത്രം തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്.

വര്‍ഷംതോറും ലോകത്ത് 34നും 65നുമിടക്ക് പ്രായമുള്ള മില്യന്‍ കണക്കിന് ആളുകളാണ് പുകവലി ജന്യമായ രോഗങ്ങളാല്‍ മരണപ്പെടുന്നത് എന്ന് പഠനങ്ങള്‍ പറയുന്നു. എന്തിനേറെ, ഗര്‍ഭാശയത്തിലുള്ള ശിശുക്കള്‍ പോലും പുകവലിയുടെ മഹാവിപത്തില്‍നിന്ന് രക്ഷപ്പെടുന്നില്ല. 

 

പുകവലി എങ്ങനെ നിറുത്താം?

താഴെ പറയുന്ന കാര്യങ്ങള്‍ പിന്തുടരാവുന്നതാണ്: 

1). പുകവലി നിറുത്തണമെന്ന നിശ്ചയദാര്‍ഢ്യമുണ്ടാകുക. അത് അല്ലാഹു പറഞ്ഞ ഖണ്ഡിതമായ കാര്യങ്ങളില്‍ പെട്ടതത്രെ. 

2). പുകവലി നിറുത്തുന്നതിന് ഒരു നിശ്ചിത സമയം ക്ലിപ്തപ്പെടുത്തുക. അത് നിങ്ങളുടെ വ്യക്തിത്വത്തിനും തീരുമാനത്തിനും മാറ്റംവരാത്ത രീതിയില്‍ കൂടുതല്‍ താമസമില്ലാതെ വളരെ പെട്ടെന്ന് തന്നെയായിരിക്കുകയും ചെയ്യുക. 

3). ആ തീരുമാനം യാഥാര്‍ഥ്യമായി പുലരാനുള്ള തൗഫീക്വിനും ശക്തിക്കും അല്ലാഹുവിനോട് സഹായം തേടുകയും അവനോട് പ്രാര്‍ഥിക്കുകയും ചെയ്യുക. 

നബിﷺ  പറയുകയുണ്ടായി: 'നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക' (തിര്‍മിദി).

4). പുകവലിയാലുണ്ടാകുന്ന അപകടങ്ങളും ദുഷിച്ച അനന്തര ഫലങ്ങളും കണ്‍മുന്നില്‍ വെക്കുകയും ആരോഗ്യം, ആയുസ്സ്, സമ്പത്ത് എന്നിവയെക്കുറിച്ച് അല്ലാഹു നിന്നോട് ചോദിക്കുമെന്നത് ഓര്‍ക്കുകയും ചെയ്യുക.

5). പുകവലിക്കുന്ന സഹപാഠിയോ കൂട്ടുകാരനോ ഉണ്ടെങ്കില്‍ ഒന്നിച്ച് ഒരു കൂട്ടായ്മയായി പുകവലി വിരുദ്ധ ഉടമ്പടിയുണ്ടാക്കാന്‍ ശ്രമിക്കുക.  ഇത് പുകവലി നിറുത്തുന്നതില്‍ ഉറച്ചുനില്‍ക്കാന്‍ കൂടുതല്‍ ഫലപ്രദമാകും. അല്ലാഹു പറയുന്നു: 

''പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്'' (ക്വുര്‍ആന്‍ 5: 2).

നബിﷺ  അരുളിയിരിക്കുന്നു: ''ഒരാള്‍ ഒരു നന്മ അറിയിച്ചുകൊടുത്താല്‍ അയാള്‍ക്ക് അത് ചെയ്തവന്റെ പ്രതിഫലംകൂടി ലഭിക്കുന്നതാണ്.''

6). പുകവലി നിറുത്തുന്നതില്‍നിന്നും പിന്തിരിപ്പികുന്ന സുഹൃത്തുക്കളെ കരുതിയിരിക്കുകയും ചെയ്യുക. 

