ആധാര്‍ ഉള്ള മുജാഹിദുകളും ആധാരമില്ലാത്ത സമസ്തയും

അബ്ദുല്‍ മാലിക് സലഫി

2018 ദുല്‍ക്വഅദ 08 1439 ജൂലായ് 21

ചേളാരി സമസ്തയുടെ നേതാവായ അമ്പലക്കടവ് ഫൈസി വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ കുത്തി നിറച്ച് എഴുതിയ ഒരു ലേഖനം കണ്ടു. മുജാഹിദുകള്‍ക്കിടയില്‍ ഉണ്ടായ വിവാദങ്ങള്‍ക്കു കാരണം അവരുടെ തൗഹീദിലെ പിഴവാണെന്നും അത് നിരവധി മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടതാണെന്നും അതിനാല്‍ അത് ആധാറുമായി ബന്ധിപ്പിക്കണം എന്നുമാണ് ഫൈസിയുടെ കണ്ടെത്തല്‍!

കേട്ടാല്‍ തോന്നുക സമസ്തയുടെ തൗഹീദ് യാതൊരു കുഴപ്പവുമില്ലാതെ ഇന്നും നിലവിലുണ്ട് എന്നും അതിന്റെ അടിയാധാരം ചേളാരിയില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നുമാണ്. ആരുടെ ആധാരമാണ് നഷ്ടപ്പെട്ടത് എന്നും ആരുടെ തൗഹീദിനാണ് ലിങ്ക് ആവശ്യമുള്ളത് എന്നും ചെറിയൊരു പരിശോധനയാണിവിടെ നടത്തുന്നത്.

നിരവധി കളവുകള്‍ ഫൈസി തന്റെ ലേഖനത്തില്‍ എഴുന്നള്ളിച്ചിട്ടുണ്ട്. മുജാഹിദുകള്‍ മതനവീകരണം നടത്തി  എന്നതാണ് പ്രഥമ ആരോപണം.

ആരോപണം ഉന്നയിച്ച ഫൈസിക്ക് അത് തെളിയിക്കാന്‍ ബാധ്യതയുണ്ട്. നബി ﷺ യുടെ കാലത്ത് നിലവിലുള്ള വിശ്വാസ, ആചാര, കര്‍മങ്ങളാണ് മുജാഹിദുകളുടെ അടിസ്ഥാനം. ഉത്തമ നൂറ്റാണ്ടില്‍ നിലവിലില്ലാത്ത ഒന്നും മുജാഹിദുകളുടെ ആദര്‍ശത്തില്‍ ഇല്ല തന്നെ,  അതു കട്ടായം. ഇതു പോലെ ഒരു ഉറപ്പ് തങ്ങളുടെ ആദര്‍ശത്തെ കുറിച്ച് ഉറക്കെ പറയാന്‍ ഫൈസിക്ക് തന്റേടമുണ്ടോ?

മതനവീകരണത്തിന്റെ എല്ലാ മുഖവും ഭീതിയുണര്‍ത്തുന്ന വിധത്തില്‍ സമസ്തയിലുണ്ട്. സമസ്തയുടെ എട്ടാം പ്രമേയം ആരാണ് മതനവീകരണം നടത്തിയത് എന്നതിന്റെ ഏറ്റവും നല്ല തെളിവാണ്. 'മരിച്ചു പോയ അമ്പിയാ, ഔലിയാ സ്വാലിഹീന്‍ ഇവരുടെ ദാത്ത് കൊണ്ടും ജാഹ് ഹഖ് ബര്‍കത്ത് എന്നിത്യാതി കൊണ്ടും തവസ്സുല്‍ ചെയ്യുന്നതും അവരെ നേരിട്ട് വിളിക്കലും അവരെ വിളിച്ചു സഹായത്തിനപേക്ഷിക്കലും... ഇതെല്ലാം ചെയ്യാത്തവന്‍ സുന്നിയല്ല' എന്നതാണ് പ്രമേയം. 

