എന്തിന് കരയണം?

സമീര്‍ മുണ്ടേരി

2018 ശവ്വാല്‍ 09 1439 ജൂണ്‍ 23

അബൂഹുറയ്‌റ(റ) രോഗശയ്യയിലായപ്പോള്‍ കണ്ണൂനീരൊഴുക്കി. അദ്ദേഹത്തോട് ഒരാള്‍ ചോദിച്ചു: 'എന്തിനാണ് കരയുന്നത്?' അദ്ദേഹം പറഞ്ഞു: 'നിങ്ങളുടെ ഈ ദുനിയാവിനെക്കുറിച്ചോര്‍ത്തല്ല ഞാന്‍ കരയുന്നത്. എനിക്ക് സഞ്ചരിക്കാനുളള ദൂരത്തിന്റെ ആധിക്യവും എന്റെ കയ്യിലുളള യാത്രാഭക്ഷണത്തിന്റെ കുറവുമാണ് എന്നെ കരയിപ്പിക്കുന്നത്.' 

എന്തിനാണ് നാം  കരയാറുള്ളത്? ഉറ്റവരുടെ മരണം, രോഗം, സാമ്പത്തിക പ്രതിസന്ധി, തൊഴില്‍ നഷ്ടം... ഇങ്ങനെ കരയാന്‍ കാരണങ്ങള്‍ ഏറെയാണ്. നമ്മുടെ നാട്ടില്‍ ഇന്ന് സജീവ ചര്‍ച്ചാവിഷയമാണ് നിപ്പ വൈറസ്. ഇതുവരെ പതിനേഴ് പേര്‍ ഈ രോഗം മൂലം മരണപ്പെട്ടതായാണ് കണക്ക്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ ഉറ്റവരുടെ നഷ്ടത്തെയോര്‍ത്ത് കരയുന്നതിനെക്കാള്‍ കൂടുതല്‍ കരയുന്നത് സമൂഹത്തില്‍ നിന്ന് പൂര്‍ണമായും ഒറ്റപ്പെട്ടതിലുള്ള വിഷമത്താലാണ്. 

കരച്ചില്‍ വാസ്തവത്തില്‍ ഒരു ദൈവാനുഗ്രഹമാണ്. സന്തോഷത്താലും സങ്കടത്താലും മനുഷ്യന്‍ കരയാറുണ്ട്. കുഞ്ഞ് ജനിച്ച വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഉറ്റവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് സന്തോഷം കൊണ്ടാണ്. 

അബ്ദുല്‍ അഅ്‌ലാ അത്തൈമീ(റഹി) പറഞ്ഞു: 'അറിവുണ്ടായിട്ടും കരയാത്തവന്‍ ഉപകാരപ്രദമായ അറിവ് കിട്ടാത്തവനെപ്പോലെയാണ്. കാരണം അറിവുളളവരെ അല്ലാഹു വിശേഷിപ്പിച്ചത് ഇപ്രകാരമാണ്: ''(നബിയേ,) പറയുക: നിങ്ങള്‍ ഇതില്‍ (ക്വുര്‍ആനില്‍) വിശ്വസിച്ച് കൊള്ളുക. അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുക. തീര്‍ച്ചയായും ഇതിന് മുമ്പ് (ദിവ്യ)ജ്ഞാനം നല്‍കപ്പെട്ടവരാരോ അവര്‍ക്ക് ഇത് വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവര്‍ പ്രണമിച്ച് കൊണ്ട് മുഖംകുത്തി വീഴുന്നതാണ്. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവിന്റെ വാഗ്ദാനം നടപ്പിലാക്കപ്പെടുന്നതു തന്നെയാകുന്നു. അവര്‍ കരഞ്ഞുകൊണ്ട് മുഖംകുത്തി വീഴുകയും അതവര്‍ക്ക് വിനയം വര്‍ധിപ്പിക്കുകയും ചെയ്യും' (ക്വുര്‍ആന്‍ 17:107-109). 

