കുമ്പസാരക്കൂടുകളിലെ ചൂഷണം: തെറ്റിയതെവിടെ?

ഹാഷിം കാക്കയങ്ങാട്

2018 ദുല്‍ക്വഅദ 08 1439 ജൂലായ് 21

''പത്തനംതിട്ട: യുവതിയെ പീഡിപ്പിച്ച കേസില്‍ നാല് ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരെ മാനഭംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയാണ് പീഡനം നടന്നതെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഫാ. ജെയ്‌സ് കെ.ജോര്‍ജ്, ഫാ. എബ്രഹാം വര്‍ഗീസ്, ഫാ. ജോണ്‍സണ്‍ വി.മാത്യു, ഫാ. ജോബ് മാത്യു എന്നിവര്‍ക്കെതിരെയാണ് കേസ്. 

ആദ്യം പീഡിപ്പിക്കപ്പെട്ടത് 16ാം വയസ്സിലെന്നു യുവതിയുടെ മൊഴിയിലുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിനു യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തിരുവനനതപുരം ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് പ്രഥമവിവര റിപ്പോര്‍ട്ട് തയാറാക്കി കേസ് റജിസ്റ്റര്‍ ചെയ്തത്. വിവിധ സ്ഥലങ്ങളില്‍ പീഡനം നടന്നതിനാല്‍ ലോക്കല്‍ പോലീസ് സ്‌റ്റേഷനുകളെ ഒഴിവാക്കി ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. യുവതിയുടെ മൊഴി ക്രിമിനല്‍ നടപടിക്രമം 164ാം വകുപ്പു പ്രകാരം മജിസ്‌ടേറ്റിനു മുന്‍പില്‍ രേഖപ്പെടുത്താനും നടപടി തുടങ്ങി'' (മലയാള മനോരമ ദിനപ്പത്രം, 2018 ജൂലൈ 3, ചൊവ്വ. പേജ് 1).

ജലന്തര്‍ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിന്റെ വാര്‍ത്തയും ഇതേ ദിവസം ഇതേപത്രത്തിന്റെ 10ാം പേജിലുണ്ട്. 

ലൈംഗികാതിക്രമത്തിനും ചൂഷണത്തിനും ജാതിയും മതവുമൊന്നുമില്ല. എല്ലാവര്‍ക്കിടയിലും വേട്ടക്കാരുണ്ട്; ഇരകളുമുണ്ട്. ആത്മീയതയുടെ മറവില്‍ എല്ലാ മതങ്ങളിലും പെട്ട ന്യൂനപക്ഷമായ ചൂഷകര്‍ ലൈംഗികാതിക്രമം നടത്തുന്നുണ്ട് എന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കിടയിലെ ദിനപ്പത്രങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ദര്‍ഗകളും മഠങ്ങളും ചര്‍ച്ചുകളുമൊക്കെ കേന്ദ്രീകരിച്ചുകൊണ്ട് പുരോഹിതരും അവരുടെ ശിങ്കിടികളും മറ്റും നടത്തുന്ന ലൈംഗികചൂഷണങ്ങള്‍ ഏറെയും പുറത്തറിയാറില്ല എന്നു മാത്രം. ഭാര്യയുള്ളവരും ബ്രഹ്മചാരികളായി ജീവിക്കുന്നവരുമൊക്കെ പീഡനക്കേസില്‍ പ്രതികളാകാറുമുണ്ട്. 

പ്രശ്‌നത്തിന്റെ മര്‍മം എവിടെ?

ലൈംഗികത എന്നത് ഏതൊരു മനുഷ്യനും ജനിതകമായി ലഭിക്കുന്ന വികാരമാണ്. വിവാഹമെന്ന അനുവദനീയമായ രീതിയില്‍ മാത്രം അതിനെ ഉപയോഗിക്കുവാന്‍ മതം മനുഷ്യനെ ഉപദേശിക്കുന്നു. കന്നുകാലികളെ പോലെ അമ്മ പെങ്ങന്മാര്‍ എന്ന വ്യത്യാസമില്ലാത്തതും അതിരുകളില്ലാത്തതുമായ സെക്‌സിനെ മതം അനുവദിക്കുന്നേയില്ല. എന്നാല്‍ സെക്‌സിനെ അടിച്ചമര്‍ത്തി ശരീരത്തെ പീഡിപ്പിക്കുന്നത് മനുഷ്യപ്രകൃതിക്ക് ചേര്‍ന്നതുമല്ല. ഇതാണ് ഈ വിഷയത്തില്‍ മതത്തിന്റെ നിലപാട്.

