നബിദിനാഘോഷം പ്രവാചകസ്‌നേഹമോ?

മൂസ സ്വലാഹി, കാര

2018 നവംബര്‍ 24 1440 റബിഉല്‍ അവ്വല്‍ 16

സ്വന്തത്തെക്കാള്‍ ഏറെ സത്യവിശ്വാസികള്‍ സ്‌നേഹിക്കേണ്ടതും ഇഷ്ടപ്പെടേണ്ടതുമായ വ്യക്തിത്വമാണ് മുഹമ്മദ് നബിﷺ. എങ്ങനെയാണ് അദ്ദേഹത്തെ സ്‌നേഹിക്കേണ്ടത്? പ്രവാചക സ്‌നേഹത്തിന്റെ അടിസ്ഥാനം ആദരവും ബഹുമാനവും പിന്‍പറ്റലുമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. 

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ റസൂലിനെയും അനുസരിക്കുക. (സത്യസന്ദേശം) കേട്ടുകൊണ്ടിരിക്കെ നിങ്ങള്‍ അദ്ദേഹത്തെ വിട്ട് തിരിഞ്ഞുകളയരുത്.''(8:20) 

അബൂഹുറയ്‌റ(റ)വില്‍ നിന്ന്. നബിﷺ പറഞ്ഞു: ''എന്റെ സമുദായത്തിലെ എല്ലാവരും സ്വര്‍ഗത്തില്‍ പ്രവേശിക്കും. വിസമ്മതിച്ചവരൊഴികെ.'' അപ്പോള്‍ അവര്‍ (സ്വഹാബികള്‍)ചോദിച്ചു: ''ആരാണ് വിസമ്മതിച്ചവര്‍?'' നബിﷺപറഞ്ഞു: ''ആര്‍ എന്നെ അനുസരിച്ചുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ആര് എന്നോട് അനുസരണക്കേട് കാണിച്ചുവോ അവര്‍ വിസമ്മതിച്ചു'' (ബുഖാരി).

മതം പഠിപ്പിക്കുന്ന കാര്യങ്ങളെ എങ്ങനെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാമെന്നതിന്റെ തെളിഞ്ഞ മാതൃകയാണ് നബിﷺയുടെ ജീവിതം. ആ ജീവിതചര്യ പിന്‍പറ്റുക എന്നതാണ് വിശ്വാസികളുടെ ബാധ്യത. നമുക്ക് അല്ലാഹുവിന്റെ ഇഷ്ടം കിട്ടാനുള്ള മാര്‍ഗവും അത് തന്നെ. 

അല്ലാഹു പറയുന്നു: ''(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.''(3:31)

ഭൗതികതയുടെ ചതിയിലകപ്പെട്ട് പ്രവാചക ജീവിതത്തെ പാടെ ഒഴിവാക്കിയവരും ക്വുര്‍ആന്‍ മാത്രം മതി എന്നു പറഞ്ഞ് പ്രവാചകാധ്യാപനങ്ങളെ പരിഹസിക്കുന്നവരും പ്രവാചക സ്‌നേഹമെന്നു പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കലാണെന്നു ധരിച്ചവരും സമൂഹത്തിലുണ്ട്. 

പ്രവാചക സ്‌നേഹത്തിന്റെ മൊത്തക്കുത്തക അവകാശപ്പെട്ടുകൊണ്ടാണ് മീലാദുന്നബി ആഘോഷക്കാര്‍ റബീഉല്‍ അവ്വല്‍ മാസമായാല്‍ നിരത്തിലിറങ്ങാറുള്ളത്. മതത്തിന് നിരക്കാത്ത ഒട്ടേറെ പേക്കൂത്തുകളാണ് ഇവര്‍ പ്രവാചക സ്‌നേഹത്തിന്റെ മറവില്‍ കാണിക്കാറുള്ളത്. 

