സമകാലീന സമൂഹത്തില്‍ വക്കംമൗലവിയുടെ ചിന്തകളുടെ പ്രസക്തി: 2

യൂസുഫ് സാഹിബ് നദ്‌വി

2018 സെപ്തംബര്‍ 15 1439 മുഹര്‍റം 04

(വക്കം മുഹമ്മദ് അബ്ദുല്‍ഖാദിര്‍ മൗലവിയും കേരള മുസ്‌ലിം നവോത്ഥാനവും: 4)

തുര്‍ക്കിയില്‍ തകര്‍ന്നടിഞ്ഞ ഉസ്മാനിയാ ഖിലാഫത്തിന്റെ പദവിയും അധികാരവും പുനഃസ്ഥാപിക്കാനുള്ള പരിശ്രമങ്ങളില്‍ മുസ്‌ലിം സമൂഹത്തിനൊപ്പം സജീവമായി നിലകൊള്ളാനായിരുന്നു ഗാന്ധിജിയുടെയും കോണ്‍ഗ്രസ്സ് നേതാക്കളുടെയും തീരുമാനം. രാജ്യത്തിന്റെ സമ്പൂര്‍ണ സ്വാതന്ത്ര്യം നേടിയെടുക്കുന്നതില്‍ മുസ്‌ലിംകള്‍ ഉള്‍പെടെയുള്ള മതന്യൂനപക്ഷങ്ങളുടെ പിന്തുണയും സജീവ സാന്നിധ്യവും ഉറപ്പാക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഖിലാഫത്തും തുര്‍ക്കി ഖലീഫയും അടര്‍ത്തിമാറ്റാനാകാത്ത തരത്തില്‍ ഒരു വികാരമായി മുസ്‌ലിം മനസ്സുകളില്‍ നിലകൊണ്ടിരുന്നു. ആ ആവേശവും ഊര്‍ജസ്വലതയും കഴിയുന്നത്ര മാതൃഭൂമിയുടെ അവകാശ സംരക്ഷണത്തിനായി പ്രയോജനപ്പെടുത്താനുള്ള കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തീരുമാനം വിജയപ്രദം തന്നെയായിരുന്നു. അങ്ങനെ 'ഖിലാഫത്ത് കോണ്‍ഗ്രസ്സ്' എന്ന പേരില്‍ സംഘടിത ശക്തിക്ക് രൂപംനല്‍കി പ്രവര്‍ത്തനം ആരംഭിച്ചു. മജ്‌ലിസ് ഉലമയെന്ന കോണ്‍ഗ്രസ്സ് പോഷക സംഘടനക്കായിരുന്നു ഖിലാഫത്ത് കോണ്‍ഗ്രസ്സിന്റെ നിയന്ത്രണം. ഇതിന്റെ വൈസ്പ്രസിഡന്റ് പദവി വക്കം അബ്ദുല്‍ഖാദിര്‍ മൗലവിക്കും സെക്രട്ടറി സ്ഥാനം ഇ.മൊയ്തു മൗലവിക്കുമായിരുന്നു. രൂക്ഷമായ ബ്രിട്ടീഷ് വിരോധം പ്രസംഗിച്ചതിന്റെ പേരില്‍ ഇ.മൊയ്തു മൗലവിക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നത് ഖിലാഫത്ത്‌കോണ്‍ഗ്രസ്സ് സെക്രട്ടറി പദവിയിലിരിക്കെയായിരുന്നു.