കുമ്പസാരം  പുരോഹിതനോടോ?

ഉറച്ച ദൈവ വിശ്വാസിക്ക് (മത വിശ്വാസികള്‍ എല്ലാം യഥാര്‍ഥ ദൈവ വിശ്വാസികളാകണമെന്നില്ല) മാത്രമെ ശുദ്ധമായ സ്വകാര്യ ജീവിതം നയിക്കാന്‍ സാധിക്കുകയുള്ളൂ. ജീവിതത്തിന്റെ ഓരോ സെക്കന്റും കൃത്യമായി വിചാരണ ചെയ്യപ്പെടുമെന്ന വിശ്വാസമുള്ള ഒരാള്‍ തന്റെ ജീവിതം ദൈവകല്‍പനകള്‍ക്കനുസരിച്ച് ചിട്ടപ്പെടുത്താന്‍ ബദ്ധശ്രദ്ധ പുലര്‍ത്തുന്നവനായിരിക്കും. അവിഹതമായത് ചെയ്യാതിരിക്കാന്‍ അവര്‍ സൂക്ഷ്മത പുലര്‍ത്തും.

എന്നാല്‍ ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ മധ്യവര്‍ത്തികളായി പുരോഹിതര്‍ രംഗം കീഴടക്കിയതാണ് ക്രിസ്തുമതത്തിന് സംഭവിച്ച ഏറ്റവും വലിയ അപചയം. (ശുദ്ധമായ ഏകദൈവ വിശ്വാസം പഠിപ്പിക്കുന്ന ഇസ്‌ലാമിന്റെ പേരിലും പുരോഹിതന്മാര്‍ (ഇസ്‌ലാം പൗരോഹിത്യം അംഗീകരിക്കുന്നില്ല) ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ മധ്യവര്‍ത്തികള്‍ ആവശ്യമാണെന്ന് സമൂഹത്തെ തെറ്റുധരിപ്പിക്കുകയും പലവിധ ചൂഷണങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട് എന്നതും ഈ പൗരോഹിത്യത്തിന്റെ പിടിയിലമര്‍ന്ന വര്‍ ധാരാളമുണ്ട് എന്നതും നിഷേധിക്കുന്നില്ല). കുരിശുമരണത്തിലൂടെ യേശുക്രിസ്തു നമ്മുടെയെല്ലാം പാപമേറ്റെടുത്തുവെന്ന വിശ്വാസമാണ് ക്രിസ്തീയതയുടെ അടിത്തറ. പാപപരിഹാരത്തിനായി യേശുവിനോടും പുണ്യാളരോടും പുരോഹിതന്മാരോടും പ്രാര്‍ഥിക്കുകയും അവരെ ഇടയാളന്മാരാക്കുകയും ചെയ്യുന്ന രീതിയിലേക്ക് മാറിയപ്പോള്‍ അവര്‍ക്കിടയില്‍ ദൈവത്തിന്റെ പ്രസക്തി തന്നെ ഇല്ലാതായി. എന്ത് തെറ്റ് ചെയ്താലും ഒരു പുരോഹിതന്റെ മധ്യസ്ഥതയില്ലാതെ അത് പരിഹരിക്കപ്പെടുകയില്ലെന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. തന്നെപ്പോലെ മജ്ജയും മാംസവും വികാരവിചാരങ്ങളുള്ള മനുഷ്യനോട് തന്റെ പാപങ്ങള്‍ ഏറ്റ് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്? ഒരു സ്ത്രീ സ്വന്തം ഇഷ്ടപ്രകാരമോ നിര്‍ബന്ധിക്കപ്പെട്ടോ അന്യപുരുഷനുമായി അവിഹിതബന്ധത്തിലേര്‍പെട്ടാല്‍, മറ്റു പാപങ്ങള്‍ ചെയ്താല്‍ അതൊന്നും മറ്റൊരാളോട് പങ്കുവെക്കാറില്ല. അത് പുറത്തറിഞ്ഞാല്‍ ഭാവിജീവിതത്തെ ബാധിക്കുമെന്നതും ദുഷ്‌പേര് വരുമെന്നതും തന്നെ പ്രധാന കാരണം. എന്നാല്‍ താന്‍ ചെയ്ത പാപത്തില്‍ മാനസികമായി ദുഃഖിക്കുകയും തെറ്റ് പൊറുക്കപ്പെടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ എന്താണ് ചെയ്യേണ്ടത്? സ്രഷ്ടാവായ സാക്ഷാല്‍ ദൈവത്തോട് കുറ്റങ്ങള്‍ ഏറ്റു പറയുക. ഖേദിച്ച് മടങ്ങുക. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക. ഇതാണ് ഏക പരിഹാര മാര്‍ഗം. എന്നാല്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച സകല തെറ്റുകളും കുറ്റങ്ങളും സ്വകാര്യമായി മറ്റൊരാളോട് ഏറ്റ് പറയുമ്പോള്‍ അവിടെ പിശാച് പ്രവര്‍ത്തിക്കുമെന്നതില്‍ സംശയമില്ല. അത് കുമ്പസാരക്കൂട്ടില്‍ വെച്ചായാലും പള്ളി മിമ്പറില്‍ വെച്ചായാലും ശ്രീകോവിലില്‍ വെച്ചായാലും ശരി. ആരോടാണോ പറയുന്നത് അയാള്‍ വിചാര വികാരങ്ങളുള്ള മനുഷ്യരാണ്. സാമ്പത്തികമായി ചൂഷണം ചെയ്യാനും ലൈംഗികമായി ഉപയോഗപ്പെടുത്താനുമൊക്കെയുള്ള പ്രചോദനം പിശാച് മനസ്സില്‍ തോന്നിക്കാന്‍ ഏറെ സാധ്യതയുള്ളതാണ്. ഈ സാധ്യതയാണ് പത്തനംതിട്ടയിലെ ചില പുരോഹിതന്മാരിലൂടെ വെളിവായിരിക്കുന്നത് എന്ന് വ്യക്തം. എല്ലാ പുരോഹിതന്മാരും ഇത്തരത്തില്‍ മോശപ്പെട്ടവരാണ് എന്നല്ല ഇപ്പറഞ്ഞിനര്‍ഥം. 

