ബലികര്‍മം: നാം അറിയേണ്ടത്

ഫൈസല്‍ പുതുപ്പറമ്പ്

2018 ദുല്‍ക്വഅദ 29 1439 ആഗസ്ത് 11

വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും മുസ്‌ലിം സമൂഹത്തിന്റെ ഇജ്മാഉം (ഏകാഭിപ്രായം) കൊണ്ട് സ്വീകരിക്കപ്പെട്ട ഒരു പുണ്യകര്‍മമാണ് ബലി എന്നത്. അതോടൊപ്പം മഹത്ത്വമേറിയ ഒരു മതചിഹ്നംകൂടിയാണത്. നബി ﷺ എല്ലാ വര്‍ഷവും ബലിയറുക്കുമായിരുന്നു. ഇബ്‌നു ഉമര്‍(റ) പറയുന്നു: ''നബി ﷺ മദീനയില്‍ ജീവിച്ച പത്ത് വര്‍ഷവും അവിടുന്ന് ബലിയറുക്കുമായിരുന്നു'' (തുര്‍മുദി).

ബലിയറുക്കുന്നതിന്റെ വിധി

ബലികര്‍മം നടത്തല്‍ അതിന് സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് ഏറ്റവും പ്രബലമായ സുന്നത്താണ് എന്നാണ് ക്വുര്‍ആനിന്റെയും ഹദീഥിന്റെയും അടിസ്ഥാനത്തില്‍ മഹാഭൂരിപക്ഷവും അഭിപ്രായപ്പെട്ടിരിക്കുന്നത്. സ്വഹാബിമാരായ അബൂബകര്‍(റ), ഉമര്‍(റ), ബിലാല്‍(റ), അബൂമസ്ഊദ് അല്‍ബദ്‌രി(റ) എന്നിവരും, താബിഉകളായ സുവൈദ്ബ്‌നു ഉക്വ്ബ(റഹി), സഈദ്ബ്‌നുല്‍ മുസ്വയ്യിബ്(റഹി), അസ്‌വദ്(റഹി), അത്വാഅ്(റഹി) എന്നിവരും ശേഷക്കാരായ ഇമാം ശാഫിഈ(റഹി), ഇസ്ഹാക്വ്(റഹി), അബൂഥൗര്‍(റഹി), ഇബ്‌നുല്‍ മുന്‍ദിര്‍(റഹി) തുടങ്ങിയവരുമെല്ലാം ഈ അഭിപ്രായക്കാരാണ്. എന്നാല്‍ ഇമാം മാലിക്(റഹി), സുഫ്‌യാനുഥൗരി(റഹി), ലൈഥ്(റഹി), അബുഹനീഫ(റഹി), ഇബ്‌നുതൈമിയ്യ(റഹി) തുടങ്ങിയവര്‍ ഇത് നിര്‍ബന്ധമാണ് എന്ന പക്ഷകാരാണ്. നിര്‍ബന്ധമാണ് എന്ന് അഭിപ്രായം പറഞ്ഞവരുടെ തെളിവുകള്‍ അത്ര പ്രബലമല്ലാത്തതിനാലും പ്രബലമായാല്‍ തന്നെയും അവ നിര്‍ബന്ധമാണ് എന്നതിന് വ്യക്തമായ തെളിവാകുന്നില്ല എന്നതിനാലും പ്രബലമായ സുന്നത്താണ് എന്ന അഭിപ്രായമാണ് കൂടുതല്‍ ശരി.

നബി ﷺ യുടെ ഒരു പദപ്രയോഗം ഇത് നിര്‍ബന്ധമല്ലെന്ന് അറിയിക്കുന്നുണ്ട്, നബി ﷺ പറഞ്ഞു: 'ബലി ഉദ്ദേശിച്ചവന്‍ ദുല്‍ഹിജ്ജ മാസം ആരംഭിച്ചാല്‍ പിന്നെ മുടി, നഖം എന്നിവ നീക്കരുത്' (മുസ്‌ലിം). ഇവിടെ 'ബലി ഉദ്ദേശിച്ചവന്‍' എന്ന് നബി ﷺ പ്രയോഗിച്ചതിനാല്‍ അത് നിര്‍ബന്ധമില്ലെന്ന് മനസ്സിലാക്കാം എന്നാണ് ഭൂരിപക്ഷ പണ്ഡിതാഭിപ്രായം. മാത്രവുമല്ല നിര്‍ബന്ധമാണെന്ന് വിചാരിക്കപ്പെടുമെന്നതിനാല്‍ അബൂബകര്‍(റ), ഉമര്‍(റ) എന്നിവര്‍ ബലിയറുക്കാറുണ്ടായിരുന്നില്ല എന്ന് ഇമാം ബൈഹക്വി ഉദ്ധരിച്ച റിപ്പോര്‍ട്ടില്‍ വന്നിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് സ്വഹീഹാണെന്ന് ശൈഖ് അല്‍ബാനി(റ) തന്റെ ഇര്‍വാഉല്‍ ഗലീല്‍(1137) എന്ന ്രഗന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിവുള്ളവര്‍ ബലികര്‍മം ഉപേക്ഷിക്കാതിരിക്കലാണ് ഏറ്റവും സൂക്ഷ്മതയുള്ള നിലപാട് എന്നതില്‍ സംശയമില്ല. 

അറുക്കേണ്ടതെപ്പോള്‍?

പെരുന്നാല്‍ നമസ്‌കാരത്തിന്റെ ശേഷമാണ് അറവിന്റെ സമയം ആരംഭിക്കുന്നത്. നബി ﷺ പറഞ്ഞു: ''ഇന്ന് നാം ആദ്യമായി ആരംഭിക്കുന്നത് നമസ്‌കാരമാണ്. ശേഷം നാം മടങ്ങുകയും ബലിയറുക്കുകയും ചെയ്യും. ഇപ്രകാരം വല്ലവനും ചെയ്താല്‍ അവന്‍ നമ്മുടെ ചര്യ ലഭിച്ചവനായി. എന്നാല്‍ നമസ്‌കാരത്തിന് മുമ്പേ വല്ലവനും അറുത്താല്‍ അത് തന്റെ കുടുംബത്തിന് വേണ്ടി അറുത്ത മാംസമായി മാത്രമെ പരിഗണിക്കപ്പെടൂ. അതൊരിക്കലും ബലിയല്ല തന്നെ!'' (ബുഖാരി, മുസ്‌ലിം).

