ചെറിയമുണ്ടം: പ്രബോധന രംഗത്തെ നിറവിസ്മയം

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

ചെറിയമുണ്ടത്തിന്റെ മരണവാര്‍ത്ത മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. കേരളത്തിലെ ഇസ്‌ലാമിക പണ്ഡിതരില്‍ മതവിഷയങ്ങളിലും ഭൗതിക വിഷയങ്ങളിലും അവഗാഹമായ ജ്ഞാനമുള്ള വ്യക്തിത്വമായിരുന്നു ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി. വിനയവും പാണ്ഡിത്യവും സമ്മേളിച്ചാല്‍ ഒരാള്‍ക്ക് എത്രത്തോളം ഉയരാമെന്നതിന്റെ മകുടോദാഹരണമായിരുന്നു ചെറിയമുണ്ടത്തിന്റെ സംസാരവും പ്രവര്‍ത്തനവുമെല്ലാം. 

വളരെ ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹം മതപ്രബോധനരംഗത്തേക്ക് കടന്നുവന്നു. ഗഹനമായ വായനയും അതിന്റെ ഉപോല്‍പന്നമായ രചനാപാടവവും ചെറിയമുണ്ടത്തിനെ മറ്റുള്ളവരില്‍ നിന്ന് വ്യതിരിക്തനാക്കി. യുക്തിവാദികളുടെ ഇസ്‌ലാം വിമര്‍ശനം അതിന്റെ പാരമ്യതയിലെത്തിയ സമയത്താണ് അദ്ദേഹം പ്രഭാഷണരംഗത്ത് സജീവമാകുന്നത്. ഗഹനമായ ചിന്തകള്‍ കൊണ്ടും അനിര്‍വചനീയമായ ബുദ്ധികൂര്‍മത കൊണ്ടും എതിരാളികളെ വൈജ്ഞാനികമായി അദ്ദേഹം നിലംപരിശാക്കി. ശരീഅത്ത് വിവാദം കത്തിനില്‍ക്കുമ്പോള്‍ കേരളീയ മുസ്‌ലിം ധിഷണക്ക് വൈജ്ഞാനിക നേതൃത്വം നല്‍കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നത് ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനിയായിരുന്നു.

1944 സെപ്തംബര്‍ 8ാം തീയതി മലപ്പുറം ജില്ലയിലെ ചെറിയമുണ്ടം ഗ്രാമത്തില്‍ മുത്താണിക്കാട്ട് ഹൈദര്‍ മുസ്‌ല്യാരുടെയും ആയിശുമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. പള്ളിദര്‍സുകളിലൂടെ പഠനം തുടങ്ങിയ അദ്ദേഹം ഇര്‍ഷാദുല്‍ മുസ്‌ലിമീന്‍ അറബിക് കോളേജില്‍ ഉപരിപഠനം നടത്തി. പുളിക്കല്‍ മദീനത്തുല്‍എഉലൂമിലായിരുന്നു മതപഠനം പൂര്‍ത്തിയാക്കിയത്. മദീനത്തുല്‍ ഉലൂമിലെ പഠനസമയത്ത് തന്നെ ലൈബ്രറിയിലെ ഏതാണ്ടെല്ലാ ഗ്രന്ഥങ്ങളിലും അദ്ദേഹത്തിന്റെ കരസ്പര്‍ശമേറ്റിരുന്നു.

പഠനശേഷം ദീര്‍ഘകാലം അധ്യാപകനായി ജോലി ചെയ്തു. വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജ്, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജ്, ജാമിഅ സലഫിയ്യ എന്നിവിടങ്ങളിലെല്ലാം അദ്ദേഹം സേവനമനുഷ്ഠിച്ചു. അറബി അധ്യാപകനായി ജോലി ചെയ്തുകൊണ്ടിരിക്കെ, തന്റെ ഭാര്യാപിതാവ് നടത്തിയിരുന്ന തിരൂരിലെ ബുക്‌സ്റ്റാളില്‍ വൈകുന്നേരങ്ങളിലും ഒഴിവുസമയങ്ങളിലും ഇരിക്കാറുണ്ടായിരുന്ന അദ്ദേഹം, ഇതിലൂടെയാണ് തന്റെ വായനാലോകത്തിന് തുടര്‍ച്ച കണ്ടെത്തിയത്. അറബി മലയാള ഡിക്ഷ്ണറികളും അറബി ഗ്രന്ഥങ്ങളും വിവര്‍ത്തനം ചെയ്തു.

