മലയാളത്തിലെ ആദ്യ ക്വുര്‍ആന്‍ പരിഭാഷ

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി/വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

2018 സെപ്തംബര്‍ 29 1440 മുഹര്‍റം 18

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 4

ഹിജ്‌റ 13ാം നൂറ്റാണ്ടിന്റെ തുടക്കംവരെ മലയാളത്തില്‍ ഒരു ക്വുര്‍ആന്‍ പരിഭാഷ ഇറങ്ങിയതായി എനിക്കറിയില്ല. ഉമര്‍ മൗലവി(റഹ്) പറഞ്ഞതു പോലെ, തര്‍ജമ ഇത്രയും വൈകാനുള്ള കാരണം കേരളീയ  മുസ്‌ലിം സമൂഹം അടുത്ത കാലംവരെ നിരക്ഷരരായിരുന്നു എന്നതായിരിക്കാം. ബോധനരീതികളാകട്ടെ തീര്‍ത്തും പ്രാകൃതരൂപത്തിലുള്ളവയായിരുന്നു. അന്ന് സമുദായത്തില്‍ ക്വുര്‍ആന്‍ ഓതാനറിയുന്നവര്‍ ന്യുനാല്‍ ന്യൂനപക്ഷമായിരുന്നു.

ആദ്യമായി ക്വുര്‍ആന്‍ പരിഭാഷ നിര്‍വഹിക്കുകയും ഭീഷണികള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ പ്രയാസത്തിന്റെ ഈ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തത് പണ്ഡിതനും കവിയുമായ ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ക്വാദിര്‍ (മായിന്‍ കുട്ടി ഇളയാ) ആയിരുന്നു. 

അതിന് അദ്ദേഹം 'തര്‍ജുമത്തു തഫ്‌സീറില്‍ ക്വുര്‍ആന്‍' എന്ന് നാമകരണം ചെയ്തു. ആറ് വാല്യങ്ങളിലായി മുപ്പത് ഭാഗങ്ങളായിരുന്നു പ്രസ്തുത തര്‍ജമ. ക്രിസ്താബ്ദം 1855/ഹിജ്‌റ വര്‍ഷം 1272ല്‍ തുടങ്ങി 1287ല്‍ ആണ് ശൈഖ് അതില്‍ നിന്ന് വിരമിച്ചത്. ശൈഖ് മായിന്‍കുട്ടി ഇളയാ പൂര്‍വകാല പണ്ഡിതരെപ്പോലെ ദീനീവിജ്ഞാനങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ളയാളും ഫത്‌വ നല്‍കുന്നതില്‍ നിപുണനുമായിരുന്നു.

പ്രതികൂലികളുടെ പ്രതികരണങ്ങള്‍

പ്രസ്തുത പരിഭാഷയുടെ കയ്യെഴുത്തുപ്രതി പുറത്ത് വന്നതോടെ മലബാറില്‍ വലിയ ശബ്ദകോലാഹലങ്ങളുണ്ടായി. മറ്റാരും ചെയ്യാത്ത ഈ മഹാകര്‍മത്തിന്നെതിരില്‍ എതിരാളികള്‍ ശത്രുതാപരവും നിഷേധാത്മകവുമായ രൂപത്തില്‍ രംഗത്തുവന്ന് അക്രമങ്ങള്‍ അഴിച്ചുവിടാന്‍ തുടങ്ങി. എത്രത്തോളമെന്നാല്‍, പ്രസ്തുത പരിഭാഷയുടെ പ്രതി കടലിലേക്ക് എറിയുന്നത്‌വരെയെത്തി അവരുടെ ധാര്‍ഷ്ഠ്യം. 

