ജീവിതം അർഥവത്താക്കുക

എസ്.എ ഐദീദ് തങ്ങള്‍

2018 സെപ്തംബര്‍ 01 1439 ദുല്‍ഹിജ്ജ 20

പരലോക വിശ്വാസത്തിലധിഷ്ഠിതമായ ജീവിതത്തിന് മാറ്റ് കുറയുന്നതിനനുസരിച്ച് മതം കേവലം പേരിലും ബാഹ്യചടങ്ങുകളിലും അവശേഷിച്ചുകൊണ്ടിരിക്കും. 'ലാ ഇലാഹ ഇല്ലല്ലാഹു' എന്ന വിശുദ്ധവാക്യം ഉരുവിടുന്നവര്‍ തന്നെ ആ വിശ്വാസത്തിന് വിരുദ്ധമായി കല്ലുകളെയും മരങ്ങളെയും ക്വബ്‌റുകളെയും പൂജിക്കുകയും മരിച്ചുപോയ മഹാന്മാരെ വിളിച്ചുപ്രാര്‍ഥിക്കുകയും ചെയ്യുന്നത് ഇതിന്റെയൊക്കെ പ്രകടമായ ഉദാഹരണങ്ങളാണ്. മതരംഗത്തെ ഈ തകര്‍ച്ചയെപ്പറ്റി സമുദായത്തെ ബോധ്യപ്പെടുത്തുകയും വിശ്വാസത്തിലും ആചാരാനുഷ്ഠാനങ്ങളിലും പ്രവാചകചര്യകളിലേക്ക് അവരെ തിരിച്ചുവിളിക്കുകയും ചെയ്യുക എന്നതാണ് ഇസ്വ്‌ലാഹീ പ്രവര്‍ത്തനം കൊണ്ട് നാം ലക്ഷ്യമാക്കുന്നത്. സുന്നത്തുകള്‍ ഏതൊക്കെ, ബിദ്അത്തുകള്‍ ഏതൊക്കെയെന്ന് തിരിച്ചറിയാനാവാതെ മുസ്‌ലിംകള്‍ അനിസ്‌ലാമിക രീതികള്‍ പലതും പിന്‍പറ്റി അവസാനം ഇസ്‌ലാമിക വൃത്തത്തില്‍ നിന്നുതന്നെ പുറത്ത് പോകുന്ന അവസ്ഥയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അതിനാല്‍, നബിﷺയും സച്ചരിതരായ സ്വഹാബികളും ജീവിച്ച് മാതൃക കാണിച്ച് തന്ന പാതയിലേക്ക് സമൂഹത്തെ തിരിച്ച് കൊണ്ടുപോവുക എന്ന ശ്രമകരമായ ദൗത്യമാണിത്. അനശ്വരമായ ഒരു പരലോകജീവിതത്തില്‍ വിശ്വസിക്കുന്ന നാം ജീവിതത്തില്‍ ചെയ്യുന്ന ഏതൊരു നല്ലകാര്യവും പരലോകത്ത് ഉപകാരപ്പെടണമെന്ന പ്രതീക്ഷയോടെയാകണം അത് നിര്‍വഹിച്ച് പോരേണ്ടത്. അതോടൊപ്പം താന്‍ ഉള്‍ക്കൊണ്ട ഉല്‍കൃഷ്ടമായ ഈ ആദര്‍ശം മറ്റുള്ളവരിലേക്ക് എത്തിക്കല്‍ വിശ്വാസി എന്ന നിലയ്ക്ക് തന്റെ ബാധ്യതയാണെന്ന് തിരിച്ചറിയേണ്ടതുമുണ്ട്.

വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ മാത്രം പോരാ, സത്യം കൊണ്ടും സഹനം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്താല്‍ മാത്രമെ നഷ്ടക്കാര്‍ എന്ന നിര്‍ഭാഗ്യവാന്മാരില്‍ പെടാതിരിക്കുകയുള്ളൂ എന്ന് അല്ലാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതൊന്നും അറിയാത്തവരോ ഗ്രഹിക്കാത്തവരോ അല്ല നമ്മില്‍ പലരും. എന്നിട്ടുമെന്തേ ഈ വിഷയത്തില്‍ പലര്‍ക്കും ഒരു അലംഭാവം?

ഭൗതികവിഷയങ്ങളില്‍ പാതിരാത്രിയില്‍ ഉറക്കമൊഴിച്ച് അധ്വാനിക്കാന്‍ മടികാണിക്കാത്തവര്‍ മതവിഷയങ്ങളില്‍ അതിന് മടികാണിക്കുന്നു. ഒരു പുരുഷായുസ്സ് മുഴുവന്‍ ഇബാദത്ത് ചെയ്താല്‍ കിട്ടുന്ന അത്രയും പ്രതിഫലം റമദാനിലെ ലൈലതുല്‍ ക്വദ്‌റിന്റെ പുണ്യരാവില്‍ ഇബാദത്ത് ചെയ്താല്‍ കിട്ടുമെന്ന കാരുണ്യവാനായ റബ്ബിന്റെ മഹത്തായ ഓഫര്‍ വിസ്മരിച്ച് കച്ചവടക്കാരുടെ പെരുന്നാള്‍ ഓഫറുകളില്‍ ആകൃഷ്ടരായി ഷോപ്പിങ്ങ് മാളുകളിലും അങ്ങാടികളിലും ചുറ്റിത്തിരിയാനാണ് പലര്‍ക്കും താല്‍പര്യം.

