ആ ദിവസം അകലെയല്ല

മൂസ സ്വലാഹി, കാര

2018 നവംബര്‍ 03 1440 സഫര്‍ 23

കുറഞ്ഞ കാലത്തെ ഇഹലോക ജീവിതത്തെക്കാളും ശാശ്വതവും ജയപരാജയങ്ങള്‍ തീരുമാനിക്കപ്പെടുന്നതുമായ പരലോക ജീവിതത്തിനായി നന്നായി ഒരുങ്ങണമെന്ന ബോധമാണ് ഈ ജീവിതം വെറുതെ കളയാനുള്ളതല്ല എന്ന തിരിച്ചറിവിലേക്ക് നമ്മെ നയിക്കുക. നന്മകളെ അടുത്തറിയാനും ഓരോ നന്മയും യഥാര്‍ഥ വിജയത്തിന്റെ ചവിട്ടുപടിയാണെന്നോര്‍ക്കാനും തിന്മകളെ പാടെ അകറ്റാനും സകല നന്മകളെയും നിര്‍വീര്യമാക്കുന്ന വിഷമാണ് തിന്മകളെന്ന് കരുതാനും നമുക്ക് സാധിക്കണം. 

സ്രഷ്ടാവ് നമ്മെ വെറുതെ സൃഷ്ടിച്ചതല്ല. ഈ ലോകത്ത് നമ്മള്‍ ശാശ്വതരുമല്ല. അല്ലാഹു പറയുന്നു: ''അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കയാണോ?'' (ക്വുര്‍ആന്‍ 23:115).

ഐഹികാസ്വാദാനങ്ങളില്‍ മാത്രം മുഴുകി തള്ളിനീക്കാനുള്ളതല്ല ഈ ജീവിതം. സ്രഷ്ടാവിന്റെ പ്രതിഫലം കാംക്ഷിച്ച് അവന്റെ കല്‍പനകള്‍ നിറവേറ്റിയും ശിക്ഷയെ ഭയന്ന് നിരോധിച്ച കാര്യങ്ങള്‍ വെടിഞ്ഞും ജീവിക്കുക എന്നതാണ് ബുദ്ധിയുള്ളവര്‍ക്ക് കരണീയം.

നേര്‍വഴിക്കാണ് മനുഷ്യന്‍ ജീവിേക്കണ്ടത്. നേര്‍വഴി ഒന്നേയള്ളൂ. അതാണ് 'സ്വിറാത്തുല്‍ മുസ്തക്വീം' വിശുദ്ധ ക്വുര്‍ആനും അതിന്റെ പ്രായോഗിക മാതൃകയായ നബിചര്യയും  സ്വഹാബത്തും ശേഷക്കാരും മനസ്സിലാക്കിയ രീതിയില്‍ മനസ്സിലാക്കി സത്യസന്ധമായി പിന്‍പറ്റുന്നവര്‍ക്കാണ് ഇതിന്റെ യഥാര്‍ഥ അനുയായികളാകാന്‍ കഴിയുക. അല്ലാഹു പറയുന്നു: ''തനിക്ക് സന്മാര്‍ഗം വ്യക്തമായിക്കഴിഞ്ഞശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്തുനില്‍ക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതത്രെ മോശമായ പര്യവസാനം'' (ക്വുര്‍ആന്‍ 4:115).

നന്മയെ വളര്‍ത്താനും പുണ്യത്തെ ഉണര്‍ത്താനും തിന്മയെ തകര്‍ക്കാനും പാപത്തെ തടയാനുമാണ് ഒരു വിശ്വാസി പ്രയത്‌നിക്കേണ്ടത്. അല്ലാഹു പറയുന്നു: ''പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങളന്യോന്യം സഹായിക്കരുത്'' (ക്വുര്‍ആന്‍ 5:2). 

