ഇസ്്വലാഹിനെയും തജ്ദീദിനെയും പരിഹസിക്കുന്നവര്‍ തിരിച്ചറിയാതെ പോകുന്നത്

യൂസുഫ് സാഹിബ് നദ്‌വി

2018 ഏപ്രില്‍ 07 1439 റജബ് 20

(ഭാഗം-2)

അളവിലും തൂക്കത്തിലും കൃത്രിമം കാട്ടിയിരുന്ന മദ്‌യന്‍ നിവാസികളിലേക്ക് നിയുക്തരായ ശുഅയ്ബ്(അ)ന്റെ ചരിത്രം ക്വുര്‍ആനില്‍ പറയുന്നു: ''മദ്‌യന്‍കാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനെയും (നാം നിയോഗിക്കുകയുണ്ടായി). അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. അളവിലും തൂക്കത്തിലും നിങ്ങള്‍ കുറവ് വരുത്തരുത്. തീര്‍ച്ചയായും നിങ്ങളെ ഞാന്‍ കാണുന്നത് ക്ഷേമത്തിലായിട്ടാണ്. നിങ്ങളെ ആകെ വലയം ചെയ്യുന്ന ഒരു ദിവസത്തെ ശിക്ഷ നിങ്ങളുടെ മേല്‍ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു''(11:84). 

വിശ്വാസ രംഗത്തെ ഏറ്റവും വലിയ തിന്മയായ ശിര്‍ക്കിനെ കയ്യൊഴിയാനായിരുന്നു ശുഅയ്ബ് നബിയുടെ മുഖ്യഉപദേശം. തുടര്‍ന്നാണ് അളവിലും തൂക്കത്തിലും കൃത്രിമം കാട്ടുന്നതിന്റെ ഗൗരവത്തെപ്പറ്റി ഉണര്‍ത്തുന്നത്. ഇവിടെയും മുന്‍ഗണനാക്രമം തെറ്റിച്ചിട്ടില്ല. കാരണം, ഉത്തമവിശ്വാസി വെട്ടിക്കുകയോ വഞ്ചിക്കുകയോ ഇല്ലതന്നെ. ഇതര സാമൂഹിക തിന്മകള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരില്‍ ശബ്ദിക്കരുതെന്ന് ആര്‍ക്കും അഭിപ്രായമില്ല. മറിച്ച് മുന്‍ഗണനാക്രമത്തിലെ ഏറ്റക്കുറച്ചിലാണ് പ്രശ്‌നം. കാരണം, തൗഹീദിനെ ത്യജിച്ചവന്‍ ഏതെല്ലാം സദ്ഗുണങ്ങള്‍ കൈക്കൊണ്ടാലും ദുര്‍ഗുണങ്ങള്‍ ഉപേക്ഷിച്ചാലും പാരത്രിക ലോകത്ത് സൗഭാഗ്യത്തിന്റെ സങ്കേതമായ സ്വര്‍ഗം ലഭിക്കുകയില്ല.

സത്യവിശ്വാസി തൗഹീദിനെ യഥാവിധി സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നതോടെ എല്ലാ പാപങ്ങളില്‍ നിന്നും പരിശുദ്ധനാകുന്നു. വിശ്വാസത്തില്‍ ന്യൂനത സംഭവിക്കുമ്പോഴൊക്കെ അവന്റെ പ്രവര്‍ത്തനത്തിലും വൈകല്യങ്ങള്‍ സംഭവിക്കും. നബി(സ്വ) പറഞ്ഞു: 'ഒരു സത്യവിശ്വാസിയും വിശ്വാസിയായിരിക്കെ വ്യഭിചരിക്കില്ല. ഒരു സത്യവിശ്വാസിയും വിശ്വാസിയായിരിക്കെ മോഷ്ടിക്കുകയുമില്ല'(ബുഖാരി). അപ്പോള്‍ തെറ്റുകുറ്റങ്ങളില്‍ നിന്നും ഒഴിവാകുന്നതിന്റെ അടിസ്ഥാനവും തൗഹീദ് സ്വീകരിക്കലാണ്. തൗഹീദുള്ളവരുടെ പ്രവര്‍ത്തനങ്ങളില്‍ തെറ്റുകുറ്റങ്ങള്‍ കണ്ടാല്‍ അവരുടെ വിശ്വാസത്തിലെ ന്യൂനതയായി അതിനെ പരിഗണിച്ച് വിശ്വാസവര്‍ധനവിനുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് വേണ്ടത്. 