മങ്കൂസ് മുതലായ വിര്‍ദുകള്‍ ബദരിയ്യത്ത് ബൈത്ത,് ബദ്ര്‍ മാല, രിഫാഈ മാല, മുഹ്‌യിദ്ദീന്‍ മാല, മുതലായ നേര്‍ച്ച പാട്ടുകള്‍ ചൊല്ലുകയും ചൊല്ലിപ്പിക്കുകയും ചെയ്യുക എന്നതും പ്രമേയത്തിലുണ്ട്. 

ഈ പറയപ്പെട്ടതിന്റെയൊക്കെ ആധാര്‍ നമ്പര്‍ ഫൈസിയൊന്ന് വെളിപ്പെടുത്തിയാല്‍ നന്നായിരുന്നു. ശിയാക്കളും സ്വൂഫികളും മതനവീകരണം നടത്തി കടത്തിക്കൂട്ടിയ, യാതൊരു ആധാരവുമില്ലാത്ത ഇത്തരം കാര്യങ്ങളെ വാരിപ്പുണര്‍ന്ന് അത് ആദര്‍ശമായി സ്വീകരിച്ച്, അതിന് പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ച് കള്ള ആധാരം നിര്‍മിച്ചുകൊണ്ടിരിക്കുന്ന ഫൈസിമാര്‍ മുജാഹിദുകള്‍ മതനവീകരണം നടത്തി എന്ന് പറഞ്ഞ് പേനയുന്തുന്നത് കാണുമ്പോള്‍ ചിരിയാണ് വരുന്നത്.

1921ന് ശേഷമാണ് കേരളത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നതയുണ്ടായത് എന്നതാണ് മറ്റൊരു വെടി. കൊണ്ടോട്ടി കൈക്കാരും പൊന്നാനി കൈക്കാരും തമ്മിലെ തര്‍ക്കവും പ്രശ്‌നങ്ങളും 1921ന് മുമ്പാണോ ശേഷമാണോ എന്ന് ഫൈസിയെന്ന് പഠിക്കൂ. പരസ്പരം ഭിന്നിച്ചു ചിതറിക്കിടന്നിരുന്ന സമൂഹത്തെ ഒന്നാക്കാനാണ് 1924ല്‍ കേരള ജംഇയ്യത്തുല്‍ ഉലമ ഉണ്ടാക്കുന്നു തന്നെ! അതിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇങ്ങനെ വായിക്കാം:

 'ഛിന്നഭിന്നമായിക്കിടക്കുന്ന ഉലമാക്കളുടെ ഇടയില്‍ ഐക്യമുണ്ടാക്കുക, മുസ്‌ലിംകളുടെ ഇടയിലുള്ള വഴക്കുകളെ അവരുടെ വക പഞ്ചായത്ത് സ്ഥാപിച്ച് അതില്‍വെച്ച് തീരുമാനിക്കുക...' (കേരള മുസ്‌ലിം ഐക്യസംഘം ദ്വിതീയ വാര്‍ഷികയോഗ റിപ്പോര്‍ട്ട്, പേജ് 34). 

അപ്പോള്‍, തര്‍ക്കം പണ്ടേ ഉണ്ട്. മണ്ണിനടിയിലെ മയ്യിത്ത് കാണുന്ന 'മഹാന്മാര്‍' ഈ ചരിത്രമൊന്നുമെന്തേ കാണാത്തത്? 

ഖാളിമാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ 1921ന് മുമ്പ് ഉണ്ടായിരുന്നോ എന്ന് ഫൈസി ചരിത്രമറിയുന്ന വരോടൊന്ന് അന്വേഷിക്കണം. 