പുരോഹിതര്‍ പാപസുരക്ഷിതരോ?

എത്ര പിടിച്ചുനിര്‍ത്തിയാലും വേലി പൊട്ടിച്ച് പുറത്ത് ചാടാന്‍ കാത്ത് നില്‍ക്കുന്നതാണ് ലൈംഗികത എന്നതൊരു പച്ചപ്പരമാര്‍ഥമാണ്. മനുഷ്യവംശത്തിന്റെ നിനില്‍പിനും അത് അനിവാര്യമാണ്. അത്‌കൊണ്ടുതന്നെയാണ് സ്രഷ്ടാവ് വൈവാഹിക ജീവിതം നിയമമാക്കിയത്. എന്നാല്‍ മനുഷ്യപ്രകൃതിയുടെ തേട്ടമായ ലൈംഗികതയെ അടിച്ചമര്‍ത്തുന്ന രീതിയായ ബ്രഹ്മചര്യം സ്വീകരിച്ച പുരോഹിതന്മാരും കന്യാവ്രതം സ്വീകരിച്ച് ജീവിക്കുന്ന വനിതകളും ക്രൈസ്തവര്‍ക്കിടയിലുണ്ട്. ഹൈന്ദവര്‍ക്കിടയിലും ്രബഹ്മചര്യത്തെ മോക്ഷത്തിന്റെ മാര്‍ഗമായിക്കണ്ട് പിന്തുടരുന്നവരുണ്ട്. ഇസ്‌ലാമിന്റെ പേരിലും ചിലര്‍ വൈവാഹിക ജീവിതത്തെ ആത്മീയ ജീവിതത്തിന് തടസ്സമായിക്കണ്ട് ബ്രഹ്മചാരികളായി ജീവിക്കുന്നുണ്ട്. എന്നാല്‍ ഇസ്‌ലാം ബ്രഹ്മചര്യത്തെ എതിര്‍ക്കുകയും വൈവാഹികജീവിതത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തിട്ടുള്ളത്. വിവാഹത്തിലൂടെ ലൈംഗികതയെ നേരായ പാതയില്‍ ശമിപ്പിക്കാതെ വിവാഹം തന്നെ നിഷിദ്ധമാക്കിയ പലര്‍ക്കും പക്ഷേ, അതിനെ അടക്കി വെക്കാന്‍ സാധിക്കുന്നില്ല. നേരായ വഴി അപ്രാപ്യമാകുമ്പോള്‍ വളഞ്ഞ വഴി സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. 

ബൈബിള്‍പ്രകാരം ദൈവം കല്‍പിക്കുന്നത് വൈവാഹികജീവിതം വര്‍ജിക്കുവാനാണോ? ഉല്‍പത്തി പുസ്തകത്തില്‍ പറയുന്നത് കാണുക: 

''അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തില്‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവര്‍ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര്‍വ ഭൂമിയിന്മേലും ഭൂമിയില്‍ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്‍പിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു. ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറഞ്ഞ് അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിന്‍ എന്നു അവരോടു കല്‍പിച്ചു'' (ഉല്‍പത്തി പുസ്തകം 1:26-28).

