'ആര്‍ക്കിയോപ്‌റ്റെറിക്‌സ്' ലക്ഷണമൊത്ത ഫോസിലോ?

അലി ചെമ്മാട്

2018 ഡിസംബര്‍ 22 1440 റബീഉല്‍ ആഖിര്‍ 14

ആര്‍കിയോറാപ്റ്റര്‍ തട്ടിപ്പായിരുന്നുവെന്നത് എല്ലാവരും ഏകസ്വരത്തില്‍ അംഗീകരിക്കുന്നുണ്ട്.എന്നാല്‍ ആര്‍കിയോപ്‌റ്റെറിക്‌സ് ഫോസിലും കുറ്റമറ്റതല്ല. ആര്‍കിയോപ്‌റ്റെറിക്‌സിനെ കുറിച്ച് വിക്കിപീഡിയ ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്: ''ആര്‍കിയോപ്‌റ്റെറിക്‌സ് പലപ്പോഴും അതിന്റെ ജര്‍മന്‍ നാമമായ 'ഉര്‍വോജല്‍' ('യഥാര്‍ഥ പക്ഷി' അല്ലെങ്കില്‍ 'ആദ്യ പക്ഷി') എന്ന് പരാമര്‍ശിക്കപ്പെടും. ഇതൊരു പക്ഷി വര്‍ഗമാണ്. ദിനോസറിനെ പോലെ, അതായത് പറക്കാന്‍ ശേഷിയില്ലാത്ത തൂവലുള്ള ദിനോസറുകള്‍ക്കും ആധുനിക പക്ഷികള്‍ക്കും ഇടയിലെ പരിവര്‍ത്തിത വര്‍ഗം. ഈ പേര് ഉത്ഭൂതമായിട്ടുള്ളത് പൗരാണിക ജര്‍മന്‍ ഭാഷയില്‍ നിന്നാണ്. 'ആര്‍കിയോ' എന്നാല്‍ പൗരാണികം എന്നും 'പ്‌റ്റെറിക്‌സ്' എന്നതിന് തൂവല്‍ അല്ലെങ്കില്‍ ചിറക് എന്നുമാണ് അര്‍ഥം. പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാനം മുതല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യം വരെ പാലിയന്റോളജിസ്റ്റുകളും പ്രധാന റഫറന്‍സ് ഗ്രന്ഥങ്ങളും അറിയപ്പെടുന്ന ആദ്യ പക്ഷിയായി ആര്‍ക്കിയോപ്‌ടെറിക്‌സിനെ അംഗീകരിച്ചിരുന്നു.''(1)

ഇതിന്റെ പ്രത്യേകതകള്‍ ഇങ്ങനെ വ്യക്തമാക്കുന്നു: ''ആര്‍കിയോപ്‌റ്റെറിക്‌സ് ജുറാസിക് പീരിഡിന്റെ അവസാനത്തില്‍ ഏകദേശം 150 മില്യന്‍ വര്‍ഷങ്ങള്‍ക്കുമുമ്പാണ് ജീവിച്ചിരുന്നത്. ഇന്നത്തെ ഇക്യൂറ്റര്‍ മേഖലക്ക് തൊട്ടടുത്തായി ഇപ്പോഴത്തെ തെക്കന്‍ ജര്‍മനിയില്‍ യൂറോപ്പ് ഉഷ്ണ ജലപ്രവാഹ മേഖലയിലെ ദ്വീപസമൂഹം ആയിരുന്ന കാലത്ത്... ആര്‍കിയോപ്‌റ്റെറിക്‌സ് സ്പീഷിസുകള്‍ കൂടുതലും 0.5 മീറ്റര്‍ (1 അടി 8 ഇഞ്ച്) വലുപ്പം ആണുണ്ടായിരുന്നത്. ആര്‍കിയോപ്‌ടെറിക്‌സിന് ആധുനിക പക്ഷികളെക്കാള്‍ കൂടുതല്‍ സാമ്യം മെസോസോയിക്ക് ദിനോസറിനോടാണ്. വിശദാംശങ്ങളില്‍ താടിയെല്ലും മൂര്‍ച്ചയുള്ള പല്ലുകളും കൂര്‍ത്ത നഖമുള്ള മൂന്നു വിരലുകളും നീളമുള്ള എല്ലു കൊണ്ടുള്ള വാലും കൂടുതല്‍ നീട്ടാന്‍ സാധ്യമായ ഉയര്‍ന്ന നടുവിരല്‍, തൂവല്‍, (ഉഷ്ണരക്ത ജീവികളില്‍ കാണുന്ന) ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ തൂവല്‍ തുടങ്ങിയവ.

