തൗഹീദും അതിന്റെ ഇനങ്ങളും

ഫദ്‌ലുല്‍ ഹഖ് ഉമരി

2018 നവംബര്‍ 24 1440 റബിഉല്‍ അവ്വല്‍ 16

മനുഷ്യന്‍ നേടുന്ന അറിവുകളില്‍ ഏറ്റവും വലിയ അറിവ് തൗഹീദിനെക്കുറിച്ചുള്ളതാണ്. 'അല്‍ഫിഖ്വ്ഹുല്‍ അക്ബര്‍' എന്നാണ് ചില പണ്ഡിതന്മാര്‍ ഇതിനെക്കുറിച്ച് പറയാറുള്ളത്. കര്‍മങ്ങളുടെ സ്വീകാര്യതക്ക് അനിവാര്യമായ ഒന്നാണത്. അത്‌കൊണ്ടുതന്നെ ഒരു മുസ്‌ലിം തൗഹീദിന്ന് പ്രധാന്യം കൊടുക്കുകയും അത് പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്യേണ്ടതുണ്ട്.

എന്താണ് തൗഹീദ്?

'വഹ്ഹദ' എന്ന് പറഞ്ഞാല്‍ 'അഫ്‌റദ' അഥവാ 'ഏകനാക്കുക' എന്നാണ് അര്‍ഥം. 'റുബൂബിയ്യഃ' (സൃഷ്ടികര്‍തൃത്വം), ഉലൂഹിയ്യഃ (ആരാധ്യത), 'അല്‍അസ്മാഉ വസ്സ്വിഫാത്' (നാമവിശേഷണങ്ങള്‍) തുടങ്ങിയ വിഷയങ്ങളില്‍ അല്ലാഹുവിനെ ഏകനാക്കലാണ് തൗഹീദ്.

ഈ വിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ തൗഹീദിനെ മുന്‍ഗാമികള്‍ മൂന്നായി തരംതിരിച്ചിട്ടുണ്ട്.

1) തൗഹീദുര്‍റുബൂബിയ്യഃ

2) തൗഹീദുല്‍ ഉലൂഹിയ്യഃ

3) തൗഹീദുല്‍ അസ്മാഇ വസ്സിഫാത്

തൗഹീദുര്‍റുബൂബിയ്യഃ

അല്ലാഹു മാത്രമാണ് പ്രപഞ്ചത്തിന്റെയും അതിലുള്ളതിന്റെയും സ്രഷ്ടാവും നിയന്താവും ഉപജീവനംനല്‍കുന്നവനും എന്ന് വിശ്വസിക്കലാണിത്. എന്നാല്‍ റുബൂബിയ്യത്തില്‍ മാത്രം ഒരു വ്യക്തി വിശ്വസിച്ചത് കൊണ്ട് അവന്റെ തൗഹീദ് പരിപൂര്‍ണമാവുകയില്ല. അല്ലാഹു രക്ഷിതാവാ(റബ്ബ്)ണെന്ന് ഇബ്‌ലീസും അംഗീകരിച്ചിട്ടുണ്ട്. 

''അവന്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക് നീ അവധി നീട്ടിത്തരേണമേ'' (ക്വുര്‍ആന്‍ 15:36).

''അവന്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച''(ക്വുര്‍ആന്‍ 15:39).

മക്കയിലെ മുശ്‌രിക്കുകളും റുബൂബിയ്യത്ത് അംഗീകരിക്കുന്നവരായിരുന്നു: ''ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്‌പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (ബഹുദൈവവിശ്വാസികളോട്) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും; അല്ലാഹുവാണെന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്?'' (ക്വുര്‍ആന്‍ 29:61). 

എന്നാല്‍ ആരാധന അല്ലാഹുവിനു മാത്രം എന്ന തൗഹീദുല്‍ ഉലൂഹിയ്യഃയില്‍ ശിര്‍ക്ക് വന്നതിനാല്‍ ഇവര്‍ യഥാര്‍ഥ തൗഹീദിന്റെ വക്താക്കളല്ല. 

