അതിരില്ലാത്ത ആഗ്രഹങ്ങളും അതിരുള്ള ജീവിതവും

ദുല്‍ക്കര്‍ഷാന്‍.എ.എ

2018 നവംബര്‍ 03 1440 സഫര്‍ 23

ബാല്യം മുതല്‍ മരണം വരെ അടങ്ങാത്ത ആഗ്രഹങ്ങള്‍ക്കുടമയാണ് മനുഷ്യന്‍! മനുഷ്യന്റെ ഈ അടങ്ങാത്ത ആഗ്രഹങ്ങള്‍ക്ക് ഉദാഹരണമായി പ്രവാചകന്‍ﷺ പറഞ്ഞു: ''മനുഷ്യന് സ്വര്‍ണത്തിന്റെ ഒരു താഴ്‌വര ലഭിച്ചാല്‍, രണ്ട് താഴ്‌വരകള്‍ ഉണ്ടാകാന്‍ അവന്‍ ആഗ്രഹിക്കും. മണ്ണല്ലാതെ അവന്റെ വായ നിറക്കുകയില്ല. പശ്ചാതപിക്കുന്നവന്റെ പശ്ചാതാപം അല്ലാഹു സ്വീകരിക്കും. (മരണത്തോടെ മാത്രമെ മനുഷ്യന്റെ അത്യാഗ്രഹം അവസാനിക്കുകയുള്ളൂ)'' (ബുഖാരി, മുസ്‌ലിം).

ഈ തിരുവചനം മനുഷ്യന്റെ അനന്തമായ  ആഗ്രഹങ്ങളെക്കുറിച്ച് വിശദീകരണം അവശ്യമില്ലാത്ത വിധം മനസ്സിലാക്കിത്തരുന്നു. കൊലപാതകത്തിലേക്കും തീവ്രവാദത്തിലേക്കും മദ്യപാനത്തിലേക്കും വ്യഭിചാരത്തിലേക്കും സ്വന്തം മാതാപിതാക്കളോട് ക്രൂരത കാട്ടുന്നതിലേക്കും  സ്വന്തം കുഞ്ഞിനെ പോലും കൊല്ലുന്നതിലേക്കുമെല്ലാം മനുഷ്യനെ പ്രേരിപ്പിക്കുന്നതിനുള്ള പ്രേരകം പലപ്പോഴും മനുഷ്യന്റെ അടങ്ങാത്ത ഭൗതിക മോഹങ്ങളാണ് എന്ന് കാണാന്‍ സാധിക്കും! 

ഏകദൈവാരാധനയിലേക്കും ബഹുദൈവാരാധനയിലേക്കും മനുഷ്യനെ നയിക്കുവാനും ഇത് കാരണമായേക്കാം. എങ്ങനെയെന്നായിരിക്കും? പറയാം: പല ശക്തികളെയും വ്യക്തികളെയും വിളിച്ചു പ്രാര്‍ഥിച്ചിരുന്ന ഒരു മനുഷ്യന്‍. അവന് മാരകമായ രോഗം ബാധിച്ചു. ഭിഷഗ്വരന്മാര്‍ക്ക് ഇനി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മരുന്നുകള്‍ കൊണ്ട് ഫലമില്ലെന്നും തിരിച്ചറിഞ്ഞ സമയം മുതല്‍ അയാള്‍ മരണത്തെ മുമ്പില്‍ കാണുകയാണ്. അന്നേരം അയാളുടെ ചിന്തയില്‍ പൂജിക്കപ്പെടുന്ന സൃഷ്ടികളൊന്നുമില്ല. അവര്‍ക്കൊന്നും ഈ വിപല്‍ഘട്ടത്തില്‍ തന്നെ രക്ഷിക്കാന്‍ കഴിയില്ലെന്ന് അയാര്‍ തിരിച്ചറിയുന്നു. തന്റെ ആയുസ്സ് അല്‍പം കൂടി നീട്ടിത്തരണേ എന്ന, നിസ്സാഹയത മുറ്റിനില്‍ക്കുന്ന പ്രാര്‍ഥന അയാളുടെ ഹൃദയത്തില്‍നിന്നുയരുന്നു. സ്രഷ്ടാവിനോട് മാത്രമുള്ള തേട്ടം. ആയുസ്സ് കൂടുതല്‍ ലഭിക്കാനുള്ള മനുഷ്യന്റെ ആഗ്രഹം അവനെ ഏകദൈവ വിശ്വാസത്തിലേക്ക് നയിക്കുന്നു എന്നര്‍ഥം.

