ലക്ഷ്യം തെറ്റുന്ന ക്വബ്ര്‍ സന്ദര്‍ശനം

മൂസ സ്വലാഹി, കാര

2018 സെപ്തംബര്‍ 01 1439 ദുല്‍ഹിജ്ജ 20

'സിയാറത്ത്' എന്ന അറബിപദം മിക്ക മുസ്‌ലിംകള്‍ക്കും ഏറെ പരിചയമുള്ളതാണ്. 'സന്ദര്‍ശനം', 'ചെന്നുകാണല്‍' എന്നൊക്കെ ഇതിനെ ഭാഷാന്തരം ചെയ്യാം. സിയാറത്ത് എന്ന് കേള്‍ക്കമ്പോള്‍ തന്നെ മുസ്‌ലിംകളുടെ മനസ്സില്‍ ഓടിയെത്തുക സിയാറത്തുല്‍ ക്വബ്ര്‍ അഥവാ ക്വബ്ര്‍ സന്ദര്‍ശനമാണ്. അത് പ്രതിഫലാര്‍ഹമായ ഒരു പുണ്യകര്‍മമാണ്. നബിﷺ ആദ്യകാലത്ത് സിയാറത്തുല്‍ ക്വബ്ര്‍ വിലക്കിയിരുന്ന്. പിന്നീട് അതിന് അനുവാദം നല്‍കി. അതിന്റെ ലക്ഷ്യമെന്തായിരിക്കണം എന്നും അവിടുന്ന് കൃത്യമായി പഠിപ്പിച്ചു.

അബൂഹുറയ്‌റ(റ)വില്‍നിന്ന് നിവേദനം. നബിﷺ പറഞ്ഞു: ''നിങ്ങള്‍ ക്വബ്ര്‍ സന്ദര്‍ശനം നടത്തുക. നിശ്ചയം അത് നിങ്ങളെ മരണത്തെ ഓര്‍മിപ്പിക്കുന്നതാണ്'' (മുസ്‌ലിം).

അബൂഹുറയ്‌റ(റ)വില്‍നിന്ന് നിവേദനം. നബിﷺ പറഞ്ഞു: ''നിങ്ങള്‍ ക്വബ്ര്‍ സന്ദര്‍ശനം നടത്തുക. നിശ്ചയം നിങ്ങള്‍ക്കത് പരലോകത്തെ ഓര്‍മിപ്പിക്കുന്നതാണ്'' (ഇബ്‌നുമാജ).

എന്നാല്‍ ഇന്ന് ക്വബ്ര്‍ സിയാറത്ത് എന്ന പേരില്‍ എന്തെല്ലാം പേക്കൂത്തുകളാണ് നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്! ക്വബ്‌റില്‍ കിടക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാനോ, മരണത്തെയും പരലോകത്തെയുംകുറിച്ച് ഓര്‍മയുണ്ടാകാനോ വേണ്ടിയല്ല, മറിച്ച് ക്വബ്‌റില്‍ കിടക്കുന്നവരോട് പ്രാര്‍ഥിക്കുവാനാണ് പുരോഹിതന്മാര്‍ പാമര ജനങ്ങളെ സിയാറത്ത് ടൂറെന്ന പേരില്‍ വിവിധ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നത്!