ഈജിപ്തില്‍ ജയില്‍വാസത്തിനിടയില്‍ തടവുകാരായ യുവാക്കളുടെ സ്വപ്‌നത്തിന് വിശദീകരണം നല്‍കിയ യൂസുഫ്(അ), അവര്‍ക്കുള്ള മറുപടിയില്‍ പ്രാഥമികമായി പറഞ്ഞതും തൗഹീദിനെ സംബന്ധിച്ചാണ്. ''ജനങ്ങളടെ മുമ്പില്‍ മതപ്രബോധനം ചെയ്യേണ്ട രീതി എങ്ങനെയാണെന്നുകൂടി ഇതില്‍ നിന്ന് മനസ്സിലാക്കാം. യൂസുഫ്(അ) ആദ്യംതന്നെ ദീനിന്റെ വിശദമായ അടിസ്ഥാനങ്ങളും സിദ്ധാന്തങ്ങളും അവതരിപ്പിക്കാന്‍ തുടങ്ങുന്നില്ല. പ്രത്യുത, സത്യപ്രബോധകരുടെ മാര്‍ഗം അസത്യത്തിന്റെ മാര്‍ഗത്തില്‍ നിന്നും വേര്‍തിരിയുന്ന കേന്ദ്രബിന്ദു ശിര്‍ക്കും തൗഹീദും തമ്മിലുള്ള അന്തരം മാത്രമെ ആദ്യമായി മുന്നില്‍ വെക്കുന്നുള്ളു....'' (തഫ്ഹീമുല്‍ ക്വുര്‍ആന്‍-മൗദൂദി, അധ്യായം യൂസുഫ്, പേജ് 375, വാള്യം-2). സയ്യിദ് മൗദൂദിക്ക് ഈ വിഷയത്തില്‍ അഭിപ്രായ ഭിന്നതയില്ലെങ്കിലും അദ്ദേഹത്തിന്റെ അനുയായികളും പാര്‍ട്ടി പ്രവര്‍ത്തകരുമെന്നവകാശപ്പെടുന്നവരില്‍ പല പ്രമുഖരും ഇന്നും ഇക്കാര്യത്തില്‍ ഇരുട്ടില്‍ തപ്പുകയാണ്. ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട് തൗഹീദിന്റെ വക്താക്കളെ പരിഹസിക്കാനും നാടകം കളിക്കാനും ഇസ്‌ലാമിലെ തൗഹീദിന്റെ പ്രാധാന്യത്തെ ചെറുതാക്കി കാണിക്കാനും 'അഹം ബ്രഹ്മാസ്മി'യെ ന്യായീകരിക്കാനുമാണ് ഇവരുടെ ശ്രമമെന്നത് ഈ സന്ദര്‍ഭത്തില്‍ വിസ്മരിക്കാന്‍ കഴിയില്ല.