അയ്യാമുത്തശ്‌രീക്വിന്റെ അവസാന ദിവസത്തെ (ദുല്‍ ഹിജ്ജ 13) സൂര്യാസ്തമയം വരെ അറവ് നിര്‍വഹിക്കാവുന്നതാണ്. മറ്റു ചില അഭിപ്രായങ്ങള്‍ ഇക്കാര്യത്തില്‍ ഉദ്ധരിക്കപ്പെടുന്നുവെങ്കിലും ഈ അഭിപ്രായമാണ് തെളിവുകളോട് കൂടുതല്‍ യോജിക്കുന്നത് എന്ന് ശൈഖ് ഇബ്‌നുബാസും സുഊദി ഉന്നത പണ്ഡിതസഭയും രേഖപ്പെടുത്തുന്നു.

നിബന്ധനകള്‍

അറവ് സമയം, അറുക്കപ്പെടുന്ന മൃഗം, അറുക്കുന്നവന്‍ എന്നിവയിലെല്ലാം ചില നിബന്ധനകള്‍ പാലിക്കപ്പെടേണ്ടതുണ്ട്. സമയത്തിന്റെ കാര്യം നാം മുകളില്‍ സൂചിപ്പിച്ചു.

മൃഗത്തിനു നാലു നിബന്ധനകള്‍ ഒത്തിരിക്കണം: 

1. അറുക്കുന്നവന്റെ ഉടമാവകാശത്തിലുള്ളതാകണം:

കച്ചവടം വഴിയോ, ദാനമായിട്ടോ, മതം അംഗീകരിച്ച മറ്റു വഴികളിലൂടെയോ ഉടമപ്പെടുത്തിയ മൃഗത്തെ മാത്രമെ ബലിയറുക്കാവൂ. മോഷ്ടിക്കപ്പെട്ടത്, പിടിച്ചുപറിക്കപ്പെട്ടത്, നിഷിദ്ധമായ സമ്പത്തിനാല്‍ വാങ്ങിയത് എന്നിവയൊന്നും സ്വീകാര്യമല്ല. നബി ﷺ പറഞ്ഞു: ''അല്ലാഹു വിശിഷ്ടനാണ്, വിശിഷ്ടമായതെല്ലാതെ അവന്‍ സ്വീകരിക്കുകയില്ല'' (മുസ്‌ലിം).

അതില്‍തന്നെ മുന്തിയ ഇനം തെരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. അബൂ ഉമാമബ്‌നു സഹ്ല്‍(റ) പറയുന്നു: ''ഞങ്ങള്‍ മദീനയില്‍ വെച്ച് ബലിമൃഗത്തെ കൊഴുപ്പിക്കുമായിരുന്നു. മുസ്‌ലിംകള്‍ എല്ലാം അപ്രകാരം ചെയ്യുമായിരുന്നു'' (ബുഖാരി).

2. നിശ്ചിത മൃഗങ്ങള്‍ തന്നെയാവണം:

ആട്, മാട്, ഒട്ടകം എന്നിവയാണ് ബലിദാനത്തിനായി മതം അംഗീകരിച്ചിട്ടുള്ള മൃഗങ്ങള്‍. ഇവയല്ലാതെ ബലിക്ക് മതിയാകുകയില്ലെന്ന് ഇജ്മാഅ് (ഏകാഭിപ്രായം) ഉണ്ടെന്ന് ഇമാം നവവി(റഹി) രേഖപ്പെടുത്തിയതായി കാണാം (ശറഹുമുസ്‌ലിം 13/125). 

പോത്ത്, എരുമ എന്നിവ പശു എന്ന ഗണത്തില്‍ ഉള്‍പെടുന്നതാണ്. പശു വര്‍ഗത്തില്‍ പോത്ത് ഉള്‍പെടുമോ എന്ന് പണ്ഡിത ചര്‍ച്ചയുണ്ടെങ്കിലും വര്‍ഗത്തില്‍ അതുള്‍പെട്ടാലും ഇല്ലെങ്കിലും വിധിയില്‍ രണ്ടും തുല്യമാണെന്ന കാര്യത്തില്‍ പരിഗണനീയമായ അഭിപ്രായ വ്യത്യാസം ഏതുമില്ല.

3. നിശ്ചിത പ്രായമുള്ളതാവണം:

പല മൃഗങ്ങള്‍ക്കും പല പ്രായമാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

1. ആട് രണ്ട് തരമുണ്ട്. ചെമ്മരിയാടാണെങ്കില്‍ ആറുമാസം പൂര്‍ത്തിയായി ഏഴാം മാസത്തില്‍ പ്രവേശിച്ചാല്‍ മതി. കോലാടാണെങ്കില്‍ ഒരു വയസ്സ് പൂര്‍ത്തിയായി രണ്ടാം വയസ്സിലേക്ക് പ്രവേശിച്ചതായിരിക്കണം. പശു വര്‍ഗം രണ്ട് വയസ്സ് പൂര്‍ത്തിയായി മൂന്നാം വയസ്സില്‍ പ്രവേശിച്ചതായിരിക്കണം. ഒട്ടകം അഞ്ച് വയസ്സ് പൂര്‍ത്തിയായി ആറാം വയസ്സില്‍ പ്രവേശിച്ചതാകണം. ഇക്കാര്യം ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീഥില്‍ വന്നിട്ടുണ്ട്.

4. ന്യൂനത ഇല്ലാത്തതാവണം:

ന്യൂനതകള്‍ പലതാണ്. നബി ﷺ പറഞ്ഞു: 'നാലുതരം ന്യൂനതയുള്ളവ ബലിക്ക് അനുവദനീയമല്ല. 1. കണ്ണിന് വ്യക്തമായ തകരാറുള്ളത്. 2. വ്യക്തമായ രോഗം ഉള്ളത്. 3. വ്യക്തമായ മുടന്തുള്ളത്. 4. മജ്ജ പൂര്‍ണമായും നഷ്ടപ്പെട്ടത്' (അബൂദാവൂദ്, തുര്‍മുദി).

സമാനമായതോ ഇതിനെക്കാള്‍ ഗൗരവമേറിയതോ ആയ ന്യൂനതകള്‍ ഉണ്ടായാലും ഇപ്രകാരം തന്നെയാണ്. കണ്ണ് നഷ്ടപ്പെട്ടത്, കൈയോ കാലോ ഇല്ലാത്തത്, നടക്കാനാവാത്ത വിധം മുടന്തുള്ളത്, വീണോ കുടുങ്ങിയോ വാഹനമിടിച്ചോ ഒക്കെ സാരമായ പരിക്കുകള്‍ ഏറ്റത് എന്നിവ ഉദാഹരണം.

