ഓര്‍മയിലെ നുറുങ്ങുകള്‍

എസ്.എ ഐദീദ് തങ്ങള്‍

2018 ഡിസംബര്‍ 29 1440 റബീഉല്‍ ആഖിര്‍ 21

ദഅ്‌വാ സ്‌ക്വാഡിനിടയില്‍ ചിന്തിക്കുവാനും ചിരിക്കുവാനും സന്തോഷിക്കുവാനുമൊക്കെയുള്ള അവസരങ്ങള്‍ ലഭിക്കാറുണ്ട്. അവയില്‍ പെട്ട ചില നുറുങ്ങ് കാര്യങ്ങളാണ് ഇനി പറയുന്നത്. 

സ്‌ക്വാഡ് വര്‍ക്കിനിടയില്‍ വീടുകളില്‍ വിതരണം ചെയ്ത സി.ഡി.കളിലെ പ്രഭാഷണങ്ങള്‍ തിരിച്ചുവരുമ്പോള്‍ പല വീടുകളില്‍ നിന്നും മുഴങ്ങിക്കേള്‍ക്കാറുണ്ടെന്നത് സന്തോഷകരമായ കാര്യമാണ്.  

ചില വീടുകളില്‍ ചെന്ന് കോളിങ്ങ് ബെല്ലടിച്ച് കാത്തുനിന്നാല്‍, രാവിലെ 10 മണിയായിട്ടുണ്ടെങ്കിലും ഉറക്കച്ചടവിലായിരിക്കും വീട്ടുകാരന്‍ വന്ന് വാതില്‍ തുറക്കുക. ഒരുകാല്‍ പുറത്തും ഒന്ന് അകത്തും വെച്ച് കൊണ്ടുള്ള അയാളുടെ നില്‍പ് കണ്ടാല്‍ തന്നെ വന്നകാലില്‍ തിരിച്ചു പോകാന്‍ തോന്നിപ്പോകും. ലഘുലേഖ കൊടുത്താല്‍ ഫാര്‍മസിസ്റ്റ് മരുന്ന് ശീട്ട് നോക്കുന്നത് പോലെയൊരു നോട്ടമാണ്!

ബംഗ്ലാവിനു സമാനമായ, പടിപ്പുരയും കാറുകളും ഒക്കെയുള്ള വീട്ടില്‍ കയറണമെങ്കില്‍ ചിലപ്പോള്‍ ആദ്യമായി നായയുടെ സമ്മതം കിട്ടണം. മുതലാളി കനിഞ്ഞ്, നായയുടെ സമ്മതവും വാങ്ങി അകത്ത് പ്രവേശിച്ച് ചെന്ന കാര്യം പറഞ്ഞാലോ; ഹോ... ആര്‍ക്കാണിതിനൊക്കെ സമയം എന്നായിരിക്കും കമന്റ്. കേട്ടാല്‍ തോന്നും അയാളെ അല്ലാഹു വേറെയെന്തൊക്കെയോ ചില കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രത്യേകം നിയോഗിച്ചതാണെന്ന്. 

ഒരിക്കല്‍ ഒരു 'മുതലാളി' പറഞ്ഞു : ''ഇതൊക്കെ കുറെ കേട്ട് മടുത്തതാണ്. പലരും പറഞ്ഞുതന്നതാണ്. വീണ്ടും വീണ്ടും കേള്‍ക്കുമ്പോള്‍ മടുപ്പ് തോന്നുന്നു.''

''താങ്കള്‍ ഒരേ വെള്ളം വീണ്ടും വീണ്ടും കുടിക്കുന്നു. ഒരേ വായു തന്നെ വീണ്ടും വീണ്ടും ശ്വസിക്കുന്നു. ഭക്ഷണവും അങ്ങനെത്തന്നെ. ആവര്‍ത്തന വിരസതയാല്‍ അതൊന്നുമിനി വേണ്ട എന്ന് വെക്കാറുണ്ടോ'' എന്ന ചോദ്യത്തിനു മുമ്പില്‍ അയാള്‍ തലതാഴ്ത്തി. 