ദാമ്പത്യ ജീവിതത്തില്‍ നീണ്ട വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാല് കാണാനുള്ള ആഗ്രഹം സഫലമായില്ല. പ്രാര്‍ഥന ഫലം കാണുന്നില്ല. ഇന്ന സ്ഥലത്തെ ഇന്നയാളുടെ ദര്‍ഗയില്‍ പോയാല്‍, അല്ലെങ്കില്‍ ജീവിച്ചിരിക്കുന്ന ഇന്ന മഹാനെ ചെന്നുകണ്ട് സങ്കടം പറഞ്ഞാല്‍ കുഞ്ഞുണ്ടായേക്കാം. അങ്ങനെ ചിലര്‍ക്കൊക്കെ ഭാഗ്യം ലഭിച്ചതായി തനിക്കറിയാം. ഇങ്ങനെ പോകുന്നു അയാളുടെ ചിന്ത.  അവസാനം സന്താനം നല്‍കാന്‍ കഴിവുള്ള സ്രഷ്ടാവിനെ ഉപേക്ഷിച്ച് സൃഷ്ടികളില്‍ പ്രതീക്ഷയയും പ്രാര്‍ഥനയുമര്‍പ്പിക്കുന്നു. അങ്ങനെ സന്താന മോഹം അയാളെ മുശ്‌രിക്കാക്കുന്നു. 

സാമ്പത്തിക മോഹങ്ങള്‍ മനുഷ്യനെ കൊലപാതകിയാക്കുന്നതിന് ഉദാഹരണങ്ങള്‍ നിരത്തേണ്ട ആവശ്യമില്ല. അത്രമാത്രം ഇന്നത് വ്യാപകമായി മാറിയിട്ടുണ്ട്. 

സത്യത്തിന്റെ മുഖത്തെ വികൃതമാക്കി അവതരിപ്പിച്ച് ഇതാണ് സത്യം എന്ന് വരുത്തിത്തീര്‍ക്കുന്നവരും ആ വികൃതമായ ആശയത്തിന്റെ വളര്‍ച്ചക്കായി എന്തു നികൃഷ്ടമായ കാര്യങ്ങളുും ചെയ്യാന്‍ മടിക്കാത്തവരുമാണ് തീവ്രവാദികളും ഭീകരവാദികളുമായിട്ടുള്ളവര്‍. നേതൃത്വത്തെ അനുസരിച്ചും അവര്‍ പറയുന്നതാണ് ശരി എന്ന് ധരിച്ചും ചാവേറുകളാകുന്നവര്‍ ആഗ്രഹിക്കുന്നത് രക്തസാക്ഷിത്വമായിരിക്കും. അല്ലെങ്കില്‍ തങ്ങളുടെ മരണത്തിലൂടെ പട്ടിണിയില്‍ നിന്ന് കരകയറുന്ന കുടുംബം!  

ജീവിതത്തിലെ ആഗ്രഹങ്ങള്‍ നടക്കാതെ വരികയോ, ലഭിച്ചതില്‍ സന്തുഷ്ടനാവാതിരിക്കുകയോ ചെയ്യുമ്പോള്‍ പലരും അഭയം തേടുന്നത് മദ്യത്തിലും മയക്കുമരുന്നിലുമാണ്.

ലൈംഗിക വികാരം ശമിപ്പിക്കാനുള്ള ആഗ്രഹം പലരെയും കുത്തഴിഞ്ഞ ലൈംഗികതയിലേക്കും വൃത്തികേടുകളിലേക്കും കൊണ്ടെത്തിക്കുന്നു. പരസ്ത്രീ-പുരുഷ ബന്ധങ്ങളില്‍ നിയന്ത്രണം ഇല്ലാതിരിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. ഒടുവില്‍ അവന്‍ അല്ലെങ്കില്‍ അവള്‍ സമൂഹത്തിനു മുന്നില്‍ മാനംകെടുന്നു. ദുഷ്‌പേര് സമ്പാദിച്ച് ഉള്‍വലിയുന്നു. കാരണക്കാരന്‍ ആഗ്രഹം തന്നെ!

