വ്യത്യസ്തമായ ഒരു അനുഭവം

എസ്.എ ഐദീദ് തങ്ങള്‍

2018 ഡിസംബര്‍ 01 1440 റബീഉല്‍ അവ്വല്‍ 23

പൊന്നാനിയിലെ ഒരു പുരാതന ഹിന്ദു തറവാട്. ആ വീട്ടുവളപ്പില്‍ ഒരു ചെറിയ ക്ഷേത്രമുണ്ട്. ഞങ്ങള്‍ക്കവിടെ കയറിച്ചെല്ലാന്‍ ആദ്യം അല്‍പം മടി തോന്നി. പശുവിനെ കറന്നുകൊണ്ടിരിക്കുകയായിരുന്ന ഗൃഹനാഥന്‍ ഞങ്ങളെ കണ്ടുയുടനെ ആ ജോലി ഭാര്യക്ക് വിട്ടുകൊടുത്ത് കൊണ്ട് ഓടിവന്ന് വളരെ താഴ്മയോടെ ഞങ്ങളോട് കയറിയിരിക്കാന്‍ പറഞ്ഞു.

കോഴിക്കോട്ട് നടക്കാനിരിക്കുന്ന സാല്‍വേഷന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷനിലേക്ക് ക്ഷണിക്കാനായിരുന്നു ചെന്നത്. വളരെ ചുരുങ്ങിയ വാക്കുകൡ ഞങ്ങള്‍ സന്ദര്‍ശനോദ്ദേശ്യം വ്യക്തമാക്കി.

അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് ഞങ്ങളോട് പറഞ്ഞു: ''മുസ്‌ലിംകളുടെ ഒരു പരിപാടിയിലേക്ക് ആദ്യമായിട്ട് നിങ്ങളാണ് ഞങ്ങളെ ക്ഷണിക്കാന്‍ വന്നത്. അത്‌കൊണ്ട് തന്നെ തീര്‍ച്ചയായും ഈ ക്ഷണം വളരെ സന്തോഷത്തോടെ ഞങ്ങള്‍ സ്വീകരിക്കുന്നു. എക്‌സിബിഷന്‍ കാണാന്‍ ഞങ്ങള്‍ എത്തുകതന്നെ ചെയ്യും.''

ഞാന്‍ പറഞ്ഞു: ''വളരെ സന്തോഷം. ഏതായാലും ഇവിടെ വന്ന സ്ഥിതിക്ക് നമുക്ക് കുറച്ച് ആത്മീയകാര്യങ്ങള്‍ സംസാരിച്ചിരിക്കുന്നതില്‍ വിഷമമില്ലല്ലോ? ഇസ്‌ലാം മതത്തെപ്പറ്റിയും മുസ്‌ലിംകളെപ്പറ്റിയുമൊക്കെ ഒരുപാട് തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരവസ്ഥയാണല്ലോ ഇപ്പോഴുള്ളത്.'' 

''ഓ, അതിനെന്താ, ആവാലോ. എനിക്ക് വലിയ തിരക്കൊന്നുമില്ല'' എന്നു പറഞ്ഞ് കസേര ഞങ്ങളിലേക്ക് അടുപ്പിച്ചിട്ടു.

ഞാന്‍ തുടര്‍ന്നു: ''ലോകത്തിലെ മതവിശ്വാസികളെപ്പറ്റി താങ്കള്‍ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? മാതാപിതാക്കള്‍ ഏത് വിശ്വാസത്തിലായിരുന്നോ അതേ വിശ്വാസത്തിലായിരിക്കും അവര്‍ക്ക് ജനിക്കുന്ന സന്താനങ്ങളും. അപൂര്‍വം ചില അപവാദങ്ങളേ ഉണ്ടാകൂ. എന്റെ ബാപ്പ മുസ്‌ലിമായത്‌കൊണ്ട് ഞാനും ഒരു മുസ്‌ലിമായി മാറി. താങ്കളുടെ അച്ഛന്‍ ഹിന്ദുവായതിനാല്‍ താങ്കളും ഒരു ഹിന്ദുവായി ജീവിക്കുന്നു. ശരിയല്ലേ?''

''ഉവ്വ്! അത് ശരിതന്നെ'' അയാള്‍ ഞാന്‍ പറഞ്ഞത് ശരിവച്ചു. 