തിരുമേനിﷺ  അരുളി: ''ഒരാള്‍ തന്റെ കൂട്ടുകാരന്റെ മതത്തിലാകുന്നു. അതിനാല്‍ നിങ്ങളിലോരോരുത്തരും ആരുമായാണ് കൂട്ടുകൂടുന്നതെന്ന് നോക്കട്ടെ'' (അബൂദാവൂദ്, തിര്‍മിദി). 

7). തീരുമാനം ഭാര്യയെയും കുടുംബങ്ങളെയും അറിയിക്കുക. കാരണം, ഇന്‍ശാഅല്ലാഹ് തീരുമാനം നടപ്പാക്കാന്‍ അവര്‍ വലിയ താങ്ങും തണലുമാകും.

8). പുകവലിക്കാന്‍ ദിനേന ചെലവാക്കിയിരുന്ന സംഖ്യ  അഗതികള്‍ക്കും  അനാഥകള്‍ക്കും സംഭാവന ചെയ്യുക. 

അല്ലാഹു പറയുന്നു: ''സ്വദേഹങ്ങള്‍ക്ക്‌വേണ്ടി നിങ്ങള്‍ എന്തൊരു നന്മ മുന്‍കൂട്ടി ചെയ്തുവെക്കുകയാണെങ്കിലും അല്ലാഹുവിങ്കല്‍ അത് ഗുണകരവും ഏറ്റവും മഹത്തായ പ്രതിഫലവുമുള്ളതായി നിങ്ങള്‍ കണ്ടെത്തുന്നതാണ്'' (ക്വുര്‍ആന്‍ 73:20).

 9). അല്ലാഹുവിലേക്ക് ഏറ്റവും കൂടുതല്‍ അടുത്തുകൊണ്ട് തീരുമാനം നടപ്പിലാക്കാന്‍ നോമ്പിനെ ഫലപ്രദമാക്കുക. അല്ലാഹു പറഞ്ഞു: 

''മൂന്നുപേര്‍ തമ്മിലുള്ള യാതൊരു രഹസ്യ സംഭാഷണവും അവന്‍ (അല്ലാഹു) അവര്‍ക്കു നാലാമനായിക്കൊണ്ടല്ലാതെ ഉണ്ടാവുകയില്ല. അഞ്ചുപേരുടെ സംഭാഷണമാണെങ്കില്‍ അവന്‍ അവര്‍ക്കു ആറാമനായിക്കൊണ്ടല്ലാതെ. അതിനെക്കാള്‍ കുറഞ്ഞവരുടെയോ കൂടിയവരുടെയോ (സംഭാഷണം) ആണെങ്കില്‍ അവര്‍ എവിടെയായിരുന്നാലും അവന്‍ അവരോടൊപ്പമുണ്ടായിട്ടല്ലാതെ.പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്റെനാളില്‍ അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ അവന്‍ വിവരമറിയിക്കുന്നതാണ്''(ക്വുര്‍ആന്‍ 58:7).

10). വീണ്ടും പുകവലിക്കുന്നതിലേക്ക് മടങ്ങണമെന്ന മാനസികമായ വല്ല പ്രേരണയും ജനിക്കുകയണെങ്കില്‍ 

''തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചില്‍നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ അവര്‍ക്ക് (അല്ലാഹുവിനെപ്പറ്റി) ഓര്‍മ വരുന്നതാണ്. അപ്പോഴതാ അവര്‍ ഉള്‍ക്കാഴ്ചയുള്ളവരാകുന്നു'' (ക്വുര്‍ആന്‍ 7:201) 

എന്ന അല്ലാഹുവിന്റെ വചനമോര്‍ക്കുക. അപ്രകാരം ''പിശാചില്‍ നിന്നുള്ള വല്ല ദുഷ്‌പ്രേരണയും നിന്നെ വ്യതിചലിച്ചു കളയുന്ന പക്ഷം അല്ലാഹുവോട് നീ ശരണം തേടികൊള്ളുക. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും'' (ക്വുര്‍ആന്‍ 41:36).