ഈ പ്രത്യേകതകള്‍ ആര്‍കിയോപ്‌ടെറിക്‌സിനെ പറക്കാന്‍ ശേഷിയില്ലാത്ത ദിനോസറുകള്‍ക്കും പക്ഷികള്‍ക്കും ഇടയിലെ വളരെ വ്യക്തമായ പരിവര്‍ത്തിത ഫോസിലാക്കി മാറ്റുന്നു. അതുകൊണ്ട് ആര്‍കിയോപ്‌ടെറിക്‌സ് പക്ഷികളെക്കുറിച്ചുള്ള പഠനങ്ങളില്‍ മാത്രമല്ല ദിനോസറുകളെ സംബന്ധിച്ചുള്ള പഠനങ്ങളിലും വളരെ പ്രധാനപ്പെട്ട വേഷമിടുന്നു. ഇതാകട്ടെ 1861ല്‍ കിട്ടിയ ഒരു തൂവലിനെ ആധാരമാക്കി നല്‍കിയ പേരാണ്.''(2)

ആര്‍കിയോപ്‌റ്റെറിക്‌സിന്റെ പ്രത്യേകതകള്‍ 

അതിന് ദിനോസറുമായുള്ള ബന്ധവും അത് പക്ഷിയാണെന്ന് വ്യക്തമാക്കുന്ന പ്രത്യേകതകളും ഇതുപോലെ വളരെ സ്പഷ്ടമായ രീതിയില്‍ വിശദീകരിക്കുന്നുണ്ട് വിക്കിപീഡിയ ലേഖനത്തില്‍. 

എന്നിട്ടുമെന്തേ ഒരൊറ്റ തൂവലില്‍ നിന്നും വര്‍ണിക്കാന്‍ തുടങ്ങിയ പത്തോളം ഫോസിലുകള്‍ ലഭിച്ചിട്ടും; ഒരു നൂറ്റാണ്ടിലേറെ കാലം യാതൊരു സംശയവുമില്ലാതെ അവയെ സ്വീകരിച്ചിട്ടും ഈ പക്ഷി പൂര്‍വികന്‍ ഇന്ന് നിലനില്‍പിനു വേണ്ടിയുള്ള സമരത്തില്‍ അകപ്പെട്ടത്? ഈയടുത്തകാലത്ത് മാത്രം എന്തുപറ്റി? നമുക്ക് അതിനെക്കുറിച്ച് കൂടി അന്വേഷിക്കാം: 

''1985ന്റെ തുടക്കത്തില്‍ ജ്യോതിശാസ്ത്രജ്ഞന്‍ ഫ്രെഡ് ഹോയിലും ഭൗതിക ശാസ്ത്രജ്ഞന്‍ ലീ സ്‌പെറ്റ്‌നറും ഉള്‍പെടെ വലിയ വിഭാഗം ലണ്ടന്‍, ബര്‍ലിന്‍ ആര്‍കിയോപ്‌റ്റെറിക്‌സ് ഫോസിലുകളിലെ തൂവലുകള്‍ കൃത്രിമമായി ചേര്‍ത്തതാണെന്ന് നിരന്തരമായി പഠനങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാല്‍ ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ അലന്‍ ജെ ചാരിഗ് ഉള്‍പെടെയുള്ളവര്‍ ഇത് തള്ളിക്കളഞ്ഞു.''(3)

