ക്വുര്‍ആനിന്റെ അനുയായികളോട്: 2

മുഹമ്മദ് അര്‍റക്ബാന്‍

2018 ദുല്‍ക്വഅദ 01 1439 ജൂലായ് 14

ക്വുര്‍ആനിന്റെ ആളുകളാണ് ഇമാമത്തിനും നേതൃത്വത്തിനുമര്‍ഹര്‍

നബി ﷺ പറഞ്ഞു: ''ഉന്നതനായ അല്ലാഹുവിന്റെ ഗ്രന്ഥം കൂടുതല്‍ പാരായണം ചെയ്യു(അറിയു)ന്നവര്‍ ജനങ്ങള്‍ക്ക് ഇമാമായി നില്‍ക്കട്ടെ'' (മുസ്‌ലിം). 

നബി ﷺ യുടെ അടുത്ത് ഒരു സ്ത്രീ വന്നുകൊണ്ട് 'പ്രവാചകരേ, ഞാന്‍ എന്നെ താങ്കള്‍ക്ക് സമര്‍പിച്ചിരിക്കുന്നു'വെന്ന് പറഞ്ഞ വേളയില്‍ ഒരു സ്വഹാബി എഴുന്നേറ്റു നിന്ന് പറയുകയുണ്ടായി: 'പ്രവാചകരേ, അവളില്‍ താങ്കള്‍ക്ക് ആവശ്യമില്ലെങ്കില്‍ അവരെ താങ്കളെനിക്ക് വിവാഹം കഴിച്ചു തന്നാലും.' അപ്പോള്‍ നബി ﷺ പറഞ്ഞു: 'ക്വുര്‍ആനില്‍ നിന്ന് എന്താണ് താങ്കള്‍ക്കറിവുള്ളത്?' അയാള്‍ പറഞ്ഞു: 'എനിക്ക് ഇന്നയിന്ന സൂറത്തുകളെല്ലാം അറിയാം.' അപ്പോള്‍ അവിടുന്ന് ചോദിച്ചു: 'അത് താങ്കള്‍ക്ക് മനഃപാഠമായി പരായണം ചെയ്യാന്‍ സാധിക്കുമോ?' അദ്ദേഹം പറഞ്ഞു: 'അതെ.' അവിടുന്ന് പറഞ്ഞു: 'ക്വുര്‍ആനില്‍ നിന്ന് താങ്കള്‍ക്ക് മനഃപാഠമുള്ളതിന് (അതവള്‍ക്ക് പഠിപ്പിച്ച് കൊടുക്കുകയെന്ന മഹ്‌റില്‍) അവളെ നീ ഉടമപ്പെടുത്തിയിരിക്കുന്നു'' (ബുഖാരി, മുസ്‌ലിം).

മരണപ്പെട്ടതിനു ശേഷം മറമാടുമ്പോള്‍ പോലും ക്വുര്‍ആനിന്റെയാളുകള്‍ക്ക് പ്രത്യേകതയുണ്ട്

ജാബിറുബ്‌നു അബ്ദുല്ലാഹ്(റ)വില്‍ നിന്ന് നിവേദനം: ''ഉഹ്ദ് യുദ്ധത്തില്‍ മരണപ്പെട്ടവരില്‍ രണ്ട് വീതമാളുകളെ നബി ﷺ ഒരു വസ്ത്രത്തില്‍ കഫന്‍ ചെയ്തിരുന്നു. ആ സമയം അവിടുന്ന് ചോദിച്ചു: 'ഇവരില്‍ ആര്‍ക്കാണ് ക്വുര്‍ആന്‍ കൂടുതല്‍ അറിയുക?' അവരില്‍ ഒരാളെ ചൂണ്ടിക്കാണിച്ചാല്‍ ആ വ്യക്തിയെ ക്വബ്‌റിലേക്ക് മുന്തിപ്പിക്കുമായിരുന്നു...'' (ബുഖാരി).

