സമ്പത്ത്: അനുഗ്രഹവും പരീക്ഷണവും

ഫദ്‌ലുല്‍ ഹഖ് ഉമരി

2018 മെയ് 26 1439 റമദാന്‍ 10

അല്ലാഹു മനുഷ്യന് നല്‍കിയിട്ടുള്ള അനുഗ്രഹങ്ങളില്‍ സുപ്രധാനമായ ഒന്നാണ് സമ്പത്ത് എന്നത്. ധനം ആരുടെയും കുത്തകയല്ല. മറിച്ച് അല്ലാഹു അവന്റെ ഇഷ്ടപ്രകാരം വീതിച്ച് കൊടുത്ത അനുഗ്രഹമാണ്. 

''അവരാണോ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം പങ്ക് വെച്ചു കൊടുക്കുന്നത്? നാമാണ് ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്ക് വെച്ചുകൊടുത്തത്. അവരില്‍ ചിലര്‍ക്ക് ചിലരെ കീഴാളരാക്കി വെക്കത്തക്കവണ്ണം അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപരി നാം പല പടികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിന്റെ രക്ഷിതാവിന്റെ കാരുണ്യമാകുന്നു അവര്‍ ശേഖരിച്ചു വെക്കുന്നതിനെക്കാള്‍ ഉത്തമം''(ക്വുര്‍ആന്‍ 43:32).

ഈ നിലയ്ക്ക് അല്ലാഹു ധനം വീതിച്ചതിലുള്ള ഏറ്റക്കുറച്ചിലില്‍ കൃത്യമായ യുക്തിയും ലക്ഷ്യവും അല്ലാഹുവിനുണ്ട്.

''അല്ലാഹു തന്റെ ദാസന്‍മാര്‍ക്ക ് ഉപജീവനം വിശാലമാക്കിക്കൊടുത്തിരുന്നെങ്കില്‍ ഭൂമിയില്‍ അവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു. പക്ഷേ, അവന്‍ ഒരു കണക്കനുസരിച്ച്താന്‍ ഉദ്ദേശിക്കുന്നത് ഇറക്കിക്കൊടുക്കുന്നു. തീര്‍ച്ചയായും അവന്‍ തന്റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനും കണ്ടറിയുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 42:27).

എല്ലാവര്‍ക്കും ഒരേപോലെ ധനം നല്‍കപ്പെട്ടാല്‍ ലോകത്തിന് പുരോഗമനമോ വളര്‍ച്ചയോ ഉണ്ടാകുമായിരുന്നില്ല. പ്രവര്‍ത്തനങ്ങള്‍ നടക്കുകയില്ല. മറിച്ച് എല്ലാം വെട്ടിപ്പിടിക്കാനുള്ള മത്സരവും അതിനുവേണ്ടിയുള്ള അക്രമങ്ങളും അതിലൂടെ മനുഷ്യരുടെ നാശവുമായിരിക്കും സംഭവിക്കുക.

ധനം ലഭിച്ചവര്‍ക്ക് ഉത്തരവാദിത്തങ്ങളുണ്ട്. അര്‍ഹരായവരിലേക്ക് എത്തിച്ച് കൊടുക്കുക എന്നതാണത്. ഇവിടെ കഷ്ടപ്പെടുന്നവരുണ്ട്. പട്ടിണി അനുഭവിക്കുന്നവരുണ്ട്. മാറാരോഗങ്ങളാല്‍ കണ്ണീര്‍ തോരാത്തവരുണ്ട്. ആരുടെയും അവസ്ഥകള്‍ ശാശ്വതമല്ല. അവസ്ഥകള്‍ എപ്പോഴും മാറാം. ഇന്നത്തെ ഉള്ളവന്‍ നാളത്തെ ഇല്ലാത്തവനാകാം.

പണമാണ് എല്ലാം; അതെനിക്കുണ്ട്, ഇനി എനിക്കെന്തുമാകാം എന്ന ചിന്താഗതി  ഒരു സത്യവിശ്വാസിക്ക് ഒരിക്കലും യോജിച്ചതല്ല. ഇരുതല മൂര്‍ച്ചയുള്ള വാളാണ് ധനം. ആരെയും വെട്ടാം. മനുഷ്യജീവിതത്തിലെ ഒരു വലിയ പരീക്ഷണം കൂടിയാണ് പണം. അല്ലാഹു പറയുന്നു:

''നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായിത്തീരുന്നു. തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍'' (ക്വുര്‍ആന്‍ 96: 6,7).