1985ല്‍ കെ.പി മുഹമ്മദ് മൗലവി റഹിമഹുല്ലാഹ് യു.എ.ഇ ഇന്ത്യന്‍ ഇസ്വ്‌ലാഹി സെന്ററിന്നു വേണ്ടി ക്വുര്‍ആന്‍ ഓഡിയോ കാസറ്റ് തയ്യാറാക്കാന്‍ എന്നെയും അബ്ദുല്‍ഹമീദ് മൗലവിയെയും ചുമതലപ്പെടുത്തി. മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷ അടിസ്ഥാനമാക്കി ഞങ്ങള്‍ ഹ്രസ്വമായ പരിഭാഷ തയ്യാറാക്കി. ഒരു വര്‍ഷം കൊണ്ടാണ് ഇത് പൂര്‍ത്തിയാക്കിയത്. ഈ പരിഭാഷ ആദ്യന്തം കെ.പിയെ വായിച്ചു കേള്‍പിച്ച് തിരുത്തല്‍ കഴിഞ്ഞ ശേഷമാണ് ഓഡിയോ ചെയ്തത്. ഇതിന്ന് ശബ്ദം നല്‍കാന്‍ പ്രൊഫ. കെ. അഹ്മദ് കുട്ടി (പി.എസ്.എം.ഒ കോളേജ് മുന്‍ പ്രിന്‍സിപ്പള്‍) സാഹിബിന്റെ അരീക്കോടുള്ള വീട്ടില്‍ സ്റ്റൂഡിയോ സംവിധാനം ഏര്‍പെടുത്തി. ഞങ്ങളിരുവരുടെയും മേല്‍നോട്ടത്തില്‍ മര്‍ഹൂം കെ.വി മൂസ സുല്ലമിയാണ് ഇതിന്ന് ശബ്ദം നല്‍കിയത്. പിന്നീട് യു.എ.ഇ ഇന്ത്യന്‍ ഇസ്വ്‌ലാഹി സെന്റര്‍ ഇത് 30 ഓഡിയോ കേസറ്റുകളിലായി റെക്കോര്‍ഡ് ചെയ്ത് മലയാളികള്‍ക്കിടയില്‍ വിതരണം ചെയ്തു. അതോടൊപ്പം റാസല്‍ഖൈമ റേഡിയോവില്‍ എല്ലാ ദിവസവും 15 മിനുട്ട് പ്രക്ഷേപണവും തുടങ്ങി.

പിന്നീട് കെ.എന്‍.എം സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ കോഴിക്കോട് പാളയത്ത് ബുക്ക്‌സ്റ്റാള്‍ ആരംഭിച്ചപ്പോള്‍ ഈ പരിഭാഷ അടിക്കുറിപ്പുകളോടെ പ്രിന്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. യുവതയും നിച്ച് ഓഫ് ട്രൂത്തുമടക്കം പല പ്രസിദ്ധീകരണശാലകളും ഇത് പിന്നീട് അച്ചടിച്ചു. 

സുഊദി അറേബ്യയിലെ കിംഗ് ഫഹദ് കോംപ്ലക്‌സിന്റെ കീഴില്‍ മലയാളത്തിലുള്ള ഒറ്റവാള്യപരിഭാഷയായി കെ.പി മുഹമ്മദ് മൗലവിയുടെ അപേക്ഷ പ്രകാരം ഇത് തെരഞ്ഞെടുക്കപ്പെട്ടു. മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനും മലയാളിയും കൂടിയായി ഡോ. മുഹമ്മദ് അഷ്‌റഫ് മൗലവിയുടെ പുനര്‍വായനക്ക് ശേഷം 1996ല്‍ കിംഗ് ഫഹദ് പ്രിന്റിംങ് പ്രസ്സിന്റെ കീഴില്‍ പ്രസിദ്ധീകരിച്ച് ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്കും മലയാളികള്‍ക്കും സൗജന്യമായി വിതരണം ചെയ്തു വരുന്നു. 