ലോകര്‍ക്ക് കാരുണ്യമായും അന്തിമദൂതനായും മുഹമ്മദ് നബിﷺയെ നിയോഗിച്ച അല്ലാഹുവിന് തന്നെയാണ് അവിടുത്തെ ജനനനാളിനെ ആഘോഷമാക്കി മാറ്റേണ്ടതുണ്ടെങ്കില്‍ അതിനുള്ള അവകാശവും. അങ്ങനെ ഒരു കല്‍പനയോ നിര്‍ദേശമോ കാണാനുമില്ല! പ്രവാചകത്വം ലഭിച്ചതു മുതല്‍ ഇരുപത്തിമൂന്ന് വര്‍ഷകാലം ജീവിച്ച നബിﷺ സ്വയം തന്നെയും അതിന് മാതൃകയായിട്ടില്ല. മഹാന്മാരായ നാലു ഖലീഫമാരോ അനേകം സ്വഹാബിമാരില്‍ ആരെങ്കിലുമോ ഇതിന് വഴികാട്ടിയിട്ടില്ല. താബിഉകളോ അഹ് ലുസ്സുന്നയുടെ പണ്ഡിതരോ ഇതിലേക്ക് വെളിച്ചംവീശിയിട്ടില്ല. അല്ലാഹു തൃപ്തിപ്പെട്ട് പൂര്‍ത്തിയാക്കിത്തന്ന മതത്തില്‍ ഈ ആഘോഷത്തിന് യാതൊരു തെളിവും കണ്ടെത്താന്‍ കഴിയില്ല എന്ന് വ്യക്തം. 

മതത്തിന്റെ പേരില്‍ പുതുതായി ഉണ്ടാക്കപ്പെടുന്ന കാര്യങ്ങളോട് ഇസ്‌ലാമിന് നിലപാട് ഒന്നേയുള്ളൂ. ആഇശ(റ)യില്‍ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ''നമ്മുടെ ഈ കാര്യത്തില്‍ (മതത്തില്‍) അതിലില്ലാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്'' (മുസ്‌ലിം).

എന്നാല്‍, ഇത് നല്ല കാര്യമല്ലേ എന്ന ചോദ്യത്തില്‍ കടിച്ചുതൂങ്ങുന്നവരെ കാണാം. അവര്‍ക്കും ഇസ്‌ലാം ഉത്തരം നല്‍കിയിട്ടുണ്ട്. ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ''എല്ലാ അനാചാരങ്ങളും വഴികേടാണ്; ജനങ്ങള്‍ അതെത്ര നല്ലതായി കണ്ടാലും ശരി'' (ബൈഹക്വി).

നബിദിനാഘോഷമെന്ന പുത്തനാചാരം ആദ്യമായി ഉണ്ടാക്കിയത് പുത്തന്‍വാദികളും സ്വൂഫികളുമായ ഫാത്വിമിയാക്കളിലെ പ്രധാനി ഉമറുബ്‌നു മുഹമ്മദ് അല്‍മുല്ലയാണ്. അദ്ദേഹത്തെ പിന്‍പറ്റിയാണ് മുളഫ്ഫര്‍ രാജാവ് അടക്കമുള്ള ശേഷക്കാര്‍ ഇത് ചെയ്ത് പോന്നത്. ഈ രാജാവിന്റെ കാലം മുതലാണ് ഈ ആഘോഷത്തിന് പൊലിമകള്‍ കൂട്ടിയത്. മൗലിദ് കഴിച്ചിരുന്ന തഴവ തന്നെ എഴുതിയത് കാണുക:

''മൗലിദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ

അത് ഹിജ്‌റ മുന്നൂറിന്ന് ശേഷം വന്നതാ

എന്നും സഖാവി പറഞ്ഞതായ് കാണുന്നതാ

അത് ഹലബി ഒന്നാം ഭാഗമില്‍ നോക്കേണ്ടതാ.(അല്‍മവാഹിബുല്‍ ജലിയ്യ, പേജ്:245).

സുന്നിവോയ്‌സില്‍ പറയുന്നു: ''ഒരാള്‍ മൗലിദാഘോഷത്തെപ്പറ്റി ഇബ്‌നുഹജര്‍ എന്നവരോട് ചോദിക്കുകയുണ്ടായി. ഇബ്‌നു ഹജര്‍ മറുപടി പറഞ്ഞു: അടിസ്ഥാനപരമായി മൗലിദ് ബിദ്അത്താണ്. ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ മഹത്തുക്കളായ മുസ്‌ലിംകളില്‍ നിന്ന് കൈമാറിവന്ന ആരാചരമല്ല അത്'' (സുന്നിവോയ്‌സ്, 2000 ജൂലൈ).