ക്വുര്‍ആനിന്റെ അഹ്‌ലുകാര്‍ക്ക് പിശാചില്‍ നിന്നും അവന്റെ കുതന്ത്രങ്ങളില്‍ നിന്നും രക്ഷ ലഭിക്കുന്നതാണ്

നബി ﷺ പറഞ്ഞു: ''നിശ്ചയം സൂറത്തുല്‍ ബക്വറ പാരായണം ചെയ്യുന്ന വീട്ടില്‍ നിന്ന് പിശാച് ഓടിപ്പോകുന്നതാണ്''(മുസ്‌ലിം).

ദജ്ജാലിന്റെ ഫിത്‌നയില്‍ നിന്നും ക്വുര്‍ആനിന്റെ അഹ്‌ലുകാര്‍ക്ക് രക്ഷ ലഭിക്കുന്നതാണ്. 

അബൂദര്‍ദാഅ്(റ) നിവേദനം: നബി ﷺ പറഞ്ഞു: ''ആരെങ്കിലും സൂറത്തുല്‍ കഹ്ഫിലെ ആദ്യത്തെ പത്ത് ആയത്തുകള്‍ മനഃപാഠമാക്കിയാല്‍ അവന് ദജ്ജാലില്‍ നിന്നും രക്ഷ ലഭിക്കുന്നതാണ്'' (മുസ്‌ലിം).

നാശം വന്നണയുന്ന ഈ ഭൂമിയില്‍ വെച്ച് ക്വുര്‍ആനിന്റെ അഹ്‌ലുകാര്‍ക്ക് ലഭിക്കുന്ന ഏതാനും മഹത്ത്വങ്ങളാണിതെല്ലാം. എന്നാല്‍ എന്നെന്നും നിലനില്‍ക്കുന്ന പാരത്രിക ലോകത്ത് അവര്‍ക്ക് ഉന്നതമായ സ്ഥാനവും മഹത്ത്വവും ശ്രേഷ്ഠതയും ലഭിക്കുന്നതാണ്. 

അബ്ദുല്ലാഹ്ബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ) നിവേദനം: നബി ﷺ പറഞ്ഞു: ''ക്വുര്‍ആനിന്റെ ആളുകളോടു പറയും, നീ പാരായണം ചെയ്യുക, ദുന്‍യാവില്‍ വെച്ച് പാരായണം ചെയ്ത പോലെ സ്വര മാധുര്യത്തോടെ പാരായണം ചെയ്യുക. അവസാനമായി പാരായണം ചെയ്ത ആയത്തിനടുത്തായിരിക്കും നിന്റെ സ്ഥാനം (പരലോകത്ത്)'' (അബൂദാവൂദ്, തിര്‍മിദി).

ബുറൈദ(റ) നിവേദനം: നബി ﷺ പറഞ്ഞു: ''ആരെങ്കിലും ക്വുര്‍ആന്‍ പാരായണം ചെയ്യുകയും പഠിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവനെ പരലോകത്ത് പ്രകാശം കൊ ണ്ടുള്ള കിരീടം അണിയിക്കുന്നതാണ്. അതിന്റെ പ്രകാശം സൂര്യപ്രകാശം പോലെയായിരിക്കും. അവന്റെ മാതാപിതാക്കളെ രണ്ട് ഉടയാടകള്‍ അണിയിക്കും. ദുന്‍യാവ് പോലും അവക്ക് പകരമാവില്ല. അപ്പോള്‍ മാതാപിതാക്കള്‍ ചോദിക്കും: 'എന്ത്‌കൊണ്ടാണ് ഞങ്ങളെ ഇത് അണിയിച്ചത്?' അപ്പോള്‍ പറയും: 'നിങ്ങളുടെ സന്താനം ക്വുര്‍ആനിനെ സ്വീകരിച്ചതുകൊണ്ട്'' (ഹാകിം ഈ ഹദീഥ് സ്വഹീഹാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. അതിനോട് ദഹബി യോജിച്ചിട്ടുമുണ്ട്).