തുര്‍ക്കിയിലെ ഇസ്‌ലാമിക ഖിലാഫത്തിന്റെ പുനര്‍ജന്മത്തിനായി ഖിലാഫത്ത് കോണ്‍ഗ്രസ്സ് സജീവമായി രംഗത്തുവന്നു. ഖലീഫയുടെ നിലനില്‍പിനാവശ്യമായ സാമ്പത്തിക സ്വരൂപണം നടത്താനും അവര്‍ മുന്നിട്ടിറങ്ങി. ഇസ്‌ലാമിലെ നിര്‍ബന്ധ ദാനമായ സകാത്തിന്റെ ഒരു വിഹിതം തുര്‍ക്കി ഖിലാഫത്തിന്റെയും ഖലീഫയുടെയും നിലനില്‍പിനായി സമാഹരിച്ച് അയച്ചുകൊടുക്കണമെന്ന സംയുക്തവീക്ഷണവും ഖിലാഫത്ത് കോണ്‍ഗ്രസ്സ് ചര്‍ച്ചയിലൂടെ തീരുമാനിച്ചു. അക്രമരഹിത മാര്‍ഗങ്ങളിലൂടെ അവകാശ സംരക്ഷണത്തിനായി നടത്തുന്ന പോരാട്ടങ്ങളിലെ മുഖ്യയിനമായി അംഗീകരിക്കപ്പെട്ട ''തര്‍കുല്‍ മുവാലാത്ത്'' അഥവാ നിസ്സഹകരണ പ്രസ്ഥാനത്തിന് മജ്‌ലിസുല്‍ ഉലമയുടെയും ഖിലാഫത്ത് കോണ്‍ഗ്രസ്സിന്റെയും കയ്യൊപ്പുണ്ടായിരുന്നു. പ്രായപൂര്‍ത്തിയായ എല്ലാ മുസ്‌ലിംകളും കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കണമെന്ന അഭിപ്രായവും ഖിലാഫത്ത് കോണ്‍ഗ്രസ്സ് മുന്നോട്ടുവെച്ചു. പ്രായപൂര്‍ത്തിയായ മുസ്‌ലിം സ്ത്രീകളും പാര്‍ട്ടിയില്‍ അംഗത്വം നേടി ദേശീയസമരത്തില്‍ മുന്‍നിരയിലേക്ക് കടന്നുവരണമെന്നും തീരുമാനിക്കപ്പെട്ടു. ഈ വിഷയങ്ങളെല്ലാം ചര്‍ച്ചചെയ്ത് തീരുമാനിക്കപ്പെട്ട ഒരു സമിതിയുടെ തലപ്പത്തുണ്ടായിരുന്ന പണ്ഡിത പ്രമുഖനും ഇസ്‌ലാമിക ചിന്തകനുമായിരുന്നു വക്കം അബ്ദുല്‍ ഖാദിര്‍മൗലവി. ദേശീയതയുമായി ബന്ധപ്പെടുന്ന എല്ലാ മേഖലകളിലും മുസ്‌ലിം സമൂഹത്തെ പ്രബുദ്ധരാക്കുന്നതിനും സജ്ജരാക്കുന്നതിനും പടയൊരുക്കം നടത്തുന്നതിനും എവിടെയും വക്കംമൗലവിയെ ഒന്നാമത്തെ നിരയില്‍തന്നെ നമുക്ക് കണ്ടെത്താനാകും.

