സംസ്‌കരണത്തിന്റെ റമദാന്‍

ഹംസ ജമാലി

2018 ജൂണ്‍ 09 1439 റമദാന്‍ 24

വീട്ടുകാരെയും കുട്ടികളെയും നന്മയിലും നല്ല ഗുണത്തിലും പ്രവൃത്തിയിലും അല്ലാഹുവിനെ സൂക്ഷി ക്കുന്നതിലും പുണ്യത്തിലുമായി സംസ്‌കരിച്ചെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കാനുള്ള യഥാര്‍ഥ സന്ദര്‍ഭമാണ് റമദാന്‍. നമസ്‌കാരത്തിന് പ്രേരിപ്പിക്കുക, ദാനധര്‍മം ചെയ്യുന്നതിന് ശീലിപ്പിക്കുക, നോമ്പെടുക്കാന്‍ പരിശീലനം നല്‍കുക, ധാരാളമായി ദിക്‌റുകള്‍ ചൊല്ലാനും ക്വുര്‍ആന്‍ പാരായണം അധികരിപ്പിക്കാനും മറ്റു നന്മകളിലുമെല്ലാം താല്‍പര്യമുണ്ടാക്കുകയും ചെയ്യുക. ഇവയെല്ലാം അനിവാര്യമായതും സംസ്‌കരിച്ചെടുക്കേണ്ട കാര്യങ്ങളില്‍ എളുപ്പമുള്ളവയുമാണ്. 

ഹൃദയ വിശുദ്ധി നേടാന്‍

നമ്മുടെ ഹൃദയങ്ങളില്‍നിന്നും പകയും വിദ്വേഷവും കഴുകിക്കളഞ്ഞ് അത് തെളിഞ്ഞതും പരിശുദ്ധവുമാക്കാനുള്ള അവസരമാണ് റമദാന്‍. എത്രകാലമാണ് നാം ഭിന്നിച്ചും അകന്നും കഴിയുക? ഈ പവിത്ര മാസത്തില്‍ നമ്മുടെ ഹൃദയങ്ങളില്‍ സ്‌നേഹവും സാഹോദര്യവും നിറച്ച് അത് കറകളഞ്ഞ താക്കാന്‍ ശ്രമിക്കുക. എന്നാല്‍ മാതാപിതാക്കളെ ഉപദ്രവിക്കുകയും കുടുംബബന്ധം മുറിക്കുകയും സാഹോദരന്മാരെ വെടിയുകയും ഭാര്യയോടും കുട്ടികളോടും മോശമായി പെരുമാറുകയും ചെയ്യുന്നവര്‍ക്ക് റമദാന്‍ മാസം വളരെ കുറച്ച് മാത്രമെ ഉപകാരപ്പെടുകയുള്ളൂ. 

അല്ലാഹു പറയുന്നു: ''(നബിയേ) നിന്നോടവര്‍ യുദ്ധത്തില്‍നേടിയ സ്വത്തുക്കളെപ്പറ്റി ചോദിക്കുന്നു. പറയുക യുദ്ധത്തില്‍ നേടിയ സ്വത്തുക്കള്‍ അല്ലാഹുവിനും റസൂലിനുമുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയുംചെയ്യുക. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക'' (അല്‍അന്‍ഫാല്‍: 1)

ഭക്തിയുണ്ടാകുവാന്‍ 

നോമ്പുകാരന്‍ വ്രതമെടുത്തുകൊണ്ട് അല്ലാഹുവിനെ ആരാധിക്കുന്നു. തന്റെ വീട്ടിലായിരിക്കുമ്പോള്‍ സമീപത്ത് ഇണയുണ്ടാകും. അടുത്ത്തന്നെ ഭക്ഷണവും വെള്ളവുമുണ്ടാകും. അല്ലാഹുവല്ലാത്ത ആരും കാണില്ലെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ചുകൊണ്ട് ഭക്തിപൂര്‍വം അതെല്ലാം ഉപേക്ഷിക്കുന്നു. വേണമെങ്കില്‍ അവന് അതെല്ലാം ആസ്വദിക്കാം. എന്നിട്ട് നോമ്പുകാരനായി നടിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ നടക്കാം. എന്നാല്‍ അല്ലാഹു തന്നെ കാണുന്നുണ്ടെന്ന ഓര്‍മയില്‍ ഹൃദയത്തില്‍നിന്നുള്ള ഭയപ്പാടിനാല്‍ അവന്‍ അനുസരണയുള്ളവനായി മാറുന്നു. അല്ലാഹുവിന്റെ തൃപ്തിക്കായി തന്റെ ആഗ്രഹങ്ങളെല്ലാം  ഉപേക്ഷിക്കാന്‍ അവന്‍ തയ്യാറാകുന്നു.  