അബൂഹുറയ്‌റ(റ) നിവേദനം: നബി ﷺ പറഞ്ഞു: ''അവസാന നാളില്‍ ക്വുര്‍ആന്‍ വന്നുകൊണ്ടു പറയും: 'എന്റെ രക്ഷിതാവേ, അവനെ അണിയിക്കുക.' അങ്ങിനെ 'താജുല്‍ കറാമ' (ആദരവിന്റെ കിരീടം) അണിയിക്കും. ശേഷം പറയും: 'എന്റെ രക്ഷിതാവേ, അവന് വര്‍ധിപ്പിച്ച് നല്‍കൂ.' അങ്ങനെ 'കറാമ'യുടെ വസ്ത്രമണിയിക്കും. തുടര്‍ന്ന് പറയും: 'എന്റെ രക്ഷിതാവേ, അവനെ തൃപ്തിപ്പെടുക.' അവനെ തൃപ്തിപ്പെടുന്നു. പിന്നെ പറയപ്പെടും: 'നീ പാരായണം ചെയ്യുക.' ഓരോ ആയത്തിനും നന്മകള്‍ അധികരിപ്പിക്കുകയും ചെയ്യും'(തിര്‍മിദി).

പരലോകത്ത് ജനങ്ങള്‍ വെപ്രാളത്തില്‍ കഴിയുമ്പോള്‍ ക്വുര്‍ആനിന്റെ ആളുകള്‍ നിര്‍ഭയരായിരിക്കും. ജനങ്ങള്‍ ഭയക്കുമ്പോള്‍ അവര്‍ സമാധാനമുള്ളവരായിരിക്കും. അല്ലാഹുവിന്റെ കാരുണ്യത്തിനു ശേഷം അവരുടെ ശുപാര്‍ശകര്‍ ക്വുര്‍ആനായിരിക്കും, അവിടെ അവരുടെ വഴികാട്ടിയും നേതാവും ക്വുര്‍ആനിക സൂറത്തുകളായിരിക്കും.

അബൂ ഉമാമ(റ) നിവേദനം: നബി ﷺ പറഞ്ഞു: ''നിങ്ങള്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുക. കാരണം അവസാന നാളില്‍ ക്വുര്‍ആന്‍ അതിന്റെ ആളുകള്‍ക്ക് ശുപാര്‍ശക്കാരായി വരുന്നതാണ്'' (മുസ്‌ലിം).

നബി ﷺ പറഞ്ഞു: ''അവസാന നാളില്‍ ക്വുര്‍ആനിനെ കൊണ്ടുവരും. അതനുസരിച്ച് പ്രവര്‍ത്തിച്ചവരെയും അവരുടെ മുന്നില്‍ സൂറതുല്‍ബക്വറയും സൂറതു ആലുഇംറാനുമുണ്ടായിരിക്കും. അവ രണ്ടും തങ്ങളുടെ ആളുകളെ കുറിച്ചു വാദിച്ചുകൊണ്ടിരിക്കും'' (മുസ്‌ലിം).

നമ്മുടെ ബാധ്യത

നമുക്ക് ക്വുര്‍ആനിനോട് ഒരുപാട് ബാധ്യതകളുണ്ട്. അതില്‍ ഒന്ന് ക്വുര്‍ആനിനെ കുറിച്ച് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ എന്ത് വിശ്വസിച്ചുവോ അത് നാമും വിശ്വസിക്കുക.