പുണ്യം പ്രതീക്ഷിച്ചുള്ള സിയാറത്ത് യാത്ര പാടുള്ളത് മൂന്ന് സ്ഥലങ്ങളിലേക്ക് മാത്രമാണ് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മസ്ജിദുല്‍ ഹറം, മസ്ജിദുന്നബവി, മസ്ജിദുല്‍ അക്വ്‌സ എന്നീ പുണ്യകേന്ദ്രങ്ങളാണവ എന്ന് ബുഖാരി ഉദ്ധരിക്കുന്ന ഹദീഥില്‍ കാണാം. എന്നാല്‍ ഒട്ടനവധി കേന്ദ്രങ്ങളിലേക്ക് വലിയ പുണ്യവും നേട്ടവും െകാതിച്ചുകാണ്ട് തീര്‍ഥയാത്ര നടത്തുന്നവരാണ് മുസ്‌ലിം സമുദായത്തിലെ നല്ലൊരു വിഭാഗം! ശിര്‍ക്കും ബിദ്അത്തും അനാചാരങ്ങളും അരങ്ങുതകര്‍ക്കുന്ന പ്രസ്തുത കേന്ദ്രങ്ങളിലേക്ക് പത്രമാധ്യമങ്ങളിലൂടെയും മറ്റും പരസ്യം നല്‍കിയാണ് ചൂഷകര്‍ ആളുകളെ കൂട്ടുന്നത്. ഒരു മുസ്‌ലിയാര്‍ എഴുതിയത് കാണുക: ''ക്വബ്‌റില്‍ കിടക്കുന്നവരെക്കൊണ്ട് സന്ദര്‍ശകര്‍ ബര്‍ക്കത്തെടുക്കലും സിയാറത്ത് െകാണ്ട് ലഭിക്കുന്ന മറ്റൊരു നേട്ടമാണ്. അമ്പിയാഅ്, ഔലിയാഅ് േപാലുള്ള സജ്ജനങ്ങളുടെ ക്വബ്‌റുകള്‍ സന്ദര്‍ശിക്കല്‍കൊണ്ട് ഈ നേട്ടം സാധ്യമാണ്. കാരണം സദ്‌വൃത്തരായ മഹാത്മാക്കളുടെ ബര്‍സഖീ ജീവിതത്തില്‍ അവര്‍ക്ക് എണ്ണിയാലൊടുങ്ങാത്ത കൈകാര്യാധികാരങ്ങളും ബര്‍ക്കത്തുകളുമുണ്ട്. സിയാറത്ത് ചെയ്യുന്നവര്‍ക്ക് അവരുടെ പാരത്രിക സഹായങ്ങളും ബര്‍കത്തുകളും ലഭിക്കുകയും ചെയ്യും. ഭാഗ്യദോഷികളായ ഗുണംകെട്ടവരല്ലാതെ ഇത് നിഷേധിക്കുകയില്ല' (മക്വ്ബറ ആചാരങ്ങള്‍, പേജ് 13).

''നബിﷺയുടെയും മറ്റു സജ്ജനങ്ങളുടെയും ക്വബ്ര്‍ സിയാറത്ത് വേളയിലും മറ്റും അവരെ വിളിച്ച് ആവലാതി ബോധിപ്പിക്കുകയും സങ്കടങ്ങളുണര്‍ത്തുകയും പാപമോചനാദി കാര്യങ്ങള്‍ക്കായി ശുപാര്‍ശ തേടുകയും ചെയ്യല്‍ സുന്നത്താണെന്ന് ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്'' (സന്തുഷ്ട കുടുംബം, 2015 ഫെബ്രുവരി, പേജ് 6).

മരിച്ചവരോട് പാപമോചനത്തിനായി ശുപാര്‍ശ തേടാമെന്നത് സുന്നത്താണെന്ന് പറയുന്നവര്‍ ഏത് ഇസ്‌ലാമിനെയും ഏത് പ്രവാചകനെയുമാണ് പിന്‍പറ്റുന്നതെന്ന് മനസ്സിലാകുന്നില്ല. മരണപ്പെട്ട മഹാന്മാര്‍ക്ക് എണ്ണിയാലൊടുങ്ങാത്ത കൈകാര്യാധികാരങ്ങളുണ്ട് പോലും. ജീവിച്ചിരിക്കുമ്പോളില്ലാത്ത അധികാരവും കഴിവുകളും മരണപ്പെട്ടവര്‍ക്ക് മരണാനന്തരം കൈവരുന്നു എന്ന് പറഞ്ഞാലാണല്ലോ സാമ്പത്തിക ചൂഷണത്തിനായി ജാറങ്ങളിലേക്ക് ആളുകളെ തെളിച്ചുകൊണ്ടുവരാന്‍ കഴിയുക.