നല്ല കരച്ചില്‍ 

കരച്ചിലില്‍ നന്മയായതും തിന്മയായതുമുണ്ട്. ഒരു അടിമ അല്ലാഹുവിനെ ഭയന്ന് കൊണ്ടോ ക്വുര്‍ആന്‍ കേള്‍ക്കുമ്പോഴോ, ഗുണപാഠം ഉള്‍ക്കൊണ്ടും ചിന്തിച്ചും താക്കീതുകളെ കുറിച്ചോര്‍ത്തും കൊണ്ടോ കരയുന്നത് നല്ല കരച്ചിലാണ്. ഉറ്റവരെ നഷ്ടപ്പെടുമ്പോഴുളള കാരുണ്യത്തിന്റെ കരച്ചിലും ഈ ഗണത്തില്‍ പെടും.  

ചീത്ത കരച്ചില്‍ 

കാപട്യത്തിന്റെ കരച്ചില്‍, ബഹളംവെച്ചുളള കരച്ചില്‍...തുടങ്ങിയവയൊക്കെ ചീത്ത കരച്ചിലാണ്. കാപട്യത്തിന്റെ കരച്ചിലിന് ഉദാഹരണമാണ് യൂസുഫ് നബി(അ)യുടെ സഹോദങ്ങള്‍ അദ്ദേഹത്തെ പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിഞ്ഞശേഷം തങ്ങളുടെ പിതാവിന്റെ മുമ്പില്‍ വന്ന് യൂസുഫിനെ ചെന്നായ പിടിച്ചു എന്ന് പറഞ്ഞ് കരഞ്ഞത്. അല്ലാഹു അത് ഇപ്രകാരം പറഞ്ഞുതരുന്നു: ''അവര്‍ സന്ധ്യാസമയത്ത് അവരുടെ പിതാവിന്റെ അടുക്കല്‍ കരഞ്ഞുകൊണ്ട് ചെന്നു'' (ക്വുര്‍ആന്‍ 12:16). 

ക്വുര്‍ആന്‍ പരിചയപ്പെടുത്തിയ കരച്ചില്‍ 

അല്ലാഹുവാണ് നമ്മെ കരയിപ്പിക്കുന്നവന്‍. അല്ലാഹു പറയുന്നു: ''അവന്‍ തന്നെയാണ് ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തതെന്നും...'' (ക്വുര്‍ആന്‍ 53:43).

യഥാര്‍ഥ വിശ്വാസി വെറും കളിയും ചിരിയുമായി ജീവിതം തള്ളിനീക്കുകയല്ല ചെയ്യുക. നശ്വരമായ ജീവിത സുഖങ്ങള്‍ അനുഭവിക്കുമ്പോള്‍ മതിമറന്ന് ജീവിക്കുന്നത് നല്ലതല്ല എന്ന് അല്ലാഹു പഠിപ്പിക്കുന്നുണ്ട്. തബൂക്ക് യുദ്ധത്തില്‍ നിന്ന് പിന്തിനിന്ന കപട വിശ്വാസികള്‍, യുദ്ധത്തിന് പോയ നബി ﷺ യും അനുചരന്മാരും അനുഭവിച്ച പ്രയാസങ്ങളില്‍ നിന്ന് രക്ഷപ്പെട്ടതോര്‍ത്ത് സന്തോഷിക്കുമ്പോള്‍ ക്വുര്‍ആന്‍ അവരെ ഓര്‍മപ്പെടുത്തുന്നു: ''അതിനാല്‍ അവര്‍ അല്‍പം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്തുകൊള്ളട്ടെ; അവര്‍ ചെയ്തുവെച്ചിരുന്നതിന്റെ ഫലമായിട്ട്'' (ക്വുര്‍ആന്‍ 9:82). 