ശൈഖ് മായിന്‍കുട്ടി ഇളയാ കേളികേട്ട കുടുംബത്തിലെ അംഗമാണ്. അദ്ദേഹം വിവാഹം ചെയ്തതാകട്ടെ കണ്ണൂരിലെ പ്രസിദ്ധ ധനികരായ രാജകുടുംബത്തില്‍ നിന്നാണ്. കൂടാതെ അദ്ദേഹം അറിയപ്പെട്ട പണ്ഡിതനുമാണ്. എതിര്‍പ്പുകാരുടെ പ്രതിലോമ പ്രവര്‍ത്തനങ്ങളുണ്ടായിട്ടും അവരുടെ പണ്ഡിതസഭ വിവര്‍ത്തകന്നെതിരില്‍ ഫത്‌വ പുറപ്പെടുവിച്ചിട്ടും പുകള്‍പെറ്റ തര്‍ജമ പുറത്തിറക്കാന്‍ ഭാര്യയുടെ ബന്ധുക്കള്‍ അദ്ദേഹത്തെ സഹായിച്ചു. എത്രത്തോളമെന്നാല്‍ ക്രിസ്താബ്ദം1869/ഹിജ്‌റ വര്‍ഷം 1286ല്‍ അദ്ദേഹത്തിന് കണ്ണൂരിലെ അറക്കലില്‍ തന്റെ ഭാര്യയുടെ കൊട്ടാരത്തിനടുത്ത് ഒരു സ്വകാര്യ പ്രിന്റിംഗ് പ്രസ് ആരംഭിക്കാന്‍ വരെ സാധിച്ചു. അങ്ങനെ ഹിജ്‌റ 1289ല്‍ പ്രസ്തുത പരിഭാഷയുടെ ആദ്യ വാള്യം പ്രസാധനം ചെയ്യപ്പെട്ടു. അവിടെനിന്നങ്ങോട്ട് ഇരുപത്തിരണ്ട് വര്‍ഷം നീണ്ടുനിന്ന പരിശ്രമത്താല്‍ മുഴുവന്‍ വാള്യങ്ങളും പുറത്തിറങ്ങി. 

മായിന്‍കുട്ടി ഇളയായുടെ തര്‍ജമയിലെ ലിപികള്‍

പ്രസ്തുത തര്‍ജമ മലയാള ഭാഷയിലാണെങ്കിലും അറബിലിപിയാണ് (അറബിമലയാളം) അതില്‍ ഉപയോഗിച്ചത്. പണ്ട് കാലം മുതലേ മുസ്‌ലിംകള്‍ക്ക് മലയാള ഭാഷയോടുള്ള എതിര്‍പ്പായിരുന്നു ഇതിന് കാരണം. മുസ്‌ലിംകള്‍ക്ക് മലയാളത്തില്‍ വേണ്ടത്ര ഗ്രന്ഥരചനകള്‍ ഇല്ലാതിരിക്കുകയും ഹൈന്ദവ ഗ്രന്ഥങ്ങളെല്ലാം മലയാളത്തിലാവുകയും ചെയ്തതിനാല്‍ മുസ്‌ലിംകള്‍ അവകളില്‍ വശംവദരാകുമോ എന്ന ഭയപ്പാടാണ് ഈ എതിര്‍പ്പിന് പിന്നിലുണ്ടായിരുന്നത്. ഈ ഭയവും മലയാളത്തോടുള്ള അകല്‍ച്ചയും ചില മുസ്‌ലിം പണ്ഡിതരില്‍ തീവ്രമായപ്പോള്‍ തങ്ങള്‍ക്കിടയില്‍ തന്നെ ആശയവിനിമയത്തിനും അഭിസംബോധനക്കും കത്തിടപാടുകള്‍ക്കും ഒരു ബദല്‍ സംവിധാനം ഉണ്ടാക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. അങ്ങനെയാണ് 'അറബി മലയാളം' എന്ന നവീന ഭാഷക്ക് ബീജാവാപമുണ്ടാകുന്നത്. അവികസിതവും പഴഞ്ചനുമായിരുന്നു പ്രസ്തുത ഭാഷയുടെ ശൈലി. ശൈഖ് കെ. എം. മൗലവി എഴു തുന്നു: 'പലരും പല കാലങ്ങളിലായി മലയാള ഭാഷയിലൊരു ക്വുര്‍ആന്‍ പരിഭാഷ തയ്യാറാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ വിജയപ്രദമായി പൂര്‍ത്തീകരിക്കപ്പെട്ട പ്രഥമപരിഭാഷ മായിന്‍കുട്ടി ഇളയാ തയ്യാറാക്കിയ പരിഭാഷയാണ്. അറബിമലയാളത്തില്‍ എഴുതപ്പെട്ടതും മലയാളത്തില്‍ പ്രസാധനം ചെയ്യപ്പെട്ടതും ആണത്. ഒരു നൂറ്റാണ്ടിന് മുമ്പായിരുന്നു പ്രസ്തുത പ്രസാധനം.' 