എന്നാല്‍ മലബാര്‍ കലാപത്തിന്റെ മറവില്‍ രൂപംകൊണ്ട കൊള്ളിവെപ്പുകള്‍, കൊലപാതകങ്ങള്‍, കൊള്ളയടികള്‍ തുടങ്ങിയ ഖേദകരമായ സംഭവങ്ങളുമായി ഖിലാഫത്ത് നേതാക്കളായിരുന്ന വക്കം മൗലവി, കെ.എം.മൗലവി, ഇ.മൊയ്തു മൗലവി സാഹിബ് തുടങ്ങിവര്‍ക്ക് യാതോരുവിധത്തിലുള്ള ബന്ധവും ഉണ്ടായിരുന്നില്ല. മലബാര്‍ കലാപത്തെ തുടര്‍ന്ന് ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കണ്ണിലെ കരടായി പ്രഖ്യാപിക്കപ്പെട്ട കെ.എം.മൗലവി സാഹിബിന് ബ്രിട്ടീഷ് അധീന പ്രദേശത്തിനു പുറത്ത് തിരുവനന്തപുരം ജില്ലയിലെ വക്കത്തുള്ള തന്റെ ഭവനത്തില്‍ അഭയം നല്‍കിയ പാരമ്പര്യംകൂടി വക്കംമൗലവിയുടെ ജീവിതത്തില്‍ നമുക്ക് കണ്ടെടുക്കാനാകും. ഈ താമസത്തിനിടയിലാണ് വക്കംമൗലവി താന്‍ അറിഞ്ഞതും പരിചയപ്പെട്ടതുമായ ഇസ്‌ലാമിക വിജ്ഞാനങ്ങളുടെ ചെപ്പ് കെ.എം.മൗലവിക്ക് മുന്നില്‍ തുറക്കുന്നത്. വൈജ്ഞാനിക രംഗത്തെ കൊടുക്കല്‍ വാങ്ങലുകള്‍ കൂടുതല്‍ ഊഷ്മളമായിത്തീരാന്‍ ഈ പലായനജീവിതവും വ്യക്തിബന്ധവും കെ.എം.മൗലവിക്ക് ഏറെ സഹായകമായിട്ടുണ്ട്.

മുസ്‌ലിം സംഘടിത രാഷ്ട്രീയത്തിന്റെ പരിധികളും പരിമിതികളും വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്ന സമകാലീന സമൂഹത്തില്‍ വക്കം മൗലവിയുടെ ചിന്തകളുടെ പ്രസക്തി ഇവിടെ ഒരിക്കല്‍ കൂടി വ്യക്തമാവുകയാണ്. മുസ്‌ലിം സമൂഹത്തിന്റെ സജീവ രാഷ്ട്രീയ ഇടപെടലുകളെ തെറ്റുധരിപ്പിച്ചുകൊണ്ട് സാമൂഹികമായി അവരെ പിന്‍വലിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനും അന്യമാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ഇതിന്റെ ഭാഗമാണ്. അരാഷ്ട്രീയ വല്‍ക്കരിക്കപ്പെടുന്നവരും ഒറ്റപ്പെട്ട ചിന്തകള്‍ക്ക് അടിമകളായിത്തീരുന്നവരും ക്രമേണ അന്താരാഷ്ട്ര തീവ്രവാദി സംഘങ്ങളുടെ ഇരകളായിത്തീരുന്നതും ഇതിന്റെയെല്ലാം ഒരു മറുവശംകൂടിയാണ്. കേരള മുസ്‌ലിം സമൂഹത്തിന് ബൗദ്ധികവും ദാര്‍ശനികവുമായ നേതൃത്വം നല്‍കി ഒന്നാമത്തെ വരിയില്‍ അണിനിരന്ന വക്കംമൗലവി, കെ.എം.മൗലവി, ഇ.മൊയ്തു മൗലവി, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് തുടങ്ങിയ പ്രമുഖരെല്ലാം മുസ്‌ലിംകളുടെ അരാഷ്ട്രീയ വാദത്തിനും ഇത്തരം വികലചിന്തകള്‍ക്കും തികച്ചും വിരുദ്ധരായിരുന്നു. മാത്രമല്ല മുസ്‌ലിം സ്ത്രീകള്‍ ഉള്‍പെടെയുള്ള പ്രായപൂര്‍ത്തിയെത്തിയവര്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കണമെന്ന വീക്ഷണം പുറത്തുവന്നത് വക്കം മൗലവിയുടെ കയ്യൊപ്പോടുകൂടിയായിരുന്നുവെന്നത് ഈ സന്ദര്‍ഭത്തില്‍ നാം പ്രത്യേകം ചേര്‍ത്തുവായിക്കേണ്ടതാണ്.