അത്ര ഗൗരവമല്ലാത്ത ന്യൂനതകള്‍ ഉള്ളവ അനുവദനീയമാണെങ്കിലും അവയല്ലാത്തവയെ തെരഞ്ഞെടുക്കുകയാണ് നല്ലത്. ചെവി കീറിയതോ മുറിഞ്ഞതോ (കീറല്‍ മുന്നിലോ പിന്നിലോ നീളത്തിലോ വീതിയിലോ ആണെങ്കിലും) അല്ലെങ്കില്‍ ചെവി മുഴുവന്‍ നഷ്ടപ്പെട്ടതോ ഒക്കെ ഈ ഗണത്തില്‍ പെടുന്നു.  കൊമ്പ് പൂര്‍ണമായും നഷ്ടപ്പെട്ടവ, കണ്ണിന് കാഴ്ചശക്തി കുറവുള്ളവ, നേരിയ മുടന്തുള്ളത് എന്നിവയും ശ്രദ്ധിക്കണമെന്ന് നബി ﷺ അലി(റ)വിനോട് നിര്‍ദേശിച്ചത് തുര്‍മുദി, അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ, അഹ്മദ് തുടങ്ങിയവര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇവയുടെ ചില പരമ്പരകളില്‍ ദുര്‍ബലതകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുവെങ്കിലും വിവിധ വഴികളിലൂടെ ഉദ്ധരിക്കപ്പെട്ടതിനാല്‍ ഇവ സ്വഹീഹായി പരിണഗിക്കപ്പെടുമെന്ന് ശൈഖ് അല്‍ബാനി ഇര്‍വാഉല്‍ ഗലീലില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (4/364). 

വാല്‍ നഷ്ടപ്പെട്ടത്, മൂക്ക് മുറിഞ്ഞത്, ചുണ്ട് മുറിഞ്ഞത്, ലിംഗം മുറിഞ്ഞത് എന്നിവയും കറാഹതാണ്  എന്ന് ചില പണ്ഡിതന്മാര്‍ ക്വിയാസിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞിട്ടുണ്ട്. (വിശദാംശങ്ങള്‍ക്ക് ശൈഖ് ഇബ്‌നു ഉഥൈമീന്‍ രചിച്ച 'അഹ്കാമുല്‍ ഉദുഹിയ്യഃ' പരിശോധിക്കുക).

വൃഷണം ഉടച്ചതിന് ഈ നിയമം ബാധകമല്ല. കാരണം അത് ന്യൂനതയല്ല. അത് മൃഗം കൂടുതല്‍ മെച്ചപ്പെടാന്‍ ഉപകരിക്കുന്നതാണ് എന്ന് ഇബ്‌നു ഉഥൈമീന്‍ അഭിപ്രായപ്പെടുന്നു.

ആട് ഒരാള്‍ക്കും മാട്, ഒട്ടകം എന്നിവ പരമാവധി ഏഴ് പേര്‍ക്കുമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. ഒരാള്‍ അറവുനടത്തിയാല്‍ അയാള്‍ക്കും കുടുംബത്തിനും അത് മതിയാകുന്നതാണ്. അബൂ അയ്യൂബുല്‍ അന്‍സ്വാരി(റ) പറയുന്നു: ''നബി ﷺ യുടെ കാലത്ത് ഒരാള്‍ തനിക്കും തന്റെ കുടുംബത്തിനും വേണ്ടി ആടിനെ അറുക്കുമായിരുന്നു. അവര്‍ അതില്‍ നിന്ന് ഭക്ഷിക്കുകയും ധര്‍മം ചെയ്യുകയുമായിരുന്നു പതിവ്. പിന്നീട് ജനങ്ങള്‍ ഇതിന്ന് മത്സരിക്കുന്ന സാഹചര്യമുണ്ടായി. അങ്ങനെ ഇന്ന് കാണുന്ന തരത്തിലേക്കിത് മാറി'' (തുര്‍മുദി). (കേവലം ദുരഭിമാനത്തിന് വേണ്ടിയായി മാറി എന്ന് ഉദ്ദേശം - തുഹ്ഫ).

ഒട്ടകത്തിലും പശുവിലും ഏഴ് ആള്‍ക്ക് വരെ പങ്കുചേരാവുന്നതാണ്. ഒരാള്‍ സ്വന്തമായി അറുക്കുകയാണെങ്കില്‍ അതാണ് നല്ലത്. ഒന്നില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് അറുക്കുമ്പോള്‍ എല്ലാവര്‍ക്കും തുല്യവിഹിതം തന്നെയാവണമെന്നില്ല. എന്നാല്‍ ചുരുങ്ങിയ പക്ഷം 1/7 വിഹിതമെങ്കിലും ഓരോരുത്തര്‍ക്കും ഉണ്ടായേ പറ്റൂ. ഉദാഹരണമായി 35000 രൂപ വിലയുള്ള മൃഗത്തെയാണ് അറുക്കുന്നതെങ്കില്‍ ചുരുങ്ങിയത് 5000 രൂപയെങ്കിലും ഷെയര്‍ ചേരേണ്ടതുണ്ട്. എന്നാല്‍ ഒരാള്‍ 32000 രൂപയും മറ്റൊരാള്‍ 3000 രൂപയും എടുത്ത് കൊണ്ടാണ് മൃഗത്തെ വാങ്ങുന്നതെങ്കില്‍ അത് അനുവദനീയമല്ല.

സുപ്രധാന കാര്യം

പത്തും പതിനഞ്ചും അതിലധികവും മൃഗങ്ങളെ ധാരാളം ആളുകള്‍ ചേര്‍ന്ന് പള്ളികളുടെയോ സ്ഥാപനങ്ങളുടെയോ മഹല്ലിന്റെയോ ആഭിമുഖ്യത്തില്‍ അറുക്കുന്ന പതിവ് നമ്മുടെ നാട്ടിലുണ്ട്. അതില്‍ പലപ്പോഴും മേല്‍പറഞ്ഞ കാര്യം ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. ഷെയര്‍ വില ആദ്യം നിശ്ചയിക്കുകയും കിട്ടിയ സംഖ്യക്ക് മുഴുവന്‍ മൃഗങ്ങളെ വാങ്ങുകയും ചെയ്യുന്നു. പല മൃഗങ്ങളും പല വിലയുടെതായിരിക്കും. ഒരു മൃഗത്തിന് പരമാവധി ഏഴു പേര്‍ എന്നത് പലപ്പോഴും പാലിക്കപ്പെടാതെ പോകുന്നു. ഉദാഹരണമായി 5000 രൂപ വീതം ഷെയര്‍ നിശ്ചയിക്കുമ്പോള്‍ ഏഴു പേരില്‍ നിന്ന് 35000 രൂപയാണല്ലോ ലഭിക്കുക. എന്നാല്‍ 38000 രുപയുടെ മൃഗത്തെയാണ് വാങ്ങിയത് എങ്കില്‍ കുറവു വന്ന 3000 രൂപ എട്ടാമന്റെ പണത്തില്‍ നിന്നായിരിക്കും ഇതിലേക്ക് ചേരുന്നത്. അപ്പോള്‍ ആകെ പങ്കുകാര്‍ എട്ടായി. അതില്‍ തന്നെ ഒരാളുടേത് 1/7ല്‍ താഴെയുമായി. ഈ രണ്ടു കാരണത്താല്‍ ആ ബലി സ്വീകരിക്കപ്പെടാതെ പോകുന്നു. ഇതിന്റെ പാപഭാരം കൈകാര്യം ചെയ്യുന്നവരാണ് ഏല്‍ക്കേണ്ടിവരിക എന്ന് ഓര്‍ക്കുക.

