ഗൈബ് വിശ്വാസത്തിന്റെ താക്കോല്‍

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

2018 ദുല്‍ക്വഅദ 22 1439 ആഗസ്ത് 04

'മറഞ്ഞത്' എന്ന് അര്‍ഥം വരുന്ന 'ഗൈബ്' എന്ന അറബിപദം ഇസ്‌ലാമിക വിശ്വാസത്തിന്റെ ആണിക്കല്ലാണ്. അല്ലാഹുവിന്റെ കാലാതീതമായ അറിവിന്റെ ഭാഗം. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളെല്ലാം മറഞ്ഞ കാര്യങ്ങളാണെന്ന വസ്തുത നാം ഓര്‍ക്കുക.

അല്ലാഹു നമുക്ക് അദൃശ്യമാണ്. സ്വര്‍ഗം നമ്മുടെ അറിവുകള്‍ക്കപ്പുറത്താണ്. നരകം നമുക്ക് മറഞ്ഞതാണ്. മരണത്തിനപ്പുറത്തുള്ള ബര്‍സഖിയായ ജീവിതവും ക്വബ്‌റിലെ രക്ഷയും ശിക്ഷയും നമ്മുടെ ഇന്ദ്രിയപരിധിക്കപ്പുറത്താണ്. മലക്കുകള്‍ അദൃശ്യരാണ്. 'അന്ത്യദിനം' പ്രമാണങ്ങള്‍ പഠിപ്പിച്ചതിനപ്പുറം നമുക്കജ്ഞാതം... ഇങ്ങനെ വിശ്വാസത്തിന്റെ നെടുംതൂണുകളിലെല്ലാം നാം വിശ്വസിക്കുന്നത് അദൃശ്യമായിട്ടുതന്നെ.

അല്ലാഹു അവന്റെ അറിവിന്റെ ഖജനാവില്‍ നിന്ന് ദിവ്യബോധനത്തിലൂടെ അവന്റെ ദാസന്മാര്‍ക്കറിയിച്ചുകൊടുത്തതിനപ്പുറം അവന്റെ അറിവുകളിലേക്ക് ഊളിയിട്ടിറങ്ങാന്‍ ആര്‍ക്കാണാവുക? ഒരാള്‍ക്കും അതിന് സാധ്യമല്ല. പ്രവാചകന്മാര്‍ക്ക് പോലും അല്ലാഹു അറിയിച്ചുകൊടുത്താലല്ലാതെ അദൃശ്യകാര്യം അറിയില്ല.  ക്വുര്‍ആന്‍ ഇത് ആവര്‍ത്തിച്ചു പറയുന്നുണ്ട്.

''(നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല''(ക്വുര്‍ആന്‍ 29:65). 

''...ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനം അവന്നാണുള്ളത്. അവന്‍ എത്ര കാഴ്ചയുള്ളവന്‍. എത്ര കേള്‍വിയുള്ളവന്‍! അവന്നു പുറമെ അവര്‍ക്ക് (മനുഷ്യര്‍ക്ക്) യാതൊരു രക്ഷാധികാരിയുമില്ല. തന്റെ തീരുമാനാധികാരത്തില്‍ യാതൊരാളെയും അവന്‍ പങ്കുചേര്‍ക്കുകയുമില്ല'' (ക്വുര്‍ആന്‍ 18:26)

നബി ﷺ യോട് അല്ലാഹു പ്രഖ്യാപിക്കുവാന്‍ പറയുന്നതിതാണ്: ''പറയുക: അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണ് എന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല. പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ? നിങ്ങളെന്താണ് ചിന്തിച്ച് നോക്കാത്തത്?'' (ക്വുര്‍ആന്‍ 6:50).

വഹ്‌യിന്റെ പിന്‍ബലമില്ലാതെ മറഞ്ഞ കാര്യങ്ങള്‍ പ്രവാചകന്മാര്‍ പോലും അറിയില്ല എന്നതിന് ക്വുര്‍ആനില്‍ നിരവധി ഉദാഹരണങ്ങള്‍ കാണാനാകും.

ഇബ്‌റാഹീം നബി(അ)യുടെ അടുക്കല്‍ മലക്കുകള്‍ വന്നപ്പോള്‍ അദ്ദേഹം അറിയാതെ പോയത്, മൂസാ നബി(അ)യുടെ കൈയിലുള്ള വടി പാമ്പാകുന്നതിന് തൊട്ടുമുമ്പുവരെ എന്ത് സംഭവിക്കുമെന്നദ്ദേത്തിനറിയാതെ പോയത് തുടങ്ങിയവ ഉദാഹരണം.

മുഹമ്മദ് നബി ﷺ തന്നെ പറയുന്നതെന്താണ്? ''എനിക്ക് അദൃശ്യജ്ഞാനമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ നന്മകള്‍ വര്‍ധിപ്പിക്കുമായിരുന്നു, യാതൊരു തിന്മയും എന്നെ ബാധിക്കില്ലായിരുന്നു'' എന്ന്!

നബി ﷺ ക്ക് ജീവിത വഴിയില്‍ പ്രതിസന്ധികള്‍ ഉണ്ടായില്ലേ? എല്ലാം നേരത്തേ അറിയാമായിരുന്നെങ്കില്‍ വഴിമാറി നടക്കാമായിരുന്നില്ലേ?

മക്കക്കാരുടെ ഉപദ്രവം സഹിക്കവയ്യാതെ നബി ﷺ ത്വാഇഫിലേക്ക് പോയപ്പോള്‍ എന്തായിരുന്നു പ്രതീക്ഷ? അവിടെയുള്ള ബന്ധുക്കള്‍ തന്നെ സംരക്ഷിക്കുമെന്ന്! സംഭവിച്ചതോ? അവര്‍ നിഷ്‌ക്കരുണം കല്ലെടുത്തെറിഞ്ഞാട്ടി! 

