പ്രമാണങ്ങളിലേക്ക് മടങ്ങുക; തക്വ്‌ലീദ് വെടിയുക

അലി ഗശ്ശാന്‍

2018 ശവ്വാല്‍ 23 1439 ജൂലായ് 07

അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കേണ്ടതിന്റെ അനിവാര്യതയും അഭിപ്രായ വ്യത്യാസങ്ങളെ ക്വുര്‍ആനിലേക്കും സുന്നത്തിലേക്കും മടക്കണമെന്ന ആഹ്വാനവും മദ്ഹബ് പക്ഷപാതിത്വത്തോടുള്ള അമര്‍ഷവുമാണ് ഈ കുറിപ്പിലൂടെ വിവരിക്കാന്‍ ശ്രമിക്കുന്നത്. ആവശ്യമായ ക്വുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും പ്രാപ്തരായ പണ്ഡിതന്‍മാരുടെ വീക്ഷണങ്ങളും പ്രമാണങ്ങളായി ഇതില്‍ നിരത്തുന്നുണ്ട്.

ദിവ്യബോധനമായി ലഭിച്ചത് പിന്‍പറ്റാനായി നബി ﷺ യോട് അല്ലാഹുവിന്റെ കല്‍പന

അല്ലാഹു പറഞ്ഞു: ''(നബിയേ,) അല്ലാഹുവെ സൂക്ഷിക്കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു സര്‍വശക്തനും യുക്തിമാനുമാകുന്നു. നിനക്ക് നിന്റെ രക്ഷിതാവില്‍ നിന്ന് ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (അല്‍അഹ്‌സാബ്: 1-2).

''നിനക്ക് നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് ബോധനം നല്‍കപ്പെട്ടതിനെ നീ പിന്തുടരുക. അവനല്ലാതെ ഒരു ദൈവവുമില്ല. ബഹുദൈവങ്ങളില്‍ നിന്ന് നീ തിരിഞ്ഞ് കളയുക'' (അല്‍അന്‍ആം: 106).

''(നബിയേ,) പിന്നീട് നിന്നെ നാം (മത)കാര്യത്തില്‍ ഒരു തെളിഞ്ഞ മാര്‍ഗത്തിലാക്കിയിരിക്കുന്നു. ആകയാല്‍ നീ അതിനെ പിന്തുടരുക. അറിവില്ലാത്താവരുടെ തന്നിഷ്ടങ്ങളെ നീ പിന്‍പറ്റരുത്'' (അല്‍ജാഥിയ: 18).

''തനിക്ക് ദിവ്യബോധനമായി നല്‍കപ്പെടുന്നത് പിന്‍പറ്റല്‍ പ്രവാചകന്റെ നിര്‍ബന്ധ ബാധ്യതയാണെന്ന് അല്ലാഹു തന്റെ സ്യഷ്ടികള്‍ക്ക് വ്യക്തമാക്കി കൊടുത്തിട്ടുണ്ട്. കാരണം ഏത് തരം നിയമാവലികളാണ് മനുഷ്യനു ഗുണം കൈവരുത്തിക്കൊടുക്കുകയെന്ന് നന്നായിട്ടറിയുന്നവന്‍ അല്ലാഹുവാണല്ലോ. ദൈവനിഷേധികളെയും കപടവിശ്വാസികളെയും പിന്‍പറ്റിപ്പോകരുതെന്നും അല്ലാഹു അദ്ദേഹത്തെ ഉണര്‍ത്തി. മാത്രമല്ല,അവരുടെ നിയമാവലികള്‍ മുഴുവന്‍ നിരാകരിക്കല്‍ അദ്ദേഹത്തിന്റെ ബാധ്യതയാണ്. അല്ലാഹുവില്‍നിന്നുള്ളതല്ലാത്ത സകല നിയമങ്ങളും ദേഹേഛകളെ പിന്‍പറ്റല്‍ മാത്രമാണ്. പ്രാവാചകന് ബോധനം നല്‍കപ്പെട്ടത് അദ്ദേഹം പിന്‍പറ്റിക്കൊള്ളണമെന്നുള്ള കല്‍പന നമ്മോടുള്ള കല്‍പന കൂടിയാണ്'' ('അര്‍രിസാല'- ഇമാം ശാഫിഈ).

