വാദിയുടെ പ്രാര്‍ഥനക്ക് പ്രതിയുടെ ആമീന്‍

എസ്.എ ഐദീദ് തങ്ങള്‍

2018 നവംബര്‍ 24 1440 റബിഉല്‍ അവ്വല്‍ 16

''കുറെ നേരമായല്ലോ നിങ്ങള്‍ പ്രാര്‍ഥനയെപ്പറ്റി പറയുന്നു. സുന്നികളായ ഞങ്ങളെക്കാള്‍ പ്രാര്‍ഥന കുറഞ്ഞവരല്ലേ നിങ്ങള്‍? നമസ്‌കാരശേഷം പോലും നിങ്ങള്‍ കൂട്ടുപ്രാര്‍ഥന നടത്താറില്ലല്ലോ!''

മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത ഒരു സ്ഥലത്തെ സ്‌കോഡ് വര്‍ക്കിനിടയില്‍ കയറിയ ഒരു വീട്ടിലെ ഗൃഹനാഥന്റെതായിരുന്നു ഈ ചോദ്യം. 

ഞാന്‍ അയാളോട് പറഞ്ഞു: ''ഞങ്ങള്‍ പ്രാര്‍ഥന തീരെ ഇല്ലാത്തവരാണെന്നാണല്ലോ നിങ്ങളുടെ പരാതി. പ്രാര്‍ഥന എന്നത് ആരാധനയാണെന്ന പ്രധാന കാര്യം ഞാന്‍ പറഞ്ഞുകഴിഞ്ഞു. ഓരോ മനുഷ്യന്റെയും ഹൃദയത്തില്‍നിന്നും ബഹിര്‍ഗമിച്ചുവരേണ്ട ഒന്നാണത്. അത് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ളതല്ല. സംഘമായി പ്രാര്‍ഥിക്കാന്‍ മതം പഠിപ്പിച്ച രംഗങ്ങളില്‍ ഞങ്ങള്‍ സംഘമായിത്തന്നെ പ്രാര്‍ഥിക്കും. ഒറ്റക്ക് പ്രാര്‍ഥിക്കാന്‍ പഠിപ്പിച്ച സന്ദര്‍ഭങ്ങളില്‍ ഒറ്റക്കും പ്രാര്‍ഥിക്കും. ഉറക്കെ പ്രാര്‍ഥിക്കേണ്ട സന്ദര്‍ഭത്തില്‍ ഉറക്കെയും പതുക്കെ പ്രാര്‍ഥിക്കേണ്ട സന്ദര്‍ഭത്തില്‍ പതുക്കെയും പ്രാര്‍ഥിക്കും. പ്രവാചക മാതൃകയാണ് ഞങ്ങള്‍ അവലംബിക്കുന്നത്. അര്‍ഥമില്ലാത്ത ശബ്ദകോലാഹലങ്ങള്‍ നടത്തുന്നത് പ്രാര്‍ഥനയല്ല. ആടിയും പാടിയും അത്യുച്ചത്തില്‍ ഹാ...ഹീ...ഹൂ എന്നൊക്കെയുള്ളതാണ് നിങ്ങളുടെ കണക്കിലുള്ള ദുആയും ദിക്‌റുമെങ്കില്‍ അത് ഞങ്ങള്‍ ചെയ്യാറില്ല; ചെയ്യുകയുമില്ല. എന്നാല്‍, കൂടുതല്‍ പ്രാര്‍ഥനയുള്ളവര്‍ എന്ന് അവകാശപ്പെടുന്നവര്‍ പലപ്പോഴും ആരോട് പ്രാര്‍ഥിക്കാറുള്ളത്? ആരിലേക്കാണത് സമര്‍പ്പിക്കാറുള്ളത്?''

''ഞങ്ങള്‍ അല്ലാഹുവിനോട് തന്നെയാണ് പ്രാര്‍ഥിക്കാറുള്ളത്.''

''മരണപ്പെട്ടുപോയ മഹാന്മാരോട് നിങ്ങള്‍ പ്രാര്‍ഥിക്കാറില്ലേ?''

''ഇല്ല, പ്രാര്‍ഥിക്കാന്‍ പാടില്ലെന്നു തന്നെയാണ് ഞങ്ങള്‍ പറയുന്നത്. നിങ്ങള്‍ ഞങ്ങളുടെ പേരില്‍ കളവ് പറയുകയാണ്. ഞങ്ങള്‍ ഇസ്തിഗാഥയാണ് നടത്തുന്നത്.''

''എന്നാല്‍ 'മുഹിയിദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദ്‌രീങ്ങളേ കാക്കണേ എന്നിങ്ങനെ മരിച്ചുപോയവരെ വിളിച്ചു പ്രാര്‍ഥിക്കുന്നത് അനുവദനീയമാണ്' എന്ന് പൊന്മള അബ്ദുല്‍ ക്വാദിര്‍ മുസ്‌ലിയാര്‍ തന്റെ ഫതാവാ മുഹ്‌യിസ്സുന്ന എന്ന പുസ്തകത്തില്‍ എഴുതിവെച്ചിട്ടുണ്ട്.''