തൗഹീദുര്‍റുബൂബിയ്യത്തിനുള്ള തെളിവുകള്‍:

1) മനുഷ്യന്റെ ശുദ്ധപ്രകൃതി. 

2) ബുദ്ധി. 

3) പ്രവാചകന്മാരുടെ മുഅ്ജിസത്ത് (അമാനുഷിക ദൃഷ്ടാന്തം). 

4) അല്ലാഹു മുസാനബി(അ)യോട് സംസാരിച്ചത്. 

5) പ്രാപഞ്ചിക അടയാളങ്ങള്‍ (ദൃഷ്ടാന്തങ്ങള്‍).

മനുഷ്യന്റെ ശുദ്ധപ്രകൃതി

അല്ലാഹുവിന്റെ അസ്തിത്വത്തെ ഏതൊരു സൃഷ്ടിയും പ്രകൃത്യാതന്നെ അംഗീകരിക്കുന്ന രൂപത്തിലാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്.

നബിﷺ പറഞ്ഞു: ''ഏതൊരു കുഞ്ഞും ശുദ്ധപ്രകൃതിയിലാണ് ജനിക്കുന്നത്. അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനാക്കുന്നതും ക്രിസ്ത്യാനിയാക്കുന്നതും മജൂസിയാക്കുന്നതും.'' 

അല്ലാഹുവാണ് വലിയവനെന്നും സമ്പൂര്‍ണനെന്നും ഉന്നതനെന്നുമുള്ള കാര്യം ഏതൊരു മനുഷ്യ മനസ്സും അംഗീകരിക്കുന്നതാണ്. മനുഷ്യന്റെ പ്രകൃതിയെ മാറ്റിക്കളയുന്ന പ്രേരകങ്ങളൊന്നും ഇല്ലായെങ്കില്‍ യഥാര്‍ഥതൗഹീദിലേക്കും നബിമാര്‍ കൊണ്ടുവന്ന ആദര്‍ശത്തിലേക്കും തന്നെയാണ് മനുഷ്യന്റെ ചിന്തയും ബുദ്ധിയും വശീകരിക്കപ്പെടുക. 

നബിമാരൊക്കെയും ജനങ്ങളെ തൗഹീദുല്‍ ഉലൂഹിയ്യത്തിലേക്കാണ് ക്ഷണിച്ചത്; തൗഹീദുര്‍റുബൂബിയ്യത്തിലേക്ക് ക്ഷണിക്കേണ്ടിവന്നിട്ടില്ല. അല്ലാഹുവിന്റെ അസ്തിത്വത്തില്‍ ഒരു സംശയവും ഇല്ലാത്തവരെഅഭിമുഖീകരിക്കുന്ന പോലെയുള്ള ശൈലിയാണ് അവര്‍ സ്വീകരിച്ചതും.

''അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്‍മാര്‍ പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്റെ കാര്യത്തിലാണോ സംശയമുള്ളത്? നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്ക് പൊറുത്തുതരാനും, നിര്‍ണിതമായ ഒരു അവധി വരെ നിങ്ങള്‍ക്ക് സമയം നീട്ടിത്തരുവാനുമായി അവന്‍ നിങ്ങളെ ക്ഷണിക്കുന്നു'' (ഇബ്‌റാഹിം:10).