വറക്വത്ത്ബ്‌നു നൗഫല്‍ 'മക്കക്കാര്‍ താങ്കളെ ജന്മനാട്ടില്‍ നിന്ന് പുറത്താക്കുക തന്നെ ചെയ്യും' എന്ന് പറഞ്ഞപ്പോള്‍ അത്ഭുതം കൂറിയ നബി ﷺ മക്കക്കാര്‍ പുറത്താക്കുന്ന ഘട്ടമെത്തിയപ്പോള്‍ അത്യധികം വേദനിച്ചത് എന്ത്‌കൊണ്ടായിരുന്നു?

ഉഹ്ദ്‌യുദ്ധ വേളയില്‍ തൊട്ടുമുന്നിലുള്ള ചതിക്കുഴിപോലും നബിക്ക് അറിയാതെ പോയത് എന്തുകൊണ്ട്? ഉംറക്ക് വേണ്ടി പോയപ്പോള്‍ ഹുദൈബിയയില്‍ തങ്ങള്‍ തടയപ്പെടും എന്ന് നബി ﷺ ക്ക് അറിയാതെ പോയത് എന്തുകൊണ്ട്?

ഇങ്ങനെ എത്രയോ സന്ദര്‍ഭങ്ങള്‍, സങ്കടങ്ങള്‍, ദുഃഖങ്ങള്‍ നബി ﷺ ക്ക് അനുഭവിക്കേണ്ടി വന്നില്ലേ? എന്തുകൊണ്ട് തൊട്ടുമുന്നിലുള്ള മറഞ്ഞ കാര്യങ്ങള്‍ പോലും അറിയാന്‍ കഴിഞ്ഞില്ല? ദിവ്യബോധനം വഴി അല്ലാഹു അറിയിച്ച് കൊടുത്താലല്ലാതെ അറിയില്ലെന്ന് വ്യക്തം. 

എന്നാല്‍ വഹ്‌യ് മുഖേന അല്ലാഹു അവന്റെ അറിവില്‍ നിന്ന് പ്രവാചകന്മാരെ അറിയിച്ച സന്ദര്‍ഭങ്ങളിലെല്ലാം പ്രവാചകന്മാര്‍ മറഞ്ഞകാര്യങ്ങള്‍ അറിയുകയും പറയുകയും ചെയ്ത് പോന്നിട്ടുണ്ട്.

ഇസ്‌ലാമിക വിശ്വാസത്തില്‍ മായം ചേര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ എന്നും ശ്രദ്ധിച്ചു പോന്നിട്ടുള്ളത് മഹാന്മാര്‍ക്ക് മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ കഴിയും എന്ന ധാരണ സാധാരക്കാര്‍ക്കിടയില്‍ പ്രചരിപ്പിച്ചുകൊണ്ടാണ്.

ഈ അബദ്ധധാരണയിലാണ് സകല ജാറ വ്യവസായങ്ങളും സിദ്ധന്മാരും തങ്ങന്മാരും ബീവിമാരും നിലനിന്ന് പോരുന്നത്. ഈ വിഷയത്തില്‍ ഒരു മുസ്‌ലിമിന്ന് കൃത്യത കൈവന്നാല്‍ അതോടെ അവന്‍ ജാറ പൂജ ഒഴിവാക്കും. സിദ്ധന്മാരെയും തങ്ങന്മാരെയും കയ്യൊഴിയും. ആഗ്രഹ സഫലീകരണത്തിന് അല്ലാഹുവിനെ മാത്രം ആശ്രയിക്കുന്നവനായി മാറും. അങ്ങനെ യഥാര്‍ഥ ഏകദൈവാരാധകനായി അവന്‍ മാറും.

അതിനാല്‍ തന്നെ ഓരോ സന്ദര്‍ഭത്തിലും മഹാന്മാര്‍ക്ക് മറഞ്ഞ കാര്യമറിയുമെന്ന പിഴച്ച വിശ്വാസം സാധാരണക്കാരില്‍ അടിച്ചേല്‍പിക്കാന്‍ പുരോഹിതന്മാര്‍ കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കാറുണ്ട്. അതില്‍ പെട്ട ഒന്നാണ് കോഴിക്കോട് ജില്ലയില്‍ താമരശ്ശേരിക്കടുത്ത് ഉരുള്‍പ്പൊട്ടലുണ്ടായപ്പോള്‍ ഒരു തങ്ങളുടെ പേരില്‍ വ്യാജ കറാമത്ത് സൃഷ്ടിക്കാന്‍ ഒരു മുസ്‌ലിയാര്‍ നടത്തിയ ശ്രമം. 

വിശ്വാസികള്‍ ഇത്തരം ഘട്ടത്തില്‍ സൂക്ഷ്മമായ ജാഗ്രത പുലര്‍ത്തുന്നവരും ശിര്‍ക്കിന്റെ വഴികളിലേക്ക് പരസ്യമായും രഹസ്യമായും ആളെ കൂട്ടുന്നവരെ തുറന്നെതിര്‍ക്കുന്നതില്‍ അല്‍പം പോലും ശങ്കയില്ലാത്തവരുമായിരിക്കണം. ശിര്‍ക്ക് മനസ്സുകളില്‍ നിന്ന് കുടഞ്ഞെറിയാനുള്ള അവസരമായി ഇതിനെ കാണാനാകണം; യഥാര്‍ഥ വിശ്വാസം അരക്കിട്ടുറപ്പിക്കാനുള്ള സാഹചര്യവും. ആത്യന്തിക വിജയത്തിന്റെ മാര്‍ഗത്തിലായിരിക്കട്ടെ നമ്മുടെ പരിശ്രമങ്ങള്‍.