''തന്റെ പിതാവ് പറയുന്നതിലും വിശ്വസിക്കുന്നതിലും പഠിപ്പിക്കുന്നതിലുമപ്പുറം ഒരു സത്യം ഇല്ലെന്നായിരിക്കും പലരുടെയും ധാരണ. സ്വന്തം മതഗ്രന്ഥങ്ങള്‍ പോലും ഒരാവര്‍ത്തി വായിച്ചുനോക്കിയവര്‍ അത്യപൂര്‍വമായിരിക്കും.''

''അത് ശരിയാ. അതിനൊക്കെ ഇന്നെവിടെ സമയം?''

'എന്നാല്‍ ഭൗതികമായ നമ്മുടെ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ നാം നന്നായി ചിന്തിക്കുകയും പഠിക്കുകയും ചെയ്യുന്നില്ലേ. അതിന് സമയം കണ്ടെത്തുന്നില്ലേ? ജാതിമത ചിന്തകള്‍ക്കതീതമായി ഭൗതികവിഷയങ്ങളില്‍ ആരോടും കൂടിയാലോചിക്കാറില്ലേ? അഭിപ്രായം തേടാറില്ലേ? എന്നാല്‍ ആത്മീയ കാര്യങ്ങള്‍ക്ക് മാത്രം സമയമില്ല എന്ന് പറയുകയും ചെയ്യുന്നു.''

''നിങ്ങള്‍ പറയുന്നത് ശരിതന്നെയാ...എന്നാലും പാരമ്പര്യമായി പരിചയിച്ചുവന്നത് തുടരുക എന്നതാണ് നമ്മുടെ ശീലം. അതുകൊണ്ട് തന്നെ മറ്റു മതങ്ങളെക്കുറിച്ചൊന്നും മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ല.''

''ഇസ്‌ലാമിനെക്കുറിച്ച് ഒന്നും അറിയില്ലേ?''

''വിഗ്രഹങ്ങളെ ആരാധിക്കില്ല, ഏകദൈവവാദികളാണ് എന്ന് മാത്രമറിയാം.''

''അത് നല്ലൊരു അറിവു തന്നെയാണ്. ഇസ്‌ലാമിക വിശ്വാസത്തിന്റെ കാതലാണ് ഏകദൈവവിശ്വാസം. പ്രഞ്ചത്തിന് ഒരേയൊരു സ്രഷ്ടാവേയുള്ളൂ എന്നും ആ സ്രഷ്ടാവിനെ മാത്രമെ ആരാധിക്കാവൂ എന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. സൃഷ്ടിപൂജയെ വലിയ പാപമായി ഇസ്‌ലാം കാണുന്നു. കാരണം അത് ജീവിതവും എണ്ണമറ്റ അനുഗ്രഹങ്ങളും നല്‍കിയ ദൈവത്തോട് കാണിക്കുന്ന നന്ദികേടാണ്. താങ്കള്‍ക്ക് എന്റെ വാക്കുകള്‍ ഇഷ്ടപ്പെടുന്നില്ല എങ്കില്‍ ഞാന്‍ നിര്‍ത്താം...''

സംസാരത്തിനിടയില്‍ പെട്ടെന്ന് ഞാനിത് പറഞ്ഞപ്പോള്‍ അയാള്‍ ചെറുപുഞ്ചിരിയോടെ പറഞ്ഞു: ''ഹേയ്, യാതൊരനിഷ്ടവുമില്ല, എത്രവേണമെങ്കിലും പറഞ്ഞോളു. ഇസ്‌ലാമിനെക്കുറിച്ച് പറഞ്ഞുതരാന്‍ ആദ്യമായി ഈ പടികയറിവരുന്നത് നിങ്ങളാണ്. പുതിയ അറിവ് നേടുന്നതില്‍ സന്തോഷമേയുള്ളൂ.'' 