മുജാഹിദുകള്‍ മുസ്‌ലിംകളെ കാഫിറാക്കി എന്നതാണ് മറ്റൊരു ആരോപണം. ആരെയും കാഫിറാക്കാനല്ല മുജാഹിദ് പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത്. ശിര്‍ക്കിലേക്കും കുഫ്‌റിലേക്കും നിങ്ങള്‍ പോകരുത് എന്ന് ജനങ്ങളോട് പറയാനും പോകുന്നവരെ കഴിയുന്നത്ര തടയാനുമാണ് മുജാഹിദുകള്‍ ശ്രമിക്കുന്നത്. ഒരു മുസ്‌ലിമിനെയും കാഫിര്‍ എന്ന് പറയരുത് എന്ന് പഠിപ്പിക്കുന്നവരാണ് മുജാഹിദുകള്‍.

എന്നാല്‍ പച്ചയായ ശിര്‍ക്കിലേക്കും കുഫ്‌റിലേക്കുമാണ് സമസ്ത ജനങ്ങളെ ക്ഷണിക്കുന്നത് എന്നതില്‍ യാതൊരു സംശയവും ഇല്ല. ഒരു തെളിവ് കാണുക: ''നാട്ടിക വി. മുസ മുസ്‌ലിയാരാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. മരിച്ചു പോയവരെ വിളിച്ചു പ്രാര്‍ഥിക്കാമോ എന്നതായിരുന്നു ചോദ്യം. ആകാമെന്നായിരുന്നു ഉത്തരം'' (ചന്ദ്രിക, 1996 ഒക്ടോബര്‍ 27, ഞായര്‍).

 സൂറതുല്‍ ഫാതിഹയിലെ 'ഇഹ്ദിനസ്സ്വിറാത്വല്‍ മുസ്തക്വീം' എന്ന തേട്ടം പോലും പടപ്പുകളോട് ചോദിച്ചാല്‍ ശിര്‍ക്കല്ല എന്ന ഗുരുതര വാദമാണ് 2013ല്‍ നടന്ന മംഗലാപുരം സംവാദത്തില്‍ ഈ ഫൈസിയുടെ പാര്‍ട്ടിക്കാര്‍ തട്ടിവിട്ടത്. ആരാണിവിടെ ജനങ്ങളെ ശിര്‍ക്കിലേക്ക് നയിക്കുന്നത് എന്നത് ഇതില്‍ നിന്നു വ്യക്തമാണ്.

കൂടാതെ കുര്‍ആന്‍ പരിഭാഷ എഴുതിയതിന്റെ പേരില്‍ കൂറ്റനാട് മുഹമ്മദ് മുസ്‌ലിയാര്‍ കാഫിര്‍ എന്ന് പറഞ്ഞതും (സിറാജ് 1998 നവമ്പര്‍ 21) ഒറിജിനല്‍ മുശ്‌രിക്കുകള്‍ ഇവരാണ് എന്ന് നാട്ടിക മുജാഹിദുകളെ കുറിച്ച് പറഞ്ഞതും (തൗഹീദും ശിര്‍ക്കും, നാട്ടിക മൂസ മുസ്‌ലിയാര്‍, പേജ് 61) ഫൈസിക്ക് ഓര്‍മയുണ്ടോ എന്നറിയില്ല. വഹാബികളും മൗദൂദികളും അസ്വ്‌ലിയായ കാഫിറുകളെക്കാള്‍ കടുത്ത കാഫിറുകളല്ലേ എന്ന് മുസ്‌ലിംകള്‍ ചിന്തിച്ച് നോക്കുക എന്ന 'സുന്നിവേദി'ക്കാരന്റെ (1994 മാര്‍ച്ച്) വരികള്‍ ആരാണിവിടെ കാഫിറാക്കല്‍ പദ്ധതിയുടെ മൊത്ത വിപണനക്കാര്‍ എന്നത് വിളിച്ച് പറയുന്നുണ്ട്.

