വിശുദ്ധ ക്വുര്‍ആന്‍ ആശയവിവര്‍ത്തനം ഒരു വിഹഗ വീക്ഷണം

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി /വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

2018 സെപ്തംബര്‍ 15 1439 മുഹര്‍റം 04

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 2)

1. തര്‍ജമ ഇസ്‌ലാമിക വീക്ഷണത്തില്‍

വിശുദ്ധ ക്വുര്‍ആനിന്റെ ആശയം ഇതര ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യല്‍ സലഫുസ്സ്വാലിഹുകളില്‍ സുപരിചിതമായിരുന്നെന്ന് നമുക്ക് ചരിത്രത്തിലൂടെ മനസ്സിലാക്കാം. അറിഞ്ഞിടത്തോളം പൂര്‍വികന്മാര്‍ അതിനെ എതിര്‍ത്തതായി സ്ഥിരപ്പെട്ടിട്ടില്ല. കാരണം തര്‍ജമക്ക് (പദാനുപദമല്ലെങ്കിലും) തഫ്‌സീറിന്റെ സ്ഥാനമാണുള്ളത്. 

നബിﷺയും സ്വഹാബികളും താബിഉകളും വിശുദ്ധ ക്വുര്‍ആനിനെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്തു എന്നതാണ് വിശുദ്ധ ക്വുര്‍ആന്‍ ആശയ വിവര്‍ത്തനം ചെയ്യാം എന്നതിന്റെ ഏറ്റവും വലിയ പ്രമാണം. കാരണം തഫ്‌സീറുകൊണ്ടുള്ള വിവക്ഷ വിശുദ്ധ വചനങ്ങളില്‍ അന്തര്‍ലീനമായ ആശയങ്ങളെ മനുഷ്യബുദ്ധിയിലേക്ക് അടുപ്പിക്കുകയും ഗ്രഹിപ്പിക്കുകയും ചെയ്യുന്ന ശൈലിയിലേക്ക് മാറ്റുക എന്നതാണ്. ഇത്തരത്തിലുള്ള വിവരണങ്ങള്‍ പ്രവാചകന്മാരുടെ കാലം മുതല്‍ അനുവദനീയവും പ്രാവര്‍ത്തികവുമായിരുന്നു. 

വിശുദ്ധ ക്വുര്‍ആന്‍ ഒന്നിലധികം തവണ അത് മുഴുലോകര്‍ക്കും ഉദ്‌ബോധനമാണെന്ന് പ്രഖ്യാപിക്കുന്നുണ്ട്:  

''പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു'' (ക്വുര്‍ആന്‍ 7:158).

''ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല'' (ക്വുര്‍ആന്‍ 21:107).

അല്ലാഹു പറയുന്നു: ''നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനും ആയിക്കൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷേ, മനുഷ്യരില്‍ അധിക പേരും അറിയുന്നില്ല'' (ക്വുര്‍ആന്‍ 34:28)

ഇസ്‌ലാമാകട്ടെ മുഴുലോകത്തും വ്യാപിച്ചു; അറബി ഭാഷ ഒട്ടുമറിയാത്ത ദിക്കുകളില്‍ പോലും. വിശുദ്ധ ക്വുര്‍ആന്‍ ജനങ്ങളിലേക്ക് എത്തിക്കല്‍ മുസ്‌ലിംകളുടെ മേല്‍ ഏറ്റവും വലിയ ബാധ്യതയത്രെ. അല്ലാഹു പറയുന്നു:

''(നബിയേ) ചോദിക്കുക: സാക്ഷ്യത്തില്‍ വെച്ചേറ്റവും വലിയത് ഏതാകുന്നു? പറയുക: അല്ലാഹുവാണ് എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷി. ഈ ക്വുര്‍ആന്‍ എനിക്ക് ദിവ്യബോധനമായി നല്‍കപ്പെട്ടിട്ടുള്ളത് അത് മുഖേന നിങ്ങള്‍ക്കും അത് (അതിന്റെ സന്ദേശം) ചെന്നെത്തുന്ന എല്ലാവര്‍ക്കും ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയാകുന്നു...'' (ക്വുര്‍ആന്‍ 6:19)