പരിഭാഷയും വ്യാഖ്യാനവും

പ്രസ്തുത പരിഭാഷയുടെ ഏടുകള്‍ വായിക്കുന്നവര്‍ക്ക് അവ കേവലം വിശുദ്ധ ക്വുര്‍ആനിന്റെ ആശയ വിവര്‍ത്തനം മാത്രമല്ല വിവരണം കൂടിയാണത് എന്നാണ് ബോധ്യപ്പെടുക. ഈ കഠിനാധ്വാനത്തിന് അദ്ദേഹം അവലംബിച്ചത് തഫ്‌സീര്‍ ത്വബ്‌രി, ജലാലയ്‌നി എന്നിവയാണ്. 

വഴിമുടക്കി വഴി നീങ്ങുന്നു

ഈ അനുഗൃഹീത ഗ്രന്ഥരചന ശൈഖ് സമര്‍പ്പിച്ചതോടെ പന്ത്രണ്ട് നൂറ്റാണ്ട് കാലം എഴുത്തുകാര്‍ക്കും ഗവേഷകര്‍ക്കും മുമ്പില്‍ കൊട്ടിയടക്കപ്പെട്ട വഴി തുറക്കപ്പെട്ടു. 

ഇവിടെനിന്നങ്ങോട്ട് മലയാളക്കരയില്‍ പരിഭാഷകള്‍ ഒന്നിന് പിറകെ മറ്റൊന്നെന്ന രീതിയില്‍ പുറത്തുവന്നു തുടങ്ങി. വിശ്വാസികള്‍ അല്ലാഹുവിന്റെ സഹായത്തില്‍ സന്തുഷ്ടരായി. അവര്‍ക്കായിരുന്നു ഈ മേഖലയില്‍ വ്യക്തമായ വിജയം. തന്നിഷ്ടക്കാര്‍ തങ്ങളുടെ വാദഗതികളുമായി ഊരുചുറ്റി നടന്നു. കേരളക്കരയില്‍ ഇന്നുവരെ പൂര്‍ണമോ ഭാഗികമോ ആയി പ്രസിദ്ധീകരിക്കപ്പെട്ട പരിഭാഷകളും വ്യാഖ്യാനങ്ങളും അമ്പതോളമാണ്. 

ഇവിടെ എടുത്തു പറയേണ്ട മറ്റൊരു കാര്യമുണ്ട്. പ്രസ്തുത തഫ്‌സീര്‍ വൈജ്ഞാനികമായി ഉയര്‍ന്നുനില്‍ക്കുന്നതും കനപ്പെട്ടതുമായിട്ടും അത് പഴയ ലൈബ്രറികളില്‍ ഒരു പുരാവസ്തുവെന്നോണം ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. അതിനു കാരണം അതില്‍ ഉപയോഗിച്ച ഭാഷ തീര്‍ത്തും പഴഞ്ചനും പുതിയ തലമുറക്കത് നന്നായി അറിയാത്തതുമാണ്. അതിലെ പദങ്ങളാകട്ടെ മിക്കതും കാലഹരണപ്പെട്ടതും കാല്‍നൂറ്റാണ്ടുകാലമായി മുസ്‌ലിംകളാല്‍ കയ്യൊഴിക്കപ്പെട്ടതുമാണ്. മുഴുവന്‍ പാഠശാലകളിലെയും പാഠ്യപദ്ധതികളും പഠനോപാധികളും ഉപയോഗിച്ച് ഇസ്‌ലാമിക സംസ്‌കാരവും മലയാള ഭാഷയും പ്രചരിപ്പിക്കാന്‍ നവോത്ഥാന നായകന്മാരും പണ്ഡിതന്മാരും ശ്രമിച്ചതോടെ 'അറബിമലയാളം' ഇന്ന് ഏതാണ്ട് അന്യമായി മാറി. എന്നാല്‍ കേരളത്തില്‍ അറബിഭാഷ ഗവണ്‍മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും ഐച്ഛിക വിഷയമായി പഠിപ്പിക്കപ്പെടുകയും ചെയ്യുന്നു. സ്വകാര്യ ഇസ്‌ലാമിക പാഠശാലകളിലും കോളേജുകളിലും അടിസ്ഥാന വിഷയമായും അറബി പഠിപ്പിക്കപ്പെടുന്നു. 

