രോഗത്തിന് ചികിത്സ തേടേണ്ടത് രോഗിയോടോ?

എസ്.എ ഐദീദ് തങ്ങള്‍

2018 സെപ്തംബര്‍ 15 1439 മുഹര്‍റം 04

ചങ്ങരംകുളത്ത് വെച്ച് നടന്ന മുജാഹിദ് സമ്മേളനത്തില്‍ വെച്ചാണ് പിന്നീടവനെ ഞാന്‍ കാണുന്നത്. ഒരു പരിചയപ്പെടുത്തല്‍ വേണ്ടിവന്നു വീണ്ടും എനിക്കവനെ തിരിച്ചറിയാന്‍. അസ്തമിച്ചുപോയ കുറെ കാലങ്ങള്‍ അവന്റെ രൂപത്തിലും വേഷത്തിലും ഭാവത്തിലും അത്രക്ക് മാറ്റങ്ങള്‍ വരുത്തിയിരുന്നു! ചെത്തിമിനുക്കിവടിച്ച അന്നത്തെ ആ മുഖത്തിന്റെ സ്ഥാനത്ത് നീണ്ടുവളഞ്ഞ് ഇടതിങ്ങിയ താടി ഇടംപിടിച്ചിരിക്കുന്നു! നെരിയാണിക്ക് താഴെയിറങ്ങാത്ത പാന്റ്‌സും വസ്ത്രധാരണത്തിലെ മിതത്വവും എന്നില്‍ അത്ഭുതമുളവാക്കി. പതിനഞ്ച് വര്‍ഷം മുമ്പ് കുവൈത്തില്‍ വെച്ച് കണ്ട അവന്‍ തന്നെയോ ഇവന്‍? ആ സംഭവത്തിലേക്ക് എന്റെ ഓര്‍മകള്‍ ഊളിയിട്ടു. 

മര്‍ഹൂം എന്‍.പി. അബ്ദുല്‍ ഖാദിര്‍ മൗലവി ഒരു സൗഹൃദ സന്ദര്‍ശനത്തിനായി കുവൈത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ ഒരു പ്രഭാഷണം ജംഇയ്യത്തു ഇഹ്‌യാഉത്തുറാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. അതിന്റെ പ്രചാരണാര്‍ഥമുള്ള ഒരു സ്‌കോഡ് വര്‍ക്കിലായിരുന്നു അന്ന് ഞങ്ങള്‍. നോട്ടീസ് കൊടുക്കുവാന്‍ പല സ്ഥലത്തും കയറിയിറങ്ങിയ ഞങ്ങള്‍ ഒടുവില്‍ അവന്‍ താമസിക്കുന്ന ഫ്‌ളാറ്റിലുമെത്തി. കോളിങ്ങ് ബെല്ലടിച്ചപ്പോള്‍ പതുക്കെ വാതില്‍ തുറന്ന അവന്റെ മുഖത്ത്, ആഴ്ചയിലൊരിക്കല്‍ വീണുകിട്ടുന്ന ഒഴിവ് ദിവസത്തിലെ നിദ്രാമയക്കത്തിന്റെ ആലസ്യവും അതിന് ഭംഗം വന്നതിന്റെ രോഷവും പ്രകടമായിരുന്നു. എന്‍.പിയുടെ പരിപാടിയിലേക്ക് ക്ഷണിച്ച ഞങ്ങളോട് 'നോക്കാം, ഇന്‍ശാഅല്ലാഹ്' എന്ന്  പറഞ്ഞ് അവന്‍ വാതിലടച്ചു. നിശ്ചിത ദിവസം തന്നെ എന്‍.പി യുടെ പരിപാടി നടന്നെങ്കിലും അവനെ കണ്ടില്ല. അങ്ങനെ, സത്യം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാത്ത ആയിരക്കണക്കിന് ആളുകളുടെ കൂട്ടത്തില്‍ അന്ന് അവനെയും ഞങ്ങള്‍ കണക്കാക്കിയതായിരുന്നു. ഫഹഹീലിലും സഫാത്തിലുമൊക്കെ വെച്ച് പിന്നീട് പലപ്പോഴും അവനെ കണ്ടു മുട്ടിയിട്ടുണ്ട്. പല ക്ലാസ്സുകള്‍ക്കും ക്ഷണിച്ചിട്ടുമുണ്ട്. അപ്പോഴൊക്കെയും 'ഇന്‍ശാഅല്ലാഹ്' എന്ന് തന്നെയായിരുന്നു പ്രതികരണം; വരില്ലെന്ന് മാത്രം. 