1861 മുതല്‍ 1985 വരെ യാതൊരു വിധ  എതിരഭിപ്രായവുമില്ലാതെ വിലസിയിരുന്ന ഫോസിലിനെ സത്യതയില്‍ സംശയത്തിന്റെ കരിനിഴല്‍ വീഴാന്‍ തുടങ്ങി എന്നര്‍ഥം. പരിണാമ പ്രചാരകര്‍ അതില്‍ സംശയം ഉന്നയിക്കുന്നവരുടെ പേരില്‍ സാധാരണ തീര്‍ക്കാനുള്ള പ്രതിരോധം തന്നെയാണ് ഇവിടെയും നമുക്ക് കാണാന്‍ കഴിയുന്നത്. വിക്കി തുടരുന്നു: ''കൃത്രിമമാണെന്ന് പറയാന്‍ അവരുടെ പ്രധാന തെളിവുകളുടെ അടിസ്ഥാനം 'ലിതിഫിക്കേഷന്‍' പ്രക്രിയയിലെ അജ്ഞതയാണ്.''(4)്യു്യു

മറ്റൊരു ലേഖനത്തില്‍ ഇതേക്കുറിച്ച് പറയുന്നു: ''1983ല്‍ പ്രശസ്ത റേഡിയോ ജ്യോതിശാസ്ത്രജ്ഞന്‍ സര്‍ ഫ്രഡ് ഹോയിലിന്റെ നേതൃത്വത്തില്‍ അരഡസനോളം ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ ആര്‍ക്കിയോപ്‌റ്റെറിക്‌സിന്റെ മാതൃകയില്‍ നിന്നും പ്ലേറ്റുകളും എതിര്‍ പ്ലേറ്റുകളും എടുത്തു പഠിച്ചു. അവര്‍ അതില്‍നിന്നും വ്യാജ നിര്‍മിതികള്‍ കണ്ടെത്തുകയും ചെയ്തു. ഓരോ മാതൃകയുടെയും മുന്‍ പിന്‍ സ്ലാബുകള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നും കണ്ടെത്തി. 1963ലെ ചിത്രീകരണത്തില്‍ നിന്നും ഒരു വ്യത്യാസം ഇടത്തെ ചിറകിന് സംഭവിച്ചിരിക്കുന്നത് അവര്‍ കണ്ടെത്തി. തൂവലിന്റെ അടയാളം കയ്യില്‍ പതിഞ്ഞിരിക്കാമെന്ന്അവര്‍ മനസ്സിലാക്കി. മുദ്രണ പ്രക്രിയക്ക് സിമന്റ് മിശ്രിതം ഉപയോഗിച്ചിരുന്നുവെന്നും കണ്ടെത്തി. ശാസ്ത്രജ്ഞന്‍മാര്‍ ഇലക്ട്രോണിക് മൈക്രോസ്‌കോപ്പ് ഉപയോഗിക്കാനും കാര്‍ബണ്‍ 14 ഡേറ്റിംഗ് നടത്താനും അനുമതി തേടിയെങ്കിലും മ്യൂസിയം അധികൃതര്‍ വിസമ്മതിക്കുകയും അവരില്‍നിന്ന് മാതൃകകള്‍ തിരിച്ചുവാങ്ങുകയും ചെയ്തു. ബ്രിട്ടീഷ് മ്യൂസിയം തന്നെയാണ് കുപ്രസിദ്ധമായ പില്‍റ്റ് ഡൗണ്‍ ഫോസില്‍ തട്ടിപ്പിന് സൗകര്യമൊരുക്കിയിരുന്നത്.(5)

ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രശസ്തനായ പരിണാമ നാസ്തിക പ്രചാരകനും പ്രബോധകനുമായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ഏറ്റവും ആധുനികമായ പരിണാമ പ്രത്യയശാസ്ത്ര കൃതിയില്‍ (ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം; പരിണാമത്തിന്റെ തെളിവുകള്‍) ബോധപൂര്‍വം നടത്തിയ തട്ടിപ്പുകളും സൂത്രപ്പണികളും വിശകലനം ചെയ്യേണ്ടതുണ്ട്. അതിനുമുമ്പ് പരിണാമ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ഒരു കൊടുംചതിയെക്കുറിച്ച് മനസ്സിലാക്കാം.  