അല്ലാഹുവോടും അടിമകളോടുമുള്ള ബാധ്യതാനിര്‍വഹണത്തിന്റെ ഭാഗമാണ് നന്മ ചെയ്യലും നന്മയില്‍ സഹകരിക്കലും. സകല തിന്മകളിലും ഏര്‍പ്പെടാനുള്ള സൗകര്യം ലഭിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇത്തരം സന്ദര്‍ഭത്തില്‍ അവയിലൊന്നും അകപ്പെടാതെ ജീവിക്കുവാന്‍ സാധിക്കുക എന്നത് ചെറിയ കാര്യമല്ല. 

സല്‍പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും ദുഷ്പ്രവര്‍ത്തനങ്ങള്‍ക്ക് വിത്ത് പാകാനും മാത്രമായി പാതിരാവിലും പകല്‍വെളിച്ചത്തിലും രഹസ്യസംഭാഷണങ്ങളും ഗൂഢാലോചനകളും നടത്തുന്നവരുടെ കൂട്ടത്തില്‍ സത്യവിശ്വാസികള്‍ ഉണ്ടായിക്കൂടാ. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ രഹസ്യസംഭാഷണം നടത്തുകയാണെങ്കില്‍ അധര്‍മത്തിനും അതിക്രമത്തിനും റസൂലിനെ ധിക്കരിക്കുന്നതിനും നിങ്ങള്‍ രഹസ്യസംഭാഷണം നടത്തരുത്. പുണ്യത്തിന്റെയും ഭയഭക്തിയുടെയും കാര്യത്തില്‍ നിങ്ങള്‍ രഹസ്യ ഉപദേശം നടത്തുക. ഏതൊരു അല്ലാഹുവിങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമോ അവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 58:9). 

തന്നിഷ്ടം പിന്തുടര്‍ന്ന്, ഭൗതികതയില്‍ മതിമറന്ന്, സത്യത്തെ ഗൗനിക്കാതെ ജീവിക്കുവാനാണിന്ന് പലര്‍ക്കും താല്‍പര്യം. അല്ലാഹു പറയുന്നു: ''ഇനി നിനക്ക് അവര്‍ ഉത്തരം നല്‍കിയില്ലെങ്കില്‍ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവര്‍ പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടര്‍ന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല, തീര്‍ച്ച'' (ക്വുര്‍ആന്‍ 28:50). 

ഇഹലോകത്തിന് വേണ്ടി മത്സരിക്കുന്നവര്‍ക്ക് ഒടുവില്‍ നഷ്ടങ്ങളോര്‍ത്ത് വിലപിക്കുന്ന അവസ്ഥ വരുമെന്നതില്‍ സംശയമില്ല. 

സത്യത്തോട് നിഷേധസമീപനം സ്വീകരിച്ചും പരിഹസിച്ചും മറ്റുള്ളവരെ അതിന് പ്രേരിപ്പിച്ചും നടക്കുന്നവരും ഏറെയുണ്ട്. അത്തരക്കാരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ക്വുര്‍ആന്‍ നല്‍കുന്നുണ്ട്. അവരുടെ ചതിയില്‍ അകപ്പെടാതിരിക്കാന്‍ വിശ്വാസികള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

അല്ലാഹു പറയുന്നു: ''നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നതുവരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും  നിന്നെ പിശാച് മറപ്പിച്ചുകളയുന്ന പക്ഷം ഓര്‍മ വന്നതിനുശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്'' (ക്വുര്‍ആന്‍ 6:68).

സത്യത്തിനെതിരെ സംസാരിക്കല്‍, നിരര്‍ഥകവാദങ്ങളെ നന്നാക്കി അവതരിപ്പിക്കല്‍, അതിലേക്ക് ക്ഷണിക്കല്‍, അതിന്റെ ആളുകളെ പ്രശംസിക്കല്‍ ഇതൊക്കെയാണ് അപഹസിക്കലിന്റെ താല്‍പര്യം. 

ആത്മസുഹൃത്തുക്കള്‍, അടുത്തിടപഴകുന്ന ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍... ഇങ്ങനെ പലരും സത്യത്തോട് വിമുഖത കാട്ടുവാന്‍ പലപ്പോഴും കാരണക്കാരാകാറുണ്ട്. അവരെ അനുസരിക്കാതിരിക്കാന്‍ കഴിയിയില്ല എന്നു പറഞ്ഞ് വഴികേടില്‍ സഞ്ചരിക്കുന്നവര്‍ അറിയേണ്ട ഒരു വസ്തുതയുണ്ട്; എന്നെ ഇന്നയിന്ന ആളുകളാണ് വഴിതെറ്റിച്ചതെന്ന് പരലോകത്ത് എത്തിയ ശേഷം വിലപിച്ചതുകൊണ്ട് കാര്യമുണ്ടാകില്ല. 

കേട്ടുകേള്‍വികള്‍ക്കും ഊഹങ്ങള്‍ക്കും പിന്നാലെ പോയി വഴിതെറ്റുന്നവര്‍ക്ക് അല്ലാഹു താക്കീത് നല്‍കുന്നു: ''നിനക്കറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്'' (ക്വുര്‍ആന്‍ 17:36). 

ഹൃദയ വിശാലത ആര്‍ക്കാണോ അല്ലാഹു നല്‍കിയത് അവര്‍ സൗഭാഗ്യവാന്മാരാണ്. അല്ലാഹു പറയുന്നു: ''അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന് ഇസ്‌ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും അങ്ങനെ അവന്‍ തന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവര്‍ ഹൃദയം കടുത്തുപോയവനെ പോലെയാണോ?). എന്നാല്‍ അല്ലാഹുവിന്റെ സ്മരണയില്‍ നിന്ന് അകന്ന് ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ'' (ക്വുര്‍ആന്‍ 39:22).

അല്ലാഹുവിന്റെ വിധികള്‍ സ്വീകരിച്ചും അതനുസരിച്ച് പ്രവര്‍ത്തിച്ചും സംതൃപ്തരും ഉള്‍ക്കാഴ്ചയുള്ള വരുമാകലാണ് ഹൃദയ വിശാലതയുടെ പൊരുള്‍. അല്ലാഹുവിന്റെ ഗ്രന്ഥത്തോട് അടുക്കുവാന്‍ വൈമുഖ്യം കാണിക്കുന്നവരും അതുമുഖേനയുള്ള സമാധാനത്തെ ആഗ്രഹിക്കാത്തവരുമാണ് ഹൃദയം കടുത്തവര്‍. 

മടക്കം അല്ലാഹുവിലേക്കാണ്. ഏറെ നന്നാകേണ്ടതും മടക്കം തന്നെ. ഉറ്റവരും ഉടയവരും നേതാക്കളുംഅനുയായികളുമൊന്നും സഹായത്തിനില്ലാത്ത ഒരു ദിവസം വരാനിരിക്കുന്നു. ആ ദിവസം അകലെയല്ലെന്നറിയണം. 

അല്ലാഹു പറയുന്നു: ''നിങ്ങള്‍ അല്ലാഹുവിങ്കലേക്ക്  മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണമായി നല്‍കപ്പെടുന്നതാണ്.. അവരോട്(ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല'' (ക്വുര്‍ആന്‍ 2:281).

 ''തീര്‍ച്ചയായും അല്ലാഹു ഒരണുവോളം അനീതി കാണിക്കുകയില്ല. വല്ല നന്മയുമാണുള്ളതെങ്കില്‍ അതവര്‍ ഇരട്ടിച്ചുകൊടുക്കുകയും അവന്റെ പക്കല്‍ നിന്നുള്ള വമ്പിച്ച പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്'' (ക്വുര്‍ആന്‍ 4:40). 

ചെറുതും വലുതുമായ കര്‍മങ്ങളടങ്ങുന്ന രേഖകള്‍ മുന്‍നിര്‍ത്തി നമ്മള്‍ വിചാരണ ചെയ്യപ്പെടും. ഒട്ടും അനീതി കാണിക്കപ്പെടാത്ത വിചാരണയും വിധിയും. അവിടെ വിജയം നേടുക എന്നതായിരിക്കണം ഇഹലോക ജീവിതത്തിന്റെ ലക്ഷ്യം.