ക്വുര്‍ആന്‍ പരിഭാഷക്ക് പുറമെ, കോഴിക്കോട് യുവത പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ അഞ്ചു വാള്യങ്ങളായുള്ള ഇസ്ലാം പരമ്പരയുടെയും ഹദീഥ് വിവര്‍ത്തന സമാഹാരത്തിന്റെയും മുഖ്യപത്രാധിപരും ശബാബ് വാരികയുടെ ചീഫ് എഡിറ്ററുമായിരുന്നു ചെറിയമുണ്ടം.

അല്ലാമാ യൂസുഫലിയുടെ ഇംഗ്ലീഷ് ക്വുര്‍ആന്‍ പരിഭാഷ വിവര്‍ത്തനം, ക്വുര്‍ആന്‍ ഒരു സത്യാന്വേഷിയുടെ മുന്നില്‍, നിത്യപ്രസക്തമായ ദൈവിക ഗ്രന്ഥം, ക്വുര്‍ആനും യുക്തിവാദവും, ബുലൂഗുല്‍മറാം പരിഭാഷ, മോഡേണ്‍ അറബിക് ട്യൂട്ടര്‍, അറേബ്യന്‍ ഗള്‍ഫിലെ സംസാര ഭാഷ, മനുഷ്യാസ്തിത്വം വിശുദ്ധ ക്വുര്‍ആനിലും ഭൗതികവാദത്തിലും, ദൈവവിശ്വാസവും ബുദ്ധിയുടെ വിധിയും, നാല്‍പത് ഹദീസ് പരിഭാഷ, ഇസ്ലാമും വിമര്‍ശകരും, ആരോഗ്യത്തിന്റെ ദൈവശാസ്ത്രം, ഇതര മതസ്ഥരോടുള്ള മുസ്ലിമിന്റെ സമീപനം, ക്വുര്‍ആനും മാനവിക പ്രതിസന്ധിയും, ഇസ്ലാം വിമര്‍ശകരും അവരുടെ തലയ്ക്കു വില പറയുന്നവരും, ദഅ്‌വത്ത് ചിന്തകള്‍ (അഞ്ച് വാള്യങ്ങള്‍), ഇസ്ലാം വിമര്‍ശനങ്ങള്‍ക്ക് മറുപടി, മതം-രാഷ്ട്രീയം-ഇസ്വ്ലാഹി പ്രസ്ഥാനം, ഇബാദത്ത് വീക്ഷണങ്ങളുടെ താരതമ്യം, കൂടിക്കാഴ്ച, പ്രാര്‍ഥന-തൗഹീദ്, സ്വൂഫി മാര്‍ഗവും പ്രവാചകന്മാരുടെ മാര്‍ഗവും, ദൈവികഗ്രന്ഥവും മനുഷ്യചരിത്രവും, ഇസ്‌ലാമിന്റെ ദാര്‍ശനിക വ്യതിരിക്തത തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്.

മുജാഹിദ് പ്രസ്ഥാനത്തില്‍ ദൗര്‍ഭാഗ്യകരമായ ഭിന്നതയുണ്ടായപ്പോള്‍ അതില്‍ ഒന്നിലും പക്ഷം പിടിക്കാതെ മധ്യസ്ഥന്റെ റോളിലായിരുന്നു അദ്ദേഹം. കാര്യങ്ങളെ വസ്തുനിഷ്ഠമായി നോക്കിക്കണ്ട് പ്രായോഗികമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതില്‍ അദ്ദേഹവും, അത് സ്വീകരിക്കുന്നതില്‍ വ്യത്യസ്ത കക്ഷികളും വൈമനസ്യം കാണിച്ചില്ല എന്നത് തന്നെ അദ്ദേഹത്തിന്റെ ജനകീയത ബോധ്യപ്പെടുത്തുന്നു. പുതിയ പിളര്‍പ്പിലും ഐക്യത്തിലുമെല്ലാം തന്റേതായ ഒരിടം കണ്ടെത്തി ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. മുജാഹിദ് പ്രസ്ഥാനത്തിലെ എല്ലാ കക്ഷികളുടെയും വേദിയിലേക്ക് ക്ഷണിക്കപ്പെടാനും പ്രസക്തമായ ഒരു ക്ഷണം പോലും നിരസിക്കാതിരിക്കാനും അദ്ദേഹത്തെ പ്രാപ്തനാക്കിയത് ഈ സ്വഭാവഗുണം തന്നെയായിരുന്നു. അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളില്‍ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ ഗ്രഹിക്കാനും വിശുദ്ധ ക്വുര്‍ആനിനും പ്രവാചക വചനങ്ങള്‍ക്കും സലഫുകള്‍ നല്‍കിയ വിശദീകരണങ്ങളില്‍ നിന്ന് ഒരിഞ്ച് പോലും മാറാതെയുള്ള നിലപാട് സ്വീകരിക്കാനും കാണിച്ച അദ്ദേഹത്തിന്റെ സൂക്ഷ്മതക്കും സ്ഥൈര്യത്തിനും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