അല്ലാഹുവിന്റെ അടിമകളേ, അല്ലാഹുവിന്റെ പ്രീതിക്കായി ആത്മാര്‍ഥമായി നോമ്പനുഷ്ഠിക്കുക. ഭക്തന്മാരുടെ കൂട്ടത്തില്‍ നമ്മുടെ നാമം രേഖപ്പെടുത്തപ്പെട്ടേക്കാം. വല്ലവനും അല്ലാഹുവിനെ സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്റെ കൂടെയുണ്ടായിരിക്കും. ആരുടെയെങ്കിലും കൂടെ അല്ലാഹുവുണ്ടെങ്കില്‍ പിന്നെ ആരെയാണ് ഭയപ്പെടേണ്ടത്? അവനില്ലെങ്കില്‍ മറ്റാരെയാണ് പ്രതീക്ഷിക്കാനുള്ളത്? 

സാമുദായിക ഐക്യം

മുസ്‌ലിം സമുദായത്തിലുള്ളവര്‍ ഒന്നിച്ച് ഒരേസമയം ഭക്ഷണം കഴിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കുന്നു. മറ്റൊരു നിശ്ചിതസമയം ഭക്ഷണം കഴിക്കുന്നു. നമസ്‌കരിക്കുന്നവര്‍ വ്യത്യസ്ത സമയങ്ങളിലായി പരസ്പരം കണ്ടുമുട്ടി സൗഹൃദം പുതുക്കുന്നു. പാവങ്ങളുടെ ആവശ്യം നിറവേറ്റിക്കൊടുക്കാന്‍ ശ്രമിക്കുന്നു. ഫിത്വ്ര്‍ സകാത്ത് നല്‍കിയും ദാനധര്‍മങ്ങള്‍ വര്‍ധിപ്പിച്ചും അല്ലാഹുവിന്റെ പൊരുത്തം കരസ്ഥമാക്കുന്നു. അങ്ങനെ ഒരേ സമയം അല്ലാഹുവിലേക്ക് അടുക്കുകയും സാമുദായിക ഐക്യം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. 

റമദാനും ദുഃസ്വഭാവവും

തീര്‍ച്ചയായും ഉന്നതസ്ഥാനവും പദവിയുമുള്ളതാണ് സല്‍സ്വഭാവം. അതുമുഖേന ഒരു മുസ്‌ലിമിന്‌നബി ﷺ യുടെ അടുക്കല്‍ അടുത്ത ഒരു സ്ഥാനത്ത് എത്താന്‍ കഴിയുന്നു. എന്നാല്‍ റമദാനില്‍ ഭക്ഷണ പാനീയങ്ങള്‍ വെടിയുന്നുവെന്നകാരണത്താല്‍ ചിലരുടെ സ്വഭാവം ദുഷിക്കുന്നുവെന്നത് ഖേദകരമാണ്. ഒരാളും അവരോട് സംസാരിക്കുന്നത് അവര്‍ക്ക് ഇഷ്ടമാകില്ല.  അവര്‍ക്ക്  മറ്റുള്ളവരോട് സംസാരിക്കുവാനും ഇഷ്ടമുണ്ടാകില്ല. വഴിയിലോ, ജോലിസ്ഥലത്തോ, വീട്ടിലോ വെച്ച് നേരിടുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും അവരെ ശുണ്ഠി പിടിപ്പിക്കും. ഇത് നബി ﷺ നോമ്പുകാരനുണ്ടായിരിക്കാന്‍ നിര്‍ദേശിച്ച സ്വഭാവ ഗുണങ്ങള്‍ക്ക് വിരുദ്ധമാണ്. 

തിരുമേനി ﷺ പറഞ്ഞു: ''നോമ്പ് ഒരു പരിചയാണ്. ആയതിനാല്‍ നോമ്പുകാരന്‍ ചീത്ത പറയുകയോ തര്‍ക്കിക്കുകയോ ചെയ്യരുത്. ഇനി വല്ലവനും അവനെ ചീത്ത പറയുകയോ തര്‍ക്കിക്കുകയോ ചെയ്യുന്നെങ്കില്‍ ഞാന്‍ നോമ്പുകാരനാണെന്ന് അവന്‍ പറയട്ടെ'' (ബുഖാരി 1805, മുസ്‌ലിം 1151).