ഒരു പുതിയ കാല്‍വെപ്പ്, സുന്ദരമായ മാതൃകയും

ഭിന്നവും വിരുദ്ധവുമായ മാര്‍ഗങ്ങളുള്ള തര്‍ജമകളിലേക്ക് വെളിച്ചം വീശും മുമ്പ് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയില്‍ പ്രസാധനം ചെയ്യപ്പെട്ട ഒരു മാതൃകാ പരിഭാഷയെ ഇവിടെ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആദരണീയനായ ശൈഖ് ഉമര്‍ അഹ്മദ് മലബാരി(റഹ്)യുടെ പരിഭാഷയാണത്. ഉപരിസൂചിത അറബി മലയാള തര്‍ജമ പോലെയായിരുന്നു ഇതും. മലബാറില്‍ തന്റെ കാലഘട്ടത്തില്‍ തൗഹീദിന്റെ കാവല്‍ഭടനായിരുന്നു അദ്ദേഹം. 

വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളില്‍ പിന്തള്ളപ്പെടുകയും നിരക്ഷരത അടക്കിവാഴുകയും ചെയ്ത മുസ്‌ലിം സമുദായത്തിന്റെ നിലവാരം ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഗംഭീരമായി നടക്കുന്ന കാലത്താണ് കേരളക്കരയിലെ സിംഹഭാഗത്തിന്റെയും മാതൃഭാഷയായ മലയാളത്തോട് ഒരു വലിയ വിഭാഗം എതിരാളികളായി നിലകൊണ്ടത്. ഇതരരെക്കാള്‍ അവരില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അജ്ഞതയും അടക്കിവാണു. വിശുദ്ധ ക്വുര്‍ആന്‍ മനഃപാഠമാക്കുക, പഠിക്കുക, പഠിപ്പിക്കുക എന്നിവയില്‍നിന്ന് ജനങ്ങളെ അകറ്റിക്കൊണ്ട് മാലമൗലൂദുകളിലും ഗദ്യപദ്യങ്ങളിലും ഗ്രന്ഥരചനകള്‍ വര്‍ധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് തൗഹീദീ പ്രചാരണത്തില്‍ ഏര്‍പെട്ടിരുന്ന പണ്ഡിതരില്‍ അറബി മലയാളത്തില്‍ ഒരു തര്‍ജമ പുറത്തിറക്കാനുള്ള ചിന്തയുദിച്ചത്.  

അറബിമലയാളത്തെ പാരമ്പര്യ മുസ്‌ലിംകള്‍ അതിയായി സ്‌നേഹിക്കുകയും മലയാളത്തോട് വെറുപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്ന സാഹചര്യം നിലനില്‍ക്കുന്ന കാരണത്താലാണ് ഉമര്‍ മൗലവി(റഹ്) തന്റെ ക്വുര്‍ആന്‍ പരിഭാഷ അറബിമലയാളത്തിലാക്കിയത്. ഒരുവേള തൗഹീദിന്റെ പ്രബോധനം തന്റെ തര്‍ജമയിലൂടെ നിര്‍വഹിക്കാനുള്ള കൊതിയും അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചിരിക്കും. 