പ്രവാചകന്മാരുടെ പ്രബോധന ശൈലികളില്‍ വ്യത്യാസം കാണാമെങ്കിലും അവര്‍ സ്വീകരിച്ചിരുന്ന മുന്‍ഗണനാ ക്രമത്തില്‍ മാറ്റമുണ്ടായിട്ടില്ല. 950 വര്‍ഷം ഭൂമിയില്‍ പ്രബോധനം നടത്തിയ നൂഹ്(അ)ന്റെ ചരിത്രവും വിഗ്രഹാരാധകനായ പിതാവിനെ നേര്‍വഴി നടത്താന്‍ പ്രയത്‌നിച്ച ഇബ്‌റാഹീം(അ)ന്റെ ചരിത്രവും ഇതില്‍ സുപ്രധാനമാണ്. പ്രബോധകനെ അംഗീകരിക്കാതെ ചെവിയില്‍ വിരല്‍കടത്തി പ്രതിരോധിച്ചവര്‍, ഓടി രക്ഷപെടാന്‍ ശ്രമിച്ചവര്‍, ശരീരമാസകലം മൂടിപ്പുതച്ചു ശഠിച്ചുനിന്നവര്‍, സൂര്യ-ചന്ദ്ര-നക്ഷത്രാതികളെ ആരാധിച്ചവര്‍, സ്വേച്ഛാധിപതിമാരും അതിക്രമികളും ക്രൂരരുമായ ഭരണാധികാരികള്‍.... ഇവരോടൊക്കെ സംവദിച്ച ശൈലികളില്‍ വ്യത്യാസം സ്വാഭാവികമാണെങ്കിലും മുന്‍ഗണനാക്രമത്തില്‍ വ്യതിയാനം സംഭവിച്ചിട്ടില്ല. മാറ്റമില്ലാത്ത ഈ മുന്‍ഗണനാ ക്രമമാണ് പ്രബോധകര്‍ക്ക് എന്നും മാര്‍ഗദര്‍ശനമാകേണ്ടത്.

യമനിലേക്ക് ഇസ്‌ലാമിക പ്രബോധനത്തിനായി നിയോഗിക്കപ്പെട്ട മുആദ്(റ)വിനോടും ഈ മുന്‍ഗണനാക്രമം പാലിക്കാനാണ് പ്രവാചകന്‍(സ്വ) നിര്‍ദേശിച്ചത്. 'പൂര്‍വ വേദഗ്രന്ഥത്തിന്റെ ആളുകളിലേക്കാണ് താങ്കള്‍ നിയോഗിക്കപ്പെടുന്നത്. ആരാധനക്ക് അര്‍ഹന്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നും അവരെ ധരിപ്പിക്കണം. ഇത് അവര്‍ അംഗീകരിച്ചാല്‍ നമസ്‌കാരം, സകാത്ത് എന്നിവയുടെ നിര്‍ബന്ധിതയെപ്പറ്റി അവരെ അറിയിക്കണ'മെന്ന് നബി(സ്വ) മുആദ്(റ)വിനെ ഓര്‍മപ്പെടുത്തി. ബുഖാരി, മുസ്‌ലിം). 

തൗഹീദിനെ കൃത്യമായി അംഗീകരിക്കുന്നവരില്‍ നിന്ന് മാത്രമെ നമസ്‌കാരം, സകാത്ത് തുടങ്ങിയവ പ്രതിഫലത്തിന്റെ ലോകത്ത് സ്വീകാര്യയോ ഗ്യമാവുകയുള്ളൂവെന്നാണ് ഈ ഹദീഥ് നല്‍കുന്ന വ്യക്തമായ സൂചന. 

ചുരുക്കത്തില്‍, മതപ്രബോധന മേഖലയില്‍ എന്നും മുഖ്യസ്ഥാനം തൗഹീദിനാണ്. തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിക്കുവാനും തൗഹീദിലൂടെ പരിവര്‍ത്തനം സൃഷ്ടിക്കുവാനും ജീവിതം ത്യജിച്ച പ്രവാചകന്മാരുടെ ഉദാഹരണമാണിത്. ഈ നിര്‍ദേശങ്ങളൊക്കെ മക്കയിലെ മുശ്‌രിക്കുകകള്‍ക്ക് മാത്രം ബാധകമാണെന്ന് വാദിക്കുന്നവരും അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കല്‍ പരിപാടിയാണ് വിശ്വാസികളുടെ ദൗത്യമെന്ന് എഴുതിവിട്ടവരും നമസ്‌കരിച്ചാല്‍ മാത്രം മതി എല്ലാം തികഞ്ഞുകൊള്ളുമെന്ന് പ്രചരിപ്പിക്കുന്നവരുമൊക്കെ വാസ്തവത്തില്‍ ഈ രീതിശാസ്ത്രത്തിന്റെയും മുന്‍ഗണനാ ക്രമത്തിന്റെയും മറുപക്ഷത്താണ് നിലകൊള്ളുന്നത്.