പ്രവാചകന് ലഭിച്ച സന്ദേശം ജനങ്ങള്‍ക്ക് എത്തിക്കുകയും വിവരിച്ച് കൊടുക്കുകയും ചെയ്യണമെന്ന കല്‍പന

അല്ലാഹു പറഞ്ഞു: ''ഹേ, റസൂലേ, നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങള്‍ക്ക്) എത്തിച്ച് കൊടുക്കുക; അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്റെ ദൗത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. സത്യനിഷേധികളായ ആളുകളെ തീര്‍ച്ചയായും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല'' (അല്‍മാഇദ: 67).

ഈ ക്വുര്‍ആന്‍ വചനത്തെ വ്യാഖ്യാനിച്ച് കൊണ്ട് ഇബ്‌നുകഥീര്‍(റ) പറയുന്നു: ''അല്ലാഹു തന്റെ അടിമയും ദൂതനുമായ മുഹമ്മദ് നബിയെ അഭിസംബോധന ചെയ്തുകൊണ്ട് കല്‍പിക്കുന്നത് തനിക്കിറക്കപ്പെട്ട മുഴുവന്‍ കാര്യവും ഒന്നൊഴിയാതെ ജനങ്ങള്‍ക്ക് എത്തിച്ച് കൊടുക്കണം എന്നാണ്. പ്രവാചകന്‍മാരില്‍ ശ്രേഷ്ഠനായ മുഹമ്മദ് നബി ﷺ തീര്‍ച്ചയായും അക്കാര്യം പൂര്‍ണമായി നിര്‍വഹിക്കുകയും കര്‍ത്തവ്യം നിറവേറ്റുകയും ചെയ്തു.''

പ്രവാചകന്‍ ﷺ എല്ലാ കാര്യങ്ങളെ സംബന്ധിച്ചും ജനങ്ങള്‍ക്ക് വ്യക്തമാക്കി കൊടുത്തിട്ടുണ്ടെന്ന് വിവരിക്കുന്ന നിരവധി ഹദീഥുകള്‍ ഇബ്‌നു കഥീര്‍(റ) ഉദ്ധരിച്ചിട്ടുണ്ട്. അതില്‍പെട്ടതാണ് ആഇശ(റ) മസ്‌റൂക്വ്(റ)വിനോട് പറഞ്ഞത്:

''മുഹമ്മദ് നബിക്ക് ഇറക്കപ്പെട്ടതില്‍ ചിലതിനെ നബി ﷺ മറച്ചുവെച്ചിട്ടുണ്ട് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവന്‍ കളവാണ് പറഞ്ഞത്. അല്ലാഹു പറഞ്ഞു: ഹേ, റസൂലേ, നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ(ജനങ്ങള്‍ക്ക്) എത്തിച്ച് കൊടുക്കുക'' (ബുഖാരി, മുസ്‌ലിം, തുര്‍മുദി, നസാഈ).

ഇബ്‌നു കഥീര്‍ ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു: ''അങ്ങനെ നീ ചെയ്യാത്ത പക്ഷം അവന്റെ ദൗത്യം നീ നിറവേറ്റിയിട്ടില്ല''- ഇപ്പറഞ്ഞതിന്റെ വിവക്ഷ ''നിനക്ക് ഇറക്കപ്പെട്ടതില്‍ നിന്നുള്ള ഒരു വചനമെങ്കിലും നീ മറച്ച് വെച്ചാല്‍'' എന്നാകുന്നു.

അല്ലാഹു പറഞ്ഞു: ''നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ച് കൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും'' (അന്നഹ്ല്‍: 44).

''മനുഷ്യര്‍ക്കായി അവതരിപ്പിക്കപ്പട്ടത് നീ അവര്‍ക്ക് വിവരിച്ച് കൊടുക്കാന്‍ വേണ്ടി'' എന്ന വാക്യത്തെ ഇബ്‌നു കഥീര്‍ വിവരിക്കുന്നത് ഇങ്ങനെ: ''അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് ലഭിച്ചതാണെന്നുള്ള നിന്റെ ദ്യഢവിശ്വാസവും അതിനോടുള്ള അത്യാഗ്രഹവും അനുകരണവും സൃഷ്ടികളില്‍ ഏറ്റവും ശ്രേഷ്ഠനായവനാണ് താങ്കള്‍ എന്ന നമ്മുടെ അറിവിനാലും ആദം സന്തതികള്‍ക്കെല്ലാം നേതാവാണ് എന്നതിനാലുമാണത്. അങ്ങനെയുള്ള താങ്കള്‍, (അല്ലാഹു) സംക്ഷിപ്തമാക്കി പറഞ്ഞവയെ വിശദമാക്കി കൊടുക്കുകയും സംശയമുള്ളവയെ വ്യക്തമാക്കി കൊടുക്കുകയും ചെയ്യേണ്ടതാണ്.''

