മഹാന്മാരോട് പ്രാര്‍ഥിക്കരുതെന്നോ?

എസ്.എ ഐദീദ് തങ്ങള്‍

2018 ഒക്ടോബര്‍ 20 1440 സഫര്‍ 09

ആ മുസ്‌ലിം സ്ത്രീയുടെ വീടിന്റെ ഹാളില്‍ വെച്ച ടി.വിയുടെ മുകളിലേക്ക് വിശ്വാസം വരാതെ വീണ്ടും വീണ്ടും ഞങ്ങള്‍ നോക്കി. ഓടക്കുഴലൂതി നില്‍ക്കുന്ന സാക്ഷാല്‍ ശ്രീകൃഷ്ണന്റെ പ്രതിമയായിരുന്നു ടി.വിക്ക് മുകളില്‍ പ്രതിഷ്ഠിച്ചിരുന്നത്! 

ആ കാഴ്ച കണ്ട് അത്ഭുതം കൂറിയിരിക്കുന്ന ഞങ്ങളുടെ മുന്നിലേക്ക് വന്നുകൊണ്ട് ആ സ്ത്രീ ചോദിച്ചു.

''കുടിക്കാന്‍ വല്ലതും എടുക്കട്ടെ?'''

നല്ല ചൂടുള്ള ചായ കിട്ടിയാല്‍ കൊള്ളാമെന്ന് മനസ്സിലുണ്ടായിരുന്നെങ്കിലും വേണ്ടെന്ന് പറഞ്ഞു. 

''അല്ല, എന്തായിത്? നിങ്ങള്‍ ഒരു മുസ്‌ലിം സ്ത്രീയല്ലെ? പ്രതിമ വെക്കുവാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ലെന്നറിയില്ലേ? അത് തെറ്റാണെന്ന് ഇത്‌വരെ നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ലേ?''

''ഓ... അതോ... അത്... എന്റെ ഭര്‍ത്താവ് ആദ്യം ഹിന്ദുമതത്തിലായിരുന്നു. ഞങ്ങള്‍ പ്രേമിച്ച് വിവാഹം കഴിച്ചതാണ്. എന്നെ വിവാഹം കഴിക്കാന്‍ വേണ്ടി മൂപ്പര്‍ മുസ്‌ലിമായതാണ്. അദ്ദേഹം മുസ്‌ലിമായെങ്കിലും പഴയ വിശ്വാസം മുഴുവനായും ഒഴിവാക്കിയിട്ടില്ല. ഞാന്‍ അതിനൊന്നും തടസ്സം നില്‍ക്കാറില്ല. നിന്നിട്ട് കാര്യവുമില്ല!''

''ശരി, ഭര്‍ത്താവിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. ചുമരില്‍ അജ്മീര്‍ ദര്‍ഗയുടെ ഫോട്ടോയും കാണുന്നുണ്ടല്ലോ. അതിന്റെ ലക്ഷ്യമെന്താണ്?'' 

ഈ ചോദ്യത്തിനു മുന്നില്‍ അവര്‍ അല്‍പസമയം ഉത്തരമില്ലാതെ ഉഴറി. 

''...അത്...ഒരിക്കല്‍ അവിടെ നേരില്‍ പോയിട്ടുണ്ട്. ഇത് വീട്ടിലുണ്ടെങ്കില്‍ ഐശ്വര്യമുണ്ടാകും. ശൈഖിന്റെ പൊരുത്തം കിട്ടും...''

ഇവരുടെ ഈ വിശ്വാസത്തെ പെട്ടെന്നൊന്നും തിരുത്താന്‍ കഴിയില്ലെന്ന് അപ്പോള്‍ തോന്നിയെങ്കിലും വന്ന സ്ഥിതിക്ക് എന്തെങ്കിലും കുറച്ച് കാര്യങ്ങള്‍ അവരെ പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തില്ലെങ്കില്‍ നാളെ അല്ലാഹുവിന്റെ കോടതിയില്‍ ഈ സ്ത്രീ നമുക്കെതിരായി സാക്ഷിപറഞ്ഞാലോ എന്നോര്‍ത്ത് അല്‍പ സമയം സംസാരിക്കാന്‍ തീരുമാനിച്ചു. 

