അറബികളുടെ മാറ്റം
ഫദ്‌ലുല്‍ ഹഖ് ഉമരി
2018 ഡിസംബര്‍ 29 1440 റബീഉല്‍ ആഖിര്‍ 21
(മുഹമ്മദ് നബിﷺ: 03)
പ്രവാചകത്വത്തിന്റെ സുര്യന്‍ അറേബ്യയില്‍ നിന്ന് ഉദിക്കണമെന്നായിരുന്നു അല്ലാഹുവിന്റെ തീരുമാനം. അവിടെയായിരുന്നു ഏറ്റവും വലിയ ഇരുട്ട്. ഈ ഇരുട്ടിനെ നീക്കിക്കളയാനാവശ്യമായ പ്രകാശ കിരണങ്ങളും അവിടെത്തന്നെയായിരുന്നു പ്രസരിക്കേണ്ടിയിരുന്നത്. ഹിദായത്ത് കൊണ്ടും ആ രാജ്യം നിറയേണ്ടതുണ്ട്.
''അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു'' (അല്‍ജുമുഅ:2).
നബിﷺയുടെ ആഗമനത്തിലുടെ ഈ സമൂദായത്തെ അല്ലാഹു ഇരുട്ടുകളില്‍ നിന്നും വെളിച്ചത്തിലേക്ക് കൊണ്ടുവന്നു. അവിശ്വാസത്തില്‍നിന്ന് വിശ്വാസത്തിലേക്കും ബഹുദൈവ വിശ്വാസത്തില്‍നിന്ന് ഏകദൈവ വിശ്വാസത്തിലേക്കും അജ്ഞതയില്‍ നിന്ന് വിജ്ഞാനത്തിലേക്കും ശത്രുതയില്‍ നിന്ന് സ്‌നേഹത്തിലേക്കും അക്രമത്തില്‍ നിന്ന് നീതിയിലേക്കും ഭയത്തില്‍ നിന്ന് നിര്‍ഭയത്വത്തിലേക്കും അല്ലാഹു അവരെ കൊണ്ടുന്നു.
''നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്‌നികുണ്ഡത്തിന്റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി''(ആലുഇംറാന്‍:103).
അറബികളില്‍ നിന്ന് നബിﷺയെ തെരഞ്ഞെടുത്തതു പോലെ ഈ പ്രബോധനത്തെ ആദ്യമായി സ്വീകരിക്കുന്നവരും ശേഷം അത് ജനങ്ങളിലേക്കെത്തിക്കുന്നവരും അറബികള്‍ തന്നെയാകാന്‍ അല്ലാഹു അവരെ തെരഞ്ഞെടുത്തു. ഇതിന് ചിലകാരണങ്ങള്‍ കൂടിയുണ്ട്. അതായത് അറബികളുടെ മനസ്സ് ശുദ്ധമാണ്. അവര്‍ നിശ്ചയദാര്‍ഢ്യതയുള്ളവരാണ്. സത്യം പ്രയാസമായപ്പോള്‍ അവരതിനെ ഒഴിവാക്കി. അത് മനസ്സിലാക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ സത്യത്തോട് യുദ്ധം ചെയ്തു. എന്നാല്‍ കണ്ണുകളില്‍ നിന്ന് മൂടി നീങ്ങിയപ്പോള്‍ അവര്‍ ആ സത്യത്തില്‍ വിശ്വസിക്കുകയും അതിനെ സ്‌നേഹിക്കുകയും അണച്ചു പിടിക്കുകയും ചെയ്തു. അതിന്റെ പേരില്‍ മരിക്കാന്‍ തയ്യാറായി; ഇതാണുണ്ടായത്.