ചിലര്‍ക്ക് പണ്ഡിതന്മാരോടായിരിക്കും ഒടുങ്ങാത്ത ദേഷ്യം. 'കുറെ പണ്ഡിതന്മാരുണ്ട്; അവരൊക്കെയാണ് ഈ നാട്ടിലെ കുഴപ്പക്കാര്‍. ആദ്യം അവര്‍ നന്നാവട്ടെ. എന്നിട്ട് മറ്റുള്ളവരെ നന്നാക്കിയാല്‍ മതി' എന്ന നിര്‍ദേശവും അവര്‍ തരും. ആത്മീയ ചൂഷകരും ചൂഷണത്തിന് കൂട്ടുനില്‍ക്കുന്നവരും അനാവശ്യ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നവരുമായ പണ്ഡിതന്മാരെ മനസ്സില്‍ കണ്ടായിരിക്കും ഈ വാക്കുകള്‍.

ചില വീടുകളില്‍ ചെന്ന് അവിടെ അല്‍പം ദീന്‍കാര്യം സംസാരിക്കാന്‍ വന്നതാണെന്ന് പറഞ്ഞാല്‍ അകത്ത് നിന്ന് ലഭിക്കുന്ന മറുപടി, 'ഇവിടെ ആണുങ്ങളാരുമില്ല. നിങ്ങള്‍ പിന്നെ വരിം' എന്നായിരിക്കും. അത് സൂക്ഷ്മത കൊണ്ടാണെങ്കില്‍ നല്ലതു തന്നെ. എന്നാല്‍ ഇതേ കൂട്ടരുടെ അടുത്തേക്ക് സ്വര്‍ണം ഇരട്ടിപ്പിച്ച് തരാമെന്ന് വ്യാമോഹിപ്പിച്ച് വല്ലവരും എത്തിയാല്‍, വ്യാജ സിദ്ധന്മാരോ, കൈനോട്ടക്കാരനോ, മാക്‌സിക്കച്ചവടക്കാരനോ ഒക്കെ ചെന്നാല്‍ വീട്ടില്‍ കയറ്റിയിരുത്താനും മണിക്കുറുകളോളം അവരോടൊപ്പം സംസാരിച്ചിരിക്കാനും മടികാണിക്കാറുമില്ല എന്നതാണ് വാസ്തവം. ചിലരെങ്കിലും അവരുടെ കെണിയില്‍ വീണ് ചിലപ്പോള്‍ പണവും മാനവും നഷ്ടപ്പെടുത്തുകയും ചെയ്യും. 

ഭാര്യക്ക് ചെലവിന് കൊടുക്കല്‍ ഭര്‍ത്താവിന് നിര്‍ബന്ധമില്ലെന്ന് 'ഫത്ഹുല്‍ മുഈന്‍' എന്ന കിതാബിലുണ്ടെന്ന് നീണ്ട സംഭാഷണത്തിനിടയില്‍ സാന്ദര്‍ഭികമായി ഒരു വീട്ടുകാരനോട് പറഞ്ഞപ്പോള്‍ അയാള്‍ ഭാര്യയെ അകത്തേക്ക് നീട്ടിവിളിച്ച്‌കൊണ്ട് പറഞ്ഞു: ''എട്യേ... ഇന്ന് മുതല്‍ നിനക്കിനി ഞാന്‍ ചെലവിന് തരേണ്ടതില്ല എന്നാണിവര്‍ പറയുന്നത്. അത് ഫത്ഹുല്‍ മുഈനില്‍ ഉണ്ടത്രെ.''

സംഘടനാ താല്‍പര്യമുള്ളവരോ സജീവ പ്രവര്‍ത്തകരോ ആയിട്ടുള്ളവരുടെ വീടുകളില്‍ ചെന്നാല്‍ ചിലപ്പോള്‍ കുറെ സമയം ചെലവഴിക്കേണ്ടിവരും. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും വിശദീകരണം നല്‍കുകയും ചെയ്യേണ്ടിവരും. ഒരിക്കല്‍ നടന്ന രസകരമായ സംഭാഷണം ഇങ്ങനെ:

'സിഗരറ്റ് വലിച്ചാല്‍ ആരെങ്കിലും കാഫിേറാ മുശ്‌രികോ ആകുമോ?'

'ഏയ്! ആര് പറഞ്ഞു ആകുമെന്ന്?'

'നിങ്ങളുടെ സംഘടനയുടെ നിലപാട് അതാണ്!'