ബുദ്ധി: വക്രതയില്ലാത്ത ബുദ്ധി അല്ലാഹുവിന്റെ അസ്തിത്വത്തെ അംഗീകരിക്കും. ഏതൊരു സൃഷ്ടിക്കും പിന്നില്‍ ഒരു സ്രഷ്ടാവുണ്ട്. ഒന്നുമില്ലാത്ത സ്ഥലത്തിലൂടെ ഒരാള്‍ കടന്നുപോകുകയും ആസ്ഥലത്ത് പിന്നീടൊരിക്കല്‍ എത്തിയപ്പോള്‍ അവിടെ ധാരാളം കെട്ടിടങ്ങള്‍ കാണപ്പെടുകയും ചെയ്താല്‍ ഇവ താനെ ഉണ്ടായതാണെന്ന് ബുദ്ധിയുള്ള ഒരാളും പറയുകയില്ല. അതുകൊണ്ടാണ് അല്ലാഹുവിന്ന് പുറമെ ആരാധിക്കപ്പെട്ടുകൊണ്ടിരിക്കുന്നവരെക്കുറിച്ച് അല്ലാഹു ഇപ്രകാരം ചോദിച്ചത്: 

''അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍?'' (ക്വുര്‍ആന്‍ 52:35).

ഇമാം അബൂഹനീഫയെക്കുറിച്ച് ഇപ്രകാരം ഒരു സംഭവം ഉദ്ധരിക്കപ്പെടുന്നു: അല്ലാഹുവിന്റെ അസ്തിത്വത്തെക്കുറിച്ച് ചില നിരീശ്വരവാദികള്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു: 'അല്‍പനേരത്തേക്ക് എന്നെ ഒന്നു വിട്ടേക്കൂ. ഞാന്‍ കേട്ട ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്.  ചില ആളുകള്‍ എന്നോട് പറഞ്ഞു: ഒരുകപ്പല്‍ കടലിലൂടെ സഞ്ചരിക്കുന്നു. അതില്‍ കച്ചവടച്ചരക്കുകളുണ്ട്, എന്നാല്‍ അതിനെ നയിക്കുന്ന കപ്പിത്താനില്ല. എന്നിട്ടും കൃത്യസ്ഥാനത്തേക്ക് അത്‌പോകുകയും വരികയും ചെയ്യുന്നു. തിരമാലകളെ കീറിമുറിച്ച് തരണം ചെയ്ത് മുന്നോട്ട് പോകുന്നു' എന്ന്. ഇതുകേട്ട നിരീശ്വരവാദികള്‍ പറഞ്ഞു: 'ബുദ്ധിയുള്ള ഒരാളും ഇത് പറയുകയില്ല.' അപ്പോള്‍ ഇമാം അബൂഹനീഫ പറഞ്ഞു: 'എങ്കില്‍ ഈ പ്രപഞ്ചവും അതിലുള്ള സകലതും താനെ ഉണ്ടായി എന്നും താനെ പ്രവര്‍ത്തിക്കുന്നു എന്നും നിങ്ങളെങ്ങനെ പറയുന്നു? അവയ്‌ക്കൊരു നിര്‍മാതാവില്ലേ?' നിരീശ്വരവാദികളായിരുന്നവര്‍ ഹൃദയം തുറക്കുകയും സത്യത്തിലേക്ക് മടങ്ങുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്തു. (തഫ്‌സീര്‍ ഇബ്‌നുകഥീര്‍ 1/58).

പ്രവാചകന്മാരുടെ മുഅ്ജിസത്തുകള്‍

നബിമാരെ സത്യപ്പെടുത്തിയും ശക്തിപ്പെടുത്തിയും അല്ലാഹു നടപ്പിലാക്കുന്ന മനുഷ്യകഴിവിന്നപ്പുറമുള്ള കാര്യങ്ങള്‍ക്കാണ് മുഅ്ജിസത്ത് എന്ന് പറയുന്നത്. ഉദാ:

1. ഇബ്‌റാഹിം നബി(അ)യെ തീയിലിട്ടു, ആ തീ തണുപ്പുള്ളതായിമാറി.

''അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് (വല്ലതും) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ച് കളയുകയും നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക. നാം പറഞ്ഞു: തീയേ, നീ ഇബ്‌റാഹീമിന് തണുപ്പും സമാധാനവുമായിരിക്കുക. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുവാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ് നാം ചെയ്തത്'' (ക്വുര്‍ആന്‍ 21:68-70).