പുണ്യം പ്രതീക്ഷിച്ചുകൊണ്ടുള്ള സിയാറത്ത് യാത്രകള്‍ മൂന്ന് പരിശുദ്ധ ഭവനങ്ങളില്‍ പരിമിതപ്പെടുത്തിയിട്ടും അതിനെ മറികടക്കാന്‍ ഒരു മുസ്‌ലിയാര്‍ നടത്തുന്ന വാചകക്കസര്‍ത്ത് കാണുക:

''ക്വബ്‌റിന്റെ അടുത്തുള്ളവരെന്നോ യാത്ര ചെയ്തുകൊണ്ടല്ലാതെ എത്താന്‍ കഴിയാത്ത അകലെയുള്ളവരെന്നോ വ്യത്യാസമില്ലാതെ ഏവര്‍ക്കും സിയാറത്ത് സുന്നത്താണെന്നതിനാല്‍ യാത്ര ആവശ്യമുള്ളവര്‍ യാത്രചെയ്തു സിയാറത്ത് നിര്‍വഹിക്കണമെന്നത് സ്പഷ്ടമാണല്ലോ. അപ്പോള്‍ സിയാറത്തിന് വേണ്ടിയുള്ള യാത്രയും പുണ്യകര്‍മം തന്നെ. ക്വബ്ര്‍ സിയാറത്ത് പുണ്യവും അതിനുവേണ്ടി യാത്ര ചെയ്യല്‍ അനിസ്‌ലാമികവുമാണെന്ന വാദം ബുദ്ധിയെ മറ്റെന്തോ താല്‍പര്യത്തിനുവേണ്ടി പണയപ്പെടുത്തിയതില്‍ നിന്നുത്ഭവിച്ചതാണ്'' (മക്വ്ബറ ആചാരങ്ങള്‍, പേജ് 16).

''ദൂരെയുള്ള സ്ഥലങ്ങള്‍ വാഹനങ്ങളിലേ സന്ദര്‍ശിക്കാന്‍ പറ്റൂ എന്നത് എല്ലാ സന്ദര്‍ശനങ്ങളെയും ബന്ധിപ്പിക്കുന്നത് പോലെ മഹാന്മാര്‍ ദൂരത്താണെങ്കില്‍ അവരെയും വാഹനത്തിലേ സന്ദര്‍ശിക്കാനാകൂ. ഇത്രമാത്രം സരളമായ ഈ വിഷയം വിവാദമാക്കുന്നവരെയാണ് പരിശോധിക്കേണ്ടത്'' (ഖബറാരാധന, പേജ് 47).

മഹാന്മാരുടെ ക്വബ്‌റുകള്‍ തേടി യാത്ര ചെയ്ത് ബറകത്തെടുക്കുക എന്ന ആശയം തന്നെ ഇസ്‌ലാമിക വിരുദ്ധമാണെന്നിരിക്കെ അതിനുവേണ്ടി ദുര്‍ന്യായങ്ങള്‍ നിരത്തുന്നവരുടെ ലക്ഷ്യം തികച്ചും ഭൗതികമാണെന്ന് വ്യക്തം.

സ്ത്രീകള്‍ക്ക് നബിﷺ ക്വബ്ര്‍ സന്ദര്‍ശനം കറാഹത്താക്കിയിട്ടുണ്ട്. അധികം സന്ദര്‍ശിക്കുന്ന സ്ത്രീകളെ ശപിച്ചിട്ടുമുണ്ട്. എന്നിട്ടും പുരോഹിതന്മാര്‍ സ്ത്രീകളെയും ഈ രംഗത്തേക്ക് പിടിച്ചുവലിക്കുകയാണ്. സിയാറത്ത് ടൂറില്‍ പങ്കെടുക്കുന്നവരില്‍ നല്ലൊരു ശതമാനവും സ്ത്രീകളായിരിക്കും. ഇതിനെ ഒരു മുസ്‌ലിയാര്‍ ന്യായീകരിക്കുന്നത് കാണുക:

''പൊതുവെ കറാഹത്താണെങ്കിലും നബിﷺയുടെ ക്വബ്ര്‍ സന്ദര്‍ശനം അവര്‍ക്കും സുന്നത്ത് തന്നെ. അതുപോലെ മറ്റു പ്രവാചകന്മാര്‍, പണ്ഡിതര്‍, ഔലിയാഅ് തുടങ്ങിയ പുണ്യാത്മാക്കളുടെ ക്വബ്ര്‍ സിയാറത്ത് ചെയ്യലും അവര്‍ക്ക് സുന്നത്താണ്. പക്ഷേ, നിയമം പാലിച്ചുകൊണ്ടായിരിക്കണമെന്നു മാത്രം. സുഗന്ധം ഉപയോഗിക്കാതെ, ആഭരണങ്ങളണിയാതെ, മൊഞ്ചുള്ള വസ്ത്രങ്ങള്‍ ധരിക്കാതെ, അന്യപുരുഷന്മാരെതൊട്ട് അവരുടെ തടിവണ്ണം മറയ്ക്കുന്നവിധം പോകുകയാണ് നിയമം. ഈ സുന്നത്ത് മഹാത്മാക്കളുടെ ക്വബ്ര്‍ സിയാറത്ത് ചെയ്യുന്നതിന് മാത്രം ബാധകമാണ്. മാതാപിതാക്കള്‍, ഭര്‍ത്താവ്, സന്താനങ്ങള്‍ പോലുള്ളവരുടെ ക്വബ്‌റുകളടക്കം മറ്റേത് ക്വബ്ര്‍ സിയാറത്തും സ്്രതീകള്‍ക്ക് കറാഹത്തു തന്നെ'' (മഖ്ബറകള്‍ ആചാരങ്ങള്‍, പേജ് 15).

സ്വന്തക്കാരുടെ ക്വബ്‌റുകള്‍ അടുത്തായിരിക്കും. അവ സന്ദര്‍ശിക്കല്‍ കറാഹത്ത്. അന്യരുടേത് ദൂര സ്ഥലങ്ങളിലായിരിക്കും. അവ സന്ദര്‍ശിക്കല്‍ സുന്നത്തും! ഈ സന്ദര്‍ശന്മാണല്ലോ ജാറങ്ങളുടെ നടത്തിപ്പുകാര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള വഴി. സന്ദര്‍ശിക്കുന്നവര്‍ക്കാകട്ടെ സാമ്പത്തിക നഷ്ടവും. പുണ്യത്തിന്റെ പേരില്‍ അവരതങ്ങ് സഹിക്കും. കറാഹത്തിനെ സുന്നത്താക്കാനുള്ള അനുവാദം ഇവര്‍ക്ക് ആരാണു നല്‍കിയത് എന്ന് േചാദിക്കരുത്. സുന്നത്തിനെ ഹറാമും കറാഹത്തുമാക്കലും ഹറാമിനെയും കറാഹത്തിനെയും സുന്നത്താക്കലും ഇക്കൂട്ടരുടെ ഹോബിയാണ്.

ഇവര്‍ എന്താണ് സിയാറത്തിലൂടെ ആഗ്രഹിക്കുന്നത്? ഒരു മുസ്‌ലിയാര്‍ എഴുതുന്നു: ''മഖാമുകളില്‍ സിയാറത്തിന് എത്തുന്നവര്‍ ഖബര്‍ ചുംബിക്കുകയും ഖബറിന്മേലുള്ള വസ്തുക്കള്‍ തൊട്ടുമുത്തുകയും ചെയ്യുന്നത് കാണാം. ഇത് ബറകത്ത് ഉദ്ദേശിച്ചാണെങ്കില്‍ അനുവദനീയമാണ്'' (മഖ്ബറ: ആചാരവും അനാചാരവും, പേജ് 14).

''മഹാന്മാരെ അവരുടെ ജീവിതകാലത്ത് സന്ദര്‍ശിക്കുമ്പോള്‍ നമുക്ക് പലവിധ നന്മകളും ലഭിക്കുന്നു. അവരുടെ ബറകത്ത് ഉദ്ദേശിച്ച് കൈകാലുകള്‍ ചുംബിക്കല്‍ സുന്നത്തുമാണ്. അപ്രകാരം തന്നെ അവരുടെ മരണശേഷം സന്ദര്‍ശിക്കുമ്പോഴും നമുക്ക് അതുവഴി ധാരാളം നന്മകള്‍ ലഭിക്കുന്നു. അങ്ങനെയുള്ള നന്മയും ബറകത്തും ഉദ്ദേശിച്ച് ഖബര്‍ ചുംബിക്കുന്നത് തടയേണ്ടതില്ല''(മഖ്ബറ: ആചാരവും അനാചാരവും, പേജ് 15).

ഇത് മുസ്‌ലിയാക്കന്മാരുടെ ജല്‍പനങ്ങള്‍ മാത്രമാണ്. ഈ കോപ്രായങ്ങളൊക്കെ സുന്നത്താണ് എന്നതിനുള്ള തെളിവൊന്നും അവരോട് ചോദിക്കരുത്. ഇസ്‌ലാം പഠിപ്പിക്കുന്ന ലക്ഷ്യങ്ങള്‍ക്കു വേണ്ടിയല്ല ഇവരുടെ ക്വബ്ര്‍ സിയാറത്ത്. ഭൗതികമായ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണ് ദര്‍ഗകളും ജാറങ്ങളും കെട്ടിയുയര്‍ത്തിയിരിക്കുന്നത് എന്ന് അവയെക്കുറിച്ച് ഇവര്‍ എഴുതിവെച്ച പുസ്തകങ്ങളില്‍ പറയുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക:

1. അജ്മീര്‍: ''ഇന്ത്യയിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് അജ്മീര്‍. ഇന്ത്യയുടെ ആത്മീയ ചക്രവര്‍ത്തി ഖാജാ മുഇീനുദ്ദീന്‍ ചിശ്തി അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടുത്തെ പുണ്യ മഖ്ബറയിലാണ്. അജ്മീറില്‍ ആഗ്രഹ സഫലീകരണത്തിനും രോഗശമനത്തിനുമായി ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍നിന്നും ആളുകള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു'' (പ്രസിദ്ധ സിയാറത്തു കേന്ദ്രങ്ങള്‍, പേജ് 15).

2. നിസാമുദ്ദീന്‍ ഔലിയ ദര്‍ഗ: ''ഇന്ത്യയുടെ തലസ്ഥാന നഗരിയായ ദല്‍ഹിക്ക് അനുഗ്രഹം പകര്‍ന്നുകൊണ്ടിരിക്കുന്ന ഒരുപുണ്യ മഖ്ബറയാണ് നിസാമുദ്ദീന്‍ ദര്‍ഗ'' (പേജ് 16).

3. ഏര്‍വാടി: ''ഇബറാഹീം ബാദുഷായുടെ മഖ്ബറയാണ് ഏര്‍വാടിയില്‍. മഹാനവറുകളോട് കൂടെ മഹത്തുക്കളും ശുഹദാക്കളുമായ ധാരാളം ആളുകള്‍ ഏര്‍വാടിയില്‍ അന്ത്യവിശ്രമം കൊള്ളുന്നു. അത് കാരണം തന്നെ ഏര്‍വാടി ബുദ്ധിമുട്ടനുഭവിക്കുന്നവനും മറ്റുള്ളളവര്‍ക്കും ഒരു സാന്ത്വനതീരമാണ്'' (പേജ് 23).

4. രാജസ്ഥാനിലാണ് നാഗൂര്‍ ദര്‍ഗ. ജീവിതത്തില്‍ ഒരുപാട് നിരാലംബര്‍ക്കും നിരാശ്രയര്‍ക്കും ആശ്രയമായിരുന്ന ബാബയുടെ ദര്‍ഗയിലേക്ക് മരണാനന്തരവും നിരന്തരം ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു'' (പേജ് 23).

5. മമ്പുറം മഖാം: ''ജീവിതത്തിലെന്നത് പോലെ മരണ ശേഷവും ബുദ്ധിമുട്ടുകള്‍ കൊണ്ടും മാറാരോഗങ്ങള്‍കൊണ്ടും ഉഴറുന്നവര്‍ക്ക് തങ്ങള്‍ ആശ്രയവും ആശയുമാണ്'' (പേജ് 31).