എന്നാല്‍ 1/7 പങ്കുചേര്‍ന്ന് അറുക്കുമ്പോള്‍ അത് അയാള്‍ക്ക് മാത്രമാണോ പര്യാപ്തമാകുക, അതോ അയാള്‍ക്കും കുടുംബത്തിനും അത് മതിയോ എന്നതില്‍ പണ്ഡിതന്മാര്‍ക്ക് വീക്ഷണ വ്യത്യാസമുണ്ട്.

സംഘം ചേര്‍ന്ന് ഒരു മാടിനെ അറുക്കുന്നതിനെക്കാള്‍ നല്ലത് സ്വന്തമായി ഒരു ആടിനെ അറുക്കുന്നതാണ് എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.

ഒരു മൃഗത്തെ ബലിക്കായി നിശ്ചയിക്കുന്നതോടെ അതിന്റെ ഉടമാവകാശം അയാള്‍ക്ക് ഇല്ലാതാകുന്നു. പിന്നീട് അതിനെ കൃഷിക്ക് ഉപയോഗിക്കാനോ അതിന്റെ രോമം എടുത്ത് വില്‍ക്കാനോ പാടില്ല. ചെമ്മരിയാടാണെങ്കില്‍ അതിന്റെ രോമം മുറിച്ചെടുക്കലാണ് അതിന് കൂടുതല്‍ ഗുണം എങ്കില്‍ മുറിച്ചെടുക്കാവുന്നതാണ്. അത് സ്വയം ഉപയോഗിക്കുകയോ ദാനം നല്‍കുകയോ ചെയ്യാം; അല്ലാതെ വില്‍ക്കാവതല്ല. പാല്‍ കറന്നെടുക്കുന്നുവെങ്കിലും ഇതുതന്നെയാണ് വിധി. ബലി മൃഗം പ്രസവിച്ചാല്‍ ആ കുട്ടിയെകൂടി ബലിയറുക്കേണ്ടതാണ്.

ഒരാള്‍ ഒരു മൃഗത്തിനെ ബലിക്കായി നിശ്ചയിച്ചതിനു ശേഷം വല്ല ന്യൂനതകളും ആ മൃഗത്തിന് പിന്നീട് ഉണ്ടായാല്‍ അവന്റെ അശ്രദ്ധമൂലമാണ് അതെങ്കില്‍ അതിനെ മാറ്റി പകരം മറ്റൊന്നിനെ അറുക്കല്‍ അവന് ബാധ്യതയാണ്. അവന്റെ അശ്രദ്ധ മൂലമല്ലെങ്കില്‍ അവന്‍ അതിന് ഉത്തരവാദിയല്ല. അതിനെ തന്നെ അറുക്കാവുന്നതാണ്. അവന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ അവന് മാറ്റാവുന്നതുമാണ്. എന്നാല്‍ നേര്‍ച്ചയാക്കിയ ബലിയാണെങ്കില്‍ അതിനെ മാറ്റി പകരം മറ്റൊന്നിനെ അറുക്കല്‍ അവന് നിര്‍ബന്ധമാണ്.

മൃഗം നഷ്ടപ്പെട്ടാലും മോഷ്ടിക്കപ്പെട്ടാലും ഇത് തന്നെയാണ് നിയമം. മോഷണം പോയ മൃഗം പിന്നീട് തിരിച്ച് കിട്ടിയാല്‍ ആ സമയത്ത് അതിനെ അറുക്കേണ്ടതാണ്. അത് ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ ശേഷം മാണെങ്കിലും ശരി. (മുഗ്‌നി 13/373).

ബലി മാംസം എന്തു ചെയ്യണം?

ബലി മാംസം മൂന്നു തരത്തില്‍ ഉപയോഗിക്കാമെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. 1. സ്വയം ഭക്ഷിക്കുക. 2. ദരിദ്രര്‍ക്ക് ദാനമായി നല്‍ക്കുക. 3. അയല്‍വാസിക്കും കുടുംബത്തിനും തന്റെ വക പാരിതോഷികമായി നല്‍കുക. അല്ലാഹു പറയുന്നു: 

''അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചുകൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക'' (സൂറ: അല്‍ഹജ്ജ് 28). 

''ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്്. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട് അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ചുകൊണ്ട് ബലിയര്‍പി)ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണ് കഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുകയും (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയുംചെയ്യുക. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം കീഴ്‌പെടുത്തിത്തന്നിരിക്കുന്നു'' (സൂറ: അല്‍ഹജ്ജ് 36). 

ഈ മൂന്ന് വഴികളിലായി മാംസം വിനിയോഗിക്കപ്പെടുകയാണ് വേണ്ടത്. എന്നാല്‍ മൂന്നിനും തുല്യഭാഗമായി വീതിക്കണമെന്നോ മൂന്നില്‍ ഒന്ന് നിര്‍ബന്ധമായും ബലിയറുത്തയാള്‍ എടുക്കണമെന്നോ മൂന്നില്‍ ഒന്നിനെക്കാള്‍ കൂടുതല്‍ എടുക്കരുതെന്നോ പറയാന്‍ തെളിവുകളില്ല. ധാരാളം പണ്ഡിതര്‍ ഏറ്റവും അഭികാമ്യമായി പറഞ്ഞത് മൂന്നാക്കി വിഭജിക്കണമെന്നാണ്; ചിലര്‍ സൂറതുല്‍ ഹജ്ജിലെ 28ാം വചനപ്രകാരം 1/3 ഭക്ഷിക്കുക, 1/3 കുടുംബത്തിന് നല്‍കുക, 1/3 ദാനം ചെയ്യുക എന്ന് അഭിപ്രായപ്പെടുന്നു. ഇബ്‌നു ഉമര്‍(റ) പറയുന്നു: 'ബലികള്‍ 1/3 നിനക്കും 1/3 നിന്റെ കുടുംബത്തിനും 1/3 ദരിദ്രര്‍ക്കുമാകുന്നു.' അല്‍ക്വമ(റ) പറയുന്നു: ''അബ്ദുല്ലാഹിബ്‌നു മസ്ഊദ് എന്നോട് പറഞ്ഞു: '1/3 നീ ഭക്ഷിക്കുക. 1/3 സഹോദരന്‍ ഉത്ബക്ക് നല്‍കുക, 1/3 നീ ദാനം ചെയ്യുക.' ഇമാം ശാഫിഈ ഈ അഭിപ്രായമാണ് സ്വീകരിച്ചിരിക്കുന്നത്.