തന്റെ രക്ഷിതാവിന്റെ മുന്നില്‍ അണിയണിയായി പ്രദര്‍ശിക്കപ്പെടുന്ന ദിവസം, ഭൂമി തന്റെ രക്ഷിതാവിന്റെ പ്രഭകൊണ്ട് പ്രകാശിക്കുന്ന, രേഖകള്‍ ഹാജറാക്കപ്പെടുകയും പ്രവാചകന്മാരും സാക്ഷികളും കൊണ്ടുവരപ്പെടുകയും ജനങ്ങള്‍ക്കിടയില്‍ സത്യപ്രകാരം വിധിക്കപ്പെടുകയും ചെയ്യുന്ന ഒരുദിവസം! കര്‍മങ്ങള്‍ക്ക് മാന്യമായ പ്രതിഫലം നല്‍കപ്പെടുന്ന ആ ദിവസത്തില്‍ സ്രഷ്ടാവിന്റെ വിചാരണയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഇഹലോകത്തുണ്ടായിരുന്ന നേതാക്കള്‍ക്കും ഭരണാധികാരികള്‍ക്കുമൊന്നും സാധിക്കുകയില്ല.

ശിര്‍ക്കിന്റെയും ബിദ്അത്തിന്റെയും കൂരിരുട്ടില്‍ അകപ്പെട്ട് നട്ടംതിരിയുന്ന നമ്മുടെ സമുദായത്തെ, സര്‍വ മനുഷ്യരും റബ്ബിന്റെ കോടതിയില്‍ ഹാജരാക്കപ്പെടുന്ന വിചാരണനാളില്‍ രക്ഷപ്പെടുത്തേണ്ട ചുമതല നാമോരോരുത്തരുടേതുമല്ലേ? അതിനായി നമ്മള്‍ ഇഹലോകത്തുവെച്ച് ആത്മാര്‍ഥമായി പ്രവര്‍ത്തിക്കേണ്ടതില്ലേ?

മകന്റെ അല്ലെങ്കില്‍ മകളുടെ കല്യാണം പറയാനും പുതിയവീട്ടില്‍ താമസത്തിന് ക്ഷണിക്കാനും ഉത്സവവിനോദപരിപാടികള്‍ക്ക് പണപ്പിരിവിനായും മറ്റും കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയുമൊക്കെവീടുകള്‍ കയറിയിറങ്ങാന്‍ ഇവിടെ ആര്‍ക്കും സമയക്കുറവിന്റെ പ്രശ്‌നമുദിക്കാറില്ല. എന്നാല്‍ നാളെ തനിക്ക് തന്നെ എന്താണ് സംഭവിക്കുക എന്ന്, ഈ വിവാഹം ഭംഗിയായിനടക്കുമോ, ഈ പുതിയവീട്ടില്‍ തനിക്കൊരു രാവെങ്കിലും അന്തിയുറങ്ങാന്‍ പറ്റുമോ എന്നൊന്നും ആര്‍ക്കും പ്രവചിക്കാന്‍ സാധ്യമല്ലെന്നറിഞ്ഞിട്ടും പ്രസ്തുത പരിപാടിയിലേക്ക് ബന്ധുമിത്രാദികളെയെല്ലാം ക്ഷണിക്കാന്‍ നടക്കുന്നു. കല്യാണ ദിവസംതന്നെ വരന്റെ മരണത്തിലാണ് ആ ക്ഷണം കലാശിക്കുന്നതെങ്കിലോ? പുതിയ വീട്ടിലേക്ക് കാലെടുത്ത് വെക്കുന്ന സന്തോഷ നിമിഷത്തിലാണ് ഒരു നെഞ്ചുവേദന വന്ന് തളര്‍ന്നു വീഴുന്നതെങ്കിലോ? സമയവും അധ്വാനവും ധനവുമടക്കം ചെലവഴിച്ചതെല്ലാം നിഷ്ഫലമായിപ്പോവുന്നു!