നിസ്സാരമായ വിഷയങ്ങളുടെ പേരില്‍ കാമ്പസ്സുകള്‍ രക്തമയമാക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ വക്കം മൗലവിയുടെ ചിന്തകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ഒരേസമയം ഗാന്ധിജിയുടെ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ അംഗമായിരിക്കുകയും കോണ്‍ഗ്രസ്സിന്റെ മജ്‌ലിസുല്‍ ഉലമയുടെ നേതൃസ്ഥാനത്ത് അവരോധിക്കപ്പെടുകയും ചെയ്തിട്ടും കലാലയങ്ങള്‍ ബഹിഷ്‌ക്കരിച്ചുകൊണ്ടുള്ള സമരമുറകളെ മൗലവി പ്രോല്‍സാഹിപ്പിച്ചില്ല. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം അതിന്റെ സര്‍വാവേശവും സ്വീകരിച്ചുകൊണ്ട് മുന്നേറുന്ന സാഹചര്യത്തില്‍പോലും കലാലയ ബഹിഷ്‌ക്കരണമെന്ന സിദ്ധാന്തത്തെ വക്കംമൗലവി സ്വീകരിച്ചിരുന്നില്ലയെന്നത് ഏറെ ശ്രദ്ധേയമാണ്. നിസ്സാരമായ വിഷയങ്ങളുടെ പേരില്‍ കലാലയങ്ങളെ കൊലാലയങ്ങളാക്കി കൈവെട്ടലുകള്‍ക്കും കാല്‍വെട്ടലുകള്‍ക്കും കസേരകത്തിക്കലിനും നേതൃത്വം നല്‍കുന്ന ഇന്നത്തെ കലുഷിത രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്ക് വക്കംമൗലവിയുടെ ജീവിതത്തില്‍നിന്നും ഒരുപാട് ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്.

വക്കത്ത് മൗലവിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ദേശാഭിമാനി ലൈബ്രറിയെ അന്നത്തെ സാഹചര്യത്തില്‍ പോലും ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള വായനശാലയായി ഉയര്‍ത്തുന്നതിലായിരുന്നു മൗലവിയുടെ ശ്രദ്ധ. തലസ്ഥാന നഗരിയില്‍ ഒരേക്കര്‍ ഭൂമിക്ക് കേവലം നൂറുരൂപമാത്രം വിലയുണ്ടായിരുന്ന അന്ന് വക്കത്തെ ദേശാഭിമാനി വായനശാലയിലേക്ക് ഭൂലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിഭിന്ന പ്രസിദ്ധീകരണങ്ങള്‍ വിലകൊടുത്ത് വാങ്ങിയെത്തിക്കാന്‍ വക്കംമൗലവി ശ്രദ്ധിച്ചു. ജാതിമതഭേദമന്യെ വിവിധ വീക്ഷണക്കാരും ചിന്താഗതിക്കാരുമായ ആളുകളെ ഈ കേന്ദ്രത്തില്‍ ഒന്നിപ്പിച്ച് അവരുടെ മനസ്സുകളില്‍ കൃത്യമായ ദേശീയ ബോധം ഊട്ടിയുറപ്പിക്കാന്‍ മൗലവി സ്ഥാപിച്ച ഈകേന്ദ്രങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. വൈജ്ഞാനികമായ പുരോഗതിയും അതിന്റെ അടിസ്ഥാനത്തിലുള്ള വിവേകവുമാണ് സകലമാന പരിവര്‍ത്തങ്ങളുടെയും മുഖ്യ മാനദണ്ഡമെന്ന് മൗലവി അടിയുറച്ചു വിശ്വസിക്കുകയും അതിനുവേണ്ടിയുള്ള പ്രവര്‍ത്തങ്ങളില്‍ ഏര്‍പെടുകയും ചെയ്തതിന്റെ തെളിവാണ് മുകളില്‍ ഉദ്ധരിച്ച സംഭവങ്ങള്‍.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും സമൂഹത്തിലെ അധഃസ്ഥിതര്‍ക്കും വേണ്ടിയും വക്കം മൗലവി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രയാസങ്ങളും പ്രതിസന്ധികളും അനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങായും മൗലവി തന്റെ സേവനരംഗം വിപുലമാക്കി. ഈ ആവശ്യത്തിനുവേണ്ടി സ്ഥാപിക്കപ്പെട്ട വക്കം സഹോദര സമാജത്തിന്റെ തലപ്പത്തും വക്കംമൗലവി സജീവമായി. സമൂഹത്തില്‍ ഇടപെട്ടുകൊണ്ട് അവര്‍ക്ക് വേണ്ടി കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുന്നത് ഒരു ഇസ്‌ലാം മത വിശ്വാസിയുടെ ഉദാത്തമായ മാര്‍ഗമാണെന്ന പാഠമാണ് വക്കംമൗലവിക്ക് തന്റെ ഗുരുനാഥന്മാര്‍ പകര്‍ന്നു നല്‍കിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസത്തിനും പൂര്‍വസൂരികളുടെ മാര്‍ഗത്തില്‍ തെളിവുകള്‍ അന്വേഷിച്ച് പരതിനടക്കുന്നവര്‍ക്ക് വക്കം മൗലവിയുടെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള പ്രാവര്‍ത്തിക ജീവിതം പുനര്‍ഗവേഷണം നടത്താവുന്നതാണ്.

