അവസാന യാത്രക്കു മുമ്പ്...

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

2018 ഫെബ്രുവരി 17 1439 ജുമാദില്‍ ആഖിറ 02

കുവൈത്തില്‍ അടുത്തിടെ മരണപ്പെട്ട എഴുത്തുകാരന്‍ അബ്ദുല്ല അല്‍ ജാറല്ലാഹ് മരണത്തിന്നു മുമ്പ് കുറിച്ചിട്ട വാക്കുകള്‍ ഇങ്ങനെ വായിക്കാം:

''മരണം എന്റെ ചുമലിന്നു പിറകില്‍ കാത്തിരിക്കുന്നതില്‍ ഞാന്‍ അസ്വസ്ഥനാകില്ല. നശ്വരതയോട് അടുത്തുകൊണ്ടിരിക്കുന്ന എന്റെ ശരീരത്തിന്നും ഞാന്‍ അമിതപ്രാധാന്യം നല്‍കുന്നില്ല. എന്റെ മുസ്‌ലിം സഹോദരങ്ങള്‍ മരണാന്തര കര്‍മങ്ങള്‍ ഏറ്റെടുത്തുകൊള്ളും. അവയില്‍ ചിലതിങ്ങനെ:

എന്റെ ഉടയാടകള്‍ അവര്‍ അഴിച്ചു മാറ്റും. 

എന്നെ കുളിപ്പിക്കും.

തൂവെള്ളത്തുണിയില്‍ എന്നെ ചുറ്റിപ്പൊതിയും.

വീട്ടില്‍നിന്നെന്നെ ഇറക്കിക്കൊണ്ടു പോകും.

എന്റെ പുതിയ ആവാസ കേന്ദ്രത്തിലേക്ക് അഥവാ കുഴിമാടത്തിലേക്ക് എന്നെ ചുമക്കും. ഒരുപാടു പേര്‍ എന്റെ അന്ത്യയാത്രയില്‍ അണിചേരും. എന്റെ ക്വബ്‌റടക്കത്തിന്നായി, പലരും പല പതിവു പണികളും വേണ്ടെന്നു വെച്ചും പലര്‍ക്കും അനുവദിച്ച കൂടിക്കഴകള്‍ നിര്‍ത്തിവെച്ചും എത്തിച്ചേരും. ആ കര്‍മനിരതരില്‍ അധികപേരും ഞാന്‍ ജീവിച്ചിരുന്നപ്പോള്‍ എന്നോട് ഗുണകാംക്ഷ കാണിക്കാത്തവരാണ്! 

എന്റെതെന്ന് ഞാന്‍ അഭിമാനം കൊള്ളുന്ന പലതും എന്നെ വിട്ടു പോകും: എന്റെ താക്കോല്‍കൂട്ടങ്ങള്‍, എന്റെ ഗ്രന്ഥശേഖരം, എന്റെ തുണിപ്പെട്ടികളും പാദരക്ഷകളും, എന്റെ ഉടുമുണ്ടുകളും... അങ്ങനെ പലതും! എന്റെ ബന്ധുക്കള്‍ നീതിബോധമുള്ളവരാണെങ്കില്‍ എനിക്ക് മരണശേഷം ഉപകാരപ്പെടട്ടെ എന്ന ഉദ്ദേശത്തോടെ അവ ആര്‍ക്കെങ്കിലും ധര്‍മം ചെയ്യും. 

ഉറപ്പിച്ചു പറയാം; ദുനിയാവ് ഒരിക്കലും എന്റെ വേര്‍പാടില്‍ സങ്കടപ്പെടില്ല. എന്റെ മരണം കൊണ്ട് ഭൂഭ്രമണം നിലച്ചുപോവുകയുമില്ല. വ്യവഹാരങ്ങളെല്ലാം പതിവുപോലെ നടന്നുകൊണ്ടിരിക്കും. എനിക്കു പകരം ജോലിചെയ്യാന്‍ എന്റെ കസേരയില്‍ പകരക്കാരനെത്തും. എന്റെ ധനം ന്യായമായും അനന്തരാവകാശികള്‍ പങ്കിട്ടെടുക്കും. എന്നാലോ ആ ധനത്തെക്കുറുച്ച് കണക്കു പറയേണ്ടതു ഞാനും! അത് കൂമ്പാരമാവട്ടെ, കഷ്ടിച്ചുള്ളതാവട്ടെ, അണുമണിത്തൂക്കമാവട്ടെ, ഈത്തപ്പഴക്കുരുവിനെ പൊതിഞ്ഞ പാട കണക്ക് നിസ്സാരമാവട്ടെ...! 