''യഹോവയായ ദൈവം മനുഷ്യനില്‍നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കല്‍ കൊണ്ടുവന്നു. അപ്പോള്‍ മനുഷ്യന്‍; ഇത് ഇപ്പോള്‍ എന്റെ അസ്ഥിയില്‍നിന്നു അസ്ഥിയും എന്റെ മാംസത്തില്‍നിന്നു മാംസവും ആകുന്നു. ഇവളെ നരനില്‍നിന്നു എടുത്തിരിക്കയാല്‍ ഇവള്‍ക്കു നാരി എന്നു പേരാകും എന്നു പറഞ്ഞു. അതുകൊണ്ട് പുരുഷന്‍ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവര്‍ ഏകദേഹമായിത്തീരും''(ഉല്‍പത്തി 2:22-24).

''സ്ത്രീയോടു കല്‍പിച്ചത്: ഞാന്‍ നിനക്ക് കഷ്ടവും ഗര്‍ഭധാരണവും ഏറ്റവും വര്‍ധിപ്പിക്കും. നീ വേദനയോടെ മക്കളെ പ്രസവിക്കും. നിന്റെ ആഗ്രഹം നിന്റ ഭര്‍ത്താവിനോട് ആകും'' (ഉല്‍പത്തി പുസ്തകം 3:16).

ഈ ബൈബിള്‍ വചനങ്ങള്‍ വ്യക്തമാക്കുന്നത് മനുഷ്യസൃഷ്ടിയില്‍ പുരുഷനും സ്ത്രീയും പരസ്പര പൂരകങ്ങളാണ് എന്നും അവന്‍ അന്യോന്യം ഇണകളായി ജീവിക്കണമെന്നും സന്താനപുഷ്ടിയുള്ളവരായി ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കണം എന്നുമാണ്. സന്താനങ്ങളെ പ്രസവിക്കുക എന്ന മഹത്തായ ദൗത്യം ദൈവം സ്ത്രീയെയാണ് ഏല്‍പിച്ചിട്ടുള്ളത്. സ്ത്രീക്ക് ഗര്‍ഭാരിഷ്ടതകള്‍ വര്‍ധിപ്പിക്കാനും വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കാനും ദൈവം വിധിച്ചു. എങ്കിലും നിനക്ക് നിന്റെ ഭര്‍ത്താവില്‍ അഭിലാഷമുണ്ടായിരിക്കും, അവന്‍ നിന്നെ ഭരിക്കുകയും ചെയ്യും എന്ന സമാശ്വാസവും നല്‍കി. ഇത് സൂചിപ്പിക്കുന്നത് മനുഷ്യവര്‍ഗത്തിന് നിലനില്‍പ് നല്‍കിയിരിക്കുന്നത് സ്ത്രീയുടെയും പുരുഷന്റെയും ജീവിതക്രമം വഴിയാണ് എന്നല്ലേ? അതാണല്ലോ ആദ്യമായി സ്ത്രീയെ മുമ്പില്‍ നിര്‍ത്തിയപ്പോള്‍ ആദാം ഇങ്ങനെ പറഞ്ഞതായി ഉല്‍പത്തി പുസ്തകം സാക്ഷ്യം നല്‍കുന്നത്: ''ഇത് ഇപ്പോള്‍ എന്റെ അസ്ഥിയില്‍നിന്നു അസ്ഥിയും എന്റെ മാംസത്തില്‍നിന്നുമാംസവും ആകുന്നു... അതുകൊണ്ട് പുരുഷന്‍ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവര്‍ ഏകദേഹമായിത്തീരും.''

സ്ത്രീ കന്യാവ്രതമനുഷ്ഠിക്കണമെന്നും പുരുഷന്‍ ബ്രഹ്മചര്യമനുഷ്ഠിക്കണമെന്നും ബൈബിള്‍ പഴയ-പുതിയ നിയമങ്ങളിലെവിടെയും കാണുവാന്‍ സാധ്യമല്ല എന്നതാണ് യാഥാര്‍ഥ്യം. യേശുവെന്ന ക്രിസ്തുവിന്റെ പ്രബോധനങ്ങളില്‍ എവിടെയും ഇതിന് ആഹ്വാനം ചെയ്തായി കാണുവാന്‍ സാധ്യമല്ല. പിന്നെ ആരാണിതിന്റ ഉപജ്ഞാതാവ്? മറ്റാരുമല്ല; യേശുവിന്റെ കാലത്ത് അദ്ദേഹത്തെ കണ്ട് ശിഷ്യപ്പെടാതിരിക്കുകയും അദ്ദേഹത്തിന്റെ അനുയായികളെ ഉപദ്രവിക്കുകയും ചെയ്ത, പിന്നീട് മാനസാന്തരമെന്ന കഥ മെനഞ്ഞ് യേശുവിന്റെ ശിഷ്യപ്രമുഖ സ്ഥാനം അവകാശപ്പെട്ട പൗലോസ് എന്ന സാവൂള്‍ തന്നെ. 