2. മൂസാനബി(അ)യുടെ വടികൊണ്ട് അടിച്ചപ്പോള്‍ കടല്‍ പിളര്‍ന്നു, കല്ലില്‍ അടിച്ചപ്പോള്‍ ഉറവുകളുണ്ടായി, കക്ഷത്തുവെച്ച് പുറത്തെടുത്ത കൈ പ്രകാശിച്ചു...

''അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ആ വടി താഴെയിടൂ. അദ്ദേഹം അത് താഴെയിട്ടു. അപ്പോഴതാ അത് ഒരു പാമ്പായി ഓടുന്നു. അവന്‍ പറഞ്ഞു: അതിനെ പിടിച്ച് കൊള്ളുക. പേടിക്കേണ്ട, നാം അതിനെ അതിന്റെ ആദ്യസ്ഥിതിയിലേക്ക് തന്നെ മടക്കുന്നതാണ്. നീ നിന്റെ കൈ കക്ഷത്തിലേക്ക് ചേര്‍ത്ത് പിടിക്കുക. യാതൊരു ദൂഷ്യവും കൂടാതെ തെളിഞ്ഞ വെള്ളനിറമുള്ളതായി അത് പുറത്ത് വരുന്നതാണ്. അത് മറ്റൊരു ദൃഷ്ടാന്തമത്രെ'' (ക്വുര്‍ആന്‍ 20:19-22).

3. മുഹമ്മദ് നബിﷺയുടെ മുഅ്ജിസത്തുകള്‍ ഒട്ടനവധിയാണ്. ചന്ദ്രന്‍ പിളര്‍ന്നത്, ഇസ്‌റാഉം മിഅ്‌റാജും, വിരലുകള്‍ക്കിടയിലൂടെ വെള്ളം വന്നത്... തുടങ്ങിയവയെല്ലാം അതില്‍ പെട്ടതാണ്. ഇതില്‍ ഏറ്റവും വലിയ മുഅ്ജിസത്ത് വിശുദ്ധ ക്വുര്‍ആനാണ്. ഈ ലോകം നിലനില്‍ക്കുന്നിടത്തോളം നിലനില്‍ക്കുന്ന ദൃഷ്ടാന്തം. മാറ്റത്തിരുത്തലുകളില്‍ നിന്നും സുരക്ഷിതം.

 ''തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്'' (ഹിജ്ര്‍:9).

ഇജ്മാഅ്: തൗഹീദുര്‍റുബൂബിയ്യത്ത് ലോകത്തുള്ള ഏതുജനതയും അംഗീകരിച്ചിട്ടുണ്ട്. വിശേഷണങ്ങളിലും പ്രവര്‍ത്തനങ്ങളിലും തത്തുല്യമായ രണ്ട് സ്രഷ്ടാക്കള്‍ ലോകത്തിനുണ്ടെന്ന് ആരും തന്നെ പറഞ്ഞിട്ടില്ല.

''ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്‌പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (ബഹുദൈവവിശ്വാസികളോട്) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്?'' (ക്വുര്‍ആന്‍ 29: 61).

എന്നാല്‍ നംറൂദ്, ഫിര്‍ഔന്‍ പോലുള്ളവര്‍ റുബൂബിയ്യത്തിനെ നിഷേധിച്ചത് അഹങ്കാരവും നേതൃത്വ മോഹവും കാരണത്താലായിരുന്നു. 

മൂസാ നബി(അ)യോട് അല്ലാഹു സംസാരിച്ചു

പല സന്ദര്‍ഭങ്ങളിലായി മൂസാനബി(അ)യോട് അല്ലാഹു സംസാരിക്കുകയും ആ സംസാരം മൂസാനബി കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹുവിന്റെ അസ്തിത്വത്തെയാണിത് സൂചിപ്പിക്കുന്നത്.

പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍

ലോകത്തുള്ള ഏതൊന്നും ഒരു സ്രഷ്ടാവിനെ അറിയിക്കുന്നു.