അത്, ക്വുര്‍ആന്‍ ഉന്നതനും പ്രതാപവാനുമായ അല്ലാഹുവിന്റെ കലാമാകുന്നു. അത് അല്ലാഹുവില്‍ നിന്ന് അവതരിച്ചതാണ്. ക്വുര്‍ആന്‍ സൃഷ്ടിയല്ല. അല്ലാഹുവില്‍ നിന്ന് ആരംഭിക്കുകയും അവനിലേക്ക് തന്നെ മടങ്ങുകയും ചെയ്യും. അല്ലാഹുവിന്റെ സംസാരിച്ച കലാമാകുന്നു ക്വുര്‍ആന്‍. നബി ﷺ ക്ക് അവതരിപ്പിച്ച അവന്റെ വഹ്‌യുമാണത്. അതിന്റെ അക്ഷരങ്ങളും ആശയങ്ങളും അല്ലാഹുവിന്റെതാണ്, ജിബ്‌രീല്‍(അ) മുഖേനയാണ് അവസാന പ്രവാചകനായ മുഹമ്മദ് നബി ﷺ ക്ക് അത് അവതരിച്ചത്.

വിശുദ്ധ ക്വുര്‍ആനിന് നല്‍കേണ്ട സ്ഥാനം നല്‍കുകയെന്നതും അതിന്റെ അവകാശത്തില്‍ പെട്ടതാണ്. അതിനെ ആദരിക്കലും, മഹത്തരമാക്കലും അതിനോടുള്ള സ്‌നേഹത്തിന്റെ പൂര്‍ത്തീകരണമാകുന്നു. അത് നമ്മുടെ രക്ഷിതാവിന്റെ കലാമാണ്, അതിനെ ഇഷ്ടപ്പെടല്‍ അത് പറഞ്ഞവനെ ഇഷ്ടപ്പെടലുമാകുന്നു. 

ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ''ആരെങ്കിലും അല്ലാഹു തന്നെ ഇഷ്ടപ്പെടുന്നുവോ എന്നറിയാന്‍ സ്വന്തത്തെ ക്വുര്‍ആനുമായി പരിശോധിക്കട്ടെ. അവന്‍ ക്വുര്‍ആനിനെ ഇഷ്ടപ്പെടുന്നുവെങ്കില്‍ അല്ലാഹു അവനെ ഇഷ്ടപ്പടുന്നതാണ്. കാരണം ക്വുര്‍ആന്‍ അല്ലാഹുവിന്റെ കലാമാകുന്നു.'' (ത്വബ്‌റാനി).

ക്വുര്‍ആനിനെ പഠിക്കലും പഠിപ്പിക്കലും അതിലേക്ക് ക്ഷണിക്കലും അതിന്റെ അവകാശത്തില്‍ പെട്ടതാകുന്നു:

നബി ﷺ പറഞ്ഞു: ''നിങ്ങളില്‍ ഉത്തമര്‍ ക്വുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാകുന്നു'' (ബുഖാരി).

അല്ലാഹുവിലേക്ക് അടുക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗവും ഏറ്റവും നല്ല ആരാധനയുമാകുന്നു ക്വുര്‍ആന്‍ പാരായണം.

ആയതിനാല്‍ ക്വുര്‍ആന്‍ തജ്‌വീദോടെ പാരായണം ചെയ്യുവാനും പഠിക്കുവാനും അതിന്റെ ഓരോ അക്ഷരവും കൃത്യമായി ഉച്ചരിക്കുവാനും പരിശ്രമിക്കുക.

നബി ﷺ പറഞ്ഞു: ''ഭംഗിയായി ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവന്‍ ഉന്നതരായ മലക്കുകളോടൊപ്പമായിരിക്കും. തപ്പിത്തടഞ്ഞ് പ്രയാസപ്പെട്ട് ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവന് രണ്ട് പ്രതിഫലമുണ്ട്'' (മുസ്‌ലിം).

ഒരു മനുഷ്യന്‍ മുസ്‌ലിമായിത്തന്നെ ജീവിച്ച് വയോവൃദ്ധനായിട്ടും ക്വുര്‍ആന്‍ പാരായണം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിനെക്കാള്‍ വലിയ നിന്ദ്യത മറ്റെന്തുണ്ട്?