ചെറിയ വലിയ മനുഷ്യന്‍

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി എന്ന ചെറിയ വലിയ മനുഷ്യന്‍ നമ്മോടു വിടചൊല്ലി. അദ്ദേഹത്തെ ആദ്യമായി കണ്ടത് എവിടെവെച്ചാണ് എന്നോര്‍മയില്ല. മദീനത്തുല്‍ ഉലൂമില്‍ പഠിക്കുന്ന കാലത്താവണം. സമ്മേളനങ്ങളിലും സെമിനാറുകളിലുമെല്ലാം അദ്ദേഹം സംസാരിക്കുമ്പോള്‍ ആ നിരൂപണ പാഠവത്തെ സാകൂതം ശ്രദ്ധിച്ചിരുന്നിട്ടുണ്ട്. എന്റെ പരിമിത കഴിവുകള്‍ക്ക് ചിറക് മുളക്കാന്‍ അവയെല്ലാം പ്രയോജനപ്പെട്ടിട്ടുണ്ട്.

 വര്‍ഷങ്ങള്‍ക്കു മുമ്പ് കൊടിയത്തൂര്‍ ഭാഗത്ത് യുക്തിവാദികളുടെ വാദത്തിന്റെ മുനയൊടിക്കാന്‍ അദ്ദേഹം വേദിയില്‍ കയറിയപ്പോള്‍ സദസ്സില്‍ ശ്രോതാവായി ഞാനുമുണ്ടായിരുന്നു. മതങ്ങളെക്കുറിച്ചും ദൈവത്തെക്കുറിച്ചും വിതണ്ഡവാദങ്ങള്‍ നിരത്തുന്ന ഇടത് സൈദ്ധാന്തികന്‍ ഹമീദ് ചേന്നമംഗല്ലൂരാണ് മറുഭാഗത്ത്. ഹമീദിന്റെ വാദങ്ങളെ തന്റെ ജ്ഞാനവൈഭവം കൊണ്ടും പ്രഭാഷണ ചാരുത കൊണ്ടും അരിഞ്ഞു വീഴ്ത്തുന്ന ചെറിയമുണ്ടത്തെയാണ് വേദിയില്‍ കണ്ടത്.

 മികച്ച രചനാവൈഭവം പ്രകടമാകുന്ന ചെറിയമുണ്ടതിന്റെ പുസ്തകങ്ങളും ലേഖനങ്ങളും അറിവു തേടുന്നവര്‍ക്കും സത്യാന്വേഷികള്‍ക്കും വളരെ ഫലദായകമാണ്. സലഫി പണ്ഡിതന്‍ കെ.പി മുഹമ്മദ് മൗലവിയുടെയും ജമാഅത്ത് നേതാവ് കെ.സി അബ്ദുല്ല മൗലവിയുടെയും വീക്ഷണ വ്യത്യാസങ്ങളെ താരതമ്യം ചെയ്ത് പ്രമാണബദ്ധമായി അദ്ദേഹം രചിച്ച പുസ്തകം എന്താണ് 'ഇബാദത്ത്' എന്ന് കൃത്യമായും വ്യക്തമായും വിശദമാക്കുന്നുണ്ട്. ഇബാദത്തില്‍ പദക്കസര്‍ത്തു നടത്തിയിരുന്ന അഭ്യാസികള്‍ പത്തിമടക്കിയത് ആ പുസ്തകം വെളിച്ചം കണ്ട ശേഷമായിരുന്നു. 