എന്നാല്‍ രണ്ടാക്കി വിഭജിക്കുകയും പകുതി ഭക്ഷിക്കുകയും പകുതി ദാനമായി നല്‍കുകയും ചെയ്യുക എന്നും അദ്ദേഹത്തിന്റെ തന്നെ അഭിപ്രായമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

മൂന്നാക്കി തിരിക്കലാണ് നല്ലത് എന്നതിന് സൂറത്തുല്‍ ഹജ്ജിലെ 36ാം വചനവും പ്രവാചക ചെയ്തിയും ഇബ്‌നു ഉമറിന്റെ അധ്യാപനവും ഇബ്‌നുമസ്ഊദിന്റെ കല്‍പനയും തെളിവാണെന്ന് ഇമാം  ഇബ്‌നു ഖുദാമ തന്റെ മുഗ്‌നി 8/17ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇബ്‌നു മസ്ഊദിന്റെ കല്‍പനയെ അടിസ്ഥാനമാക്കി ഇമാം അഹ്മദും ഈ അഭിപ്രായത്തെ തെരഞ്ഞെടുത്തിരിക്കുന്നു.

ബലിയറുക്കുന്നയാള്‍ ബലിമാംസത്തില്‍നിന്ന് ഭക്ഷിക്കല്‍ നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെടുന്നവര്‍ ഉണ്ടെങ്കിലും നിര്‍ബന്ധമില്ലെന്നതാണ്  കൂടുതല്‍ പ്രബലം. നബി ﷺ അറുത്ത അഞ്ച് ഒട്ടകങ്ങളില്‍ നിന്ന് നബി ﷺ ഒന്നും ഭക്ഷിച്ചില്ല എന്നതാണ് നിര്‍ബന്ധമില്ലെന്നതിന് തെളിവായി ഉദ്ധരിക്കപ്പെടുന്നത്. നൂറ് ഒട്ടകങ്ങളെ പ്രവാചകന്‍ അറുത്തപ്പോള്‍ എല്ലാത്തില്‍ നിന്നും ഓരോ കഷ്ണം എടുത്ത് അവ ഒരു പാത്രത്തിലിട്ട് വേവിക്കുകയും എന്നിട്ട് അതില്‍ നിന്ന് ഭക്ഷിക്കുകയും അതിന്റെ കറി കുടിക്കുകയും ചെയ്തു. ഇന്ന് സ്വയം കഴിക്കല്‍ ഏറെ ശ്രേഷ്ഠമാണെന്നറിയിക്കുന്നു.

മാംസം സൂക്ഷിച്ചുവെക്കല്‍

ബലിമാംസം എത്ര കാലവും സൂക്ഷിച്ച് വെച്ച് ഉപയോഗിക്കാവുന്നതാണ്. നബി ﷺ പറഞ്ഞു: 'നിങ്ങള്‍ ഭക്ഷിക്കുക, ദാനം ചെയ്യുക, സൂക്ഷിച്ചു വെക്കുക' (മുസ്‌ലിം).

ജാബിര്‍(റ) പറയുന്നു: 'നബി ﷺ യുടെ കാലത്ത് ഞങ്ങള്‍ ബലിമാംസം മദീനാ യാത്രയില്‍ യാത്രാ ഭക്ഷണമായി കൊണ്ടുപോകുമായിരുന്നു' (ബുഖാരി, മുസ്‌ലിം).

ഏറെ ക്ഷാമമുള്ള ഒരു വര്‍ഷത്തില്‍ നബി ﷺ മൂന്ന് ദിവസത്തിലേറെ സൂക്ഷിച്ച് വെക്കാന്‍ പാടില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം നബി ﷺ പറഞ്ഞു: 'മൂന്ന് ദിവസത്തിലേറെ ബലി മാംസം സൂക്ഷിക്കുന്നതിനെ ഞാന്‍ നിങ്ങളോട് വിലക്കിയിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നത്ര നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക' (മുസ്‌ലിം).

അമുസ്‌ലിമിന് ബലി മാംസം നല്‍കല്‍

ക്വുര്‍ആനിന്റെയും ഹദീഥിന്റെയും പൊതുവായ അധ്യാപനങ്ങളില്‍ നിന്ന് ബലിമൃഗത്തിന്റെ മാംസം അമുസ്‌ലിമിന് നല്‍കുന്നതിന് വിരോധമില്ല എന്നാണ് പണ്ഡിതര്‍ തെളിവെടുത്തിരിക്കുന്നത്. താബിഈ പ്രമുഖനായ ഹസനുല്‍ ബസ്വരി, അബൂഥൗര്‍ എന്നിവര്‍ ഈ അഭിപ്രായം പറഞ്ഞിരിക്കുന്നു. ഇതൊരു ഭക്ഷണമാണ് എന്നതും നിര്‍ബന്ധമല്ലാത്ത ദാനധര്‍മങ്ങള്‍ അമുസ്‌ലിമിനു നല്‍കാവുന്നതാണ് എന്നതും ഇതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സുഊദി ഉന്നത പണ്ഡിതസഭയുടെ ഫത്‌വകളിലും ഇത് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ നമ്മുടെ നാട്ടിലെ സമസ്തക്കാര്‍ പിന്‍പറ്റുന്നു എന്നവകാശപ്പെടുന്ന ശാഫീഈ മദ്ഹബില്‍ അമുസ്‌ലിമിന് നല്‍കാന്‍ പാടില്ലെന്നാണ് പ്രബലാഭിപ്രായം.

നേര്‍ച്ചയാക്കിയ ബലി

ബലിയറുക്കാന്‍ നേര്‍ച്ചയാക്കിയാല്‍ അതില്‍നിന്ന് ഭക്ഷിക്കാമോ എന്നത് വേറെ ഒരു വിഷയമാണ്. അതില്‍ നിന്ന് ഭക്ഷിക്കാവതല്ലെന്നും അത് പൂര്‍ണമായും ദാനം ചെയ്യണമെന്നുമാണ് പ്രബലാഭിപ്രായം.

അറുക്കുന്നവനുണ്ടാവേണ്ട ഗുണങ്ങള്‍:

മുസ്‌ലിമായിരിക്കണം. പ്രായപൂര്‍ത്തിയും വിവേകവും ഉള്ളവനായിരിക്കണം. അമുസ്‌ലിം, ചെറിയ കുട്ടികള്‍, ഭ്രാന്തര്‍, അവിവേകി എന്നിവര്‍ അറുത്താല്‍ അത് ശരിയാവുകയില്ല.