അറിവില്ലാതെ പറയുന്നതും സ്വന്തം അഭിപ്രായത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതും കരുതിയിരിക്കുക. അബൂബക്കര്‍(റ)വിനോട് അറിയാത്ത ഒരു ആയത്തിനെ കുറിച്ചു ചോദിച്ചപ്പോള്‍ പറഞ്ഞത് ശ്രദ്ധിക്കുക:

'അല്ലാഹുവിന്റെ ഗ്രന്ഥത്തെ കുറിച്ച് എനിക്ക് അറിയാത്തത് ഞാന്‍ പറഞ്ഞാല്‍ ഏത് ഭൂമിയാണ് എന്നെ വഹിക്കുക? ഏത് ആകാശമാണ് എനിക്ക് തണല്‍ നല്‍കുക?'

താങ്കളുടെ മുഖത്തെ അല്ലാഹു നരകത്തിനു നിഷിദ്ധമാക്കുമാറാവട്ടെ. വിശുദ്ധക്വുര്‍ആന്‍ പാരായണം ചെയ്യുമ്പോഴും പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ആത്മാര്‍ഥതയോടുകൂടിയാവാന്‍ പരിശ്രമിക്കുകയും അല്ലാഹുവിനോടു സഹായം ചോദിക്കുകയും ചെയ്യുക.

അവസാന നാളില്‍ ആദ്യമാദ്യം നരകത്തില്‍ വീഴുന്നവരെ കുറിച്ചു വന്ന ഹദീഥ് നാം കാണുക:  നബി ﷺ പറഞ്ഞു:

''ഒരാള്‍ പഠിക്കുകയും പഠിപ്പിക്കുകയും ക്വുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്തിട്ടുണ്ട്. അവനെ കൊണ്ടുവരികയും അവന് നല്‍കിയ അനുഗ്രഹങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്യും. ശേഷം അവനോടു ചോദിക്കും: 'അവകൊണ്ട് നീ എന്താണ് പ്രവര്‍ത്തിച്ചത്?' അവന്‍ പറയും: 'ഞാന്‍ അറിവ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. നിനക്ക് വേണ്ടി ക്വുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്തു.' അപ്പോള്‍ പറയപ്പെടും: 'നീ കളവാണ് പറഞ്ഞത്. മറിച്ച് നീ പഠിച്ചത് പണ്ഡിതനാണ് എന്ന് പറയുവാനാണ്. ക്വുര്‍ആന്‍ പാരായണം ചെയ്തത് ഓത്തുകാരന്‍ ആണെന്ന് പറയുവാന്‍ വേണ്ടിയാണ്, അതങ്ങനെ പറയപ്പെട്ടു.' പിന്നെ അദ്ദേഹത്തെ കേള്‍പിക്കപ്പെടും; മുഖം കുത്തി നരകത്തില്‍ വലിപ്പെറിയപ്പെടാന്‍''(മുസ്‌ലിം).

ക്വുര്‍ആന്‍ കൃത്യതയോടെ, തജ്‌വീദോടെ പാരായണം ചെയ്യുകയെന്നതും ക്വുര്‍ആനിന്റെ അവകാശത്തില്‍ പെട്ടതാകുന്നു. അല്ലാഹു പറയുന്നു:  

''തീര്‍ച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും നാം കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു'' (ഫാത്വിര്‍:29). 

അതെ, എങ്ങിനെ ആ കച്ചവടം നഷ്ടമാവും? പരിപൂര്‍ണമായ ലാഭം മാത്രം!

