ക്വുര്‍ആന്‍ വിവര്‍ത്തന രംഗത്ത് അമുസ്‌ലിംകളുടെ പങ്ക്

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി

2018 നവംബര്‍ 03 1440 സഫര്‍ 23

വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 8)

കേരളക്കരയില്‍ ചില അമുസ്‌ലിംകള്‍, ബാഹ്യസമ്മര്‍ദങ്ങളൊന്നുമില്ലാതെ സ്വയമേവ വിശുദ്ധ ക്വുര്‍ആന്‍ പഠിക്കുവാനും ഗ്രഹിക്കുവാനും മുന്നോട്ടുവന്നത് വിശുദ്ധക്വുര്‍ആന്‍ പരിഭാഷകളില്‍ ഒരു പുതിയ പരിണാമമായിരുന്നു. അതിനെത്തുടര്‍ന്ന് അവര്‍ അവരുടെ മതത്തില്‍ കാലൂന്നിക്കൊണ്ടു തന്നെ വിശുദ്ധ ക്വുര്‍ആനിന്ന് വിവര്‍ത്തനം തയ്യാറാക്കുന്നതില്‍ പങ്കാളികളായി. ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ പൊതുവി ലും ഹദീഥിലും ചരിത്രത്തിലും ഓറിയന്റലിസ്റ്റുകളുടെ പങ്കാളിത്തം അറിയുന്ന ഏവര്‍ക്കും അതില്‍ യാതൊരു വൈചിത്ര്യവും തോന്നാനിടയില്ല. 

ഈ രംഗത്ത് തങ്ങളുടെ പങ്കാളിത്തം തെളിയിച്ചവര്‍:

കോന്നിയൂര്‍ രാഘവന്‍ നായര്‍

ഹിന്ദുമത വിശ്വാസിയും കവിയും സാഹിത്യകാരനുമാണ് കോന്നിയൂര്‍ രാഘവന്‍ നായര്‍. നിലവിലുള്ള ഇംഗ്ലിഷിലും മലയാളത്തിലുമുള്ള ചില പരിഭാഷകള്‍ ആവോളം പഠിച്ചു. വിശുദ്ധ വചനങ്ങളിലും അവയുള്‍കൊള്ളുന്ന അതിമാനുഷികമായ സാഹിത്യം, വാചാടോപം, വശ്യസുന്ദരശൈലി എന്നിവയിലും നന്നായി ആകൃഷ്ടനായ അദ്ദേഹം താനകപ്പെട്ട മാസ്മരിക വലയത്തില്‍ നിന്നുകൊണ്ട് മലയാള സാഹിത്യത്തില്‍ വിശുദ്ധ ക്വുര്‍ആനിനൊരു കാവ്യരൂപം തയ്യാറാക്കാന്‍ തീരുമാനിച്ചു. 

അങ്ങനെയാണ് വിശുദ്ധ ക്വുര്‍ആനിന്റെ ആശയവിവര്‍ത്തനം ആകര്‍ഷണീയമായ കാവ്യരൂപത്തിലും ഉയര്‍ന്ന സാഹിത്യ പദപ്രയോഗങ്ങളിലൂടെയും പുറത്തുവന്നത്. സാമാന്യം വിദ്യാഭ്യാസമുള്ള സാഹിതീയന്മാര്‍ക്കല്ലാതെ സാധാരണക്കാര്‍ക്ക് ഗ്രഹിക്കാന്‍ പ്രയാസകരമാണ് പ്രസ്തുത സാഹിത്യശൈലി.  

വിശുദ്ധ വചനങ്ങള്‍ വിഷയാധിഷ്ഠിതമായി വിഭജിച്ച് ഓരോ വിഷയങ്ങള്‍ക്കും പ്രാസവും വൃത്തവും അലങ്കാരവും നല്‍കുകയാണ് അദ്ദേഹം ചെയ്തത്. വിവര്‍ത്തകന്‍ ഹിന്ദുമത വിശ്വാസിയായിട്ട് കൂടി തന്റെ ദര്‍ശനം ഒരിക്കലും വിവര്‍ത്തനത്തെയോ രചനയെയോ സ്വാധീനിച്ചില്ല എന്നത് ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. അപ്രകാരം തന്നെ അദ്ദേഹവും-നാം അറിഞ്ഞേടത്തോളം-വിശുദ്ധ ക്വര്‍ആനിനാല്‍ സ്വാധീനിക്കപ്പെട്ട് സ്വരക്ഷക്ക് വേണ്ടി മുസ്‌ലിമായിട്ടുമില്ല. 

പ്രസ്തുത കാവ്യ പരിഭാഷ സുന്നീ വിഭാഗത്തിന്റെ ക്രോധത്തെ ആളിക്കത്തിച്ചു. അവര്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്തുത തര്‍ജമയുടെ കോപ്പികള്‍ നശിപ്പിക്കുകയും ചുടുകയും ചെയ്തു. സംഘടിതമായി തന്നെ അത് നശിപ്പിക്കാന്‍ അവര്‍ ഒരുമ്പെടുകയുണ്ടായി. 1977ലായിരുന്നു പ്രസ്തുത സംഭവം. കോന്നിയൂര്‍ രാഘവന്‍ നായരുടെ തര്‍ജമ 960 പേജുകള്‍ ഉള്‍ക്കൊള്ളുന്നു. 

ഈ കാവ്യപരിഭാഷ, യുവത ബുക്ക് ഹൗസ് 'ദിവ്യദീപ്തി' എന്ന പേരില്‍ 2000ത്തില്‍ പുനപ്രസിദ്ധീകരണം ചെയ്ത വാര്‍ത്ത നമുക്ക് പിന്നീട് ലഭിച്ചു. 