അല്ലാഹു പറഞ്ഞു: ''എല്ലാ കാര്യത്തിനും വിശദീകരണവും മാര്‍ഗദര്‍ശനവും കാരുണ്യവും കീഴ്‌പെട്ട് ജീവിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്'' (അന്നഹ്ല്‍: 89).

ഇബ്‌നു കഥീര്‍ ഔസാഇയില്‍ നിന്ന് ഉദ്ധരിക്കുന്നു: ''എല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും'' എന്ന് പറഞ്ഞതിന്റെ ഉദ്ദേശം ''പ്രവാചക സുന്നത്ത് കൊണ്ട്'' എന്നാണ്.

ഇമാം ശാഫിഈ(റഹി) 'അര്‍രിസാല'യില്‍ പറഞ്ഞു: ''പ്രവാചകന്‍ കല്‍പിക്കപ്പെട്ടത് പോലെ ചെയ്യുന്ന ആളാണെന്നും സ്വയം സന്‍മാര്‍ഗത്തിലാണെന്നും അദ്ദേഹത്തെ പിന്‍പറ്റുന്നവര്‍ സന്മാര്‍ഗത്തിലാണെന്നും പരിശുദ്ധനായ അല്ലാഹു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.''

അല്ലാഹു പറഞ്ഞു: ''അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കല്‍പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്ക് അറിയുമായിരുന്നില്ല. പക്ഷേ, അതിനെ നാം ഒരു പ്രകാശമാക്കിയിരിക്കുന്നു. അത് മുഖേന നമ്മുടെ ദാസന്‍മാരില്‍ നിന്ന് നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം വഴി കാണിക്കുന്നു. തീര്‍ച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാര്‍ഗദര്‍ശനം നല്‍കുന്നത്''(അശ്ശൂറാ: 52).

ശാഫിഈ(റഹി) അല്‍രിസാലയില്‍ ഉദ്ധരിക്കുന്നു: നബി ﷺ പറഞ്ഞു: ''അല്ലാഹു നിങ്ങള്‍ക്ക് നിരോധിച്ച യാതൊന്നുമില്ല, ഞാനതിനെ നിങ്ങള്‍ക്ക് നിരോധിച്ചിട്ടല്ലാതെ'' (ശാഫിഈ 'അല്‍മുസ്‌നദി'ലും ബൈഹഖി 'സുനനി'ലും ഉദ്ധരിച്ചത്).

തന്നിലേല്‍പ്പിച്ച സന്ദേശം പരിപൂര്‍ണമായ നിലക്ക് നബി ﷺ ജനങ്ങള്‍ക്ക് എത്തിച്ചിട്ടുണ്ടെന്ന് ഈ നബി വചനം വ്യക്തമാക്കുന്നു.

അല്ലാഹു പറഞ്ഞു: ''ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു'' (അല്‍മാഇദ: 3).

നബി ﷺ പറഞ്ഞു:''തെളിഞ്ഞതും വെളുത്തതുമായ ഒരു മാര്‍ഗം നിങ്ങള്‍ക്ക് കാണിച്ച് തന്നുകൊണ്ടാണ് ഞാന്‍ നിങ്ങളോട് വിട പറയുന്നത്. അതിന്റെ രാവ് പകല്‍ പോലെയാണ്. ഭാഗ്യം കെട്ടവനല്ലാതെ അതില്‍ നിന്ന് വ്യതിചലിക്കുകയില്ല'' (അഹ്മദ്, ഇബ്‌നുമാജ).

ഹജ്ജതുല്‍ വിദാഇല്‍ നബി ﷺ പ്രഖ്യാപിക്കുകയുണ്ടായി: ''അല്ലാഹുവേ, ഞാന്‍ നിറവേറ്റിയിട്ടില്ലേ? അല്ലാഹുവേ, നീ സാക്ഷി!'' (മുസ്‌ലിം).

നമുക്കറിയാവുന്ന പോലെ, നമ്മുടെ മാര്‍ഗം ഒന്ന് മാത്രമാണ്. ചിലര്‍ ജല്‍പിക്കുംപോലെ ഒളിഞ്ഞ ഭാഗം, തെളിഞ്ഞ ഭാഗം എന്നിങ്ങനെയുള്ള വിഭജനമില്ല. അത്തരത്തില്‍ വന്ന ഹദീഥുകളെല്ലാം കള്ളവും നിര്‍മിതവുമാണ്.

ശാഫിഈ(റ) തന്റെ 'അര്‍രിസാല'യില്‍ പറയുന്നു: ''അല്ലാഹുവിന്റെ നിയമവിധികള്‍ വരാത്ത വിഷയങ്ങളില്‍ അല്ലാഹുവിന്റെ ദൂതന്‍ ﷺ നിയമം കൊണ്ട് വരികയാണെങ്കില്‍ അത് അല്ലാഹുവിന്റെ വിധി തന്നെയാണ്. അല്ലാഹു നമ്മെ അറിയിച്ചു: ''അത് പോലെ താങ്കള്‍ നേരായ മാര്‍ഗത്തിലേക്ക് (ജനങ്ങള്‍ക്ക്) മാര്‍ഗദര്‍ശനം നല്‍കുന്നു. അഥവാ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക്.''

അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുവാനുള്ള കല്‍പനയും ധിക്കരിക്കുന്നവര്‍ക്കുള്ള താക്കീതും:

അല്ലാഹു പറഞ്ഞു: ''അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ സ്ത്രീക്കാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നപക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ച് പോയിരിക്കുന്നു'' (അല്‍അഹ്‌സാബ്: 36).

''ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍'' (അന്നിസാഅ്: 69).

''(അല്ലാഹുവിന്റെ ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവര്‍ അല്ലാഹുവെ അനുസരിച്ചു'' (അന്നിസാഅ്: 80).

''നിങ്ങള്‍ക്കിടയില്‍ റസൂലിന്റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നത് പോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്. (മറ്റുള്ളവരുടെ) മറപിടിച്ചുകൊണ്ട് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ചോര്‍ന്ന് പോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്. ആകയാല്‍ അദ്ദേഹത്തിന്റെ കല്‍പനക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ച് കൊള്ളട്ടെ'' (അന്നൂര്‍: 63).

ഇബ്‌നുകഥീര്‍ പറയുന്നു: ''അദ്ദേഹത്തിന്റെ കല്‍പനക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ സൂക്ഷിച്ച് കൊള്ളട്ടെ'' എന്ന ക്വുര്‍ആന്‍ വാക്യത്തിന്റെ ഉദ്ദേശം റസൂല്‍ ﷺ നടപ്പില്‍ വരുത്തുന്ന നിയമങ്ങള്‍, അദ്ദേഹത്തിന്റെ ചര്യകള്‍, അവിടുത്തെ വഴികള്‍, മാര്‍ഗ രീതികള്‍ എന്നിവയടങ്ങുന്ന കല്‍പനകള്‍ എന്നതാണ്. അപ്പോള്‍ ഏതൊരാളുടെയും മൊഴികളും കര്‍മങ്ങളും വിലയിരുത്തപ്പെടുന്നത് അവ അവിടുത്തെ വാക്കുകളോടും പ്രവൃത്തികളോടും അനുധാവനം ചെയ്ത് കൊണ്ടുള്ളതാണോ അല്ലേ എന്ന് പരിശോധിച്ച് കൊണ്ടായിരിക്കും. അവിടുത്തോട് അനുകരിച്ച് കൊണ്ടാണെങ്കില്‍ സ്വീകരിക്കപ്പെടുകയും എതിരായതാണെങ്കില്‍ അതിന്റെ ഉറവിടം ഏതാവട്ടെ അത് നിരാകരിക്കപ്പെടുന്നതുമാണ്. ബുഖാരിയും മുസ്‌ലിമുമടക്കമുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീഥില്‍ ഇങ്ങനെ കാണാം. നബി ﷺ പറഞ്ഞു: ''നമ്മുടെ കല്‍പനയില്ലാത്ത ഏതൊരു പ്രവര്‍ത്തി ആര്‍ ചെയ്താലും അത് തള്ളപ്പെടേണ്ടതാണ്.''