ആദ്യം കുടുംബ പശ്ചാത്തലവും വിശേഷവും ചോദിച്ചറിഞ്ഞു. ശേഷം ഞാന്‍ ചോദിച്ചു:

''നിങ്ങളുടെ പിതാവ് ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്ന് പറഞ്ഞല്ലോ. അദ്ദേഹം രോഗാവസ്ഥയില്‍ കുറെ നാള്‍ കിടന്നിട്ടാണ് മരണപ്പെട്ടത്.'' 

''അതെ, ഞാന്‍ പറഞ്ഞല്ലോ. കുറെ നാള്‍ കിടപ്പിലായിരുന്നു.''

''ശരി ഞാന്‍ ചോദിക്കട്ടെ, അദ്ദേഹം മരണപ്പെട്ടു എന്ന് നിങ്ങള്‍ക്ക് ഉറപ്പായത് എപ്പോഴാണ്?'' 

''അങ്ങനെ ചോദിച്ചാല്‍...''

''ഞാന്‍ തന്നെ പറയാം. അദ്ദേഹത്തിന്റെ ശ്വാസം നിലച്ചു എന്ന് ഉറപ്പായപ്പോള്‍. ഡോക്ടര്‍ ഇക്കാര്യം സ്ഥിരീകരിച്ചപ്പോള്‍! എന്നാല്‍ അതിനു ശേഷവും അദ്ദേഹത്തിന്റെ കാലോ, കയ്യോ അനങ്ങുന്നത് കണ്ടാല്‍ പിന്നെ ആരെങ്കിലും പറയുമോ അദ്ദേഹം മരിച്ചു എന്ന്? അദ്ദേഹം മരിച്ചിട്ടില്ല, ജീവന്‍ ശരീരത്തില്‍ ബാക്കിയുണ്ട് എന്നല്ലേ നാം കരുതുക? ഈ അവസ്ഥയില്‍ കിടക്കുന്ന (ചലനം നിലയ്ക്കാത്ത) വ്യക്തി മരിച്ചുപോയിരിക്കുന്നു, വേഗം മറവുചെയ്യാനുള്ള സംവിധനങ്ങള്‍ ഒരുക്കിക്കോളൂ എന്ന് വല്ലവനും നിങ്ങളോട് പറഞ്ഞാല്‍ നിങ്ങളത് അംഗീകരിക്കുമോ?''

''നിങ്ങള്‍ എന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.''

''മനസ്സിലാക്കിത്തരാം. നിങ്ങള്‍ ചിന്തിച്ചു നോക്കുക. അജ്മീര്‍ ഖാജയും മുഹ്‌യുദ്ദീന്‍ ശൈഖും ബദ്‌രീങ്ങളും മമ്പുറം തങ്ങളും എല്ലാം ഇതേപോലെ തന്നെ മരണപ്പെട്ടവരാണ്. കേള്‍വി, കാഴ്ച, സംസാരം, നടത്തം, ശ്വാസോഛ്വാസം, ഹൃദയമിടിപ്പ് എന്നിവയെല്ലാം ജീവിതത്തിലായിരിക്കുമ്പോള്‍ അവര്‍ക്കും ഉണ്ടായിരുന്നു. അതെല്ലാം നഷ്ടപ്പെട്ടപ്പോള്‍ അവര്‍ മരണപ്പെട്ടവരായി. അവരെ ക്വബ്‌റില്‍ കൊണ്ടുപോയി കിടത്തി മണ്ണിട്ടു മൂടി. എന്നിട്ട് ഇപ്പോഴിതാ അവരെ വിളിച്ച് തേടിക്കൊണ്ടിരിക്കുന്നു; അവര്‍ക്ക് നിങ്ങളുടെ വിളി കേള്‍ക്കാനും ഉത്തരം ചെയ്യാനും കഴിവുണ്ടെന്ന വിശ്വാസത്തോടെ! ക്വബ്‌റില്‍ മണ്ണിട്ട് മൂടിക്കഴിഞ്ഞാല്‍ ജീവിതവും സകല കഴിവുകളും അവര്‍ക്ക് തിരിച്ചുകിട്ടുമെന്ന് നിങ്ങളോടാരാണ് പറഞ്ഞത്?''