രാഘവന്‍ നായരുടെ പരിഭാഷ:

കേരളക്കരയില്‍ 1911ല്‍ ഒരു ഹിന്ദു കുടുംബത്തിലാണ് രാഘവന്‍ നായര്‍ ജനിച്ചത്. സാഹിത്യങ്ങള്‍, ഏതുതരം ചിന്തകള്‍ പേറുന്നതായാലും എല്ലാം അറിയണമെന്ന അന്വേഷണ തൃഷ്ണയുള്ള സാഹിത്യപടുവാണ് അദ്ദേഹം. 

ഗവേഷകന്മാര്‍ പറയുന്നു: രാഘവന്‍ നായര്‍ ആദ്യമായി ബൈബിള്‍ പഠനത്തിനാണ് ചടഞ്ഞിരുന്നത്. അതിനെ തുടര്‍ന്ന് 'ക്രൈസ്തവ ദര്‍ശനം' രചിക്കുകയും 1972ല്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട് വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയുടെ ഒരു കോപ്പി തന്റെ ലൈബ്രറിയിലേക്ക് കൊണ്ടുവരികയും അതിമാനുഷികമായ വിശുദ്ധ വചനങ്ങളുടെ വൈജ്ഞാനികവും സാഹിതീയവും ഭാഷാപരവുമായ അമാനുഷികതകളിലും സാഹിത്യഭംഗിയിലും ആകൃഷ്ടനാവുകയും ചെയ്തു. ഈ മഹദ്ഗ്രന്ഥത്തിന് തന്നാലാ വുന്ന സേവനം ചെയ്യാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. 

 തുടക്കത്തില്‍ ചില വിഭാഗങ്ങളെ അല്‍പം പേടിയുണ്ടായിരുന്നു. അതിനാല്‍ തന്റെ ശ്രമം രഹസ്യമായി തുടങ്ങി. പിന്നീട് വാര്‍ത്തകള്‍ പരക്കുകയും അതോടെ ഈ എഴുത്തുകാരന്റെ മികവുറ്റ കഴിവില്‍ അത്ഭുതംകൂറുന്ന, സാഹിത്യരംഗത്തും ചിന്താമേഖലകളിലും കാരണവന്മാരായ ആളുകളെ, തന്നെ തുണക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നവരായി അദ്ദേഹം കണ്ടെത്തി. അവര്‍ അദ്ദേഹത്തെ തന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനും പുറത്തിറക്കാനും സഹായിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. അങ്ങനെ തന്റെ വശ്യസുന്ദരമായ സാഹിത്യശൈലിയില്‍ വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തന കാവ്യരൂപം തയ്യാറാക്കി. മറ്റൊരു ഹൈന്ദവ സാഹിത്യകാരന്‍ പി. കെ. നാരായണപിള്ള അത് പരിശോധന നടത്തി. തുടക്കത്തില്‍ പ്രസ്തുത കാവ്യപരിഭാഷ പ്രസിദ്ധീകരിക്കുന്നതില്‍ പ്രയാസം കണ്ടെങ്കിലും പിന്നീട് കോഴിക്കോട്ടെ ഇസ്‌ലാമിക് പബ്‌ളിഷിംഗ് ഹൗസിന്റെ സമ്മതത്തോടെ പ്രസാധനം നടക്കുകയുണ്ടായി. കാവ്യ വിവര്‍ത്തനത്തില്‍ നിന്നുള്ള വിരാമം 1983ല്‍ ആയിരുന്നു. 

രാഘവന്‍ നായരുടെ ഈ പരിഭാഷയും മുമ്പ് വിവരിച്ച കോന്നിയൂരിന്റെ പരിഭാഷയെപ്പോലെതന്നെ സാഹിതീയ ഭാഷയിലാണ് രചിക്കപ്പെട്ടത്. പരിഭാഷകന്‍ ഇതുവരെയും ഹിന്ദുമതവിശ്വാസിയായി തുടരുകയാണ്. പരിഭാഷപ്പെടുത്തുന്ന കാലയളവില്‍ വിശുദ്ധ ക്വുര്‍ആനിന്റെ ചൈതന്യവും പരിശുദ്ധിയും അദ്ദേഹം കാത്തുസൂക്ഷിച്ചിട്ടുണ്ട്. പല മുസ്‌ലിം നാമധാരികളായ പരിഭാഷകരും ചെയ്തതുപോലെ അദ്ദേഹ വും കോന്നിയൂരും എന്തെങ്കിലും വ്യാഖ്യാനക്കസര്‍ത്തോ കോട്ടിമാട്ടലുകളോ നടത്താന്‍ ധൈര്യപ്പെട്ടിട്ടില്ല. 

ഉപരിസൂചിത രണ്ടു കാവ്യപരിഭാഷകളെക്കുറിച്ചും അതിന്റെ ശരിയെത്ര, വായനായോഗ്യമാണോ, ഉപകാരപ്രദമാണോ എന്നിത്യാദി പ്രശ്‌നങ്ങള്‍ക്ക് വിധി പറയാന്‍ ഞാന്‍ നേരിട്ട് അത് കണ്ടിട്ടില്ല. അവയെക്കുറിച്ചുള്ള എന്റെ പഠനം ചില വിശ്വസ്തരായ മുസ്‌ലിം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ അധിഷ്ഠിതമാണ്. ഡോക്ടര്‍ മുഹമ്മദ് ബഷീര്‍ മലബാരിയും അദ്ദേഹത്തിന്റെ പഠനവും അതില്‍പെട്ടതാണ്. 

(അവസാനിച്ചില്ല)