വിഭിന്ന മതസമൂഹങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ പങ്കാളിത്തം വഹിക്കുക, രോഗികള്‍ക്ക് ശാന്തിയും സമാധാനവും എത്തിക്കുക, കഷ്ടപ്പാടിലും ബുദ്ധിമുട്ടിലും അകപ്പെടുന്നവരെ സഹായിക്കുക തുടങ്ങിയ സേവനങ്ങളിലൊക്കെ വിശ്വാസികളെന്ന നിലയില്‍ കഴിവനുസരിച്ച് ഓരോരുത്തരും പങ്കാളിത്തം വഹിക്കേണ്ടതാണ്. എന്നാല്‍ സാമൂഹ്യ സേവനത്തിന്റെ മറപിടിച്ച് വികല പോളിസി/പോഗ്രാമുകള്‍ ജനങ്ങളിലേക്ക് ഇന്‍ജക്റ്റ് ചെയ്യാനുള്ള ചിലരുടെ ഹീനശ്രമങ്ങള്‍ ഇസ്‌ലാമിന് അന്യമാണ്. 'ത്രിേയകത്വം' പോലുള്ള വികലവാദങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ നേരെചൊവ്വെ വിശദീകരിച്ച് മനസ്സിലാക്കിക്കൊടുക്കാന്‍ പരാജയപ്പെട്ടപ്പോഴാണ് ക്രൈസ്തവ മിഷണറിമാര്‍ സാമൂഹ്യസേവന പ്രവര്‍ത്തകരുടെ മുഖംമൂടി അണിഞ്ഞത്. പകല്‍പോലെ പ്രശോഭിതമായ ഇസ്‌ലാമിക വിശ്വാസത്തിലും ആചാരങ്ങളിലും അടിയുറച്ച മുസ്‌ലിമിന് ഇത്തരം ഒരു രീതി യഥാര്‍ഥത്തില്‍ ആവശ്യമില്ല. യാതൊരു കുറുക്കുവഴികളുമില്ലാതെ 23 മുതല്‍ 950 വര്‍ഷംവരെ മുഖാമുഖം നടത്തിയവരുടെ നിഷ്‌കളങ്കതക്ക് ആധുനിക കമ്പോള നിലവാരത്തിനനുസരിച്ച് വിലനിര്‍ണയിക്കാന്‍ ശ്രമിക്കുന്നത് ബുദ്ധിശൂന്യതയാണ്. ഇവരിലെ ജയപരാജയത്തിന്റെ ശതമാനം വിലയിരുത്താന്‍ തുനിയുന്നത് അതിലും വിഡ്ഢിത്തം. തന്റെ നാഥനുമായുള്ള കരാര്‍ സമ്പൂര്‍ണമായി പൂര്‍ത്തീകരിച്ചുവെന്ന് അല്ലാഹു ക്വുര്‍ആനില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചില പ്രവാചകന്മാരുടെ ദഅ്‌വത്തിന്റെ വിജയം ഭാഗികമായിരുന്നുവെന്ന് വിജ്ഞാനകോശങ്ങളിലൂടെ എഴുതിവിട്ട രാഷ്ട്രീയ ഇസ്‌ലാമികളുടെ വികല മനോഭാവങ്ങള്‍ പ്രത്യേകം പഠനവിധേയമാക്കേണ്ടതുണ്ട്. ഇവരുടെ റഫറന്‍സുകള്‍ എത്തിനില്‍ക്കുന്നത് ഇറാനിലെ ആയത്തുല്ലമാരുടെ വരണ്ട മസ്തിഷ്‌ക്കങ്ങളിലാണെന്ന് കണ്ടെത്താനും പ്രയാസമില്ല.