നബി ﷺ പറഞ്ഞു: ''ആരെങ്കിലും അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് ഒരു അക്ഷരം പാരായണം ചെയ്താല്‍ അവന് ഒരു നന്മയുണ്ട്. ഒരു നന്മക്ക് പത്തിരട്ടി പ്രതിഫലം ലഭിക്കും. 'അലിഫ് ലാം മീം' എന്നത് ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, 'അലിഫ്' ഒരു അക്ഷരവും 'ലാം' ഒരു അക്ഷരവും 'മീം' ഒരു അക്ഷരവുമാകുന്നു'(തിര്‍മിദി).

ഓരോ ദിവസവും പതിവായി ക്വുര്‍ആന്‍ പാരായണം ചെയ്യുവാന്‍ പരമാവധി പരിശ്രമിക്കുക. അങ്ങനെ പതിവായി അല്ലാഹുവിന്റെ ഗ്രന്ഥം പരിപൂര്‍ണമാക്കാന്‍ എളുപ്പത്തില്‍ സാധിക്കുന്നതാണ്.

ഭയഭക്തിയോടെ  ഉറ്റാലോചിച്ച് തജ്‌വീദിന്റെ നിയമങ്ങള്‍ പാലിച്ച് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വിശദമാക്കുന്ന ആയത്തുകള്‍ പാരായണം ചെയ്യുമ്പോള്‍ അത് ചോദിച്ചും ശിക്ഷയുടെയും താക്കീതിന്റെ ആയത്തുകള്‍ പാരായണം ചെയ്യുമ്പോള്‍ അതില്‍ നിന്ന് രക്ഷ ചോദിച്ചും കൃത്യതയോടെ പാരായണം ചെയ്യുക. അതുപോലെ സ്വരമാധുര്യത്തോടെ പാരായണം ചെയ്യുക.

ക്വുര്‍ആനില്‍ ഉള്‍ക്കൊണ്ട ആശയങ്ങളും ആദര്‍ശങ്ങളും എന്താണെന്ന് കൃത്യതയാര്‍ന്ന രൂപത്തില്‍ ചിന്തിച്ച് കൊണ്ട് പാരായണം ചെയ്യുവാനാണ് ക്വുര്‍ആന്‍ അവതരിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു:

''നിനക്ക് നാം അവതരിപ്പിച്ചു തന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധി മാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി'' (സ്വാദ്:29).

ഒരു മുസ്‌ലിം ക്വുര്‍ആനില്‍ നിന്ന് അല്‍പമെങ്കിലും മനഃപാഠമാക്കേണ്ടതുണ്ട്, കാരണം നബി ﷺ പറയുന്നു: 

''ക്വുര്‍ആനില്‍ നിന്ന് അല്‍പം പോലും മനഃപാഠമില്ലാത്തവന്‍ പൊട്ടിപ്പൊളിഞ്ഞ് നാശമായ വീടു പോലെയാണ്' (തിര്‍മിദി).

ക്വുര്‍ആന്‍ ജീവിതത്തില്‍ പകര്‍ത്തുകയെന്നത് ഐഹികവും പാരത്രികവുമായ ജീവിതവിജയത്തിന് നിദാനമാണ്.

നാമും ക്വുര്‍ആനിനെ അവഗണിച്ചവരാണോ? അല്ലാഹു പറയുന്നു:

''(അന്ന്) റസൂല്‍ പറയും: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനത ഈ ക്വുര്‍ആനിനെ അഗണ്യമാക്കി തള്ളിക്കളഞ്ഞിരിക്കുന്നു'' (ഫുര്‍ഖാന്‍: 30).

ക്വുര്‍ആനിനെ അവഗണിക്കുകയാണെങ്കില്‍ നിശ്ചയമായും പരലോകത്ത് അത് നമുക്ക് എതിരെ സാക്ഷിയായി വരുന്നതാണ്. ആയതിനാല്‍ തൗബ ചെയ്യുക, ഇസ്തിഗ്ഫാര്‍ നടത്തുക, ക്വുര്‍ആനിലേക്ക് മടങ്ങുക. അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ, ആമീന്‍.