പില്‍റ്റ് ഡൗണ്‍ കൊടും ചതി 

157 വര്‍ഷത്തെ പരിണാമ ചരിത്രത്തില്‍ പിടിക്കപ്പെട്ടതില്‍ ഇത്രയും ഭീകരമായ കൊടും ചതി വേറെ കാണില്ല. ഒരു പക്ഷേ, ഇതിലും ഭീകരങ്ങളായ ചതികളും വഞ്ചനകളും തട്ടിപ്പുകളും പുറത്തറിയാതെ ശാസ്ത്രത്തിന്റെ കണക്കു പുസ്തകത്തില്‍ വരവ് വച്ചിരിക്കുകയുമാകാം. ഇങ്ങനെ വല്ലപ്പോഴും സത്യം പുറത്തറിയും എന്ന് മാത്രം. മനുഷ്യനും കുരങ്ങനുമിടയിലെ മധ്യ വര്‍ഗമെന്ന നിലയില്‍ ചൂണ്ടിക്കാണിക്കാന്‍ തെളിവിന്റെ തരിമ്പും ഇല്ലാതിരുന്നതു കൊണ്ട് ബ്രിട്ടീഷ് ആര്‍ക്കിയോളജിസ്റ്റ് ചാള്‍സ് ഡൗണ്‍(6) നിര്‍മിച്ചെടുത്ത കള്ള ഫോസിലാണ് 'പില്‍റ്റ് ഡൗണ്‍ ഫോസില്‍.' മനുഷ്യന്റെ തലയോട്ടിയില്‍ ഒറാങ് ഉട്ടാങ്ങിന്റെ താടിയെല്ല് ഘടിപ്പിച്ച് പഴക്കം തോന്നിക്കാന്‍ ആസിഡ് പ്രയോഗവും പൊട്ടിക്കലും ഒട്ടിക്കലും ചായം പൂശലുമെല്ലാം നടത്തിയെടുത്താണ് പില്‍റ്റ് ഡൗണ്‍ മനുഷ്യഫോസില്‍ പടച്ചുണ്ടാക്കിയയത്!

''പില്‍റ്റ് ഡൗണ്‍ മനുഷ്യ തട്ടിപ്പ് എന്നത് തുണ്ടുകളാക്കിയ എല്ലിന്‍ കഷ്ണങ്ങള്‍ ഫോസിലീകരിച്ച് നിര്‍മിച്ച പേരറിയപ്പെടാത്ത ആദിമ മനുഷ്യനാണ്. ഈ എല്ലിന്‍ കഷ്ണങ്ങളില്‍ തലയോട്ടിയുടെയും താടിയെല്ലിന്റെയും ഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. ഇത് 1912 ല്‍ ഇംഗ്ലണ്ടിലെ ഈസ്റ്റ് സസ്സെക്‌സിലെ പില്‍റ്റ് ഡൗണിലെ കുഴിമാടത്തില്‍ നിന്ന് ലഭിച്ചതാണെന്ന് പറയപ്പെടുന്നു. ഇതിന് ലാറ്റിന്‍ ഭാഷയില്‍  ഇയാന്ത്രോപ്പസ് ഡൗസോണി എന്ന് നാമകരണവും ചെയ്തു. ഇത് കണ്ടെത്തിയത് ചാള്‍സ് ഡൗണ്‍ ആണ്. 1953 ല്‍ ഇത് കള്ള നിര്‍മിതിയാണെന്ന് തെളിയുന്നത് വരെ ഏറെ പ്രാധാന്യപൂര്‍വം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആധുനിക മനുഷ്യന്റെ തലയോട്ടിയില്‍ ഒറാങ് ഉട്ടാങ്ങിന്റെ താടിയെല്ല് ബോധപൂര്‍വം കൂട്ടിയോജിപ്പിച്ച് ഉണ്ടാക്കിയെടുത്തതാണ്. ഒരു പക്ഷേ, പില്‍റ്റ് ഡൗണ്‍ ചതിയോളം കുപ്രസിദ്ധമായ മറ്റൊരു തട്ടിപ്പ് പാലിയന്റോളജി ചരിത്രത്തില്‍ തന്നെ വേറെയുണ്ടാകില്ല. രണ്ടു കാരണത്താല്‍ ഇത് പ്രത്യേകം ശ്രദ്ധേയമാകുന്നു. ഇത് മനഷ്യപരിണാമത്തെ വിശകലനം ചെയ്യുന്നുവെന്നതും ഈ ചതി പുറത്തുവരാന്‍ ഏറെ കാലം വേണ്ടിവന്നു എന്നതുമാണ് ഇതിനെ ശ്രദ്ധേയമാണ്.''(7) 