കൊരിന്ത്യര്‍ക്ക് എഴുതിയ ഒന്നാം ലേഖനം ഏഴാം അധ്യായത്തിലാണ് പൗലോസ് വിവാഹബന്ധത്തെപ്പറ്റി അനുയായികളെ ഉദ്‌ബോധിപ്പിക്കുന്നത്. യേശുവിന്റെ ശിഷ്യനല്ലാത്ത, വിജാതീയരുടെ അപ്പോസ്തലന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പൗലോസ് വിവാഹത്തെപ്പറ്റിയുള്ള സ്വന്തം കാഴ്ചപ്പാട് വിവരിച്ചുകൊടുക്കുന്നത് കാണുക:

''നിങ്ങള്‍ എഴുതി അയച്ച സംഗതികളെക്കുറിച്ച് എന്റെ അഭിപ്രായം എെന്തന്നാല്‍ സ്ത്രീയെ തൊടാതിരിക്കുന്നത് മനുഷ്യന്നു നല്ലത്. എങ്കിലും ദുര്‍നടപ്പുനിമിത്തം  ഓരോരുത്തന്നു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്തഭര്‍ത്താവും ഉണ്ടായിരിക്കട്ടെ. ഭര്‍ത്താവ് ഭാര്യക്കും ഭാര്യ ഭര്‍ത്താവിന്നും കടപ്പെട്ടിരിക്കുന്നതു ചെയ്യട്ടെ. ഭാര്യയുടെ ശരീരത്തിന്മേല്‍ അവള്‍ക്കല്ല ഭര്‍ത്താവിന്നത്രെ അധികാരമുള്ളത്. അങ്ങനെ ഭര്‍ത്താവിന്റെ ശരീരത്തിന്മേല്‍ അവന്നല്ല ഭാര്യക്കത്രെ അധികാരം. പ്രാര്‍ഥനക്ക് അവസരമുണ്ടാവാന്‍ ഒരു സമയത്തേക്കു പരസ്പര സമ്മതത്തോടെ അല്ലാതെ വേര്‍പെട്ടിരിക്കരുത്. നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താന്‍ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേര്‍ന്നിരിപ്പിന്‍. ഞാന്‍ ഇതു കല്‍പനയായിട്ടല്ല അനുവദനീയമായിട്ടത്രെ പറയുന്നത്. സകലമനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന്നു ഇങ്ങനെയും ഒരുവന്നു അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്‍കിയിരിക്കുന്നു. വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവര്‍ എന്നെപ്പോലെ പാര്‍ത്തുകൊണ്ടാല്‍ അവര്‍ക്കു കൊള്ളാം എന്നു ഞാന്‍ പറയുന്നു. ജിതേന്ദ്രിയത്വമില്ലെങ്കിലോ അവര്‍ വിവാഹം കഴിക്കട്ടെ; അഴലുന്നതിനെക്കാള്‍ വിവാഹം ചെയ്യുന്നതു നല്ലതുതന്നെ'' (1 കൊരിന്ത്യര്‍ 7:1-10).  

ഈ ഭാഗം വായിക്കുന്ന ഒരാള്‍ക്കും പൗലോസിന്റെ വിവാഹത്തെക്കുറിച്ചുള്ള നിലപാടുകളെപ്പറ്റി ഖണ്ഡിതമായ അഭിപ്രായം സ്വരൂപിക്കാന്‍ കഴിയില്ല. ഒരേസമയം വിവാഹത്തെ എതിര്‍ക്കുകയും അതേപോലെ അനുകൂലിക്കുകയും ചെയ്യുന്ന നിലപാട്! പൗലോസ് വിവാഹത്തെ അനുകൂലിക്കുന്നത് ദൈവം നിശ്ചയിച്ച സന്താന സൗഭാഗ്യത്തിനല്ല, കേവലം വികാര പൂര്‍ത്തീകരണത്തിനു മാത്രമാണ്. അതേ പൗലോസുതന്നെ പറയുന്നു 'സകലമനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു' എന്ന്. അതായത് അവിവാഹിതരായിരുന്നെങ്കില്‍ എന്ന്. ക്രിസ്ത്യാനികള്‍ എന്ന് അറിയപ്പെടുന്ന പൗലോസിന്റെ അനുയായികള്‍ എല്ലാവരും പൗലോസിന്റെ ഉപദേശം സ്വീകരിക്കുകയും അവിവാഹിതരായിരിക്കുകയും ചെയ്താല്‍ അവരുടെ ആ തലമുറയോടെ ക്രിസ്ത്യാനികള്‍ കുറ്റിയറ്റുപോകില്ലേ? 