''നേരാണോ?''

''അതെ, നേര് തന്നെ. മാത്രമല്ല, അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥനയുടെ ഉദാഹരണം ക്വുര്‍ആനില്‍ കാണിക്കണമെന്നായിരുന്നു മൗലവിയുടെ മറ്റൊരുവാശി. മരിച്ചുപോയവരെ വിളിച്ചു പ്രാര്‍ഥിക്കാമെന്ന് ക്വുര്‍ആന്‍കൊണ്ട് തന്നെ എ.പി സ്ഥാപിച്ചപ്പോള്‍ അവിടെയും മൗലവി മുഖം കുത്തി' എന്ന് ഒ.എം തരുവണ 'കൊട്ടപ്പുറം സംവാദം' എന്ന പുസ്തകത്തിലും എഴുതിവെച്ചിട്ടുണ്ട്.''

''ഇതൊന്നും എനിക്കറിയില്ല.''

''ഇസ്തിഗാഥ എന്നോ സഹായതേട്ടം എന്നോ പ്രാര്‍ഥന എന്നോ വിശേഷിപ്പിച്ചാലും സംഗതി പ്രാര്‍ഥന തന്നെ. നിങ്ങളുടെ അടുത്തുള്ള, നിങ്ങളുടെ ശബ്ദം കേള്‍ക്കുന്ന വ്യക്തികളാണോ മരണപ്പെട്ടവര്‍?''

''അടുത്തില്ല, എന്നാലും അവര്‍ കേള്‍ക്കുമല്ലോ.''

''ആര് പറഞ്ഞു കേള്‍ക്കുമെന്ന്? കേള്‍ക്കില്ല എന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്.''

''അല്ലാഹു പറഞ്ഞിട്ടുണ്ടോ മുഹ്‌യിദ്ദീന്‍ ശൈഖേ കാക്കണേ എന്നൊക്കെ തേടാന്‍ പാടില്ലെന്ന്?''

''മുഹ്‌യിദ്ദീന്‍ ശൈഖേ കാക്കണേ എന്നൊന്നും അല്ലാഹു പറഞ്ഞിട്ടില്ല. ക്വുര്‍ആന്‍ ഇറങ്ങുന്ന കാലത്ത് അദ്ദേഹം ജനിച്ചിട്ടില്ലല്ലോ. താങ്കളുടെ പേര് അസൈനാര്‍ എന്നാണല്ലോ. അസൈനാരേ, നീ മദ്യപിക്കരുത് എന്ന് അല്ലാഹു പറഞ്ഞിട്ടില്ലാത്തതിനാല്‍ ഞാന്‍ മദ്യപിക്കുന്നതില്‍ തെറ്റില്ല എന്ന വാദം താങ്കള്‍ക്കുണ്ടോ?''

''അങ്ങനെ ചോദിച്ചാല്‍...ഇല്ല. അത് പൊട്ടത്തരമല്ലേ?''

''എങ്കില്‍ അല്ലാഹു പറഞ്ഞിട്ടുണ്ടോ മുഹ്‌യിദ്ദീന്‍ ശൈഖേ കാക്കണേ എന്നൊക്കെ തേടാന്‍ പാടില്ലെന്ന് എന്ന ചോദ്യവും പൊട്ടത്തരമല്ലേ? ഓരോന്നും പ്രത്യേകമായി എടുത്തു പറയേണ്ടതില്ലല്ലോ. 'നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ; ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച' എന്ന് അല്ലാഹു വ്യക്തമായി നമ്മെ പഠിപ്പിച്ചിട്ടുണ്ട്. കണ്ഠനാഡിയെക്കാള്‍ നമ്മോട് സമീപസ്ഥനായ രക്ഷിതാവിനോട് താഴ്മയോടെയും രഹസ്യമായും പ്രാര്‍ഥിക്കേണ്ടതിന് പകരം ലൗഡ്‌സ്പീക്കറിലുടെയും അല്ലാെതയും കൂട്ടംചേര്‍ന്ന് അട്ടഹസിക്കുവാന്‍ ആരാണ് പഠിപ്പിച്ചത്?''

അദ്ദേഹം തലയും താഴ്ത്തി ഇരിപ്പായി! 