11). ഡോകടറെ സമീപിച്ച് പുകവലി കാരണം കറപിടിച്ചിട്ടുള്ള പല്ലുകളെ ദുര്‍ഗന്ധം വമിക്കാതിരിക്കാനായി വൃത്തിയാക്കുകയും തുടര്‍ന്ന് മിസ്‌വാക്കും പേസ്റ്റും ബ്രഷും ഉപയോഗിക്കുകയും ചെയ്യുക. അതോടൊപ്പം 'മിസ്‌വാക്ക് ചെയ്യല്‍ വായ വൃത്തിയാക്കുന്നതും രക്ഷിതാവിന് തൃപ്തികരവുമാകുന്നു'വെന്ന നബിവചനം ഓര്‍ക്കുകയും ചെയ്യുക. 

12). വ്രതത്തിന്റെ പുണ്യമാസത്തിലാണ് നീയുള്ളത് എന്നും അത് എല്ലാ ചീത്ത വസ്തുക്കളെയും ദുരാചാരങ്ങളെയും വര്‍ജ്ജിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും ഓര്‍ക്കുക. പുകവലിയാകട്ടെ മാരകമായ ചീത്ത വസ്തുക്കളില്‍ പെട്ടതും വര്‍ജിക്കല്‍ നിര്‍ബന്ധമായതുമാകുന്നു. അല്ലാഹു പറയുന്നു: 

''നല്ല വസ്തുക്കള്‍ അവര്‍ക്ക് അദ്ദേഹം (മുഹമ്മദ് നബി) അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയുംചെയ്യുന്നു'' (ക്വുര്‍ആന്‍ 7:157).

13). പുകവലി നിറുത്തി ആദ്യത്തെ മൂന്ന് മാസക്കാലയളവിലാണ് സാധാരണ ഗതിയില്‍ വീണ്ടും പുകവലിയെന്ന രോഗം മൂര്‍ച്ചിക്കുക. അതിനാല്‍ പുകവലിക്കുന്നതിന് പ്രേരിപ്പിച്ചിരുന്ന ഉല്‍ക്കണ്ഠ, അസ്വസ്ഥത, മറ്റുള്ളവരെ തൃപ്തിപ്പെടുത്തല്‍ തുടങ്ങി  എല്ലാവിധ പരിതസ്ഥിതികളെയും നേരിടാനുള്ള ഒരുക്കങ്ങളുണ്ടായിരിക്കണം. അതിന് ബുദ്ധിപരമായ മാര്‍ഗങ്ങള്‍ അന്വേഷിക്കുകയും ചെയ്യുക. കാരണം പുകവലി യാതൊരു പ്രയാസവും നീക്കാന്‍ ബുദ്ധിയെ സഹായിക്കുന്നതല്ല. അതോടൊപ്പം അല്ലാഹുവിനെ വല്ലവനും സൂക്ഷിക്കുന്നപക്ഷം അല്ലാഹു അവനൊരു പോംവഴി ഉണ്ടാക്കിക്കൊടുക്കുമെന്ന കാര്യം അറിയുകയും ചെയ്യുക.  

പുകവലിമൂലം ഉന്മേഷഭരിതനാകുമെന്ന് ധരിക്കരുത്. കാരണം അതിനെക്കുറിച്ചുള്ള പഠനങ്ങള്‍ നേരെമറിച്ചാണ് വിധിയെഴുതിയിട്ടുള്ളത്.

14). നോമ്പില്‍ പ്രകടമാകുന്ന മനക്കരുത്തും  നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും പുകവലി നിറുത്താന്‍ വലിയ സഹായകമാകുന്നു. അതിനാല്‍ ക്ഷമകൊണ്ടും നമസ്‌കാരംകൊണ്ടും സഹായം തേടുകയും ഈ അവസരം നഷ്ടപ്പെടുത്താതിരിക്കുകയും ചെയ്യുക. 