സത്യത്തില്‍ ജീവിതം എത്ര ചെറിയ കാലയളവില്‍ അവസാനിക്കുന്നതാണ്! ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം വിട്ടേച്ച് തിരിച്ചുപോകേണ്ടവനാണ് മനുഷ്യന്‍! അതിനിടയില്‍ കരസ്ഥമാക്കിയ പദവികളും സ്ഥാനങ്ങളും വീടും വാഹനവുമെല്ലാം ഇടക്കാല സൗകര്യങ്ങള്‍ മാത്രമാണ്. എന്നിട്ടും മനുഷ്യന്‍ അയല്‍വാസിയുടെ അതിരുതിരക്കിയും കള്ളക്കച്ചവടം നടത്തിയും പൂഴ്ത്തിവെപ്പും അഴിമതിയും നടത്തിയും തര്‍ക്കിച്ചും നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നു. സുഖസമൃദ്ധമായി ജീവിക്കണം എന്ന ആഗ്രഹം തന്നെ ഇതിനെല്ലാം പിന്നില്‍!

ഭാര്യയുടെ സന്തോഷവും സമാധാനവും മാത്രം ആഗ്രഹിച്ച് അവളുടെ തലയിണ മന്ത്രത്തിന് വശംവദനായോ, മറ്റെന്തെങ്കിലും ഭൗതിക താല്‍പര്യങ്ങള്‍ നേടുവാനോ വേണ്ടി, പത്ത് മാസം ഗര്‍ഭം ചുമന്ന് നൊന്തുപ്രസവിച്ച മാതാവിനെയും അവന്റെ ജനനം മുതല്‍ ഓരോ ദിവസവും അവന്റെ വളര്‍ച്ചയിലും ആരോഗ്യത്തിലും അതീവ താല്‍പര്യം കാണിച്ചിരുന്ന, അവന്റെ ആവശ്യങ്ങളെല്ലാം സാധിച്ചുകൊടുത്തിരുന്ന പിതാവിനെയും റോഡരികിലും പൊന്തക്കാടുകളിലും വൃദ്ധസദനങ്ങളിലും കൊണ്ടുപോയി തള്ളുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണ്!  

വിവാഹം കഴിഞ്ഞ് കൂടുതല്‍ കാലം കഴിയും മുമ്പ് ഭാര്യ ഗര്‍ഭിണിയായതറിഞ്ഞ് കുറച്ച് കാലം കൂടി 'സ്വസ്ഥമായി' ജീവിക്കാന്‍ ഭാര്യയുടെ സമ്മതത്തോടുകൂടി ഗര്‍ഭപാത്രത്തില്‍വെച്ച് തന്നെ ശിശുവിനെ കൊല്ലുന്നതിന്റെ പിന്നിലും ആഗ്രഹം എന്ന വില്ലന്‍ തന്നെ! 

എല്ലാ ആഗ്രഹങ്ങള്‍ക്കും വിഘ്‌നം സൃഷ്ടിച്ചുകൊണ്ട്, ആഗ്രഹങ്ങള്‍ക്ക് പിന്നാലെ പായുന്നതിനിടയില്‍ ഏതുനിമിഷവും മരണം കടന്നുവരാം. അല്ലാഹു പറഞ്ഞു: ''ഓരോ സമുദായത്തിനും ഓരോ അവധിയുണ്ട്. അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ അവര്‍ ഒരു നാഴികനേരം പോലും വൈകിക്കുകയോ നേരത്തെയാക്കുകയോ ഇല്ല'' (സൂറഃ അല്‍അഅ്‌റാഫ്:34).

സുനാമിയും ഭൂകമ്പവും കൊടുങ്കാറ്റും പേമാരിയും പ്രളയവും കവര്‍ന്നെടുത്ത ജീവന്റെ കണക്കുകള്‍ എത്രയാണ്! മാരകരോഗങ്ങളാലും അപകട മരണങ്ങളാലും നമ്മുടെ ഇടയില്‍ നിന്നും വേര്‍ പിരിഞ്ഞവര്‍ നിരവധിയാണ്!