ഉത്തമ തലമുറക്കാര്‍ക്ക് ഇതുമായി ബന്ധമില്ലെന്ന് ആഘോഷക്കാര്‍ തന്നെ തുറന്ന് സമ്മതിക്കുന്നു. വിഷയ സൂചനയില്ലാത്ത ക്വുര്‍ആന്‍ സൂക്തങ്ങളും ഹദീഥുകളും വളച്ചൊടിച്ച് ബാലിശവും നിര്‍മിതവുമായ തെളിവുകള്‍ തട്ടിക്കൂട്ടിയാണ് ഇതിനിവര്‍ ന്യായീകരണം കണ്ടെത്തുന്നത്. ഇമാം സുയൂത്വിയുടെ അല്‍ഹാവി ലില്‍ ഫതാവയും ഇബ്‌നു ഹജറുല്‍ ഹൈതമിയുടെ പേരില്‍ ഇറക്കപ്പെട്ട നിഅമാതുല്‍ കുബ്‌റയുമാണ് ഇവരുടെ പ്രധാന അവലംബ ഗ്രന്ഥങ്ങള്‍. പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്തതും പരമ്പരകളില്ലാത്ത ഉദ്ധരണികളുമായതിനാല്‍ ഇവ തെളിവുകള്‍ക്ക് യോഗ്യമല്ല തന്നെ.

നബിദിനമെന്ന അനിസ്‌ലാമിക ആഘോഷത്തിന് പൗരോഹിത്യം നല്‍കിയ ഇല്ലാത്ത പോരിശകള്‍ കൂടി വായിക്കാം:

1. ഇമാമുകള്‍ സുന്നത്താണന്ന് പറഞ്ഞു

''വിധി പറയാന്‍ അര്‍ഹതയുള്ള ഇമാമുകളാണ് തെളിവിന്റെ വെളിച്ചത്തില്‍ മൗലിദ് കര്‍മം പുണ്യമുള്ളതും സുന്നത്തുമാണെന്ന് പ്രസ്താവിച്ചത്. സുന്നത്ത് എന്നതിന്റെ വിവക്ഷ പ്രവര്‍ത്തിച്ചാല്‍ പ്രതിഫലാര്‍ഹവും ഉപേക്ഷിച്ചാല്‍ ശിക്ഷയില്ലാത്തതുമാണെന്നാണ്'' (മൗലിദ് കര്‍മം ചരിത്രവും വിധിയും, ജലീല്‍ സഖാഫി പുല്ലാര, പേജ് 11).

2. മൂന്നാമത്തെ ആഘോഷം

''മുസ്‌ലിംകള്‍ക്ക് മൂന്ന് ആഘോഷദിനങ്ങളാണുള്ളത്. ഒന്ന് ഈദുല്‍ അദ്ഹ,രണ്ട് ഈദുല്‍ ഫിത്വ്ര്‍, മൂന്നാമത്തേത് ഈദുമീലാദി റസൂലില്ലാഹ്. തിരുനബിയുടെ ജന്മദിനം'' (അല്‍ഇര്‍ഫാദ്,1994ആഗസ്റ്റ്, പേജ് 24).

3. പെരുന്നാളിനെക്കാള്‍ വലിയ ആഘോഷം

''നബിദിനം മുസ്‌ലിംകള്‍ക്ക് ആഘോഷമാണ്. പെരുന്നാളിനേക്കാള്‍ വലിയ ആഘോഷം. സര്‍വലോകത്തിന്റെ വിമോചകനായ നബി പിറന്ന നാളില്‍ വിശ്വാസികള്‍ സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നില്ലെങ്കില്‍ പിന്നെ അവര്‍ക്ക് മറ്റേത് ആഘോഷമാണുള്ളത്?'' (രിസാല മാസിക,1987 നവംബര്‍,പേജ് 9).