മറ്റു മര്യാദകള്‍

1. പരമാവധി നല്ലയിനം മൃഗത്തെ തിരഞ്ഞെടുക്കുക. നബി ﷺ കൊമ്പുള്ളതും കാണാന്‍ നല്ല ചന്തമുള്ളതുമായ മൃഗത്തെയാണ് ബലിയറുത്തത്. അതിനാല്‍ കൊമ്പുള്ളതാണ് ഉത്തമം. എന്നാല്‍ പ്രകൃത്യാ കൊമ്പ് മുളക്കാത്തതാണെങ്കില്‍ വിരോധമില്ല.

2. കത്തി നല്ലവണ്ണം മൂര്‍ച്ചയാക്കണം. 'ബിസ്മില്ലാഹി, അല്ലാഹു അക്ബര്‍' എന്ന് പറഞ്ഞുകൊണ്ടാണ് നബി ﷺ ബലിയറുത്തത്. (മുസ്‌ലിം).

3. നബി ﷺ രണ്ട് ആടുകളെയാണ് ബലി അറുത്തിരുന്നത്. അതിനാല്‍ ആടാണ് ഏറ്റവും ഉത്തമം എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍ മറ്റുചില ഹദീഥുകളുടെ വെളിച്ചത്തില്‍ ആടിനെക്കാള്‍ ഉത്തമം ഒട്ടകവും പിന്നെ പശുവുമാണ് എന്നും മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു. വെള്ളിയാഴ്ച ജുമുഅക്ക് നേരത്തെ പുറപ്പെട്ടാല്‍ ഒരു ഒട്ടകത്തെ ബലി നല്‍കിയ പ്രതിഫലവും രണ്ടാം സമയത്ത് പുറപ്പെട്ടാല്‍ ഒരു പശുവിനെ ബലി നല്‍കിയ പ്രതിഫലവും മൂന്നാമത്തെ സമയത്ത് പുറപ്പെട്ടാല്‍ ഒരാടിനെ ബലി നല്‍കിയ പ്രതിഫലവും ഉണ്ട് എന്ന ഹദീഥാണ് അവര്‍ തെളിവായി പറയുന്നത്. ഈ വിക്ഷണമാണ് കൂടുതല്‍ ശരി എന്ന് ഇമാം അബൂഹനീഫയും ഇമാം ശാഫിഈയും അഭിപ്രായപ്പെട്ടിരിക്കുന്നു. (മുഗ്‌നി 8/7).

4. മൃഗത്തോട് വാത്സല്യവും കരുണയും കാണിക്കുകയും കൂടുതല്‍ പ്രയാസപ്പെടുത്താതെ അതിവേഗം ജീവന്‍ പോകാവുന്നവിധം അറുക്കുകയുമാണ് വേണ്ടത്. ബലിമൃഗത്തെ വീഴ്ത്തിയതിനു ശേഷം ഒരുകാല്‍ കൊണ്ട് അതിനെ ചവിട്ടിപ്പിടിച്ച അവസ്ഥയില്‍ കത്തി മൂര്‍ച്ചകൂട്ടുന്ന ഒരാള്‍ക്കരികെ നബി ﷺ കടന്നുപോയി. അപ്പോള്‍ നബി ﷺ ചോദിച്ചു: 'ഇതിന് മുമ്പ് ആകാമായിരുന്നില്ലേ ഈ മൂര്‍ച്ചകൂട്ടല്‍? നീ അതിനെ പലതവണ കൊല്ലാനാണോ ഉദ്ദേശിക്കുന്നത്?' (ഹാകിം, ത്വബ്‌റാനി).

ഇമാം നവവി(റഹി) പറയുന്നു: 'മൃഗത്തിന്റെ സന്നിധിയില്‍ വെച്ച് കത്തി മൂര്‍ച്ചകൂട്ടാതിരിക്കലും ഒരു മൃഗം നോക്കി നില്‍ക്കെ മറ്റൊന്നിനെ അറുക്കാതിരിക്കലും അറവു സ്ഥലത്തേക്ക് മൃഗത്തെ വലിച്ചിഴച്ച് കൊണ്ട് പോകാതിരിക്കലും അഭികാമ്യമാകുന്നു'' (ശറഹു മുസ്‌ലിം 13/43).

5. ഒട്ടകത്തെ അറുക്കേണ്ടത് നിറുത്തിയിട്ടാണ്. ഇടതുകാല്‍ കെട്ടുകയും മൂന്ന് കാലുകളില്‍ നിറുത്തുകയും ചെയ്തു കൊണ്ടാണ് നബിയും സ്വഹാബത്തും ഒട്ടകത്തെ അറുത്തിരുന്നത് (അബൂദാവൂദ്). മറ്റു മൃഗങ്ങളെ ഇടതുഭാഗത്തേക്ക് ചെരിച്ചു കിടത്തി പിരടിയില്‍ കാല് വെച്ചാണ് അറുക്കേണ്ടത്. നബി ﷺ രണ്ട് ആടുകളെ അപ്രകാരം അറുത്തു എന്ന് അനസ്(റ) പറയുന്നു (ബുഖാരി, മുസ്‌ലിം). വലതു കൈ കൊണ്ടാണ് അറുക്കേണ്ടത്. എന്നാല്‍ വലതു കൈയിന്റെ സ്ഥാനത്ത് സാധാരണ ഇടത് കൈ ഉപയോഗിക്കുന്നവനാണെങ്കില്‍ മൃഗത്തെ വലതു ഭാഗത്തേക്ക് ചെരിച്ച് കിടത്തലാണ് അവര്‍ക്ക് കൂടുതല്‍ സൗകര്യമെങ്കില്‍ അതിന് വിരോധമില്ല എന്ന് ശൈഖ് ഇബ്‌നു ഉഥൈമീന്‍(റഹി) അഭിപ്രായപ്പെടുന്നു.

6. ക്വിബ്‌ലക്ക് മുന്നിട്ടും ബിസ്മി ചൊല്ലിയുമാണ് അറുക്കേണ്ടത്. അല്ലാഹുവോട് ബലികര്‍മം സ്വീകരിക്കാനായി പ്രാര്‍ഥിക്കല്‍ നബി ﷺ യുടെ സുന്നതാണ്. ബിസ്മി ചൊല്ലാന്‍ മറന്നാല്‍ പ്രശ്‌നമില്ല. അത് പൊറുക്കപ്പെടും.

7. ശ്വാസനാളവും അന്നനാളവും പൂര്‍ണമായും മുറിയണം. അവയോട് ചേര്‍ന്നുള്ള രണ്ട് പ്രധാന ഞരമ്പുകള്‍ കൂടി മുറിയുന്ന തരത്തിലുള്ള അറവാണ് പൂര്‍ണമായ അറവ്.