വിലപ്പെട്ട സമയങ്ങള്‍

അധികപേരും പാഴാക്കിക്കളയുന്ന വിലപിടിച്ച മൂന്ന് സമയങ്ങളുണ്ട്. 

ഒന്ന്: സുബ്ഹി നമസ്‌കാരശേഷം അതിരാവിലെ. ഉറക്കത്തിലൂടെയാണ് അതിലധികവും നഷ്ടപ്പെടാറുള്ളത്. 

രണ്ട്: മഗ്‌രിബിന് മുമ്പായി പകലിന്റെ അവസാന സമയം. നോമ്പുതുറക്കാനുള്ള ഭക്ഷണം തയ്യാറാക്കുന്നതിലാണത് അധികവും നഷ്ടപ്പെടാറുള്ളത്. 

മൂന്ന്: അത്താഴ സമയം. അത്താഴം തയ്യാറാക്കുന്നതിലും ഉറക്കത്തിലുമായിക്കൊണ്ടാണ് അത് നഷ്ടപ്പെടാറുള്ളത്. 

അല്ലാഹു പറയുന്നു: ''സൂര്യോദയത്തിനു മുമ്പും സൂര്യാസ്തമയത്തിനു മുമ്പും നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക. രാത്രിയില്‍ ചില നാഴികകളിലും പകലിന്റെ ചില ഭാഗങ്ങളിലും നീ അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക, നിനക്ക് സംതൃപ്തി കൈവന്നേക്കാം'' (ത്വാഹാ: 130)

അതിനാല്‍ അല്ലാഹുവിനെ ഓര്‍ത്തുകൊണ്ട് ഈ സമയങ്ങള്‍ ഉപയോഗപ്പെടുത്തുക. 

പ്രാര്‍ഥന 

നോമ്പിന്റെ നിയമങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ തന്നെ വിശുദ്ധ ക്വുര്‍ആന്‍ പ്രാര്‍ഥനയുടെ കാര്യം പരാമര്‍ശിക്കുന്നതില്‍നിന്ന് തന്നെ നോമ്പും പ്രാര്‍ഥനയും തമ്മില്‍ ബന്ധമുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്. അതിനാല്‍ നോമ്പുകാരന്‍ ഉത്തരം നല്‍കാമെന്ന രക്ഷിതാവായ അല്ലാഹുവിന്റെ വാഗ്ദാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചും അങ്ങേയറ്റത്തെ ആഗ്രഹത്തോടെയും അവനോട് പ്രാര്‍ഥിക്കേണ്ടതാണ്. എന്നാല്‍ സമയബന്ധിതമായി ഉത്തരം കിട്ടണമെന്ന് ധൃതികാണിക്കരുതെന്ന നിബന്ധന മാനിക്കേണ്ടതുണ്ട്. ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ നബി ﷺ ഇങ്ങനെ പറഞ്ഞതായി കാണാം: ''ഒരു അടിമക്ക് അയാളുടെ കുറ്റകരമായ കാര്യങ്ങള്‍ക്കോ കുടുംബബന്ധം വിഛേദിക്കാനോ അല്ലാത്ത പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്.'അയാള്‍ ധൃതികൂട്ടിയിട്ടില്ലെങ്കില്‍.'' ''അല്ലാഹുവിന്റെ റസൂലേ, എന്താണ് ധൃതികൂട്ടുകയെന്നതിന്റെ ഉദ്ദേശം?'' എന്ന് ചോദിക്കപ്പെട്ടു. തിരുമേനി ﷺ പറഞ്ഞു: ''അവന്‍ പറയും; ഞാന്‍ പലപ്രവശ്യം പ്രാര്‍ഥിച്ചുനോക്കി, പക്ഷേ ഉത്തരം ലഭിച്ചില്ല.'' അങ്ങനെ അവന്‍ നിരാശനായി പ്രാര്‍ഥനയില്‍നിന്നും പിന്‍മാറുകയും ചെയ്യും. 