4. വാരാഘോഷം

''നബിﷺ തങ്ങളുടെ ജന്മദിനം വാരാഘോഷമായും വാര്‍ഷികാഘോഷമായും നടത്താമെന്നതിന് മതിയായ തെളിവുകളുണ്ട്.തിങ്കളാഴ്ച ദിവസത്തെ നോമ്പിനെക്കുറിച്ച് നബിﷺതങ്ങളോട് ചോദിക്കപ്പെട്ടപ്പോള്‍ അന്നാണ് ഞാന്‍ ജനിച്ചത് എന്ന് പ്രവാചകന്‍ മറുപടി നല്‍കി. നബിദിനം വാരാഘോഷമായി നടത്താം എന്നതിന് തെളിവാണിത്'' (എന്‍. അലി മുസ്‌ലിയാര്‍, നബിദിനം പ്രവാചക സവിശേഷത, പേജ് 16,17).

5. ലൈലതുല്‍ ക്വദ്‌റിനെക്കാള്‍ ശ്രേഷ്ഠം

''കഴിഞ്ഞുപോയ രാത്രികളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമേറിയത് നബിﷺ ജനിച്ച രാത്രിയാകുന്നു. ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമേറിയതാണെന്ന് ക്വുര്‍ആന്‍ പ്രസ്താവിച്ച ലൈലതുല്‍ ക്വദ്‌റിനെക്കാള്‍ മഹത്ത്വം ഉള്ളത് നബിﷺ ജനിച്ച രാത്രിക്കാണ് (ശര്‍വാനി 3/462). നബിﷺ ജനിച്ചത് ഏറ്റവും ശ്രേഷ്ഠമായ രാത്രിയിലായത് കൊണ്ട് ഈ ചോദ്യം അപ്രസക്തമാണ്'' (സുന്നി അഫ്കാര്‍, 2002 മാര്‍ച്ച്, പേജ് 20).

6. പുണ്യം കൊതിച്ച് അനേകം കര്‍മങ്ങള്‍

''റബീഉല്‍ അവ്വല്‍ നാടാകെ നബിദിനത്തിന്റെ അലയടികളാണ്. എങ്ങും നബിദിന പാനൂസുകളും വര്‍ണ ബള്‍ബുകളും പ്രത്യക്ഷപ്പെടുന്നു. എല്ലാ പള്ളികളിലും മൗലിദ് സദസ്സുകള്‍. പത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലുമതിന്റെ പിയുഷ വര്‍ഷം. വിദ്യാലയങ്ങള്‍ക്കും ഔദേ്യാഗിക സ്ഥാപനങ്ങള്‍ക്കും അവധി. ഗവണ്‍മെന്റ് ചെലവില്‍ തന്നെ അന്താരാഷ്ട്ര പണ്ഡിതരെയും വ്യക്തിത്വങ്ങളെയും ക്ഷണിച്ചുവരുത്തിക്കൊണ്ടുള്ള വിപുലമായ നബിദിന പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നു'' (അല്‍ ഇര്‍ഫാദ്, 1994 ആഗസ്റ്റ്, പേജ് 24). 

7. ഇതര മതക്കാര്‍ക്കില്ലേ?

''ചില മതങ്ങള്‍ മതസ്ഥാപകരുടെയും മറ്റും ജന്മദിനം ആഘോഷിച്ചുവരുന്നു. ബുദ്ധമത വിശ്വാസികള്‍ ബുദ്ധന്റ ജന്മദിനം ഒരു പ്രധാന ആഘോഷമായി കാണുന്നു. ക്രിസ്തുവിന്റെ ജന്മദിനമായ ക്രിസ്തുമസ്സും ലോകം മുഴുവന്‍ കൊണ്ടാടപ്പെടുന്നു. ഗുരുനാനാക്ക് ജനിച്ച ദിവസം സിഖുകാരും ആഘോഷിക്കുന്നു. മുസ്‌ലിംകങ്ങള്‍ പ്രവാചകന്‍ﷺയുടെ ജന്മദിനം ലോകമെങ്ങും സമുചിതമായി ആഘോഷിക്കുന്നു'' (സന്തുഷ്ട കുടുംബം മാസിക, 2014 ജനുവരി, പേജ് 14).