ധനത്തെക്കുറിച്ച് അല്ലാഹു സൂചിപ്പിച്ചേടത്തെല്ലാം വളരെ ഗൗരവകരമായ കാര്യങ്ങള്‍ ഉണര്‍ത്തുന്നുണ്ട്. മരണശേഷം പണം ഫലം ചെയ്യില്ല എന്ന് പറയുന്നു: ''അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല'' (ക്വുര്‍ആന്‍ 92:11). 

ധനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ക്വബ്‌റിനെക്കുറിച്ച് ഉണര്‍ത്തി: ''തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്‌നേഹം കഠിനമായവനാകുന്നു. എന്നാല്‍ അവന്‍ അറിയുന്നില്ലേ? ക്വബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ടു വരപ്പെടുകയും...'' (ക്വുര്‍ആന്‍ 100:8,9). 

ധനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അന്ത്യദിനത്തെക്കുറിച്ചുണര്‍ത്തി:'' അനന്തരാവകാശ സ്വത്ത് നിങ്ങള്‍ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു. ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്‌നേഹിക്കുകയും ചെയ്യുന്നു. അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും നിന്റെ രക്ഷിതാവും, അണിയണിയായി മലക്കുകളും വരുകയും...''(ക്വുര്‍ആന്‍ 89: 19-22). 

അതുകൊണ്ട് തന്നെ സമ്പാദിക്കേണ്ടതുപോലെ സമ്പാദിക്കുകയും ചെലവഴിക്കേണ്ടിടത്ത് ചെലവഴിക്കുകയും ചെയ്തില്ലെങ്കില്‍ മനുഷ്യന്റെ നാശഹേതുവാണ് പണമെന്നകാര്യത്തില്‍ സംശയമില്ല.

മറ്റുള്ളവരെ എപ്പോഴും പരിഗണിക്കണം. അവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കരുത്. 'തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളില്‍ ഒരാളും വിശ്വാസികളാവുകയില്ല' എന്നാണല്ലോ നബി ﷺ  പഠിപ്പിച്ചത് (മുസ്‌ലിം).

നമ്മളെപ്പോലെ ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും ആഗ്രഹിക്കുന്നവര്‍ ഏറെയാണ് സമൂഹത്തില്‍. അവരെ പരിഗണിക്കാന്‍ പണമുള്ളവര്‍ ബാധ്യസ്ഥരാണ്. അധ്വാനിച്ചുണ്ടാക്കിയ പണം എടുത്തുകൊടുക്കാന്‍ ആര്‍ക്കും പ്രയാസമുണ്ടാകും. അതു കൊണ്ടുതന്നെ മറ്റുള്ളവര്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ തക്കതായ മനസ്സ് ഉണ്ടാക്കിയെടുക്കാന്‍ പ്രേരിപ്പിക്കുന്ന വചനങ്ങള്‍ അല്ലാഹു ക്വുര്‍ആനിലൂടെ അവതരിപ്പിച്ചു. നബി ﷺ യുടെ നാവിലൂടെ സമൂഹത്തെ പഠിപ്പിച്ചു. ക്വുര്‍ആന്‍ ഒരാവര്‍ത്തി വായിക്കുന്നവര്‍ക്ക് ദാനധര്‍മത്തിന്റെ മഹത്ത്വം കാണാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. അല്ലാഹു പറയുന്നു:

''അവരുടെ രഹസ്യാലോചനകളില്‍ മിക്കതിലും യാതൊരു നന്‍മയുമില്ല. വല്ല ദാനധര്‍മവും ചെയ്യാനോ, സദാചാരം കൈക്കൊള്ളാനോ, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കാനോ കല്‍പിക്കുന്ന ആളുകളുടെ വാക്കുകളിലൊഴികെ. വല്ലവനും അല്ലാഹുവിന്റെ പൊരുത്തം തേടിക്കൊണ്ട് അപ്രകാരം ചെയ്യുന്നപക്ഷം അവന് നാം മഹത്തായ പ്രതിഫലം നല്‍കുന്നതാണ്'' (ക്വുര്‍ആന്‍ 4:114).