മതം, രാഷ്ട്രീയം, സംസ്‌കാരം, വായന, പൗരാവകാശം തുടങ്ങിയ എല്ലാ രംഗങ്ങളിലും വക്കം മൗലവിയുടെ സജീവ ചിന്തകള്‍ വ്യാപകമായി ശ്രദ്ധപതിഞ്ഞു. വിമര്‍ശനങ്ങളില്‍ മൗലവി സ്വീകരിച്ച പ്രതിപക്ഷ ബഹുമാനവും ആദരവും ഇക്കൂട്ടത്തില്‍ പ്രത്യേകം എടുത്തുപറയേണ്ടതാണ്. എതിരാളികളെ വ്യക്തിഹത്യ നടത്തി ഇല്ലായ്മ ചെയ്യുന്ന ഒരുവരിപോലും വക്കം മൗലവിയുടെ തൂലികയില്‍നിന്നും പുറത്തേക്ക് നിര്‍ഗളിച്ചിട്ടില്ല. ഇന്ത്യയുടെ സമ്പൂര്‍ണ സ്വാതന്ത്ര്യമെന്ന അജണ്ടയുടെ ഭാഗമായി കറാച്ചിയിലും ലാഹോറിലും നടന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തിന്റെ ചര്‍ച്ചകള്‍ റിപ്പോര്‍ട്ടായി വക്കം മൗലവിയുടെ പ്രസിദ്ധീകരണങ്ങളില്‍ നമുക്ക് വായിക്കാനാകും. 

തിരുവിതാംകൂറില്‍ നിലവിലുണ്ടായിരുന്ന രാജഭരണത്തിന്റെ യഥാര്‍ഥ നിയന്ത്രണം ദിവാന്‍ സി.രാജഗോപാലാചാരിക്കായിരുന്നു. 'ദൈവത്തിന്റെ പ്രതിപുരുഷനായി' തിരുവിതാംകൂര്‍ സിംഹാസനത്തില്‍ വാണരുളുന്ന മഹാരാജാവ് തിരുമനസ്സിന്റെ പിന്നില്‍നിന്ന് ചക്രം തിരിക്കുന്ന ദിവാന്‍ സി. രാജഗോപാലാചാരിയുടെ ചെയ്തികളെ രാജാവ് നിയന്ത്രിക്കണമെന്നും തന്റെ പ്രസിദ്ധീകരണങ്ങളിലൂടെ മൗലവി ആവശ്യപ്പെട്ടു. ജനങ്ങളുടെ ചിന്തകളും ജീവിതസാഹചര്യവും മാറിയിട്ടുണ്ടെന്നും ഇനിയും അന്ധത നടിക്കുന്നത് വിലപ്പോകില്ലെന്നും വക്കംമൗലവി മഹാരാജാവിനെ ഉണര്‍ത്തി. 