ഉമര്‍ മൗലവിയുടെ പരിഭാഷ; ഒരു ഹ്രസ്വ വിവരണം

1955ല്‍ ഉമര്‍ മൗലവി അറബി മലയാളത്തില്‍ തന്റെ തര്‍ജമ പൂര്‍ണമായും ക്രോഡീകരിച്ചു. ശ്ലാഘനീയമായ സേവനമാണ് ഈ തര്‍ജമയിലൂടെ അദ്ദേഹം നിര്‍വഹിച്ചത്. ആദ്യം പദങ്ങളുടെ വ്യക്തമായ അര്‍ഥവും പിന്നീട് തന്റെ പ്രത്യേക ശൈലിയിലുള്ള വിവരണവും ഉള്‍പെടുത്തിക്കൊണ്ടായിരുന്നു അത്. ത്വബ്‌രി, ഇബ്‌നുകഥീര്‍, ശൗകാനി എന്നീ അടിസ്ഥാന തഫ്‌സീറുകളും റാസീ, സമഖ്ശരീ, സുയൂത്വി, തുടങ്ങിയ പ്രമുഖരുടെ തഫ്‌സീറുകളും അദ്ദേഹം അവലംബിച്ചു. 

പ്രസ്തുത തര്‍ജമയില്‍ അദ്ദേഹത്തിന്റെ മുഴുശ്രദ്ധയും വിശ്വാസ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു. ശിര്‍ക്കന്‍ വിശ്വാസക്കാരുടെയും തന്നിഷ്ടങ്ങളെ പിന്‍പറ്റുന്നവരുടെയും നേരെ അദ്ദേഹം ആഞ്ഞടിച്ചു. ശിര്‍ക്കിന്റെ മുഴുവന്‍ ഇനങ്ങളും മലബാറില്‍ ഉണ്ടായിരുന്നു എന്നതായിരുന്നു അതിനു കാരണം. മുസ്‌ലിംകള്‍ ബഹുദൈവവിശ്വാസികളോട് കലര്‍ന്നു ജീവിച്ചതിനാലും വിഗ്രഹപൂജകരുടെയുംബഹുദൈവാരാധകരുടെയും സംസ്‌കാരങ്ങളുടെ സ്വാധീനത്താലും ചിലരെല്ലാം പുതുമുസ്‌ലിംകളായതിനാലുമായിരുന്നു അത്. കൈവളയങ്ങള്‍ കണക്കെ ശിര്‍ക്കിന്റെ ഊറലുകള്‍ അവരെ വലയം ചെയ്തു. തന്റെ പരിഭാഷയില്‍ മൗലവി ഈ മേഖലകള്‍ നന്നായി കൈകാര്യം ചെയ്തു. ബിദ്ഈ പാര്‍ട്ടികളുടെയും തൗഹീദ് വിരോധികളുടെയും രൂക്ഷമായ എതിര്‍പ്പുണ്ടായിട്ടും മഹത്തായ സേവനമാണ് മൗലവി നിര്‍വഹിച്ചത്. 

ആറ് വാള്യങ്ങളായിട്ടാണ് പ്രസ്തുത തര്‍ജമ പുറത്തിറങ്ങിയത്. ഓരോ വാള്യവും വിശുദ്ധ ക്വുര്‍ആനിലെ അഞ്ച് ജുസ്ഉകള്‍ ഉള്‍കൊള്ളുന്നു. ഓരോ വാള്യവും പ്രസിദ്ധീകരിച്ച വര്‍ഷം താഴെ കൊടുക്കുന്നു:  

ഒന്നാം വാള്യം: 1955. രണ്ടാം വാള്യം: 1958. മൂന്നാം വാള്യം: 1960. നാലാം വാള്യം: 1962. അഞ്ചാം വാള്യം: 1963. ആറാം വാള്യം: 1965. ഓരോ വാള്യത്തിലും 400 പേജുകള്‍ വീതം ഉണ്ട്. (അവസാനിച്ചില്ല)