വമ്പിച്ച പ്രതിഫലമാണ് സമ്പത്ത് ചെലവഴിക്കുന്ന ആളുകള്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ്  ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ് '' (ക്വുര്‍ആന്‍ 2:261).

''അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടും തങ്ങളുടെ മനസ്സുകളില്‍ (സത്യവിശ്വാസം) ഉറപ്പിച്ചുകൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത്ഒരു ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോള്‍ അത് രണ്ടിരട്ടി കായ്കനികള്‍ നല്‍കി. ഇനി അതിന്ന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല്‍ മഴയേ ലഭിച്ചുള്ളൂ എങ്കില്‍ അതും മതിയാകുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു''(ക്വുര്‍ആന്‍ 2:265).

ഇന്ന് മരിച്ചാല്‍ നാളെ പണം കൊണ്ട് ഗുണമില്ല. ഒരുരൂപ പോലും നമ്മുടെ ക്വബ്‌റിലേക്കില്ല; മരണത്തിനു മുമ്പായി നാം ചെലവഴിച്ചതൊഴികെ. ചെലവഴിക്കാന്‍ സമൂഹത്തില്‍ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. അവസരങ്ങള്‍ നഷ്ടമാകുന്നതിനു മുമ്പ് ഉപയോഗപ്പെടുത്തുക. അഞ്ചോ ആറോ കുടുംബങ്ങള്‍ ഒന്നിച്ചു താമസിക്കുന്നിടത്ത് കിണര്‍ കുഴിച്ച് കൊടുക്കാം. പൈപ്പ് സംവിധാനം ഉണ്ടാക്കിക്കൊടുക്കാം. വെള്ളമില്ലാതെ കഷ്ടപ്പെടുന്ന എത്രയോ ആളുകളുണ്ട് സമൂഹത്തില്‍. നമ്മുടെ വീടുകളില്‍ വാങ്ങിവെച്ച ഡൈനിംഗ് ടേബിളിന്റെ അത്രയും കാശ് ചിലപ്പോള്‍ ഒരു കിണര്‍ കുഴിക്കാന്‍ വേണ്ടിവരില്ല. പക്ഷേ, അത്തരം കാര്യങ്ങളൊന്നും നാം പലപ്പോഴും ചിന്തിക്കാറില്ല എന്ന് മാത്രം. നബി ﷺ  പറയുന്നു: ''നല്ല സമ്പാദ്യത്തില്‍ നിന്നും വല്ലവനും ധര്‍മം ചെയ്താല്‍ അല്ലാഹു തന്റെ വലതു കൈകൊണ്ട് അത് സ്വീകരിക്കും. അല്ലാഹുവിന്റെ രണ്ട്‌കൈകളും വലതാണ്. അതൊരു ഈത്തപ്പഴമാണെങ്കില്‍ പോലും അത് അല്ലാഹുവിന്റെ കൈകളില്‍ വളരും. അത് മലയെക്കാള്‍ വലുതായിത്തീരും, നിങ്ങള്‍ ആട്ടിന്‍കുട്ടിയെ വളര്‍ത്തുന്നപോലെ.'' 

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പണം ചെലവഴിക്കുന്നവര്‍ക്ക് പാപമോചനം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. മാത്രവുമല്ല നല്‍കുന്നതിനെല്ലാം പകരമായി പരലോകത്ത് തിരിച്ച് നല്‍കാമെന്ന വാഗ്ദാനവും അല്ലാഹു നല്‍കുന്നുണ്ട്. നബി ﷺ  പറയുന്നു: ''ദാഹിക്കുന്നവിശ്വാസിക്ക് ഒരു വിശ്വാസി വെള്ളം നല്‍കിയാല്‍ അന്ത്യദിനത്തില്‍ അവന് റഹീക്വുല്‍ മഖ്തൂം കുടിപ്പിക്കപ്പെടുന്നതാണ്. വസ്ത്രമില്ലാത്ത വിശ്വാസിക്ക് ഒരു വിശ്വാസി വസ്ത്രം നല്‍കിയാല്‍ അന്ത്യദിനത്തില്‍ സ്വര്‍ഗത്തിലെ വസ്ത്രങ്ങളില്‍ നിന്ന് അവരെ ധരിപ്പിക്കും''(തുര്‍മുദി). 

