സകാത്ത് ഒരു പുനര്‍ചിന്ത

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2018 മെയ് 26 1439 റമദാന്‍ 10

ഇസ്‌ലാം മനുഷ്യര്‍ക്ക് നിശ്ചയിച്ചു തന്ന അനുഷ്ഠാന കാര്യങ്ങള്‍ പരിശോധിച്ചാല്‍ അവയിലെല്ലാം പൊതുവായി സ്വയം സമര്‍പ്പണത്തിന്റെയും വിനയപൂര്‍വമുള്ള പ്രാര്‍ഥനയുടെയും അടിസ്ഥാന ആശയം നിലനില്‍ക്കുന്നതായി കാണാം. അതിനു പുറമെ, വ്യക്തിയുടെ മാനസിക, ശാരീരികാരോഗ്യം, ജീവിതനിഷ്ഠ, സാമൂഹ്യബന്ധം, സാമ്പത്തികവിശുദ്ധി എന്നീ ഘടകങ്ങളും ഈ ആരാധനാനുഷ്ഠാനങ്ങളില്‍ കൂടി ഇസ്‌ലാം ലക്ഷ്യമാക്കുന്നു. തനിക്കു ചുറ്റുമുള്ള പരശ്ശതം ജനങ്ങളില്‍ വേറിട്ടുനില്‍ക്കുന്ന ഒരു വ്യക്തിത്വമാണ് രണ്ട് ശഹാദത്തില്‍ കൂടി ഒരു വിശ്വാസി സ്വയം പ്രഖ്യാപിക്കുന്നത്. മാനസിക ശുദ്ധിയോടൊപ്പം ശാരീരിക-പരിസര ശുദ്ധി, സമയ നിഷ്ഠ, അവധാനത, മനഃശാന്തി, സംഘബോധം തുടങ്ങിയ ഗുണങ്ങള്‍ കൂടി നമസ്‌കാരത്തില്‍ കൂടി നേടാന്‍ കഴിയും. ഇത്‌പോലെ അന്നപാനീയങ്ങളും ആശാസ്യമല്ലാത്ത വാക്കും പ്രവര്‍ത്തിയും ബോധപൂര്‍വം ഉപേക്ഷിച്ചു നോമ്പനുഷ്ഠിക്കുന്നതും, താന്‍ അധ്വാനിച്ചുനേടിയ സമ്പത്തില്‍നിന്നും തനിക്കു ലഭിച്ച ഭൂവിളകളില്‍നിന്നും ഒരു നിശ്ചിത ഓഹരി സാധുക്കള്‍ക്ക് നല്‍കുന്ന സകാതും, മാനവിക സമത്വത്തിന്റെ പ്രതീകമായി ത്യാഗപൂര്‍വം നിര്‍വഹിക്കേണ്ട ഹജ്ജും മുഖേന ആത്മീയ ശുദ്ധിക്കു പുറമെ ഭൗതിക ജീവിതത്തിന്നു വേണ്ട നിലപാടും കാഴ്ചപ്പാടും മനുഷ്യര്‍ക്കു ലഭ്യമാകുന്നുണ്ട്.

ഈ അനുഷ്ഠാന കാര്യങ്ങളില്‍ സാമൂഹ്യ പ്രതിബദ്ധത കൂടുതല്‍ തെളിഞ്ഞുകാണുന്ന സകാതിനെപ്പറ്റിയാണ് ഈ ലേഖനത്തില്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. 

നല്ലതു മാത്രമെ ഭക്ഷിക്കാവൂ എന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഒരു വസ്തു നല്ലതാവുന്നത് (ത്വയ്യിബ്) എപ്പോഴാണ്? ഒന്ന്, അല്ലാഹു മനുഷ്യര്‍ക്ക് നിരോധിച്ചവ ഒഴിവാക്കുമ്പോള്‍. ഉദാ: ശവം, പന്നിമാംസം, കൊള്ള ചെയ്തത് എന്നിവ. ഇതൊന്നുമല്ലാത്ത, നല്ലതും മാന്യവുമാണെന്ന് ബാഹ്യദൃഷ്ടിയില്‍ വിചാരിക്കുന്ന വസ്തുക്കള്‍ തന്നെ, സകാത്ത് കൊടുത്തു തീര്‍ക്കാത്തതാണെങ്കില്‍ ആ സമ്പാദ്യം ത്വയ്യിബല്ല. അത് തിന്നുന്നതും മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും തീറ്റിക്കുന്നതും ഉടുപ്പിക്കുന്നതും നിഷിദ്ധമാണ്. 

നബി ﷺ  പറയുന്നത് നോക്കുക: ''നിഷിദ്ധമായ സമ്പാദ്യം കൊണ്ട് പോഷണം ലഭിച്ച ശരീരത്തിന്ന് സ്വര്‍ഗ പ്രവേശനമില്ല.'' ഈ അര്‍ഥത്തില്‍ ധാരാളം നബിവചനങ്ങള്‍ ഉദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ട്. ക്വുര്‍ആന്‍ സൂറതുത്തൗബ 34ാം വചനവും ഈ ആശയം ശരിവെക്കുന്നുണ്ട്: 

''സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കി വെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.''

ശുദ്ധീകരണം

അപ്പോള്‍ നമ്മുടെ സമ്പത്ത് എത്രയായാലും നാം തന്നെ ശുദ്ധീകരിച്ചേ പറ്റൂ. ഈ ശുദ്ധീകരണ പ്രവര്‍ത്തനമാണ് സകാത് മുഖേന നടക്കുന്നത്. ജീവിതഗന്ധിയായ ഒരു ഉപമയില്‍ കൂടി നമുക്കിത് ഗ്രഹിക്കാം. ഗള്‍ഫില്‍ നിന്ന് നട്ടിലേക്ക് വരുന്ന നമ്മുടെ ലഗേജില്‍ കൂടെ ജോലിചെയ്യുന്ന സുഹൃത്ത് തന്റെ കുട്ടികള്‍ക്കു കൊടുക്കാനായി ഒരു പെട്ടി ചോക്കലേറ്റ് തന്നയച്ചു എന്ന് സങ്കല്‍പിക്കുക. നമ്മുടെ പെട്ടി നിറയെ നമ്മുടെ കുടുംബത്തിന്നു മാത്രമുള്ള സാധനങ്ങളാണ്. ഒരു ചെറിയ പാക്കറ്റ് മാത്രം മറ്റൊരു കുടുംബത്തിന്റെതും. അതും കൂടി നാം അവര്‍ക്കുകൊടുക്കാതെ നമ്മുടെ മക്കള്‍ക്ക് എടുത്തുകൊടുക്കുന്നത് എത്രയധികം അന്യായമാണ്! അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ സമ്പാദ്യം ചെറിയൊരു വിഹിതമൊഴിച്ച് ബാക്കി നമുക്ക് മാത്രമാണ്. രണ്ടരശതമാനം, അഞ്ച് ശതമാനം, പത്ത് ശതമാനം എന്നിങ്ങനെ സമ്പാദ്യത്തിന്റെ സ്വഭാവമനുസരിച്ചുള്ള വിഹിതം നമ്മുടെ ബന്ധുക്കളിലും അയല്‍പക്കത്തും സമൂഹത്തിലുമുള്ള അഗതികള്‍ക്കും ദരിദ്രര്‍ക്കും തിരിച്ചു കൊടുക്കാന്‍ വേണ്ടി അല്ലാഹു നമ്മെ ഏല്‍പിച്ചതാണ്. അത് കൊടുക്കാതിരിക്കുന്നത്, അല്ലെങ്കില്‍ കൊടുക്കേണ്ട വിഹിതത്തില്‍ കുറവു വരുത്തുന്നത് എന്തൊരപരാധമാണ്! കൃത്യമായി സകാത് കൊടുക്കാതെ അല്ലാഹു നല്‍കിയ സമ്പത്ത് സ്വയം ഉപയോഗിക്കുന്നവന്‍ എത്ര അധമനാണ്! സകാത് എന്ന പദത്തിന്റെ അര്‍ഥം ശുദ്ധീകരണം എന്നാണ്. പാവങ്ങളുടെ അവകാശം കൊടുത്തുതീര്‍ത്ത് ശുദ്ധീകരിക്കുക എന്നാണ് അത്‌കൊണ്ട് അര്‍ഥമാക്കുന്നത്.

സകാത് സമ്പത്തിന്റെ വളര്‍ച്ച

സകാത് കൊടുത്താല്‍ അത്രയും സമ്പാദ്യം കുറഞ്ഞുപോകുമെന്നാണ് പലരും ഭയപ്പെടുന്നത്. ഒന്നു നാം മനസ്സിലാക്കണം, സമ്പത്ത് നല്‍കുന്നവനും പിന്‍വലിക്കുന്നവനും അല്ലാഹുവാണ്. അല്ലാഹു നല്‍കിയതിന്റെ ഒരംശം അവന്റെ നിശ്ചയ പ്രകാരം നല്‍കിയില്ലെങ്കില്‍ അതവന്ന് തിരിച്ചെടുക്കാന്‍ കഴിയുമെന്ന് നാം ഭയപ്പെടേണ്ടതല്ലേ? നമ്മില്‍ നിന്ന് സകാത് ലഭിക്കാനര്‍ഹരായ പാവങ്ങളുടെ ദുരിതം കാണാതെ നാം അടിച്ചു പൊളിച്ച് ആഘോഷിക്കുന്നത് മൂലം അവരുടെ ശാപ പ്രാര്‍ഥനക്ക് നാം ഇരകളാവില്ലേ? അല്ലാഹു നല്‍കിയ സമ്പത്തില്‍ നാം നന്ദിചെയ്താല്‍ അത് വര്‍ധിപ്പിച്ചുതരുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. മാത്രമല്ല ധര്‍മം നല്‍കുന്നവര്‍ക്ക് അതിന്റെ കുറവ് നികത്തിക്കൊടുക്കുവാന്‍ മലക്കുകള്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമെന്ന് നബി ﷺ  പഠിപ്പിക്കുന്നു. ഒരു വിശ്വാസിക്ക് ചിന്തിക്കാന്‍ ഇതിലധികം എന്തുവേണം?!

സമ്പത്ത് ചലനാത്മകമാവുമ്പോഴാണ് അതിന്റെ ഗുണഫലം സമൂഹത്തിന്ന് ലഭിക്കുന്നത്. ഒരാള്‍ തന്റെ സമ്പാദ്യം കെട്ടിപ്പൂട്ടി വെക്കുമ്പോള്‍ അത് തനിക്കോ സമൂഹത്തിനോ പ്രയോജനപ്പെടാതെ നിര്‍ജീവമാവുന്നു. എന്നാല്‍ അത് വ്യാപാര വ്യവസായമായും, ധര്‍മമായും സമൂഹത്തിലേക്കിറങ്ങുമ്പോള്‍ അതിന്റെ പ്രയോജനം എല്ലാവരും അനുഭവിക്കുന്നു. തന്നിമിത്തം സമൂഹത്തിന്റെ എല്ലാവിഭാഗങ്ങള്‍ക്കിടയിലും സമ്പത്ത് വിന്യസിക്കപ്പെടുന്നു. ഇത് ഉപയോഗം വര്‍ധിപ്പിക്കുന്നു. അതുകാരണം വര്‍ധനവുണ്ടാവുന്നു. സകാതിന്ന് സമ്പത്തിന്റെ വളര്‍ച്ച എന്നു കൂടി അര്‍ഥമുള്ളത് ശ്രദ്ധേയമാണ്.

സമ്പത്ത്; പരീക്ഷണം

എല്ലാസമുദായത്തിന്നും ഒരു പരീക്ഷണം ഉണ്ടാവുമെന്നും എന്റെ സമുദായത്തിന്റെ പരീക്ഷണം സമ്പത്താണെന്നും നബി ﷺ  പറഞ്ഞു. സത്യവിശ്വാസത്തിലെ ആത്മാര്‍ഥതയും അച്ചടക്കവും പരീക്ഷണ വിധേയമാകുമെന്ന് സാരം. ഈ പരീക്ഷണത്തില്‍ പരാജയപ്പെടുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നര്‍ഥം. നൂഹ്(അ), ഹൂദ്(അ), സ്വാലിഹ്(അ), മൂസാ(അ) തുടങ്ങിയ നബിമാരുടെ സമൂഹം പരീക്ഷണ വിധേയരായതും അതില്‍ പാഠം പഠിക്കാതെ ഈ ലോകത്ത് നിന്ന് തന്നെ ശിക്ഷക്ക് വിധേയരായതും ഏവര്‍ക്കും അറിയുന്ന ചരിത്രമാണ്. ഇത് പോലൊരു പരീക്ഷണമാണ് സമ്പത്ത് കൊണ്ട് വിശ്വാസികളെ അല്ലാഹു പരീക്ഷിക്കുന്നത്. അത് എങ്ങനെ സമ്പാദിക്കുന്നു, എങ്ങനെ ചെലവഴിക്കുന്നു, ധൂര്‍ത്തും പിശുക്കുമുണ്ടോ, സത്യസന്ധമായി ക്രിയവിക്രയം ചെയ്യുന്നുണ്ടോ തുടങ്ങിയവയാണ് ആ പരീക്ഷണങ്ങള്‍. അധിക പേരും പരാജയപ്പെടുന്ന മേഖലയും ഇതാണ്. മറ്റെല്ലാ ആരാധനാനുഷ്ഠാനങ്ങളും ശ്രദ്ധിക്കുന്നവര്‍ പോലും ഈ പരീക്ഷണത്തില്‍ വീണുപോകുന്നു. സത്യസന്ധത്ത ഒട്ടുമില്ലാത്ത വ്യാപാര-വ്യവസായങ്ങള്‍, ജോലിയില്‍ വീഴ്ച വരുത്തി കൂലി കൈപ്പ  റ്റല്‍, ധൂര്‍ത്തടിക്കല്‍, മതത്തിന്റെ പേരിലുള്ള സമ്പത്തിക ചുഷണങ്ങള്‍, കൈക്കൂലി, പലിശ, അന്യായമായ സമ്പാദ്യരീതി, സകാത് കൊടുത്ത് ശുദ്ധീകരിക്കാത്ത ധനം ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിലുള്ള നിസ്സാരമനോഭാവവും അതോടൊപ്പം മതത്തിന്റെ മറ്റുകാര്യങ്ങളിലെ സൂക്ഷ്മതയും പൊതുവെ കണ്ടുവരുന്നു. ഇത് പരീക്ഷണമല്ലാതെ മറ്റെന്താണ്?

സംഘടിത സകാത്ത് സംവിധാനം

മേല്‍പറഞ്ഞ സാമ്പത്തിക ക്രമക്കേടുകളില്‍ ഒരു വ്യക്തിയുടെ വിശ്വാസത്തെ (ഈമാനിനെ) ചോദ്യംചെയ്യുന്ന, അഥവാ മുസ്‌ലിം എന്ന് പൂര്‍ണാര്‍ഥത്തില്‍ അവകാശപ്പെടാനുള്ള അര്‍ഹത നഷ്ടപ്പെടുന്ന വലിയ കുറ്റമാണ് സകാതിലെ വീഴ്ച. ഇസ്‌ലാം സകാതിനെ മുസ്‌ലിം സമൂഹത്തിന്റെ നിലനില്‍പിന്റെ ഭാഗമായാണ് ഗണിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ ഇസ്‌ലാമിന്റെ അഞ്ചുസ്തംഭങ്ങളില്‍ ഒന്നാണത്. നബി ﷺ യുടെ നേതൃത്വത്തില്‍ സാമൂഹ്യസംരഭമായിട്ടാണ് സകാത് നടത്തിപ്പിന്റെ ആരംഭം. പിന്നീട് രാജ്യത്തെ ഭരണവ്യവസ്ഥ രൂപപ്പെട്ടപ്പോള്‍ സകാത് ഭരണകര്‍ത്താവിന്റെ ചുമതലയിലായി. സകാത് വിസമ്മതിച്ചവരോട് ഖലീഫ അബൂബക്കര്‍(റ) യുദ്ധം പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. 

ഭരണം ഇല്ലാതെത്തന്നെ മുസ്‌ലിം സമൂഹത്തില്‍ ഭരണകര്‍ത്താവിന്റെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന പല സാമൂഹ്യകാര്യങ്ങളും സാഹചര്യത്തിന്നനുസരിച്ച് ബാക്കിയായി എങ്കിലും സകാതിന്റെ കാര്യത്തില്‍ അതുണ്ടായില്ല. അവസാനം അത് ധനികന്മാര്‍ പിച്ചപ്പാത്രത്തില്‍ എറിഞ്ഞുകൊടുക്കുന്ന 'ചക്കാത്ത്' ആയി തരംതാഴ്ത്തപ്പെട്ടു. പുണ്യനാളില്‍ പോലും കൂടുതല്‍ യാചകന്മാരെ സൃഷ്ടിക്കാനേ പില്‍ക്കാലത്ത് ഇത് പ്രയോജനപ്പെട്ടുള്ളൂ. ഈ സ്ഥിതിക്ക് മാറ്റം വരണം. സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്നവര്‍, അല്ലാഹുവിന്റെ ശിക്ഷ ഭയപ്പെടുന്നവര്‍ എല്ലാവരും ഒന്നുചേര്‍ന്ന് ഈ രംഗത്ത് ഒരു മാറ്റത്തിന്ന് ശ്രമിക്കണം.

മുസ്‌ലിം സമൂഹത്തില്‍ സകാത് കൊടുക്കാന്‍ ബാധ്യസ്ഥരായ എത്രയോപേരുണ്ട്. അവരുടെ പക്കല്‍ പണവുമുണ്ട്. അതിന്റെ അവകാശികള്‍ അതിന്റെ അത്യാവശ്യക്കാരായി നാട്ടിലും ധാരാളമുണ്ട്. ഇവിടെ പറയാതെ വയ്യ; ധനികന്മാര്‍ സകാതായി ധാരാളം പണം കൊടുക്കുന്നുണ്ട്. അവ പക്ഷേ, സമൂഹത്തിലെ ദരിദ്രരുടെ പുനരധിവാസ മാര്‍ഗത്തിലല്ല എത്തുന്നത്, മറ്റു പലവഴിക്കും ചൂഷണം ചെയ്യപ്പെടുകയാണ്. സംഘടിത സകാത് കാര്യക്ഷമമായി നടപ്പില്‍ വന്നാല്‍ ഇടനിലക്കാരായ ചൂഷണക്കാര്‍ക്ക് കുറെ നഷ്ടപ്പെടാനുണ്ട്. അത് കൊണ്ട് സംഘടിത സകാത്ത് സംഭരണ-വിതരണം എതിര്‍ക്കപ്പെടുന്നുമുണ്ട്.

മറ്റൊന്ന്, നബി ﷺ യുടെ കാലത്തില്‍ നിന്ന് വ്യത്യസ്തമായി സമ്പത്തിന്റെ രൂപവും ഘടനയും,  ആദാന മാര്‍ഗങ്ങളും അളവുതൂക്കങ്ങളും വരെ ഇന്ന് മാറിയിട്ടുണ്ട്. അതിനാല്‍ ഇവ്വിഷയകമായി സംശയങ്ങളും ഭിന്നവീക്ഷണങ്ങളും സ്വാഭാവികമാണ്. എന്നാല്‍ സകാത് കൊടുക്കണമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. സംഘടിതമായി ചെയ്യണമെന്നഭിപ്രായമുള്ളവര്‍ക്ക് ഒന്നിക്കാം. ഈ വിഷയത്തില്‍ ബോധവല്‍കരണം അനിവാര്യമാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും:

1. സംഘടിതമായി സകാത് സംവിധാനം പ്രാദേശികമായി നടപ്പിലാക്കേണ്ടതിന്റെ പ്രയോജനവും ബാധ്യതയും ബോധ്യപ്പെടുത്തുക.

2. സകാത് കമ്മിറ്റികള്‍ കൈകാര്യം ചെയ്യുന്നത് സാമ്പത്തിക കാര്യങ്ങളിലടക്കം വ്യക്തിജീവിതത്തില്‍ നിഷ്ഠയുള്ളവര്‍ മാത്രമായിരിക്കുക.

3. ഒരാളുടെ സകാത് മുഴുവനായി കമ്മിറ്റിയെ ഏല്‍പിക്കാന്‍ പ്രയാസമുള്ളവരുണ്ട്. എത്രയാണോ അവര്‍ സഹകരിക്കുന്നത് അത്രയും സഹകരിപ്പിക്കുക.

4. സംഘടിത സകാതിന്റെ ഗുണം പ്രയോഗത്തില്‍ കൂടി ബോധ്യപ്പെടുത്തുന്ന മുറക്ക് കൂടുതല്‍ ആളുകള്‍ സഹകരിക്കുന്നതിന്ന് കാത്തിരിക്കുക.

5. ഹിജ്‌റ വര്‍ഷമാണ് നാണയത്തിന്നും കച്ചവടത്തിന്നും സകാതിന്റെ കാലമായി നിശ്ചയിക്കേണ്ടത്. റമദാന്‍ വര്‍ഷമായി കണക്കാക്കുന്നവരുണ്ടെങ്കില്‍ കുഴപ്പമില്ല. കാര്‍ഷിക സകാത് വിളവെടുപ്പ് കാലത്ത് നല്‍കണം.

6. വ്യാപാരികള്‍ വര്‍ഷത്തിലൊരിക്കല്‍ സ്റ്റോക്കെടുത്ത് ആ സഖ്യയും കയ്യിരുപ്പും കിട്ടുമെന്നുറപ്പുള്ള കടവും കൂട്ടി രണ്ടര ശതമാനം സകാത് കൊടുക്കണം. കൊടുക്കാനുള്ള കടം മൊത്തം സമ്പത്തില്‍ നിന്ന് കുറക്കാവുന്നതാണ്.

7. ഗള്‍ഫ് വരുമാനം, ശമ്പളം, കൂലി, വാടക തുടങ്ങി മറ്റു എല്ലാ വരുമാനക്കാരും അനിവാര്യജീവിതാവശ്യങ്ങള്‍ക്ക് ചെലവഴിച്ചത് കഴിച്ച് 24000മോ അതിലധികമോ എത്രയുമാണെങ്കിലും രണ്ടര ശതമാനം സകാത്‌കൊടുക്കണം. വിവാഹം, വീടുപണി, ഹജ്ജ്/ഉംറ തുടങ്ങിയ യാത്രകള്‍ക്കുവേണ്ടി മാറ്റിവെച്ച സംഖ്യകളും സകാത് നല്‍കി ശുദ്ധീകരിക്കണം.

8. മേല്‍പറഞ്ഞ വരുമാനക്കാര്‍ സകാത് നല്‍കാന്‍ ബാധ്യസ്ഥരാവുന്നത് നിശ്ചിത പരിധിയെത്തിയ സംഖ്യ ഉണ്ടെങ്കില്‍ മാത്രമാണ്.

നബി ﷺ യുടെ കാലത്ത് 200 ദിര്‍ഹം വെള്ളിയുണ്ടെങ്കില്‍ സകാത് കൊടുക്കാന്‍ കല്‍പിച്ചു. ഇന്നത്തെ 595 ഗ്രാം വെള്ളി(ഏകദേശം ഈ വര്‍ഷം 24000 രുപ)യാണ് നാണയത്തിന്റെ പരിധി. ഇത്രയും സംഖ്യ വര്‍ഷത്തില്‍ സ്വന്തമായുണ്ടെങ്കില്‍ സകാത് നല്‍കണം. (രണ്ടര ശതമാനം=600 രൂപ).

200 ദിര്‍ഹമിന്നു തുല്യമായ സ്വര്‍ണം നബി ﷺ യുടെ കാലത്ത് ഇരുപത് തൂക്കം (മിസ്‌കാല്‍) ആയിരുന്നു. നമ്മുടെ 84 ഗ്രാം സ്വര്‍ണം, ഇന്നത്തെ വില 224000ത്തോളം വരും. ഇതാണ് നാണയത്തിന്റെ പരിധി എന്ന അഭിപ്രായക്കാരുണ്ട്. എന്നാല്‍ സൂക്ഷ്മമായ അഭിപ്രായവും ഹദീഥിന്റെ പിന്‍ബലവും കൂടുതല്‍ സകാതിന്റെ പ്രയോജന ലഭ്യതയും, ദരിദ്രര്‍ക്കു ഗുണവും ഒന്നാമത്തെ രീതിയാണ്. എങ്കിലും ഈ വിഷയത്തില്‍ തര്‍ക്കം നടത്തി സംവിധാനം ഒഴിവാക്കേണ്ടതില്ല. രണ്ടാമത്തെ അഭിപ്രായക്കാര്‍ 6050 രൂപ സകാത് കൊടുക്കണം. ഇതിന്നു മുകളിലുള്ള വരുമാനക്കാര്‍ ഈ തോതനുസരിച്ച് കണക്കാക്കണം.

9. വാര്‍ഷിക വിളകള്‍ക്ക് നബി ﷺ  പരിധി നിശ്ചയിച്ചത് 300 സ്വാഅ് ആണ്. അഥവാ ഏകദേശം 6 ക്വിന്റല്‍. നാം മുഖ്യാഹാരമായി സ്വീകരിക്കുന്ന മിത വിലയ്ക്കുള്ള അരിയുടെ വില കണക്കാക്കുകയാണ്  ഉചിതം. ഈ വര്‍ഷം 17500 രൂപ.

ഈ വിലയ്ക്കുള്ള ഏതു തരം ഭൂ ഉല്‍പന്നമാണെങ്കിലും വിളവെടുപ്പ് കാലത്ത് പരിധിയെത്തിയാല്‍ 5 ശതമാനം സകാത് നല്‍കണം. ഒരേ ഇനത്തില്‍ പെട്ട ഉല്‍പന്നം ഒരു വിളവെടുപ്പില്‍ പരിധി എത്തിയില്ലെങ്കില്‍ വര്‍ഷത്തെ വിള കണക്കാക്കാവുന്നതാണ് എന്നും അഭിപ്രായമുണ്ട്. യാതൊരു ചെലവുമില്ലാതെ തന്നെ ഉണ്ടാവുന്ന ചക്ക, കശുവണ്ടി, മാങ്ങ തുടങ്ങിയ വിളകള്‍ക്ക് 10 ശതമാനം തന്നെ സകാത് കൊടുക്കാം. ഭാഗികമായി ചെലവുള്ള വിളകള്‍ക്ക് ഏഴര ശതമാനം മതി എന്നത്രെ പണ്ഡിതാഭിപ്രായം.

എല്ലാ ഉല്‍പന്നങ്ങള്‍ക്കും വേണമോ, എത്രയാണ് പരിധി എന്നീ വിഷയങ്ങളിലും ഭിന്നാഭിപ്രായങ്ങളുണ്ട്. അതിന്റെ മറപിടിച്ചു സകാത് കൊടുക്കാതിരിക്കരുത്. ഈ രംഗത്ത് ദരിദ്രരുടെ അവകാശം പോലും താന്‍ ഉപയോഗിക്കരുതെന്ന സൂക്ഷ്മത മുതലുടമകള്‍ സ്വീകരിച്ചാല്‍ മതി.

10. ആഭരണം നബി ﷺ  സ്ത്രീകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. അപ്പോള്‍ 20 മിസ്‌കാലി(പത്തര പവന്‍)ന്നു താഴെയുള്ള സ്വര്‍ണം അക്കാലത്ത് സകാതിന്റെ പരിധിയില്‍ വന്നിരുന്നില്ല. അതിനാല്‍ ആഭരണത്തിന്നായി 20 മിസ്‌കാലിന്നു താഴെവരെ ഉപയോഗിക്കാമെന്നും പത്തര പവനിലേറെ ആഭരണമുണ്ടെങ്കില്‍ മാത്രമെ  സകാതിന്റെ പരിധിയില്‍ വരൂ എന്നുമാണ് ഒരു പക്ഷത്തിന്റെ അഭിപ്രായം. അഥവാ പത്തര പവനോ അതിന്നു മുകളിലോ ഉള്ള ആഭരണങ്ങള്‍ക്ക് മൊത്തം വില കണക്കാക്കി സകാത് കൊടുക്കണം. എന്നാല്‍ ആഭരണമായിട്ടല്ലാതെ സുക്ഷിച്ച പുതിയതോ പഴയതോ ആയ സ്വര്‍ണത്തിന്ന് നാണയത്തിന്റെ തോതിലുള്ള സകാത് നല്‍കുകയും വേണം. അഥവാ 595 ഗ്രാം വെള്ളിയുടെ വിലയ്ക്കു തുല്യമായ സ്വര്‍ണമുണ്ടെങ്കില്‍ സകാത് കൊടുക്കണം.

മുകളില്‍ സൂചിപ്പിച്ച പോലെ, പൂര്‍വകാലം മുതല്‍ അഭിപ്രായവ്യത്യാസങ്ങള്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ നിലനില്‍ക്കുന്ന ഒരു വിഷയത്തിലെ ശരിയെന്നു മനസ്സിലാക്കിയ ഒരു അഭിപ്രായം മാത്രമാണിവിടെ പങ്കുവെച്ചത്. കൂടുതല്‍ ചര്‍ച്ചയും നിര്‍ദേശങ്ങളും ഇനിയും അവശ്യമാണ്. അല്ലാഹുവാണ് എല്ലാം അറിയുന്നവന്‍.

പ്രയോഗവല്‍ക്കരണം

ഏതൊരു സംരംഭത്തിലും അപൂര്‍ണതകളും സ്ഖലിതകളുണ്ടാവാം. സദുദ്ദേശത്തോടെ, കൂടിയാലോചിച്ചുകൊണ്ട് നാം സകാത് ശേഖരണവും വിതരണവും ഓരോ പ്രദേശത്തും ആരംഭിക്കുക. സഹകരിക്കാവുന്നവരെയൊക്കെ കഴിയുന്നത്ര പങ്കെടുപ്പിക്കുക. ഇതാണ് പ്രായോഗികത.

സകാത് സംഭരിക്കുന്നതിലേറെ പ്രയാസമാണ് അതിന്റെ യഥാര്‍ഥ അവകാശികളെ കണ്ടെത്തുക എന്നത്. സകാത് സംഭരിക്കുന്നവരെല്ലാം, അതര്‍ഹിക്കുന്ന മേഖലയിലേക്ക് തന്നെയാണോ ചെലവഴിക്കുന്നത് എന്നത് ഇക്കാലത്ത് ഏറെ സൂക്ഷ്മതയോടെ നിരീക്ഷിക്കേണ്ടതുണ്ട്. സമൂഹത്തിലെ ദാരിദ്ര്യനിര്‍മാര്‍ജനവും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒരു പരിധിവരെയെങ്കിലും സ്വയം പര്യാപ്തരാക്കലുമാണ് സകാതിന്റെ ആത്യന്തിക ലക്ഷ്യമെന്നിരിക്കെ നാം നല്‍കുന്ന സകാത് ആ നിലയ്ക്കു തന്നെയാണോ കൈകാര്യം ചെയ്യപ്പെടുന്നത് എന്ന് സകാത് ദാതാവും പരിശോധിക്കണം. താന്‍ തന്റെ ബാധ്യത കൈമാറിയിരിക്കുന്നു എന്നു കരുതിയിരുന്നു കൂടാ. അര്‍ഹതയില്ലാത്തവര്‍ തന്റെ സകാത് ചൂഷണം ചെയ്യുന്നുണ്ടോ എന്ന് വ്യക്തികളും കമ്മിറ്റിയും ജാഗ്രത പുലര്‍ത്തിയേ തീരൂ.

അതിനാല്‍ സകാത് സംവിധാനത്തെ കഴിയും വിധം കാര്യക്ഷമമായി പുനഃസ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നാം മുന്തിയ പരിഗണന നല്‍കുക. ഈ സമുദായത്തിന്ന് പരീക്ഷണമാണ് സമ്പത്ത്. ഈ പരീക്ഷണത്തില്‍ പരാജയപ്പെട്ട് അല്ലാഹുവിന്റെ ഇഹ-പര ശിക്ഷക്ക് പാത്രമാവാതിരിക്കാന്‍ ശ്രമിക്കുക.