കന്യാവ്രതവും ബ്രഹ്മചര്യവും അനുഷ്ഠിക്കുന്നതാണ് ഏറ്റവും പുണ്യകരം എന്ന് പഠിപ്പിച്ചത് ഈ പൗലോസ് തന്നെയാണ്. പൗലോസ് കൊരിന്ത്യര്‍ക്കെഴുതിയ ഒന്നാം ലേഖനത്തിന്റെ ഏഴാം അധ്യായം 25 മുതലുള്ള വചനങ്ങളില്‍ ഇത് കാണാവുന്നതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ലോകത്ത് ലക്ഷക്കണക്കിന് സ്ത്രീകള്‍ 'ക്രിസ്തുവിന്റെ മണവാട്ടി'കളായി ജീവിതം ഹോമിച്ചുകൊണ്ടിരിക്കുന്നതും പുരോഹിതന്മാര്‍ ബ്രഹ്മചാരികളായി ജീവിക്കുന്നതും. അതിന്റെയൊക്കെ അനന്തരഫലങ്ങളാണ് ഇന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന അനിഷ്ടകരമായ വാര്‍ത്തകള്‍. 

''വിവാഹം ചെയ്യാത്തവന്‍ കര്‍ത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ച് കര്‍ത്താവിനുള്ളത് ചിന്തിക്കുന്നു. വിവാഹം ചെയ്തവന്‍ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ച് ലോകത്തിനുള്ളത് ചിന്തിക്കുന്നു. അതുപോലെ ഭാര്യയായവള്‍ക്കും കന്യകക്കും തമ്മില്‍ വ്യത്യാസം ഉണ്ട്. വിവാഹം കഴിയാത്തവള്‍ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന്ന് കര്‍ത്താവിന്നള്ളതു ചിന്തിക്കുന്നു. വിവാഹം കഴിഞ്ഞവള്‍ ഭര്‍ത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ച് ലോകത്തിനുള്ളത് ചിന്തിക്കുന്നു. ഞാന്‍ ഇത് നിങ്ങള്‍ക്ക് കുടുക്കിടുവാനല്ല യോഗ്യത വിചാരിച്ചും നിങ്ങള്‍ ചാപല്യം കൂടാതെ കര്‍ത്താവില്‍ സ്ഥിരമായിരിക്കേണ്ടതിനും നിങ്ങളുടെ ഉപകാരത്തന്നായിട്ടത്രെ പറയുന്നത്'' (7:33-34).

ദൈവം അനുവദിച്ച ഒരനുഗ്രഹത്തെ അനുചിതവും വിശുദ്ധിക്ക് ഭംഗംവരുത്തുന്നതുമായ പ്രവര്‍ത്തനമായി വിശേഷിപ്പിച്ചത് പൗലോസാണെന്ന് വ്യക്തം. സഭയിലെ വിശ്വാസികള്‍ എല്ലാവരും ബ്രഹ്മചര്യാവ്രതവും കന്യാവ്രതവും അനുഷ്ഠിച്ചാല്‍ ഭൂമിയില്‍ നിറഞ്ഞ് പെരുകി അതിനെ കീഴടക്കുക എന്ന ദൈവകല്‍പന എങ്ങനെ നിറവേറും? സഭ എങ്ങനെ നിലനില്‍ക്കും?

പ്രാര്‍ഥന ദൈവത്തോടോ പുരോഹിതനോടോ?