പ്രത്യക്ഷമായോ പരോക്ഷമായോ അല്ലാഹുവിന്റെ റസൂലിന്റെ ചര്യകളോട് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒന്നുകില്‍ മനസ്സില്‍ സത്യനിഷേധം, കാപട്യം, നൂതന ആചാരങ്ങളോടുള്ള പ്രിയം എന്നീ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കപ്പെടുമെന്നാണ് ''തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ...'' എന്നതിന്റെ സാരം.''വേദനയേറിയ ശിക്ഷ ബാധിക്കുകയോ...'' എന്നു പറഞ്ഞതിന്റെ സാരം ഇഹലോകത്ത് വെച്ച് തന്നെ കൊല്ലപ്പെടല്‍, ശിക്ഷിക്കപ്പെടല്‍, ജയില്‍വാസമനുഷ്ഠിക്കല്‍ എന്നിവപോലുള്ള വേദനിപ്പിക്കുന്ന പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ്.

ഇമാം ക്വുര്‍തുബി പറയുന്നു: ''തങ്ങള്‍ക്ക് വല്ല ആപത്തും വന്ന് ഭവിക്കുകയോ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത്'' എന്നതിന്റെ വിവക്ഷ പ്രവാചകനോട് എതിര്‍ പ്രവര്‍ത്തിക്കുന്നത് നിഷിദ്ധവും കല്‍പനക്ക് വഴിപ്പെട്ട് ജീവിക്കുന്നത് നിര്‍ബന്ധവുമാണെന്നാണ്. ഇവിടെ ആപത്ത് എന്നതിന്റെ അര്‍ഥം വധം എന്നാണ്. ഇബ്‌നു അബ്ബാസ് ﷺ അപ്രകാരം പറഞ്ഞിരിക്കുന്നു. മറ്റൊരഭിപ്രായം പ്രവാചകനോട് എതിര്‍ പ്രവര്‍ത്തിക്കുന്നൊരു ദുഷിച്ച മനസ്സിന്റെ ഉടമയായിത്തീരുക എന്നതാണ്.''

ഇമാം ശാത്വിബി തന്റെ അല്‍ഇഅ്തിസാം എന്ന ഗ്രന്ഥത്തില്‍ (1:132) പറയുന്നു: ''സുബൈറുബ്‌നുബകാര്‍ പറഞ്ഞു: മാലികിബ്‌നു അനസി(റ)ന്റെ അടുക്കല്‍ ഒരാള്‍ വന്ന് കൊണ്ട് ചോദിച്ചു: 'അബൂഅബ്ദുല്ലാ..! ഞാന്‍ എവിടെ വെച്ചാണ് ഇഹ്‌റാം കെട്ടേണ്ടത്?' മാലികിബ്‌നു അനസ്(റ) പറഞ്ഞു: 'നബി ﷺ ഇഹ്‌റാമില്‍ പ്രവേശിച്ച ദുല്‍ഹുലൈഫയില്‍ വെച്ച്'. അയാള്‍ പറഞ്ഞു: 'ഞാന്‍ പള്ളിയില്‍ വെച്ചാണ് ഇഹ്‌റാമില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നത്.' അനസ് ﷺ പറഞ്ഞു: 'അങ്ങനെ ചെയ്യരുത്'. അയാള്‍ പറഞ്ഞു: 'പള്ളിയില്‍ ക്വബ്റിന്റെ അടുക്കല്‍ വെച്ച് ഇഹ്‌റാമില്‍ പ്രവേശിക്കുവാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.' അനസ് ﷺ പറഞ്ഞു: 'അങ്ങനെ ചെയ്യരുത്, നിനക്ക് വല്ല ആപത്തും സംഭവിച്ചേക്കും'. അയാള്‍ ചോദിച്ചു: 'എന്ത് ആപത്ത്? ഞാനതില്‍ കുറച്ച് കൂടി ദൂരം കൂട്ടുകയല്ലേ ചെയ്യുന്നുള്ളൂ?' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതന്‍ ﷺ നിര്‍ണയിച്ച് കാണിച്ചു തന്നതിനെക്കാള്‍ അധികമായൊരു പുണ്യത്തെ കണ്ടെത്താനുള്ള മനോഗതിയെക്കാള്‍ വലിയൊരു ആപത്ത് മറ്റെന്താണുള്ളത്? അല്ലാഹു ഇപ്രകാരം പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്: ''ആകയാല്‍ അദ്ദേഹത്തിന്റെ കല്‍പനകള്‍ക്ക് എതിര്‍പ്രവര്‍ത്തിക്കുന്നവര്‍ വല്ല ദുരന്തത്തിലും അകപ്പെടുകയോ വേദനയേറിയ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരികയോ ചെയ്യുന്നത് സൂക്ഷിച്ച് കൊള്ളട്ടെ.''