ബുദ്ധന്മാരും െ്രെകസ്തവരും സിഖുകാരുമൊക്കെയാണോ ഇതിനായി ഇവര്‍ക്കുള്ള വഴികാട്ടികള്‍? ഇല്ലാത്ത പോരിശകള്‍ പറഞ്ഞുണ്ടാക്കി ഈ അനാചാരത്തെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ തന്നെ ചില കാര്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയത് ശ്രദ്ധേയമാണ്.

കോടമ്പുഴ ബാവ മൗലവി എഴുതുന്നു: ''പരിഷ്‌കരണം അനിവാര്യം. നബിദിനാഘോഷം മതദൃഷ്ട്യാ ഒരാവശ്യം തന്നെ. നിരവധി സദ്ഫലങ്ങള്‍ ഉളവാക്കുന്ന ഒരു പരമ്പരാഗത ആചാരമാണിത്. പ്രവാചകന്റെ ബഹുമുഖ ജീവിതത്തിലെ മഹാസംഭവങ്ങളും അവിടുത്തെ മഹത്ചരിതങ്ങളും അനുസ്മരിക്കാനും പ്രതിവര്‍ഷം ലഭിക്കുന്ന വളരെ ശ്രദ്ധേയമായ ഒരു സുവര്‍ണാവസരമാണിത്. പക്ഷേ, നബിദിനാഘോഷത്തിന്റെ പേര് പറഞ്ഞ് ഇസ്‌ലാമിക വിരുദ്ധമായ നിരവധി കാര്യങ്ങള്‍ പലയിടത്തും അരങ്ങേറുന്നു. കോല്‍ക്കളി, വാദ്യമേളം, ഗാനമേള, നാടകം,നൃത്തം, ശബ്ദകോലാഹലം, കരിമരുന്ന് പ്രയോഗം അങ്ങിനെ നീണ്ടു പോകുന്നു അതിന്റെ പട്ടിക. അനാവശ്യങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടുന്നതിനനുസൃതമായി നബിദിനത്തിന് ഗാംഭീര്യം കൂടുമെന്നാണ് ചിലരുടെയെങ്കിലും ധാരണ. അജ്ഞരോ, അല്‍പജ്ഞരോ തുടക്കം കുറിച്ച ചില ആഭാസകരമായ പ്രവര്‍ത്തനങ്ങള്‍ അശ്രദ്ധമൂലം മറ്റുള്ളവരിലേക്കും പ്രായേണ വ്യാപിക്കുന്നതായാണ് കണ്ടുവരുന്നത്. ഇവക്ക് നേരത്തെ കടിഞ്ഞാണിട്ടില്ലെങ്കില്‍ പിന്നീടു പണ്ഡിതന്മാര്‍ക്ക് മൂകസാക്ഷികളോ, മാപ്പുസാക്ഷികളോ ആകേണ്ടി വരും'' (സെന്‍സിംഗ്, 1995 ആഗസ്റ്റ്, പേജ് 9). 

അനുകൂലിച്ചവര്‍ തന്നെ ഇന്നത്തെ രീതികളെ വെറുത്തിട്ടുണ്ടെന്ന് ഈ വരികളില്‍ പ്രകടമാണ്.

ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ചേര്‍ക്കാം. ഇത്രയധികം മേന്മകള്‍ പറഞ്ഞ് കൊണ്ട് നടക്കുന്ന ആഘോഷത്തെ കുറിച്ച് വെള്ളിയാഴ്ച  മിമ്പറില്‍ വെച്ച് ഖത്വീബ് 'ഓതുന്ന' ഖുത്വുബതുന്നബാതിയ്യയില്‍ എന്തുകൊണ്ട് പരാമര്‍ശിക്കുന്നില്ല? റബീഉല്‍ അവ്വലിലെ ഒന്നും രണ്ടും വെള്ളിയാഴ്ചകളില്‍ നബിﷺയുടെ മരണത്തെക്കുറിച്ചാണ് പറയുന്നത്. മൂന്നിനും നാലിനും അന്ത്യനാൡന്റെ  ഭീകരതയെക്കുറിച്ചും അഞ്ചില്‍ മരണത്തെയും പരലോകത്തെയും കുറിച്ചും. നബിﷺയുടെ ജന്മദിനം ആഘോഷിക്കണമെന്നതിന് ഒരു നേരിയ പരാമര്‍ശം പോലും ഇവരുടെ ഖുത്വുബകളില്‍ ഇല്ലെന്ന് വ്യക്തം!