ഒരു വിശ്വാസി ഒരിക്കലും അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശനാവാന്‍ പാടില്ല. അവന്റെ മനസ്സില്‍ എപ്പോഴും അല്ലാഹു നന്മയേ വരുത്തുകയുള്ളൂവെന്ന ബോധമാണുണ്ടാവേണ്ടത്. അത് എപ്പോള്‍ എവിടെയെന്നെല്ലാം അല്ലാഹുവാണ് തീരുമാനിക്കുന്നത്. അല്ലാഹുവിലേക്ക് വിനയാന്വിതനായിക്കൊണ്ടും പരിപൂര്‍ണ ആത്മാര്‍തയോടും ഭക്തിപൂര്‍വം പ്രാര്‍ഥിക്കുകയും പാപങ്ങളില്‍നിന്ന് വെടിഞ്ഞു നിന്ന് കൊണ്ട് പുണ്യ കര്‍മങ്ങള്‍കൊണ്ട് ഉത്തരം ലഭിക്കാവുന്ന തെരഞ്ഞെടുത്ത സമയങ്ങളില്‍ അവനിലേക്ക് അടുക്കുകയാണ് നാം ചെയ്യേണ്ടത്. 

നോമ്പുകാരന്റെ പ്രാര്‍ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കപ്പെടുന്നതാണ്. അബൂഹുറയ്‌റ നിവേദനം. നബി ﷺ പറഞ്ഞു: ''മൂന്നാളുകളുടെ പ്രാര്‍ഥനകള്‍ തിരസ്‌കരിക്കപ്പെടാത്തതാണ്. പിതാവിന്റെ പ്രാര്‍ഥന, നോമ്പുകാരന്റെ പ്രാര്‍ഥന, യാത്രക്കാരന്റെ പ്രാര്‍ഥന.'' 

ദാനധര്‍മങ്ങളുടെ മാസം 

അല്ലാഹുവിലേക്ക് സാമിപ്യമുണ്ടാക്കുന്നതും സ്വര്‍ഗ പ്രവേശനത്തിന് കാരണമാകുന്നതുമായ ഒരു സല്‍കര്‍മമാണ് ധര്‍മംചെയ്യല്‍. ധര്‍മംചെയ്ത കാരണത്താല്‍ ഒരിക്കലും സമ്പത്ത് കുറയുകയില്ല; മറിച്ച് വര്‍ധനവാണുണ്ടാകുക. ഒരിക്കലും വാഗ്ദാനം ലംഘിക്കാത്ത അത്യുദാരനായ അല്ലാഹു പറയുന്നു : 

''നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ (അല്ലാഹു) അതിന് പകരം നല്‍കുന്നതാണ്'' (സബഅ്: 39). 

'ധര്‍മം ചെയ്യുന്നത് സമ്പത്തില്‍ കുറവുവരുത്തുകയില്ല''എന്ന നബി വചനവും ഇവിടെ ശ്രദ്ധേയമാണ്. ദാനധര്‍മത്തെ പ്രോത്‌സാഹിപ്പിക്കുന്ന ധാരാളം ക്വുര്‍ആന്‍ വചനങ്ങള്‍ കാണാം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമ്പത്ത് ചെലവഴിക്കുന്നത് ജിഹാദില്‍പെട്ടതാണ്. അതുമാത്രമല്ല ക്വുര്‍ആനില്‍ ജിഹാദിനെ കുറിച്ച് പറയുന്ന ആയത്തുകളില്‍ ഒന്നൊഴിച്ചാല്‍ ബാക്കിയുള്ള മുഴുവന്‍ ആയത്തുകളിലും ശരീരംകൊണ്ട് ജിഹാദ് ചെയ്യുന്നതിനെക്കാള്‍ സമ്പത്തുകൊണ്ടുള്ള ജിഹാദിനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്.  അതിനാല്‍ സൃഷ്ടികളില്‍ ഏറ്റവും കൂടുതല്‍ ഉദാരമതിയായിരുന്ന പ്രവാചകന്റെ ചര്യയെ പിന്തുടരേണ്ടതാകുന്നു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു:

''നബി ﷺ മറ്റെല്ലാവരെക്കാളും ഉദാരമതിയായിരുന്നു. എന്നാല്‍ റമദാനില്‍ നബി ﷺ യും ജിബ്‌രീലും തമ്മില്‍ കണ്ടുമുട്ടുമ്പോഴാണ് തിരുമേനി ഏറ്റവും കൂടല്‍ ദാനധര്‍മങ്ങള്‍ ചെയ്തിരുന്നത്'' (ബുഖാരി, മുസ്‌ലിം).

 ''ഒരുചീള് കാരക്കയെങ്കിലും ധര്‍മംചെയ്ത് നീ നരകത്തെ സൂക്ഷിക്കുക'' (ബുഖാരി) എന്ന നബിവചനം കഴിവിനനുസരിച്ച് ധര്‍മം ചെയ്യുവാനുള്ള പ്രോല്‍സാഹനമാണ് നല്‍കുന്നത്.