ശാത്വിബി തുടരുന്നു: ''മാലിക്(റ) ക്വു ര്‍ആനിലെ ഈ വചനത്തെ വിശദീകരിച്ചപ്പോള്‍ പറഞ്ഞു: ആ പറഞ്ഞ ഫിത്‌ന ഇത്തരം നവീനാശയങ്ങളെയും അവര്‍ ഏതൊരു അടിത്തറയിലാണോ ആശയങ്ങള്‍ പടുത്തുയര്‍ത്തിയത് അതിനെയുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. അല്ലാഹു ക്വുര്‍ആനിലൂടെയും പ്രവാചകന്‍ ﷺ സുന്നത്തിലൂടെയും വിവരിച്ചു തന്നവ തങ്ങളുടെ ബുദ്ധി കൊണ്ട് കണ്ടെത്തിയതിനെക്കാളും കുറഞ്ഞു പോയിട്ടുണ്ടെന്ന കാഴ്ചപ്പാടാണവര്‍ക്കുള്ളത്. ഇതിന് ഉദാഹരണമാണ് ഇബ്‌നുമസ്ഉൗദ്(റ) പറഞ്ഞതായുള്ള ഇബ്‌നു വദ്ദാഹിന്റെ ഉദ്ധരണി. അദ്ദേഹം പറയുന്നു: 'നിങ്ങളുടെ പ്രവാചകന്‍ നിങ്ങള്‍ക്ക് കാണിച്ച് തരാത്ത മാര്‍ഗങ്ങള്‍ നിങ്ങള്‍ കണ്ടെത്തി. തീര്‍ച്ചയായും നിങ്ങള്‍ വഴികേടിന്റെ വാലാണ് പിടിച്ചിരിക്കുന്നത്.' ഒരു മനുഷ്യന്‍ കുറെ ആളുകളെ ഒരുമിച്ച് കൂട്ടിക്കൊണ്ട് അവരോട് പറയുന്നു; ഒരു വട്ടം ഇന്നയിന്ന വാക്യങ്ങളെല്ലാം ഉരുവിടുന്നവനെ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു. സുബ്ഹാനല്ലാഹ് എന്നതാണ് ആ വാക്യം. അങ്ങനെ ജനങ്ങള്‍ അത് ഏറ്റു പറയുന്നു. പിന്നെയും അയാള്‍ അവര്‍ക്ക് പറഞ്ഞ് കൊടുക്കുന്നു: ഒരു വട്ടം ഇന്നാലിന്ന വാക്യങ്ങള്‍ ഉരുവിടുന്നവനെ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു. അല്‍ഹംദുലില്ലാഹ് എന്നതാണ് ആ വാക്യം. അതും ജനങ്ങള്‍ ഏറ്റുപറയുന്നു. ഈ രംഗം കണ്ടപ്പോഴാണ് ഇബ്‌നുമസ്ഉൗദ്(റ) അപ്രകാരം പറഞ്ഞത്'' (ദാരിമി).

നബി ﷺ പറഞ്ഞു: ''എന്നെ ആര്‍ അനുസരിച്ചോ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. എന്നോട് ആര്‍ എതിര്‍ പ്രവര്‍ത്തിച്ചുവോ അവന്‍ നിഷേധിയായിത്തീരുകയും ചെയ്തു''(ബുഖാരി).

''എന്റെ കല്‍പനയോ നിരോധനമോ വന്നുകിട്ടുമ്പോള്‍ തന്റെ സോഫയില്‍ ചാരിയിരുന്നു കൊണ്ട് 'എനിക്കറിഞ്ഞുകൂടാ, ക്വുര്‍ആനില്‍ വന്നതെന്തോ അത് ഞങ്ങള്‍ പിന്‍പറ്റുന്നതാണ്' എന്നു പറയുന്ന ഒരാളെയും നിങ്ങൡ ഞാന്‍ കാണാതിരിക്കട്ടെ'' (അഹ്മദ്, അബുദാവൂദ്, തുര്‍മുദി, ഇബ്‌നുമാജ).

(തുടരും)