പില്‍റ്റ് ഡൗണ്‍ തട്ടിപ്പായിരുന്നു എന്നത്  പരിണാമത്തെക്കുറിച്ച് ഏകദേശ ധാരണയുള്ള എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. പില്‍റ്റ് ഡൗണ്‍ കൊടും ചതിക്ക് പിന്നില്‍ ചാള്‍സ് ഡൗണ്‍ ആയിരുന്നുവെന്നും ആ സാങ്കല്‍പിക ജന്തുവിന്റെ നാമം ഇയാന്ത്രോപ്പസ് ഡൗസോണി എന്നാണെന്നും ആ പേര് ലഭിക്കാന്‍ കാരണം ഫോസില്‍ അവതരിപ്പിച്ച ഡൗസന്റെ പേര് അദ്ദേഹത്തോടുള്ള ആദര സൂചകമായി നല്‍കിയതാണെന്നും വ്യക്തമാകുന്നു. ഈ ഫോസില്‍ നിര്‍മിച്ചെടുത്തത് ഡോസനായിരുന്നു എന്നത് തെളിയിക്കുന്ന മറ്റൊരു മൂര്‍ത്തമായ തെളിവ് ദ ഗാര്‍ഡിയന്‍ പത്രം കണ്ടെത്തിയതിന്റെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേപ്പര്‍ കട്ടിംഗ് ഇന്നും ലഭ്യമാണ്. ഈ വാര്‍ത്ത ദ ഗാര്‍ഡിയന്‍ പത്രം പ്രസിദ്ധീകരിച്ചത് 1912 ഡിസംബര്‍ 12നായിരുന്നു. അതിന്റെ തലക്കെട്ട് A hitherto unknown species story of the Sussex discovery എന്നാണ്. ഈ വാര്‍ത്ത ആദ്യമായി പ്രസിദ്ധീകരിച്ചത് ദ മാഞ്ചസ്റ്റര്‍ ഗാര്‍ഡിയനില്‍ 1912 നവംബര്‍ 21ന് ആയിരുന്നു എന്നും പ്രസ്തുത വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. ഈ വാര്‍ത്തയുടെ ആല്‍കെയ്‌വ്  ഓണ്‍ലൈന്‍ എഡിഷന്റെ തലക്കെട്ട് ''പില്‍റ്റ് ഡൗണ്‍ മനുഷ്യന്‍ ഇത് വരെ അറിയപ്പെടാത്ത ഒരു സ്പീഷിസ്; നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് പില്‍റ്റ് ഡൗണ്‍ മനുഷ്യനെ കണ്ടെത്തിയ വാര്‍ത്ത കേട്ട് ലോകം അമ്പരന്നു. പിന്നീട് ബ്രിട്ടീഷ് ആര്‍ക്കിയോളജിയിലെ ഏറ്റവും കുപ്രസിദ്ധ രഹസ്യം വെളിച്ചത്തായി'' എന്നാണ്. ശേഷം പഴയ വാര്‍ത്ത തുടരുന്നു:

''ഇന്ന് രാത്രി ബെിര്‍മിങ്ടണ്‍ ഗാര്‍ഡനിലെ ജിയോളജിക്കല്‍ സൊസൈറ്റിയില്‍ വെച്ച മനുഷ്യ വര്‍ഗത്തിന്റെ ഏറ്റവും പ്രാചീന തെളിവ് എന്ന കരുതുന്ന ചരിത്രാതീത തലയോട്ടി കണ്ടെത്തിയ ആള്‍ ശാസ്ത്രജ്ഞന്മാരുടെ തിങ്ങിനിറഞ്ഞ സദസ്സിന് മുന്നില്‍ തന്റെ അനുഭവം വിശദീകരിച്ചു. ഈ കണ്ടെത്തലിനെ കുറിച്ചുള്ള ആദ്യ പ്രഖ്യാപനം മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍ നവംബര്‍ 21ന് പ്രത്യേക ഫീച്ചര്‍ ആയി പ്രസിദ്ധീകരിച്ചിരുന്നു. ഇന്ന് രാത്രി ഡോ: വുഡ് വാര്‍ഡ് ഇപ്രകാരം പറഞ്ഞു; ഈ തലയോട്ടി ഇതുവരെ അജ്ഞാതമായ ഒരു മനുഷ്യ വര്‍ഗത്തെ അവതരിപ്പിക്കുന്നതാണെന്ന് കണക്കാക്കാവുന്നതാണ്. ആ മനുഷ്യ വര്‍ഗത്തിന് ഒരു പുതിയ നാമം നിര്‍ദേശിക്കപ്പെടുകയും ചെയ്തിരിക്കുന്നു.''

പ്രഭാഷണം സദസ്സ് ആകാംക്ഷാപൂര്‍വം കാത്തിരുന്ന ഒന്നായിരുന്നു. വലിയ സംവാദങ്ങളും ചര്‍ച്ചകളും അത് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. തലയോട്ടി കണ്ടെത്തിയ വ്യക്തിയായ സസ്സെക്‌സില്‍ നിന്നുമുള്ള ഒരു അഭിഭാഷകന്‍ മിസ്റ്റര്‍ ചാള്‍സ് ഡൗസണ്‍ തലയോട്ടി പ്രദര്‍ശിപ്പിക്കുകയും തന്റെ കണ്ടെത്തലിന്റെ അനുഭവം വിശദീകരിക്കുകയും ചെയ്തു.  ജിയോളജിക്കല്‍ സൊസൈറ്റിയിലെ ഡോ. ആര്‍തര്‍ സ്മിത്ത് വുഡ് വാര്‍ഡ് ശേഷിപ്പ് പരിശോധിച്ച് താന്‍ കണ്ടെത്തിയ നിഗമനങ്ങളെ കുറിച്ച് ഒരു പ്രബന്ധവും അവതരിപ്പിച്ചു.(8)

ഈ വാര്‍ത്ത പുനഃപ്രസിദ്ധീകരിച്ചത് 2012 ഡിസംബര്‍ 19നാണ്. പില്‍റ്റ് ഡൗണ്‍ തട്ടിപ്പ് നടന്ന്  കൃത്യം 100 വര്‍ഷം തികയുമ്പോള്‍.

റഫറന്‍സസ്: 

1. https://en.wikipedia.org/wiki/Archaeopteryx

2. https://en.wikipedia.org/wiki/Archaeopteryx

3. https://en.wikipedia.org/wiki/Archaeopteryx#Controversy

4. https://en.wikipedia.org/wiki/Archaeopteryx#Controversy

5. htpp://wwwcoservapedia.com/Archaeopteryx

6. https://en.wikipedia.org/wiki/Charles_Dawson

7. https://en.wikipedia.org/wiki/Piltdown_Man

8. https://www.theguardian.com/theguardian/2012/dec/19/piltdownmanhoaxarchaeology1912