മനുഷ്യരില്‍ ഏറ്റവും മോശക്കാരായിരുന്നു അവര്‍. എന്നാല്‍ സത്യത്തില്‍ വിശ്വസിച്ചപ്പോള്‍ ഏറ്റവും നല്ല മനുഷ്യരായി മാറി അവര്‍. അവരുടെ ഹൃദയത്തിന്റെ ഫലകങ്ങള്‍ സംശുദ്ധമായി. വിശ്വാസമോ ആഴമേറിയ അറിവുകളോ ആദ്യകാലങ്ങളില്‍ അവരുടെ ഹൃദയങ്ങളില്‍ ഉണ്ടായിരുന്നില്ല. അജ്ഞതയും ക്രൂരതയും മാത്രമാണ് അവരിലുണ്ടായിരുന്നത്. ഇഛകളുടെയും അശ്രദ്ധയുടെയും താഴ്‌വരകളില്‍ വിഹരിക്കുകയായിരുന്നു അവരുടെ ഹൃദയങ്ങള്‍. സത്യത്തെ തൊട്ട് അവകള്‍ അന്ധരായിരുന്നു. ഇത്തരം പതിവുസ്വഭാവങ്ങളെ നീക്കം ചെയ്യലും കഴുകിക്കളയലും അത്ര എളുപ്പമായിരുന്നില്ല. അവിടെ പകരം വരേണ്ടത് ദൈവിക വെളിച്ചമാണ്. പക്ഷേ, അവര്‍ ഇസ്‌ലാമിലേക്ക് ധൃതി കാണിച്ചു. അവരുടെ ജീവിതം മാറി. ലോകത്തെ അവര്‍ മാറ്റി. മനുഷ്യ ഹൃദയങ്ങളെ ഈമാന്‍ കൊണ്ട് അവര്‍ തുറന്നു.
''മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. ..'' (ആലുഇംറാന്‍: 110).
അറബികള്‍ സത്യനിഷേധത്തിലും വഴികേടിലുമായിരുന്നുവെങ്കിലും തുറന്ന ഏടുകളായിരുന്നു. മനക്കരുത്തിന്റെ ഉടമകളായിരുന്നു. മനുഷ്യത്വം അവരിലുണ്ടായിരുന്നു. സ്വന്തത്തെ അവര്‍ വഞ്ചിച്ചിരുന്നില്ല. മറ്റുള്ളവരെ ചതിച്ചിരുന്നില്ല. ശക്തമായ വാക്കുകള്‍, ഉറച്ച തീരുമാനം, ധീരത, ഔദാര്യം തുടങ്ങി ഒട്ടനവധി ഗുണങ്ങളും അവരിലുണ്ടായിരുന്നു. ഈ സ്വഭാവങ്ങള്‍ക്ക്ഭംഗിയും വെളിച്ചവും പകരാന്‍ ഇസ്‌ലാം അവരിലേക്ക് വന്നു.
''തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക്‌നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക്ഓതിക്കേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു'' (ആലുഇംറാന്‍: 164).
അല്ലാഹു തആലാ അറബികളെ ഈ മതം കൊണ്ട് ആദരിച്ചപ്പോള്‍ അവരത് സ്വീകരിച്ചു. ആരാധനയിലും ദഅ്‌വത്തിലും സ്വഭാവത്തിലും ഇടപാടുകളിലും അവര്‍ ജനങ്ങള്‍ക്ക് വേണ്ടി പുറത്തുകൊണ്ടുവരപ്പെട്ട ഉത്തമ സമുദായമായി മാറി. ജനങ്ങളോട് കാരുണ്യമുള്ളവരായി. അങ്ങനെ അവര്‍ ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. അല്ലാഹുവിന്റെ മതം അവരെ പഠിപ്പിച്ചു. എല്ലാവര്‍ക്കും നന്മ ചെയ്തു കൊടുത്തു.
സത്യസന്ധതയുടെയും വിശ്വസ്തതയുടെയും ധീരതയുടെയും ആളുകളായിരുന്നു അറബികള്‍. കാപട്യവും ഗൂഢാലോചനയും അവരുടെ പ്രകൃതിയില്‍ ഉണ്ടായിരുന്നില്ല. അവര്‍ മുസ്‌ലിംകളായപ്പോള്‍ അല്ലാഹുവോടുള്ള കരാറുകള്‍ അവര്‍ പാലിച്ചു. വിലപ്പെട്ടതെല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവര്‍ ചെലവഴിച്ചു.
''സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്) കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല''(അല്‍അഹ്‌സാബ്: 23).
നാഗരികതയില്‍ നിന്നും പട്ടണവാസത്തില്‍ നിന്നും അകലെയായിരുന്നു അറബികള്‍. പ്രയാസഘട്ടങ്ങളിലും ധീരമായി ഉറച്ചു നില്‍ക്കുന്നവരായിരുന്നു അവര്‍. അതിനാല്‍ ഇസ്‌ലാം സ്വീകരിച്ചതോടെ അവര്‍ അല്ലാഹുവിന്റെ സൈന്യമായി.
''മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൗറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൗതുകം തോന്നിച്ചുകൊണ്ട് അതിന്റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നുനിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു'' (അല്‍ഫത്ഹ്: 29).