മുജാഹിദുകള്‍ മദ്ഹബുകളെ സ്വീകരിക്കുന്നില്ല എന്നതാണ് ഫൈസിയുടെ മറ്റൊരു പരാതി. പ്രമാണങ്ങള്‍ക്ക് അനുഗുണമായി ആരു പറഞ്ഞാലും അത് സ്വീകരിക്കുക (അത് ഫൈസിയാണെങ്കിലും), പ്രമാണ വിരുദ്ധമായി ആരു പറഞ്ഞാലും  അവരോടുള്ള ആദരവ് നിലനിര്‍ത്തി പ്രമാണം സ്വീകരിക്കുക എന്നതാണ് മുജാഹിദുകളുടെ രീതി. ഇത് എല്ലാവര്‍ക്കും  അറിയുന്ന കാര്യമാണ്. ലേഖനത്തിന്റെ വലിപ്പം കൂട്ടാന്‍ ഇത്തരം ദുരാരോപണങ്ങള്‍ കുത്തിത്തിരുകിയാണ് ഫൈസി ലേഖനം മുന്നോട്ട് കൊണ്ടു പോകുന്നത്.

മുജാഹിദുകള്‍ ഭിന്നിച്ചു ഭിന്നിച്ചു പോയിക്കൊണ്ടിരിക്കുന്നു എന്നതാണ് ഫൈസിയുടെ മറ്റൊരു കണ്ടെത്തല്‍.  

സമസ്ത എന്നാല്‍ ആകെ ചേളാരി ഓഫീസില്‍ ഇരിക്കുന്നവര്‍ മാത്രമാണ് എന്നതാണ് ഇദ്ദേഹത്തിന്റെ ധാരണ എന്ന് തോന്നുന്നു! ഇക്കഴിഞ്ഞ റമദാനില്‍ പോലും പള്ളിയില്‍ വച്ച് പരസ്യമായി ഏറ്റുമുട്ടിയ ആളുകള്‍ ആരൊക്കെയായിരുന്നൂ ഫൈസീ?! സമുദായത്തിന് മൊത്തത്തില്‍ അപമാനം ഉണ്ടാക്കിയ ആ സംഭവത്തിനു പിന്നില്‍ മുഖ്യപ്രതികള്‍ ചേളാരി സമസ്തക്കാര്‍ തന്നെ! പെരുന്നാള്‍ ദിനത്തില്‍ പോലും ഒരാളുടെ തലയില്‍ കമ്പിപ്പാര അടിച്ചു കയറ്റിയത് ആരായിരുന്നു? കാന്തപുരത്തിന്റെ 'തിരുകേശം' കൊണ്ട് മാത്രം എത്രയെണ്ണമായാണ് സമസ്ത പിളര്‍ന്നത് എന്നതിന്റെ ശരിയായ ചിത്രം ഇപ്പോഴും വ്യക്തമല്ല. കേരളത്തിലെ കാക്കത്തൊള്ളായിരം ത്വരീക്വത്തുകാര്‍ എവിടുന്ന് പിളര്‍ന്ന് രൂപംകൊണ്ടതാണ് എന്ന് ഫൈസി ശാന്തമായി ഒന്ന് ചിന്തിക്കണം.

മുജാഹിദുകള്‍ പിളര്‍ന്നിട്ടുണ്ട് എന്നത് ശരിയാണ്. ആ പിളര്‍പ്പുകള്‍ ഒരാള്‍ക്ക് ഒരുകൈ വിരലില്‍ എണ്ണാം. എന്നാല്‍ മുജാഹിദുകള്‍ ഉണ്ടായതിനു ശേഷം ഉണ്ടായ സമസ്തയിലെ പിളര്‍പ്പുകളും ഉപഗ്രൂപ്പുകളും എണ്ണാന്‍ എത്രയാളുകളുടെ വിരലുകള്‍ വേണ്ടിവരുമെന്നറിയില്ല. 