ഇസ്‌ലാമിക വിജയങ്ങളില്‍ പങ്കെടുത്ത മുസ്‌ലിംകളെല്ലാം അവര്‍ എത്തിപ്പെട്ട മേഖലകളിലൊക്കെതങ്ങളുടെ പ്രബോധന ബാധ്യത നിര്‍വഹിച്ചിട്ടുണ്ടെന്ന് നാം ഉറച്ച് വിശ്വസിക്കുന്നു. അവരെല്ലാവരും അവരുടെ ഈ ബാധ്യത അറബി ഭാഷയിലാണ് നിര്‍വഹിച്ചതെന്ന് ആര്‍ക്കും തന്നെ അനുമാനിക്കാനാവില്ല; അറബി ഭാഷ പഠിക്കുകയും പില്‍കാലത്ത് തങ്ങളുടെ ഔദ്യോഗിക ഭാഷ അറബിയാക്കുകയും ചെയ്തവര്‍ പോലും. കാരണം ജീവിതത്തിന്റെ മുഴുമേഖലകളെയും സ്പര്‍ശിക്കുന്നതായ ഈ മാറ്റം പൊടുന്നനെ ഒരു രാവും ഒരു പകലും കൊണ്ട് സംഭവിക്കുന്നതല്ല. എങ്കില്‍ ഈയൊരു മാറ്റത്തിന്റെ നീണ്ട കാലഘട്ടത്തില്‍ എങ്ങനെയായിരുന്നു അവര്‍ ദീനീകര്‍മങ്ങള്‍ നിര്‍വഹിച്ചിരുന്നത്? ക്വുര്‍ആനികാധ്യാപനങ്ങള്‍ അവര്‍ എങ്ങനെയായിരുന്നു ഗ്രഹിച്ചിരുന്നത്? ആ കാലമത്രയും-അറബി പഠിക്കുന്നത് വരെ- അജ്ഞരായി അവര്‍ കഴിഞ്ഞുകൂടിയോ, അതല്ല ഈ അധ്യാപനങ്ങള്‍ അവരിലേക്ക് വിവിധ മാര്‍ഗങ്ങളിലൂടെ എത്തിച്ചുകൊടുക്കുന്നവരെ അവര്‍ കണ്ടെത്തിയിരുന്നുവോ? നിസ്സംശയം, അവര്‍ ഈ കാലയളവില്‍ വിശുദ്ധ ക്വുര്‍ആനിന്റെ ആശയം പഠിക്കാനും പഠിപ്പിക്കാനും സാധ്യമായ ഒരു മാര്‍ഗത്തിലേക്ക് നിര്‍ബന്ധിതരായിരുന്നു. അതത്രെ ഇസ്‌ലാമികാധ്യാപനങ്ങളെ തങ്ങളുടെ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തല്‍ അഥവാ തര്‍ജമ ചെയ്യല്‍. 

മുന്‍ഗാമികള്‍ ഇത് അനുവദനീയമായി കണ്ടിരുന്നു. ഉദാ: വിശുദ്ധ ക്വുര്‍ആനിലെ 'ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ' എന്ന ആയത്തിനെ (105:4) വിവര്‍ത്തനം ചെയ്ത് ഇബ്‌നു അബ്ബാസ്(റ) പറയുന്നത് ''പേര്‍ഷ്യന്‍ ഭാഷയില്‍ അതിന്ന് 'സിന്‍ക്' (കല്ലും കളിമണ്ണും ചേര്‍ന്നതാകുന്നു അത്'' എന്നാണ്. 

ഇബ്‌നുഅബ്ബാസ്(റ)വില്‍ നിന്നു തന്നെ, വിശുദ്ധക്വുര്‍ആനിലെ ''അവരില്‍ ഓരോരുത്തരും കൊതിക്കുന്നത് തനിക്ക് ഒരായിരം കൊല്ലത്തെ ആയുസ്സ് കിട്ടിയിരുന്നെങ്കില്‍ എന്നാണ്'' (2:96) എന്ന ആയത്തിന്റെ അര്‍ഥമെന്നോണം ഇപ്രകാരം വന്നിരിക്കുന്നു: 'ഇത് അനറബികളുടെ 'സഹ് ഹസാര്‍ സാല്‍' എന്ന വാക്കിന് തുല്യമാണ്, അഥവാ നീ ആയിരം കൊല്ലം ജീവിക്കുക എന്നര്‍ഥം.' 