മാലികീ മദ്ഹബിലെ പ്രസിദ്ധ പണ്ഡിതന്‍ ഇമാം ഫാഖിഹാനി(റ) തന്റെ 'അല്‍ മൗരിദ് ഫീ അമലില്‍ മൗലിദ് 'എന്ന ലഘു കൃതിയില്‍ പറഞ്ഞത് എത്ര ശ്രദ്ധേയം. അദ്ദേഹം പറയുന്നു: ''പരിശുദ്ധ ക്വുര്‍ആനിലോ നബിﷺയുടെ സുന്നത്തിലോ ഈ മൗലിദാഘോഷത്തിന് ഒരടിസ്ഥാനവും കാണുന്നില്ല. പൂര്‍വികരുടെ ചര്യ സ്വീകരിച്ചുകൊണ്ട് നിലനിന്നിരുന്ന മാതൃകായോഗ്യരായ (നബിയുടെ സമുദായത്തില്‍ പെട്ട) ഒരു പണ്ഡിതനില്‍ നിന്നും അത് പ്രവര്‍ത്തിച്ചതായി ഉദ്ധരിക്കപ്പെടുന്നില്ല. മാത്രമല്ല അത് ബിദ്അത്താകുന്നു. ദേഹേഛക്കാരും ബാത്വിലിന്റെ ആളുകളുമാണ് അത് പുതുതായി ഉണ്ടാക്കിയത്. തീറ്റക്കൊതിയന്മാര്‍ അത് കാര്യമായി ഏറ്റെടുത്തു. ഇതിനെ നാം അഞ്ച് മതവിധികള്‍ക്ക് വിധേയമാക്കിയാല്‍ ഒന്നുകില്‍ അത് നിര്‍ബന്ധമോ, ഐഛികമോ, അനുവദനീയമോ,നിഷിദ്ധമോ, കറാഹത്തോ ആയിരിക്കും. അതൊരിക്കലും നിര്‍ബന്ധമോ ഐഛികമോ അല്ല എന്നത് ഐകകണ്‌ഠ്യേനയുള്ള അഭിപ്രായമാണ്. കാരണം ഐഛികമെന്ന് പറഞ്ഞാല്‍ ഉപേക്ഷിച്ചാല്‍ ആക്ഷേപിക്കാന്‍ പറ്റാത്ത, ശറഹ് ആവശ്യപ്പെടുന്ന കാര്യങ്ങളാണ്. ഇതിന് മതം അനുമതി നല്‍കിയിട്ടില്ല. സ്വഹാബത്തോ, താബിഉകളോ ഞാന്‍ മനസ്സിലാക്കിയടത്തോളം ദീനില്‍ നിലകൊണ്ട പണ്ഡിതന്മാരോ ഇത് അനുഷ്ഠിച്ചിട്ടില്ല. അല്ലാഹുവിന്റ മുമ്പില്‍ എനിക്കുള്ള മറുപടി ഇതാണ്: ഇതൊരു അനുവദനീയമായ കാര്യമല്ല. കാരണം, മതത്തില്‍ പുതിയതുണ്ടാക്കല്‍ അനുവദനീയമായ കാര്യമല്ലെന്നത് മുസ്‌ലിംകളുടെ ഇജ്മാഅ് ആണ്. ഇനി അവശേഷിക്കുന്നത് ഒന്നുകില്‍ അത് നിഷിദ്ധമോ കറാഹത്തോ ആയിരിക്കുമെന്നതാണ്'' (പേജ് 20-21).

ദീനില്‍ ഇല്ലാത്ത ഈ ആഘോഷത്തിന്റെ പൊള്ളയായ പോരിശകളില്‍ ആകൃഷ്ടരായി ഇതിനെ നിലനിര്‍ത്തുന്നവര്‍ തെളിവുകളെ മുന്‍നിര്‍ത്തി ഇത് പുത്തനാചാരമാണ്; പ്രവാചക സ്‌നേഹമല്ലെന്ന് തിരിച്ചറിഞ്ഞാല്‍ അവര്‍ക്കു നല്ലത് എന്നേ പറയാനുള്ളൂ.