മുജാഹിദുകള്‍ തൗഹീദ് മാറ്റിക്കൊണ്ടിരിക്കുന്നു എന്നതാണ്  ഫൈസിയുടെ മറ്റൊരു ദുരാരോപണം. ആദ്യമേ പറയട്ടെ, മുജാഹിദുകള്‍ ഒരു തൗഹീദും പുതിയതായി ഉണ്ടാക്കിയിട്ടില്ല. നബി ﷺ യില്‍ നിന്നും സ്വഹാബത്തില്‍ നിന്നും അഹ്‌ലുസ്സുന്ന പഠിച്ച തൗഹീദിന്റെ പാരമ്പര്യം മുജാഹിദുകള്‍ മുറുകെ പിടിക്കുന്നു എന്നു മാത്രം.

നാല് മദ്ഹബുകളുടെ ഇമാമുകള്‍ അടക്കമുള്ളവര്‍ സ്വീകരിച്ച തൗഹീദ് എന്താണോ അതാണ് മുജാഹിദുകളുടെയും തൗഹീദ്. അങ്ങനെയൊരു പാരമ്പര്യം സമസ്തക്കില്ല. ശിയാക്കളുടെ ജൂത വിശ്വാസം കലര്‍ന്ന ഡൂപ്ലിക്കേറ്റ് തൗഹീദാണ് ഫൈസിയടക്കമുള്ളവരുടേത്. 

ആരാധനയും പ്രാര്‍ഥനയും അല്ലാഹു അല്ലാത്തവര്‍ക്ക് പാടില്ല എന്നതിന് എത്രയോ തെളിവുകള്‍  പ്രമാണങ്ങളില്‍ നിന്ന് ഉദ്ധരിക്കാന്‍ കഴിയും. (ഉദാ. ക്വുര്‍ആന്‍ 1:5, 72:18). എന്നാല്‍ സമസ്തയുടെ തൗഹീദിനോ? ഒരു വചനമെങ്കിലും ഉദ്ധരിക്കാന്‍ കഴിയുമോ?  

സമസ്തയുടെ തൗഹീദിന്റെ കോലമറിയാന്‍ ചില സാമ്പിളുകള്‍ കാണുക:

''സ്വയം കഴിവുണ്ടെന്നും ഇലാഹാണെന്നുമുള്ള വിശ്വാസത്തോടെ അല്ലാഹു അല്ലാത്തവരോടുള്ള സഹായതേട്ടങ്ങള്‍ മാത്രമേ ശിര്‍ക്കാവുകയുള്ളൂ. ആ വിശ്വാസമില്ലെങ്കില്‍ ഭൗതിക അഭൗതിക വ്യത്യാസമില്ലാതെ ആരോടും എന്തും ചോദിക്കാം'' (അല്‍ ഇസ്തിഗാസ, സുലൈമാന്‍ സഖാഫി).

ലോകത്ത് ഖുമൈനിയെ പോലുള്ള ശിയാനേതാക്കളുടെ ഗ്രന്ഥങ്ങളിലല്ലാതെ ഏതെങ്കിലും ഒരു അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്റെ ഗ്രന്ഥത്തില്‍ ഇങ്ങനെയൊരു തൗഹീദ് പഠിപ്പിക്കപ്പെട്ടിട്ടുണ്ടോ? ഫൈസിക്കത് കാണിക്കാനാവുമോ? മക്കാ മുശ്‌രിക്കുകളെപ്പോലും മുസ്‌ലിമാക്കുന്ന ഈ തലതിരിഞ്ഞ വിശ്വാസത്തിന് എന്ത് രേഖയാണ് ഫൈസീ നിങ്ങള്‍ക്ക് കൊണ്ടുവരാനുള്ളത്? നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ തെളിവ് കൊണ്ട് വരൂ എന്ന  ക്വുര്‍ആനിന്റെ വെല്ലുവിളി നിങ്ങളെ ഓര്‍മപ്പെടുത്തട്ടെ!