മരണപ്പെട്ടാല്‍ എത്രയും പെട്ടെന്ന് എന്നില്‍ നിന്ന് ഉതിര്‍ന്നുവീഴുന്നത് എന്റെ പേരു തന്നെ. പിന്നെ അന്വേഷണം മയ്യിത്തിനെക്കുറിച്ചാണ്. എന്റെ പേര് ആരും വിളിക്കില്ല! എനിക്കുവേണ്ടി നമസ്‌കരിക്കാന്‍ അണിചേര്‍ന്നു നില്‍ക്കുമ്പോള്‍ വിളിച്ചു പറയുന്നത് 'ജനാസ കൊണ്ടുവരൂ' എന്നാണ്. അവരാരും എന്റെ പേര് ഉരിയാടില്ല. എന്നെ ഇടുങ്ങിയ ഇരുട്ടറയിലേക്ക് ഇറക്കിവെക്കാന്‍ തുനിയുമ്പോഴും അവര്‍ മയ്യിെത്തന്നാണ പറയുക. നിമിഷങ്ങള്‍ കൊണ്ട് എന്റെ നാമം വിസ്മൃതില്‍ കുഴിച്ചുമൂടപ്പെടും.  

എന്റെ രക്തബന്ധങ്ങളോ ഗോത്രസഹജീവികളോ എന്നോടൊരു സഹതാപവും കാണിക്കുന്നില്ല. എന്റെ പദവികളോ പ്രശസ്തിയോ എന്നൊടൊരു കനിവും കാണിക്കുകില്ല. 

ഈ ദുന്‍യാവ് എത്രമാത്രം നിസ്സാരമാണ്! നാം കടന്നുചെല്ലുന്ന മറുലോകം എത്ര ഭീതിതവും! 

ഇന്നിപ്പോള്‍ രക്തം സിരയിലോടുന്നവനേ...! നിന്റെ മേല്‍ പൊഴിക്കപ്പെടുന്ന ദുഃഖം മൂന്നു വിധമാണ്: നിന്നെ ആഴത്തിലറിയാത്തവര്‍ പറയും; മിസ്‌കീന്‍! നിന്റെ ഉറ്റ ചങ്ങാതിമാര്‍ക്കുണ്ടാകുന്ന വ്യസനം മണിക്കുറുകളോ ദിവസങ്ങളൊ മാത്രം ആയുസ്സുള്ളവ. പിന്നെയവര്‍ അവരുടെ സല്ലാപങ്ങളിലേക്കും പൊട്ടിച്ചിരികളിലേക്കും തിരിച്ചെത്തും. 

പിന്നെ നിന്റെ വീട്ടുകാര്‍ക്കുണ്ടവുന്ന അഗാധ ദുഖമല്ലേ... അതൊരാഴ്ചവട്ടം കോണ്ടോ ഒരര്‍ധ മാസം കോണ്ടോ ഏറിയാല്‍ ഒരു മാസം കൊണ്ടോ അവസാനിക്കും...!  പിന്നെയവര്‍ നിന്നെ വിസ്മൃതിയുടെ മാറാപ്പില്‍ മടക്കിവെക്കും. നിന്റെ ഐഹിക ജനസമ്പര്‍ക്ക കഥകള്‍ക്കിവിടെ വിരാമമായി. പിന്നെയാണു നിന്റെ യഥാര്‍ഥ ജീവിത നാടകത്തിന്റെ തിരശ്ശീല ഉയരുന്നതു... പാരത്രികം!

നിന്റെ സൗന്ദര്യം ചിതലരിച്ചു. നിന്റെ ധനം വഴിയില്‍ നിന്നു തന്നെ നിന്നോട് യാത്ര പറഞ്ഞു. മക്കളും ആയുരാരോഗ്യവും നിന്റെ ഒരു കാതമകലെപ്പോലുമില്ല. കുടിലും കൊട്ടാരവും കുടുംബിനിയും വിടചൊല്ലിപ്പിരിഞ്ഞു. നിന്നോടൊപ്പം ബാക്കിയുള്ളത് നിന്റെ കര്‍മങ്ങള്‍ മാത്രം!

ഒന്ന് ചോദിച്ചോട്ടെ, നിന്റെ ക്വബ്‌റിലേക്കും പരലോകത്തേക്കും നീ കരുതി വെച്ചതെന്താണ്? നീ ആഴത്തില്‍ ചിന്തിക്കേണ്ട ഒരു യാഥാര്‍ഥ്യമാണത്. 

താഴെ പറയുന്ന കാര്യങ്ങളില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുക:

1. നിര്‍ബന്ധ നമസ്‌കാരങ്ങള്‍.

2. സുന്നത്ത് നമസ്‌കാരങ്ങള്‍.

3. സ്വകാര്യ ദാനങ്ങള്‍.

4. സല്‍കര്‍മങ്ങള്‍.

5. രാത്രി നമസ്‌കാരം.

ഇവ നിന്റെ രക്ഷാമാര്‍ഗം തുറന്നു തന്നേക്കാം. 

ഇപ്പോള്‍ ജീവിച്ചിരിക്കുന്ന നീ ഈ കുറിപ്പ് കൊണ്ട് മറ്റുള്ളവരെ ബോധവല്‍ക്കരിച്ചാല്‍ അതിന്റെ ഗുണഫലം അന്ത്യനാളില്‍ നിന്റെ കര്‍മങ്ങള്‍ തൂക്കിനോക്കുന്നേടത്ത് നിനക്കനുഭവപ്പെടും.

(നീ ഉല്‍ബോധിപ്പിക്കുക; ഉല്‍ബോധനം വിശ്വാസികള്‍ക്കു പ്രയോജനപ്പെടും)''