''ക്വുര്‍ആനില്‍ അതൊക്കെ പറയുന്നുണ്ടെന്നാണല്ലോ ഉസ്താദുമാര്‍ പറയുന്നത്...'' 

''സഹോദരീ, ക്വുര്‍ആനില്‍ അങ്ങനെ ചെയ്യരുതെന്നാണ് പറഞ്ഞിട്ടുള്ളത്.'' 

''അങ്ങനെയോ?'' അവര്‍ വിസ്മയം പൂണ്ടു. 

''അതെ, അങ്ങനെത്തന്നെ. മരിച്ചവര്‍ കേള്‍ക്കുകയില്ല, കേള്‍ക്കുമെന്ന് സങ്കല്‍പിച്ചാല്‍ തന്നെ നിങ്ങള്‍ക്ക് അവര്‍ ഉത്തരം നല്‍കുകയില്ല എന്ന് കുര്‍ആനിലൂടെ അല്ലാഹു വ്യക്തമായി പറയുന്നുണ്ട്.ഉസ്താദുമാര്‍ പറയുന്നതിനെക്കാള്‍ അല്ലാഹു പറയുന്നതിന് നാം വിലനല്‍കേണ്ടതില്ലേ? അതിനാല്‍ ഇനിയെങ്കിലും ഇത്തരം വിശ്വാസങ്ങള്‍ നിങ്ങള്‍ വെച്ചുപുലര്‍ത്താതിരിക്കുക. പ്രതിമയും ദര്‍ഗയുടെ ചിത്രവും എടുത്ത് മാറ്റുക. ഭര്‍ത്താവിനെ കാര്യം പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുക. പഴയ മതത്തിലാണെങ്കില്‍ അദ്ദേഹത്തിന് പ്രതിമയെ ആരാധിക്കാം. എന്നാല്‍ ഏകദൈവവിശ്വാസം അടിത്തറയായുള്ള ഇസ്‌ലാമില്‍ അത് നിഷിദ്ധമാണ് എന്ന അറിവ് അദ്ദേഹത്തിന് ഇല്ലായിരിക്കാം.''

''അപ്പോള്‍ മരണപ്പെട്ട മഹാന്‍മാരോട് സഹായം തേടുന്നത് വിഗ്രഹാരാധനപോലെയാണോ?''

''തീര്‍ച്ചയായും. മുഹമ്മദ് നബിﷺയോട് പ്രാര്‍ഥിച്ചാലും അത് അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്. നാളെ ശാശ്വതമായ ഒരു പരലോക ജീവിതം നമുക്ക് വരാനിരിക്കുന്നു. അവിടെ നമ്മെയെല്ലാ ഒറ്റയ്‌ക്കൊറ്റക്ക് വിചാരണക്ക് കൊണ്ടുവരും. അന്ന് ഈ വഴിതെറ്റിക്കുന്നവരൊന്നും നിങ്ങളുടെ സഹായത്തിനുണ്ടാവില്ല. അല്ലാഹുവിനോട് പങ്ക്‌ചേര്‍ക്കലാണ് മരണപ്പെട്ടവരോട് പ്രാര്‍ഥിക്കുക വഴി നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ ക്ഷേത്രത്തില്‍ പോകാറുണ്ടോ?''

''ഇല്ല, ഞാന്‍ മുസ്‌ലിമാണല്ലോ.''

''മുസ്‌ലിമിന്റെ പ്രഥമവും പ്രധാനവുമായ കടമ അവനെ മാത്രം ആരാധിക്കുക, അവനോട് മാത്രം പ്രാര്‍ഥിക്കുക എന്നതാണ്. മുഹമ്മദ് നബിﷺയുടെ ചര്യകള്‍ പിന്‍പറ്റുകയും വേണം.'' 