മറ്റുള്ളവരെ ഈ നിലയില്‍ സഹായിക്കുമ്പോള്‍ മനസ്സിന് ലഭിക്കുന്ന ഒരു ആശ്വാസവും കുളിര്‍മയുമുണ്ട്. ജീവിത സന്തോഷങ്ങളുടെ ഒരു വലിയ ഘടകം തന്നെയാണത്. ധനം ചെലവഴിക്കുന്നതിലൂടെ സമ്പത്തില്‍ കുറവ് വരുമെന്ന ഭയമേ വേണ്ടതില്ല. ആ ഒരു സന്തോഷവാര്‍ത്തയും അല്ലാഹു അറിയിച്ചിട്ടുണ്ട്. ബിലാല്‍(റ)നോട് നബി ﷺ  പറഞ്ഞു: ''ബിലാല്‍! നീ ചെലവഴിക്കുക; അര്‍ശിന്റെ ഉടമസ്ഥനില്‍ നിന്നും കുറവിന്റെ ഭയം നിനക്ക് വേണ്ട''(ബസ്സാര്‍). 

ധനം ചെലവഴിക്കുന്നവരെ തക്വ്‌വയുള്ളവരെന്നും നേര്‍മാര്‍ഗം പ്രാപിച്ചവരെന്നും വിജയികളെന്നുമൊക്കെയാണ് അല്ലാഹു വിശേഷിപ്പിക്കുന്നത്.

''അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും പ്രാര്‍ഥന അഥവാ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും നാം നല്‍കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും നിനക്കും നിന്റെ മുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും പരലോകത്തില്‍ ദൃഢമായിവിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ (സൂക്ഷ്മത പാലിക്കുന്നവര്‍). അവരുടെ നാഥന്‍ കാണിച്ച നേര്‍വഴിയിലാകുന്നു അവര്‍. അവര്‍ തന്നെയാകുന്നു സാക്ഷാല്‍ വിജയികള്‍'' (ക്വുര്‍ആന്‍ 2:3-5).

നബി ﷺ  ഒരിക്കല്‍ നടത്തിയ ഖുത്വുബ ജാബിര്‍(റ) പറഞ്ഞു തരുന്നു: ''അല്ലയോ ജനങ്ങളേ, മരണത്തിനു മുമ്പായി നിങ്ങളെല്ലാം അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക. തിരക്ക് വരുന്നതിന് മുമ്പ് സല്‍കര്‍മങ്ങള്‍ കൊണ്ട് നിങ്ങള്‍ ഒരുങ്ങുക. അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റ്‌കൊണ്ട് അവനും നിങ്ങള്‍ക്കുമിടയിലുള്ള ബന്ധം ചേര്‍ത്തുകൊണ്ടിരിക്കുക. രഹസ്യവും പരസ്യവുമായുള്ള ദാനത്തിലൂടെയും അല്ലാഹുമായുള്ള ബന്ധംചേര്‍ക്കുക. നിങ്ങള്‍ക്ക് ഉപജീവനം നല്‍കപ്പെടും. സഹായം നല്‍കപ്പെടും...'' (ഇബ്‌നുമാജ).

അന്ത്യനാളില്‍ ശക്തമായ പ്രയാസത്തിന്റെ സന്ദര്‍ഭത്തില്‍ ഏഴു വിഭാഗം ആളുകള്‍ക്ക് അല്ലാഹു തണല്‍ നല്‍കും. അതില്‍ ഒരു വിഭാഗം ആളുകള്‍ ഇടതുകൈ അറിയാത്ത വിധം വലതുകൈ കൊണ്ട് ചെലവഴിച്ചവരാണ്. നരകമോചനത്തിനുള്ള മാര്‍ഗമായും നബി ﷺ  പഠിപ്പിച്ചുതന്നത് ദാനധര്‍മം തന്നെയാണ്. ''ഒരു ചീളു കാരക്കകൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ തടുക്കുക''(അഹ്മദ്) എന്നാണല്ലോ നബി ﷺ  പറഞ്ഞത്. 

ഉപജീവനത്തില്‍ വിശാലത ലഭിക്കുവാനും ദാനധര്‍മം കാരണമാണ്. പിശുക്കില്‍ നിന്നുള്ള മോചനമാര്‍ഗമാണ് ദാനം ചെയ്യുക എന്നത്.

''അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. ആര്‍ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍''(ക്വുര്‍ആന്‍ 64:16).