6. ഭീമാപള്ളി: ''ബീമാ ബീവിയാണത്രെ ബീമാപള്ളിമഖ്ബറയിലുള്ളത്. ഇവരുടെ മഖ്ബറയോട് ചേര്‍ന്ന് ബാവ എന്ന പേരിലറിയപ്പെടുന്ന കല്ലടി മസ്താന്‍ എന്ന വലിയ്യിന്റെ മഖ്ബറയുണ്ട്. ജീവിതത്തിലെന്ന പോലെ മരണശേഷവും ഭ്രാന്ത്, അപസ്മാരം, മാറാവ്യാധികള്‍ എന്നീ രോഗങ്ങള്‍ക്ക് ഇവിടെ വരികയും സുഖപ്രാപ്തി ലഭിച്ചു സംതൃപ്തരായി തിരിച്ചുപോകുന്നതും സ്ഥിരം കാഴ്ചയാണ്. ദുഃഖിക്കുന്നവര്‍ക്കും കഷ്ടപ്പാടനുഭവിക്കുന്നവര്‍ക്കും ഇവിടെ പ്രാര്‍ഥന നടത്തുന്നതുമൂലം ആശ്വാസം ലഭിക്കുന്നു... ബീമാ പള്ളിക്കു സമീപം മരുന്നു കിണര്‍ എന്നറിയപ്പെടുന്ന രണ്ട് കിണറുകള്‍ ഉണ്ട്. കൊടും വേനലില്‍ പോലും വറ്റാത്ത ഇവയില്‍ നിന്നും ഇളംചൂട് വെള്ളമാണ് ലഭിക്കുന്നത്. അവകൊണ്ട് കുളിച്ചാല്‍ എല്ലാ രോഗങ്ങളും സുഖപ്പെടുന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു'' (പേജ് 34).

7: പുത്തന്‍ പള്ളി: ആയിരക്കണക്കിന് ജനങ്ങള്‍ തങ്ങളുടെ അഭിലാഷ സിദ്ധിക്കായി പുത്തന്‍പള്ളിയെ ശരണം പ്രാപിക്കുന്നു.അങ്ങനെ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെട്ടതായിട്ട് സന്തോഷമടയുന്ന 'ജാതിമത ഭേദമന്യെ' ആബാലവൃദ്ധം ജനങ്ങളും അങ്ങോട്ട് പ്രവഹിക്കുന്നു. വിഷബാധയേറ്റ് മൃതപ്രായരായവരെ ശൈഖിന്റെ ജാറത്തിന്‍മേല്‍ വെച്ചെടുത്ത വെള്ളം കൊടുത്ത് സുഖപ്പെടുത്തുന്ന കാഴ്ച അവിടെ കാണപ്പെട്ടു'' (പുത്തന്‍പള്ളി വലിയ്യ്, പേജ് 41).

ചിന്തിക്കുക! അല്ലാഹുവില്‍ മാത്രം അഭയം തേടേണ്ടവര്‍, അവനോട് മാത്രം പ്രാര്‍ഥിക്കാനും തവക്കുല്‍ ചെയ്യാനും കല്‍പിക്കപ്പെട്ടവര്‍... എന്നോ മരണപ്പെട്ടവരില്‍ അഭയം തേടുന്നു. അവരോട് പ്രാര്‍ഥിക്കുന്നു... അതിനായി സിയാറത്ത് ടൂറുകള്‍ ഒരുക്കിയും അതിന്റെ ഗുണഗണങ്ങള്‍ വര്‍ണിച്ചും അതിന് അനുകൂലമായി പ്രമാണങ്ങളെ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനിച്ചും പണ്ഡിതവേഷധാരികള്‍ വലവിരിച്ച് കാത്തിരിക്കുന്നു.

പൊന്നാനി പള്ളി, പാറപ്പള്ളി, കുഞ്ഞിപ്പള്ളി, മടവൂര്‍ സി.എം മഖാം, ഉള്ളാള്‍ ദര്‍ഗ... ഇങ്ങനെ ശിര്‍ക്കന്‍ കേന്ദ്രങ്ങളുടെ പട്ടിക നീളുന്നു. ഇസ്‌ലാം പഠിപ്പിച്ച യഥാര്‍ഥ സിയാറത്ത് ഇവരുടെ കണ്ണില്‍ അപ്രസക്തമാണ് എന്നത് ഏറെ സങ്കടകരമാണ്.