ഞാന്‍ തുടര്‍ന്നു: ''ഒരേയൊരു ദൈവമേയുള്ളൂ എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അറബിയില്‍ അല്ലാഹു എന്ന് പറയും. സൃഷ്ടിക്കുന്നവനും നിലനിര്‍ത്തുന്നവനും സംഹരിക്കുന്നവനും ഏകനായ അവന്‍ തന്നെ. അവന്‍ സര്‍വശക്തനും രഹസ്യപരസ്യങ്ങള്‍ സൂക്ഷ്മമായി അറിയുന്നവനും ആദിയും അന്ത്യവുമില്ലാത്തവനും ഉറക്കമോ മയക്കമോ ബാധിക്കാത്തവനും കരുണാനിധിയുമാണ്. ആരാധനക്കര്‍ഹന്‍ അവന്‍ മാത്രമാണ്. മുഹമ്മദ് നബിയിലൂടെ ഇസ്‌ലാം മതത്തെ അവന്‍ പൂര്‍ത്തിയാക്കിത്തന്നു. അന്തിമവേദഗ്രന്ഥമായ വിശുദ്ധ ക്വുര്‍ആന്‍ മാനരാശിക്കായി അവന്‍ അവതരിപ്പിച്ചു. അല്ലാഹുവിന്റെയും പ്രവാചകന്റെയും കല്‍പനാ നിര്‍ദേശങ്ങള്‍ ശിരസ്സാവഹിച്ച് ജീവിക്കുന്ന വ്യക്തിക്ക് മുസ്‌ലിം എന്ന് പറയുന്നു.'' 

''പൂജകളും വഴിപാടുകളുമടക്കം എല്ലാം ഏകദൈവത്തിനോടാകണം എന്നാണോ നിങ്ങളുടെ വിശ്വാസം?''

''അതെ, സ്രഷ്ടാവിനോട് മാത്രമെ പ്രാര്‍ഥിക്കാന്‍ പാടുള്ളു. നേര്‍ച്ചകളും വഴിപാടുകളുമൊക്ക അവനുമാത്രമായിരിക്കണം.'' 

''എന്നാല്‍ ശവകുടീരങ്ങളെ പൂജിക്കുന്നവരും ആനയും അമ്പാരിയുമായി ഞങ്ങള്‍ നടത്തുന്ന പൂരങ്ങള്‍ക്ക് സമാനമായി നേര്‍ച്ചകള്‍ നടത്തുന്നവരും നിങ്ങള്‍ക്കിടയിലുണ്ടല്ലോ. അതൊക്കെ ഇസ്‌ലാം പഠിപ്പിക്കുന്നതല്ലേ?''

നിഷ്‌കളങ്കമായ ആ ചോദ്യം ഉള്ളില്‍ തറക്കുന്നതായിരുന്നു. ഇസ്‌ലാമിന്റെ പേരില്‍ ചിലര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ യഥാര്‍ഥ ഇസ്‌ലാമിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്ന, ഇതുപോലുള്ള ജനലക്ഷങ്ങള്‍ നമ്മുടെ നാട്ടിലുണ്ടാകില്ലേ? 

''ഇതൊന്നും ഇസ്‌ലാം അംഗീകരിക്കുന്ന കാര്യങ്ങളല്ല. ഇസ്‌ലാം ഇതര മതദര്‍ശനങ്ങളില്‍നിന്നും വ്യതിരിക്തമാകുന്നത് തന്നെ അതിന്റെ കലര്‍പ്പില്ലാത്ത ഏകദൈവാരാധനയിലാണ്. വിഗ്രഹാരാധനയെ ഇസ്‌ലാം അംഗീകരിക്കുന്നില്ലെന്ന് ഞാന്‍ പറഞ്ഞല്ലോ. മരണപ്പെട്ടവരുടെ ശവകുടീരമുണ്ടാക്കി അവിടെ ചെന്ന് അതില്‍ അന്ത്യനിദ്രകൊള്ളുന്നവരോട് പ്രാര്‍ഥിക്കലും വിഗ്രഹാരാധനക്ക് സമമാണ്. ദൈവാവതാരസങ്കല്‍പം, പുനര്‍ജന്മവിശ്വാസം, ആള്‍ദൈവങ്ങള്‍, ദേവീദേവസങ്കല്‍പം എന്നിവയിലൊന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നില്ല. സകലമാന സൃഷ്ടികളെയും പടച്ചത് ആരാണോ, എല്ലാ കഴിവുകളുടെയും ഉടമസ്ഥാവകാശം ആര്‍ക്കാണോ, രഹസ്യങ്ങളും പരസ്യങ്ങളും അറിയുന്നവന്‍ ആരാണോ അവന്‍ മാത്രമാണ് ആരാധനകള്‍ക്കര്‍ഹന്‍. അതുതന്നെയാണ് ബുദ്ധിയുടെ തേട്ടവും. അപ്പോള്‍ എങ്ങനെയാണ് ദൈവത്തെ ആരാധിക്കേണ്ടതെന്ന ചോദ്യം ഉദിക്കുന്നു. ഓരോരുത്തരും തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ ദൈവത്തെ ആരാധിച്ചാല്‍ മതിയാവുമോ? അത് ഓരോരുത്തരുടെയും തോന്നലുകള്‍ക്കനുസരിച്ചായാല്‍ പോരാ. അത്തരത്തിലുള്ള സകല മതവിധികളും പഠിപ്പിക്കുവാനാണ് മനുഷ്യരില്‍ നിന്ന് തന്നെ ദൈവം പ്രവാചകന്മാരെ നിയോഗിച്ചത്.'' 

''അതിരിക്കട്ടെ എനിക്ക് ഒരു കാര്യം ചോദിക്കാന്‍ തോന്നുന്നു. നിങ്ങള്‍ക്ക് അനിഷട്കരമാകില്ലെങ്കില്‍ ചോദിക്കട്ടെ?''

''ഞങ്ങള്‍ക്കെന്തിന് അനിഷ്ടം തോന്നണം? ചോദിച്ചോളൂ.''

''നിങ്ങള്‍ വളരെ ദൂരെനിന്നും യാത്രചെയ്തുവന്ന് പരിപാടിയിലേക്ക് ക്ഷണിക്കുന്നതിലും ഇതുപോലെ കാര്യങ്ങള്‍ വിശദീകരിച്ചുതരുന്നതിലും അത്ഭുതം തോന്നുന്നു. ഇതുകൊണ്ടൊക്കെ നിങ്ങള്‍ക്ക് എന്ത് ലഭിക്കാനാണ്?''

''ഞങ്ങള്‍ക്ക് ഭൗതികമായ ഒരു ലക്ഷ്യവുമില്ല. ഞങ്ങളുടെ കടമ നിര്‍വഹിക്കുന്നു എന്ന് മാത്രം.''

''നിങ്ങളുടെ വിശ്വാസത്തിലുള്ള ആത്മവാര്‍ഥതയെ ഞാന്‍ അഭിനന്ദിക്കുന്നു. നേരത്തെ നിങ്ങള്‍ പറഞ്ഞല്ലോ പുനര്‍ജന്മസിദ്ധാത്തില്‍ നിങ്ങള്‍ക്ക് വിശ്വാസമില്ല എന്ന്. പിന്നെ നിങ്ങളുടെ വിശ്വാസം എന്താണ്? ''

''പുനരുത്ഥാനമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഈ ലോകം ഒരിക്കല്‍ അവസാനിക്കുമെന്നും പിന്നീട് മനുഷ്യരെല്ലാം അവരായിക്കൊണ്ടുതന്നെ മടങ്ങിവരുമെന്നും അവരുടെ വിശ്വാസത്തിന്റെയും കര്‍മത്തിന്റെയും അടിസ്ഥാനത്തില്‍ വിചാരണചെയ്യപ്പെടുകയും സല്‍കര്‍മികളായി ജീവിച്ചിരുന്നവര്‍ക്ക് സ്വര്‍ഗവും ദുഷ്‌കര്‍മികളായി ജീവിച്ചിരുന്നവര്‍ക്ക് നരകവും വിധിക്കപ്പെടുമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. അവിടെ ഗുണം ലഭിക്കുന്ന ഒരു പ്രവര്‍ത്തനം എന്ന നിലയാണ് ഞങ്ങളിപ്പോള്‍ താങ്കളുമായി സംസാരിക്കുന്നത് പോലും.''

സംസാരത്തിനിടയില്‍ അയാളുടെ ഭാര്യ ചായയുമായി വന്നു. ചായ കുടിക്കുന്നതിനിടയില്‍ പരിചയപ്പെടലും ചില നാട്ടുവര്‍ത്തമാനങ്ങളുമൊക്കെ നടന്നു. കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ടെന്നും എക്‌സിബിഷന് കുടുംബസമേതം എത്തുമെന്നും പറഞ്ഞ് അയാള്‍ സസന്തോഷം ഞങ്ങളെ യാത്രയാക്കിയത് സന്തോഷകരമായ അനുഭവമായി ഇന്നും മനസ്സില്‍ നിറയുന്നു.