ഈ വിശ്വാസ പ്രകാരം ഇലാഹല്ല എന്ന വിശ്വാസത്തോടെ ആരോടും എന്തിനോടും തേടാം എന്നു വന്നു. എന്നാല്‍ മുസ്‌ലിംകള്‍ക്ക് ഇത് അംഗീകരിക്കാനാവില്ല എന്ന് സമസ്തയുടെ മുന്‍ നേതാക്കള്‍ പറഞ്ഞുവച്ചിട്ടുണ്ട്. നിങ്ങള്‍ അതില്‍ നിന്നു മാറി. അപ്പോള്‍ മന്ത് നിങ്ങളുടെ കാലില്‍ തന്നെയാണ് ഫൈസീ.

റഷീദുദ്ദീന്‍ മൂസ മുസ്‌ലിയാരുടെ വാക്കുകള്‍ കാണുക: ''അല്ലാഹുവല്ലാത്ത ഏതൊരു വസ്തുവിനെയും അത് നബിയാവട്ടെ, വലിയ്യാവട്ടെ, കല്ലാവട്ടെ, മരമാകട്ടെ, ആരാധിക്കുന്നതും അതിനോട് പ്രാര്‍ഥിക്കന്നതും ശിര്‍ക്കാണെന്ന് വിശ്വസിക്കാത്ത ഒരു മുസ്‌ലിമുമില്ല'' (അല്‍ക്വൗലുസ്സദീദ് ,പേജ് 100). അപ്പോള്‍ സമസ്തയുടെ പണ്ടത്തെ വിശ്വാസം അല്ലാഹുവല്ലാത്ത ആരോടും പ്രാര്‍ഥനയോ ആരാധനയോ പാടില്ല എന്നായിരുന്നു .

ഇന്ന് അത് മാറി; അല്ല മാറ്റി. ആരോടും പ്രാര്‍ഥിക്കാം, അതില്‍ ഒരു കുഴപ്പവുമില്ല എന്നാക്കി തൗഹീദിനെ നവീകരിച്ചു. പൊന്മള മുസ്‌ലിയാര്‍ പറയട്ടെ: ''മുഹ്‌യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദ്‌രീങ്ങളേ കാക്കണേ എന്നിങ്ങനെ മരിച്ചു പോയവരെ വിളിച്ചു പ്രാര്‍ഥിക്കുന്നത് അനുവദനീയമാണോ? ഉത്തരം: അനുവദനീയമാണ്'' (ഫതാവാ, പേജ് 38).

പണ്ട് ശിര്‍ക്കാണെന്ന് ഉറപ്പിച്ചു പറഞ്ഞ വിശ്വാസം ഇപ്പോള്‍ സമസ്തയുടെ ഔദേ്യാഗിക 'തൗഹീദീ' വിശ്വാസമായി! അടിയാധാരത്തില്‍ ശിര്‍ക്കായത്, മാറ്റിയെഴുതി രജിസ്റ്റര്‍ ചെയ്തപ്പോള്‍ തൗഹീദായി മാറി! എങ്ങനെയുണ്ട് ഈ ചാട്ടം? ഫൈസീ, ഈ മറിമായത്തിന്റെ ആധാരം സമസ്താലയത്തിലാണോ ഉള്ളത് എന്നറിയാന്‍ താല്‍പര്യമുണ്ട്. 

മുജാഹിദുകള്‍ തൗഹീദിന്റെ നിര്‍വചനം മാറ്റി എന്ന് ഇടയ്ക്കിടെ തട്ടിവിടുന്ന ഫൈസി എന്താണ് മാറ്റിയത് എന്നും എന്താണ് ആ നിര്‍വചനത്തിന് കുഴപ്പമെന്നും തെളിവു സഹിതം പറഞ്ഞിട്ടില്ല. അതിന്  സാധ്യവുമല്ല. ഒന്നുകൂടി ആവര്‍ത്തിക്കുന്നു; മുജാഹിദുകള്‍ക്ക് സ്വന്തമായി ഒരു നിര്‍വചനവും ഇല്ല. അഹ്‌ലുസ്സുന്ന എന്താണോ പറഞ്ഞത് അതാണ് മുജാഹിദുകളും പറഞ്ഞത്; ഇപ്പോഴും പറയുന്നത്. അതില്‍ യാതൊരു മാറ്റവും യഥാര്‍ഥ മുജാഹിദുകള്‍ വരുത്തിയിട്ടില്ല. അത് 2002ലും 2007ലും 2012ലും 2016ലും 2018 ലും ഒരുപോലെ നില്‍ക്കുന്നു. 