''അല്ലാഹുവിനോട് പ്രാര്‍ഥിക്കാറൊക്കെയുണ്ട്. എന്നാലും ഔലിയാക്കളൊക്കെ അല്ലാഹു കഴിവ് കൊടുത്ത മഹാന്മാരല്ലേ...''

''മുഹമ്മദ് നബിﷺയെക്കാളും വലിയ മഹാന്മാരല്ലല്ലോ ഇവരാരും. എന്നിട്ടും മുഹമ്മദ് നബിയോട് തേടാന്‍ ഇസ്‌ലം പഠിപ്പിക്കുന്നില്ല. അങ്ങനെ ചെയ്താല്‍ തെറ്റു തന്നെയാണ്. ഈ ലോകം മുഴുവനും സൃഷ്ടിച്ച് പരിപാലിക്കുന്നവനാണ് അല്ലാഹു. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. നമ്മോട് ഏറ്റവും സമീപസ്ഥനുമാണ്. എന്നോട് പ്രാര്‍ഥിച്ചാല്‍ ഉത്തരം നല്‍കാം എന്നാണവന്‍ പരിശുദ്ധ ക്വുര്‍ആനിലൂടെ നമ്മോട് പറയുന്നത്. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും രോഗം നല്‍കുന്നവനും അത് സുഖപ്പെടുത്തുന്നവനും അവന്‍ മാത്രമായിരിക്കെ അവനോടല്ലേ നാം പ്രാര്‍ഥിക്കേണ്ടത്. അവനോടല്ലേ കുട്ടിയുണ്ടാവാന്‍ പ്രാര്‍ഥിക്കേണ്ടത്?''

''ഇങ്ങനെയൊക്കെ ചോദിച്ചാല്‍...ശരി തന്നെ.''

''ഞങ്ങള്‍ ദൂരദിക്കില്‍നിന്നും ഇവിടെ വന്നത് ബാധ്യതാനിര്‍വഹണത്തിനാണ്. അല്ലാഹുവിന്റെ മുമ്പില്‍ കുറ്റക്കാരാകാതിരിക്കാന്‍. ഞങ്ങള്‍ പറഞ്ഞത് സ്വീകരിക്കാനും തള്ളിക്കളയാനുമുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. അല്‍പം കാര്യങ്ങള്‍ പറഞ്ഞുപോയി. ഇഷ്ടമായില്ലെങ്കില്‍ ക്ഷമിക്കണം. ഞങ്ങള്‍ പോകുന്നു'' ഞങ്ങള്‍ പോകാന്‍ എഴുന്നേറ്റു. 

പെട്ടെന്ന് ഞങ്ങളെ അമ്പരിപ്പിച്ചുകൊണ്ട് ആ സ്ത്രീ ഉടനെ ടി.വിയുടെ മുകളില്‍ നിന്ന് പ്രതിമയും ചുമരില്‍നിന്ന് ദര്‍ഗയുടെ ഫോട്ടോയും എടുത്തുമാറ്റി! എന്നിട്ടു പറഞ്ഞു: ''നിങ്ങള്‍ പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുള്ളതായി തോന്നുന്നു. തെറ്റുകള്‍ മനസ്സിലാക്കിത്തന്നതിന് നന്ദി. കൂടുതലൊന്നും മതപരമായി പഠിക്കാന്‍ കഴിഞ്ഞിട്ടില്ല. എനിക്കറിവുള്ള പോലെ ഞാനദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കിപ്പിക്കാം...''

കൂടുതല്‍ ഉള്‍ക്കാഴ്ച ലഭിക്കുന്ന ലഘുലേഖയും സി.ഡികളും കൊടുത്ത് ഞങ്ങള്‍ അവിടെ നിന്ന് പടിയിറങ്ങുമ്പോള്‍ വല്ലാത്തൊരു സംതൃപ്തി മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു.