നിപ്പ വൈറസ് ബാധ; ഭയമല്ല, ജാഗ്രതയാണ് വേണ്ടത്

ഡോ. അസ്ഹര്‍

2018 ജൂണ്‍ 09 1439 റമദാന്‍ 24

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നും അതീവ ഗുരുതരമായ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നു. ഈ രോഗത്താലുള്ള മരണ നിരക്ക് വളരെ കുടൂതലാണെങ്കിലും സമൂഹത്തില്‍ വളരെ വ്യാപകമായി പെട്ടെന്ന് പടര്‍ന്നു പിടിക്കുന്ന ഒന്നല്ല എന്നത് ആശ്വാസകരമാണ്. അത് കൊണ്ടു തന്നെ അമിതമായ പരിഭ്രാന്തി ആവശ്യമില്ല. എന്നാല്‍ സാധ്യമായ മുന്‍കരുതലുകള്‍ എടുക്കുകയും വേണം.

എന്താണ് നിപ്പ വൈറസ് പനി?

1998ല്‍ മലേഷ്യയിലും ശേഷം ബംഗ്ലാദേശിലും (2001 മുതല്‍ 2008 വരെ) ഇന്ത്യയിലെ ബംഗാളിലും ഈ പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പഴങ്ങള്‍ ഭക്ഷിച്ചു ജീവിക്കുന്ന ചില വവ്വാലുകളില്‍ (Fruit Bat) കാണപ്പെടുന്ന നിപ്പ എന്ന ഒരു വൈറസ് ആണ് രോഗമുണ്ടാക്കുന്നത്. പ്രകൃതിദത്ത വാഹകരായ വവ്വാലുകളില്‍ അവ രോഗമുണ്ടാക്കുകയില്ല. എന്നാല്‍ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, ഉമിനീര്‍ എന്നിങ്ങനെയുള്ള ശരീര സ്രവങ്ങളിലൂടെ വൈറസുകള്‍ പുറത്തേക്ക് വ്യാപിക്കുകയും പന്നി, പട്ടി, പൂച്ച, കുതിര, ആട് തുടങ്ങിയ മൃഗങ്ങള്‍ക്ക് രോഗം വരാനിടയാവുകയും ചെയ്യുന്നു.

നിപ്പ വൈറസ് എങ്ങനെയാണ് പകരുന്നത്?

വവ്വാലുകള്‍ ഭക്ഷിച്ച് ഉപേക്ഷിച്ച പഴങ്ങളിലൂടെയും അവയുടെ ശരീര സ്രവങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗബാധയുള്ള വളര്‍ത്തു മൃഗങ്ങളില്‍ നിന്നും മനുഷ്യര്‍ക്ക് രോഗം വരാം. രോഗം ബാധിച്ച ഒരാളില്‍ നിന്നും മറ്റു വ്യക്തികളിലേക്ക് ശരീര സ്രവങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പകരാം. സോപ്പ് വെള്ളത്തിലെ ആല്‍കലിയില്‍ നിപ്പ നിര്‍ജീവമാകും. പുറത്ത് വന്നാലും വായുവില്‍ അധികനേരം പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. അത് കൊണ്ടുതന്നെ ജലദോഷമോ ഫഌവോ പടരുന്നത് പോലെ അതിവേഗം വായുവിലൂടെ പടരുന്ന രോഗമല്ല ഇത്. ഈ ഒരു കാരണം കൊണ്ടു തന്നെ രോഗിയുടെ അയല്‍വാസികള്‍, നാട്ടുകാര്‍ എന്നിവര്‍ സ്ഥലം മാറി നില്‍ക്കേണ്ടതോ സ്ഥിരമായി മാസ്‌ക് ഉപയോഗിക്കേണ്ടതോ അവരെ പൊതു സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതോ ആയ സാഹചര്യമില്ല.

എന്തെല്ലാമാണ് രോഗ ലക്ഷണങ്ങള്‍?

വൈറസ് ശരീരത്തില്‍ പ്രവേശിച്ച് നാല് ദിവസം മുതല്‍ പതിനെട്ട് ദിവസം വരെ കഴിഞ്ഞാണ് രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. പനിയും തലവേദനയും തല കറക്കവും ബോധക്ഷയവുമൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ച മങ്ങല്‍ തുടങ്ങിയ രോഗലക്ഷണങ്ങളും ഉണ്ടാകും. രോഗലക്ഷണങ്ങള്‍ തുടങ്ങി ഒന്നു രണ്ട് ദിവസങ്ങള്‍ക്കകം രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

രോഗബാധ തടയാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാം?

നിപ്പ വൈറസിനെതിരെ ഫലപ്രദമായ വാക്‌സിനുകള്‍ ഇതുവരെ ലഭ്യമല്ല. പരീക്ഷണാടിസ്ഥാനത്തില്‍ ചില മരുന്നുകള്‍ ലഭ്യമെങ്കിലും  മരണ നിരക്ക് ഉയര്‍ന്നതാകയാല്‍ പ്രതിരോധം തന്നെയാണ് പ്രധാനം.

രോഗലക്ഷണങ്ങളില്ലാത്തവരും എന്നാല്‍ സ്ഥിരീകരിച്ച രോഗികളുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരും അവരുടെ വീടുകളില്‍ രണ്ടാഴ്ചയെങ്കിലും പൂര്‍ണ വിശ്രമമെടുക്കുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുക.

രോഗികളെ പരിചരിക്കുന്നവര്‍ നിരന്തരം സോപ്പ് ഉപയോഗിച്ച് കൈകള്‍ ശുദ്ധമാക്കേണ്ടതാണ്. കൂടാതെ മാസ്‌ക് ഉപയോഗിക്കുക, വസ്ത്രങ്ങള്‍ പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കുക.

തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവാല കൊണ്ട് വായ മൂടുക.

പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം ഉപയോഗിക്കുക. പക്ഷികള്‍, വവ്വാലുകള്‍ എന്നിവ കൊത്തിയ ചാമ്പയ്ക്ക, പേരയ്ക്ക, മാങ്ങ തുടങ്ങിയ പഴവര്‍ഗങ്ങള്‍ ഒഴിവാക്കുക.

അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദര്‍ശനം, രോഗി സന്ദര്‍ശനം, മൃതദേഹ സന്ദര്‍ശനം എന്നിവ കഴിവതും ഒഴിവാക്കുക.

ചികിത്സകള്‍ എന്തൊക്കെ?

റിബവൈറിന്‍, മോണോക്ലോണല്‍ ആന്റിബോഡി തുടങ്ങിയ മരുന്നുകള്‍ മരണ നിരക്ക് കുറയാന്‍ സഹായകമാണെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രോഗം നേരത്തെ കണ്ടെത്തി അതിഗുരുതരമായി മാറാതെ നോക്കാനുള്ള സപ്പോര്‍ട്ടീവ് ചികിത്സകളാണ് മറ്റുള്ളവ. ശ്വാസതടസ്സം ഒഴിവാകാനുള്ള വെന്റിലേറ്റര്‍ പോലുള്ള സംവിധാനങ്ങള്‍ അപസ്മാരം നിയന്ത്രിക്കാനുള്ള മരുന്നുകള്‍ തുടങ്ങിയവ ഉദാഹരണം. വൈറസിനെതിരെ ശരീരം സൃഷ്ടിക്കുന്ന പ്രതിരോധത്തിന് ഒരു കൈ സഹായം കൊടുക്കുക എന്നതാണ് ഇതിലെ ശാസ്ത്രം.

കേരളത്തില്‍ നിപ്പ വൈറസ് ബാധ വളരെ നേരത്തെ സ്ഥിരീകരിക്കുകയും അതുവഴി പകര്‍ച്ച തടയുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത ഡോക്ടര്‍മാര്‍ ലോകാരോഗ്യ സംഘടനയുടെ പോലും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ കൃത്യമായ ജാഗ്രതയോടെയുള്ള ഇടപെടലും ഈ മാരക രോഗത്തെ നിയന്ത്രണത്തിലാക്കാന്‍ സഹായകമായി.

നാം ഓരോരുത്തരും ആരോഗ്യവകുപ്പിന്റെ കൃത്യമായ നിര്‍ദേശങ്ങള്‍ പാലിക്കുക. അടിസ്ഥാനരഹിതമായ സോഷ്യല്‍ മീഡിയ വാര്‍ത്തകളില്‍ നിന്നും പുറം തിരിഞ്ഞു നില്‍ക്കുക. സര്‍വോപരി ഇത്തരം പരീക്ഷണങ്ങളില്‍ നിന്നും സര്‍വലോക രക്ഷിതാവില്‍ അഭയം തേടുക.