എന്നാല്‍ ഇടക്കാലത്ത് ചിലര്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചിട്ടുണ്ട് എന്നത് ശരിയാണ്. അത് മുജാഹിദുകള്‍ ശക്തിയായി എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്തായിരുന്നു മുജാഹിദുകള്‍ പഠിപ്പിച്ച തൗഹീദ്? 

'അഭൗതികമായ മാര്‍ഗത്തില്‍ അഥവാ കാര്യകാരണബന്ധത്തിന് അതീതമായി ഗുണവും ദോഷവും വരുത്താന്‍ ഒരു വ്യക്തിക്ക് കഴിവ് ഉണ്ട് എന്ന വിശ്വാസമാണ് ഇബാദത്തിന്റെ ഉറവിടം' (ഇസ്‌ലാമിന്റെ ജീവന്‍, കുഞ്ഞീദു മദനി, പേജ് 12). 

'എന്നാല്‍ അഭൗതികമായ മാര്‍ഗത്തില്‍ ഗുണവും ദോഷവും വരുത്താനുള്ള കഴിവ് ലോകരക്ഷിതാവായ അല്ലാഹുവിന് മാത്രമേയുള്ളു. അവന്റെ പടപ്പുകളിലൊരാള്‍ക്കും ആ കഴിവില്ല' (അതേ പുസ്തകം).

 'കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ രീതിയില്‍ മനുഷ്യജീവിതത്തിലിടപെടാന്‍ സാധിക്കുന്ന ഒരേയൊരു ശക്തി പ്രപഞ്ചാതീതനായ ജഗന്നിയന്താവ് മാത്രമാണെന്നാണ് ഇസ്‌ലാം പഠിരിക്കുന്നത്. (നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്, പേജ് 5). 

പ്രമാണബദ്ധമായ ഈ നിലപാടിനെ പ്രാമാണികമായി ഖണ്ഡിക്കാന്‍ സമസ്തക്ക് ഇന്നുവരെ സാധിച്ചിട്ടില്ല. അതായിരുന്നു ഫൈസീ താങ്കള്‍ ചെയ്യേണ്ടിയിരുന്നത്. 

ഫൈസി എഴുതിയ ഒരു വിഡ്ഢിത്തം കാണുക: 'മലക്കുകള്‍ക്ക് അഭൗതികമായ നിലയില്‍ മനുഷ്യനെ സഹായിക്കാന്‍ കഴിയുമെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു' (ചന്ദ്രിക, 2003 ജൂണ്‍ 1).

 മലക്കുകള്‍ക്കും ജിന്നുകള്‍ക്കും ഔലിയാക്കള്‍ക്കും അമ്പിയാക്കന്മാര്‍ക്കുമൊക്കെ അഭൗതിക ക ഴിവുണ്ട് എന്ന് ഫൈസിയടക്കമുള്ളവര്‍ വിശ്വസിക്കുന്നുവെങ്കിലും അതിനൊരു രേഖയും ഇതുവരേക്കും ആര്‍ക്കും ഹാജറാക്കാനായിട്ടില്ല. 

എന്നാല്‍ അടുത്ത കാലത്ത് ഈ വാദം മുജാഹിദുകളായി അറിയപ്പെടുന്നവരില്‍നിന്നും കേള്‍ക്കാനായി എന്നത് നിഷേധിക്കുന്നില്ല. അത് ഇങ്ങനെയായിരുന്നു: 'മലക്കുകള്‍ക്കും ജിന്നുകള്‍ക്കും നമ്മെ സഹായിക്കുവാന്‍ സാധിക്കുമെന്ന് വല്ലവനും വിശ്വസിച്ചാല്‍ അവന്റെ വിശ്വാസത്തില്‍ ശിര്‍ക്കും കുഫ്‌റും സംഭവിക്കുന്നു' (തൗഹീദും നവയാഥാസ്ഥിതികരുടെ വ്യതിയാനവും, അബ്ദുസ്സലാം സുല്ലമി, പേജ് 11). 