8. ബലി മൃഗത്തിന്റെ യാതൊന്നും വില്‍ക്കാവതല്ല. തോല്‍ വില്‍ക്കുന്നുവെങ്കില്‍ തന്നെ അതിന്റെ വില ദരിദ്രര്‍ക്ക് ദാനം ചെയ്യേണ്ടതാണ്. അറവുകാരന്റെ കൂലിയായി ഒരിക്കലും തന്നെ തോല്‍ നല്‍കാവുന്നതല്ല. അലി(റ) പറയുന്നു: ''നബി ﷺ എന്നോട് ബലി മൃഗത്തെ കൈകാര്യം ചെയ്യാന്‍ കല്‍പിച്ചു. അതിന്റെ മാംസവും തോലും എല്ലാം ദാനം ചെയ്യാനും അറവുകാരന് അതില്‍ നിന്ന് നല്‍കാതിരിക്കാനും നബി ﷺ എന്നോട് കല്‍പിച്ചു.'' മറ്റൊരു റിപ്പോര്‍ട്ടില്‍ 'ദരിദ്രര്‍ക്ക് നല്‍കാന്‍ കല്‍പിച്ചു' എന്നാണുള്ളത് (ബുഖാരി, മുസ്‌ലിം).

ദാനമായി അറവുകാരന് നല്‍കുന്നതിന് വിരോധമില്ല. കൂലി എന്ന നിലക്ക് നല്‍കാവതല്ല എന്ന് മാത്രം. തോല്‍/തോലിന്റെ വില ദാനമായി നല്‍കേണ്ടത് ദരിദ്രര്‍ക്കാണ്. ദരിദ്രരുടെ കാര്യങ്ങള്‍ നിര്‍വഹിക്കാനായി സ്ഥാപിക്കപ്പെട്ട സംഘങ്ങള്‍, കൂട്ടായ്മകള്‍, സംരംഭങ്ങള്‍ എന്നിവക്ക് നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ പള്ളിനിര്‍മാണം, പള്ളിപരിപാലനം എന്നിവക്ക് അത് ഉപയോഗിക്കാതിരിക്കലാണ് കൂടുതല്‍ സൂക്ഷ്മത. അറവുകാരന് ദാനമായി തോല്‍ നല്‍കുന്നുവെങ്കില്‍ അതിന് മുമ്പായി അവന്റെ കൂലി പൂര്‍ണമായും നല്‍കലാണ് നല്ലത്. അല്ലാത്ത പക്ഷം കൂലിയില്‍ ഇളവ് നല്‍കാന്‍ ഒരു പക്ഷേ ഇതൊരു നിമിത്തമായി കണക്കാക്കപ്പെട്ടേക്കാം എന്ന് ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി(റഹി) തന്റെ ഫത്ഹുല്‍ ബാരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. (3/556).

കയറ്റുമതിയും ഇറക്കുമതിയും

ഇന്ന് സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന രീതിയാണ് ഇതരസംസ്ഥാനങ്ങളിലേക്ക് ബലിമാംസവും ബലിമൃഗത്തിനുള്ള പണവും കൊടുത്തയക്കുക എന്നതും വിദേശരാജ്യത്ത് ജോലി ചെയ്യുന്നവര്‍ തങ്ങളുടെ ബലിമൃഗങ്ങളുടെ വില നാട്ടിലെ ഏതെങ്കിലും സന്നദ്ധ സംഘടനകള്‍ക്ക് അയക്കുകയും എന്നിട്ട് നാട്ടില്‍ എവിടെയെങ്കിലുമൊക്കെ ഒരു മൃഗത്തെ അറുക്കുകയും ചെയ്യുക എന്നതും. ഈ ഒരു രീതി മൊത്തത്തില്‍ പ്രോത്സാഹിപ്പിക്കേണ്ടതില്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒരു പക്ഷേ അത് കൂടുതല്‍ ഗുണകരമാണ് എങ്കില്‍ ആകാം എന്ന് മാത്രം.

അതുവഴി ബലിയുമായി ബന്ധപ്പെട്ട ധാരാളം നന്മകള്‍ നഷ്ടപ്പെടുവാനും ചിലപ്പോഴെങ്കിലും ചില ദോഷങ്ങള്‍ വന്നുചേരുവാനും സാധ്യതയുണ്ട് എന്ന് ശൈഖ് ഇബ്‌നു ഉഥൈമീന്‍(റഹി) വ്യക്തമാക്കുന്നു. അദ്ദേഹം പറഞ്ഞ ന്യായങ്ങളെ നമുക്കിങ്ങനെ സംഗ്രഹിക്കാം:

1. ഇതൊരു ആരാധനയാണ്. മറ്റു നാട്ടിലേക്ക് പണമായി കൊടുത്തയക്കുമ്പോള്‍ സാധാരണ ഒരു ധര്‍മത്തിന്റെ മാനസികാവസ്ഥ മാത്രമെ ഇത് നല്‍കുന്നവനും സ്വീകരിക്കുന്നവനും ഉണ്ടാകൂ.

2. തന്റെ ബലിമൃഗത്തെ താന്‍ തന്നെ അറുക്കുക എന്നതും മറ്റൊരാളെ ഏല്‍പിക്കുന്നുവെങ്കില്‍ തന്നെ അതിന് താന്‍ സാക്ഷ്യം വഹിക്കണമെന്നതും ഇതിലൂടെ നഷ്ടപ്പെടുന്നു.

3. തന്റെ ബലിമൃഗത്തില്‍ നിന്ന് താന്‍ ഭക്ഷിക്കണമെന്ന ക്വുര്‍ആനിന്റെ കല്‍പനയും പ്രവാചകമാതൃകയും പാലിക്കപ്പെടാതെ പോകുന്നു.

4. ഒന്നിലേറെ മൃഗങ്ങളുടെ വില ഒന്നിച്ച് മറ്റൊരു നാട്ടിലേക്ക് അയക്കുകയും അവര്‍ ഒന്നിച്ച് മൃഗങ്ങളെ വാങ്ങി അറുക്കുകയും ചെയ്യുമ്പോള്‍ ഏത് മൃഗം ആരുടേതാണ് എന്നു പോലും അറിയാതെ പോകുന്നു.

5. അറുക്കുന്നത് വരെ നഖവും മുടിയും എടുക്കരുത് എന്ന പ്രവാചകാധ്യാപനം നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിക്കാന്‍ സാധ്യത കൂടുന്നു.

6. ഒരു മതചിഹ്നമായി നിശ്ചയിക്കപ്പെട്ട ഈ കാര്യം, ഒരു നാട്ടിലെ ആളുകളെല്ലാം മറ്റൊരു നാട്ടിലേക്ക് പണമയക്കുക വഴി ആനാട്ടില്‍ പരസ്യപ്പെടുത്തുന്നത് ഇല്ലാതാകുന്നു. 