ഒരിക്കല്‍ അസ്വ്ര്‍ നമസ്‌കാര ശേഷം ഫര്‍വാനിയ്യയിലെ ഒരു പള്ളിയില്‍ പി.എന്‍. അബ്ദുല്ലത്വീഫ് മദനിയുടെ ഒരു ക്ലാസ്സുണ്ടായിരുന്നു. അന്ന് പള്ളിയിലുണ്ടായിരുന്ന അവനെയും ഞാന്‍ ആ ക്ലാസ്സിന് ക്ഷണിച്ചു. അവന്‍ പറഞ്ഞു: ''ഞാനും എന്റെ കുടുംബം മുഴുവനും സുന്നികളാണ്. ഞങ്ങളാരും മുജാഹിദിന്റെ ഒരു പരിപാടിയിലും പങ്കെടുക്കാറില്ല. മുജാഹിദ് പള്ളിയില്‍ പോലും ഞാന്‍ പോകാറില്ല.''

ഞാന്‍ പറഞ്ഞു: ''നാട്ടില്‍ പോയാല്‍ മാത്രം മുജാഹിദ് പള്ളി നിങ്ങള്‍ക്ക് ഹറാം. ഇവിടെ കുവൈത്തില്‍ വന്നാല്‍ മുജാഹിദ് പള്ളി ഹലാലും? ഇതൊരു വൈരുധ്യമല്ലേ?''

''ആര് പറഞ്ഞു ഇവിടെ മുജാഹിദ് പള്ളിയില്‍ ഞാന്‍ പോകുന്നുണ്ടെന്ന്?''

''നിങ്ങള്‍ ഇന്ന് അസ്വ്ര്‍ നമസ്‌കരിച്ച ഈ പള്ളി മുജാഹിദ് പള്ളിയേല്ല?''

''ഇത് മുജാഹിദ് പള്ളിയാണെന്നോ? തെളിവെന്താണ്?'' 

''ഞാന്‍ എണ്ണിപ്പറയണോ കാരണങ്ങള്‍? ഇവിടെ നമസ്‌കാര ശേഷം കൂട്ടുപ്രാര്‍ഥനയുണ്ടോ? ഇവിടെ സ്വുബ്ഹിക്ക് ക്വുനൂത്ത് ഓതാറുണ്ടോ? ഇവിടെ ഹദ്ദാദ് ചൊല്ലാറുണ്ടോ? മൗലൂദും റാതീബും കഴിക്കാറുണ്ടോ? ഇവിടെ ജാറങ്ങളുണ്ടോ? നേര്‍ച്ചപ്പൂരമുണ്ടോ? സ്ത്രീകളവിടെ ആരാധനക്ക് വരുന്നില്ലേ? ഇതൊക്കെ പോരേ തെളിവായി?''  

ഇതു കേട്ടപ്പോള്‍ അവന്‍ എന്റെ മുഖത്ത് നോക്കി നിന്നു. എതിര്‍ത്ത് ഒന്നും പറയാനില്ലാതെ, 'നിങ്ങളോട് തര്‍ക്കിച്ചിട്ട് കാര്യമില്ല' എന്നും പറഞ്ഞ് ഒരു നിറംമങ്ങിയ ചിരിയോടെ അവന്‍ പള്ളിയില്‍നിന്നിറങ്ങി. 

ആ സംഭവത്തിന് ശേഷം, ഇസ്വ്‌ലാഹി പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന ക്വുര്‍ആന്‍ ക്ലാസ്സുകളിലും മറ്റു പരിപാടികളിലും 'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന രുപത്തില്‍ പരിപാടി നടക്കുന്ന സ്ഥലത്ത് ആരുടെയും ശ്രദ്ധപതിയാത്ത വിധം വല്ല മൂലയിലും വന്നിരുന്ന് അവന്‍ ക്ലാസ്സുകളും പ്രസംഗങ്ങളും ശ്രദ്ധിക്കാന്‍ തുടങ്ങി. ഞങ്ങളാരും അവനെ ശല്യപ്പെടുത്താന്‍ പോയതുമില്ല. ജോലിസ്ഥലം മാറിയതുകൊണ്ടോ എന്തോ എന്നറിയില്ല ഇടയ്ക്കിടെ കാണാറുണ്ടായിരുന്ന അവനെ പിന്നീട് തീരെ കാണാതായി. 