വിശുദ്ധ ക്വുര്‍ആനിലെ 'ത്വാഹാ' എന്ന അധ്യായത്തിലെ ആദ്യ വചനമായ 'ത്വാഹാ' എന്ന വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞതായി ഇക്‌രിമ(റ) റിപോര്‍ട്ട് ചെയ്യുന്നു: ''നബ്തീ ഭാഷയില്‍ 'ഹേ മനുഷ്യാ' എന്നാണത്.'' 

ഇവയും സമാനമായവയും വിശുദ്ധ ക്വുര്‍ആനിന്റെ ആശയ വിവര്‍ത്തനമാകാം എന്ന് അഭിപ്രായപ്പെടുന്നവര്‍ കൂട്ടുപിടിക്കുന്ന രേഖകളില്‍ പെട്ടതാണ്. പരിഭാഷ മിക്കപ്പോഴും, തര്‍ജമ നിരാകരിക്കുന്ന ചിലര്‍ വാദിക്കുന്നത് പോലെ പദാനുപദമായിക്കൊള്ളണമെന്നില്ല. 

ക്വുര്‍ആനിലെ പദാവലികള്‍ക്ക് സമാനമായ പദങ്ങള്‍ ഇതരഭാഷകളില്‍ ഇല്ലാത്തതിനാലും ഇരു ഭാഷകള്‍ക്കിടയില്‍ അവ്യയങ്ങളുടെയും സന്ധി-ബന്ധങ്ങളുടെയും മറ്റും കാര്യത്തില്‍ സാദ്യശ്യമില്ലാത്തതിനാലുമാണത്. ഇക്കാരണങ്ങളാല്‍ പരിഭാഷകര്‍ ബ്രാക്കറ്റില്‍ വിവരണങ്ങളോ അടിക്കുറിപ്പുകളോ നല്‍കാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. അതിനാല്‍ തഫ്‌സീറിന്റെ അതേ വിധി തന്നെയാണ് പരിഭാഷക്കും. ഒരു തര്‍ജമയും ഈ ഗണത്തില്‍നിന്ന് പുറത്തല്ല. അതിനാല്‍ നാം പറയട്ടെ; ഒരു മുഫസ്സിര്‍ പാലിക്കേണ്ട മുഴുവന്‍ നിബന്ധനകളും ഒരു പരിഭാഷകന്നും ബാധകമാണ്. വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തനം നിര്‍വഹിച്ച പലര്‍ക്കും പിണഞ്ഞ അബദ്ധം ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. 

പരിഭാഷകന്റെ നിബന്ധനകള്‍

1. ശരിയായ വിശ്വാസം: പ്രമാണ വചനങ്ങളില്‍ ഭേദഗതി വരുത്തുന്നതും വ്യത്താന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വഞ്ചന കാണിക്കുന്നതും വിശ്വാസവൈകല്യം കൊണ്ടും സലഫിന്റെ മാര്‍ഗം പിന്തുടരാത്തത് കൊണ്ടുമാകുന്നു. 

2. ദേഹേച്ഛയില്‍ നിന്ന് മുക്തമാവുക: കാരണം ദേഹേച്ഛകള്‍ അതിനെ പിന്‍പറ്റുന്നവരെ അവരുടെ മാര്‍ഗത്തെ പിന്തുണക്കുന്നതിന് പ്രേരിപ്പിക്കുന്നു. 

3. പരിഭാഷയില്‍ ക്വുര്‍ആനിനെ ക്വുര്‍ആന്‍കൊണ്ട് വ്യാഖ്യാനിക്കുക എന്ന രീതിയാണ് ആദ്യമായി അവലംബിക്കേണ്ടത്. 

4. പരിഭാഷയില്‍ ക്വുര്‍ആനിനെ സുന്നത്ത്‌കൊണ്ട് വ്യാഖ്യാനിക്കുക എന്ന രീതിയാണ് പിന്നീട് അവലംബിക്കേണ്ടത്. 