കൂടുതല്‍ സ്വീകാര്യതക്ക് വേണ്ടി, ഈ രംഗത്ത് വിട്ടുവീഴ്ചക്കും പൊതുതാല്‍പര്യമേഖല കണ്ടെത്താനും അവസരവുമുണ്ടായിരുന്നെങ്കില്‍ ബദ്ര്‍-ഉഹ്ദ്-ഖന്‍ദക്കുകളുടെ ആവശ്യമുണ്ടായിരുന്നില്ലല്ലോ? ചീഞ്ഞളിഞ്ഞ ഒട്ടകക്കുടല്‍മാലകളില്‍ ശ്വാസംമുട്ടേണ്ടി വരില്ലായിരുന്നു. ജീവനോടെ നെടുകെ പിളരേണ്ടിവരില്ലായിരുന്നു. ശരീരഭാഗങ്ങളില്‍ നിന്നും മാംസം വാര്‍ക്കപ്പെടില്ലായിരുന്നു.

ക്വുര്‍ആനും പ്രവാചകചര്യയും അനുസരിച്ചുള്ള പ്രബോധന ശൈലിക്ക് നവജീവന്‍ നല്‍കുന്നത് മാത്രമാണ് ഈ രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള ഏക പരിഹാരം. മതപ്രബോധകരുടെ മേലങ്കി അണിയുന്നവര്‍ തങ്ങളുടെ പോളിസീ പ്രോഗ്രാമുകള്‍ ക്വുര്‍ആനിനും പ്രവാചകചര്യക്കും അനുസൃതമായി അഴിച്ചുപണിയണം. ദൈവിക കല്‍പനകള്‍ ജനസമക്ഷം സധൈര്യം ഉറക്കെ പറയണമെങ്കില്‍ ഇത് ഏറെ അനിവാര്യമാണ്. 

ശൈഖ് മുഹമ്മദിന്റെ ആഹ്വാനമനുസരിച്ച് ഹിജാസില്‍ നടപ്പില്‍ വരുത്തിയ പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കക്ഷികളും സംഘടനകളും വിമര്‍ശിച്ചത് പലവിധ ന്യായീകരണങ്ങളൂടെ പേരിലാണ്. ഖുറാഫികളും ശിയാക്കളും കല്ലിനും മണ്ണിനും കല്‍പിക്കുന്ന പരിശുദ്ധിയുടെ പേരിലാണ് പലപ്പോഴും ഇത്തരം വിമര്‍ശന നിലപാടുകള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയും പലപ്പോഴും ഇത്തരം കഥയില്ലാ വിമര്‍ശനങ്ങളില്‍ പങ്കാളികളാവുന്നതാണ് നാം കണ്ടുവരുന്നത്. ഹിജാസിലെ നവീകരണ സംരംഭങ്ങളെയും ശൈഖ് മുഹമ്മദിന്റെ ശുദ്ധീകരണ നടപടികളെയും അവരും അവസരം കിട്ടുന്നിടത്തെല്ലാം വികലമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കാറുണ്ട്. അതിന്റെ കാരണവും മറ്റൊന്നല്ല. ബഹുഭൂരിപക്ഷം വരുന്ന ശിയാക്കളൂം ഖുറാഫികളും ഈ നടപടികളെ വിമര്‍ശിച്ചിട്ടുണ്ട് എന്ന ഒറ്റക്കാരണം മാത്രമാണ് ഈ കാടടച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍. ഐ.പി.എച്ച് പ്രസിദ്ധപ്പെടുത്തിയ കൃതിയിലെ വിമര്‍ശന ചിന്തകള്‍ ഉടലെടുക്കുന്നതു തന്നെ ഈ വികലചിന്തകളുടെ സിരാകേന്ദ്രമായ ഇറാനിലേക്ക് സൗജന്യമായി ലഭിച്ച യാത്രക്കും ചുവന്ന പരവതാനി വിരിച്ചുള്ള സ്വീകരണങ്ങള്‍ക്കും ശേഷമാണ്. 