ഇതിനെല്ലാം പുറമെ പണം സ്വീകരിക്കുന്നവര്‍ ലക്ഷണമൊത്ത മൃഗത്തെ തന്നെയാണ് വാങ്ങിയതെന്നോ ശരിയായ രീതിയില്‍ തന്നെയാണ് അറവും അനുബന്ധകാര്യങ്ങളും  നിര്‍വഹിച്ചത് ഒന്നോ ഉറപ്പു വരുത്താന്‍ പലപ്പോഴും സാധിക്കാതെ വരുന്നു. എല്ലാറ്റിലുമുപരി നബിയുടെയോ സ്വഹാബത്തിന്റെയോ ഒരു മാതൃക ഈ രംഗത്ത് കാണാന്‍ ആകുന്നുമില്ല. അന്നും മദീനയുടെ പുറത്ത് പല പ്രദേശത്തും ആവശ്യക്കാരുണ്ടായിട്ടും അവരാരും അങ്ങനെ ചെയ്തില്ല എന്നത് പ്രത്യേകം ശ്രദ്ധേയവുമാണ്. എന്നാല്‍ ഇതിനെയെല്ലാം മറികടക്കാവുന്ന ഒരു നന്മ മറ്റൊരു നാട്ടിലേക്ക് അയക്കുകവഴി നേടാനാകുമെങ്കില്‍ അതിന് വിരോധമില്ല. ഉദാഹരണമായി പട്ടിണികൊണ്ട് പ്രയാസപ്പെടുന്ന ഒരു പ്രദേശത്തേക്ക് ഈ മാംസം എത്തിയാല്‍ അവിടെയുള്ള മുസ്‌ലിംകള്‍ക്ക് ഒരു പക്ഷേ ജീവന്‍ നിലനിര്‍ത്താന്‍ പോലും ഇത് പര്യാപ്തമാകുമെന്ന സാഹചര്യം ഉണ്ടെങ്കില്‍.

ബലി സ്വന്തം നാട്ടില്‍ സ്വന്തം മേല്‍നോട്ടത്തില്‍ അറുക്കുകയും അതില്‍ നിന്ന് അല്‍പമെങ്കിലും കഴിച്ചതിന് ശേഷം ബാക്കി സമീപ പ്രദേശങ്ങളില്‍ കുടുതല്‍ ആവശ്യക്കാരായവര്‍ക്ക് കൊടുത്തയക്കുകയും ചെയ്യാനാകുമെങ്കില്‍ അതാണ് കുടുതല്‍ നല്ലത്. എങ്കില്‍ മേല്‍ വിവരിച്ച പല നന്മകളും നഷ്ടപ്പെടാതെ സൂക്ഷിക്കാനാകും.

ഇങ്ങനെ പണം അയക്കുന്നവരും അത് സ്വീകരിച്ച് കൈകാര്യം ചെയ്യുന്നവരും ഇതില്‍ ഏറെ സൂക്ഷ്മത പുലര്‍ത്തണമെന്ന് പ്രത്യേകം ഉണര്‍ത്തുന്നു. കേവലം ഒരു ദാനധര്‍മത്തെ പോലെ ഇതിനെ കാണാതിരിക്കുക. മത ചിഹ്നമായി നിശ്ചയിക്കുപ്പെട്ടതും പ്രത്യേകം ആരാധനയായി പഠിപ്പിക്കപ്പെട്ടതും ആണ് എന്ന കാര്യം ഗൗരവപൂര്‍വം ഓര്‍ക്കുക.

മഹത്ത്വമേറിയ ഒരു ആരാധനാകര്‍മമാണ് ബലി. അതിനാല്‍ മറ്റു ആരാധനകള്‍ പോലെ തന്നെ ഇതും പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ പേരില്‍ മാത്രമെ ആകാവൂ. പ്രവാചകന്മാര്‍, മഹത്തുക്കള്‍, ശുഹദാക്കള്‍, ജിന്നുകള്‍, മലക്കുകള്‍, തങ്ങന്മാര്‍, പ്രതിഷ്ഠകള്‍ തുടങ്ങി ഏത് സൃഷ്ടിക്ക് വേണ്ടി ബലി അറുത്താലും അത് അവര്‍ക്കുള്ള ആരാധനയായി മാറുന്നു. പ്രപഞ്ച സ്രഷ്ടാവിനോട് സൃഷ്ടിയെ തുല്യപ്പെടുത്തല്‍ ആണത്. അതാവട്ടെ ഒരിക്കലും പൊറുക്കപ്പെടാത്ത മഹാപാപവുമാണ്. നമ്മുടെയൊക്കെ നാടുകളില്‍ ബദ്‌രീങ്ങളുടെ പേരിലും പല ശൈഖുമാരുടെ പേരിലും ഇങ്ങനെ ബലിയറുക്കപ്പെടുന്നു എന്നത് എത്രമാത്രം വേദനാജനകമാണ്! 

ഈ വിഷയകമായി ഇമാം നവവി(റ) തന്റെ ശറഹു മുസ്‌ലിമില്‍ പറഞ്ഞ ഒരു കാര്യം ശ്രദ്ധയില്‍ പെടുത്തി അവസാനിപ്പിക്കുന്നു: ''അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുത്തവനെ അല്ലാഹു ശപിച്ചിരിക്കുന്നു എന്നഹദീഥിലെ 'അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുക്കുക' എന്നതിന്റെ ഉദ്ദേശം അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കലാണ്. വിഗ്രഹങ്ങള്‍, കുരിശ്, മൂസാനബി(അ), ഈസാ നബി(അ), കഅ്ബ എന്നിവക്കെല്ലാം അറുക്കുന്നത് പോലെ ഇതെല്ലാം നിഷിദ്ധമാകുന്നു. അങ്ങനെ അറുക്കപ്പെടല്‍ അനുവദനീയമല്ല താനും. അറുക്കുന്നവന്‍ മുസ്‌ലിമോ ജൂതനോ ക്രിസ്ത്യാനിയോ ആരാണെങ്കിലും ശരി. ഇമാം ശാഫിഈ അത് വ്യക്തമായി തന്നെ പറഞ്ഞിരിക്കുന്നു. ആരുടെ പേരിലാണോ അറുക്കുന്നത് അവരെ ബഹുമാനിക്കലും അവര്‍ക്ക് ആരാധന ചെയ്യലുമാണ് ഉദ്ദേശമെങ്കില്‍ അത് അവിശ്വാസമാണ്. അങ്ങനെ അറുത്തവന്‍ അറുക്കുന്നതിന് മുമ്പ് മുസ്‌ലിമായിരുന്നുവെങ്കില്‍ ആ അറുവോട് കൂടി അവന്‍ മതഭ്രഷ്ടനായി മാറും'' (ശറഹു മുസ്‌ലിം-ഹദീഥ് നമ്പര്‍: 1978)