'ഹേയ്, ഞങ്ങളങ്ങനെ എവിടെയും പറഞ്ഞിട്ടില്ല.' 

'അല്ലാഹുവിനുള്ള അനുസരണം അല്ലാഹുവിനുള്ള ഇബാദത്ത്. ശരിയല്ലേ?'

''അതെ!''

''പിശാചിനുള്ള ഏത് അനുസരണവും പിശാചിനുള്ള ഇബാദത്താണോ?''

''അതിലെന്താണ് സംശയം?' 

''ഒരാള്‍ സിഗരറ്റ് വലിക്കുന്നത് അല്ലാഹുവിനെ അനുസരിച്ച്‌കൊണ്ടോ, അതോ പിശാചിനെ അനുസരിച്ച്‌കൊണ്ടോ?'' ചോദ്യത്തിന്റെ മര്‍മം മനസ്സിലാക്കിയതിനാല്‍ ഉത്തരം മൗനമായിരുന്നു.

''നിങ്ങള്‍ പറഞ്ഞല്ലോ അല്ലാഹുവിനോട് നേരിട്ടാണ് പ്രാര്‍ഥിക്കേണ്ടതെന്ന്. നാം നമ്മുടെ വല്ല ആവശ്യവും നേടിയെടുക്കാന്‍ പ്രധാനമന്ത്രിയോടോ മുഖ്യമന്ത്രിയോടോ നേരിട്ട് ചോദിക്കാറുണ്ടോ? ഇടയില്‍ എം.പി, അല്ലെങ്കില്‍ എം.എല്‍.എ, അതുമല്ലെങ്കില്‍ ഉന്നത രാഷ്ട്രീയ നേതാവിനെയോ സമീപിച്ച് അവര്‍ മുഖേനയല്ലേ നമ്മുടെ ആവശ്യങ്ങള്‍ അറിയിക്കാറുള്ളത്?'' ഒരിക്കല്‍ ഒരാള്‍ ചോദിച്ചതാണിത്. 

''പ്രധാനമന്ത്രി നമ്മെപ്പറ്റി അറിയുന്ന ആളാണോ?''

''അല്ല!''

''പ്രധാനമന്ത്രി നമ്മുടെ രഹസ്യങ്ങളും പരസ്യങ്ങളും അറിയുന്നവനാണോ?''

''ഒരിക്കലുമല്ല!''

''അല്ലാഹു നമ്മെപ്പറ്റി അറിയുന്നവനാണോ?''

''അതെ!''

''അവന്‍ നമ്മുടെ രഹസ്യപരസ്യങ്ങള്‍ അറിയുന്നവനാണോ?''

''അതെ!''

''എങ്കില്‍ ചിന്തിച്ചുനോക്കുക. നമ്മുടെ കാര്യങ്ങള്‍ കൃത്യമായി അറിയുന്നവനോട് തന്നെ ചോദിക്കണം. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊന്നും നമ്മുടെ വ്യക്തിപരമായ കാര്യങ്ങള്‍ അറിയില്ല. അത് കൊണ്ട് നമ്മെ അറിയുന്ന നേതാവിനെ കണ്ട,് അയാള്‍ അയാളെക്കാള്‍ സ്ഥാനമുള്ളയാളെ കണ്ട്... അങ്ങനെ മന്ത്രിയിലേക്ക് നമ്മുടെ വിഷയം എത്തിക്കുന്നു. എന്നാല്‍ അല്ലാഹുവിന് നമ്മെ നമ്മെക്കാള്‍ അറിയാം. പിന്നെ എന്തിന് അല്ലാഹുവിനും നമുക്കുമിടയില്‍ ഇടയാളന്‍?'' 

അല്ലാഹുവിനെ ഇഹലോകത്തെ ഭരണാധികാരിയോട് സാദൃശ്യപ്പെടുത്തുന്നതിലെ ഗൗരവവും അര്‍ഥശൂന്യതയും സാധാരണക്കാര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകും. എന്നാല്‍ ചില 'തലയെടുപ്പുള്ള' പണ്ഡിതന്മാര്‍ തന്നെ അല്ലാഹുവിനെ അവന്റെ സൃഷ്ടികളുമായി താരതമ്യം ചെയ്യുന്നത് നാം കേള്‍ക്കുന്നു. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ കഴിയില്ലല്ലോ. (അവസാനിച്ചു)