എന്നാല്‍, സത്യവും അസത്യവും തിരിച്ചറിയാന്‍ കഴിയാതെ, സ്രഷ്ടാവിനെ യഥാവിധി മനസ്സിലാക്കാന്‍ കഴിയാതെ ജീവിക്കുന്നവരെ തേടിയുള്ള യാത്രക്കിടയിലാണ് ഒരാള്‍ മരണപ്പെടുന്നതെങ്കിലോ? ഒരു വീട്ടിലും കയറാതെ തന്നെ, പുറപ്പെടുമ്പോള്‍ അയാള്‍ എത്ര വീടുകള്‍ കയറാന്‍ ഉദ്ദേശിച്ചിരുന്നുവോ അത്രയും വീടുകള്‍ കയറാതെ തന്നെ, അത്രയും വീടുകളില്‍ ചെന്ന് പ്രബോധനം നടത്തിയതിന്റെ മഹത്തായ പ്രതിഫലത്തിന് അര്‍ഹനായി അയാള്‍ മാറുന്നു. സംതൃപ്തിയടഞ്ഞ നിലയിലായിരിക്കും അയാളുടെ ആത്മാവ് ഈ ലോകത്തുനിന്ന് വിട പറയുക!

പ്രപഞ്ചനാഥനെക്കുറിച്ച് ഓര്‍ക്കാനും പരലോകത്ത് അവന്‍ ഒരുക്കിവെച്ചിരിക്കുന്ന സ്വര്‍ഗ-നരകങ്ങളെക്കുറിച്ച് ചിന്തിപ്പിക്കാനും പര്യാപ്തമായ സകലതും അവന്‍ മനുഷ്യര്‍ക്ക് മുമ്പില്‍ സജ്ജീകരിച്ച് വെച്ചിട്ടുണ്ട്. പക്ഷേ, ഭൗതികതയുടെ പളപളപ്പ് മനുഷ്യനെ ദൈവസ്മരണയില്‍ നിന്നും വിദൂരത്താക്കുന്നു. സ്വത്തും വീടും കുടുംബവും അല്ലാഹുവിനെക്കാള്‍ അവന് പ്രിയപ്പെട്ടതായിരിക്കുന്നു. ഇഹലോകത്തിന് വേണ്ടി മാത്രം ജീവിക്കുന്നവനും അതിന് വേണ്ടി മാത്രം കഷ്ടപ്പെടുന്നവനും ടെന്‍ഷനടിക്കുന്നവനുമായി അവന്‍ മാറിയിരിക്കുന്നു.

എന്നാല്‍, ജീവിതത്തില്‍ ഏത് സമയത്തും കടന്നുവരാവുന്ന മരണം ഈ അനുഗ്രഹങ്ങളെയൊക്കെ ഒറ്റയടിക്ക് ഇല്ലായ്മ ചെയ്യുമെന്നും പിന്നെ തനിക്കവശേഷിക്കുന്നത് താന്‍ ഉള്‍ക്കൊണ്ട വിശ്വാസവും അതിന് വേണ്ടി പ്രയത്‌നിച്ച സല്‍കര്‍മങ്ങളുമാണെന്നതും തിരിച്ചറിയാന്‍ വൈകിപ്പോവുന്നു! തന്റെ പരലോക മോക്ഷത്തിന് വേണ്ടി താന്‍ എത്രമാത്രം അധ്വാനിച്ചു? തന്റെ പാപങ്ങള്‍ വല്ലതും പൊറുക്കപ്പെടാന്‍ വേണ്ടി താന്‍ എന്തൊക്കെ നന്മകളാണ് ചെയ്തിട്ടുള്ളത്? എന്തായിരിക്കും നാളെ തന്റെ അവസ്ഥ? റബ്ബിന്റെ മുന്നില്‍ ഞാനെന്ത് മറുപടി പറയും? ഈ ചിന്തകളൊന്നും ജീവിതകാലത്ത് മനസ്സില്‍ വരാതെ ഐഹികജീവിതം കൊണ്ട് തൃപ്തിയടഞ്ഞവന്റെ, അല്ലാഹുവെ സ്മരിക്കാന്‍ അശ്രദ്ധനായികഴിഞ്ഞവന്റെ മരണാനന്തരസങ്കേതം നരകമായിരിക്കുമെന്ന് അല്ലാഹുതാക്കീത് നല്‍കിയിട്ടുണ്ട്.

''നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാതിരിക്കുന്നവരും ഇഹലോകജീവിതംകൊണ്ട് തൃപ്തിയടയുകയും അതില്‍ സമാധാനമടയുകയും ചെയ്തവരും നമ്മുടെ തെളിവുകളെപ്പറ്റി അശ്രദ്ധരായി കഴിയുന്നവരും ആരോ അവരുടെ സങ്കേതം നരകം തന്നെയാകുന്നു. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായിട്ടത്രെ അത്'' (ക്വുര്‍ആന്‍ 10:7,8).

എപ്പോഴും അല്ലാഹുവെക്കുറിച്ചോര്‍ക്കുന്ന, അവനെ ഭയപ്പെടുന്ന, അവന്റെ ശിക്ഷയെ ഭയപ്പെട്ട് കരയുന്ന ആത്മാര്‍ഥതയുള്ള ഏകദൈവ വിശ്വാസികളാവാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.