നാളെ പരലോകത്ത് നമുക്ക് ഉപകാരപ്പെടുന്നത് നാം ചെലവഴിച്ചത് മാത്രമാണ്. വസ്ത്രം ധരിച്ചതും ഭക്ഷണം കഴിച്ചതുമെല്ലാം തീര്‍ന്നുപോയി. അവശേഷിക്കുന്നതാകട്ടെ നാം നല്‍കിയതുമാത്രം (മുസ്‌ലിം). ഒരു തരിമ്പുപോലും കുറവ് വരാതെ പരിപൂര്‍ണമായ പ്രതിഫലം അല്ലാഹു പരലോകത്ത് വെച്ച് നല്‍കുന്നതാണ്. 

''...നല്ലതായ എന്തെങ്കിലും നിങ്ങള്‍ ചെലവഴിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ നന്മയ്ക്ക് വേണ്ടി തന്നെയാണ്. അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് മാത്രമാണ് നിങ്ങള്‍ ചെലവഴിക്കേണ്ടത്. നല്ലതെന്ത് നിങ്ങള്‍ ചെലവഴിച്ചാലും അതിന്നുള്ള പ്രതിഫലം നിങ്ങള്‍ക്ക്പൂര്‍ണമായി നല്‍കപ്പെടുന്നതാണ്. നിങ്ങളോട് ഒട്ടും അനീതി കാണിക്കപ്പെടുകയില്ല''(ക്വുര്‍ആന്‍ 2:272).

ദാനധര്‍മത്തിന് പ്രേരണ നല്‍കാന്‍ വ്യത്യസ്ത ശൈലികളാണ് അല്ലാഹു സ്വീകരിച്ചിട്ടുള്ളത്. ക്വുര്‍ആനിക വചനങ്ങള്‍ പരിശോധിച്ചാല്‍ നമുക്കത് മനസ്സിലാക്കാന്‍ സാധിക്കും. അതോടൊപ്പം അതിന് ഇസ്‌ലാം നല്‍കുന്ന സ്ഥാനവും നമുക്ക് വിലയിരുത്താനാകും. പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പ്രോത്സാഹനമാണ് ഒരു ശൈലി: 

''രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവര്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല''(ക്വുര്‍ആന്‍ 2:274).

''ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും''(ക്വുര്‍ആന്‍ 32:16).

'ചെലവഴിക്കൂ' എന്ന കല്‍പനാരീതിയിലുള്ള ശൈലിയും അല്ലാഹു സ്വീകരിച്ചിട്ടുണ്ട്. ഒരു താക്കീതിന്റെ സ്വരവും അത്തരം വചനങ്ങളില്‍ കാണുവാന്‍ സാധിക്കും: 

''സത്യവിശ്വാസികളേ, ക്രയവിക്രയമോ സ്‌നേഹബന്ധമോ ശുപാര്‍ശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി, നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുവിന്‍. സത്യനിഷേധികള്‍ തന്നെയാകുന്നു അക്രമികള്‍'' (ക്വുര്‍ആന്‍ 2:254).

''സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ച് തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍ സ്വീകരിക്കാത്ത മോശമായ സാധനങ്ങള്‍ (ദാനധര്‍മങ്ങളില്‍) ചെലവഴിക്കുവാനായി കരുതിവെക്കരുത്. അല്ലാഹു ആരുടെയും ആശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുക'' (ക്വുര്‍ആന്‍ 2:267).

പരലോകത്തും ഇഹലോകത്തും കൂടുതല്‍ നല്‍കുമെന്ന വാഗ്ദാനം നല്‍കിക്കൊണ്ടും അല്ലാഹു ദാനധര്‍മത്തിന് വിശ്വാസികളെ പ്രേരിപ്പിക്കുന്നുണ്ട്:

''അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല''(ക്വുര്‍ആന്‍ 2:276).

''നീ പറയുക: തീര്‍ച്ചയായും എന്റെ രക്ഷിതാവ് തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ'' (സബഅ്: 39).

സമ്പത്ത് അല്ലാഹുവിന്റെതാണ്; നമ്മുടേതല്ല. താല്‍കാലികമായി നമ്മില്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ചു എന്ന് മാത്രം. അല്ലാഹു നമ്മെ ഏല്‍പിച്ചത് അവന്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ചെലവഴിക്കുവാന്‍ നാം ബാധ്യസ്ഥരാണ്: ''...അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സമ്പത്തില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ നല്‍കിസഹായിക്കുകയും ചെയ്യുക''(ക്വുര്‍ആന്‍ 24:33). 

''നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും അവന്‍ നിങ്ങളെ ഏതൊരു സ്വത്തില്‍ പിന്തുടര്‍ച്ച നല്‍കപ്പെട്ടവരാക്കിയിരിക്കുന്നോ അതില്‍ നിന്നു ചെലവഴിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് വിശ്വസിക്കുകയും ചെലവഴിക്കുകയും ചെയ്തവരാരോ അവര്‍ക്ക് വലിയ പ്രതിഫലമുണ്ടായിരിക്കുന്നതാണ്'' (ക്വുര്‍ആന്‍ 57:7).

ഒരിക്കലും നഷ്ടം ഭയപ്പെടേണ്ടതില്ലാത്ത ഒരു കച്ചവടമാണ് ദാനധര്‍മം: ''സത്യവിശ്വാസികളേ, വേദനാജനകമായ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ? നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കണം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും നിങ്ങള്‍ സമരം ചെയ്യുകയും വേണം. അതാണ്‌നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍'' (ക്വുര്‍ആന്‍ 61: 10,11).

''തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന് അവര്‍ക്ക് സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനു പകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹുവാങ്ങിയിരിക്കുന്നു'' (ക്വുര്‍ആന്‍ 9:111).

നാം ഇപ്പോള്‍ ഉള്ളത് റമദാന്‍ മാസത്തിലാണ്. സല്‍കര്‍മങ്ങള്‍ക്ക് ഏറെ പ്രതിഫലം നല്‍കപ്പെടുന്ന മാസം. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെ വിശപ്പിന്റെയും പ്രയാസങ്ങള്‍ അനുഭവിച്ചറിഞ്ഞ മാസം. നമ്മുടെ സഹോദരങ്ങളെ നമ്മള്‍ പരിഗണിക്കുക. അവരുടെ ദുഃഖങ്ങളില്‍ പങ്കുചേരുക. കുറച്ചുദിവസം നാം അനുഭവിക്കുന്ന വിശപ്പ് അവര്‍ എന്നും അനുഭവിക്കുന്നു. വിശപ്പിന്റെ വിലയും വിശക്കുന്ന സമയത്ത് ഭക്ഷണത്തിലേക്കുള്ള ആഗ്രഹവും നാം ഈ മാസത്തില്‍ അനുഭവിച്ചറിയുന്നു. മറ്റുള്ളവരുടെ പ്രയാസങ്ങളെ ദൂരീകരിക്കുന്നവന്റെ അന്ത്യദിനത്തിലെ പ്രയാസങ്ങള്‍ അല്ലാഹു അകറ്റിക്കൊടുക്കും എന്നാണല്ലോ നബി ﷺ  പഠിപ്പിച്ചത്. നബി ﷺ  വലിയ ധര്‍മിഷ്ഠനായിരുന്നു. ദാരിദ്ര്യം ഭയപ്പെടാത്ത വിധത്തില്‍ ധര്‍മം നല്‍കിയിരുന്നു. റമദാനില്‍ നബി ﷺ  അടിച്ചുവീശുന്ന കാറ്റുപോലെയായിരുന്നു. ധര്‍മം ല്‍കുന്ന വിഷയത്തില്‍ പ്രശസ്തരായ ഉസ്മാന്‍(റ)വും ആഇശ(റ)യും അസ്മ(റ)യും ഒക്കെ പോയ സ്വര്‍ഗത്തിലേക്കാണ് നമുക്കും പോകാനുള്ളത്.

സമ്പത്ത് ഒരിക്കലും ശാശ്വതമല്ല, നീങ്ങിക്കൊണ്ടിരിക്കുന്ന തണലാണ്. ഉള്ള കാലത്ത് ചെലവഴിച്ചാല്‍ അത് ഉപകാരപ്പെടും. അല്ലെങ്കില്‍ മരണ സന്ദര്‍ഭത്തില്‍ പോലും ഖേദിക്കേണ്ടിവരും 

''നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുമ്പായി നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവന്‍ ഇപ്രകാരം പറഞ്ഞേക്കും: എന്റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക് എന്താണ്‌നീട്ടിത്തരാത്തത്? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്. ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു''(മുനാഫിഖൂന്‍:10,11)