5. ക്വുര്‍ആനിലോ സുന്നത്തിലോ വ്യാഖ്യാനം ലഭ്യമല്ലാത്തപ്പോള്‍ സ്വഹാബികളുടെയും താബിഉകളുടെയും വചനങ്ങളാണ് പരിഭാഷകന്‍ അവംലംബിക്കേണ്ടത്. 

6. വിവര്‍ത്തകന്‍ അറബി ഭാഷയില്‍ അവഗാഹമുള്ളവനായിരിക്കണം. കാരണം ക്വുര്‍ആന്‍ അവതീര്‍ണമായത് വസ്തുതകള്‍ വ്യവഛേദിച്ചു വിശദീകരിക്കാനുതകുന്ന അറബി ഭാഷയിലാണ്. 

7. ഏതൊരു ഭാഷയിലേക്കാണോ വിവര്‍ത്തനം ചെയ്യുന്നത് ആ ഭാഷയിലും കഴിവുള്ളവനായിരിക്കണം. 

മലയാള ഭാഷയും വിവര്‍ത്തന വിജയ സാധ്യതയും

മലയാളം ഇന്ത്യയിലെ മുഖ്യഭാഷകളില്‍ ഒന്നത്രെ. ഇന്ത്യയുടെ ഔദ്യോഗിക നാണയമായ രൂപയില്‍ മലയാള ലിപിയുണ്ട്. ഇന്ത്യയിലെ മുപ്പത് മില്യനിലധികം ജനങ്ങള്‍ മലയാള ഭാഷ സംസാരിക്കുന്നു. 

മലയാളത്തിന്റെ തുടക്കം ബി.സി. 3000ത്തിന് മുമ്പ് സിന്ധ് താഴ്‌വരയില്‍നിന്ന് തെന്നിന്ത്യയിലേക്ക് കുടിയേറിയ ദ്രാവിഡന്മാരുടെ കാലഘട്ടത്തിലേക്ക് ചെന്നെത്തുന്നു. സംസ്‌കൃതം സംസാരിക്കുന്ന ഇന്ത്യയിലെ ആര്യവംശജരുമായി അവര്‍ കൂടിക്കഴിഞ്ഞു. 

ഇവിടെനിന്നാണ് മലയാളത്തിന്റെ പിറവി. സങ്കരവും സവിശേഷമായ ഘടനയോടുകൂടിയതും നവീനമായ ഒരു മുദ്രയോടു കൂടിയതും ആഖ്യാനത്തിലും ആവിഷ്‌ക്കരണത്തിലും സാഹിതീയവും ഉച്ചാരണത്തില്‍ പ്രയാസവുമുള്ള ഭാഷയാണ് മലയാളം. മറ്റു ഇന്ത്യന്‍ ഭാഷകളെ അപേക്ഷിച്ച് മലയാളത്തില്‍ അക്ഷരങ്ങള്‍ കൂടുതലാണ്. അമ്പതിലധികം അക്ഷരങ്ങളാണ് മലയാളത്തില്‍ ഉള്ളത്. തമിഴ്, കന്നട, തെലുങ്ക്, എന്നീ ഭാഷകള്‍ മലയാളത്തിന്റെ സഹോദര ഭാഷകളാണ്. കാരണം അവയെല്ലാം ദ്രാവിഡരുടെ ഭാഷകളില്‍ പെട്ടതായിരുന്നു. 

തീര്‍ച്ചയായും ഏതൊരു ഭാഷയിലും പദങ്ങളിലും ആ ഭാഷക്കാരുടെ ആചാരങ്ങള്‍, ആഘോഷങ്ങള്‍, ആരാധനകള്‍, വിശ്വാസങ്ങള്‍, ചടങ്ങുകള്‍ പോലുള്ളവയുടെ സ്വാധീനങ്ങളും ഉള്ളടക്കങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ അറബിഭാഷയെ അനറബിഭാഷയുമായി മാറ്റുരക്കുമ്പോള്‍ ആശയത്തിലും അര്‍ഥതലങ്ങളിലും വ്യക്തമായ അന്തരം കാണാന്‍ സാധിക്കും. 