രാജ്യത്തിന്റെ പൊതുഖജനാവില്‍നിന്നും പതിനായിരങ്ങള്‍ മുടക്കി മഹാരാജാവ് തിരുമനസ്സ് നടത്തിയ കെട്ടുകല്യാണം, ദിവാന്റെ അമ്മക്കുവേണ്ടി ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിക്കാനുദ്ദേശിച്ച പുതിയ രാജസൗധത്തിന്റെ നിര്‍മാണം, പൊതുഖജനാവില്‍നിന്നും ദേവസ്വം ബോര്‍ഡുകള്‍ക്ക് നിയന്ത്രണരഹിതമായി നല്‍കിയിരുന്ന സാമ്പത്തിക സഹായം, ദിവാന്റെ ഗാര്‍ഹിക നടത്തം, സര്‍ക്കാര്‍തലത്തിലെ ഉന്നത സ്ഥാനമാനങ്ങളില്‍ ഈഴവരുള്‍പെടെയുള്ള പിന്നോക്ക വിഭാഗങ്ങള്‍ക്ക് നിയമനം നല്‍കാത്ത സംഭവങ്ങള്‍ തുടങ്ങിയവയെല്ലാം വക്കംമൗലവിയുടെ പ്രസിദ്ധീകരണങ്ങളില്‍ ചര്‍ച്ചക്ക് വിഷയീഭവിച്ചു. പലതും പരിധിവിടുന്നുണ്ടെന്ന പരാതികള്‍ മൗലവിക്ക് ലഭിച്ചുവെങ്കിലും തന്റെ പത്രാധിപരായ രാമകൃഷ്ണപിള്ളയെ നിയന്ത്രിക്കാന്‍ മൗലവി തയ്യാറായില്ല. അവസാനം രാജകോപത്തിനിരയായ വക്കം മൗലവിക്ക് തന്റെ പ്രസിദ്ധീകരണവും പ്രസ്സും നഷ്ടപ്പെട്ടു. എല്ലാം നഷ്ടപ്പെട്ട സാഹചര്യത്തില്‍ പോലും വക്കംമൗലവി തന്റെ പത്രാധിപരായ രാമകൃഷ്ണപിള്ളയെ കൈവിട്ടില്ല. തിരുവിതാംകൂറില്‍നിന്നും നാടുകടത്തപ്പെട്ട രാമകൃഷ്ണപിള്ളക്ക് ആവശ്യമായ സാമ്പത്തികസഹായം നല്‍കി സംരക്ഷിക്കാനും മൗലവി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