പുരോഹിതനില്ലാതെ കുമ്പസാരിക്കാനും പ്രാര്‍ഥിക്കാനും കഴിയില്ലെന്ന തത്ത്വം യഥാര്‍ഥത്തില്‍ യേശുവിനും ബൈബിളിനും എതിരാണ്. ആേരാടാണ് പ്രാര്‍ഥിക്കേണ്ടത് എന്ന് ബൈബിള്‍തന്നെ കൃത്യമായി പഠിപ്പിക്കുന്നുണ്ട്. ചില ഉദാഹരണങ്ങള്‍:

''നിങ്ങള്‍ പൂര്‍ണ ഹൃദയത്തോടെ യഹോവയിങ്കലേക്ക് തിരിയുന്നുവെങ്കില്‍ അന്യദൈവങ്ങളെയും പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയില്‍ നിന്ന് നീക്കിക്കളഞ്ഞ് നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്ക് തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്യുവിന്‍...'' (1 ശമുവേല്‍ 7:3).

യേശുവിനെ വശീകരിക്കാന്‍ വന്ന പിശാചിനോട് യേശു പറയുന്നത് ഇങ്ങനെയാണ്: 'നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്‌കരിച്ച് അവനെ മാത്രമെ ആരാധിക്കാവൂ'' (മത്തായി 4:10, ലൂക്കോസ് 4:8).

'ആരാധന ദൈവത്തോടേ പാടുള്ളൂ' (ലൂക്കോ 4:8), 'നിങ്ങള്‍ ദൈവത്തെ ആരാധിക്കുക' (വെളിപാട് 22:10), 'നിങ്ങളുടെ ഇടയില്‍ ഒരു അന്യദേവന്‍ ഉണ്ടാവരുത്. ഒരു അന്യദേവനെയും നിങ്ങള്‍ നമിക്കുകയില്ല' (സങ്കീര്‍ത്തനം 81:9) എന്നെല്ലാമാണ് ബൈബിള്‍ പഠിപ്പിച്ചിട്ടുള്ളത്. 

യേശുക്രിസ്തു പഠിപ്പിച്ച പ്രാര്‍ഥനയായി ബൈബിളില്‍ കാണുന്ന 'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന് തുടങ്ങുന്ന പ്രസിദ്ധമായ പ്രാര്‍ഥനയും (മത്തായി 6:914, ലൂക്കോ 11:24) യേശു തന്റെ ജീവിതത്തില്‍ സന്ദിഗ്ധ ഘട്ടങ്ങളില്‍ നിര്‍വഹിച്ച പ്രാര്‍ഥനകളും (മാര്‍ക്കോസ് 14:32-42, മത്തായി 26:36-46, ലൂക്കോ 22:39-46) ഏകനായ ദൈവത്തോടല്ലാതെ മറ്റാരോടുമല്ല. മാത്രമല്ല ബൈബിളില്‍ പ്രസ്താവിക്കപ്പെട്ട ഒരു പ്രവാചകനും ദൈവേതരരോട് പ്രാര്‍ഥിച്ചതായി കാണുന്നില്ല. അവരാരും (യേശു ഉള്‍പ്പെടെ) തങ്ങളോട് പ്രാര്‍ഥിക്കണമെന്ന് തങ്ങളുടെ ജനതയെ പഠിപ്പിച്ചിട്ടുമില്ല. െ്രെകസ്തവ സഭകള്‍ക്കിടയില്‍ ഇന്ന് കാണുന്ന യേശുവിനോടും കന്യാമര്‍യമിനോടും കരഞ്ഞ് പ്രാര്‍ഥിക്കുന്ന പ്രവണത അവരുടെ പ്രമാണങ്ങള്‍ക്ക് തന്നെ തീര്‍ത്തും വിരുദ്ധമാെണന്ന് വ്യക്തം. 

സ്രഷ്ടാവിന് പുറമെ സൃഷ്ടികളെ ആരാധിക്കുന്ന മനുഷ്യരോടൊന്നടങ്കം പ്രപഞ്ചനാഥന്റെ വെല്ലുവിളി നിത്യപ്രസക്തമാണ്:

''(പ്രവാചകരേ) പ്രഖ്യാപിക്കുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഭൂമിയില്‍ അവര്‍ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് എനിക്ക് കാണിച്ചുതരൂ; അതല്ല ആകാശങ്ങളുടെ സൃഷ്ടിപ്പില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ? നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ ഇതിന് മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ ജ്ഞാനത്തിന്റെ വല്ല അംശമോ നിങ്ങളെനിക്ക് കൊണ്ടുവന്നു തരുവിന്‍'' (ക്വുര്‍ആന്‍ 46:4).