ധര്‍മത്തിന്റെയും ഔദാര്യത്തിന്റെയും മാസത്തിലാണ് നാമുള്ളത്. റമദാനില്‍ ചെയ്യുന്ന ധര്‍മമാണ് ഏറ്റവും ഉത്തമമായത്. അതിനാല്‍ നന്മയുടെ കൂട്ടായ്മകളില്‍ പങ്കാളികളാകാന്‍ ശ്രമിക്കുക.

പശ്ചാത്താപം റമദാനില്‍

ജീവിച്ചിരിക്കുന്ന കാലമത്രയും ഭൗതിക വിഭവങ്ങളിലുള്ള ആശ മുറിയുന്നവനല്ല മനുഷ്യന്‍. ദേഹേഛകളില്‍നിന്നും അതിരില്ലാത്ത ആഗ്രഹങ്ങളില്‍നിന്നും മാറിനില്‍ക്കാന്‍ അവന്റെ മനസ്സ് അവനെ അനുവദിക്കുകയുമില്ല. ജീവിതത്തിന്റെ അവസാന കാലത്തില്‍ പശ്ചാത്തപിക്കാമെന്ന് പിശാച് പ്രേരണ നല്‍കും. എന്നാല്‍ വയസ്സ് കൂടും തോറും അവന്റെ ആഗ്രഹങ്ങള്‍ കുറയുകയല്ല; കൂടുകയാണ് ചെയ്യുക. നബി ﷺ പറഞ്ഞു: ''മനുഷ്യന്‍ വളര്‍ന്നു വലുതാകുംതോറും രണ്ട് കാര്യങ്ങളും അവന്റെ കൂടെ വലുതാകുന്നു. സമ്പത്തിനോടുള്ള പ്രിയവും കൂടുതല്‍ ജീവിക്കണമെന്ന മോഹവും'' (ബുഖാരി).

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹു വിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം'' (അന്നൂര്‍: 31. 

''വല്ലവനും പശ്ചാത്തപിക്കാത്തപക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍'' (ഹുജുറാത്ത്: 11). 

അല്ലാഹുവിന് വഴിപ്പെടുന്നതില്‍ മറ്റു മാസങ്ങളിലൊന്നുമില്ലാത്ത അവസരമാണ് ഈ മാസത്തില്‍ ലഭിക്കുന്നത്. വല്ലതെറ്റുകുറ്റങ്ങളിലും അകപ്പെട്ടിരിക്കുന്നുവെങ്കില്‍ ഈ മാസം മുതല്‍ അതില്‍ പശ്ചാത്തപിക്കുക. തന്റെ പശ്ത്താപം സ്വീകരിക്കപ്പെടുകയില്ലെന്ന് നിരാശപ്പെടരുത്. അല്ലാഹു അവനോട് ചോദിക്കുന്നവനെ മടക്കുകയില്ല. അവന്റെ കാരുണ്യം സര്‍വവസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. 

വിനയത്തോടെ, ആത്മാര്‍ഥമായി അല്ലാഹുവിന്റെ ശിക്ഷയെ ഭയന്നുകൊണ്ട് അവനിലേക്ക് ഖേദിച്ചു മടങ്ങുന്നവരുടെ പശ്ചാത്താപം അവന്‍ സ്വീകരിക്കുകയും അവര്‍ക്ക് കരുണചെയ്യുന്നതുമാണ്. അടിമ അപമാനത്തില്‍നിന്നും നിന്ദ്യതയില്‍നിന്നും നിര്‍ഭയനാകുന്ന നിഷ്‌കളങ്കമായ പശ്ചാത്താപവുമായി ഈ മാസത്തെ നാം ഉപയോഗിക്കുക. 

റമദാനില്‍ പശ്ചാത്തപിക്കാത്തവര്‍ പിന്നെ എപ്പോഴാണ് അതിന് തയ്യാറാവുക? അതില്‍ ആത്മപരിശോധന ചെയ്യാത്തവര്‍ പിന്നെ എപ്പോഴാണ് അതിന് തയ്യാറാവുക? വിനോദത്തില്‍നിന്നും അശ്രദ്ധയില്‍നിന്നും മോചിതരാകാത്തവര്‍, ദുശ്ശീലങ്ങളും വിനോദാഭാസങ്ങളും വെടിയാത്തവര്‍ എപ്പോഴാണ് അതില്‍നിന്ന് പിന്‍മാറുക?