1. ആകാശം: അതിന്റെ വലുപ്പം, സൂര്യചന്ദ്രന്മാര്‍, രാവും പകലും മാറിമാറി വരുന്നത്...

''തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്'' (ക്വുര്‍ആന്‍ 3:190).

2. ഭൂമി: ജീവിച്ചിരിക്കുന്നവര്‍ക്ക് മുകള്‍ഭാഗവും മരണപ്പെട്ടവര്‍ക്ക് ഉള്‍ഭാഗവും എന്ന നിലയ്ക്ക് എല്ലാവരെയും ഉള്‍കൊള്ളുന്ന ഭൂമി. അതിലുള്ള കോടാനുകോടി സൃഷ്ടിജാലങ്ങള്‍, നദികള്‍, മലകള്‍, സമുദ്രങ്ങള്‍, ഭൂമിയിലേക്ക് മഴയിറങ്ങുന്നു. മനുഷ്യനാവശ്യമായ എല്ലാം അതില്‍ നിന്നും മുളച്ചുവരുന്നു. 

''ഭൂമിയില്‍ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്. മുന്തിരിത്തോട്ടങ്ങളും കൃഷികളും, ഒരു മുരട്ടില്‍ നിന്ന് പല ശാഖങ്ങളായി വളരുന്നതും, വേറെ വേറെ മുരടുകളില്‍ നിന്ന് വളരുന്നതുമായ ഈന്തപ്പനകളും ഉണ്ട്. ഒരേ വെള്ളം കൊണ്ടാണ് അത് നനയ്ക്കപ്പെടുന്നത്. ഫലങ്ങളുടെ കാര്യത്തില്‍ അവയില്‍ ചിലതിനെ മറ്റു ചിലതിനെക്കാള്‍ നാം മെച്ചപ്പെടുത്തുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട''(ക്വുര്‍ആന്‍ 13:4).

3. കടലുകള്‍: അതിലെ വെള്ളം, തിരമാല, മുത്തുകള്‍ പവിഴങ്ങള്‍, മത്സ്യങ്ങള്‍, അത്ഭുത ജീവികള്‍, കടലിന്നടിയിലെ മലകള്‍, പവിഴപ്പുറ്റുകള്‍... 

''നിങ്ങള്‍ക്ക് പുതുമാംസം എടുത്ത് തിന്നുവാനും നിങ്ങള്‍ക്ക് അണിയാനുള്ള ആഭരണങ്ങള്‍ പുറത്തെടുക്കുവാനും പാകത്തില്‍ കടലിനെ വിധേയമാക്കിയവനും അവന്‍ തന്നെ. കപ്പലുകള്‍ അതിലൂടെ വെള്ളം പിളര്‍ന്ന് മാറ്റിക്കൊണ്ട് ഓടുന്നതും നിനക്ക് കാണാം. അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടുവാനും നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടിയാണ് (അവനത് നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നത്)'' (ക്വുര്‍ആന്‍ 16:14).

4. മനുഷ്യന്റെ സൃഷ്ടിപ്പ്, അവന്റെ സൗന്ദര്യം, ശരീരം, തലച്ചോറ്, ഹൃദയം... ഇവയുടെ പ്രവര്‍ത്തനങ്ങള്‍, നാഡീവ്യൂഹ വ്യവസ്ഥ, രക്തചംക്രമണം, ദഹനവ്യവസ്ഥ, വ്യത്യസ്ത ഭാഷകള്‍, ശബ്ദങ്ങള്‍, ശൈലികള്‍, നിറങ്ങള്‍... 

''നിങ്ങളില്‍ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്). എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലേ?'' (ക്വുര്‍ആന്‍ 51: 21). 

ഇതെല്ലാം കാണുന്ന ഒരു മുസ്‌ലിം തീര്‍ച്ചയായും പറയും:

''നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീഎത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ'' (ക്വുര്‍ആന്‍ 3:191).