ഓര്‍ക്കുക, ആദം നബി(അ) മുതല്‍ ഇങ്ങോട്ടുള്ള മുഴുവന്‍ മനുഷ്യരും സൃഷ്ടികളാണ്. അവരില്‍ ചിലര്‍ പ്രവാചകന്മാരായിട്ടുണ്ടെങ്കില്‍ അതവരുടെ കഴിവ് കൊണ്ടല്ല. ദൈവം അവരെ തെരഞ്ഞെടുത്തുവെന്ന് മാത്രം. അവരെല്ലാം ക്ഷണിച്ചതാകട്ടെ ശുദ്ധമായ ഏകദൈവ വിശ്വാസത്തിലേക്കാണ് താനും. അവരൊക്കെ ജനിക്കുന്നതിന് മുമ്പും അവര്‍ക്ക് ശേഷവും ആകാശവും ഭൂമിയും നക്ഷത്രങ്ങളുമൊക്കെ ഇവിടെയുണ്ട്. അവരില്‍ യേശു ഒഴികെയുള്ളവരെല്ലാം മരണപ്പെട്ടു, യേശുവാകട്ടെ ആകാശത്തിലേക്കുയര്‍ത്തപ്പെടുകയും ചെയ്തു. അവരില്ലാത്തത് കൊണ്ട് ഒരു ദിവസം പോലും സൂര്യന്‍ ഉദിക്കാതിരുന്നിട്ടില്ല, ഭൂമിയുടെ കറക്കം നിലച്ചിട്ടില്ല, ചന്ദ്രന്‍ നിലാവ് നല്‍കാതിരുന്നിട്ടില്ല... അപ്പോള്‍ അവരൊന്നുമല്ല ഇതിനെയൊന്നും നിയന്ത്രിക്കുന്നതെന്ന് വ്യക്തം.  

ഒരു പുരുഷന്റെ കരസ്പര്‍ശമില്ലാതെ മര്‍യമിന്റെ ഗര്‍ഭപാത്രത്തില്‍ യേശുവിനെ വളര്‍ത്തിയവന്‍, മര്‍യമിന്റെ ചാരിത്ര്യത്തില്‍ സംശയിച്ച അന്നാട്ടുകാര്‍ക്ക് മുന്നില്‍ മാതാവിന്റെ പരിശുദ്ധി തെളിയിക്കാന്‍ തൊട്ടിലില്‍ വച്ച് യേശുവിനെ സംസാരിപ്പിച്ചവന്‍, കുഷ്ഠരോഗികളെയും വെള്ളപ്പാണ്ഡുകാരെയും അന്ധരെയും സുഖപ്പെടുത്താന്‍ യേശുവിന് കഴിവ് നല്‍കിയവന്‍, പിലാത്തോസിന്റെ പടയാളികളില്‍ നിന്നും യേശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയവന്‍, ലൂത്തിനെയും അബ്രഹാമിനെയും (ഇബ്‌റാഹീം) നോഹയെയും (നൂഹ്) മോശയെയും (മൂസാ) അക്രമികളില്‍ നിന്നും  രക്ഷപ്പെടുത്തിയവന്‍... അവനാണ് സാക്ഷാല്‍ ദൈവം. അവന്‍ മാത്രമാണ് പ്രാര്‍ഥനക്കര്‍ഹന്‍, അവനെ മാത്രമാണ് നാം ആരാധിക്കേണ്ടത്, അവനോട് മാത്രമാണ് നമ്മുടെ തെറ്റുകള്‍ ഏറ്റ് പറയേണ്ടത്. പള്ളിയിലച്ചനും ഉസ്താദും ബാബയും ബീവിയുമൊന്നും ആരാധിക്കപ്പെടാന്‍ അര്‍ഹരല്ല, കാരണം അവര്‍ നമ്മെ പോലെ കാഴ്ചക്കും കേള്‍വിക്കുമൊക്കെ പരിധിയും പരിമിതിയുമുള്ളവരും ഉറങ്ങുന്നവരും രോഗം വരുന്നവരും മരിച്ച് പോകുന്നവരുമാണ്. അവര്‍ക്കാര്‍ക്കും നമ്മുടെ മനസ്സിന്റെ നൊമ്പരങ്ങളറിയാന്‍ സാധിക്കുകയില്ല.

ഈയൊരു സത്യത്തിലേക്ക് മടങ്ങിയാല്‍ ചൂഷണമുക്തമായ ആത്മീയതയെ നമുക്കാസ്വദിക്കാന്‍ പറ്റും. അല്ലാത്തിടത്തോളം ആത്മീയ ചൂഷകരുടെ വഞ്ചനകള്‍ക്ക് നാം തലവെച്ചു കൊടുത്തുകൊണ്ടേയിരിക്കും. ഏത് വേണമെന്ന് നാം തന്നെയാണ് തീരുമാനിക്കേണ്ടത്. അതിനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്.