അവരില്‍ ആരെല്ലാമുണ്ടായിരുന്നു? കുടുബത്തിന്റെ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി എരിയുന്ന വെയിലത്ത് വിയര്‍പ്പൊഴുക്കിയവര്‍, പ്രായമെത്തിയിട്ടും വിവാഹം വരാത്തതിന്റെ പേരില്‍ സ്വയം കുറ്റപ്പെടുത്തുന്ന മകളുടെ നൊമ്പരങ്ങള്‍ക്കു മുമ്പില്‍ ഉരുകിയിരുന്നവര്‍, രാപ്പകല്‍ ഓടിനടന്ന് പ്രപഞ്ച സ്രഷ്ടാവിന്റെ ഏകത്വത്തെ മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കാന്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയവര്‍! അങ്ങനെയങ്ങനെയുള്ളവര്‍...

നാം അറിയുന്നവരും നമ്മെ അറിയുന്നവരും നമ്മുടെ കുടുംബത്തിലും ബന്ധത്തിലും പരിചയത്തിലും   ആദര്‍ശകൂട്ടായ്മയിലുമൊക്കെയുള്ളവരും നമ്മോട് വിടപറഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നു.

ഒരു നാള്‍ നമ്മളും ഈ ലോകത്തോട് വിടപറയേണ്ടവരാണ്. ആ യാത്രക്ക് ആവശ്യമായ പാഥേയം തയ്യാറാക്കുന്നതില്‍ നമുക്ക് പരാജയം സംഭവിച്ചിട്ടുണ്ടോ? ചിന്തിക്കുക. ശിര്‍ക്കില്‍നിന്ന് പരിപൂര്‍ണമായും മോചിതരാവുക. എല്ലാ അനുഗ്രഹങ്ങളും നല്‍കിയ പ്രപഞ്ച സ്രഷ്ടാവിലേക്ക് മടങ്ങുക. അനാചാരങ്ങള്‍ വലിച്ചെറിഞ്ഞ് പ്രവാചകന്‍ﷺയുടെ ചര്യകള്‍ സ്വീകരിക്കുക. അക്രമവും അനീതിയും കൊള്ളയും കൊലപാതകവും തീവ്രവാദവും ഭീകരവാദവും കക്ഷിമാത്സര്യവും കോപവും വെറുപ്പും അസൂയയും അടക്കമുള്ള തിന്മകളൊന്നും സമാധാനം തരില്ല. സര്‍വ വിധ തിന്മകളും ഒഴിവാക്കി, മാനവികതയുടെ അടയാളമായ സല്‍സ്വഭാവത്തിന്റെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും അലിവിന്റെയും ആര്‍ദ്രതയുടെയും സല്‍കര്‍മങ്ങളുടെയും വക്താവായി ജീവിച്ചാല്‍ സമാധാനമുണ്ടാകും; ഈ ലോകത്തും പരലോകത്തും.  

മരണത്തിന് മുമ്പ്, അല്ലാഹു നല്‍കിയ അഞ്ച് അനുഗ്രഹങ്ങള്‍; അവയെ തകര്‍ക്കുന്ന അഞ്ച് കാര്യങ്ങള്‍ വരുന്നതിനു മുമ്പ് ഫലപ്രദമായി ഉപയോഗിക്കുക.

പ്രവാചകന്‍ﷺ പറഞ്ഞു: ''അഞ്ചുഘട്ടങ്ങള്‍ വരുന്നതിന് മുമ്പ് ആ അഞ്ചു കാര്യത്തെയും നിങ്ങള്‍ ഉപയോഗപ്പെടുത്തുക. വാര്‍ധക്യത്തിനുമുമ്പ് യുവത്വം, രോഗത്തിന് മുമ്പ് ആരോഗ്യം, ദാരിദ്ര്യത്തിന് മുമ്പ് ഐശ്വര്യം, ജോലിയില്‍ വ്യാപൃതനാവുന്നതിന് മുമ്പ് ഒഴിവുസമയം, മരണത്തിനു മുമ്പ് ജീവിതം'' (നസാഈ).