'ഇനി മതി കുവൈത്തിലെ ജീവിതം'-പെട്ടെന്നൊരു നിമിഷം എടുത്ത ഒരു തീരുമാനമായിരുന്നു അത്. അങ്ങനെ 1997ല്‍ ഞാന്‍ കുവൈത്തിനോട് യാത്ര പറഞ്ഞ് നാട്ടില്‍ വന്നു. ആ യുവാവിനെക്കുറിച്ചുള്ള ഓര്‍മകള്‍ വിസ്മൃതിയില്‍ ആണ്ടുപോയിരുന്നതാണ്. 

അതിനിടയില്‍ തികച്ചും യാദൃച്ഛികമായാണ് എന്റെ മുന്നില്‍ ഞാനവനെ കാണുന്നത്; അതും മുജാഹിദ് സമ്മേളന പന്തലില്‍ വെച്ച്! അവന്‍ തന്നെയോ ഇവന്‍ എന്ന് ഞാന്‍ ശങ്കിച്ചുപോയ നിമിഷമായിരുന്നു അത്. അവന്‍ അടിമുടി ഒരു സലഫിയായി മാറിയിരിക്കുന്നു! ഏതൊരു പ്രബോധകന്റെ മനസ്സിനും സന്തോഷം പകരുന്ന രംഗം! ഞങ്ങള്‍ പരസ്പരം ആലിംഗനം ചെയ്തുകൊണ്ട് സന്തോഷം പങ്കിട്ടു. അവനിലെ മാറ്റത്തിന്റെ ഹേതുവെന്തെന്നറിയാന്‍ ഞാന്‍ ജിജ്ഞാസുവായി. ഒരു ചായ കുടിക്കാമെന്നു പറഞ്ഞ് പുറത്തിറങ്ങി. നടക്കുന്നതിനിടയില്‍ അവന്‍ സംസാരത്തിന് തുടക്കം കുറിച്ചു: ''അന്ന് കുവൈത്തില്‍ വെച്ച് മുജാഹിദ് പള്ളിയിലാണ് നീ നില്‍ക്കുന്നതെന്ന് തങ്ങള്‍ എന്നോട് പറഞ്ഞല്ലോ. ആ വാക്ക് മൂര്‍ച്ചയുള്ള ഒരു അമ്പ് പോലെ എന്റെ മനസ്സില്‍ ദിവസങ്ങളോളം തറച്ച് നിന്നു. നിങ്ങള്‍ പറഞ്ഞ ഓരോ കാര്യത്തെക്കുറിച്ചും ചിന്തിച്ചു. അതൊക്കെ ശരിയാണല്ലോ എന്ന ചിന്ത മനസ്സില്‍ ഉയര്‍ന്നു തുടങ്ങി. അതോടെ നിങ്ങളുടെ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ എന്റെ മനസ്സ് എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്ന പോലെ തോന്നി. എന്നാല്‍ ഞങ്ങള്‍ക്ക് ക്ലാസ്സെടുക്കാറുള്ള ദാരിമി പലപ്പോഴും അതിന് വിലങ്ങുനിന്നു. മുജാഹിദിന്റെ പ്രഭാഷണം കേള്‍ക്കുകയോ അവരുടെ ക്ലാസ്സുകളില്‍ ഇരിക്കുകയോ ചെയ്യരുതെന്ന് അയാള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ആയിടക്കാണ് സിറ്റിയിലെ ഒരു പള്ളിയില്‍ വെച്ച് മുജാഹിദുകള്‍ സംഘടിപ്പിക്കുന്ന ക്ലാസ്സുണ്ടെന്നറിയുന്നത്. കുറെ അകലം പാലിച്ചുകൊണ്ട് അന്നും ഞാനാ ക്ലാസ്സ് കേള്‍ക്കാനിരുന്നു. ക്ലാസ്സിന്റെ ആരംഭത്തില്‍ തന്നെ ആ മൗലവി ക്വുര്‍ആന്‍ വചനങ്ങള്‍ ഓതിക്കൊണ്ട് പറഞ്ഞ ചില കാര്യങ്ങളാണ് എന്റെ ശ്രദ്ധയെ പിടിച്ചു നിര്‍ത്തിയത്. അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം ഇതായിരുന്നു: 'സുന്നി മുസ്‌ല്യാക്കള്‍ പലപ്പോഴും അവരുടെ അണികളെ തങ്ങളുടെ പാളയത്തില്‍ തന്നെ പിടിച്ചുനിര്‍ത്താനും അവര്‍ തൗഹീദ് ഉള്‍ക്കൊള്ളുന്നതിനെ തടസ്സപ്പെടുത്താനും വേണ്ടി മുജാഹിദുകളുടെ പരിപാടികളില്‍ പങ്കെടുക്കുകയോ, അവരുടെ പ്രസംഗങ്ങള്‍ കേള്‍ക്കുകയോ ചെയ്യരുതെന്ന് പ്രചരിപ്പിക്കാറുണ്ട്. എന്നാല്‍, അവര്‍ ഈ പറയുന്നത് പരിശുദ്ധ ക്വര്‍ആനിന് എതിരാണെന്ന് പോലും അവരാലോചിക്കുന്നില്ല.' പിന്നീട് അദ്ദേഹം ക്വുര്‍ആനിലെ സൂറതുസ്സുമറിലെ 17,18 വചനങ്ങള്‍ ഓതി അര്‍ഥം പറഞ്ഞു:

'...അതിനാല്‍ എന്റെ ദാസന്‍മാര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക. അതായത് വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക്. അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍.' ഇതാണ് എന്റെ മനസ്സിനെ തൗഹീദിലേക്കടുപ്പിക്കാന്‍ കാരണമായത്. ഞാന്‍ ചിന്തിച്ചു; എന്ത് കൊണ്ട് ഞങ്ങളെ പോലെയുള്ള സാധാരണക്കാരില്‍ നിന്നും മുസ്‌ല്യാക്കന്മാര്‍ ഇതുപോലുള്ള പല ക്വുര്‍ആന്‍ വചനങ്ങളും മറച്ചുവെക്കുന്നു? മുജാഹിദുകളുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കരുത്, അവരുടെ പുസ്തകങ്ങള്‍ വായിക്കരുത് എന്നൊക്കെ ദാരിമിമാരും സക്വാഫിമാരും മറ്റും പറയുന്നത് ക്വുര്‍ആനിനെതിരാണെന്നും സമൂഹം അന്ധമായി അവരെ പിന്‍പറ്റേണ്ടത് അവരുടെ ലക്ഷ്യമാണെന്നും ആ ലക്ഷ്യം നിറവേറണമെങ്കില്‍ ഇത് പോലെ പല ആയത്തുകളും ഹദീഥുകളും ജനങ്ങളില്‍ നിന്ന് മറച്ചുവെക്കേണ്ടത് ഇവര്‍ക്ക് അനിവാര്യമാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു.''

സുഹൃത്ത് അവന്റെ അനുഭവ വിവരണം തുടര്‍ന്നു: ''അന്നത്തെ ആ പഠനക്ലാസ്സില്‍ സംശയനിവാരണത്തിനുള്ള അവസരമുണ്ടായിരുന്നു. 'മഹാന്മാരോട് പ്രാര്‍ഥിച്ചാല്‍ അവര്‍ക്ക് ഉത്തരം നല്‍കാന്‍ പറ്റുമോ' എന്നചോദ്യം അവിടെ ഉന്നയിക്കപ്പെട്ടു. മൗലവിയുടെ വിശദീകരണം ഇങ്ങനെയായിരുന്നു: 'മഹാത്മാക്കള്‍ അവരുടെ പരലോക മോക്ഷത്തിന് വേണ്ടി സല്‍കര്‍മങ്ങള്‍ അനുഷ്ഠിച്ച,് അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിച്ച്, അവനെ മാത്രം ആരാധിച്ച് ജീവിച്ചവരായിരുന്നു. അങ്ങനെ ജീവിത വിശുദ്ധി കാത്തുസൂക്ഷിച്ച് ജീവിച്ചവരാണ് അല്ലാഹുവിന്റെ ഔലിയാക്കള്‍. പരലോക വിജയം നേടി സ്വര്‍ഗം കരസ്ഥമാക്കുക എന്നതായിരുന്നു അവരുടെ ആത്യന്തിക ലക്ഷ്യം. അവരുടെ ജീവിതകാലത്ത് ആഗ്രഹസഫലീകരണങ്ങള്‍ക്കായി അവരെ ആരും സന്ദര്‍ശിക്കുകയുണ്ടായിട്ടില്ല. തങ്ങളെ സന്ദര്‍ശിച്ചവര്‍ക്ക് രോഗശുശ്രൂഷ നടത്തുകയല്ല അവര്‍ ചെയ്തത്. നേരെ മറിച്ച് അവര്‍ തങ്ങള്‍ക്കറിയുന്ന മതപരമായ അറിവ് പകര്‍ന്നു കൊടുക്കുകമാത്രമാണ് ചെയ്തിരുന്നത്. അല്ലാഹുവിന്റെ വിവിധങ്ങളായ പരീക്ഷണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ തങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടുപോയ മഹാത്മാക്കളുടെ മക്വ്ബറകള്‍ തേടി അവര്‍ പോയില്ല. എല്ലാ പരീക്ഷണങ്ങളെയും ക്ഷമയോടെ തരണം ചെയ്ത് അല്ലാഹുവില്‍ ഭരമേല്‍പിക്കുകയാണവര്‍ ചെയ്തത്. തങ്ങളെ കാണാന്‍ വരുന്നവരുടെയൊക്കെ രോഗം മാറ്റിക്കൊടുക്കലും മക്കളെ നല്‍കലും ചികിത്സ വിധിക്കലുമായിരുന്നു ജീവിതകാലത്ത് അവരുടെ ജോലിയെങ്കില്‍ മരണശേഷം അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്നല്ല ഡോക്ടറെന്നോ വൈദ്യരെന്നോ ആയിരുന്നു അവര്‍ അറിയപ്പെടുക. എന്നാല്‍ വിരോധാഭാസമെന്ന് പറയട്ടെ, ആ മഹാന്മാര്‍ ഇഹലോകവാസം വെടിഞ്ഞതോടെ നമ്മില്‍ പലരും രോഗങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കഷ്ടപ്പാടുകളും വന്നപ്പോള്‍ അല്ലാഹുവിനെ പാടെ വിസ്മരിച്ചുകൊണ്ട് അവരോടൊക്കെയാണ് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നത്. ഏത് ആഗ്രഹവും സഫലീകരിച്ചു തരാന്‍ അവര്‍ക്ക് കഴിയുമെന്ന് മാത്രമല്ല അവരോട് േചാദിച്ചാലേ കിട്ടൂ എന്നു പോലും വിശ്വസിക്കുന്നു ആളുകള്‍! കുട്ടിയുണ്ടാവാനും രോഗം മാറാനും കടം വീടാനുമൊക്കെ ആ മഹാത്മാക്കള്‍ അല്ലാഹുവിനോടാണ് ചോദിച്ചതെങ്കില്‍, അവര്‍ പഠിപ്പിച്ച ആശയങ്ങള്‍ തോട്ടിലെറിഞ്ഞ് കൊണ്ട് നാം അവരെത്തന്നെ നമ്മുടെ രക്ഷാധികാരികളാക്കുന്നു; എന്തൊരു വിചിത്രമായ അവസ്ഥ!