 

വിശ്വാസത്തിന്റ ഭാഗമായ കരച്ചില്‍ 

കരയുക എന്നത് വിശ്വാസത്തിന്റെ അടയാളമാണ്. അല്ലാഹു പഠിപ്പിച്ചു: ''അല്ലാഹു അനുഗ്രഹം നല്‍കിയിട്ടുള്ള പ്രവാചകന്‍മാരത്രെ അവര്‍. ആദമിന്റെ സന്തതികളില്‍ പെട്ടവരും നൂഹിനോടൊപ്പം നാം കപ്പലില്‍ കയറ്റിയവരില്‍ പെട്ടവരും ഇബ്‌റാഹീമിന്റെയും ഇസ്‌റാഈലിന്റെയും സന്തതികളില്‍ പെട്ടവരും നാം നേര്‍വഴിയിലാക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരുമത്രെ അവര്‍. പരമകാരുണികന്റെ തെളിവുകള്‍ അവര്‍ക്ക് വായിച്ചു കേള്‍പിക്കപ്പെടുന്ന പക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായിക്കൊണ്ട് അവര്‍ താഴെ വീഴുന്നതാണ്'' (ക്വുര്‍ആന്‍ 19:58). 

അല്ലാഹുവിനെക്കുറിച്ച് ആലോചിച്ച് കരയുന്നവര്‍ 

ഇമാം തിര്‍മിദി ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ''അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞവനെ നരകം സ്പര്‍ശിക്കില്ല; പാല് അകിടിലേക്ക് മടങ്ങുന്നത് വരെ''  (തിര്‍മുദി)   

പരലോകത്ത് അര്‍ശിന്റെ തണല്‍ ലഭിക്കുന്ന ഏഴു വിഭാഗം ആളുകളില്‍ ഒരു വിഭാഗം അല്ലാഹുവിനെക്കുറിച്ച് കേട്ടപ്പോള്‍ കരഞ്ഞവരാണ് (മുസ്‌ലിം). 

നബി ﷺ പറഞ്ഞു: ''രണ്ടു കണ്ണുകളെ നരകം സ്പര്‍ശിക്കില്ല. അല്ലാഹു വിനെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞ കണ്ണും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രാത്രി കാവലിരുന്ന് ഉറക്കം ഒഴിവാക്കിയ കണ്ണും'' (തിര്‍മുദി) 

അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) ഒരിക്കല്‍ പറഞ്ഞു: ''ആയിരം ദീനാര്‍ ധര്‍മം കൊടുക്കുന്നതിനെക്കാള്‍ എനിക്കിഷ്ടം അല്ലാഹുവനെക്കുറിച്ച് ഓര്‍ത്ത് കരയുന്നതാണ്.'' 

പാപങ്ങളെക്കുറിച്ച് ആലോചിച്ച് കരയുക 

സൗബാന്‍(റ)വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ''സ്വന്തത്തെ നിയന്ത്രിക്കുകയും വീട് വിശാലമാവുകയും പാപങ്ങളെക്കുറിച്ച് ഓര്‍ത്ത് കരയുകയും ചെയ്തവന് മംഗളം'' (ത്വബ്‌റാനി).

ജീവിതത്തില്‍ പാപങ്ങള്‍ ഏറെ ചെയ്തവരാണ് മനുഷ്യരായ നാം. നമ്മുടെ പാപങ്ങള്‍ നമ്മെ നൊമ്പരപ്പെടുത്താറുണ്ടോ? എപ്പോഴെങ്കിലും ചെയ്ത തെറ്റുകളെക്കുറിച്ച് ആലോചിച്ച് നാം കരഞ്ഞിട്ടുണ്ടോ?

ഇബ്‌നുമസ്ഊദ്(റ) വിനോട് ഒരാള്‍ ഉപദേശം ചോദിച്ചു. അദ്ദേഹം പറഞ്ഞു: ''നിന്റെ വീട് നീ വിശാലമാക്കുക, നിന്റെ പാപങ്ങളെക്കുറിച്ച് ആലോചിച്ച് നീ കരയുക, നിന്റെ നാവിനെ നീ പിടിച്ച് വെക്കുക.''  