അടിയുറച്ച സോഷ്യലിസ്റ്റായിരുന്നു പത്രാധിപര്‍ രാമകൃഷ്ണപിള്ള; അതോടൊപ്പം ദൈവ വിശ്വാസിയും. രാജകോപത്തിനിരയായി നാടുകടത്തപ്പെട്ട തന്റെ പത്രാധിപരെ തമസ്‌ക്കരിച്ചുകൊണ്ട് മാപ്പെഴുതിനല്‍കിയാല്‍ പത്രത്തിനുള്ള വിലക്കും ഉപരോധവും പിന്‍വലിക്കാമെന്ന് അധികാരികള്‍ വക്കംമൗലവിയെ ഉപദേശിച്ചു. പത്രാധിപരില്ലാത്ത പത്രം എനിക്കാവശ്യമില്ലെന്നായിരുന്നു മൗലവിയുടെ ധീരമായ നിലപാട്. പ്രതിസന്ധിഘട്ടത്തില്‍ ക്ഷമിക്കാനും സഹനത കൈവെടിയരുതെന്നും മൗലവി രാമകൃഷ്ണപിള്ളയെ ഓര്‍മിപ്പിച്ചു. രാമകൃഷ്ണപിള്ളയുടെ മകള്‍ ഗോമതിയമ്മയുടെ 'ധന്യയായി ഞാന്‍' എന്ന ഓര്‍മക്കുറിപ്പ് മൗലവിയും പത്രാധിപരും തമ്മിലുള്ള വ്യക്തിബന്ധത്തിന്റെ തീവ്രമുഖങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ഒരു പരിധിക്കപ്പുറം പോയിക്കൂടായെന്ന നിലപാടുള്ള പത്ര ഉടമകളില്‍നിന്നും തികച്ചും വ്യത്യസ്ഥനായിരുന്നു സ്വദേശാഭിമാനി പത്രത്തിന്റെ ഉടമ വക്കംമുഹമ്മദ് അബ്ദുല്‍ഖാദിര്‍ മൗലവി. മുഖ്യപത്രാധിപരുടെ സ്ഥാനം ലഭിച്ച രാമകൃഷ്ണപിള്ള നേരത്തെ തന്നെ മൂന്ന് പത്രസ്ഥാപന ഉടമകളുടെ കോപത്തിനിരയായ വ്യക്തിയായിരുന്നു. കേരള ദര്‍പ്പണം, കേരള പഞ്ചിക, മലയാളി തുടങ്ങിയ മൂന്നു പത്രങ്ങളിലേക്ക് കൂടുവിട്ട് കൂടുമാറ്റം നടത്തേണ്ടിവന്ന രാമകൃഷ്ണപിള്ളയെ സ്വദേശാഭിമാനിയുടെ പത്രാധിപരാക്കാന്‍ വക്കംമൗലവിക്ക് രണ്ട്തവണ ആലോചിക്കേണ്ടിവന്നില്ല. ലക്ഷ്യനിര്‍ണയവും ആയോധന സ്വാതന്ത്ര്യവും സമ്പൂര്‍ണമായും രാമകൃഷ്ണപിള്ളക്ക് മൗലവി വിട്ടുകൊടുത്തു. ഇടക്ക് സ്വന്തം അമ്മാവന്റെ പത്രസ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന രാമകൃഷ്ണപിള്ളക്ക് അവിടെനിന്നുപോലും പ്രതീക്ഷിക്കാനാവാത്ത ത്ര സ്വാതന്ത്ര്യമാണ് വക്കംമൗലവി നല്‍കിവന്നത്.

വക്കം മൗലവിയെ ചരിത്രത്തിന്റെ ഭൂമികയില്‍നിന്നും വിസ്മരിക്കാന്‍ എല്ലാവരും മത്സരിക്കുകയായിരുന്നുവെന്ന് പറഞ്ഞാല്‍ അത് അധികമാകില്ല. മുസ്‌ലിം സമൂഹം അദ്ദേഹത്തോട് നീതികേട് കാണിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മകള്‍ പ്രൊ: ഗോമതിയമ്മ ഒരിക്കല്‍ പറയുകയുണ്ടായി: '...ഞാന്‍ വീണ്ടും വീണ്ടും സ്മരിക്കട്ടെ, സ്മരിക്കുവാന്‍ ഉദ്‌ബോധിപ്പിക്കട്ടെ, രാമകൃഷ്ണപിള്ളയെ സ്വദേശാഭിമാനിയാക്കിത്തീര്‍ത്ത വക്കം മൗലവിസാഹിബിനെ, അനശ്വര യശസ്സിന് തുല്യപങ്കാളിത്തമുള്ള ആ വന്ദ്യപുരുഷനെ, ഒരിക്കലും മറക്കുവാന്‍ പാടില്ലാത്ത ആ വിഷിഷ്ട വ്യക്തിയെ...'

0
0
0
s2sdefault