കേരള ജമാഅത്തെ ഇസ്‌ലാമിക്ക് വേണ്ടി ഉന്നതങ്ങളില്‍ സേവനം അനുഷ്ഠിക്കുകയും പില്‍ക്കാലത്ത് വലിച്ചെറിയപ്പെടുകയും ചെയ്ത ഒ.അബ്ദുല്ലയും ഇത്തരം വിമര്‍ശനത്തിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഒരു വശത്ത് ഹിജാസിലെ നടപടികളെ വാഴ്ത്തുകയും അതേ നിമിഷത്തില്‍ തന്നെ ഈ നടപടിയെ പൊതുജന തൃപ്തിക്ക് വേണ്ടി ഇകഴ്ത്തുകയും ചെയ്യുന്നതാണ് ഒ.അബ്ദുല്ലയുടെ ശൈലി. അബ്ദുല്ല എഴുതുന്നു:''പില്‍ക്കാലത്തു സജീവമായി തീര്‍ന്ന വഹാബി പ്രസ്ഥാനത്തിന്റെ തീവ്രത കാരണം ഇസ്‌ലാമിക ചരിത്രവുമായി ബന്ധപ്പെട്ട സകലമാന അടയാളങ്ങളും അറേബ്യന്‍ പരിസരത്തുനിന്നു കിളച്ചുമാറ്റി വെടിപ്പാക്കപ്പെട്ടതു ചരിത്രത്തിലെ മഹാദുരന്തമായി മാത്രമേ വിജ്ഞാന കുതുകികള്‍ക്ക് വിലയിരുത്താനാവു. ഇതര നാഗരികതകള്‍ ഭൂമിയുടെ അടിത്തട്ടുവരെ കിളച്ചു കയ്യില്‍ തടയുന്ന കല്ലും മുരടും തങ്ങളുടെ മുന്‍കാല ചരിത്ര സാക്ഷ്യങ്ങളായി മ്യൂസിയങ്ങള്‍ സ്ഥാപിച്ചു പിന്‍തലമുറകള്‍ക്ക് തൊട്ടുകാണിച്ചുകൊടുക്കാനായി നിലനിര്‍ത്തുമ്പോള്‍ പ്രവാചക പരിസരത്തെ പൂര്‍ണമായും തുടച്ചുമാറ്റുകയാണ് വഹാബി തീവ്രതയുടെ പിന്തുണയോടെ സൗദിഭരണകൂടം ചെയ്തത്. പ്രവാചകന്‍ ജനിച്ചതായി കരുതുന്ന സ്ഥലത്ത് ഒരു ലൈബ്രറി അശ്രദ്ധമായി കിടക്കുന്നു. പ്രവാചക പത്‌നി ഖദീജയെ മറമാടിയ ഖബറിസ്ഥാന്‍ കുറച്ചപ്പുറത്തുണ്ട്. പ്രവാചകന്‍ ധ്യാനമിരുന്ന ഹിറാഗുഹ കിളച്ചുമാറ്റാന്‍ കഴിയാത്തതുകൊണ്ട് അവശേഷിക്കുന്നു. 1400 വര്‍ഷം മാത്രം പഴക്കമുള്ള ഒരു സംസ്‌കൃതിയുടെ വേരുകള്‍ കേവലം ഒരു ഖബര്‍സ്ഥാനിലും ഗുഹയിലും ഒതുക്കി നിര്‍ത്തിയതിലെ ഭീകരതക്കു ചരിത്രം മാപ്പുകൊടുക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല… 