15). പുകവലി നിറുത്തിയ ശേഷം ഉറക്കം തകരാറാവുക, ക്ഷീണമനുഭവപ്പെടല്‍, നീരസമുണ്ടാകുക, വായവറ്റുക പോലുള്ളവ അനുഭവപ്പെട്ടേക്കാം. ഇത് സാധാരണ തുടക്കത്തിലുണ്ടാകുന്ന ഒരു പ്രകൃതമാണ്. കാരണം ശരീരം അനുകൂലമായി ഇണങ്ങിച്ചേര്‍ന്നുകൊണ്ടേയിരിക്കുന്നു. അതിനാല്‍ അല്‍പം വിശ്രമം കൊടുക്കുക. കാപ്പി, ചായ, പെപ്‌സി, കോള തുടങ്ങി ഗ്യാസുകളടങ്ങിയ പാനീയങ്ങള്‍ നോമ്പുതുറന്ന ശേഷം കുടിക്കാതിരിക്കുക. മലര്‍ന്നുകിടന്ന് ശരീരത്തിന് ഒരാശ്വാസം നല്‍കുകയും ഉറങ്ങുന്നതിനു മുമ്പായി ശരീരത്തിലൊന്ന് വെള്ളമൊഴിക്കുന്നതുമെല്ലാം ആരോഗ്യത്തിന് ഫലപ്രദമാണ്. അത്യാവശ്യമാണെങ്കില്‍ ഒരു ഡോക്ടറുടെ അഭിപ്രായം ആരായുക. ഇത്തരം പ്രയാസങ്ങള്‍ തരണം ചെയ്യുന്നതിന് അല്ലാഹുമായുള്ള  നല്ല ബന്ധം നിലനിര്‍ത്തുക.

16). പുകവലിക്കുന്നവര്‍ കൂടുതലുള്ള സ്ഥലങ്ങള്‍ വര്‍ജിക്കുക. നബിﷺ പറഞ്ഞു: 'ആരെങ്കിലും ആശയത്തില്‍ സാദൃശ്യമുള്ളവയെ സൂക്ഷിച്ചാല്‍ അവന്റെ മതത്തിലും അഭിമാനത്തിലും അവന്‍ കുറ്റത്തില്‍നിന്ന് ഒഴിവായിരിക്കുന്നു'  

17). സിഗരറ്റ് വലിക്കുന്നത് അനുവദനീയമാണെന്നാണെന്ന അഭിപ്രയക്കാരുടെ കൂട്ടത്തിലാണ് നിങ്ങളെങ്കില്‍ എന്ത് കൊണ്ടാണ് അല്ലാഹു അനുവദനീയമാക്കിയവ കുടിച്ചാല്‍ അല്ലാഹുവിനെ സ്തുതിക്കുന്നത് പോലെ ഓരോ സിഗരറ്റിന്റെയും ഉപയോഗ ശേഷം അല്‍ഹംദുലില്ലാഹ് എന്ന് സ്തുതിക്കാതിരിക്കുന്നത്? അല്ലാഹുഅനുവദനീയമാക്കിയവയുടെ ആദ്യത്തില്‍ ബിസ്മിചൊല്ലുന്നത് പോലെ സിഗരറ്റ് വലിക്കുന്നതിന്റെ ആദ്യത്തില്‍ ബിസ്മി ചൊല്ലാതിരിക്കുന്നത്?  

18). സാധാരണ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് സിഗരറ്റ് എങ്കില്‍ എന്ത്‌കൊണ്ടാണ് അത് നിങ്ങളുടെ മാതാപിതാക്കള്‍, മേലുദ്യോഗസ്ഥന്‍ പോലുള്ള നിങ്ങള്‍ ബഹുമാനിക്കുന്നവരുടെ മുന്നില്‍വെച്ച് അത് ഉപയോഗിക്കാത്തത്?

19). സിഗരറ്റ് വലിക്കുന്നതില്‍ പ്രത്യേക ആനന്ദമുണ്ടെങ്കില്‍ എന്ത്‌കൊണ്ട് നിങ്ങളുടെ മക്കളെ അത് പഠിപ്പിക്കുന്നില്ല? 

അതിനാല്‍ സഹോദരാ! നിങ്ങളുടെ കരാര്‍ സത്യമാകട്ടെ. അല്ലാഹു നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്യുക. അല്ലാഹു തുണക്കട്ടെ.