ഉന്നതവും സവിശേഷവുമായ ആശയങ്ങളുള്ള സംജ്ഞകളും പദാവലികളും മാനവരാശിക്ക് വിശുദ്ധ ക്വുര്‍ആന്‍ സമ്മാനിച്ചു. ഇവിടെയാണ് മലയാളത്തിലേക്ക് വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്നതിന്റെ പ്രയാസം ഒളിഞ്ഞിരിക്കുന്നത്. ചിലപ്പോള്‍ ഒരു പദത്തിന്റെ വിവര്‍ത്തനം വായനക്കാരന് ശരിയായി ഗ്രഹിക്കാന്‍ ഒരു പൂര്‍ണ വരി വരെ ആവശ്യമായി വരുന്നു. 

ഒരു വിവര്‍ത്തകന്‍ ഇരുഭാഷകളിലും നിപുണനാണെങ്കില്‍ തീര്‍ച്ചയായും പ്രസ്തുത വിവര്‍ത്തനം (തര്‍ജമ) വായനക്കാരന് ഗ്രാഹ്യമായിരിക്കും. ഭാഷാ പരിജ്ഞാനമില്ലാത്തവരുടെ വിവര്‍ത്തനം സാഹിത്യലോകത്തിന് വര്‍ജ്യവും ജുഗുപ്‌സാവഹവുമാണ് എന്നിരിക്കെ നിരര്‍ഥകതയുടെ ലാഞ്ചനയില്ലാത്ത വിശുദ്ധ ക്വര്‍ആന്‍ എങ്ങനെയാണ് ഭാഷയറിയാത്തവര്‍ വിവര്‍ത്തനം ചെയ്യുക? 

തര്‍ജമകള്‍ വര്‍ധിപ്പിക്കുക എന്നതല്ല പ്രധാനം, പ്രത്യുത തര്‍ജമ അര്‍ഹിക്കുന്ന അവകാശങ്ങള്‍ അതിന്ന് നല്‍കുക എന്നതാണ്. കാരണം വിവര്‍ത്തകന്‍ തര്‍ജമകളില്‍ വൈജ്ഞാനിക വിശ്വാസ്യത നിലനിര്‍ത്തുകയും ഓരോ പദത്തിനും ഭാഷയുടെയും സാഹിത്യത്തിന്റെയും വ്യാകരണത്തിന്റെയും അവകാശങ്ങള്‍ വകവെച്ച് കൊടുക്കുകയും അല്ലാഹുവിന്റെ വചനങ്ങള്‍ ഉന്നമിടുന്ന ലക്ഷ്യങ്ങളില്‍നിന്ന് തെറ്റിപ്പോകാതിരിക്കുകയും ചെയ്യുന്നേടത്തോളം കാലം വിശുദ്ധ ക്വുര്‍ആനിന്റെ പരിഭാഷകള്‍ നിര്‍മാണത്തിന്റെയും പരിഷ്‌കരണത്തിന്റെയും ചട്ടുകങ്ങളാണ്. 

ഇപ്രകാരം തന്നെ വിവര്‍ത്തകന്‍ തന്റെ ഇച്ഛാനുസൃതം വ്യതിചലിച്ച വ്യാഖ്യാനത്തിലേക്ക് തിരിയുകയും താനുദ്ദേശിക്കുന്നതിലേക്ക് അല്ലാഹുവിന്റെ വചനങ്ങളെ തെറ്റിച്ച് കൊണ്ടുപോവുകയും ചെയ്താല്‍ ഏതൊരു ലക്ഷ്യത്തിനാണോ വിശുദ്ധ ക്വുര്‍ആനിറങ്ങിയത് പ്രസ്തുത ലക്ഷ്യത്തെ തന്നെ ഉടച്ച് വാര്‍ക്കുന്ന ആയുധമായിരിക്കും ആ തര്‍ജമ. 

വിശുദ്ധ ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനിക്കുക, അതില്‍ വ്യതിയാനമുണ്ടാക്കുക, അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ; അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കരുത് എന്ന യാഥാര്‍ഥ്യം ലക്ഷ്യമിടുന്ന വായനക്കാരെ വിശുദ്ധ ക്വുര്‍ആനില്‍ നിന്ന് തടയുക എന്നിങ്ങനെ പടച്ചവന്റെ വചനങ്ങള്‍ കൊണ്ട് കളിക്കുന്നതിനെക്കാള്‍ വലിയ പാതകം മറ്റെന്താണുള്ളത്! (അവസാനിച്ചില്ല)

0
0
0
s2sdefault