ഒട്ടും വ്യത്യസ്തമല്ല പ്രവാചകന്‍ അന്ത്യവിശ്രമം കൊള്ളുന്ന അദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്ന മദീനയിലെ അവസ്ഥ... പക്ഷേ നശിപ്പിക്കാനും നിഷ്‌ക്കാസനം ചെയ്യാനും സാധിക്കുന്നതിന്റെ പരമാവധി അവിടെയും ചെയ്തിരിക്കുന്നു. വിശ്വാസികളുടെ പരാക്രമങ്ങളില്‍ നിന്നു സംരക്ഷിക്കുന്നതിനുപകരം അവയെ നശിപ്പിച്ചില്ലാതാക്കല്‍ ഭൂതകാലത്തോടുള്ള വര്‍ത്തമാന കാലത്തിന്റെ പൊക്കിള്‍ക്കൊടി ബന്ധം അറുത്തുമാറ്റലാണ്. ഇസ്‌ലാമില്‍ അടിഞ്ഞുകൂടിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇല്ലാതാക്കുന്നതില്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ നവോത്ഥാന പ്രസ്ഥാനം വഹിച്ച മഹത്തായ പങ്കിനെ ചെറുതായി കാണുന്നില്ല. അത്തരം ഒരു പ്രസ്ഥാനത്തിന്റെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇസ്‌ലാമിന്റെ മൗലികത അന്ധവിശ്വാസത്തിന്റെ അട്ടിപ്പേറില്‍ അകപ്പെട്ടു പ്രഭ നഷ്ടപ്പെട്ടില്ലാതായി തീരുമായിരുന്നു എന്നതു മൂന്നുതരം'' (ശത്രുക്കളല്ല; സ്‌നേഹിതന്മാര്‍, ഒ.അബ്ദുല്ല, പേജ്: 140, 141,142, ബിദ പബ്ലിക്കേഷന്‍സ്, കോഴിക്കോട്, രണ്ടാം പതിപ്പ്-2010). 

ഒരേ സമയം ഇരക്കും വേട്ടക്കാരനും പിന്നാലെ കുതിക്കുന്ന ഇരട്ടത്താപ്പ് നയമാണ് ഈ വരികളില്‍ ഒ.അബ്ദുല്ല ധ്വനിപ്പിക്കുന്നതെന്ന് മനസ്സിലാക്കാന്‍ വലിയ സാഹസത്തിന്റെ ആവശ്യമില്ല. വിമര്‍ശകര്‍ക്കൊപ്പം ചേരുമ്പോള്‍ വിമര്‍ശനം അഴിച്ചുവിടുക, അല്ലാത്തപ്പോള്‍ ന്യായം പറയുക എന്നതാണ് ഇത്തരക്കാരുടെ രീതി. ശൈഖ് മുഹമ്മദിന്റെ ഇസ്്വലാഹിനെ പരിഹസിക്കുന്ന ഇസ്‌ലാമിസ്റ്റുകള്‍ ഈ യാഥാര്‍ഥ്യങ്ങള്‍ കൃത്യമായി തിരിച്ചറിയാതെ വളരുന്നവരാണ്. അങ്ങനെയുള്ളവര്‍ക്ക് സാസാനിയന്‍ പാരമ്പര്യവും കുന്തിരിക്കത്തിന്റെ മണവും കിസ്രയുടെ വിരുന്നും കാണുമ്പോള്‍ ശൈഖ് മുഹമ്മദിന്റെ നവോത്ഥാന ചിന്തകളും നടപടിക്രമങ്ങളും അസഹനീയമായി തോന്നുന്നത് സ്വാഭാവികം മാത്രം.