''നമസ്‌കാരശേഷമുള്ള കൂട്ടുപ്രാര്‍ഥനയെപ്പറ്റി താങ്കള്‍ പറഞ്ഞു. നമസ്‌കാരശേഷമുള്ള സമയം പ്രാര്‍ഥനക്ക് ഉത്തരം കിട്ടുന്ന സമയങ്ങളില്‍ പെട്ടതാണല്ലോ. ഫര്‍ദ് നമസ്‌കാരം കഴിഞ്ഞയുടന്‍ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും നബിﷺ പഠിപ്പിച്ചിട്ടുണ്ട്. നബിﷺയുടെ ചര്യയില്‍ പെട്ടതല്ല നമസ്‌കാരാനന്തരമുള്ള കൂട്ടുപ്രാര്‍ഥന. നമുക്ക് സ്രഷ്ടാവിനോട് ചോദിക്കാന്‍ ധാരാളം കാര്യങ്ങളുണ്ടാകും. അതൊക്കെ നിര്‍വഹിക്കാനുള്ള സുവര്‍ണാവസരമാണത്. ജമാഅത്ത് കഴിഞ്ഞയുടന്‍ ഇമാം അയാള്‍ പഠിച്ചുവെച്ച കുറെ പ്രാര്‍ഥനകള്‍ അറബിയില്‍ നിര്‍വഹിക്കുന്നു. താങ്കള്‍ അതിനൊക്കെ ആമീന്‍ പറയുകയും ചെയ്യുന്നു. താങ്കള്‍ക്ക് വ്യക്തിപരമായി റബ്ബിനോട് ചോദിക്കാനുള്ളത് ചോദിക്കാന്‍ സമയം കിട്ടുന്നില്ല. ഇമാം പ്രാര്‍ഥന അവസാനിപ്പിച്ചയുടന്‍ നൂറുകൂട്ടം ദുന്‍യാകാര്യങ്ങളിലേക്ക് ഇറങ്ങിപ്പോകാന്‍ ധൃതിപ്പെട്ട് ഇരിക്കുകയായിരിക്കും താങ്കള്‍. എന്നാല്‍ ഞങ്ങളാകട്ടെ നമസ്‌കാരശേഷം നബിﷺ പഠിപ്പിച്ച ദിക്‌റുകളും ദുആകളും ചൊല്ലുന്നു. പിന്നെ ഞങ്ങളുടെ ആവശ്യങ്ങളും ആവലാതികളും റബിനോട് ബോധിപ്പിക്കുന്നു. പറയൂ, ആരാണ് നന്നായി പ്രാര്‍ഥിക്കുന്നവര്‍? തന്റെ സ്വന്തം ആവശ്യങ്ങള്‍ താന്‍തന്നെ തന്റെ റബ്ബിനോട് ചോദിക്കുന്നതല്ലേ ഏറ്റവും നല്ലത്? ഒരു ഉദാഹരണത്തിലൂടെ താങ്കള്‍ക്കത് വ്യക്തമാക്കിത്തരാം:

ഒരു പള്ളിയുടെ പരിസരത്തുള്ള കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തിട്ടുള്ള ആ പള്ളിയിലെ ഇമാമും അതേ കേസിലെ പ്രതിയായ വ്യക്തിയും ആ പള്ളിയില്‍ തന്നെ ദുഹ്ര്‍ നമസ്‌കാരത്തിനുണ്ട് എന്ന് കരുതുക. കേസില്‍ കോടതി തീര്‍പ്പു കല്‍പിക്കട്ടെ, ഇമാമിനെ തുടര്‍ന്ന് നമസ്‌കരിക്കാന്‍ കേസ് ഒരു തടസ്സമല്ല എന്ന സദ്‌വിചാരമുള്ളതിനാല്‍ പ്രതി ആ ഇമാമിനു പിന്നില്‍ നമസ്‌കരിക്കാന്‍ തയ്യാറാകുന്നു. നമസ്‌കാരത്തിന് ശേഷം ആ കേസിലെ വാദിയായ ഇമാം കൂട്ടുപ്രാര്‍ഥന നടത്തുമ്പോള്‍ തന്റെ കേസ്് ജയിപ്പിക്കാന്‍ വേണ്ടിയും പ്രാര്‍ഥിക്കുന്നു എന്ന് കരുതുക. അപ്പോള്‍, ഇമാമിന്റെ പിന്നില്‍നിന്ന് നമസ്‌കരിച്ച പ്രതിക്ക് ഇമാമിന്റെ പ്രാര്‍ഥനക്ക് ആമീന്‍ പറയേണ്ടി വരില്ലേ? അയാള്‍ക്ക് അറബി അറിയാത്തതിനാല്‍ ആത്മാര്‍ഥമായി ആമീന്‍ പറയില്ലേ?''

''അതിപ്പം...അങ്ങനെ ചേദിച്ചാല്‍...''

''താങ്കള്‍ നന്നായി ആലോചിക്കുക. ഞങ്ങള്‍ ഇറങ്ങട്ടെ.'' 

സംസാരം മതിയാക്കി ഞങ്ങള്‍ ആ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അയാള്‍ കൈപിടിച്ചുകൊണ്ട് പറഞ്ഞു: ''നിങ്ങളൊക്കെ ഇനിയും വരണം, വളരെയേറെ സന്തോഷമുണ്ട് എനിക്ക്. എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഈയൊരനുഭവം. ദീനിയായ കാര്യങ്ങള്‍ മനസ്സിലാക്കിത്തരാന്‍ വേണ്ടിമാത്രം എന്റെ വീട്ടില്‍ വന്ന നിങ്ങളുടെ ആത്മാര്‍ഥതക്ക് പടച്ചവന്‍ പ്രതിഫലംതരട്ടെ.''

 ഞങ്ങളെ സന്തോഷത്തോടെ യാത്രയാക്കിയ അയാളോട് 'ഇന്‍ശാഅല്ലാഹ് നമുക്ക് വീണ്ടും കണ്ടുമുട്ടാം' എന്ന് പറഞ്ഞ് പടിയിറങ്ങി.