 കോഴിക്കോട് സ്വപ്‌ന നഗരിയില്‍ നടന്ന ക്വുര്‍ആന്‍ സമ്മേളന വേദിയില്‍ അദ്ദേഹം സംസാരിച്ചതോര്‍ക്കുന്നു. ആദര്‍ശത്തില്‍ കൃത്യമായ ചില കാഴ്ചപ്പാടുകള്‍ അദ്ദേഹം വെച്ച് പുലര്‍ത്തി. സംഘടനാ ചുറ്റുവട്ടങ്ങളുടെ സമ്മര്‍ദങ്ങള്‍ വേണ്ടത്രയുണ്ടായിട്ടും ഈ കാഴ്ചപ്പാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. പറപ്പൂരിനോപ്പം അദ്ദേഹം രചിച്ച വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തനം സ്വദേശത്തും വിദേശത്തും പതിനായിരക്കണക്കിന് കോപ്പികളാണ് അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടത്.

 മദനിമാരുടെ കൂട്ടത്തില്‍ തലയെടുപ്പുള്ള ഒരു മദനി നമ്മെ വിട്ട്, മുമ്പേ പോയവരോടൊപ്പം ചെന്ന് ചേര്‍ന്നിരിക്കുന്നു. കര്‍മപഥത്തില്‍ അദ്ദേഹത്തിന്റെ പാദമുദ്രകള്‍ നമുക്ക് വഴിയടയാളമാക്കാം. അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കുകയും സല്‍കര്‍മ്മങ്ങള്‍ സ്വീകരിച്ച് സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനം നല്‍കി ആദരിക്കുകയും ചെയ്യട്ടെ - ആമീന്‍

 

ചെറിയമുണ്ടവും മടങ്ങി

ടി.കെ.അശ്‌റഫ്

അല്ലാഹു അറിവിനെ ഊരിയെടുക്കുന്നത് പണ്ഡിതന്‍മാരെ ഉയര്‍ത്തിക്കൊണ്ടായിരിക്കുമെന്ന നബിവചനം നമ്മെ വളരെയധികം ചിന്തിപ്പിക്കേണ്ടതാണ്. പാണ്ഡ്യത്യത്തിന്റെ ഗിരിമ കൊണ്ടും ധൈഷണിക സംഭാവനകളുടെ മികവുകൊണ്ടും പ്രൌഡോജ്ജ്വലമായ വ്യക്തിത്വം കൊണ്ടും ശ്രദ്ധേയനായ ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനിയുടെ വേര്‍പാട് വലിയൊരു നഷ്ടം തന്നെയാണ്. പ്രമാണബദ്ധമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുവര്‍ക്കൊരു പാഠമാണ് അദ്ദേഹത്തിന്റെ ജീവിതം.

ഇസ്‌ലാമിന് നേരെ ഏത് കോണില്‍ നിന്ന് വരുന്ന വിമര്‍ശന ശരങ്ങളും അദ്ദേഹത്തിന്റെ പരിചയില്‍ തട്ടി ചിതറിപ്പോയ ചരിത്രമാണ് നമുക്ക് മുന്നില്‍. ഏത് മേഖലയിലുള്ളവരെയും അഭിസംബോധന ചെയ്യാന്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിനും പ്രഭാഷണങ്ങള്‍ക്കും രചനകള്‍ക്കും കെല്‍പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിമര്‍ശനം പുനര്‍വിചിന്തനത്തിന് അവസരമൊരുക്കുകയല്ലാതെ പകയും വിദ്വേഷവും ആരിലും ഉയര്‍ത്തുകയില്ല. മുജാഹിദ് പ്രസ്ഥാനത്തിലെ വിവാദങ്ങള്‍ക്കിടയില്‍ മനസ്സിനെ കുത്തിനോവിക്കുന്ന ഒരു പെരുമാറ്റം പോലും ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടാവില്ല. വിഷയത്തെ വിശകലനം ചെയ്യുമ്പോഴും വിമര്‍ശിക്കുമ്പോഴും വ്യക്തികളെ ടാര്‍ജറ്റ് ചെയ്യാതിരിക്കാനുള്ള സൂക്ഷ്മത അദ്ദേഹം കാണിച്ചു.

അദ്ദേഹത്തിന് പൊറുത്ത് കൊടുക്കാന്‍ വേണ്ടി ആത്മാര്‍ഥമായി നാം പ്രാര്‍ഥിക്കുക. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്ത് നല്‍കി അനുഗ്രഹിക്കട്ടെ-ആമീന്‍.