ഒരു ഡോക്ടറെ സന്ദര്‍ശിച്ച് തന്റെ രോഗം മാറാനുള്ള മരുന്നുവാങ്ങി മടങ്ങിവരുന്ന ഒരു രോഗിയോടാണോ മറ്റൊരു രോഗി ചികിത്സ തേടേണ്ടത്? അതോ അയാളെ ചികിത്സിച്ച ഡോക്ടറോടോ? എന്നാല്‍ ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് പടുവിഡ്ഢിത്തമല്ലേ? രോഗവും കഷ്ടപ്പാടും വന്നപ്പോള്‍ മുന്‍ഗാമികളായ മഹാന്മാര്‍അല്ലാഹുവോട് തേടി. നമുക്ക് രോഗവും ബുദ്ധിമുട്ടും വരുമ്പോള്‍ അവരോട് തേടാതെ അവര്‍ അഭയം പ്രാപിച്ച അല്ലാഹുവില്‍ നമ്മളും അഭയം പ്രാപിക്കുക; എത്ര ലളിതമായ കാര്യം! ഇതിലല്ലേ യുക്തിയുള്ളത്? ഇതിനല്ലേ മതപ്രമാണങ്ങളുടെ പിന്തുണയുള്ളത്?'

ഇങ്ങനെ വിശദീകരിച്ചുകൊണ്ടുള്ള മൗലവിയുടെ പ്രസംഗം എനിക്ക് വലിയ പ്രചോദനം നല്‍കി. ഈയൊരുപഠന ക്ലാസ്സ് മറ്റനേകം ഇസ്വ്‌ലാഹി പരിപാടികളില്‍ പങ്കെടുക്കാന്‍ എനിക്ക് വഴിയൊരുക്കി. അല്ലാഹു എന്നെ ഹിദായത്തിലെത്തിച്ചു. അല്‍ഹംദുലില്ലാഹ്!'' ആ യുവാവ് ഇങ്ങനെ പറഞ്ഞവസാനിപ്പിക്കുമ്പോള്‍ അവന്റെ കണ്ണുകള്‍ ഈറനണിഞ്ഞിട്ടുണ്ടായിരുന്നു.
(അവസാനിച്ചില്ല)

0
0
0
s2sdefault