ഈ അപശബ്ദത്തെ മുജാഹിദുകള്‍ എതിര്‍ത്തു. അങ്ങനെ അത് കെട്ടടങ്ങി. അപ്പോഴാണ് മറ്റു ചിലര്‍ കൂടി ഈ വാദത്തെ ശരിവച്ച് രംഗത്തെത്തിയത്. 'ജിന്ന് അഭൗതികം തന്നെ' എന്ന് അവര്‍ വാദിച്ചു. അങ്ങനെയല്ല എന്ന് പറഞ്ഞവര്‍ പുറത്താക്കപ്പെട്ടു. അവര്‍ ശരിയായ ആദര്‍ശം സ്വീകരിച്ച് ഇവിടെ പ്രവര്‍ത്തിച്ച് വരുന്നു. അല്ലാഹു അല്ലാത്ത അഭൗതിക കഴിവുള്ളവര്‍ ഉണ്ട് എന്ന സമസ്തക്കാരുടേതിന് സമാനമായ വാദം ഉന്നയിച്ചവര്‍ക്ക് തൗഹീദ് പ്രബോധനം ദുഷ്‌കരമായി.  പരിഹാരം എന്ന നിലയില്‍ ഐക്യം നടന്നു. ചട്ടിയില്‍ നിന്ന് അടുപ്പിലേക്കെന്നവണ്ണം അവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ വര്‍ധിച്ചു. 

ഏതായാലും മുജാഹിദുകള്‍ക്ക് സമസ്തക്കാരോട് ചിലത് പറയാനുണ്ട്: നിങ്ങള്‍ ഈ സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന നിരവധി വ്യാജ നിര്‍മിതികളുണ്ട്; വിശ്വാസരംഗത്തും കര്‍മസരണിയിലുമെല്ലാം അതുണ്ട്. മാലകള്‍, മൗലിദുകള്‍, കുത്ത്‌റാത്തിബ്, ചാവടിയന്തരം, ബുര്‍ദ മജ്‌ലിസ്, മജ്‌ലിസുന്നൂര്‍, കണ്ണോക്ക്, തല്‍ക്വീന്‍, ആണ്ട് നേര്‍ച്ച, ഉറൂസ്, നാരിയ്യ സ്വലാത്ത്, മന്ത്രവാദം, ക്വബ്ര്‍ കെട്ടി ഉയര്‍ത്തല്‍...ഈ പട്ടിക നീളുന്നു. ഇതൊക്കെയൊന്ന് ഇസ്‌ലാമിക പ്രമാണങ്ങളുടെ ആധാരവുമായി ഒന്ന് ബന്ധിപ്പിച്ച് തരുമോ?

സമസ്തക്കാരുടേതിന് സമാനമായ നിര്‍വചനം സ്വീകരിക്കുക വഴി ആശയ പ്രബോധനം പ്രതിസന്ധിയിലായി ഐക്യപ്പെട്ട് പൂര്‍വാധികം പ്രതിസന്ധിയിലായ സഹോദരങ്ങളോട് മുജാഹിദുകള്‍ക്ക് പറയാനുള്ളത് നിങ്ങള്‍ പഴയ തൗഹീദിലേക്ക് മടങ്ങൂ എന്നാണ്. ഇല്ലെങ്കില്‍ ഇത്തരം ഫൈസിമാര്‍ക്ക് നീരുറ്റിച്ച് കൊടുക്കാതെ ദയവു ചെയ്ത് മാറി നില്‍ക്കൂ. അതായിരിക്കും നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും നല്ല സേവനം.