അനുവദിക്കപ്പെട്ട കരച്ചില്‍ 

നബി ﷺ കരഞ്ഞ കുറെ സന്ദര്‍ഭങ്ങള്‍ പ്രമാണങ്ങളില്‍ നമുക്ക് കാണാം. നമസ്‌കാരത്തില്‍ ക്വുര്‍ആന്‍ പാരായണം ചെയ്തു നബി ﷺ കരഞ്ഞിട്ടുണ്ട്. പേരക്കുട്ടി  മരണപ്പെട്ടപ്പോള്‍ കരഞ്ഞിട്ടുണ്ട്. ബദ്ര്‍ യുദ്ധത്തിന്റെ മുമ്പ് നബി ﷺ ഇരു കൈകളും ആകാശത്തേക്ക് ഉയര്‍ത്തി നിറഞ്ഞ കണ്ണുകളോട് കൂടി അല്ലാഹുവിനോട് ദുആ ചെയ്തിട്ടുണ്ട്. രാത്രി നമസ്‌കാരത്തില്‍ സൂറത്തു ആലുഇംറാനിലെ അവസാന ആയത്തുകള്‍ പാരായണം ചെയ്ത് നബി ﷺ കരഞ്ഞു. തന്റെ മാതാവിന്റെ ക്വബ്ര്‍ സന്ദര്‍ശിച്ച സന്ദര്‍ഭത്തിലും പ്രവാചക തിരുമേനി കരഞ്ഞിട്ടുണ്ട്.   

വിരോധിച്ച കരച്ചില്‍ 

ഇസ്‌ലാം നിരോധിച്ചതാണ് മയ്യിത്തിന്റെ സമീപത്ത് വെച്ച് വാവിട്ട് കരയുന്നത്. മരിച്ച വ്യക്തിക്ക് ബന്ധുക്കളുടെ ആ കരച്ചില്‍ കാരണം ശിക്ഷ ലഭിക്കും എന്നുവരെ നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. കരയാന്‍ വേണ്ടി ആളുകളെ നിശ്ചയിക്കുന്ന സമ്പ്രദായം അജ്ഞാനകാലത്തുണ്ടായിരുന്നു. 

കരയുക, നാളെക്ക് വേണ്ടി

ഇന്നത്തെ നഷ്ടങ്ങള്‍ നശ്വരമാണ്. നഷ്ടപ്പെട്ടതിനെക്കാള്‍ നല്ലത് ഈ ലോകത്ത് വെച്ച് തന്നെ ചിലപ്പോള്‍ നമുക്ക് ലഭിച്ചേക്കാം. പക്ഷേ, മരണാനന്തര ജീവിതം നഷ്ടമായാല്‍ തിരിച്ചെടുക്കാന്‍ സാധ്യമല്ല എന്ന ബോധമുണ്ടാവണം. മൂന്നാം ഖലീഫ ഉസ്മാന്‍(റ) ക്വബ്ര്‍ കാണുമ്പോള്‍ കരയുമായിരുന്നു. അദ്ദേഹത്തോട് അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് 'ആങ്കെിലും ക്വബ്‌റിലെ ശിക്ഷയില്‍  നിന്ന് രക്ഷപ്പെട്ടാല്‍ അവന്‍ പരലോകത്ത് രക്ഷപ്പെടും' എന്നാണ്. നമ്മുടെ കണ്ണുകള്‍ നിറയേണ്ടതും പരലോകത്തിന് വേണ്ടിയാവണം. 

ആത്മാര്‍ഥമായ കരച്ചില്‍ അല്ലാഹുവിനെ ഭയക്കുന്നു എന്നതിന്റെ തെളിവാണ്. ദീനില്‍ അടിയുറച്ച് നില്‍ക്കുന്നതിന്റെ തെളിവാണ്. കരഞ്ഞാല്‍ അല്ലാഹുവിനെ ഭയമുണ്ടാകും. അല്ലാഹുവിനെ ഭയക്കല്‍ ശരിയായ വിശ്വാസത്തിന്റെ തെളിവുമാണ്. അല്ലാഹുവിന്റെ സ്‌നേഹവും തൃപ്തിയും നേടാനുളള മാര്‍ഗമാണ് കരച്ചില്‍, ഹൃദയ നൈര്‍മല്യത്തിന്റെ തെളിവാണ് കരച്ചില്‍, ഭയഭക്തരുടെ അടയാളമാണ്  കരച്ചില്‍...